The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
” സീമ സാറേ, മെഴുവേലിയിൽ ഒരു മർഡർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ”
എസ്പിയുമായൊരു മീറ്റിംഗ് കഴിഞ്ഞു സ്റ്റേഷനിലേക്ക് വന്നു കയറുമ്പോഴാണ് സിപിഒ അനീഷ് ഓടിവന്നത്.
” എപ്പോഴാണ്? എന്താ കേസ്? ആരെങ്കിലും അങ്ങോട്ട് പോയോ? ”
ഞാൻ ഒറ്റശ്വാസത്തിലാണ് ചോദിച്ചതാ.
” എസ്ഐ സാറും ഒരു ടീമും അങ്ങോട്ട് പോയിട്ടുണ്ട്.അയൽവാസിയാണ് വിളിച്ചു പറഞ്ഞത്. കുടുംബവഴക്കിനിടയിൽ മകൻ അച്ഛനെ വെട്ടുകയായിരുന്നു. അതിലെ ഏറ്റവും വലിയ വിഷമം എന്താണെന്നു വെച്ചാൽ ആ പയ്യന് പതിനേഴു വയസ്സേ ഉള്ളൂ. ”
പറഞ്ഞു കൊണ്ടിരിക്കുന്നതിനിടയിൽ എനിക്ക് എസ്ഐ റോബിന്റെ കോൾ വന്നു..
” റോബിൻ, എന്തായി അവിടെ കാര്യങ്ങൾ? ഫോറെൻസിക് ടീം എത്തിയോ? ഞാൻ അങ്ങോട്ടിറങ്ങുകയാ. ”
ഞാൻ പറഞ്ഞു.
” സർ, ഫോറെൻസിക് എത്തിയിട്ടുണ്ട്.സർ കൂടെ എത്തിയാൽ ഇൻക്വസ്റ്റ് തുടങ്ങാമായിരുന്നു. ആ പയ്യൻ പറയുന്നത് അച്ഛൻ അമ്മയെ ഉപദ്രവിക്കുന്നത് തടയാൻ ചെന്ന ഇവനെ അയാൾ കൊല്ലാൻ ശ്രമിച്ചെന്നും പ്രാണരക്ഷാർത്ഥമാണ് അച്ഛനെ കൊല്ലേണ്ടിവന്നത് എന്നാണ്. ആ സ്ത്രീയും അത് തന്നെയാണ് പറയുന്നത്.. അവിടെ ഉണ്ടായിരുന്ന മൂന്നാമതൊരാൾ അവരുടെ സംസാരിക്കാൻ കഴിയാത്ത ഇളയ മകളാണ്.. ”
” എങ്കിൽ ശരിയായിരിക്കും റോബിൻ. എത്ര കുടുംബങ്ങളിലാണ് ഇതുപോലെ സ്ത്രീകളും കുട്ടികളും അക്രമങ്ങൾ സഹിച്ചു ജീവിക്കുന്നത്. ചില കഥകളൊക്കെ കേട്ടാൽ ഇവനൊക്കെ ചാവേണ്ടതാണെന്ന് തോന്നും. പക്ഷെ, നമ്മുടെ പണി ഇതായിപ്പോയില്ലേ? ആ കുട്ടിയുടെ ജീവിതം പോയപോലെ ആയില്ലേ? ”
ഞാൻ സഹതാപത്തോടെ പറഞ്ഞു.
” പക്ഷെ സർ, ഞാനിപ്പോൾ വിളിച്ചത് അത് പറയാനല്ല.. ആ മരിച്ച വ്യക്തിയെ നമുക്കറിയാം. അത് അയാളാണ് സർ. കഴിഞ്ഞ ദിവസം മകനെതിരെ പരാതിയുമായി വന്ന ആ അജയകുമാർ ”
ഞെട്ടലോടെയാണ് ഞാൻ അത് കേട്ടത്. രണ്ടു ദിവസം മുൻപ് ഇതേനേരത്ത് എന്റെ മുന്നിലിരുന്ന് കരഞ്ഞ ഒരു സാധു മനുഷ്യന്റെ മുഖം എന്നെ വേട്ടയാടി.
