22/07/2026

ഇഷ്ടപ്പെട്ട പുരുഷന്റെയൊപ്പം ജീവിക്കാൻ

ഇഷ്ടപ്പെട്ട പുരുഷന്റെയൊപ്പം ജീവിക്കാൻ കഴിയാതെ ,വീട്ടുകാരുടെ സമ്മർദ്ദം മൂലം വിവാഹം കഴിക്കേണ്ടി വന്ന, ഒരു ഇരുപത്തിരണ്ട്കാരിയാണ് ഞാൻ.

പ്ലസ് ടു മുതൽ ,കൂടെ പഠിച്ച അലനായിരുന്നു എൻ്റെ കാമുകൻ , അതിനുശേഷം ,ഡിഗ്രി കഴിയുന്നതുവരെ ,ഞങ്ങൾ കടുത്ത പ്രണയത്തിലുമായിരുന്നു.

ആ കാലയളവിൽ, ഞങ്ങൾ ഒരുമിച്ച്
നെയ്ത് കൂട്ടിയ സ്വപ്നങ്ങളൊക്കെയും, ഒരൊറ്റ ദിവസം കൊണ്ട് ,അച്ഛൻ നശിപ്പിച്ചു കളഞ്ഞപ്പോൾ ,അച്ഛനെ കൊല്ലാനുള്ള ദേഷ്യമുണ്ടായിരുന്നെനിയ്ക്ക് .

ഒരേ കാലഘട്ടത്തിൽ
ജീവിച്ചിരുന്ന
ഞാനും അലനും ഭാവിജീവിതത്തെക്കുറിച്ചതൊക്കെയും ഒരേ മനസ്സോടെ ആയിരുന്നു.

അങ്ങനെയാണ് ഞങ്ങൾ രണ്ട് പേരും ,
BSc കമ്പ്യൂട്ടർ സയൻസ് തെരഞ്ഞെടുത്തത്,
ടെക്നോ പാർക്കിലോ ,ഇൻഫോ പാർക്കിലോ ജോലി നേടാനും ,അടുത്ത് തന്നെ
ഒരു ഫ്ളാറ്റ് റെൻ്റിനെടുത്ത് ,ജീവിതം തുടങ്ങണമെന്നുമായിരുന്നു ഞങ്ങടെ പ്ളാൻ.

ആ സുന്ദരജീവിതം സ്വപ്നം കണ്ടുറങ്ങിയ എത്രയെത്ര രാവുകൾ ,ജോലി കഴിഞ്ഞ് സായാഹ്നങ്ങളിൽ, ബീച്ചിൻ്റെ സൈഡിലുള്ള കഫേയിൽ പോയിരുന്ന്, മതിവരുവോളം സംസാരിക്കണമെന്നും, പുതുതായി റീലീസാകുന്ന ചിത്രങ്ങൾ ആദ്യദിവസം തന്നെ
കാണണമെന്നും, CC യിട്ട് എടുത്ത
പുതിയ കാറിൽ ,നൈറ്റ് ഡ്രൈവിന് പോകണമെന്നുമൊക്കെ ആയിരുന്നു
ആ കാലത്തെ ഞങ്ങടെ പ്രധാന ചർച്ച.

പക്ഷേ ,മകളുടെ പ്രണയമറിഞ്ഞ,
സെവൻ്റീസിൽ ജനിച്ച ,എൻ്റെ അച്ഛൻ,
ഡിഗ്രി പൂർത്തിയാക്കുന്നതിന് മുമ്പ്,
എൻ്റെ പഠിപ്പ് നിർത്തി.

