22/04/2026

അറിയാതെ : ഭാഗം 01

രചന – ജിഷ രവി

നീനെ…… . മോളെ നീനെ…. മോളെ നീ എഴുന്നേറ്റില്ലേ ഇതുവരെ….. നീനമോളെ… അപ്പയുടെ നിർത്താതെയുള്ള വിളിയാണ് നീനയെ ഉണർത്തിയത്. ഉണർന്നിട്ടും സ്വപ്നമാണോ യാഥാർഥ്യമാണോ എന്ന് അറിയാതെ നീന പരിഭ്രമിച്ചു… കണ്ണുകൾ തുറക്കാൻ പറ്റാത്തത്ര ഭാരം ഒരു വിധം കണ്ണുകൾ വലിച്ചു തുറന്നു. കണ്ണിനു നല്ല പുളിപ്പ്. നീന പതിയെ കണ്ണുകൾ തിരുമ്മി. ഇന്നലെ ഇരുന്നിടത്ത് തന്നെ ഇരുന്നാണോ ഞാൻ ഉറങ്ങിയത്, അതിനു ഞാൻ ഉറങ്ങിയോ.. മേശയിൽ അച്ചടക്കമില്ലാതെ നിരന്നു കിടക്കുന്ന ഡയറികളും, ആശംസ കാർഡുകളും…. തുറന്നു വച്ചിരിക്കുന്ന ഡയറിയിലെ അക്ഷരങ്ങൾ തന്റെ കണ്ണിരിനാൽ മാഞ്ഞിരിക്കുന്നു…. ഇരുന്ന കസേര പുറകോട്ട് നീക്കി, എഴുന്നേറ്റു.. തലമുടി വാരി കെട്ടി വെച്ചു… പതിയെ അപ്പയുടെ അടുത്തെത്തി.. അപ്പയെ വെള്ളം വേണോ… വേണ്ട മോളെ.. പോകാൻ തിരിഞ്ഞ എന്നെ അപ്പ വീണ്ടും വിളിച്ചു.. നീന മോളെ… എന്നതാ അപ്പാ. എഴുന്നേൽക്കാൻ താമസിച്ചോ.. മ്മ് മം അതിന് എന്റെ മോൾ ഇന്നലെ ഉറങ്ങിയില്ലലോ! അല്ലെ മോളെ, ഉറങ്ങി അപ്പ… മ്മ്മം.. എന്റെ കുഞ്ഞിന്റെ കണ്ണുകൾ അത് അപ്പയോട് പറയുന്നുണ്ട്… എന്റെ കുഞ്ഞിന്റെ നെഞ്ചുരുകുന്നത് ഈ അപ്പയ്ക്ക് അറിയില്ലെന്ന് കരുതിയോ എന്റെ കുട്ടി…. അപ്പായി ഞാൻ ഉറങ്ങി, പിന്നെ കുറച്ചു നേരം ഓരോന്ന് ആലോചിച്ചു ഇരുന്നുപോയത് സത്യം..

കിടക്കാൻ അല്പം വൈകി അതാ എഴുന്നേൽക്കാൻ താമസിച്ചേ…… അപ്പയോട് കള്ളം പറഞ്ഞെങ്കിലും എന്റെ കണ്ണുകൾക്കു പിടിച്ചു നിൽക്കാനായില്ല…. അപ്പയെ നേരെ പിടിച്ചിരുത്തി, കാപ്പി ഇട്ടിട്ടു ഞാനിപ്പം വരാം… നീന മോളെ.. എന്താ അപ്പാ.. മോള് പോകുന്നുണ്ടോ അഭിയുടെ കല്യാണത്തിന്? അഭിയെന്നുള്ള പേരു കേട്ടാലെ കുറെ നാളുകളായി കണ്ണുകൾ അനുസരണയില്ലാതെ നിറഞ്ഞ് ഒഴുകും… നിറഞ്ഞു ഒഴുകുന്ന കണ്ണുകൾ അപ്പാ കാണാതെ തുടച്ചു… മ്മ് മം… പോകണം മോളെ.. ആ കല്യാണം എന്റെ കുട്ടി കാണണം…. അഭി മറ്റാരാളുടേത് ആണെന്ന് എന്റെ മോള് മനസ്സിനെ വിശ്വസിപ്പിക്കണം… മോളെ നീ അഭിയെ ശപിക്കരുത്… അപ്പായി എനിക്ക് അതിനു കഴിയുമെന്ന് തോന്നുന്നുണ്ടോ, അല്ലെങ്കിൽ തന്നെ ശാപം എനിക്കല്ലേ കിട്ടു അപ്പായി, ഒന്നും അറിയാത്ത അഭിയേട്ടനെ ഞാൻ അല്ലെ വേദനിപ്പിച്ചെ, ആ മനസ്സിനു ഏൽപ്പിച്ച മുറിവിൽ നിന്നും എനിക്കിജന്മം മോചനമുണ്ടോ അപ്പായി….

