# നിഴൽ മായുമ്പോൾ
“അമ്മേ… എൻ്റെ പേരിൻ്റെ കൂടെയുള്ള അയാളുടെ പേര് എനിക്ക് മാറ്റിത്തരണം. പ്ലീസ് അമ്മേ…”
സ്കൂൾ വിട്ടു വന്ന് ബാഗ് കട്ടിലിലേക്ക് എറിഞ്ഞ്, കണ്ണുകളിൽ വാശിയും സങ്കടവും നിറച്ച് മുന്നിൽ വന്നു നിന്ന ഒൻപതു വയസ്സുകാരിയായ മകൾ മാളവികയുടെ ചോദ്യം കേട്ട് ദേവിക ഒരു നിമിഷം തരിച്ചുനിന്നുപോയി. അവളുടെ നെഞ്ച് പടപടാ ഇടിച്ചു.
“എന്താ മോളേ നീ ഈ പറയുന്നത്?” ദേവിക വിക്കി വിക്കി ചോദിച്ചു. “നമ്മുടെ നാട്ടിലൊക്കെ മക്കളുടെ പേരിൻ്റെ കൂടെ അച്ഛൻ്റെ പേരാണ് എല്ലാവരും ചേർക്കാറുള്ളത്. നീ ഇപ്പൊ എന്താ പെട്ടെന്ന് ഇങ്ങനെ ഒരു കാര്യം പറയാൻ?”
“അല്ല അമ്മേ, എനിക്ക് അയാളുടെ പേര് വേണ്ട. എല്ലാവരും അങ്ങനെ ചെയ്യുന്നു എന്ന് കരുതി ഞാനും അത് ചെയ്യണം എന്ന് നിർബന്ധമുണ്ടോ? എൻ്റെ പേരിൻ്റെ കൂടെ അമ്മയുടെ പേര് ചേർത്താൽ മതി. മാളവിക ദേവിക—അതാണ് എനിക്ക് കേൾക്കാൻ ഏറ്റവും ഇഷ്ടം. അയാളുടെ പേര് എൻ്റെ നിഴലിൽ പോലും വരുന്നത് എനിക്ക് ഇഷ്ടമല്ല.” മാളവികയുടെ ശബ്ദത്തിൽ ഒരു ഒൻപതു വയസ്സുകാരിക്ക് ഉണ്ടാകാൻ പാടില്ലാത്ത അത്രയും ദൃഢതയുണ്ടായിരുന്നു.
ദേവിക അവളുടെ അരികിലേക്ക് ചെന്ന് ആ കൈകളിൽ പിടിച്ചു. “മോളേ… ഇങ്ങനെയൊന്നും ശാഠ്യം പിടിക്കരുത്. നിൻ്റെ അച്ഛൻ്റെ പേരല്ലേ മാധവ് എന്നത്? ‘മാളവിക മാധവ്’ എന്ന് കേൾക്കാൻ എത്ര ഭംഗിയുണ്ട്. സ്കൂളിലെ റെക്കോർഡുകളിലും സർട്ടിഫിക്കറ്റുകളിലും ഒക്കെ ആ പേരാണ് ഉള്ളത്.”
“എനിക്ക് ആ ഭംഗിയും വേണ്ട ഒരു മണ്ണാങ്കട്ടയും വേണ്ട!” മാളവിക കൈകൾ കുടഞ്ഞുമാറ്റി. “എനിക്ക് അയാളെ വെറുപ്പാണ്. അങ്ങനെയുള്ളപ്പോൾ അയാളുടെ പേര് ഞാൻ എങ്ങനെ ഇഷ്ടപ്പെടും? എനിക്ക് അച്ഛനില്ല അമ്മേ, എനിക്ക് ഈ ലോകത്ത് എൻ്റെ അമ്മ മാത്രമാണുള്ളത്. എനിക്ക് അമ്മ മാത്രം മതി.”
ദേവികയുടെ കണ്ണുകൾ നിറഞ്ഞു. മകളുടെ മനസ്സിൽ കിടക്കുന്ന ആഴത്തിലുള്ള മുറിവുകൾ അവൾക്ക് നന്നായി അറിയാമായിരുന്നു. എങ്കിലും അവളെ ആശ്വസിപ്പിക്കാൻ അവൾ ശ്രമിച്ചു. “മോളേ, നീ വലിയ കാര്യങ്ങൾ ഒന്നും ആലോചിച്ച് വിഷമിക്കേണ്ട. നീ ചെന്ന് മുഖം കഴുകി വാ.”
“അമ്മേ, ഞാൻ ഇന്ന് സ്കൂളിൽ വെച്ച് ക്ലാസ്സ് ടീച്ചറോട് ദേഷ്യപ്പെട്ടു.” മാളവിക പെട്ടെന്ന് പറഞ്ഞു.