” സാറേ, എന്റെ മകനെ നിങ്ങൾക്ക് ജയിലിലിടാൻ പറ്റുമോ? അത്രയ്ക്ക് മടുത്തിട്ടാ സാറേ. പതിനേഴു വയസ്സേയുള്ളൂ. പ്ലസ്ടുവിനാണ് പഠിക്കുന്നെ. കള്ളും കഞ്ചാവും പിന്നെ എന്തൊക്കെയുമോ ഉണ്ട്. പോരാത്തതിന് ഇവിടുത്തെ പ്രധാനപ്പെട്ട ഒരു പാർട്ടിയുടെ വിദ്യാർത്ഥി സംഘടനയിലുമുണ്ട്. എന്നും ആരോടെങ്കിലും വഴക്കുണ്ടാക്കും, ജൂനിയർ പിള്ളേരെ റാഗിംഗ് എന്ന് പറഞ്ഞു ഉപദ്രവിക്കും, അവന്റെ തോന്നിവാസത്തിന് പണത്തിനു വേണ്ടി വീട്ടിൽ വഴക്കുണ്ടാക്കും. മടുത്തു സാറേ. ”
മുന്നിലിരുന്ന് കരയുന്ന മനുഷ്യനെ അല്പമൊരു പുച്ഛത്തോടെയാണ് ഞാനടക്കമുള്ളവർ അന്ന് നോക്കിയത്.. കേവലം പതിനേഴു വയസ്സുള്ള മകനെ നിലയ്ക്ക് നിർത്താൻ അറിയാത്ത കഴിവുകെട്ട അച്ഛൻ. പക്ഷെ, അയാളുടെ പിന്നീടുള്ള വിവരണം കേട്ടപ്പോൾ പുച്ഛം സഹതാപമായി.
” എന്റെ ഇരുപത്തൊന്ന് വയസ്സിൽ ഞാൻ വിദേശത്ത് പോയതാ സാറേ..വീട്ടിലെ കഷ്ടപ്പാടും പ്രാരാബ്ദവും കുറച്ചൊന്നു ഒതുങ്ങിയപ്പോഴാണ് വിവാഹം കഴിച്ചത്. ഇനിയെങ്കിലും നാട്ടിൽ ഒതുങ്ങിക്കൂടണമെന്ന് കരുതിയെങ്കിലും പിന്നീട് കുടുംബവും കുട്ടികളും ആയപ്പോൾ ഒരിക്കലും തീരാത്ത ആവശ്യങ്ങളുമായി വീണ്ടും ഞാൻ പ്രവാസിയായി.. ചെയ്യാത്ത ജോലികളില്ല സാറേ. അതിനിടയിൽ ഭാര്യയും മക്കളും നന്നായി ജീവിക്കുന്നുണ്ടല്ലോ എന്നോർത്തു. ”
ഒരു നിമിഷം നിർത്തി അയാൾ വീണ്ടും തുടങ്ങി.
” സാറിനറിയാമോ, അച്ഛൻ പ്രവാസിയായ വീട്ടിൽ മൂത്തത് ആൺകുട്ടിയാണെങ്കിൽ ചെറുപ്രായത്തിലെ അവനൊരു കാരണവരുടെ കുപ്പായം എടുത്തണിയും. ചിലർ ആ റോൾ ഏറ്റവും നന്നായി ചെയ്യും. ചിലരത് വല്ലാതെ ചൂഷണം ചെയ്യും, എന്റെ മകനെപ്പോലെ…
പാവം എന്റെ ഭാര്യ, വലിയ വിദ്യാഭ്യാസം ഒന്നുമില്ല. അവൻ പറയുന്നതാണ് അവൾക്ക് സത്യം. അവന്റെ ഇഷ്ടങ്ങളാണ് ആ വീട്ടിലെ ഇഷ്ടങ്ങൾ. എല്ലാം സാധിച്ചു കൊടുത്തു കൊടുത്ത് അവസാനം അവൻ വഴി തെറ്റിപോകുന്നത് ആ പാവത്തിന് അറിയാതെ പോയി. അവന്റെ കൊച്ചു തെറ്റുകളൊന്നും എന്നെ അറിയിക്കാതെ അവൾ മൂടിവെച്ചു. എന്നിട്ടിപ്പോൾ ഞാൻ തിരിച്ചു വന്നപ്പോഴേക്കും ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയായി. ”
ഞങ്ങൾ ഒന്നും മിണ്ടാതെ കേട്ടിരുന്നു.