നിന്നെ കണ്ടല്ലേ നിൻ്റെ ഇളയ രണ്ടുപേരും പഠിക്കുന്നത് ?അമ്പലവും പൂജാകർമ്മങ്ങളും ഒക്കെയായി ,മാനാഭിമാനത്തോടെ ജീവിക്കുന്ന,ഒരു സാധാരണക്കാരനാണ് നിൻ്റെ അച്ഛൻ, ഇത്രനാളും മേൽശാന്തി
ധർമ്മജനെ ,നാട്ട്കാരൊക്കെ ആദരവോട് കൂടിയാണ് കണ്ടിട്ടുള്ളത്, കണ്ട നസ്രാണി ചെക്കനൊപ്പം കറങ്ങി നടന്ന് ,ചീത്തപ്പേര് ഉണ്ടാക്കിയാൽ, ഈ കോലായിലെ ഉത്തരത്തിൻ മേൽ ഞാൻ കെട്ടിത്തൂങ്ങിച്ചാകും ,

അന്ന് അച്ഛൻ മുഴക്കിയ ഭീഷണിയിൽ, ഞാനും അമ്മയും ഉൾപ്പെടെ, ഞങ്ങള്
നാല് പെണ്ണുങ്ങൾ ,പരിഭ്രാന്തരായി പോയി.

അങ്ങനെ കോളേജിൽ പോകാൻ കഴിയാതെ, വെടികൊണ്ട പന്നിയെപ്പോലെ, വീടിനുള്ളിൽ ഞാൻ ഉഴറി നടന്നു,
ഒരു ദിവസം ,അച്ഛനും അമ്മയും സംസാരിക്കുന്നത് ഞാൻ കേൾക്കാനിടയായി .

എത്രയും പെട്ടെന്ന്, രഞ്ജുവിന്റെ വിവാഹം നടത്തണം ശ്രീദേവി,,

അതുതന്നെയാ ഞാനും പറയുന്നത്,
പക്ഷേ ,ഒരു വിവാഹമെന്നൊക്കെ പറയുമ്പോൾ ,കൈയ്യില് 10 ,25 ലക്ഷം രൂപയെങ്കിലും വേണ്ടേ ?ഒരു പത്ത് പവന്റെ എങ്കിലും ആഭരണം ഇല്ലാതെ എങ്ങനെയാ, പെണ്ണിനെ മണ്ഡപത്തിൽ കയറ്റുന്നത്?
പിന്നെ കല്യാണ സാരിയും, മറ്റ് ഡ്രസ്സുകളും സദ്യയും, പന്തലുമൊക്കെയായി ലക്ഷങ്ങൾ വേറെയും വേണം,പറയുമ്പോൾ ,ധർമ്മജൻ ഈ കരയിലെ ഏറ്റവും വലിയ ക്ഷേത്രത്തിലെ മേൽശാന്തിയാണ്, മറ്റുള്ളവരെ പോലെ സമ്പാദിക്കാൻ പഠിച്ചിട്ടില്ലെന്ന് മാത്രം,,,

അമ്മ ,അച്ഛനെ കുറ്റപ്പെടുത്തുന്നത്
കേട്ട് ,ഞാൻ സന്തോഷിച്ചു.

ഭഗവതിയുടെ സ്വത്ത് മോഷ്ടിച്ചിട്ട് ,
എനിക്കും കുടുംബത്തിനും നല്ല ജീവിതം വേണ്ട ശ്രീദേവി ? അവിടുത്തെ കൃപ കൊണ്ട് , മൂന്നുനേരം ഭക്ഷിക്കുന്നുണ്ടല്ലോ?
അതുതന്നെ ധാരാളം !

ഇങ്ങനെ സത്യവാൻ ചമഞ്ഞിരുന്നത് കൊണ്ടാണ്, മൂന്നു പെൺമക്കളിൽ ഒരാളെപ്പോലും വിവാഹം കഴിപ്പിച്ചയക്കാൻ, നമുക്ക് കഴിയാത്തത്

അമ്മയുടെ കുറ്റപ്പെടുത്തലുകൾ തുടർന്നു പ

നീയൊന്ന് അടങ്ങ് ശ്രീദേവി, ഭഗവതി എന്തേലും വഴികാട്ടി തരാതിരിക്കില്ല,

ഒടുവിൽ അച്ഛനുമായുള്ള തർക്കം അവസാനിപ്പിച്ച് ,അമ്മ കിടക്കാനായി
ലൈറ്റ് ഓഫ് ചെയ്തു.

