രചന – കൃഷ്ണപ്രിയ
അവൾക്ക് അച്ഛിച്ചൻ എന്താ കൊണ്ടു വന്നേക്കണേന്ന് നോക്കിയേ …
വേണു ഒരു പൊതി തുറന്നു കാട്ടികൊണ്ട് കല്ലുമോളോട് പറഞ്ഞു.
മോള് കരച്ചില് ചെറുതായൊന്നു കുറച്ചു കൊണ്ട് അതിലേക്ക് നോക്കി.
ഇത് കല്ലുമോൾക്ക് ചെറിയച്ഛൻ തന്നു വിട്ടതാ.
നല്ല മധുരൊള്ള കേക്ക്.
ക്രീം ഒരു നുള്ളെടുത്ത് മോളുടെ നാക്കിൽ വച്ചു കൊടുത്തു.
അവളത് വേഗം നൊട്ടി നുണഞ്ഞു.
ആഹ് പൊതി മോൾടെ കൈയ്യിൽ കൊടുത്തു.
അവളത് ആസ്വാദിച്ചു കഴിക്കുന്നത് വേണു നോക്കി നിന്നു.
അര്യൻ മോന്റെ പോലെ ഭാഗ്യം എന്റെ കല്ലുമോൾക്ക് ഇല്ലാതായി പോയല്ലോ ….
പാവം കുട്ടി. എന്റെ കുഞ്ഞിനും വേണം എല്ലാ സൗഭാഗ്യങ്ങളോടും കൂടിയ ഒരു ജീവിതം.
വേണു മനസ്സിലോർത്തു.
⚫⚫⚫
സന്ധ്യക്ക് വിളക്ക് വച്ച് അച്ഛിച്ചും കല്ലുമോളും സന്ധ്യാനാമം ജപിക്കാൻ ഇരുന്നു.
അച്ഛിച്ചൻ രാമായണം വായിക്കുയായിരുന്നു.
കല്ലുമോള് അടുത്തിരുന്ന് രാമനാമം ജപിക്കുന്നുണ്ട്.
രാമ …. രാമാ….രാമ …. രാമാ……
കിച്ണ …. കിച്ണ … കിച്ണ …. കിച്ണ …
രാമാ… രാമ ……
ഇത് കേട്ടുകൊണ്ടാണ് രാജീവ് വന്നത്. കല്ലുമോള് ഇടം കണ്ണിട്ട് രാജീവിനെ ഒന്നു നോക്കി.
അവളുടെ ആഹ് നോട്ടം രാജീവും കണ്ടിരുന്നു.
മേശയിൽ ഇരുന്ന ഫ്ലാസ്കിൽ നിന്നും ചായ കപ്പിലേക്ക് പകർത്തി കുടിക്കുകകയായിരുന്നു അവൻ .
അപ്പോഴാണ് ഓഫീസിൽ നിന്നും ഒരു ഫോൺ വന്നത്. കുറെ നേരം ആഹ് സംസാരം നീണ്ടു നിന്നു.
നാമജപം കഴിഞ്ഞ് വിളക്കെടുത്ത് വച്ച് വേണു രാജീവിന്റെ അടുത്തേയ്ക്ക് ചെന്നു.
നീ തിരക്കിലാണോ?
അല്ല അച്ഛാ .എന്തെങ്കിലും പറയാനുണ്ടോ ?
മ്മഹ് ഒരു കാര്യോണ്ട് .
പറഞ്ഞോളൂ അച്ഛാ …
രാജീവ് ഫോൺ എടുത്ത് വച്ച് കൊണ്ട് പറഞ്ഞു.
ഞാൻ ഇന്നുവരെ നിന്നോട് എന്തെങ്കിലും ആവശ്യപ്പെട്ടിട്ടുണ്ടോ രാജീവേ ?
അച്ഛനെന്താ ഇങ്ങനെ ചോദിക്കുന്നേ?
അച്ഛനെന്തെങ്കിലും വേണോ?
മ്മഹ് വേഗം. മരിക്കുന്നതിനു മുൻപ് ഒരാഗ്രഹം ഉണ്ട്. അത് മാത്രം നീ എനിക്ക് സാധിപ്പിച്ച് തന്നാൽ മതി. അത് പറയുന്നതിനു മുൻപ് നീ എനിക്ക് വാക്ക് തരണം അത് എന്ത് തന്നെ ആയാലും നീയത് നടത്തും എന്ന്.
അച്ഛൻ ആദ്യം കാര്യം പറയൂ ….
മ്മഹ്… കല്ലുമോള് കുഞ്ഞാ. പോരാത്തതിനു ഒരു പെൺകുട്ടിയും. നീയാണെങ്കിൽ ആഹ് കുഞ്ഞിനെ ഒന്ന് തിരിഞ്ഞു പോലും നോക്കുന്നില്ല. എത്രയെന്നു വെച്ചാ ഞാൻ ആഹ് കുഞ്ഞിനെ നോക്കുക. എനിക്ക് വയസ്സായി. കല്ലുമോള് വലുതായി വരുകയാണ്. അവൾക്ക് ഒരമ്മയുടെ ആവശ്യം ഉണ്ട്. കല്ലുമോൾക്ക് ഒരമ്മയെ വേണം.
അതുകൊണ്ട് …. അതു കൊണ്ട് നീയൊരു കല്യാണം കഴിക്കണം.
അച്ഛാ ….
രാജീവിന്റെ ശബ്ദം ഉയർന്നു കേട്ടു.
