# മാതൃസ്പർശം
പാലക്കാടൻ കാറ്റിന്റെ തണുപ്പുള്ള ഒരു സായാഹ്നത്തിൽ മീനാക്ഷി തന്നിൽത്തന്നെ ഒതുങ്ങിയിരുന്നു. മനസ്സ് നിറയെ ഓർമ്മകളുടെ വേലിയേറ്റമായിരുന്നു.
“പ്ലീസ് ദേവാനന്ദ്… നീ എന്താ ഈ കാണിക്കുന്നത്? നമ്മൾ തമ്മിൽ ഒരു വിവാഹം കഴിക്കുന്നത് വരെ എനിക്ക് കുറച്ച് സമയം തരൂ. ഇതൊന്നും ഇപ്പോൾ ശരിയല്ല…” അവന്റെ കൈകളിൽ നിന്ന് കുതറിമാറാൻ ശ്രമിച്ചുകൊണ്ട് മീനാക്ഷി വിറയ്ക്കുന്ന ശബ്ദത്തിൽ പറഞ്ഞു.
ദേവാനന്ദ് അവളുടെ മുഖത്തേക്ക് നോക്കി അല്പം പരിഹാസത്തോടെ ചിരിച്ചു: “എന്താ മീനു നീ ഈ പറയുന്നത്? നമ്മൾ തമ്മിൽ സ്നേഹത്തിലാണ്, ഉടൻ തന്നെ കല്യാണം കഴിക്കാൻ പോകുന്നവരുമാണ്. പിന്നെന്താ പ്രശ്നം? ഇന്നത്തെ കാലത്ത് വിദേശത്തൊക്കെ ലിവിംഗ് ടുഗെദർ കഴിഞ്ഞ് പരസ്പരം മനസ്സിലാക്കിയ ശേഷമാണ് ആളുകൾ വിവാഹത്തെക്കുറിച്ച് പോലും ചിന്തിക്കുന്നത്. നീയൊരു പഴഞ്ചൻ ചിന്താഗതിക്കാരിയായി മാറരുത്.”
“മറ്റുള്ളവരുടെ ജീവിതം എങ്ങനെയായാലും അത് നമ്മളെ ബാധിക്കുന്ന കാര്യമല്ല ദേവൻ. നമ്മൾ നമ്മുടേതായ ചില അതിരുകളും മൂല്യങ്ങളും കാത്തുസൂക്ഷിക്കേണ്ടതുണ്ട്. മാത്രമല്ല… എനിക്കിപ്പോൾ സേഫ് പീരീഡ് പോലുമല്ല. ദയവുചെയ്ത് എന്നെ മനസ്സിലാക്കൂ…” അവൾ യാചിക്കുന്നതുപോലെ പറഞ്ഞു.
അവളുടെ വാക്കുകൾ കേട്ടതും ദേവാനന്ദിന്റെ മുഖം കറുത്തു. അവൻ അവളെ ദേഷ്യത്തോടെ തള്ളിമാറ്റി എഴുന്നേറ്റ് പുറത്തേക്ക് പോയി.
പാലക്കാടൻ ഗ്രാമത്തിൽ ജനിച്ചു വളർന്ന, പരമ്പരാഗത ആചാരങ്ങൾ പാലിക്കുന്ന ഒരു ബ്രാഹ്മണ കുടുംബത്തിലെ അംഗമായിരുന്നു മീനാക്ഷി. കാണാൻ വളരെയധികം ആകർഷകത്വമുള്ള പെൺകുട്ടി. പഠനത്തിൽ മിടുക്കിയായിരുന്ന അവൾക്ക് കൊച്ചിയിലെ പ്രമുഖ സോഫ്റ്റ്‌വെയർ കമ്പനിയിലാണ് ജോലി ലഭിച്ചത്. അവിടെ എത്തി ചുരുങ്ങിയ കാലം കൊണ്ടുതന്നെ തൻ്റെ കഠിനാധ്വാനം കൊണ്ടും പെരുമാറ്റം കൊണ്ടും സഹപ്രവർത്തകരുടെ പ്രിയങ്കരിയായി അവൾ മാറി.