ദിവസങ്ങൾ കൊഴിഞ്ഞു പോയിക്കൊണ്ടിരുന്നു, അലനെ
കാണാനും സംസാരിക്കാനും കഴിയാതെ, ഞാനാകെ വീർപ്പുമുട്ടി.

ഒരു ദിവസം, അമ്മ കുളിക്കാൻ കയറിയ നേരത്ത് ,അമ്മയുടെ ഫോണിൽ നിന്നും , ഞാൻ അലൻ്റെ നമ്പറിലേക്ക് വിളിച്ചു.

പെട്ടെന്ന് തന്നെ അലൻ, ഫോണെടുത്തപ്പോൾ എനിക്ക് സമാധാനമായി.

ഞാൻ വീട്ടിലെ കരുതൽ തടങ്കലിലാണെന്നും, എങ്ങനെയെങ്കിലും ,ഞാൻ പുറത്തു കടക്കാമെന്നും, ഒളിച്ചോടാനുള്ള തയ്യാറെടുപ്പുകൾ, നീ വേഗം നടത്തി കൊള്ളണമെന്നും ഞാൻ അവനോട് പറഞ്ഞു.

എടി നീ എന്താണ് ഈ പറയുന്നത്? ഡിഗ്രി രണ്ടുവർഷമേ ആയിട്ടുള്ളൂ ,ഇനിയും ഒരു വർഷം കൂടി പഠിക്കാനുണ്ട് ,ചുമ്മാ നമ്മൾ ഒളിച്ചോടി പോയിട്ട്, ഒരു ജോലി പോലും ഇല്ലാതെ ,എങ്ങനെയാ ജീവിക്കുന്നത്? നീ കുറച്ചു കൂടെ പ്രാക്ടിക്കലായി ചിന്തിക്കു , തൽക്കാലം, അച്ഛനെയും അമ്മയെയും അനുസരിച്ച്, നീ ആരെയെങ്കിലും കല്യാണം കഴിക്കാൻ നോക്ക് എന്നാൽ ശരി, ഇനി എന്നെ വിളിക്കണ്ട കേട്ടോ ?

അത് കേട്ട് എൻ്റെ തല മരവിച്ചു പോയി, അലന്റെ ഭാഗത്തുനിന്ന് ,അങ്ങനെ ഒരു മറുപടി, ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നതല്ല.

അലൻ എന്നെ തേച്ചെന്ന് മനസ്സിലായതോടെ ഞാനാകെ ഡള്ളായി പോയി ,അതുവരെ നെയ്തുകൂട്ടിയ സ്വപ്നങ്ങളൊക്കെയും
ചീട്ട് കൊട്ടാരം പോലെ തകർന്നു വീഴുന്നത്, നിസ്സഹായതയോടെ നോക്കിനിൽക്കാനേ എനിക്ക് കഴിഞ്ഞുള്ളൂ,

ജീവിതം പാടെ വെറുത്തുപോയ
ദിവസങ്ങളായിരുന്നു പിന്നീട്,
ഒന്നിനും ഒരു ഉന്മേഷവുമില്ലാതെ
എപ്പോഴും ,വീടിൻ്റെ ഏതെങ്കിലും മൂലയ്ക്ക്, പുക പിടിച്ച് ഞാനിരുന്നു ,അമ്മയും അച്ഛനും പറയുന്നത് കേട്ട് ,യാന്ത്രികമായി എന്തൊക്കെയോ ഞാൻ ചെയ്തു.

