മംഗല്യസൂത്രം… 10
🧡മംഗല്യസൂത്രം : പത്ത് 🧡
അവൾ പറഞ്ഞത് ഒന്നും കള്ളമായിരുന്നില്ല. പക്ഷേ അവളുടെ മനസ്സിൽ മറ്റൊരാളായിരുന്നു.
മിത്ര പതിയെ പറഞ്ഞു.
“അല്ലി… നി ഇപ്പോൾ പുതിയൊരു സ്ഥലത്താണ്. പുതിയ ആളുകളെ പരിചയപ്പെടുന്നത് സ്വാഭാവികമാണ്. പക്ഷേ നീ എന്തൊക്കെ പറഞ്ഞാലും എനിക്ക് ഒരു പേടി ഉണ്ട്. നീ ആരെയും പെട്ടെന്ന് വിശ്വസിക്കരുത്.”
അല്ലി കണ്ണുകൾ അടച്ചു.
“അറിയാം അമ്മേ.”
“റിഷിയോട് പോലും കുറച്ച് അകലം പാലിക്കുന്നത് നന്നായിരിക്കും. പ്രസന്റേഷൻ കഴിഞ്ഞാൽ അവനുമായി അധികം അടുപ്പം വേണ്ട. ക്ലാസ്സിലെ കാര്യങ്ങൾ ക്ലാസ്സിൽ മാത്രം. അതിനപ്പുറം സൗഹൃദം വളർത്തേണ്ട.”
അല്ലിയുടെ ഉള്ളിൽ ചെറിയൊരു വിഷമം നിറഞ്ഞു.
റിഷിയോട് അവൾക്ക് പ്രണയമൊന്നുമില്ലായിരുന്നു. പക്ഷേ ആദ്യമായി കോളേജിൽ കിട്ടിയ ഒരു സുഹൃത്ത് എന്ന നിലയിൽ അവനെ നഷ്ടപ്പെടുന്നത് അവൾക്ക് ഇഷ്ടമല്ലായിരുന്നു.
എങ്കിലും അമ്മയോട് എതിർത്ത് സംസാരിക്കാൻ അവൾക്ക് തോന്നിയില്ല.
“ശരി അമ്മേ… പ്രസന്റേഷൻ കഴിഞ്ഞാൽ ഞാൻ ശ്രദ്ധിക്കാം.”
മിത്രയുടെ മനസ്സിൽ ചെറിയൊരു ആശ്വാസം തോന്നി.
“എനിക്ക് നിന്നെ വിശ്വാസമില്ലാത്തതുകൊണ്ടല്ല മോളെ. നീ ആരാണെന്ന് എനിക്ക് അറിയാം. പക്ഷേ അതുപോലെതന്നെ ലോകം എങ്ങനെയാണെന്നുമെനിക്ക് അറിയാം. തിരിച്ചു ഒന്നും പ്രധീക്ഷിക്കാതെ ആരും നമ്മളെ പരിഗണിക്കില്ല, അതുകൊണ്ട് ആവിശ്യക്കാർ മാത്രമേ നമ്മോട് സ്നേഹം കാണിക്കു. ആവിശ്യം കഴിഞ്ഞാൽ നമ്മൾ വെറും പാഴ് വസ്തുക്കൾ മാത്രം. നീ ഒരു ചെറിയ തെറ്റ് ചെയ്താൽ പോലും അതിന്റെ വില നീ തന്നെ കൊടുക്കേണ്ടി വരും. അതുകൊണ്ടാണ് ഞാൻ ഇത്രയും പറയുന്നത്. അമ്മ പറയുന്നത് മോൾക്ക് ചിലപ്പോൾ ഇഷ്ട്ടമാകില്ല, പക്ഷെ എന്റെ തണലിൽ കഴിയുന്നിടത്തോളം നീ ഞാൻ പറയുന്നത് അനുസരിച്ചേ മതിയാകു, നിനക്ക് എന്തെങ്കിലും പറ്റിയാൽ പിന്നെ ഞാൻ എന്തിനാണ് ജീവിച്ചിരിക്കുന്നത്…”
അല്ലിയുടെ കണ്ണുകൾ നിറഞ്ഞു.