” ചേട്ടാ , അവനെ ഈ കൂട്ടുകെട്ടിൽ നിന്നൊന്നും മാറ്റിനിർത്താൻ നിങ്ങൾ വിചാരിച്ചാൽ നടക്കില്ലേ? വല്ല കൗൺസിലിംഗിനും കൊണ്ടുപോ അവനെ.. ഇതൊക്കെ പ്രായത്തിന്റെ അല്ലെ?ശരിയാകും.”
ഞാൻ ഉപദേശിക്കാൻ ശ്രമിച്ചു.
” ഞങ്ങളാരും പറഞ്ഞാൽ അവൻ അനുസരിക്കില്ല. പാർട്ടിക്കാർ വളർത്തുന്ന ഒരു ഗുണ്ടയാണ് ഇന്നവൻ. സാറെ, ഇങ്ങനെ പോയാൽ അവനീ സമൂഹത്തിനു തന്നെ ആപത്താണ്..മാത്രമല്ല, മിണ്ടപ്രാണിയായ അനിയത്തിയെയും പെറ്റമ്മയെയും വരെ അവൻ ഉപദ്രവിക്കുമോ എന്നെനിക്ക് പേടിയുണ്ട്. ”
” എന്റെ സഹോദരാ, നിങ്ങളിപ്പോൾ പറഞ്ഞതൊക്കെ സത്യമായിരിക്കാം. നിങ്ങളുടെ അവസ്ഥയുമായിരിക്കാം. പക്ഷെ, ഇതൊന്നും ഒരാളെ അറസ്റ്റ് ചെയ്തു ജയിലിൽ അടയ്ക്കാനുള്ള കാരണങ്ങളല്ല. അതും ഒരു മൈനർ ആയ ആളെ. അല്ലെങ്കിൽ വ്യക്തമായ തെളിവോടെ അവൻ ചെയ്യുന്ന എന്തെങ്കിലും കുറ്റം പിടിക്കാൻ കഴിയണം. കഞ്ചാവോ റാഗിങ്ങോ അങ്ങനെ എന്തെങ്കിലും. അടിപിടിയൊക്കെ പാർട്ടി ലേബലിൽ ആണെങ്കിൽ അതുകൊണ്ട് ഗുണമൊന്നുമില്ല. പിന്നെ,നിങ്ങളുടെ മകന്റെ ജീവിതമല്ലേ? ഈ പ്രായത്തിൽ ജയിലിൽ കേറിയാൽ ഇറങ്ങുന്നത് എത്ര വലിയ ക്രിമിനൽ ആയിട്ടാവുമെന്ന് പറയാൻ കഴിയില്ല. ചേട്ടനിപ്പോ പോ. ചെറുക്കനെ വല്ല സൈക്കോളജിസ്റ്റിനെയും കാണിക്ക്. എന്നിട്ട് വേറെ ഏതെങ്കിലും നാട്ടിൽ പഠിക്കാൻ കൊണ്ടുവിട്..വീട്ടിൽ വലിയ പ്രശ്നം വല്ലതും ഉണ്ടാക്കുന്നുണ്ടെങ്കിൽ വിളിച്ചാൽ മതി. ”
റോബിൻ വളരെ ശാന്തമായാണ് സംസാരിച്ചത്. വേറെ ഒന്നും പറയാനില്ലാത്തത് കൊണ്ടാവും അയാൾ എല്ലാവരെയും ഒന്ന് നോക്കിയിട്ട് ഇറങ്ങിപ്പോയി.
