13/06/2026

ഫോസ്റ്റർ കെയർ തേടുന്ന കുട്ടികൾ
ഞാനും സ്റ്റീഫനും കിച്ചണിൽ കുക്കിങ്ങിൽ ആയിരുന്നപ്പോഴാണ് ഡോർബെൽ കേട്ടത്. ഞാൻ നോക്കിയിട്ട് വരാമെന്ന് പറഞ്ഞു സ്റ്റീഫൻ പോയപ്പോൾ ഞാൻ ജോലി തുടർന്നു. സാറ്റർഡേയും സൺഡേയും മാത്രമേ ഇപ്പോൾ ലീവുള്ളൂ. അതുകൊണ്ട് ഒരാഴ്ചത്തേക്കുള്ളത് ഞാനും സ്റ്റീഫനും കൂടെയാണ് ഉണ്ടാക്കിവെക്കാറുള്ളത്. ഞാൻ കുട്ടികളുടെ മെന്റൽ ഹെൽത്ത്‌ ക്രൈസിസ് മാനേജ്മെന്റ് ടീമിലാണ് ജോലി ചെയ്യുന്നത്. സ്റ്റീഫൻ ഹോസ്പിറ്റലിൽ എച്ആർ ടീമിലും. ഇവിടെ യുകെയിൽ സെറ്റിൽ ആയിട്ട് ഇപ്പോൾ പത്തുവർഷത്തോളമായി.

” ജീനാ, അത് ആ ഏബിളച്ചൻ പറഞ്ഞ ടീമാണ്. ഞാൻ അവരെ ലിവിങ് റൂമിലിരുത്തിയിട്ടുണ്ട്. താൻ അങ്ങോട്ട് ചെല്ല്. ഞാൻ ഇത് തീർത്തോളാം.”

അതും പറഞ്ഞു സ്റ്റീഫൻ എന്റെ കയ്യിൽ നിന്ന് അറിഞ്ഞുകൊണ്ടിരുന്ന പച്ചക്കറി വാങ്ങിയപ്പോൾ ഞാൻ കയ്യും കഴുകി ലിവിങ് റൂമിലേക്ക് നടന്നു. നാൽപതിനു മുകളിൽ പ്രായം തോന്നിക്കുന്ന ഒരു സ്ത്രീയും പുരുഷനും പിന്നെ ഓമനത്തം തുളുമ്പുന്ന രണ്ടു കുഞ്ഞുങ്ങളും. പെൺകുട്ടിക്ക് പതിനാലും ആൺകുട്ടിക്ക് പന്ത്രണ്ടും ഉണ്ടെന്നാണ് അച്ചൻ പറഞ്ഞിരുന്നു. ഞാൻ അവരെ മൊത്തത്തിൽ ഒന്ന് നോക്കി. കുട്ടികൾ നന്നായി ഡ്രസ്സ്‌ ചെയ്തിട്ടുണ്ട്. ഭാര്യാഭർത്താക്കന്മാരും കണ്ടാൽ അത്യാവശ്യം പ്രൗഡിയുള്ള ആളുകൾ. പക്ഷെ, ഉറങ്ങിയിട്ട് രണ്ടുദിവസം ആയെന്ന് മുഖം വിളിച്ചു പറയുന്നുണ്ട്.