ശ്രീദേവീ , നാളെ രഞ്ജുവിനെ കാണാൻ
ഒരാൾ വരുന്നുണ്ട്, നീയവളോട് രാവിലെ എഴുന്നേറ്റ് കുളിച്ച് ,അമ്പലത്തിൽ പോയി തൊഴുതിട്ടൊക്കെ വന്ന് നിൽക്കാൻ പറയണം ,

ഒരു ദിവസം അച്ഛൻ ,അടുക്കളയിൽ വന്ന് അമ്മയോട് പറയുന്നത് കേട്ട് ,ഞാൻ നിർവ്വികാരതയോടെ ഇരുന്നു.

പിറ്റേന്ന് എന്നെ കാണാൻ വന്ന ആളെ കണ്ട്, ഞാൻ ആശ്ചര്യപ്പെട്ടു പോയി,അത് അച്ഛൻ മേൽശാന്തിയായി ജോലി ചെയ്യുന്ന അമ്പലത്തിലെ കീഴ്ശാന്തി സനിലേട്ടനായിരുന്നു , .

ആൾക്ക് എന്നെക്കാൾ ആറേഴ് വയസ്സ് മൂപ്പുണ്ടായിരുന്നു ,ന്യൂ ജനറേഷൻ്റെ യാതൊരുവിധ ആമ്പിയറോ ,ഫാഷൻ സെൻസോ ഒന്നുമില്ലാത്ത ഒരു തനി നാടൻ യുവാവ്, പക്ഷേ ,അച്ഛനെപ്പോലെ സ്ഥിരം അമ്പലവാസി അല്ല ,നാട്ടിലെ പെയിന്റിംഗ് പണിക്കും മറ്റും ഇടയ്ക്ക് പോകാറുണ്ടായിരുന്നു.

സനിലേട്ടനെ എനിക്ക് ഇഷ്ടമാണെങ്കിലും ഒരിക്കലും എൻ്റെ ഭർത്താവിൻറെ സ്ഥാനത്ത്, അദ്ദേഹത്തെ ഉൾക്കൊള്ളാൻ എനിക്ക് കഴിയുമായിരുന്നില്ല ,പക്ഷേ ,അച്ഛൻ്റെ യാചനയുടെ പുറത്ത്, എനിയ്ക്ക് ആ വിവാഹത്തിന് സമ്മതിക്കേണ്ടി വന്നു.

പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു, വിവാഹദിവസം രാത്രി ,അദ്ദേഹം എന്നോട് ആദ്യം ചോദിച്ചത് ,നിനക്ക് ഡിഗ്രി പൂർത്തിയാക്കണ്ടെ രഞ്ജു, എന്നായിരുന്നു. അത് കേട്ടപ്പോൾ ,ഞാൻ അത്ഭുതത്തോടെ സനിലേട്ടൻ്റെ മുഖത്തേയ്ക്ക് നോക്കി.

എന്താ രഞ്ജു നിനക്കൊരു സങ്കോചം ?
ഞാൻ കാര്യമായിട്ടാണ് ചോദിച്ചത് ,നീ നാളെ മുതൽ കോളേജിൽ പൊയിക്കോളു ,പഠനം മുടക്കേണ്ട, ഒരു ഡിഗ്രി കയ്യിലുണ്ടെങ്കിൽ ജോലിക്ക് ശ്രമിക്കാമല്ലോ?

അതുകൂടെ കേട്ടപ്പോൾ ,എനിക്ക് ആശ്വാസമായി, ചേട്ടൻ തീരെ ഗ്രാമവാസി അല്ലെന്ന് എനിക്ക് മനസ്സിലായി.

ദിവസങ്ങൾ കടന്നുപോയി, ഒരു ദിവസം അമ്പലത്തിൽ നിന്ന് തിരിച്ചെത്തിയ സനിലേട്ടൻ ,എന്നോട് ഒരു കാര്യം ചോദിച്ചു.