” ഇയാളൊക്കെ ഇതെവിടുന്ന് വരുന്നോ ആവോ? എല്ലാവരും സ്വന്തം മക്കളെ എന്തു വില കൊടുത്തും സംരക്ഷിക്കാൻ നോക്കുമ്പോൾ ഇയാൾ പൊലീസ് സ്റ്റേഷനിൽ വന്ന് കംപ്ലയിന്റ് ചെയ്യുന്നു. അല്ലെങ്കിലും ഭാവിയിൽ കുറ്റം ചെയ്തേക്കുമെന്ന് പറഞ്ഞു ആരെയെങ്കിലും കരുതൽ തടങ്കൽ ഇടാൻ പറ്റുമോ.? ”
സ്റ്റേഷനിൽ ഉള്ളവർ പരസ്പരം പറഞ്ഞു ചിരിക്കുന്നുണ്ടായിരുന്നു. അയാളാണിന്ന്….
ആ വീട്ടിൽ ചെന്നപ്പോൾ ഹോളിൽ ഒരു മൂലയിൽ അവനിരിക്കുന്നുണ്ട്. ചുറ്റും രണ്ടുമൂന്നു പോലീസുകാരും. ബോഡി കിടക്കുന്നത് അടുക്കളയിലാണ്. തലയ്ക്കു പിന്നിലും കഴുത്തിലും നെഞ്ചിലുമൊക്കെ വെട്ടുകൊണ്ട പാടുകളുണ്ട്.രക്തത്തിൽ കുളിച്ചാണ് കിടപ്പ്. ഇൻക്വസ്റ്റ് തുടങ്ങാൻ നിർദ്ദേശം കൊടുത്ത് ഞാൻ മുറ്റത്തേക്കിറങ്ങി. അയൽവാസികളായ രണ്ടുമൂന്നു പേരെ വിളിപ്പിച്ച് വിവരങ്ങൾ ചോദിച്ചു. വീടിനോട് ചേർന്ന് കുറച്ചു റബ്ബർ തോട്ടം ഉണ്ടായിരുന്നത് കൊണ്ട് തൊട്ടടുത്ത് വേറെ വീടുകളില്ല. അതുകൊണ്ട് തന്നെ ചെറിയ ശബ്ദങ്ങളൊന്നും വേറെ ആരും കേൾക്കാൻ സാധ്യതയില്ല.
” അജയൻ നല്ലൊരു മനുഷ്യനായിരുന്നു സാറേ, രമയെയും പിള്ളേരെയും പൊന്നുപോലെയാ നോക്കിയിരുന്നത്. അവൻ ഗൾഫിൽ നിന്ന് നിർത്തി പോന്നിട്ട് അധികം ആയിട്ടില്ല. ആ ചെക്കൻ കുറച്ചു അലമ്പാ. അടിപിടി എല്ലാമുണ്ട്. പിള്ളേരല്ലേ മാറിക്കോളുമെന്ന് വിചാരിച്ചു. പക്ഷെ, ഇങ്ങനെ ഒന്നുണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല. ”
ഒരാൾ വേദനയോടെ പറഞ്ഞു. അപ്പോഴേക്കും രണ്ടുമൂന്നു പേർ അങ്ങോട്ട് വന്നു.
” സാർ, ഞങ്ങൾ ഇവിടെയുള്ള പൊതുപ്രവർത്തകരാ.. ഞങ്ങൾക്കറിയാവുന്ന പയ്യനാ..സ്വയരക്ഷയ്ക്ക് ചെയ്തതാണെന്നാ അവൻ പറയുന്നത്. അവന്റെ അമ്മയും സഹോദരിയും അതുതന്നെയാണ് പറഞ്ഞത്. അപ്പോൾ പിന്നെ വലിയ ഫോർമാലിറ്റി ഒന്നും വേണ്ടിവരില്ലല്ലോ അല്ലെ? കൂടാതെ പ്രതി മൈനറും. ഞങ്ങൾ ഒരു അഡ്വക്കേറ്റിനെ വിളിച്ചിട്ടുണ്ട്.. എത്രയും പെട്ടെന്ന് നടപടികൾ തീർക്കണം. ”
കൂട്ടത്തിൽ നേതാവെന്ന് തോന്നിക്കുന്ന ഒരുത്തൻ പറഞ്ഞു. അവനെ പല സമരങ്ങളിലും ജാഥകളിലും ഒക്കെ കണ്ടിട്ടുണ്ട്.