“ദേഷ്യപ്പെട്ടെന്നോ? എന്തിന്? ദൈവമേ, നീയും കൂടി ഇനി എനിക്ക് സമാധാനം തരാതിരിക്കുകയാണോ?” ദേവിക തലയിൽ കൈവെച്ചുപോയി.
“ടീച്ചർ അറ്റൻഡൻസ് വിളിച്ചപ്പോൾ ‘മാളവിക മാധവ്’ എന്ന് വിളിച്ചു. ആ പേര് കേട്ടപ്പോൾ എനിക്ക് സഹിക്കാൻ പറ്റിയില്ല. ഞാൻ വിളികേട്ടില്ല. ടീച്ചർ വീണ്ടും വീണ്ടും ആ പേര് വിളിച്ചപ്പോൾ ഞാൻ എഴുന്നേറ്റ് നിന്ന് പറഞ്ഞു, എന്നെ ആ പേര് വിളിക്കരുത്, എനിക്ക് ആ പേര് ഇഷ്ടമല്ല എന്ന്. ടീച്ചർ എന്നെ വഴക്കുപറഞ്ഞു. ചിലപ്പോൾ അമ്മയെ സ്കൂളിലേക്ക് വിളിക്കാൻ സാധ്യതയുണ്ട്.” മാളവിക ഒരു ഭയവുമില്ലാതെ പറഞ്ഞു.
“നീയെന്നെ നാണംകെടുത്തുമല്ലോ മോളേ… ടീച്ചറോട് അങ്ങനെയാണോ സംസാരിക്കുന്നത്?” ദേവിക സങ്കടത്തോടെ ചോദിച്ചു.
“ടീച്ചർ വിളിക്കുമ്പോൾ അമ്മയോട് കാര്യം പറഞ്ഞോളാം. എനിക്ക് നല്ല വിശപ്പുണ്ട്, കഴിക്കാൻ എന്തെങ്കിലും താ അമ്മേ.” അതും പറഞ്ഞ് മാളവിക ഒട്ടും ഭാവവ്യത്യാസമില്ലാതെ അകത്തെ മുറിയിലേക്ക് നടന്നുപോയി.
ദേവിക അവിടെത്തന്നെ തരിച്ചിരുന്നു. “ഇവൾ എന്താ ഇങ്ങനെ വളരുന്നത്? ദൈവമേ… ഒരു പത്തു വയസ്സുപോലും തികയാത്ത കുട്ടി ഇത്രയും കടുപ്പത്തിൽ ചിന്തിക്കാൻ തുടങ്ങിയാൽ ഞാൻ എന്താണ് ചെയ്യുക? ഇനി ആ ടീച്ചർ വിളിക്കുമ്പോൾ ഞാൻ എന്താണ് മറുപടി പറയുക? ഒരു ഭാഗത്തുനിന്ന് മാധവൻ തന്ന സങ്കടങ്ങൾ, മറുഭാഗത്ത് അമ്മയുടെ കുറ്റപ്പെടുത്തലുകൾ… ഇതിനിടയിൽ എൻ്റെ മോളും…” അവൾ സ്വയം മന്ത്രിച്ചു.
ഒരു ദീർഘനിശ്വാസത്തോടെ ദേവിക അടുക്കളയിലേക്ക് നടന്നു. മകൾക്കായി അവൾ വൈകുന്നേരം ഉണ്ടാക്കിവെച്ച ഉണ്ണിയപ്പവും ചൂട് ചായയും ഒരു പ്ലേറ്റിലാക്കി ഡൈനിംഗ് ടേബിളിൽ കൊണ്ടുവെച്ചു.
“മോളേ മാളൂ… ദാ പലഹാരം എടുത്തു വെച്ചിട്ടുണ്ട്. വേഗം വന്ന് കൈയും മുഖവും കഴുകി കഴിക്ക് മോളേ…” ദേവിക വിളിച്ചു.
കുറച്ചു സമയം കഴിഞ്ഞിട്ടും മാളവികയുടെ ഭാഗത്തുനിന്ന് അനക്കമൊന്നും ഉണ്ടായില്ല. “മാളൂ… നീ എവിടെപ്പോയി?” ദേവിക വീണ്ടും വിളിച്ചുകൊണ്ട് അകത്തെ ബെഡ്റൂമിലേക്ക് ചെന്നു.
