18/04/2026

“ഈ ലോകത്ത് ഡിവോഴ്സ് ആയ പെണ്ണ് രണ്ടാമത് കെട്ടുന്നത് ആദ്യത്തെ സംഭവം ഒന്നുമല്ലല്ലോ…”

രചന – ഞാൻ ഗന്ധർവൻ

“ഈ ലോകത്ത് ഡിവോഴ്സ് ആയ പെണ്ണ് രണ്ടാമത് കെട്ടുന്നത് ആദ്യത്തെ സംഭവം ഒന്നുമല്ലല്ലോ…”

ബ്രോക്കർ മുഹ്‌സിനയെ നോക്കി പറഞ്ഞു. അവൾ തന്റെ മകളെ ചേർത്ത് പിടിച്ച് ഉപ്പയെ ദയനീയമായൊന്ന് നോക്കി

“അനക്ക് ഒരു കുട്ടി ഉള്ളതൊന്നും ചെക്കനോ ചെക്കന്റെ വീട്ടുകാർക്കോ പ്രശ്നല്ല. ഇന്ന് വൈകീട്ട് അവര് നിന്നെ കാണാൻ വരുന്നുണ്ട്. നീയീ കരഞ്ഞ് കലങ്ങിയ മുഖവും വെച്ചോണ്ട് അവരെ മുന്നിൽ പോയി നിക്കരുത്. കഴിഞ്ഞതൊക്കെ മറന്ന് ചിരിച്ച മുഖത്തോടെ നിക്ക്”

ഉപ്പ പറയുന്നത് കേട്ട് ഒന്നും മിണ്ടാതെ അവൾ റൂമിലേക്ക് പോയി. വാതിൽ അടച്ച് മെല്ലെ നടന്ന് കട്ടിലിൽ പോയിരുന്നു. നിറകണ്ണുകളോടെ അവളുടെ മനസ് കുറച്ച് വർഷം പിറകോട്ട് പോയി…

ഉച്ഛത്തിലുള്ള അലാറത്തിന്റെ ശബ്ദം കേട്ട് ഫൈസി ഞെട്ടി ഉണര്‍ന്നു, കട്ടിലില്‍ നിന്നും ചാടി എണീറ്റ് അവന്‍ കുളിമുറിയിലേക്ക് ഓടി, പല്ല് തേപ്പും, കുളിയും പെട്ടെന്ന് കഴിച്ച് അവന്‍ അടുക്കളയിലേക്ക് ഓടി.

” ഉമ്മാ, ചായ താ”

ഉമ്മ കൊണ്ടു വെച്ച ദോശയും, തേങ്ങാ ചമ്മന്തിനും വേഗത്തിൽ കഴിച്ച്, തന്റെ പോക്കറ്റില്‍ നിന്നും ബൈക്കിന്റെ ചാവിയെടുത്ത്, ബൈക്കിൽ കയറിയിരുന്ന് സ്റ്റാർട്ടാക്കി വേഗത്തില്‍ കുതിച്ചു.

പള്ളിയോട് തൊട്ട് നിൽക്കുന്ന ഒരു പാടം. ഒരു ഓട്ടോറിക്ഷക്ക് കഷ്ടിച്ച് പോകാവുന്ന വഴി, അവിടെ ഫൈസിയുടെ കൂട്ടുകാര്‍ കാത്ത് നിൽപുണ്ടായിരുന്നു. അവിടെയായിരുന്നു പ്രത്യേകിച്ച് പണിയൊന്നുമില്ലാത്ത ഫൈസിയും കൂട്ടുകാരും ഒത്തു കൂടിയിരുന്നത്. എന്നും ഈ സമയത്ത് ഫൈസി അവിടെ ഓടിയെത്തും. കാരണം മുഹ്സിന എന്നും ആ വഴിയാണ് കോളേജിൽ പോയിരുന്നത്.