” എല്ലാത്തിനും അതിന്റേതായ രീതികളില്ലേ സുഹൃത്തേ. ആരെന്ത് പറഞ്ഞാലും മുറ പോലെ അല്ലെ ഞങ്ങൾക്ക് ചെയ്യാൻ പറ്റൂ. പിന്നീടൊരു കംപ്ലയിന്റ് വരരുതല്ലോ? എന്തായാലും നീതി കിട്ടേണ്ടവർക്ക് അത് കിട്ടിയിരിക്കും. ”
ആ പറഞ്ഞവന്റെ ഭാഷയിലെ ധാർഷ്ട്യം തിരിച്ചറിഞ്ഞെങ്കിലും ഞാൻ പുഞ്ചിരിയോടെ പറഞ്ഞു.
തിരിച്ചും മറിച്ചും ചോദിച്ചിട്ടും അവൻ അവന്റെ മൊഴിയിൽ ഉറച്ചു നിന്നു. അവൻ നിസ്സാരക്കാരനല്ല എന്ന് എനിക്ക് മനസ്സിലായി. അയാൾ അന്ന് കൊണ്ടുവന്ന പരാതി വാങ്ങിവെയ്ക്കാഞ്ഞതിൽ എനിക്ക് കുറ്റബോധം തോന്നുന്നുണ്ടായിരുന്നു.
മരിച്ചയാളുടെ ഭാര്യയോട് സംസാരിക്കണം എന്ന് പറഞ്ഞപ്പോൾ ബന്ധുക്കളും നാട്ടുകാരും ഒന്നെതിർത്തു. അവർ തകർന്നിരിക്കുകയാണെന്നും ഒരിക്കൽ അവർ മൊഴി തന്നില്ലേ, വീണ്ടും അവരെ ബുദ്ധിമുട്ടിക്കുന്നത് ശരിയാണോ എന്നായിരുന്നു അവരുടെ ചോദ്യം.
” ഞാനും ഒരു സ്ത്രീയാടോ. ഇത്തരം ഒരു സാഹചര്യത്തിൽ ഒരാളുടെ മാനസികാവസ്ഥയൊക്കെ എനിക്ക് മനസ്സിലാവും. പക്ഷെ, ഇപ്പോഴെനിക്ക് അവരോട് തനിച്ചൊന്നു സംസാരിക്കണം. ”
അതും പറഞ്ഞു ഞാൻ റൂമിലേക്ക് കയറുമ്പോൾ ഹാളിലിരുന്ന് അവനെന്നെ പകച്ചു നോക്കുന്നുണ്ടായിരുന്നു. നിന്നെക്കൊണ്ടൊന്നും എന്നെയൊരു ചുക്കും ചെയ്യാൻ കഴിയില്ലെന്നൊരു അഹന്തയുടെ ഗൂഡസ്മിതം അവന്റെ നോട്ടത്തിൽ മറഞ്ഞിരിക്കുന്നത് ഞാൻ കണ്ടു.
അകത്തു കട്ടിലിൽ അവർ കരഞ്ഞു തളർന്നു ചാരിയിരിക്കുന്നുണ്ട്. അവർക്ക് മർദ്ദനമേറ്റതിന്റെ ലക്ഷണങ്ങളുണ്ട്. മുഖത്തും കഴുത്തിലും പാടുകളുണ്ട്. രക്തം കിനിഞ്ഞതോ തെറിച്ചതോ അവിടവിടെയായി കാണാം. ആ പെൺകുട്ടി അവരുടെ മടിയിൽ തലവെച്ചു കിടക്കുന്നു. ഒന്ന് കണ്ണു കാണിച്ചപ്പോൾ റൂമിൽ ഇരുന്നവരെല്ലാം പുറത്തേക്ക് പോയി. കൂടെയുണ്ടായിരുന്ന വനിതാകോൺസ്റ്റബിൾ വാതിലടച്ചു .