രഞ്ജു, നീ ഇപ്പോൾ ഇൻസ്റ്റയിൽ ഒന്നും ആക്ടീവ് അല്ലല്ലോ ?എന്താ പറ്റിയെ?

അത് പിന്നെ ,എനിക്ക് ഒന്നിനും
ഒരു ഉഷാറില്ല,

എന്നാൽ പിന്നെ, നമുക്കത് റീസ്റ്റാർട്ട് ചെയ്താലോ ?അതൊരു വരുമാനം മാർഗം കൂടിയല്ലേ? നിനക്കാണെങ്കിൽ ഡാൻസും പാട്ടുമൊക്കെ നന്നായറിയുകയും ചെയ്യാം ,വേണമെങ്കിൽ, ഞാൻ ക്യാമറമാനായി നിന്നെ സഹായിക്കാം, സമയം കിട്ടുമ്പോഴൊക്കെ, നമുക്ക് വീഡിയോസ് ചെയ്യാം , വെറുതെ ഇങ്ങനെ ജീവിച്ചാൽ മതിയോ ?നമുക്ക് അടിച്ച്പൊളിച്ച് ജീവിക്കണ്ടെ?

സനിലേട്ടന്റെ ആ വാക്കുകൾ ,എനിക്ക് തന്ന മോട്ടിവേഷൻ ,ചില്ലറ ഒന്നുമല്ലായിരുന്നു, സത്യത്തിൽ ,നമ്മൾ ചിന്തിക്കുന്നതും കരുതുന്നതും പോലെ ആകണമെന്നില്ല നമ്മുടെ ജീവിതം ,ദൈവം നേരത്തെ തീരുമാനിച്ചു വെച്ചത് ,നമ്മൾ മനുഷ്യർ അനുഭവിച്ചു പോകുന്നു, എന്ന് മാത്രം.

അന്നുമുതൽ മുടങ്ങിക്കിടന്ന എന്റെ ഇൻസ്റ്റാൾ ഞാൻ റീ ആക്ടിവേറ്റ് ചെയ്തു, പതിയെ എൻ്റെ ഡാൻസുംപാട്ടുമൊക്കെ ഞാൻ അപ്‌ലോഡ് ചെയ്തു, സനിലേട്ടൻ നല്ല സപ്പോർട്ട് ആയിരുന്നു ,ആദ്യമൊക്കെ ലൈക്കും കമന്റും കുറവായിരുന്നെങ്കിലും, പിന്നെ ഫോളോവേഴ്സിന്റെ എണ്ണം കൂടിക്കൂടി വന്നപ്പോൾ ഏണിങ്സും കിട്ടാൻ തുടങ്ങി

സനിലേട്ടന്റെ വരുമാനത്തിനൊപ്പം എനിക്കും അക്കൗണ്ടിൽ ചെറിയ വരുമാനങ്ങൾ വന്നു തുടങ്ങി, ഞങ്ങളുടെ ജീവിതം സന്തോഷകരമായി മുന്നോട്ടു പോയി.

ഇതിനിടയ്ക്ക് ഒരു ദിവസം ഞാനും സനിലേട്ടനും കൂടി എൻ്റെ വീട്ടിലേക്ക് വിരുന്നു പോയിരുന്നു , അന്ന് ഉച്ചയൂണിന് ശേഷം എന്നെ വീട്ടിൽ നിർത്തിയിട്ട്, നനിലേട്ടൻ എന്തോ ആവശ്യത്തിന് പുറത്തേയ്ക്ക് പോയ സമയത്ത് ,ഞാൻ അമ്മയോടും അച്ഛനോടും ഒരു കാര്യം ചോദിച്ചു.

അന്ന് വിവാഹത്തിന് എനിക്ക് തന്ന
10 പവന്റെ ആഭരണങ്ങളും, വിവാഹ ചിലവിനായി വേണ്ടിവന്ന ,പൈസയുമൊക്കെ ആരുടെ കയ്യിന്ന് കടം വാങ്ങിയതായിരുന്നച്‌ഛാ , ?