അടുത്തുള്ള യാക്കോബായ പള്ളിയിലെ അച്ചനാണ് ഫാദർ ഏബിൾ. അദ്ദേഹത്തിന്റെ വൈഫ് സ്റ്റീഫന്റെ കൂടെയാണ് ജോലി ചെയ്യുന്നത്. അങ്ങനെ അദ്ദേഹവുമായി നല്ലൊരു അടുപ്പമുണ്ട്. അദ്ദേഹത്തോട് നോ പറയാൻ പറ്റില്ലാത്തത് കൊണ്ടു മാത്രമാണ് ഈ കുടുംബത്തെ കാണാനും സംസാരിക്കാനും ഞാൻ സമ്മതിച്ചത്. ഒരു കൗൺസിലിംഗ് ആണ് ആവശ്യം. തികച്ചും അൺഒഫീഷ്യൽ. പരിചയമില്ലാത്ത ഒരാൾ ആവുമ്പോൾ ഒട്ടും ജഡ്ജ്മെന്റൽ അല്ലാത്ത അപ്രോച്ച് ആയിരിക്കുമല്ലോ എന്ന് പറഞ്ഞാണ് അദ്ദേഹം അവരോട് എന്നെ സജസ്റ്റ് ചെയ്തത്. സംഗതി സേഫ്ഗാർഡിങ് ആണ്. കുട്ടികൾ സ്കൂളിൽ പോയി പേരെന്റ്സിനെതിരെ എന്തൊക്കെയോ കംപ്ലയിന്റ് പറഞ്ഞിരിക്കുന്നു. ഇവിടെ കുട്ടികളുടെ സേഫ്റ്റി വലിയൊരു പ്രശ്നമാണ്. കുട്ടികൾ ആരൊടെങ്കിലും എന്തെങ്കിലും കംപ്ലയിന്റ് പറഞ്ഞാൽ അതിനെപ്പറ്റി ഉടനടി അന്വേഷണം ഉണ്ടാവും. അന്വേഷണത്തിൽ എന്തെങ്കിലും തൃപ്തിക്കുറവ് തോന്നിയാലോ കുട്ടികൾ പരാതിയിൽ തന്നെ ഉറച്ചു നിൽക്കുകയാണെങ്കിലോ കുട്ടികളെ സോഷ്യൽ സർവീസ് ഏറ്റെടുക്കുക വരെ ചെയ്തേക്കാം. ഈ കേസിൽ പ്രാഥമിക അന്വേഷണത്തിൽ പരാതിയിൽ കഴമ്പില്ലെന്ന് തോന്നിയതിനാൽ മാതാപിതാക്കളെ വാണിംഗ് കൊടുത്തു വിടുകയാണുണ്ടായത്. പക്ഷെ, ഇനിയൊരു കംപ്ലയിന്റ് വന്നാൽ അവർ തീർച്ചയായും ആക്ഷൻ എടുക്കും. ആ സാഹചര്യത്തിൽ ആ കുട്ടികളോടൊന്ന് സംസാരിക്കണമെന്ന ആവശ്യവുമായാണ് അവർ വന്നിരിക്കുന്നത്.

എല്ലാവരോടുമായി സംസാരിച്ചു തുടങ്ങി. അവരുടെ പേര് ജിജോ, അന്ന. കുട്ടികൾ റൈനയും റെന്നും. യുകെയിൽ വന്നിട്ട് മൂന്ന് വർഷം ആകുന്നതേയുള്ളൂ. ഗൾഫിൽ കുഴപ്പമില്ലാത്ത ജോലിയുണ്ടായിരുന്നു. കുട്ടികളെ കൊണ്ട് സെറ്റിൽ ആവണം എന്ന ആഗ്രഹം കൊണ്ടാണ് കഷ്ടപ്പെട്ട് ഈ പ്രായത്തിലും ഇങ്ങോട്ട് പറിച്ചു നടേണ്ടി വന്നത് എന്നൊക്കെ ആ ചേട്ടൻ പറഞ്ഞു. കുട്ടികൾ അന്നൊക്കെ ഗ്രാൻഡ് പേരെന്റ്സ്ന്റെ കൂടെ നാട്ടിൽ ആയിരുന്നു. അവിടെ അക്കൗണ്ടന്റ് ആയിരുന്ന അദ്ദേഹം ഇവിടെ ഏതോ കെയർ ഹോമിൽ കിച്ചൺ അസിസ്റ്റന്റ് ആയാണ് ജോലിചെയ്യുന്നത്. കുട്ടികളുടെ അമ്മയാണെങ്കിൽ ഹോസ്പിറ്റലിൽ ഏറ്റവും തിരക്ക് പിടിച്ച വാർഡിലാണ് ജോലി. വരവിന്റെ കാരണം മനസ്സിലായത് കൊണ്ടാവണം കുട്ടികളുടെ മുഖം മുറുകിയിരിക്കുന്നു.