” ഞാൻ സീമ. ഇവിടുത്തെ സർക്കിൾ ഇൻസ്‌പെക്ടർ ആണ്. എന്താണ് സംഭവിച്ചതെന്ന് ഒന്നുകൂടെ പറയാൻ കഴിയുമോ? ”
ഞാൻ സൗമ്യമായി ചോദിച്ചു. കിടക്കുകയായിരുന്ന കുട്ടി ഭീതിയോടെ ചാടിയെണീറ്റു.
” സാറെ, ഞാൻ പറഞ്ഞതാണല്ലോ. ഇവിടെ ചെറിയൊരു കാര്യത്തിന് വഴക്കുണ്ടായി. അജയേട്ടൻ മദ്യപിച്ചിരുന്നു. എന്നിട്ട് അദ്ദേഹം എന്നേം മോനേം ഉപദ്രവിക്കാൻ നോക്കിയപ്പോൾ അവൻ…. അവനു വേറെ വഴിയില്ലാഞ്ഞിട്ടാ… ”
തളർന്നതെങ്കിലും ഉറച്ച ശബ്ദം.. എത്ര ചോദിച്ചാലും അവരാ മൊഴിയിൽ നിന്ന് മാറില്ല എന്ന് എനിക്ക് മനസ്സിലായി.
” ശരി. ഞങ്ങൾ അങ്ങനെ തന്നെ എഫ്ഐആറിൽ കൊടുക്കും. നിങ്ങൾ മൊഴിയിൽ ഉറച്ചു നില്ക്കുന്നുവെങ്കിൽ ഞങ്ങൾക്ക് ജോലി എളുപ്പമുണ്ട്. ”
” സാറേ, എന്റെ ഭർത്താവ് പോയി. ഇനിയെനിയ്ക്കും മിണ്ടാൻ കഴിയാത്ത ഈ കുഞ്ഞിനും അവൻ മാത്രമേ ഉള്ളൂ. അവനെ ഉപദ്രവിക്കരുത്… ”
അവർ വിതുമ്പി. ഞാൻ ഒരുനിമിഷം അവരെത്തന്നെ നോക്കി നിന്നു.
” രമ വിഷമിക്കണ്ട. അവനെ ഞങ്ങൾ ഒന്നും ചെയ്യില്ല. മാത്രവുമല്ല മാക്സിമം അനുകൂലമായ റിപ്പോർട്ട് കൊടുക്കുകയും ചെയ്യും. ഞാൻ വീണ്ടും ചോദിച്ചത് എന്താണെന്ന് വെച്ചാൽ ഇപ്പോഴത്തെ കുട്ടികളല്ലേ? വഴി തെറ്റിപ്പോകാൻ എളുപ്പമാണ്. കഴിഞ്ഞദിവസം തന്നെ ഒരാൾ സ്റ്റേഷനിൽ വന്നു. അയാളുടെ പ്രായപൂർത്തിയാകാത്ത മകൻ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് പരാതി തരാൻ. അയാൾക്ക് കണ്ട്രോൾ ചെയ്യാനാകാത്ത വിധം അവൻ കൈവിട്ടുപോയി, പൊലീസിനു എന്തെങ്കിലും ചെയ്യാൻ പറ്റുമോ എന്നറിയാൻ.. ഇങ്ങനെ പോയാൽ വീടിനും നാടിനും വരെ ആപത്തായി മാറും എന്ന ഭീതി അറിയിക്കാൻ..