വളരെ ലളിതമായ വസ്ത്രധാരണവും മിതമായ ആഭരണങ്ങളും ധരിച്ച് ശാന്തയായി നടക്കുന്ന മീനാക്ഷിയുടെ ടീം ലീഡറായിട്ടാണ് ദേവാനന്ദ് വർമ്മ ചെന്നൈയിലെ കമ്പനിയിൽ നിന്നും ട്രാൻസ്ഫർ ആയി അവിടെ എത്തുന്നത്. വലിയ തറവാട്ടു മഹിമയും, സിനിമ നായകന്മാരെ വെല്ലുന്ന ലുക്കുമുള്ള ദേവാനന്ദിനോട് കമ്പനിയിലെ പല പെൺകുട്ടികൾക്കും പ്രണയം തോന്നിയിരുന്നു. എന്നാൽ മീനാക്ഷി മാത്രം അവനിൽ നിന്നും അകലം പാലിച്ചു. തൻ്റെ ജോലി മാത്രം കൃത്യമായി ചെയ്യുക എന്നതായിരുന്നു അവളുടെ ലക്ഷ്യം.
മാസങ്ങൾ കടന്നുപോയി. ഇതിനിടയിൽ മീനാക്ഷിയോട് ദേവാനന്ദിന് വലിയ ആദരവും താത്പര്യവും തോന്നിത്തുടങ്ങി. പലപ്പോഴും അത് പ്രകടിപ്പിച്ചെങ്കിലും അവൾ അതൊന്നും കണ്ടില്ലെന്ന് നടിച്ചു.
അങ്ങനെയിരിക്കെയാണ് മീനാക്ഷിയുടെ ജീവിതത്തെയാകെ മാറ്റിമറിച്ച ആ ദുരന്തം സംഭവിക്കുന്നത്. ഒരു റോഡപകടത്തിൽ അവളുടെ അച്ഛൻ പെട്ടെന്ന് മരണപ്പെട്ടു. ചെറുപ്പത്തിലെ അമ്മ നഷ്ടപ്പെട്ട മീനാക്ഷിയെ അത്രയും കാലം സ്വന്തം ജീവനേക്കാൾ സ്നേഹത്തോടെ വളർത്തിയത് അച്ഛനായിരുന്നു. ആ വേർപാടോടെ അവൾ ഈ ലോകത്ത് തികച്ചും ഒറ്റയ്ക്കായി.
അച്ഛൻ്റെ മരണാനന്തര ചടങ്ങുകൾക്കായി നാട്ടിലെത്തിയ അവൾക്ക് താങ്ങായി കൂടെ നിന്നത് ദേവാനന്ദും ഏതാനും സുഹൃത്തുക്കളുമായിരുന്നു. അവളിലെ വലിയ സങ്കടങ്ങൾ തിരിച്ചറിഞ്ഞ ദേവാനന്ദ് അവളോട് കൂടുതൽ അടുത്തു. ചടങ്ങുകൾക്ക് ശേഷം അവളെ തിരികെ കൊച്ചിയിലേക്ക് കൂട്ടിക്കൊണ്ടുവന്ന യാത്രയിലുടനീളം മീനാക്ഷി മൗനത്തിലായിരുന്നു. അച്ഛൻ തനിക്ക് നൽകിയ സ്നേഹവും കരുതലും ഓർത്ത് അവൾ വിങ്ങിപ്പക്കരഞ്ഞു.
മടങ്ങി എത്തിയ ശേഷവും സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാൻ അവൾ ഒരുപാട് ബുദ്ധിമുട്ടി. ആ നാളുകളിൽ അവൾക്ക് നൽകിയ ആശ്വാസവാക്കുകളിലൂടെ ദേവാനന്ദ് അവളുടെ ജീവിതത്തിന്റെ വലിയൊരു ഭാഗമായി മാറി.
ഒരു ദിവസം സന്ധ്യയ്ക്ക് ഒരു കോഫി ഷോപ്പിൽ വെച്ച് അവളോട് സംസാരിക്കുമ്പോൾ അവൻ തൻ്റെ പ്രണയം തുറന്നു പറഞ്ഞു.