“അമ്മേ… എനിക്ക് മനസ്സിലാകുന്നുണ്ട്. ഞാൻ അമ്മയെ വിഷമിപ്പിക്കുന്ന ഒന്നും ചെയ്യില്ല.”
“അതുമതി മോളെ. നീ സന്തോഷമായി ഇരുന്നാൽ എനിക്ക് വേറെ ഒന്നും വേണ്ട.”
കോൾ അവസാനിച്ചപ്പോൾ അല്ലി കുറച്ചുനേരം ഫോൺ കൈയിൽ പിടിച്ചുതന്നെ ഇരുന്നു.
അമ്മയോട് പറഞ്ഞതെല്ലാം ഓർത്തപ്പോൾ അവൾക്ക് ഒരു ചെറിയ കുറ്റബോധം തോന്നി.
റിഷിയെക്കുറിച്ച് അമ്മയോട് പറഞ്ഞത് അമ്മയെ വിശ്വസിപ്പിക്കാൻ വേണ്ടിയായിരുന്നു.
പക്ഷേ…
ആയുഷിനെക്കുറിച്ച് താൻ എന്തുകൊണ്ടാണ് ഒന്നും പറയാതിരുന്നത്?
അവൾക്ക് തന്നെ അതിന് ഉത്തരം ഉണ്ടായിരുന്നില്ല.
അവൾ പതിയെ കിടക്കയിലേക്ക് കിടന്നു.
കണ്ണുകൾ അടച്ചപ്പോൾ വീണ്ടും ആയുഷിന്റെ മുഖം.
“നിനക്ക് ശരിക്കും എന്താണ് ഇഷ്ടമെന്ന് കണ്ടെത്തി അതിൽ മികവ് നേടണം…”
ആ വാക്കുകൾ അവളുടെ മനസ്സിൽ വീണ്ടും മുഴങ്ങി.
അല്ലി പതിയെ ചിരിച്ചു.
” എന്റെ ഇഷ്ട്ടങ്ങൾ എന്താണെന്ന് എനിക്കറിയാം, പക്ഷെ, അവയൊന്നും ഇപ്പോൾ നടത്താൻ എന്നെക്കൊണ്ട് കഴിയില്ല, അമ്മ പറഞ്ഞതുപോലെ ഇപ്പോൾ ഞാൻ അമ്മയുടെ തണലിൽ ആണ്, ആ തണൽ ഉള്ളതുകൊണ്ടായിരിക്കാം ഒരുപക്ഷെ ഞാൻ ഇതുവരെയും ഒരു പ്രശ്നത്തിലും ചെന്ന് ചാടാതിരുന്നത്, അമ്മയായിരിക്കും ശരി. എന്നാലും എന്റെ ഈ ആഗ്രഹം ഞാൻ എങ്ങനെ മറക്കും…?”
അവൾ സ്വയം പറഞ്ഞു.
പക്ഷേ അവളുടെ മനസ്സിന് ആ ചോദ്യത്തിന് ഉത്തരം അറിയാമായിരുന്നോ എന്നത് അവൾക്ക് തന്നെ അറിയില്ലായിരുന്നു.
…….
അന്ന് രാത്രി ഭക്ഷണം കഴിക്കാൻ അല്ലി നിർമ്മലയുടെ ഫ്ലാറ്റിലേക്കാണ് പോയത്.
വാതിൽ തുറന്നപ്പോൾ തന്നെ ഭക്ഷണത്തിന്റെ മണം അവളുടെ മൂക്കിലേക്ക് വന്നു.
“വാ മോളെ… നിന്നെ കാത്തിരിക്കുകയായിരുന്നു.”
നിർമ്മല സ്നേഹത്തോടെ പറഞ്ഞു.
