16/04/2026

തുമ്പി : ഭാഗം 03

രചന – വൈദേഹി വൈഗ

കാവിലേക് നടക്കുമ്പോൾ സന്തോഷത്തേക്കാൾ എന്റെ മനസ്സിൽ പേടി ആയിരുന്നു.. മനസ്സിൽ സ്വരുക്കൂട്ടി വച്ച സ്വപ്നങ്ങളൊക്കെയും അവളുടെ ഒരു വക്കിൽ തകർന്നു വീഴുമോ എന്ന പേടി.. ഇനി തുമ്പി കാവിലേക്കു വരാതിരിക്കുമോ… ഏയ്യ് വരാതിരിക്കില്ല.. തന്നോട് ഇഷ്ടം ഉള്ളോണ്ട് ആയിരിക്കുമല്ലോ കാവിലേക് വരാം എന്നവൾ സമ്മതിച്ചത്.. എന്റെ ദേവി ഞാൻ എന്തിനാ ഇങ്ങനെ കാട് കേറി ചിന്തിക്കുന്നേ.. ഇഷ്ടം തുറന്നു പറയുന്നതിന് മുന്നേ ഇങ്ങനെ കിടന്നു ടെൻഷൻ അടിച്ചാൽ അവളെങ്ങാനും ഇഷ്ടല്ല ന്ന് പറഞ്ഞ താൻ ന്ത് ചെയ്യും.. ന്റെ ദേവി അങ്ങനൊന്നും പറയാൻ അവളെ തോന്നിപ്പിക്കല്ലേ.. ചിന്തിച്ചു ചിന്തിച്ചു കാവ് എത്തിയത് അറിഞ്ഞില്ല.. “ഹാ… കണ്ണേട്ടൻ എത്തിയോ… ഞാൻ തൊഴുത്തിറങ്ങി.. ” അവള് പറഞ്ഞതൊന്നും എന്റെ ചെവിയിൽ കയറിയില്ല..സെറ്റ് സാരീയും മുല്ലപ്പൂവും അവളെ കൂടുതൽ സുന്ദരി ആക്കിയിരിക്കുന്നു..

അവളുടെ മുടിയിൽ നിന്നും ഇറ്റിറ്റു വീഴുന്ന വെള്ള തുള്ളികള്ക്കും നെറ്റിയിലെ ചന്ദനത്തിനും ഇന്നു പ്രതേക ഭംഗിയുള്ളത് പോലെ.. ന്തോ ഞാൻ അവളെ തന്നെ നോക്കി അങ് നിന്ന് പോയി “എന്താ കണ്ണേട്ടാ ആദ്യായിട് കാണുന്ന പോലെ നോക്കണേ ” “ഏയ്‌ ഒന്നുല്ല്യ.. താൻ നേരത്തേ വന്നോ.? ” “മം.. കുറച്ചു നേരായി.. കണ്ണേട്ടൻ തൊഴുതു വാ.. ഞാൻ ആൽത്തറയിൽ ണ്ടാവും..” തൊഴുത്തിറങ്ങയപ്പോ കണ്ടു… പുല്ലിനോടും പൂമ്പാറ്റയോടും വർത്തമാനം പറഞ്ഞിരിക്കുന്ന പെണ്ണിനെ.. വളർന്നാലും ഇവള്ക്കൊരു മാറ്റവും ഇല്ലാലോ.. “ഡീ.. നിനക്കിപ്പഴും ഈ തനിയെ ഇരുന്നു സംസാരിക്കുന്ന സ്വഭാവം ണ്ട് ല്ലേ ” “തനിയെയോ.. ഞാൻ ഈ പൂവിനോടും പൂമ്പാറ്റയോടും അല്ലെ വർത്തമാനം പറഞ്ഞെ.. അവരും പാവങ്ങളല്ലേ ” ” ആണേ.. സമ്മതിച്ചു…. അല്ല ഇന്നെന്താ സെറ്റ് സാരിയും മുല്ലപ്പൂവുമൊക്കെ.. ന്താ വിശേഷിച്ചു ”