അത് പിന്നെ മോളെ, നിന്നോട് ഞാൻ പറഞ്ഞില്ലെന്നേയുള്ളൂ,ഞാൻ എപ്പോഴും അമ്പലത്തിൽ ചെല്ലുമ്പോൾ സനലിനോട് നിൻ്റെ വിവാഹക്കാര്യത്തെകുറിച്ച് സംസാരിക്കുമായിരുന്നു, എൻ്റെ കൈയ്യിൽ ഒന്നുമില്ലാത്തത് കൊണ്ടാണ് നിൻ്റെ വിവാഹം നടത്താൻ കഴിയാത്തതെന്ന കാര്യം ,
അവൻ മനസ്സിലാക്കി ,ഒരു ദിവസം അവൻ വീട്ടിൽ നിന്നും വന്നപ്പോൾ ,കൈ നിറയെ കാശുമായിട്ടാണ് വന്നത് ,എന്നിട്ട് അവനെന്നോടൊരു കാര്യം പറഞ്ഞു,
ഇത് ഇരുപത് ലക്ഷം രൂപയുണ്ട് , എൻ്റെ പേരിൽ ബാങ്കിലുണ്ടായിരുന്ന ഡെപ്പോസിറ്റ് തുക പിൻവലിച്ചതും , പിന്നെ കുറച്ച് കണ്ടം വിറ്റ കാശുമാണ്, തൽക്കാലം ഇതുകൊണ്ട് രഞ്ജിതയുടെ വിവാഹം നടത്താൻ നോക്ക് ,നിങ്ങൾ ഇങ്ങനെ എപ്പോഴും വിഷമിച്ചിരിക്കുന്നത് കാണാൻ വയ്യാത്ത കൊണ്ടാണ്, ഒന്നുമില്ലെങ്കിലും നിങ്ങൾ എൻ്റെ ഗുരുവല്ലേ ?

അത് കേട്ട് ഞാൻ ദേവിയുടെ നേരെയല്ല സനലിന്റെ നേരെയാണ് കൈകൂപ്പിയത്

ഞാൻ ഈ കടം എങ്ങനെ വീട്ടാനാ മോനെ? എനിക്ക് അത് ഒരിക്കലും കഴിയില്ല ഈ പൈസ നീ തിരിച്ചുകൊണ്ടു പൊയ്ക്കൊള്ളൂ

ധർമ്മ സങ്കടത്തോടെ ,ഞാൻ അവൻ്റെ നേരെ പൈസ നീട്ടിയെങ്കിലും, അവൻ മറ്റൊരു കാര്യം പറഞ്ഞ് എന്നെ ഞെട്ടിച്ചു.

നിങ്ങൾ കടമായി അതിനെ കാണണ്ട , വീട്ടുകയും വേണ്ട ,ഒരു കാര്യം ചെയ്യാമോ ? വിരോധമില്ലെങ്കിൽ, രഞ്ജിതയെ എനിക്ക് വിവാഹം കഴിച്ചു തരാമോ?

അത് ചോദിച്ചു തീരുന്നതിനു മുമ്പ് ഞാൻ സനലിനെ വാരിപ്പുണരുകയായിരുന്നു ,
എൻ്റെ മകൾക്ക് ഇതിലും നല്ലൊരു പയ്യനെ , വേറെ കിട്ടാനില്ലെന്ന് ,എനിക്ക് ബോധ്യമായി , അങ്ങനെയാണ് മോളെ, അവനെക്കൊണ്ട് ഞാൻ നിന്നെ കല്യാണം കഴിപ്പിച്ചത്.