“ആന്റി… നിങ്ങൾ എന്തിനാ ഇത്രയും കഷ്ടപ്പെട്ടത്? ഞാൻ എന്റെ ഫ്ലാറ്റിൽ എന്തെങ്കിലും ഉണ്ടാക്കി കഴിചോളുമായിരുന്നു…”
“നീ ഒറ്റയ്ക്ക് ഉണ്ടാക്കി കഴിക്കുന്നതൊക്കെ എനിക്ക് അറിയാം. ബ്രെഡും പഴവും മുട്ടയും കഴിച്ചിട്ട് ‘ഞാൻ ഭക്ഷണം കഴിച്ചു’ എന്ന് എന്നോട് പറയും. അതുകൊണ്ടാണ് ഞാൻ ഉണ്ടാക്കിയത്.”
അല്ലി ചിരിച്ചു.
“ആന്റിക്ക് എന്നെ അത്ര വിശ്വാസമില്ലല്ലേ?”
“നിന്നെ വിശ്വാസമുണ്ട്. പക്ഷേ നിന്റെ ഭക്ഷണം കഴിക്കൽ വിശ്വാസമില്ല.”
“അയ്യോ എന്റെ ആന്റി, അമ്മയും ആന്റിയും കൂടെ എന്നെ നന്നാക്കി എടുക്കും അല്ലെ….”
അവൾ ചിരിച്ചുകൊണ്ട് ഡൈനിംഗ് ടേബിളിൽ ഇരുന്നു.
” നീ ആൾറെഡി ഞങ്ങളുടെ നല്ല മോളല്ലേ, പിന്നെ ഇത്തിരി കുറുമ്പ് നല്ലതാണ്, അതൊക്കെ ഈ പ്രായത്തിലെ കുട്ടികളിൽ സ്വാഭാവികം ആണ് അല്ലി കൊച്ചേ ”
അതിന് അല്ലി ചിരിച്ചു…
നിർമ്മല അവൾക്ക് ഭക്ഷണം വിളമ്പിക്കൊടുക്കുമ്പോൾ അല്ലിയുടെ മുഖത്തേക്ക് ശ്രദ്ധയോടെ നോക്കി.
“എന്താ മോളെ… ഇന്ന് എന്തോ കാര്യമായി ആലോചിച്ചിരിക്കുന്ന പോലെ തോന്നുന്നുണ്ടല്ലോ?”
അല്ലി പെട്ടെന്ന് തല ഉയർത്തി.
“ഒന്നുമില്ല ആന്റി.”
“കോളേജ് എങ്ങനെയുണ്ട്?”
“നന്നായിട്ടുണ്ട്.”
“കൂട്ടുകാരൊക്കെ ആയോ?”
അല്ലി ഒരു നിമിഷം മിണ്ടാതെ നിന്നു.
“കുറച്ച് പേരുണ്ട്.”
“ആരൊക്കെയാണ്?”
അവൾ റിഷിയുടെ പേര് പറയാൻ തുടങ്ങിയെങ്കിലും പെട്ടെന്ന് നിർത്തി.
“ക്ലാസ്സിലെ കുറച്ച് പേരാണ് ആന്റി.”
നിർമ്മല അവളുടെ മുഖത്തേക്ക് നോക്കി ചെറുതായി ചിരിച്ചു.
“ശരി… നിനക്ക് പറയാൻ തോന്നുമ്പോൾ പറഞ്ഞാൽ മതി.”
അല്ലിക്ക് ആ വാക്കുകളിൽ ഒരു പ്രത്യേക ആശ്വാസം തോന്നി.
അമ്മയെപ്പോലെ കുറ്റവാളികളെ ചോദ്യം ചെയ്യ്തു ഉത്തരങ്ങൾ കേൾക്കാൻ ഇരിക്കുന്ന ആള് അല്ല നിർമല എന്നത് അവൾക്ക് ആശ്വാസം ആയിരുന്നു….