“മീനു, നീ ഇനി ഒറ്റയ്ക്കല്ല. നിൻ്റെ ജീവിതത്തിലുടനീളം കാവലായി ഞാൻ ഉണ്ടാകും. എൻ്റെ അച്ഛൻ റിട്ടയേർഡ് ഹൈക്കോടതി ജഡ്ജിയാണ്, അമ്മ അറിയപ്പെടുന്ന എഴുത്തുകാരി. ജ്യേഷ്ഠൻ ബാംഗ്ലൂരിൽ വലിയൊരു ബിസിനസ്സ് നടത്തുന്നു. ഞങ്ങളുടെ കുടുംബത്തിലേക്ക് നിന്നെ കൊണ്ടുപോകാൻ എനിക്ക് സന്തോഷമേയുള്ളൂ.”
തനിക്കാരും ഇല്ലെന്ന തോന്നലിൽ നിന്നും അവളെ കരകയറ്റിയ ആ വാക്കുകൾക്ക് മുന്നിൽ മീനാക്ഷി വീണുപോയി. അവളും തൻ്റെ പ്രണയം അവനെ അറിയിച്ചു.
പക്ഷേ, ആ പ്രണയം പിന്നീട് അതിരുവിടാൻ തുടങ്ങി. തൻ്റെ ഫ്ലാറ്റിലേക്ക് പലപ്പോഴും അവളെ ക്ഷണിച്ചിരുന്ന ദേവാനന്ദ്, ഒരു ദിവസം വൈകുന്നേരം അവളുടെ എതിർപ്പുകളെല്ലാം മറികടന്ന് അവളെ തന്നിലേക്ക് ചേർത്തുപിടിച്ചു. അനുരാഗത്തിന്റെ മധുരവാക്കുകളിൽ മയങ്ങി മീനാക്ഷിയും തൻ്റെ സർവ്വസ്വവും അവന് മുന്നിൽ കീഴടക്കി.
അന്ന് ആ മുറിയിൽ പൂത്തുലഞ്ഞ പ്രണയനിമിഷങ്ങൾക്കിടയിൽ, അവളുടെ ഗർഭപാത്രത്തിൽ ഒരു കുഞ്ഞു ജീവൻ തുടിച്ചു തുടങ്ങിയത് അവർ അറിഞ്ഞിരുന്നില്ല.
ആഴ്ചകൾ പെട്ടെന്ന് കടന്നുപോയി.
ആർത്തവം തെറ്റിയതോടെ മീനാക്ഷി ഭയന്നു. കൂടെ കഠിനമായ മനംപുരട്ടലും തലകറക്കവും അവളെ അസ്വസ്ഥയാക്കി. പ്രഗ്നൻസി ടെസ്റ്റ് സ്ട്രിപ്പിലെ രണ്ട് ചുവന്ന വരകൾ കണ്ടപ്പോൾ അവളുടെ കാൽക്കീഴിലെ മണ്ണ് ഒലിച്ചുപോകുന്നതായി തോന്നി.
കരഞ്ഞുകൊണ്ട് അവൾ ദേവാനന്ദിന്റെ ഫ്ലാറ്റിലെത്തി കാര്യം പറഞ്ഞു.
“മീനു… നീ എന്തിനാ ഇങ്ങനെ പേടിക്കുന്നത്? നമ്മുടെ കുഞ്ഞല്ലേ ഇത്? ഞാൻ നാട്ടിൽ പോയി അച്ഛനോടും അമ്മയോടും സംസാരിച്ച് കല്യാണത്തിനുള്ള തീയതി കുറിച്ച് വരാം. നീ ഹാപ്പിയായി ഇരിക്ക്,” എന്ന് പറഞ്ഞ് അവളുടെ അണിവയറ്റിൽ മുത്തമിട്ട് അവൻ നാട്ടിലേക്ക് പോയി.