” ശരി. ഞാൻ എങ്കിൽ ഈ മക്കളോടൊന്ന് സംസാരിക്കട്ടെ? നമുക്കൊന്ന് മാറിയിരുന്നു സംസാരിച്ചാലോ? ”

ഞാൻ അവരോട് എല്ലാവരോടുമായി ചോദിച്ചു. കുട്ടികൾ സമ്മതമാണെന്ന് തലയാട്ടി. ഞാൻ അവരെക്കൊണ്ട് ഓഫീസ് റൂമിലേക്ക് കയറി. അതിനിടയിൽ സ്റ്റീഫൻ ആ ചേട്ടനും ചേച്ചിക്കും ചായ കൊണ്ടുകൊടുക്കുന്നുണ്ടായിരുന്നു.

ഓഫീസ് റൂമിൽ കയറി വാതിലടച്ചപ്പോഴും കുട്ടികളുടെ മുഖത്തെ സംശയഭാവം കണ്ട്, അവരെ എന്റെ പക്ഷത്താക്കുന്നതാണ് ഏറ്റവും വലിയ ടാസ്ക് എന്ന് എനിക്ക് മനസ്സിലായി. അവരെപ്പറ്റിയും ഫ്രണ്ട്സിനെപ്പറ്റിയും അവരുടെ ഹോബിയുമൊക്കെ ചോദിച്ചു ഞാൻ അവരോട് അടുത്തു.

” ഞാൻ എന്തെങ്കിലും ഒഫീഷ്യൽ ആളൊന്നുമല്ല. കുട്ടികളുടെ ഡിപ്പാർട്മെന്റിൽ ജോലി ചെയ്യുന്ന ഒരാൾ എന്നനിലയിൽ ഏബിൾ അച്ചൻ പറഞ്ഞതുകൊണ്ടാണ് കാണാമെന്നു പറഞ്ഞത്. നിങ്ങൾ വീട്ടിൽ എന്തൊക്കെയോ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട് എന്ന് എനിക്ക് മനസ്സിലായി. നിങ്ങളെ ഏറ്റവും അധികം സഹായിക്കാൻ കഴിവുള്ള ഒരാൾ ആണ് ഞാൻ എന്നാണ് ഞാൻ വിചാരിക്കുന്നത്. പക്ഷെ, എല്ലാ കാര്യവും വ്യക്തമായി നിങ്ങൾ എന്നോട് പറയണം. ഓക്കെ? ”

ശത്രുവല്ല എന്ന് തോന്നിയത് കൊണ്ടാവണം അവരുടെ മുഖത്തൊരു തെളിച്ചം വീണു.

” ആന്റി, ഞങ്ങൾ വീട്ടിൽ ഒത്തിരി സ്‌ട്രെസ്സ്ഡ് ആണ്. പപ്പയും മമ്മിയും ഞങ്ങളെ വല്ലാതെ ഹരാസ്സ് ചെയ്യുന്നു. വഴക്ക് പറയും, ചിലപ്പോൾ അടിയ്ക്കും. വീട്ടിലെ പകുതി ജോലിയും ഞങ്ങളാണ് ചെയ്യുന്നത്. എന്നിട്ടും അത് ചെയ്തില്ല, ഇത് ചെയ്തില്ല എന്ന് കംപ്ലൈൻ ചെയ്യും. പിന്നെ, എല്ലാത്തിനും കണ്ട്രോൾ ആണ്. ടീവി കാണാൻ പാടില്ല, ഫോൺ ഉപയോഗിക്കാൻ പാടില്ല. അവർ തമ്മിലുള്ള വഴക്കുകൾ വേറെയും. മൊത്തത്തിൽ ഞങ്ങൾ മടുത്തു. ”