ഇല്ല മോളെ, അഭി ഒരിക്കലും എന്റെ മോളെ ശപിക്കില്ല, എനിക്കുറപ്പുണ്ട്.. അഭിയെ പോലെ നല്ല മനസ്സുള്ള ഒരു ചെറുപ്പക്കാരനെ എന്റെ മോൾക്ക് വിധിച്ചിട്ടില്ലന്നു കരുതിയാൽ മതി.. അവൻ പാവമാണ്…. അഭിയുടെ സഹായമില്ലായിരുന്നെങ്കിൽ ഇന്ന് നിനക്ക് സ്വന്തം കാലിൽ നിൽക്കാൻ ഒരു ജോലി യുണ്ടാകുമായിരുന്നില്ല…. തളർന്നു കിടക്കുന്ന അപ്പയ്ക്ക് എന്തിന് ആവും, എന്റെ മോൾക്ക് വേണ്ടി അവനോടു ഞാൻ ഒരു നൂറു വട്ടം മാപ്പു ചോദിച്ചിട്ടുണ്ട്, എന്റെ കുട്ടി വിഷമിക്കല്ലേ… അഭിയും അവന്റെ അമ്മയും നല്ലവരാ… അവന്റെ ‘അമ്മ ആഗ്രഹിച്ചപോലെ അവനു നല്ലൊരു ജീവിതം കിട്ടട്ടെ….. ‘എന്റെ കുട്ടി വിഷമിക്കരുതേ ” നല്ലൊരു കാര്യത്തിന് വേണ്ടിയല്ലേ, എന്റെ കുട്ടിക്ക് ആരുടെയും ശാപം കിട്ടില്ല…. വേഗം പോകാൻ റെഡിയാക് മോളെ… അപ്പയെ കുളിപ്പിച്ച് ആഹാരം കൊടുത്തു ഇരുത്തിയിട്ട് ഞാനും കുളിച്ചു…..

പോവാൻ സമയം അടുത്തു വരുന്നു.. യാന്ത്രികമായി മുറിയിലെത്തി, അലമാര തുറന്നപ്പോൾ ആദ്യം കണ്ണിലുടക്കിയത് അഭിയേട്ടൻ വാങ്ങി തന്ന ചുവന്നസാരിയായിരുന്നു… ആ സാരി കൈയിൽ എടുത്തു പിടിച്ചപ്പോൾ ഒരായിരം ഓർമ്മകൾ അരികിലെത്തി…. നമ്മുടെ ആദ്യ രാത്രിയിൽ ഇത് ഉടുത്തു വേണം പൊന്നു എന്റെ അടുത്ത് വരാൻ അഭിയേട്ടന്റെ അധരങ്ങൾ എന്റെ ചെവിയിൽ മന്ത്രിച്ചപ്പോൾ നാണം കൊണ്ടു ഞാൻ പൂത്തുലഞ്ഞു . അഭിയേട്ടൻ സാരി എന്റെ തോളത്ത് കൂടി ഇട്ട്,വാരി കെട്ടി വെച്ചിരുന്ന എന്റെ തലമുടി അഴിച്ചിട്ടു, കണ്ണാടിയിലെ എന്റെ പ്രതിബിംബത്തെ നോക്കി നിന്നു…… പൊന്നുവേ മതി ഇങ്ങനെ ഇനിയും നിന്നെ കണ്ടാൽ ഞാൻ വല്ലതുമൊക്കെ ചെയ്തു പോകും, അതിനെന്താ ഞാൻ കണ്ണടച്ചു പിടിച്ചോളാം… തമാശക്കു പറഞ്ഞതാണെങ്കിലും എന്റെ ഇടുപ്പിൽ മുറുക്കി പിടിച്ച് അഭിയേട്ടന്റെ ഉടലിനോട് എന്നെ ചേർത്ത് നിർത്തിയപ്പോൾ ഞാൻ വല്ലാതെ പേടിച്ചു, എന്റെ ശ്വാസോച്ഛാസം വേഗത്തിലായി..