എന്നാൽ, ദിവസങ്ങളും മാസങ്ങളും കഴിഞ്ഞിട്ടും അവൻ തിരിച്ചുവന്നില്ല. ഫോൺ വിളിക്കുമ്പോഴൊക്കെ എന്തെങ്കിലും ഒഴികഴിവുകൾ പറഞ്ഞ് ഒഴിവാക്കി. അഞ്ച് മാസത്തോളം അവൾ കണ്ണീരോടെ അവനായി കാത്തിരുന്നു.
വയറ് വലുതാകാൻ തുടങ്ങിയതോടെ ഓഫീസിലെ സഹപ്രവർത്തകരുടെ നോട്ടം ഭയന്ന് മീനാക്ഷി ജോലി രാജി വെച്ച് നാട്ടിലേക്ക് മടങ്ങി. അച്ഛനും അമ്മയും ജീവിച്ചിരുന്ന ആ പഴയ തറവാട്ടു വീട്ടിൽ അവൾ ഒറ്റയ്ക്ക് കഴിഞ്ഞു.
ഒരു ദിവസം തൻ്റെ ഉള്ളിലെ കുഞ്ഞിന്റെ ആദ്യ ചലനം അവൾ അറിഞ്ഞു. സന്തോഷവും സങ്കടവും ഒരുപോലെ വന്ന ആ നിമിഷത്തിലാണ്, സഹപ്രവർത്തകന്റെ വാട്സ്ആപ്പ് സ്റ്റാറ്റസിലൂടെ അവൾ ആ ക്രൂരമായ സത്യം അറിയുന്നത്.
ദേവാനന്ദ് മറ്റൊരു സമ്പന്ന കുടുംബത്തിലെ പെൺകുട്ടിയെ വലിയ ആഘോഷങ്ങളോടെ വിവാഹം കഴിച്ചിരിക്കുന്നു!
താൻ വഞ്ചിക്കപ്പെട്ടു എന്ന സത്യം തിരിച്ചറിഞ്ഞ മീനാക്ഷിക്ക് ആഘാതം താങ്ങാനായില്ല. തൻ്റെ കുഞ്ഞിനും ഈ ലോകത്ത് ഇനി സ്ഥാനമില്ലെന്ന് അവൾ ഉറപ്പിച്ചു. അച്ഛൻ്റെയും അമ്മയുടെയും അടുത്തേക്ക് പോകാൻ അവൾ തീരുമാനിച്ചു.
അന്ന് രാത്രി, മഴ കനത്തു പെയ്യുന്ന നേരത്ത്, നാട്ടുകാരാരും കാണാതെ അവൾ വീട്ടിൽ നിന്നും പുറത്തിറങ്ങി. കിലോമീറ്ററുകൾ അകലെയുള്ള പുഴ ലക്ഷ്യമാക്കിയായിരുന്നു അവളുടെ നടപ്പ്. നടക്കുന്തോറും വയറ്റിലെ കുഞ്ഞ് കഠിനമായി അനങ്ങുന്നുണ്ടായിരുന്നു.
“വാവേ… അമ്മയോട് ക്ഷമിക്കണം. നിന്നെ ഈ ലോകത്തേക്ക് കൊണ്ടുവന്നാൽ അനുഭവിക്കേണ്ടി വരിക വലിയ നിന്ദനങ്ങളും സങ്കടങ്ങളുമായിരിക്കും. നിന്റെ അച്ഛൻ നമ്മളെ ഉപേക്ഷിച്ചു. ഇനി നമുക്ക് ഈ ലോകത്ത് ആരുമില്ല…”
പുഴയ്ക്ക കുറുകെയുള്ള വലിയ പാലത്തിന് മുകളിൽ അവൾ കയറി നിന്നു. താഴെ കുത്തിയൊഴുകുന്ന കറുത്ത വെള്ളം. അവൾ കണ്ണുകൾ അടച്ച്, മാതാപിതാക്കളെ മനസ്സിൽ ധ്യാനിച്ച് താഴേക്ക് ചാടാൻ ഒരുങ്ങിയതും, പെട്ടെന്ന് ഒരു പെട്രോളിംഗ് കാറിന്റെ സൈറൺ ശബ്ദം കേട്ടു.
കാറിൽ നിന്നും അതിവേഗം ഇറങ്ങിവന്ന പോലീസ് ഉദ്യോഗസ്ഥൻ അവളെ പിടിച്ചു മാറ്റി.