റൈനയാണ് തുടങ്ങിയത്. ഞാൻ കേട്ടിരുന്നതേയുള്ളൂ. അവന്റേതായ പരാതികൾ റെന്നും പറഞ്ഞു. അവന്റെ ഫ്രണ്ട്സൊക്കെ എന്ത് ഹാപ്പി ആണെന്നറിയാമോ. പിന്നെ അവരുടെ സ്കൂളിൽ ഫോസ്റ്റർ കെയറിൽ നിന്ന് വരുന്ന കുട്ടികളുണ്ട്. അവർ പറഞ്ഞത്രേ, അവിടെ ഭയങ്കര സുഖമാണ്.. ഒന്നും ചെയ്യാൻ നിർബന്ധിക്കില്ല, എത്ര വേണമെങ്കിലും ടീവി കാണാം, ഫോൺ ഉപയോഗിക്കാം, അവർക്ക് സ്വന്തമായി ഫോൺ, പ്ലേ സ്റ്റേഷൻ എല്ലാമുണ്ടത്രേ.

അപ്പോൾ അതാണ്‌ സംഭവം. ഇതിപ്പോൾ എവിടെനിന്ന് തുടങ്ങണം എന്നോർത്ത് ഞാൻ കൺഫ്യൂഷനായി.

” നിങ്ങൾ പറഞ്ഞതൊക്കെ ന്യായമായ കാര്യം തന്നെയാണ്. അതിപ്പോൾ ഞാനാണെങ്കിലും ഇങ്ങനെയൊക്കെയേ ചിന്തിക്കുകയുള്ളൂ. നിങ്ങളുടെ ഭാഗത്ത് തെറ്റുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ”

ഇത്രയും പറഞ്ഞിട്ട് ഞാൻ അവരുടെ മുഖത്തേക്ക് പാളി നോക്കി. ഒരു വിജയിയുടെ ഭാവത്തിൽ രണ്ടുപേരും പരസ്പരം നോക്കുന്നുണ്ടായിരുന്നു.

” നാട്ടിൽ നിങ്ങൾ ഗ്രാൻഡ് പേരെന്റ്സിന്റെ കൂടെ ആയിരുന്നല്ലേ? അവിടെ എങ്ങനെ ആയിരുന്നു? ”

“അവിടെ അതിലും കഷ്ടം ആയിരുന്നു. പക്ഷെ, കളിക്കാൻ ഒക്കെ കസിൻസ് എല്ലാം ഉണ്ടായിരുന്നു. ഇവിടെ വന്നപ്പോഴല്ലേ ഞങ്ങൾ ഞങ്ങളുടെ റൈറ്റ്സ് ഒക്കെ തിരിച്ചറിഞ്ഞത്? ”

റൈന ആത്മവിശ്വാസത്തോടെയാണ് പറഞ്ഞത്. അവിടെ എനിക്കൊരു പിടിവള്ളി കിട്ടി.

” ശരിയാണ്. ഈ രാജ്യത്ത് ചൈൽഡ് സേഫ്റ്റിക്കും റൈറ്റ്സിനും ഒക്കെ വലിയ ഇമ്പോർട്ടൻസ് ഉണ്ട്. കാരണം, ഇവിടെ ഒത്തിരി കഷ്ടപ്പെടുന്ന കുഞ്ഞുങ്ങൾ ഉണ്ടായിരുന്നു. മാതാപിതാക്കൾ ഉണ്ടായിട്ടും അനാഥരെപ്പോലെ ജീവിക്കുന്ന, അച്ഛന്റെയും അമ്മയുടെയും രണ്ടാമത്തെയോ മൂന്നാമത്തെയോ പാർട്ണറിൽ നിന്നും ക്രൂരത അനുഭവിക്കേണ്ടി വരുന്ന, അവരുടെ പ്രാഥമിക ആവശ്യങ്ങളായ ഭക്ഷണം, വസ്ത്രം, സേഫ് ആയ താമസസ്ഥലം എല്ലാം നിഷേധിക്കപ്പെട്ടിരുന്ന, ജീവന് പോലും ഭീഷണി ഉണ്ടായിരുന്ന കുറച്ചു കുഞ്ഞുങ്ങളുടെ ഗതികേട് കണ്ടതിൽ നിന്നും ഗവണ്മെന്റ് തുടങ്ങിയതാണ് ഈ സോഷ്യൽ സർവീസ്, ചൈൽഡ് പ്രൊട്ടക്ഷൻ പ്ലാൻ, ഫോസ്റ്റർ കെയറിങ് എല്ലാം. ഇതിനെല്ലാം വേണ്ടി നല്ലൊരു എമൗണ്ടും ഗവണ്മെന്റ് ചിലവഴിക്കുന്നുണ്ട്. അതിന്റെ ഒക്കെ ഫലമായി ഇവിടെ കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ കുറഞ്ഞു വരുന്നുണ്ട്. ”