ഒരു വൺ സൈഡ് പ്രണയമായിരുന്നു ഫൈസിയുടേത്. അവന്റെ അയൽവാസിയാണ് മുഹ്സിന. വളരെ ചെറുപ്പത്തിലെ ഒന്നിച്ച് കളിച്ച് വളർന്നവരാണ് അവര്‍, പത്താം ക്ലാസ്സില്‍ പഠിക്കുന്ന വരെ അവര്‍ നല്ല കൂട്ടായിരുന്നു. അവര്‍ ഒന്നിച്ചായിരുന്നു സ്കൂളില്‍ പോയിരുന്നത്, പഠിച്ചിരുന്നത്, കളിച്ചിരുന്നത് എല്ലാം. പക്ഷെ പത്താം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ഫൈസി തന്റെ മനസ്സിലുള്ള പ്രണയം അവളോട് ആദ്യമായി പറയുന്നത്. അന്ന് പിണങ്ങിയതാണ് അവള്‍. പിന്നെ അവനെ കാണുന്നതേ കലിപ്പാണ്. അതിനു ശേഷം മുഹ്‌സിനയുടെ മുഖത്ത് നോക്കാന്‍ ഫൈസിക്ക് ചെറിയ ചമ്മലായിരുന്നു. എന്നാലും അവള്‍ പോകുന്ന വഴികളിലൊക്കെ അവന്‍ ചുറ്റിപറ്റി നിക്കുമായിരുന്നു. പത്താം ക്ലാസ്സില്‍ പഠിക്കുക്കുന്ന സമയത്ത് തന്റെ പ്രണയം പറഞ്ഞതിന് ശേഷം പിന്നീട്‌ ഇതുവരെ അവന്‍ അവളോട് പ്രണയത്തെ കുറിച്ച് ഒരക്ഷരം പോലും മിണ്ടിയിട്ടില്ല, അതിന് കാരണം അന്ന് അവള്‍ പറഞ്ഞ തെറിയെ കുറിച്ച് ഓർത്തിട്ടായിരുന്നു.

ഒരിക്കല്‍ ഫൈസിയുടെ ആത്മാർത്ഥ സുഹൃത്ത് മുഹ്‌സിനയുടെ മനസ്സില്‍ കയറി പറ്റാനുള്ള ഒരു ഐഡിയ പറഞ്ഞു കൊടുത്തു

“ടാ ഫൈസീ, അവള് ഇപ്പോ ഇതുവഴി വരും. നീ നിന്റെ മുടിയൊക്കെ ഒന്ന് അലസമാക്കിയിട്ടേ, എന്നിട്ട് ആ മീശയൊന്ന് പിരിച്ച് വെക്ക്, മുഖത്ത് ഒരു പരുക്കന്‍ ഭാവം വരണം. അവളെ കണ്ടതും നീ പോക്കറ്റില്‍ നിന്നും ഒരു സിഗററ്റ് എടുത്ത് കത്തിച്ച് ആഞ്ഞുവലിക്കണം. അവളെ കണ്ട ഉടനെ അപ്രതീക്ഷിതമായി കണ്ടതുപോലെ മുഖത്ത് ഭാവമാറ്റം വരുത്തണം. എന്നിട്ട് നീ സിഗരറ്റ് വലിക്കുന്നത് അവള്‍ കണ്ടത് നിനക്ക് ഭയങ്കര വിഷമമായി എന്ന രീതിയില്‍ ആ സിഗററ്റ് വലിച്ചെറിയണം”

അപ്പോള്‍ ഫൈസിക്ക് ഒരു സംശയം

“എടാ, അതിന് എന്റെ പോക്കറ്റില്‍ സിഗററ്റ് ഇല്ലല്ലോ, നിനക്ക് അറിഞ്ഞൂടെ ഞാന്‍ വലിക്കില്ലാ എന്ന്”