അതുകൊണ്ടുതന്നെ നിർമ്മലയോട് എന്തെങ്കിലും പറയണമെന്ന് തോന്നിയെങ്കിലും ആയുഷിന്റെ പേര് പറയാൻ അവൾക്ക് തോന്നിയില്ല…
ആ പേര് പറഞ്ഞാൽ അതിന്റെ അർത്ഥം തന്നെ മാറിപ്പോകുമെന്നൊരു പേടി അവളുടെ ഉള്ളിലുണ്ടായിരുന്നു. കാരണം താൻ പറയുന്ന രീതിയിൽ അല്ലാതെ മറ്റേതെങ്കിലും രീതിയിൽ ആന്റി അത് എടുത്താൽ അത് വലിയ പ്രശ്നമാകും…
വിവാഹം കഴിഞ്ഞ് നേരെ മുംബൈയിലേക്ക് വന്നതാണ് നിർമ്മല, ഭർത്താവ് സാരംഗ് ഒരു ഡോക്ടർ ആണ്, മക്കള് രണ്ടാൾ : അർപ്പണയും അപർണ്ണയും, ഇരുവരും ഇരട്ടകൾ ആണ്, ഇപ്പോൾ ബാംഗ്ലൂർ ഫാഷൻ ഡിസൈൻ പഠിക്കുന്നു.
അവിടുന്ന് ഭക്ഷണം കഴിച്ച് ആന്റിയോടും അങ്കിളിനോടും കുറച്ചു സംസാരിച്ചതിന് ശേഷം അല്ലി തിരികെ തന്റെ ഫ്ലാറ്റിലേക്ക് വന്നു…
……
പിറ്റേന്ന് രാവിലെ അല്ലി പതിവിലേക്കാൾ നേരത്തെ കോളേജിലെത്തി.
റിഷി ഇതിനകം ക്ലാസ്സിൽ എത്തിയിരുന്നു.
അവളെ കണ്ടതും അവൻ കൈ ഉയർത്തി.
“അല്ലി… ഇവിടെ വാ. എല്ലാം റെഡിയാണ്. പക്ഷേ ഒരു പ്രശ്നമുണ്ട്.”
അല്ലി അവന്റെ അടുത്തേക്ക് നടന്നു.
“എന്ത് പ്രശ്നം?”
” അല്ല, അഥവാ ഞാൻ പറഞ്ഞത് കൂടിയൊ കുറഞ്ഞോ പോയാൽ നീ വേണം എന്നെ നിയന്ത്രിക്കാൻ, ഞാൻ ചിലപ്പോ ഓരോ എക്സാമ്പിൾ പറഞ്ഞു പറഞ്ഞു അങ്ങ് വേറെ എന്തെങ്കിലും ആയി പോവും ”
” ഓഹ്, ഞാൻ ഒന്ന് പേടിച്ചുപോയി വേറെ എന്തെങ്കിലും ആണെന്ന് കരുതി… സത്യത്തിൽ നിനക്ക് അര പിരി ലൂസ് ആണല്ലേ ” അല്ലി ചിരിച്ചു.
” ഹാ അതിപ്പോ നിനക്ക് മൊത്തം പിരി പോയികിടക്കുവല്ലേ… ” അവളുടെ തലക്കിട്ട് ഒന്ന് കൊട്ടിക്കൊണ്ട് അവൻ പറഞ്ഞു..
” ഒന്ന് പോടാ മണ്ടാ… ” ചിരിച്ചുകൊണ്ട് അവൾ എല്ലാം ഒന്നുകൂടെ ചെക്ക് ചെയ്യ്തു…
അവരുടെ സംഭാഷണത്തിനിടയിൽ ആയുഷ് ക്ലാസ്സിലേക്ക് കയറി.
അവന്റെ കണ്ണുകൾ ആദ്യം ക്ലാസ്സിലാകെ സഞ്ചരിച്ചു.
പിന്നീട് അല്ലിയിൽ എത്തി നിന്നു.
അവൾ റിഷിയോടൊപ്പം നിൽക്കുന്നത് കണ്ടപ്പോൾ അവന്റെ മുഖത്ത് ഒരു നിമിഷം എന്തോ മാറ്റം വന്നു.
അവന് തന്നെ മനസ്സിലാകാത്തൊരു അസ്വസ്ഥത.