ഒന്ന് നിർത്തി ഞാൻ തുടർന്നു.

” ഈ ഫോസ്റ്റർ കെയറിലെ സുഖജീവിതത്തെക്കുറിച്ച് പറഞ്ഞ സുഹൃത്തിനോട് അവന്റെ കഴിഞ്ഞ ജീവിതത്തേക്കുറിച്ച് റെൻ ചോദിച്ചിട്ടുണ്ടോ? ഞാനീ പറഞ്ഞ ഏതെങ്കിലും സാഹചര്യത്തിൽ കൂടെ കടന്നു പോയിട്ടുണ്ടാവും ആ പാവവും. ”

റെൻ അമ്പരപ്പോടെ എന്റെ മുഖത്തേക്ക് നോക്കി.

” നിങ്ങളുടെ അപ്പയും അമ്മയും ഈ പ്രായത്തിൽ ഈ രാജ്യത്ത് വന്നു രാവും പകലും കഷ്ടപ്പെടുന്നത് എന്തിനാണെന്നറിയാമോ? നിങ്ങൾക്ക് ഏറ്റവും നല്ല ജീവിതം ഉണ്ടാക്കിത്തരാനാ. ഏറ്റവും നല്ല വിദ്യാഭ്യാസം, ഏറ്റവും നല്ല വസ്ത്രം, ഏറ്റവും നല്ല വീട്, കാർ അങ്ങനെ എല്ലാം. അതിനിടയിൽ അവർ എത്രമാത്രം വിശ്രമിക്കുന്നുണ്ട് എന്ന് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? പന്ത്രണ്ട് മണിക്കൂർ ഒരേ നിൽപ്പിലും നടപ്പിലും ഷിഫ്റ്റ്‌ ചെയ്യുന്നവരുടെ വേദനകളും ബുദ്ധിമുട്ടുകളും അവർ നിങ്ങളോട് പറയാറുണ്ടോ? നിങ്ങളെ നോക്കാൻ വേണ്ടി മാറി മാറി ഷിഫ്റ്റ്‌ എടുക്കുമ്പോൾ അവരൊന്നിച്ചു എത്ര സമയം പങ്കിടുന്നുണ്ട് എന്ന് നിങ്ങൾ ശ്രദ്ധിക്കാറുണ്ടോ? ഉണ്ടായിരിക്കില്ല, ഉണ്ടെങ്കിൽ വീട്ടുജോലികളിലെ ചെറിയ സഹായങ്ങൾ നിങ്ങൾക്ക് ഒരു ഭാരമായി തോന്നില്ലായിരുന്നു. ”

” ആന്റി, ഞങ്ങൾ… ”

റൈന വിക്കി. ഞാൻ പുഞ്ചിരിയോടെ തുടർന്നു.