പക്ഷെ അതെ വേഗത്തിൽ തന്നെ ആ കൈകൾ എന്നെ മോചിച്ചപ്പോൾ,ആശ്വാസത്തോടെ ഞാൻ അഭിയേട്ടനെ നോക്കി… എന്താ പൊന്നു പേടിച്ചോ പോയോ? മ്മ് മം.. തല താഴ്ത്തിനിന്ന എന്റെ മുഖം മുകളിലോട്ട് ഉയർത്തി പിടിച്ചു, അത്രയേ നീ എന്നെ മനസ്സിലാക്കിയിട്ടുള്ളോ പൊന്നൂസെ.. അഗ്നിയെ സാക്ഷിയാക്കി എല്ലാവരുടെയും അനുഗ്രഹത്തോടെ താലി ചാർത്തി, നമ്മുക്കു മാത്രം സ്വന്തമായ നമ്മുടെ ആദ്യരാത്രിയിൽ, ചുണ്ടുകൾ കൊണ്ടുപോലും കളങ്ക പെടുത്തത്തവളായി എല്ലാ പവിത്രതയോടും കൂടി എനിക്ക് വേണം എന്റെ പൊന്നൂസിനെ….. അതുകൊണ്ട് ഇപ്പോൾ എന്റെ മോള് ഈ സാരി മടക്കി വെച്ചിട്ടു ചേട്ടനൊരു ചായ കൊണ്ട് താ. ഞാൻ അവിടെ അപ്പയുടെ അടുത്തിരിക്കാം… ഒരു കള്ള ചിരിയോടെ അഭിയേട്ടൻ മുറിയിൽ നിന്ന് ഇറങ്ങിപ്പോയി…

നീന മോളെ പോവാറായില്ലേ, അപ്പയുടെ വിളിയാണ് വീണ്ടും ചിന്തയിൽ നിന്നുണർത്തിയത് … ആയി അപ്പാ…. അഭിയേട്ടൻ ആഗ്രഹിച്ചു മേടിച്ചു തന്ന സാരി തന്നെ ഉടുത്തു, നെറ്റിയിൽ പൊട്ടു വെച്ചു, അഭിയേട്ടന് ഏറ്റവും ഇഷ്‌ടമുള്ള ജിമുക്കി കമ്മൽ ഇട്ടു, തലമുടി അഴിച്ചിട്ടു കുളിപ്പിന്നൽ കെട്ടി… തലമുടിക്കു ചുറ്റും മുല്ലപ്പൂവ് ചൂടി.. ഒരിക്കൽ കുടി കണ്ണാടിയിൽ നോക്കി, ഇന്ന് അഭിയേട്ടന്റെ ആഗ്രഹത്തിനൊത്ത പെണ്ണാണ് ഞാൻ, “അഭിയുടെ നീന ” ഇന്ന് അവസാനിക്കും, പത്ത് കൊല്ലം മനസ്സിൽ പ്രതിഷ്‌ഠിച്ചു കൊണ്ടു നടന്ന എന്റെ വിഗ്രഹം, എന്റെ അഭിയേട്ടൻ എന്റേതല്ലാതാകുന്നു…. പതിയെ അപ്പയുടെ അടുത്തെത്തി.. അപ്പാ ഞാൻ ഇറങ്ങുവാണ്‌…. ഫോൺ അപ്പയുടെ അടുത്തോട്ടു നീക്കി വെച്ചു, ഞാൻപോകുമ്പോൾ അച്ചുവിനോട് പറഞ്ഞിട്ടു പോകാം.