കൂട്ടുകാരന്‍ ദേഷ്യത്തോടെ ഫൈസിയെ നോക്കി

“എടാ പുല്ലേ, ഞാന്‍ പറയുന്നത് ആദ്യം നീ മുഴുവനായി ഒന്ന് കേൾക്ക്, സിഗററ്റൊക്കെ ഞാന്‍ തരാം”

ഫൈസി തലയാട്ടി, കൂട്ടുകാരന്‍ തുടര്‍ന്നു

“ഒരു ദുശ്ശീലവുമില്ലാത്ത നീ സിഗററ്റ് വലിക്കുന്നത് കാണുമ്പോള്‍ എന്തായാലും അവള്‍ ഒന്ന് ഞെട്ടും, നിന്റെ ഈ മാറ്റത്തിന് കാരണം അവളാണല്ലോ എന്നോര്‍ത്ത് അവളുടെ മനസ്സ് പിടയും. അവള്‍ തന്റെ ഉണ്ട കണ്ണുകള്‍ കൊണ്ട് നിന്റെ കണ്ണിലേക്ക് നോക്കും. പിന്നെ നീ നോക്കിക്കോ അവള് നിന്നോട് ഇങ്ങോട്ട് വന്ന് പറയും ഐ ലവ് യൂ എന്ന്”

ഫൈസി സന്തോഷം കൊണ്ട് കൂട്ടുകാരനെ കെട്ടിപ്പിടിച്ചു, അപ്പോള്‍ കൂട്ടുകാരന്‍ കുറച്ച് ഗൗരവത്തോടെ പറഞ്ഞു

“പിന്നെ, അവള് ഇങ്ങോട്ട് വന്ന് ഐ ലവ് യൂ എന്ന് പറയുമ്പോള്‍ ചാടി കയറി അങ്ങ് സമ്മതിക്കാൻ നിക്കേണ്ട. നീ കുറേ അവളുടെ പിറകെ നടന്നതല്ലേ, കുറച്ച് അവളും നടക്കട്ടെ നിന്റെ പിറകെ”

താന്‍ ആരുടെ മുന്നിലും തല കുനിക്കരുത് എന്ന് കരുതുന്ന ഇങ്ങനെയൊരു കൂട്ടുകാരനെ കിട്ടിയതിൽ ഫൈസി അഭിമാനിച്ചു.

കുറച്ച് സമയം കഴിഞ്ഞപ്പോള്‍ മുഹ്സിന അതുവഴി വന്നു. അവളെ കണ്ടതും ഫൈസി കൂട്ടുകാരന്‍ പറഞ്ഞതുപോലെ ചെയ്തു. മുഹ്സിന അടുത്തെത്തിയപ്പോൾ ഫൈസി അപ്രതീക്ഷിതമായി അവളെ കണ്ടപ്പോൾ ഉള്ള ഞെട്ടൽ മുഖത്ത് കാണിച്ച് തന്റെ കയ്യിലുള്ള സിഗററ്റ് താഴേക്കിട്ടു. എന്നിട്ട് ദുഃഖ ഭാവത്തില്‍ തലതാഴ്ത്തി നിന്നു. അവള്‍ ഫൈസിയുടെ അടുത്തു കൂടെ നടന്നുപോയി. കൂട്ടുകാരന്‍ പറഞ്ഞതുപോലെ അവള്‍ തന്നെ തിരിഞ്ഞു നോക്കുന്നുണ്ടോ എന്ന് ഫൈസി ഇടങ്കണ്ണിട്ട് നോക്കി.