” ഞാൻ നിങ്ങളെ കുറ്റപ്പെടുത്തുകയല്ല കേട്ടോ. ശരിയാണ്. അവരുടെ ജോലിയിലെ പ്രഷറും ടെൻഷനുമൊക്കെ അവർ നിങ്ങളിൽ ദേഷ്യമായി കാണിക്കുന്നത് തെറ്റ് തന്നെയാണ്. പക്ഷെ, അവരീ സ്‌ട്രെസ്‌ എല്ലാം ഉപേക്ഷിച്ചു നാട്ടിൽ തിരിച്ചു പോകാത്തത് നിങ്ങൾക്ക് കൂടി വേണ്ടിയാകുമ്പോൾ നിങ്ങൾക്ക് അവരോട് അല്പം കൂടെ ക്ഷമിച്ചു കൂടെ?

ലോകം മാറുകയല്ലേ? അർഹതയുള്ളവർ മാത്രം അതിജീവിക്കുന്ന ഈ കാലഘട്ടത്തിൽ, സ്വന്തം മക്കൾ ഏറ്റവും ബെസ്റ്റ് ആവണമെന്ന് അപ്പയും അമ്മയും ആഗ്രഹിച്ചാൽ അതിൽ തെറ്റുണ്ടെന്ന് പറയാൻ പറ്റുമോ? നിങ്ങൾ ഹൈസ്കൂളിൽ അല്ലെ? അവിടെയാരും നിങ്ങളെ പഠിക്കാൻ നിർബന്ധിക്കില്ല, പ്രത്യേക പരിഗണന തന്നു ഉയർത്തിക്കൊണ്ട് വരില്ല. കഴിവുള്ളവർ കയറിവരും. അമിതമായ ഫോൺ ഉപയോഗവും ടീവി കാണലും നിങ്ങളെ വൺ ഓഫ് ദി ബെസ്റ്റ് ആക്കുന്നതിൽ തടസ്സമാണെന്ന് പേടിയുള്ള ഏത് മാതാപിതാക്കളും ചെയ്യുന്നതല്ലേ അവരും ചെയ്യുന്നുള്ളൂ. ”

കുട്ടികളുടെ മുഖം വിളറി വെളുത്തു.

” ഫോസ്റ്റർ കെയറിങ് ഒരു ജോലി കൂടെയാണ്. അതുചെയ്യുന്ന ഭൂരിഭാഗം പേരും അവരുടെ കുടുംബം പുലർത്താനുള്ള വരുമാനമാർഗം ആയാണ് ഇതിനെ കാണുന്നത്. അവർക്ക് ഈ കുട്ടികളെ പതിനെട്ടു വയസ്സുവരെ സേഫ് ആയി വളർത്തണം എന്ന ഉത്തരവാദിത്തം മാത്രമേ ഉള്ളൂ. അവർ നന്നായി പഠിക്കുന്നുണ്ടോ, നല്ലൊരു ഭാവി അവർക്ക് ഉണ്ടാകുന്നുണ്ടോ, മറ്റേതെങ്കിലും ചതിക്കുഴിയിൽ ചെന്നു ചാടുമോ എന്നൊന്നും അവരുടെ കൺസെൺസ് അല്ല.

ഏറ്റവും ആത്മാർത്ഥമായി കുട്ടികളെ നോക്കുന്നവർ ഇല്ലെന്നല്ല, വളരെ ചുരുക്കം പേരെ അങ്ങനെ ഉണ്ടാവൂ. പിന്നെ, പേരെന്റ്സ് നേ ഉപേക്ഷിച്ചു പോകണമെന്ന് നിങ്ങൾ തീരുമാനിക്കുമ്പോൾ നിങ്ങൾക്ക് നഷ്ടപ്പെടുന്നത് നിങ്ങളുടെ ഗ്രാൻഡ് പേരെന്റ്സ്, റിലേറ്റീവ്സ്, കസിൻസ് എന്നിവരെകൂടിയാണ്. ”

ഞാൻ ഒരുനിമിഷം നിർത്തി, അവരെ ശ്രദ്ധിച്ചു. ആൺകുട്ടി പെൺകുട്ടിയുടെ കയ്യിൽ ഇറുക്കിപ്പിടിച്ചിട്ടുണ്ട്. കണ്ണുകൾ നിറഞ്ഞു തുടങ്ങിയിട്ടുണ്ട്. എന്റെ വാക്കുകൾ അവരുടെ ഹൃദയത്തിൽ കൊള്ളുന്നുണ്ട് എന്നത് എനിക്ക് പ്രതീക്ഷ നൽകി.