“എന്താ സഹോദരീ നീ ഈ കാണിക്കുന്നത്? ആത്മഹത്യയാണോ നിന്റെ പ്രശ്നങ്ങൾക്കുള്ള പരിഹാരം?”
സിറ്റി പോലീസ് കമ്മീഷണറായി പുതുതായി ചുമതലയേറ്റ വിക്രം ആദിത്യനായിരുന്നു അത്. അദ്ദേഹത്തിന്റെ ഗൗരവമുള്ള എന്നാൽ കരുണ നിറഞ്ഞ ചോദ്യങ്ങൾക്ക് മുന്നിൽ മീനാക്ഷി പൊട്ടിക്കരഞ്ഞുപോയി.
“എനിക്ക് ആരുമില്ല സാർ… എൻ്റെ വയറ്റിലെ ഈ കുഞ്ഞിനും. എന്നെ വിശ്വസിച്ച് ഞാൻ ജീവിതം നൽകിയയാൾ എന്നെ ചതിച്ചു. ഇനി എനിക്ക് ജീവിക്കേണ്ട…”
വിക്രം അവളോട് ശാന്തനായി പറഞ്ഞു: “നിന്നെ ഉപേക്ഷിച്ചു പോയ ആ ക്രൂരന് മുന്നിൽ തോറ്റുകൊടുക്കാനാണോ നീ മരിക്കാൻ തുനിഞ്ഞത്? നിന്റെ വയറ്റിൽ കിടക്കുന്ന ആ പാവം കുഞ്ഞിന് എന്ത് തെറ്റുപറ്റി? അവൻ അല്ലെങ്കിൽ അവൾ നിന്നെ വിശ്വസിച്ചാണ് ഈ ലോകത്തേക്ക് വരാൻ കാത്തിരിക്കുന്നത്. നീ ജീവിച്ചു കാണിക്കണം മീനാക്ഷി, ആ കുഞ്ഞിന് വേണ്ടി.”
ആ പോലീസുകാരന്റെ വാക്കുകൾ അവളിൽ പുതിയൊരു വെളിച്ചം പകർന്നു.
വിക്രം അവളെ തൻ്റെ കാറിൽ കയറ്റി സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ അദ്ദേഹത്തിന്റെ അമ്മ യശോധയും, ഭാര്യ ഗൈനക്കോളജിസ്റ്റായ ഡോക്ടർ മാധവിയും ഉണ്ടായിരുന്നു. മീനാക്ഷിയുടെ ദയനീയ സ്ഥിതി കണ്ട മാധവി അവളെ ഉടനടി പരിശോധിക്കുകയും, ശരീരത്തിൽ രക്തക്കുറവും പോഷകാഹാരക്കുറവും ഉണ്ടെന്ന് കണ്ടെത്തുകയും ചെയ്തു.
പിറ്റേന്ന് തന്നെ വിക്രം ദേവാനന്ദിന്റെ വിലാസം തപ്പിയെടുത്ത് അവന്റെ വീട്ടിലെത്തി. വിവാഹത്തിന്റെ പുതുമോടിയിലായിരുന്ന ദേവാനന്ദിനെ വീട്ടിൽ നിന്നും വിളിച്ചിറക്കി വിക്രം കണക്കിന് പെരുമാറി.
“ഒരു പെൺകുട്ടിയുടെ ജീവിതം തകർത്ത്, നിന്റെ സ്വന്തം ചോരയെ അവളുടെ വയറ്റിൽ തള്ളിവിട്ട് നീ ഇവിടെ സുഖമായി ജീവിക്കാൻ ഇറങ്ങിയിരിക്കുന്നു അല്ലേടാ? ഇന്നലെ രാത്രി ആ പാവം പുഴയിൽ ചാടി മരിക്കുമായിരുന്നു. തക്ക സമയത്ത് ഞാൻ അവിടെ എത്തിയതുകൊണ്ട് മാത്രം ആ ജീവൻ രക്ഷപ്പെട്ടു!” വിക്രമിന്റെ ആക്രോശത്തിന് മുന്നിൽ ഉത്തരം മുട്ടി ദേവാനന്ദ് തലതാഴ്ത്തി നിന്നു.