അച്ഛൻ്റെ മറുപടി കേട്ട് ,ശരിക്കും എന്റെയും കണ്ണ് നിറഞ്ഞു പോയി, എന്നെ അത്രയ്ക്ക് ഇഷ്ടമായിരുന്നതു കൊണ്ടാണല്ലോ ?അദ്ദേഹം, ഇങ്ങനെയൊരു ത്യാഗം ചെയ്തതെന്ന് ഞാനോർത്തു.

അന്ന് വൈകുന്നേരം ,ഞങ്ങൾ സനിലേട്ടന്റെ വീട്ടിലേക്ക് മടങ്ങിപ്പോയിരുന്നു.

രാത്രിയിൽ കിടക്കാൻ ഒരുങ്ങുന്നതിനു മുമ്പാണ്, ബെഡ്റൂമിൽ വെച്ച് സനിലേട്ടനോട് ഞാനൊരു കാര്യം ചോദിച്ചത്.

അന്ന് അച്ഛന് കൊടുത്ത 20 ലക്ഷം രൂപ, നിങ്ങൾ പറഞ്ഞതുപോലെ ഡെപ്പോസിറ്റ് പിൻവലിച്ചതും , കണ്ടം വിറ്റതും തന്നെയായിരുന്നോ?

ഒരിക്കലുമല്ല രഞ്ജു,അത് ദേവിയുടെ ആഭരണം വിറ്റ കാശായിരുന്നു,

എന്താ ചേട്ടാ പറഞ്ഞത് ?
ദേവിയുടെയോ ?അത് ഏത് ദേവി ?

ഞാൻ അമ്പരപ്പോടെ ചോദിച്ചു.

സാക്ഷാൽ ഭഗവതിയുടെ ,
നിൻ്റെ അച്ഛൻ, സ്വന്തം മകളെ വിവാഹം കഴിച്ചയക്കാൻ പണത്തിനു വേണ്ടി, ഉള്ളുരുക്കി ദേവിയുടെ മുന്നിൽ നിന്നും എപ്പോഴും കണ്ണീരോടെ പ്രാർത്ഥിക്കുന്നത് കണ്ട് ,അനുകമ്പ തോന്നിയിട്ടാണ് ,അന്ന് ഞാൻ ആ കടുംകൈ ചെയ്തത്, എന്നെങ്കിലും ദേവിയുടെ ദേഹത്ത് നിന്നെടുത്ത ആഭരണങ്ങൾ ,ഞാൻ അതേപോലെതന്നെ തിരിച്ചിട്ടോളാമെന്ന് പ്രാർത്ഥിച്ചിട്ടാണ് ,ഒരു ദിവസം നടയടക്കുന്നതിന് മുമ്പ് ,ദേവിയുടെ ആഭരണങ്ങളുടെ ഓരോന്നിൻ്റെയും വ്യക്തമായ ഫോട്ടോസ് എൻ്റെ മൊബൈലിൽ ഞാൻ പകർത്തിയത് , ഞാനാ ഫോട്ടോസൊക്കെ ഒരു തട്ടാനെ കാണിച്ച് അതുപോലെതന്നെ റോൾഡ് ഗോൾഡിൽ ആഭരണങ്ങൾ പണിയിച്ചു ,
രണ്ടാഴ്ചയ്ക്കുശേഷം ,വീണ്ടും ഞാൻ നടയടയ്ക്കുമ്പോൾ ,മറ്റാരും കാണാതെ ദേവിയുടെ ഒറിജിനൽ ആഭരണങ്ങൾ കൈക്കലാക്കിയിട്ട് ,പകരം മുക്ക് പണ്ടങ്ങൾ ഞാൻ വിഗ്രഹത്തിൽ അണിയിച്ചു, ഈ രഹസ്യം എനിയ്ക്കും ഭഗവതിയ്ക്കും തട്ടാനും മാത്രമേ ഇത് വരെ അറിയുള്ളായിരുന്നു ഇപ്പോൾ നിനക്കുമറിയാം, നീയിതിനി ആരോടും പറയാൻ നില്ക്കണ്ട ,
ഇത്ര നാളുകൾ കഴിഞ്ഞിട്ടും, ദിവസേന ,ഭഗവതിക്ക് സേവ ചെയ്യുന്ന,
നിൻ്റെ അച്ഛനു പോലും ,ദേവി അണിഞ്ഞിരിക്കുന്നത്, മുക്ക് പണ്ഡങ്ങളാണെന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ലല്ലോ? ഇനി എത്ര കൊല്ലം വേണമെങ്കിലും, ആ രഹസ്യം അങ്ങനെ തന്നെയിരിക്കും , പക്ഷേ ഞാൻ ദേവിക്ക് കൊടുത്ത ഒരു വാക്കുണ്ട്, എന്നെങ്കിലും ഭഗവതിയുടെ ആഭരണങ്ങൾ തിരിച്ചു നൽകിയേക്കാമെന്ന് ,ആ വാക്ക് ,എനിക്ക് പാലിച്ചേ മതിയാകു, അതുകൊണ്ട് ,നീ എത്രയും വേഗം ,നല്ലൊരു ജോലി സമ്പാദിക്കണം, നമ്മുടെ വരുമാനത്തിൽ നിന്ന് ,ഒരു പത്ത് വർഷം കഴിഞ്ഞിട്ടാണെങ്കിൽ പോലും, ദേവിയുടെ ദേഹത്ത് നിന്നെടുത്ത യഥാർത്ഥ ആഭരണങ്ങൾ , തിരിച്ചു നല്കണം,