“അപ്പനെയുമമ്മയെയും ഉപേക്ഷിച്ചു ചെല്ലുമ്പോൾ കുറച്ചു ഫ്രീഡം ഒക്കെ കിട്ടുന്നുണ്ടെന്ന് തോന്നും. പക്ഷെ, കുറച്ചു കഴിയുമ്പോൾ നമ്മളെ സ്നേഹിക്കാനും നമ്മളെ കേൾക്കാനും ആരുമില്ലെന്ന് തോന്നിയേക്കാം, മദ്യത്തിലും മയക്കുമരുന്നിലും ആശ്രയം കണ്ടെത്താമെന്നു കരുതിയേക്കാം, ഒടുവിൽ ഇങ്ങനെയൊരു ജീവിതം എന്തിന്, ഇതങ്ങു അവസാനിപ്പിച്ചേക്കാം എന്നുവരെ തോന്നിയേക്കാം. അങ്ങനെയൊരു അവസ്ഥയിലൂടെ കടന്നു പോകുന്ന അനേകം കുട്ടികളെ ദിവസേന കാണുന്നവരാണ് ഞങ്ങൾ. ”

” നിങ്ങൾക്കൊരു പനി വരുമ്പോൾ ഉറക്കമൊഴിച്ചു കൂടെയിരിക്കാനും കാലിൽ ഒരു മുള്ളുകൊണ്ട് പോലും നിങ്ങൾ കരഞ്ഞാൽ കൂടെ കരയാനും നിങ്ങൾക്കെന്തെങ്കിലും അപകടം സംഭവിച്ചാൽ സ്വന്തം ജീവൻ കൊടുത്ത് നിങ്ങളെ സംരക്ഷിക്കാനും ഫോസ്റ്റർ പേരെന്റ്സ് ഉണ്ടാവില്ല, അതിന് നിങ്ങൾക്ക് ജന്മം തന്ന നിങ്ങളുടെ സ്വന്തം അപ്പനുമമ്മയ്ക്കും മാത്രമേ കഴിയൂ…..പോട്ടെ, അതൊക്കെ ഇവിടെ പറഞ്ഞിട്ട് എന്തുകാര്യം അല്ലെ? എങ്കിൽ ഞാൻ നിങ്ങളെ സോഷ്യൽ സെർവിസിനു റെഫർ ചെയ്തോട്ടെ? ”

ഞാൻ പറഞ്ഞു നിർത്തിയതും അവർ രണ്ടുപേരും കൂടെ പൊട്ടിക്കരയുകയായിരുന്നു. എന്നോട് ഒരുവാക്കുപോലും മിണ്ടാതെ അവർ ഡോർ തുറന്നു പുറത്തേക്കോടുന്നതും അപ്പയെയും അമ്മയെയും കെട്ടിപ്പിടിച്ചു കരയുന്നതും ഞാൻ നിറഞ്ഞ കണ്ണുകളോടെ നോക്കി നിന്നു. കുറച്ചു സമയം കഴിഞ്ഞപ്പോൾ അവരൊന്നു സമാധാനപ്പെട്ടു കഴിഞ്ഞപ്പോൾ, ഞാൻ ജിജോച്ചേട്ടനെയും അന്നചേച്ചിയെയും അകത്തേക്ക് വിളിച്ചു. ഇതിനിടയിൽ സ്റ്റീഫൻ അകത്തു പോയി ഇവരുടെ സമപ്രായക്കാരായ ഞങ്ങളുടെ മക്കളെ വിളിച്ചു കൊണ്ടുവന്നു, ഇവരെ പരിചയപ്പെടുത്തി. അവർ ഒന്നിച്ചു ടീവി കാണുകയോ സംസാരിക്കുകയോ ഒക്കെ ചെയ്യുന്നുണ്ടായിരുന്നു.