“മുല്ല ഞാൻ എന്നും മല്ലി ചേച്ചിടെ കൈയ്യിൽ നിന്ന് വാങ്ങാറുണ്ടല്ലോ.. പാവം അവരു ഇതിൽ നിന്ന് കിട്ടുന്നത് കൊണ്ടാണ് ജീവിക്കുന്നെ… പിന്നെ വിശേഷം ണ്ടൊണ് ചോദിച്ചാൽ ചെറിയ വിശേഷം ണ്ട്.. ഇന്ന് എന്റെ ജന്മമ നാളാണ്.. കാവില് അന്ന് മുടങ്ങാതെ വഴിപാട് കഴിപ്പിക്കുന്നതാ.. ” ” ആഹാ.. പിറന്നാള് കാരിക്ക് എന്റെ വക പിറന്നാളാശംസകൾ..” “താങ്ക്സ് ” “പിറന്നാളായിട് എന്താ പരിപാടി ” “പരിപാടി ന്നൂല്യ… അല്ല കണ്ണേട്ടൻ ന്തോ പറയണം ന്ന്‌ പറഞ്ഞൂല്ലോ.. ന്താ ത്? ” ന്റെ ദേവി.. ന്താ എപ്പോ പറയുവ… കയ്യും കാലും വിറച്ചിട് നിക്കൻമേല… പറയാതിരുന്നിട്ടും കാര്യുല്ലലോ… “തുമ്പീ.. അത്‌…. ” “മടിക്കാതെ കാര്യം പറയൂ കണ്ണേട്ടാ.. ” “മം പറയാം.. ഇനിയും പറയാതിരുന്നാൽ ശെരിയാവില്ല.. ന്താ പറയുവാന്ന് അറിയില്ല.. താൻ അതെങ്ങനെ എടുക്കും എന്നും അറിയില്ല.. കണ്ണന്… കണ്ണന് വേണം ഈ തുമ്പിയെ.. കണ്ണന്റേതു മാത്രായിട്ട്.. എനിക്കിഷ്ടട്ടാ തന്നെ ” “കണ്ണേട്ടാ ” “അതെ തുമ്പീ.. കുറേ ആയി ഇത് മനസ്സിലിട്ട് നടക്കാൻ തുടങ്ങിയിട്ട്… ഇനിയും പറഞ്ഞില്ലെങ്കിൽ.. ” ഇത്രയും പറഞ്ഞു അവളെ നോക്ക്കിയ ഞാൻ കണ്ടത് അടർന്നു വീണ കണ്ണീർതുള്ളികൾ മറയ്ക്കാൻ പാടുപെടുന്ന അവളെയാണ്..

“തുമ്പീ.. താൻ ന്തിനാ ഇങ്ങനെ കരയുന്നേ.. അതിനു മാത്രം ഞാൻ ഒന്നും പറഞ്ഞില്ല്യാലോ ” ഒന്നും മിണ്ടാതെയുള്ള അവളുടെ നിൽപ്പ് എന്നെ കൂടുതൽ സങ്കടത്തിലാഴ്ത്തി.. “തുമ്പീ ” “വേണ്ട കണ്ണേട്ടാ.. ഇനിയും പറഞ്ഞാൽ കണ്ണേട്ടൻ ന്റെ മുന്നിൽ ചെറുതായി ന്നു വരും.. കുഞ്ഞുന്നാളിലേ കാണിക്കുട്ടുകാരനായ.. ഒരേട്ടനെപോലെ ഇതുവരെ കണ്ട കണ്ണേട്ടനെ പെട്ടന്ന് മാറ്റിചിന്തിക്കാൻ നിക്ക് ഇത്തിരി ബുദ്ധിമുട്ടുണ്ട്.. ന്നോട് ക്ഷമിക്കണം ” “തുമ്പീ ഞാൻ…. ഉള്ളിൽ ഒരു പെണ്ണോട് തോന്നിയ ഇഷ്ടം തുറന്നു പറഞ്ഞതാണോ ഞാൻ ചെയ്ത തെറ്റ്.. അത്‌ തെറ്റാണെങ്കിൽ ആ തെറ്റ് എന്നെ സംബന്ധിച്ചിടത്തോളം ശെരിയാണ്.. ” “കണ്ണേട്ടനെന്തൊക്ക്യാ ഈ പറയുന്നേ.. ന്റെ വീട്ടിലെ അവസ്ഥയൊക്കെ കണ്ണേട്ടനും അറിയുന്നതല്ലേ.. അതിനിടയിൽ ഇങ്ങനൊന്നും വേണ്ട.. ” “എല്ലാം അറിയാം.. അറിഞ്ഞോണ്ട് തന്ന്യാ കണ്ണൻ തുമ്പിയെ ഇഷ്ടപ്പെട്ടേ… ”