ദയവു ചെയ്ത് എന്റെ ഈ ഒരാവശ്യം നീ സാധിച്ച് തരണം… ആഹ് കുഞ്ഞിനെ ഇവിടെ തനിച്ചാക്കി എനിക്ക് പോവേണ്ട ഒരവസ്ഥ വരരുത്. ഇപ്പോ അവൾക്ക് ഞാൻ മാത്രമേ ഒള്ളൂ. അച്ഛന്റെ കരുതലും വാത്സല്യവും എന്റെ മോൾക്ക് കിട്ടിയിട്ടില്ല…. ഞാൻ പോയാൽ എന്റെ കല്ലുമോള് തനിച്ചായി പോവും. അവൾക്ക് ഒരമ്മയെ കൊടുക്കാൻ ഞാൻ വേണെമെങ്കി നിന്റെ കാലു പിടിക്കാം മോനേ ….
ഈ വയസ്സന് അത് മാത്രമേ മോനോട് പറയാൻ ഒള്ളൂ…
അയാൾ കണ്ണുതുടച്ചു കൊണ്ട് കല്ലുമോൾടെ അടുത്തേക്ക് പോയി.
രാജീവിന്റെ കണ്ണും നിറഞ്ഞിരുന്നു.
ചുവരിൽ മാലയിട്ട് തൂക്കിയിരിക്കുന്ന രണ്ട് ഫോട്ടോയിലേക്ക് രാജീവിന്റെ കണ്ണുകൾ ചെന്നു നിന്നു . ഒരിറ്റ് കണ്ണുനീർ അവന്റെ കരളിനെ ചുംബിച്ച് ഒഴുകി നിലം പതിച്ചു.
⚫⚫⚫
രാജീവ് ഓഫീസിൽ പോയതും വേണു ശ്രീറാമിനെ വിളിച്ചു. ശ്രീറാമിനോടും രേവതിയോടും വീട്ടിലേക്ക് വരാൻ പറഞ്ഞു.
ഒന്ന് ഒന്നര മണിക്കൂർ കഴിഞ്ഞപ്പോഴേക്കും രേവതിയും ശ്രീറാമും ആര്യനും വന്നു.
കല്ലുമോൾക്ക് നിറയെ ചോക്ലേറ്റുമായിട്ടാണ് വന്നത്. കല്ലുമോള് വേഗം ഒരെണ്ണം അകത്താക്കി.
അപ്പോഴേക്കും ആര്യൻ കുഞ്ഞിമോണ കാട്ടി ചിരിക്കാൻ തുടങ്ങി. കല്ലുമോള് വേഗം അവന്റെ അടുത്ത് ചെന്നിരുന്നു അവനെ കളിപ്പിക്കാൻ തുടങ്ങി.
അമ്മാവാ..എന്തിനാ ഞങ്ങളോട് പെട്ടെന്ന് വരാൻ പറഞ്ഞത്.
ശ്രീയായിരുന്നു ചോദിച്ചത്.
മോനേ … അത്…
അയാൾ ഒന്ന് വിക്കി.
പറഞ്ഞോളു അമ്മാവാ.
മോനേ … രാജീവിനെക്കൊണ്ട് ഒരു കല്യാണം കഴിപ്പിക്കണം. കല്ലുമോൾക്ക് ഒരമ്മയെ വേണം. അമ്മയുടെ വാത്സല്യവും സ്നേഹവും ഒക്കെ എന്റെ കല്ലുമോൾക്ക് കിട്ടണം.
വേണു പറഞ്ഞു നിർത്തി.
ആഹാ അത് നല്ല കാര്യാ അമ്മാവാ.
കല്ലുമോൾക്ക് ഒരമ്മയുടെ സ്നേഹവും വാത്സല്യവും ഒക്കെ കിട്ടേണ്ട പ്രായാ .
അല്ല അമ്മാവാ പെൺകുട്ടിയെ കണ്ട് പിടിച്ചോ?
അത് പറയാനാ ഞാൻ നിങ്ങളോട് വരാൻ പറഞ്ഞത്. ഞാൻ കണ്ടുപിടിച്ചത് മറ്റാരെയുമല്ല. നിങ്ങളുടെ വീട്ടിലെ ആഹ് കുട്ടിയെയാ… ശ്രീദുർഗ്ഗയെ .
തരുമോ ഞങ്ങൾക്ക് അവളെ . എന്റെ കല്ലുമോളുടെ അമ്മയായിട്ട്.
അമ്മാവാ.ഞങ്ങൾക്ക് സന്തോഷം ഉള്ള കാര്യമാ . പക്ഷെ അവൾ സമ്മതിക്കോ എന്നറിയണ്ടേ ?
ശ്രീറാം ചോദിച്ചു.
ശരിയാ. ഒരു രാണ്ടാം ഭാര്യ ആയിട്ട് വരാൻ ആഹ് കുട്ടി സമ്മതിക്കില്ലായിരിക്കും. രണ്ടാം ഭാര്യ മാത്രമല്ലാലോ രണ്ടാനമ്മ കൂടെ അല്ലേ?
വേണുവിന്റെ മുഖം താണു.
അമ്മാവൻ വിഷമിക്കാതെ . ഞങ്ങൾ അവളോട് ഒന്ന് സംസാരിച്ച് നോക്കട്ടെ.
അവൾ നല്ല കുട്ടിയാ. സമ്മതിക്കും എന്ന് നമുക്ക് പ്രതീക്ഷിക്കാം.
രേവതി പറഞ്ഞു.
ആഹ് സമയം ആര്യനെ കളിപ്പിച്ച് പൊട്ടിചിരിക്കുന്ന കല്ലുമോളിലായിരുന്നു എല്ലാവരുടെയും കണ്ണുകൾ.
(തുടരും )❤️❤️❤️

by