പക്ഷേ അടുത്ത നിമിഷം തന്നെ അവൻ അതെല്ലാം മറച്ചു.
“ഗുഡ് മോർണിംഗ്….” അവന്റെ ഗംഭീര്യമുള്ള ശബ്ദം അവിടെ മുഴങ്ങി…
തിരിച്ച് എല്ലാവരും ഒരുമിച്ച് മറുപടിയും പറഞ്ഞു….
അൽപസമയത്തിനകം പ്രസന്റേഷനുകൾ ആരംഭിച്ചു.
“അലംകൃതയും റിഷിയും…” ആയുഷ് വിളിച്ചതും അല്ലിയുടെ ഹൃദയം പെട്ടെന്ന് വേഗത്തിൽ മിടിച്ചു.
റിഷി അവളെ നോക്കി.
“പേടിക്കണ്ട. നമുക്ക് പൊളിക്കാം.”
അവൾ ചെറിയൊരു പുഞ്ചിരിയോടെ തലകുലുക്കി.
ഇരുവരും ക്ലാസ്സിന്റെ മുന്നിലേക്ക് നടന്നു.
ആദ്യ കുറച്ച് നിമിഷങ്ങൾ അല്ലിയുടെ ശബ്ദം ചെറുതായി വിറച്ചിരുന്നു.
പക്ഷേ വിഷയത്തിലേക്ക് കടന്നതോടെ അവളുടെ ആത്മവിശ്വാസം പതിയെ തിരികെ വന്നു.
ആയുഷ് അവളെ ശ്രദ്ധിച്ചുകൊണ്ടിരുന്നു.
അവൾ സംസാരിക്കുമ്പോൾ കൈകൾ ഉപയോഗിക്കുന്ന രീതി… ഒരു കാര്യം വിശദീകരിക്കുമ്പോൾ കണ്ണുകളിൽ തെളിയുന്ന ആത്മവിശ്വാസം… അറിയാതെ മുടിയിഴകൾ ചെവിക്ക് പിന്നിലേക്ക് ഒതുക്കുന്നത്, അങ്ങനെ എല്ലാം അവന്റെ ശ്രദ്ധയിൽപ്പെടുന്നുണ്ടായിരുന്നു.
അവൻ, ഒരു അധ്യാപകനെന്ന നിലയിൽ വിദ്യാർത്ഥിയുടെ പ്രകടനം മാത്രമാണ് നോക്കുന്നതെന്ന് സ്വയം വിശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും…
എന്തുകൊണ്ടോ അവളുടെ ഓരോ ചലനവും തന്റെ ഉള്ളിലേക്ക് ആഴ്ന്ന് ഇറങ്ങുന്നത് അവന് തന്നെ മനസ്സിലായില്ല.
റിഷി ഒരു ഘട്ടത്തിൽ എന്തോ പറഞ്ഞപ്പോൾ അല്ലി ചിരിച്ചു.
ആ ചിരി കണ്ടപ്പോൾ ആയുഷിന്റെ മനസ്സിൽ വീണ്ടും ഒരു ചെറിയ അസ്വസ്ഥത.
“എന്തിനാണ് എനിക്ക് ഇത് ഇങ്ങനെ തോന്നുന്നത്…?”
അവൻ സ്വയം ചോദിച്ചു.
അവന് അതിന് ഉത്തരം ഉണ്ടായിരുന്നില്ല.
അവിടെ നിന്നുകൊണ്ട് സംസാരിക്കുന്ന അല്ലിക്ക് ആയുഷിന്റെ ഓരോ നോട്ടവും മനസ്സിൽ പതിയുന്നുണ്ടായിരുന്നു….
അവൾ അവനെ നോക്കുന്ന ഓരോ തവണയും അവളുടെ ദേഹം ആലില പോലെ വിറച്ചു.
അവന്റെ കണ്ണുകളിലേക്ക് നേരെ നോക്കാൻ പോലും കഴിയുന്നില്ല.