ഞങ്ങൾ അന്നയാളെ അവഗണിച്ചു എന്ന് മാത്രമല്ല, സ്വന്തം മകന്റെ ഭാവിനോക്കാത്ത കഴിവുകെട്ടവൻ എന്ന് പരിഹസിക്കുകയും ചെയ്തു. പക്ഷെ,അയാൾ ഏറ്റവും ഭയന്നിരുന്നത് അവനെ ലാളിച്ചു വളർത്തിയ അമ്മയെയും കൂടപ്പിറപ്പിനെയും ലഹരിയുടെ ആസക്തിയിൽ വല്ലതും ചെയ്യുമോ എന്നതായിരുന്നു.. ആ വ്യക്തിയുടെ പേര് അജയകുമാർ എന്നാണ്. അതെ, ഇന്നീ വീടിന്റെ അടുക്കളയിൽ ആ മകന്റെ വെട്ടേറ്റു മരിച്ചുകിടക്കുന്ന അതേ അജയകുമാർ.. നിങ്ങൾക്ക് വീണ്ടും നിങ്ങളുടെ മൊഴിയിൽ ഉറച്ചു നിൽക്കാം.. അവനു വേണ്ടി കൊടികെട്ടിയ വക്കീലിനെ വെയ്ക്കാം.. ഒരു പോറലുപോലും ഇല്ലാതെ അവനെ ഇറക്കികൊണ്ടുവരാം.. പക്ഷെ, എന്നിട്ട് എന്തു ചെയ്യുമെന്നുകൂടെ ചിന്തിക്കുന്നത് നല്ലതായിരിക്കും. പക്ഷെ അപ്പോഴും കുടുംബത്തിന് വേണ്ടി ജീവിതത്തിന്റെ മുക്കാൽഭാഗവും കഷ്ടപ്പെട്ട ഒരു മനുഷ്യൻ ഒരു തെറ്റും ചെയ്യാതെ അവസാനിച്ചു എന്നൊരു വേദന ബാക്കി കിടക്കും. അല്ലെങ്കിലും മരിച്ചുപോയവർക്ക് നീതികിട്ടിയിട്ടെന്തിന് അല്ലെ? ”
ഞാൻ പറഞ്ഞു നിർത്തും മുന്പേ അവരിൽ നിന്ന് പൊട്ടിക്കരച്ചിലുയർന്നു.. ആ പെൺകുട്ടി അവരെ ഇറുക്കിപ്പിടിച്ചുലയ്ക്കുന്നുണ്ടായിരുന്നു.
അൽപ്പസമയത്തിനു ശേഷം ഞാൻ ആ റൂമിൽ നിന്നിറങ്ങിയത് ആത്മവിശ്വാസത്തോടെയായിരുന്നു.
” ആ അമ്മയുടെ മൊഴിയുണ്ട്. സ്വന്തം മകനെ നേർവഴിക്കു നടത്താൻ ശ്രമിച്ചു എന്നൊരു കുറ്റം മാത്രം ചെയ്തൊരു പാവം അച്ഛനു മരണം വിധിച്ച ഇവനെപ്പോലുള്ളവനെയൊന്നും ഈ സമൂഹത്തിനു വേണ്ട. ഇപ്പോൾ ഇവിടെ ആരെയും ബോധിപ്പിക്കാൻ നിൽക്കണ്ട.. അല്ലെങ്കിൽ മാതൃസ്നേഹത്തിന്റെ കണക്ക് പറഞ്ഞു കൊത്തിപ്പറിക്കുമീ പാവത്തിനെ എല്ലാവരും കൂടെ. തൂക്കിയെടുത്തിടെടോ അവനെ ജീപ്പിൽ. ”
റോബിനോട് അതും പറഞ്ഞ് ഞാൻ പുറത്തേക്ക് നടന്നു. അയാളെ അന്നവഗണിച്ച തെറ്റിന് പ്രായശ്ചിത്തം ചെയ്യണം. പുരയ്ക്ക് മേലേ വളരുന്ന മരം ഇനി സ്വർണം കായ്ക്കുന്നതായാലും വെട്ടിമാറ്റിയേ തീരൂ….
ജെയ്നി റ്റിജു