“നിക്ക് പറ്റില്ല്യ… എന്നെ ആ സ്ഥാനത്തു കരുതേണ്ട.. വീട്ടിൽ തിരക്കും.. ഞാൻ പോവുവാ…. ” “പോയിക്കോ.. പക്ഷെ കണ്ണന്റെ ജീവിതത്തിൽ ഒരു പെണ്ണുണ്ടെങ്കിൽ അത്‌ വടക്കേലെ ശാരദേച്ചിടെ മോൾ തുമ്പിയായിരിക്കും.. മറക്കണ്ട ” ഒന്നും മിണ്ടാതെ.. കണ്ണീരൊപ്പികൊണ്ട് നടന്നു നീങ്ങുന്ന തുമ്പിയെ കണ്ടപ്പോൾ ഉള്ളിലെവിടെയോ ഒരു നീറ്റൽ.. പിറന്നാളായിട്ടു തന്നെ ഇത് പറഞ്ഞു കാരയിക്കെണ്ടിയിരുന്നില്ല എന്നൊരു തോന്നൽ.. നേരെ ചെന്നത് അരുണിന്റെ അടുത്തേക്കായിരുന്നു.. നടന്നതൊക്കെ അവനോടു പറഞ്ഞപ്പോൾ ഇരുണ്ട മാനം പെയ്തു തോർന്ന ഒരു ഫീൽ.. “എടാ.. ഇനിയിത് അവള് അവളുടെ വീട്ടിലെങ്ങാനും പോയി പറയുമോ ” അരുണിന്റെ സംശയം എനിക്കും ഇല്ലാതില്ല… “ഏയ്‌.. അതിനു സാധ്യത കുറവാ.. ” “നീ പേടിക്കണ്ട… അത്രപെട്ടെന്നൊനും ഒരു പെണ്ണും വീഴൂല ഡാ.. ഇനിയും സമയം ണ്ടല്ലോ.. നമ്മുക്ക് നോക്കാം.. അതൊരു പാവാടാ… പിന്നെ അതിന്റെ വീട്ടിലെ അവസ്ഥയൊക്കെ നിനക്കറിയാല്ലോ.. മോഹിപ്പിച്ചു അവസാനം കയ്യ് ഒഴിയാനാണെകിൽ എന്റെ പൊന്നു മോൻ അതങ്ങു മുളയിലേ നുള്ളിയെക്ക് ”

“പോടാ.. കാലം കൊറേ ആയല്ലോ ഒപ്പം നടക്കാൻ തുടങ്ങിയിട്ട് ന്നിട്ടും എന്നെ നിനക്ക് മനസിലായില്ലലോട… ” “ആ ബെസ്റ്റ്.. നീ തന്നെ പറയണം മനസിലായില്ലന്ന്.. ഡാ കോപ്പേ ഞാൻ നിന്റെ വീട്ടുകാരെ ഉദ്ദേശിച്ചാ പറഞ്ഞെ.. നിന്റച്ഛൻ സമ്മതിക്കുമോ ഈ പാവത്തിനെ കെട്ടാൻ.. ” “അതൊന്നും എനിക്കറിയില്ല.. കണ്ണന് വാക്കൊന്നേ ഉള്ളു.. എനിക്കൊരു പെണ്ണുണ്ടെൽ അത്‌ എന്റെ ഈ തുമ്പിയാ.. ” കാര്യം എന്ത് വന്നാലും ഞാൻ തുമ്പിയെ ആർക്കും വിട്ടുകൊടുക്കില്ല… എങ്കിലും അച്ഛൻ ഇപ്പൊ എന്റെ ഉള്ളിൽ ഒരു പേടി സ്വപ്നമായി മാറിക്കഴിഞ്ഞു…. തുടരും…