സനിലേട്ടൻ പറഞ്ഞതൊക്കെ കേട്ട് ,
ഞാൻ ആകെ സ്തംഭിച്ചു നിൽക്കുകയായിരുന്നു, അല്പസമയത്തിനുശേഷം , സ്ഥലകാല ബോധം വീണ്ടെടുത്തപ്പോൾ,സനിലേട്ടൻ ചെയ്തതിൽ തെറ്റുണ്ടെന്ന് എനിക്ക് തോന്നിയില്ല, വർഷങ്ങളായി ദേവിയെ പൂജിച്ചുകൊണ്ടിരുന്ന ,എൻ്റെ അച്ഛൻ ഒരു മൺതരിപോലും ,ക്ഷേത്രമുറ്റത്ത് നിന്ന് പുറത്തു കൊണ്ടുപോയിട്ടില്ല,മൂന്നു പെൺമക്കളുടെ ഭാവിയെ കുറിച്ചോർത്ത് ദേവിയോട് വിലപിക്കുന്ന അച്ഛനെ കണ്ട്, സഹതാപം തോന്നിയത് കൊണ്ടല്ലേ ? സനിലേട്ടൻ അങ്ങനെയൊരു കടും കൈ ചെയ്തത് ?അച്ഛന് കടം വീട്ടാൻ ഒരിക്കലും കഴിയില്ലെന്ന് തീർത്തു പറഞ്ഞതുകൊണ്ടല്ലേ ?അദ്ദേഹം തന്നെ എന്നെ വിവാഹം കഴിക്കാൻ തയ്യാറായത് ?ഇതൊക്കെ ഭഗവതി കാണുകയും സനിലേട്ടനോട് ,ക്ഷമിക്കുകയും ചെയ്യുമെന്ന് എനിക്കുറപ്പുണ്ട്,എൻ്റെയും സനിലേട്ടന്റെയും നല്ല ജീവിതത്തിനായി ,ദേവിയോട് നിങ്ങളും പ്രാർത്ഥിക്കുമല്ലോ അല്ലേ?

NB:- ഇതും എൻ്റെ ഭാവനയിൽ വിരിഞ്ഞൊരു കഥ മാത്രമാണ്, ഈ കഥ അതിന്റേതായ ഗൗരവം ഉൾക്കൊണ്ടു മാത്രം വായിക്കുക, അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു😊🙏

തൈപ്പറമ്പൻ .