” ഞങ്ങടെ മക്കൾക്ക് തെറ്റെല്ലാം മനസ്സിലായി. ഇനി നല്ല കുട്ടികൾ ആയിരിക്കും എന്നാണ് പറയുന്നത്. താങ്ക്യൂ ജീനാ, താങ്ക്യൂ സോമച്ച്.. ”

അവർ ഭയങ്കര ആശ്വാസത്തിലായിരുന്നു.

” അവർ വളരെ നല്ല കുട്ടികൾ ആണ്. അതുകൊണ്ടാണ് ഞാൻ പറഞ്ഞത് അവർക്ക് മനസ്സിലായത്. പിന്നെ, എനിക്ക് നിങ്ങളോടും കുറച്ചു കാര്യങ്ങൾ ഓർമ്മിപ്പിക്കാനുണ്ട്. ഇത് ഇന്ത്യയല്ല. ഇവിടുത്തെ നിയമങ്ങളും സാഹചര്യങ്ങളും വേറെയാണ്. ഇവിടുത്തുകാരിലും നല്ല രീതിയിൽ ജീവിക്കുന്ന ഫാമിലികളുമുണ്ട്. അവരൊന്നും നമ്മളെപ്പോലെ അടിച്ചും ബഹളം വെച്ചുമല്ല കുട്ടികളെ അനുസരിപ്പിക്കുന്നത്. ശരിയാണ്, നമ്മളെയൊക്കെ അങ്ങനെ തന്നെയാണ് വളർത്തിയത്. പക്ഷെ, കാലം മാറിയില്ലേ? ഒന്നിനോടും നോ പറയാതെയും പരാജയങ്ങളും ജീവിതത്തിന്റെ ഭാഗമാണെന്ന് പഠിപ്പിക്കാതെയും കുട്ടികളെ വളർത്തിയത് നമ്മൾ തന്നെയല്ലേ? പിന്നെ, നമ്മുടെ ജോലിയുടെ ടെൻഷൻ, സാമ്പത്തിക പിരിമുറുക്കം, സ്ത്രീകൾക്കാണെങ്കിൽ പെരിമെനോപോസിന്റെ ഇമോഷണൽ ഡിസ്റ്റർബൻസസ്, ഇതെല്ലാം ചേർന്ന് പലപ്പോഴും പൊട്ടിത്തെറിച്ചു പോകുന്നതാണ്. പക്ഷെ, അതിനിടയിൽ പെട്ടുപോകുന്ന കുട്ടികളുടെ മാനസികാവസ്ഥ കൂടെ നമ്മൾ മനസ്സിലാക്കണം. എന്റെ വീടിനെക്കാൾ വലിയൊരു സ്വർഗ്ഗമില്ലെന്ന് കുട്ടികൾക്ക് തോന്നിയാൽ പിന്നെ അവിടം വിട്ട് അവരെവിടെയും പോകില്ല. ”

വളരെ സന്തോഷത്തോടെ പോകാനിറങ്ങിയ ആ കുടുംബത്തെ യാത്രയയച്ച്, മെയിൻ ഡോർ അടച്ചു ഞാൻ അകത്തേക്ക് കയറുമ്പോഴേ കിച്ചണിൽ നിന്നും ബഹളവും പൊട്ടിച്ചിരികളും കേൾക്കുന്നുണ്ടായിരുന്നു. ഒന്നിച്ചു കുക്ക് ചെയ്യുന്ന അപ്പന്റെയും മക്കളുടെയും. ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയുമായി ഞാനും നടന്നു ഞങ്ങളുടെ മാത്രം സ്വർഗത്തിലേക്ക്…

ജെയ്നി റ്റിജു