കുറച്ച് മുന്നോട്ട് നടന്ന അവള്‍ പെട്ടെന്ന് നിന്നു. ഫൈസിയുടെ ഹൃദയം വേഗത്തില്‍ ഇടിച്ചു. അവള്‍ അവനെ തിരിഞ്ഞു നോക്കി. മുഹ്‌സിനയുടെ ഉണ്ട കണ്ണുകള്‍ ഫൈസിയുടെ കണ്ണിലേക്ക് പതിഞ്ഞു. അവളുടെ ചുണ്ടുകള്‍ എന്തോ മന്ത്രിക്കുന്നുണ്ടായിരുന്നു. ഫൈസി അവളുടെ ചുണ്ടിലേക്ക് ശ്രദ്ധിച്ചു

“തെണ്ടി”

എന്നായിരുന്നു അവളുടെ ചുണ്ടുകള്‍ മന്ത്രിച്ചിരുന്നത്. അതും പറഞ്ഞ് അവള്‍ ദേഷ്യത്തോടെ നടന്നുപോയി. ഫൈസി തന്റെ കൂട്ടുകാരനെ ദയനീയമായി ഒന്നു നോക്കി. കൂട്ടുകാരന്‍ തിരിച്ച് ഫൈസിയേയും…

ആ സംഭവത്തിന് ശേഷം, കുറച്ച് ദിവസം ഫൈസി അവളുടെ മുന്നിലേക്ക് തന്നെ പോയില്ല. വീടിന്റെ ബാൽകണിയിൽ നിന്ന് കൊണ്ട് ഫൈസി അവളെ നോക്കാറുണ്ടായിരുന്നു, അപ്പോഴൊക്കെ അവള്‍ ഫൈസിയെ നോക്കി കണ്ണുരുട്ടി.

ഫൈസിയുടെ കൂട്ടുകാരന്റെ അനിയത്തിയും മുഹ്‌സിനയുടെ അടുത്ത സുഹൃത്തുമായ ഫാത്തിമയുടെ കല്യാണത്തിന്റെ തലേ ദിവസം ഫൈസിയും കൂട്ടുകാരും പാട്ടും ഡാന്‍സുമൊക്കെയായി എല്ലാവരേയും കയ്യിലെടുത്തു. അവരുടെ പെർഫോമൻസ് കാണുന്ന കാണികളുടെ കൂട്ടത്തില്‍ മുഹ്‌സിനയും ഉണ്ടായിരുന്നു. അവൾ തന്നെ ശ്രദ്ധിക്കുന്നുണ്ട് എന്ന് മനസിലാക്കിയ ഫൈസി തകർത്താടി. എല്ലാവരും കയ്യടിച്ച് അവരെ പ്രോത്സാഹിപ്പിച്ചു.

നല്ല രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ട് പോയി കൊണ്ടിരിക്കുമ്പോഴാണ് പെട്ടന്ന് അടിച്ചു പൂസായ ഫൈസിയുടെ ഒരു കൂട്ടുകാരന്‍ വാളുവെച്ചത്. അപ്പോള്‍ തന്നെ വേറെ രണ്ട് പേരും കൂടെ വാള് വെച്ചു. അതുവരെ കയ്യടിച്ചവർ അവരെ വഴക്കു പറയാന്‍ തുടങ്ങി. പരിപാടി ആകെ കുളമായി. ഒരു തുള്ളി പോലും മദ്യപിക്കാത്ത ഫൈസിയും പ്രതിസ്ഥാനത്തായി. മുഹ്സിന അവനെ തുറിച്ചു നോക്കി അവിടെ നിന്നും പോയി. അവൾ ദേഷ്യത്തോടെ പോകുന്നത് നിസ്സഹായനായി നോക്കി നിൽക്കാനേ ഫൈസിക്കായുള്ളൂ . ചെയ്യാത്ത കാര്യത്തിന് വീണ്ടും ഫൈസി അവളുടെ മുന്നില്‍ പ്രതിയായി.