തുടർന്ന് മാധവിയുടെയും യശോധയമ്മയുടെയും സംരക്ഷണയിൽ മീനാക്ഷി അവരുടെ വീട്ടിൽ കഴിഞ്ഞു. മാസങ്ങൾ തികഞ്ഞപ്പോൾ മാധവി തന്നെ മുൻകൈ എടുത്ത് മീനാക്ഷിയുടെ പ്രസവം നടത്തി. അവൾ ഒരു ആൺകുഞ്ഞിന് ജന്മം നൽകി.
തൻ്റെ കുഞ്ഞിന്റെ പഞ്ഞിപോലുള്ള കവിളിൽ മുത്തുമ്പോൾ മീനാക്ഷി മനസ്സിൽ ഉറപ്പിച്ചു, ഇനി തൻ്റെ ജീവിതം ഇവന് വേണ്ടിയുള്ളതാണ്.
ആ കുഞ്ഞിന് അവൾ ‘ആര്യൻ’ എന്ന് പേരിട്ടു. ആറുമാസത്തോളം വിക്രമിന്റെ വീട്ടിൽ നിന്നശേഷം, മീനാക്ഷി ബാംഗ്ലൂരിലേക്ക് പോയി ഒരു പുതിയ കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചു. കുഞ്ഞിനെ നോക്കാനായി യശോധയമ്മ ഏർപ്പാടാക്കി നൽകിയ ശാന്തമ്മ എന്ന പ്രായമായ സ്ത്രീയും അവളോടൊപ്പം ബാംഗ്ലൂരിലേക്ക് വന്നു.
വർഷങ്ങൾ കടന്നുപോയി…
കഠിനാധ്വാനം കൊണ്ട് മീനാക്ഷി ജീവിതത്തിൽ ഉയരങ്ങൾ കീഴടക്കി. മകൻ ആര്യനെ അവൾ ഉന്നത വിദ്യാഭ്യാസം നൽകി വളർത്തി. അവൻ പഠിച്ച് വലിയൊരു കാർഡിയോളജിസ്റ്റായി മാറി. തനിക്ക് അച്ഛനില്ലെന്നും അമ്മ അനുഭവിച്ച ത്യാഗങ്ങളുടെ ഫലമാണ് തൻ്റെ ജീവിതമെന്നും ആര്യൻ ചെറുപ്പത്തിലേ മനസ്സിലാക്കിയിരുന്നു.
വർഷങ്ങൾക്ക് ശേഷം, 50-ാം വയസ്സിൽ മീനാക്ഷി ജോലിയിൽ നിന്നും വിരമിച്ചു. ആര്യൻ ബാംഗ്ലൂരിലെ പ്രശസ്തമായ ഒരു മൾട്ടി-സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ ചീഫ് സർജനായി സേവനം അനുഷ്ഠിക്കുകയായിരുന്നു.
ഒരു ദിവസം, മകനെ കാണാനായി ഹോസ്പിറ്റലിൽ എത്തിയ മീനാക്ഷി, ആര്യന്റെ മുറിയിൽ നിന്നും ഇറങ്ങിവരുന്ന ഒരു വ്യക്തിയെ കണ്ട് തരിച്ചുനിന്നു. വയസ്സനായി, തലമുടി നരച്ച്, രോഗബാധിതനായി നിൽക്കുന്ന ദേവാനന്ദ്!
പെട്ടെന്നുള്ള മാനസിക ആഘാതത്തിൽ മീനാക്ഷി തലകറങ്ങി വീണു. ആര്യൻ ഓടിയെത്തി അമ്മയെ കാഷ്വാലിറ്റിയിലേക്ക് മാറ്റി. അല്പസമയത്തിനകം ബോധം തെളിഞ്ഞ അമ്മയുടെ പരവശത കണ്ട ആര്യന് കാര്യം മനസ്സിലായി.