അവൾ സംസാരിക്കുന്നതിനിടയിൽ അവളുടെ കണ്ണുകൾ ഒരിക്കൽ അവന്റെ കണ്ണുകളുമായി കൂട്ടിമുട്ടി.
അവളുടെ വാക്ക് ഒരു നിമിഷം തെറ്റി….
റിഷി അവളെ നോക്കി.
“എന്താ?”
അല്ലി പെട്ടെന്ന് സ്വയം നിയന്ത്രിച്ചു.
“ഒന്നുമില്ല…”
ആയുഷിന്റെ ചുണ്ടിൽ അറിയാതെ ഒരു ചെറിയ പുഞ്ചിരി വിരിഞ്ഞു.
അവൻ അത് മറയ്ക്കാൻ ശ്രമിച്ചെങ്കിലും അവൻ ചിരിക്കുന്നത് അല്ലി വ്യക്തമായി കണ്ടിരുന്നു….
പ്രസന്റേഷൻ അവസാനിച്ചപ്പോൾ ക്ലാസ്സിൽ കൈയടി ഉയർന്നു.
ആയുഷ് എഴുന്നേറ്റു.
“വെരി ഗുഡ്. നിങ്ങൾ രണ്ടുപേരും നല്ല രീതിയിൽ ചെയ്തിട്ടുണ്ട്. പ്രത്യേകിച്ച് അലംകൃത… തുടക്കത്തിൽ കുറച്ച് നെർവസ് ആയിരുന്നെങ്കിലും പിന്നീട് നല്ല കോൺഫിഡൻസോടെ സംസാരിച്ചു. അത് ശ്രദ്ധേയമാണ്. റിഷി ഞാൻ വിചാരിച്ചതിലും നന്നായി ചെയ്യ്തു, ഒരു തപ്പൽ ഒന്നുമില്ലാതെ താൻ നന്നായി സംസാരിച്ചു… വെരി ഗുഡ്..”
അവന്റെ പ്രശംസ കേട്ടപ്പോൾ അല്ലിയുടെ മുഖത്ത് സന്തോഷം തെളിഞ്ഞു.
“താങ്ക് യു സാർ…” അവർ ഒന്നിച്ച് പറഞ്ഞു.
അല്ലിയുടെ ആ പുഞ്ചിരി കണ്ടപ്പോൾ ആയുഷിന്റെ മനസ്സിൽ വീണ്ടും എന്തോ ഉണർന്നു.
ആ ഒരു നിമിഷം ഇരു കണ്ണുകളും എന്തൊക്കെയോ പറയാതെ പറഞ്ഞു, അവർക്കിടയിൽ എന്തോ ഒന്ന് പതിയെ വളരുകയായിരുന്നു….. പേരിടാൻ കഴിയാത്ത ഒരു മനോഹര വികാരം….
……
ഉച്ചയായപ്പോൾ റിഷിയും അവന്റെ കൂട്ടുകാരും കാന്റീനിലേക്ക് പോകാൻ തയ്യാറായി.
“അല്ലി, നീയും വാ. എല്ലാവരും ഒരുമിച്ചാണ് കഴിക്കുന്നത്.”
അല്ലി ഒരു നിമിഷം മടിച്ചു.
അമ്മയുടെ വാക്കുകൾ ഓർമ്മയിൽ വന്നു.
“പ്രസന്റേഷൻ കഴിഞ്ഞാൽ റിഷിയുമായി അധികം അടുപ്പം വേണ്ട.”
അവൾ പതിയെ തലകുലുക്കി.
“നിങ്ങൾ പൊയ്ക്കോളൂ. എനിക്ക് ഇന്ന് ഇവിടെ തന്നെ ഇരുന്ന് കഴിച്ചാൽ മതി.”
റിഷി അവളെ നോക്കി.
“നീ എന്താ എല്ലായ്പ്പോഴും ഒറ്റയ്ക്ക് ഇരിക്കുന്നത്? കുറച്ചെങ്കിലും ഞങ്ങളോടൊപ്പം വന്നുകൂടെ?”
തുടരും…. 🧡