അവളുടെ മുന്നില്‍ പോലും പോവാന്‍ പറ്റാത്ത അവസ്ഥയായി ഫൈസിക്ക്. എങ്ങനെ അവളുടെ മനസ്സില്‍ കയറി പറ്റാം എന്ന് ആലോചിച്ചു നിൽക്കുമ്പോഴാണ് കൂട്ടുകാരന്റെ ഫോണ്‍ വരുന്നത്

“ഫൈസീ, നീ അറിഞ്ഞില്ലേടാ നിന്റെ മുഹ്‌സിനയെ പെണ്ണ് കാണാന്‍ ഒരു കൂട്ടര് പോയിട്ടുണ്ട്. അവര്‍ എന്നോടാ അവളുടെ വീട്ടിലേക്കുള്ള വഴി ചോദിച്ചേ. കണ്ടിട്ട് നല്ല കൊമ്പത്തെ ടീമാണെന്നാ തോന്നുന്നേ”

ഫൈസി തിരിച്ച് ഒന്നും പറയാതെ ഫോണ്‍ കട്ട് ചെയ്തു. അവന്റെ മനസ്സ് പിടഞ്ഞു, കണ്ണുകള്‍ നിറഞ്ഞു. അവന്‍ മനസ്സ് കൊണ്ട് എന്നോ ഉറപ്പിച്ചതാണ് മുഹ്സിന തന്റെ പെണ്ണാണ് എന്ന്. അവളെ കുറിച്ച് ഓർക്കാതെ, കാണാതെ ഒരു ദിവസം പോലും തള്ളി നീക്കാൻ ഫൈസിക്ക് സാധിക്കില്ലായിരുന്നു. മുഹ്സിന തനിക്ക് സ്വന്തമാകും എന്ന് അവന് പ്രതീക്ഷ ഉണ്ടായിരുന്നു, പക്ഷെ കാര്യങ്ങള്‍ കൈവിട്ട് പോയികൊണ്ടിരിക്കുകയാണ്. അവള്‍ തനിക്ക് നഷ്ടമാകും എന്ന് ഫൈസി ഉറപ്പിച്ചു. അവന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി.

മരവിച്ച മനസ്സോടെ ഫൈസി ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് അതിവേഗത്തില്‍ എങ്ങോട്ടെന്നില്ലാതെ കുതിച്ചു. സങ്കടവും, ദേഷ്യവും എല്ലാം അവന്‍ ആക്സിലേറ്ററിൽ കാണിച്ചു. അവന്റെ മനസ്സിലൂടെ അവരുടെ കുട്ടിക്കാല ഓര്‍മകള്‍ ഓരോന്നായി കടന്നു പോയി. പെട്ടന്നായിരുന്നു അത് സംഭവിച്ചത്. ഒരു കാറുമായി ബൈക്ക് കൂട്ടിയിടിച്ചു. ഫൈസി ദൂരേക്ക് തെറിച്ചു വീണു, ബോധം നഷ്ടമായി.

ബോധം വന്നപ്പോള്‍ അവന്‍ വീട്ടിലായിരുന്നു. തലക്കും മുട്ടു കാലിനും പരിക്ക് പറ്റിയിട്ടുണ്ട്. ഡോക്ടര്‍ കുറച്ച് ദിവസം വിശ്രമം പറഞ്ഞിട്ടുണ്ട്. അവനെ കാണാന്‍ കൂട്ടുകാരും ബന്ധുക്കളും അയൽവാസികളും വന്നു. ആ കൂട്ടത്തില്‍ ഉമ്മയുടെ കൂടെ മുഹ്സിനയും വന്നു. അവൾ വന്ന സമയത്ത് ഫൈസിയുടെ ഉപ്പ അവനെ വഴക്ക് പറഞ്ഞിട്ട് ബൈക്കിന്റെ ചക്രങ്ങൾ ഊരി മാറ്റുകയായിരുന്നു. മുഹ്‌സിനയുടെ ഉമ്മ ഫൈസിയുടെ മുറിയില്‍ കയറി കുറച്ചു സമയം നിന്നിട്ട് അവന്റെ ഉമ്മയുടെ അടുത്തേക്ക് പോയി. മുഹ്സിന അവന്റെ മുറിയില്‍ തന്നെ നിന്നു. ഫൈസി അവളോട് ഒന്നും മിണ്ടാതെ തല താഴ്ത്തി കിടന്നു. കുറച്ച് സമയം കഴിഞ്ഞ് മുഹ്സിന അവനെ നോക്കി