ഇതിനിടയിൽ, പുറത്തുനിന്ന ദേവാനന്ദിനോട് ആര്യൻ അവിടുത്തെ വിവരങ്ങൾ ചോദിച്ചറിഞ്ഞു. താൻ അന്ന് കണ്ടത് സ്വന്തം മകനാണെന്നും, പവിത്രമായ ആ ബന്ധം താൻ പണ്ടേ തല്ലിക്കെടുത്തിയതാണെന്നും ദേവാനന്ദ് കരഞ്ഞുകൊണ്ട് സമ്മതിച്ചു.
“മകനേ… എനിക്ക് മാപ്പ് തരൂ. എൻ്റെ ഭാര്യ ഏതാനും വർഷങ്ങൾക്ക് മുൻപ് രോഗം ബാധിച്ച് മരിച്ചു. ഞങ്ങൾക്ക് കുട്ടികളൊന്നുമില്ല. ഞാൻ ഇന്ന് ഈ ലോകത്ത് തികച്ചും ഒറ്റയ്ക്കാണ്. നിങ്ങളുടെ മുന്നിൽ ഞാൻ പ്രായശ്ചിത്തം ചെയ്യാം…” ദേവാനന്ദ് യാചിച്ചു.
എന്നാൽ ആര്യൻ തികഞ്ഞ പുച്ഛത്തോടെ അയാളെ നോക്കി: “ഒരു ഡോക്ടർ എന്ന നിലയിൽ എൻ്റെ മുന്നിൽ വരുന്ന രോഗിയോട് കാണിക്കേണ്ട അനുകമ്പ മാത്രമാണ് എനിക്ക് തങ്ങളോട് ഉള്ളത്. എൻ്റെ അമ്മയെ ചതിച്ച് തെരുവിൽ ഉപേക്ഷിച്ച താൻ എനിക്ക് അച്ഛനല്ല. മേലിൽ ഞങ്ങളുടെ ജീവിതത്തിലേക്ക് വരാൻ ശ്രമിക്കരുത്.”
ആര്യൻ തൻ്റെ തീരുമാനങ്ങളെല്ലാം അമ്മയോട് പറഞ്ഞു. മീനാക്ഷി മകനെ ചേർത്തുപിടിച്ചു.
പിന്നീട് ആര്യൻ പ്രശസ്തയായ മറ്റൊരു ഡോക്ടറെ വിവാഹം കഴിച്ചു. അവർക്ക് രണ്ട് മക്കൾ പിറന്നു. കൊച്ചുമക്കളുടെ കളിച്ചിരികൾക്കിടയിൽ മീനാക്ഷി തൻ്റെ പൂർവ്വകാല ദുരന്തങ്ങളെയെല്ലാം മറന്നു.
വർഷങ്ങൾക്ക് ശേഷം, തൻ്റെ അമ്മയുടെ ജന്മനാട്ടിലെ ക്ഷേത്രത്തിൽ കർക്കടക വാവുബലി തർപ്പണം നടത്താൻ കുടുംബസമേതം എത്തിയ ആര്യൻ, അവിടെവെച്ച് പ്രായമേറിയ വിക്രം ആദിത്യനെ വീണ്ടും കണ്ടുമുട്ടി.
തൻ്റെ അമ്മയ്ക്ക് ജീവൻ തിരികെ നൽകിയ ആ മഹാനുഭാവന്റെ കാലുകൾ തൊട്ട് വന്ദിക്കുമ്പോൾ ആര്യന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.
“എൻ്റെ അമ്മയെപ്പോലെ ത്യാഗസമ്പൂർണ്ണമായ ജീവിതം നയിച്ച ഒരു സ്ത്രീ ഈ ലോകത്ത് വേറെയുണ്ടാകില്ല സാർ… ഇനിയൊരു ജന്മമുണ്ടെങ്കിലും എനിക്ക് ഈ അമ്മയുടെ മകനായിത്തന്നെ ജനിക്കണം…” എന്ന് പ്രാർത്ഥിച്ചുകൊണ്ട് ആ മകൻ ഗംഗാനദിയേക്കാൾ പവിത്രമായ തൻ്റെ അമ്മയുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അർപ്പിച്ചു.

by