എന്തേലും ആവശ്യം ഉണ്ടെങ്കിൽ അച്ചുനെ വിളിക്കണം….. . അപ്പയുടെ കണ്ണുകളിൽ നോക്കിയപ്പോൾ അതുവരെ സ്വരുക്കൂട്ടി വെച്ച സകല ധൈര്യവും ചോർന്നു പോകുന്നതു പോലെ തോന്നി…. അപ്പയെ എനിക്ക്….. വാക്കുകൾ പൂർത്തികരിക്കാൻ ആവാതെ ഞാൻ വിതുമ്പി… നീനാമോളെ തളരരുത്, എന്റെ മോള് വേഗം തിരിച്ചുവരണം,പുതിയൊരു നീനയായി എന്റെ കുട്ടി തിരിച്ചു വരുന്നത് നോക്കി അപ്പാ കാത്തിരിക്കും… എന്റെ കുട്ടിക്ക് അതിനു സാധിക്കും അതിനുള്ള മനോബലം ഉള്ളവൾ ആണെന്റെ മോള്…. ഒന്നും മിണ്ടാതെ അപ്പയുടെ മുഖത്ത് നോക്കി ഞാൻ തലയാട്ടി… തിരികെ നടക്കുമ്പോൾ മനസ്സിനെ ബലപ്പെടുത്താൻ ഒരു പാഴ് ശ്രമം നടത്തി… ഞാൻ തളരില്ല ഞാൻ സ്‌ട്രോങ് ആണ്, എല്ലാ കനലും ഇന്ന് എരിച്ചടക്കി ഞാൻ തിരികെ എത്തും എന്റെ അപ്പയ്ക്കുവേണ്ടി…

എന്റെ അഭിയേട്ടന് വേണ്ടി, അഭിയേട്ടന്റെ അമ്മയ്ക്കും അച്ഛനും വേണ്ടി… എന്തൊക്കെ പറഞ്ഞ് ആശ്വസിച്ചാലും ജീവന്റെ ജീവനായി സ്നേഹിച്ചവനെയാണ് മനസ്സിൽ നിന്ന് ഇറക്കിവിടാൻ ശ്രമിക്കുന്നത്… ഒരിക്കലും നടക്കാത്ത ഒരു പാഴ് സ്വപ്നം… ഇറക്കി വിടാൻ എനിക്ക് സാധിക്കില്ല ഒരിക്കലും.. എന്റെ സ്‌ഥാനത്ത്‌ മറ്റൊരാൾ അഭിയേട്ടനൊപ്പം സങ്കൽപ്പിക്കാൻ പോലും കഴിഞ്ഞിട്ടില്ല ഇതുവരെ, എന്നിട്ടും ഞാൻ അതിനു ശ്രമിക്കുന്നു… . പക്ഷേ മറന്നെന്നും വെറുത്തെന്നും അഭിയേട്ടനെ ബോധിപ്പിക്കാൻ എനിക്ക് സാധിച്ചു അതിൽ ഞാൻ വിജയിച്ചു…. എത്ര കരയരുതെന്നു കരുതിയിട്ടും കണ്ണുകൾ അനുസരിക്കാതെ നിറഞ്ഞു തുളുമ്പി.. അവസാനത്തെ കണ്ണുനീർ തുള്ളിയും തുടച്ച് ഇനിയും കരയില്ല എന്ന് ഉറപ്പിച്ച്, വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ നെഞ്ച് കീറി മുറിക്കുന്ന വേദന കടിച്ചമർത്താൻ ഞാൻ പഠിച്ചിരുന്നു………. (തുടരും)