“എന്താ, എന്നോടൊന്നും മിണ്ടാത്തെ”

ഫൈസി അത്ഭുതത്തോടെ അവളെ നോക്കി. കാരണം വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മുഹ്സിന അവനോട് സംസാരിക്കുന്നത്. അവളുടെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നത് ഫൈസി ശ്രദ്ധിച്ചു. അവന്‍ എന്തോ പറയാനൊരുങ്ങിയപ്പോൾ മുഹ്സിന തടഞ്ഞു

“വേണ്ട , ഒന്നും പറയേണ്ട. ആ കൂട്ടര് വന്നത് എന്നെ പെണ്ണ് കാണാനൊന്നും അല്ല. ബാംഗ്ലൂരിൽ ഉള്ള മാമന്റെ മോളെ കാണാനാ അവർ വന്നേ. അവള്‍ വന്നിട്ടുണ്ട് വീട്ടിലേക്ക്, ചെറുക്കന്റെ വീട്ടുകാർക്ക് സൗകര്യം നാട്ടിലാണ് എന്ന് പറഞ്ഞോണ്ട് അത് എന്റെ വീട്ടില്‍ വെച്ചാക്കി അത്രേ ഒള്ളൂ.”

ഒന്ന് നിറുത്തിയിട്ട് അവൾ തുടര്‍ന്നു

“എടാ മണ്ടൂസേ, ഒരുപാട് പയ്യൻമാർ എന്റെ പിറകെ നടന്നിട്ടും ഞാന്‍ ആരേയും പ്രേമിക്കാത്തത് എന്തുകൊണ്ടാണ് എന്ന് നിനക്കറിയോ…? കോളേജിൽ പോവാന്‍ വേറെയും വഴികൾ ഉണ്ടായിട്ടും നീ ഇരിക്കുന്ന വഴിയേ മാത്രം ഞാന്‍ എന്തിനാ വരുന്നേ എന്ന് നിനക്കറിയോ…? അറിയില്ല… കാരണം നീ ശരിക്കും മണ്ടൂസാണ്. പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ കാണിച്ച ധൈര്യം ഈ പോത്ത് പോലെ വളർന്നിട്ടും നിനക്ക് ഇല്ലാതായി പോയല്ലോടാ പോത്തേ. എത്ര കാലായീന്നറിയോ ആ വായിൽ നിന്നും എന്നെ ഇഷ്ടാണ് എന്ന് പറയുന്നത് കേൾക്കാൻ കാത്തിരിക്കുന്നു. ഇനി നീ പറയും എന്ന് തോന്നുന്നില്ല, ഞാന്‍ തന്നെ പറയാം.”

ഫൈസി അവളുടെ കണ്ണിലേക്ക് നോക്കി

“എന്നാ പറ എന്നോട്, ഇഷ്ടാണ് എന്ന്”

മുഹ്സിന ഫൈസിയെ ദയനീയമായി ഒന്നു നോക്കി

“മണ്ടൂസേ, ഇതില്‍ കൂടുതല്‍ ഞാന്‍ ഇനി എന്ത് പറയാനാ”

ആരോ വാതിലിൽ തട്ടുന്ന ശബ്ദം കേട്ടപ്പോൾ മുഹ്സിന തന്റെ ഓർമ്മകളിൽ നിന്നും ഞെട്ടി ഉണർന്നു…

തന്റെ ഫോണിലെ ഗാലറിയിൽ ഉള്ള ഫൈസിയും ഒന്നിച്ചുള്ള കല്യാണ ഫോട്ടോ നോക്കി അവൾ തന്റെ കണ്ണിൽ നിന്നും ഒലിച്ചിറങ്ങുന്ന കണ്ണീർ തുള്ളികൾ ഷാളുകൊണ്ട് തുടച്ചുമാറ്റി വാതിൽ തുറന്നു…