അവിടെ കണ്ട കാഴ്ച ദേവികയുടെ ഉള്ളുലയ്ക്കുന്നതായിരുന്നു. മാളവിക അലമാരയുടെ വലിയ കണ്ണാടിയുടെ മുന്നിൽ നിൽക്കുകയാണ്. അവൾ കണ്ണാടിയിൽ നോക്കി തൻ്റെ പേരിനൊപ്പമുള്ള മാധവൻ്റെ പേര് എങ്ങനെ മാറ്റാം എന്ന് സ്വയം ആലോചിച്ച് എന്തൊക്കെയോ പുലമ്പുന്നുണ്ടായിരുന്നു. അവളുടെ ചെറിയ കൈകൾ ദേഷ്യം കൊണ്ട് വിറയ്ക്കുന്നുണ്ടായിരുന്നു.
ദേവിക പതുക്കെ അവളുടെ അരികിലേക്ക് ചെന്ന് തോളിൽ കൈവെച്ചു. “എന്താ മോളേ ഇത്? വിശക്കുന്നു എന്ന് പറഞ്ഞിട്ട് നീ എന്താ വന്ന് കഴിക്കാത്തത്?”
മാളവിക കണ്ണാടിയിൽ നിന്ന് കണ്ണ് തിരിച്ച് അമ്മയുടെ മുഖത്തേക്ക് നോക്കി. “ഞാൻ പറഞ്ഞത് അമ്മ കേട്ടല്ലോ അല്ലേ? എനിക്ക് ആ പേര് മാറ്റണം. മാറ്റാൻ പറ്റുമോ അമ്മേ?”
ദേവിക അവളുടെ തലയിൽ തലോടി. “നമുക്ക് നോക്കാം മോളേ… നിയമപരമായി എന്താണ് ചെയ്യുക എന്ന് ഞാൻ അന്വേഷിക്കാം. നീ ഇപ്പൊ വന്ന് കഴിക്ക്.”
“അമ്മയ്ക്ക് ഓർമ്മയുണ്ടോ, നമ്മുടെ അയൽപക്കത്തെ വക്കീൽ ആൻ്റിയെ? അമ്മ ആ ആൻ്റിയെ ഒന്ന് ഫോൺ വിളിച്ച് ചോദിക്കാമോ? പേര് മാറ്റാൻ എന്താണ് ചെയ്യേണ്ടതെന്ന്?” മാളവികയുടെ ചോദ്യത്തിൽ ഒരു വല്ലാത്ത നിർബന്ധമുണ്ടായിരുന്നു.
“ചോദിക്കാം മോളേ, ഞാൻ ഇന്ന് തന്നെ ചോദിക്കാം.”
“ഉറപ്പാണല്ലോ അല്ലേ അമ്മേ? എന്നെ പറ്റിക്കില്ലല്ലോ?”
“ഉറപ്പ് മോളേ, അമ്മ തരുന്ന ഉറപ്പ്. നീ വാ…” ദേവിക അവളെ ചേർത്തുപിടിച്ച് ഡൈനിംഗ് റൂമിലേക്ക് കൂട്ടിക്കൊണ്ടുപോയി.
മാളവിക ടേബിളിന് അരികിലിരുന്ന് ചായ കുടിക്കാൻ തുടങ്ങിയപ്പോഴാണ് ദേവികയുടെ അമ്മ കാർത്യായനി അവിടുത്തെ തൊഴിലുറപ്പ് പണിയെല്ലാം കഴിഞ്ഞ് ക്ഷീണിച്ച് വീട്ടിലേക്ക് കയറിവന്നത്. അവർ കൈയും കാലും കഴുകി ഉമ്മറത്തേക്ക് വന്നിരുന്നു.
“ദേവികേ… ഞാൻ വരുന്ന വഴി കവലയിൽ വെച്ച് കേട്ടു, മാധവൻ അവളേയും മോളേയും കൂട്ടിക്കൊണ്ടുപോകാൻ ഇങ്ങോട്ട് വരുന്നുണ്ടെന്ന്. ടൗണിൽ വെച്ച് ആരോ അവനെ കണ്ടത്രെ.” കാർത്യായനി അകത്തേക്ക് നോക്കി വിളിച്ചുപറഞ്ഞു.
ആ വാക്ക് കേട്ടതേ മാളവികയുടെ കൈയിലിരുന്ന ചായ ഗ്ലാസ്സും ഉണ്ണിയപ്പവും തറയിലേക്ക് വീണു തകർന്നു. ചായ തറയിലാകെ പടർന്നു. അവൾ സീറ്റിൽ നിന്ന് ചാടിയെഴുന്നേറ്റ് ഉറക്കെ നിലവിളിച്ചു.
“ആരുടെ അച്ഛൻ? ആര് വരുന്നു എന്നാ ഈ പറയുന്നത്?” മാളവികയുടെ കണ്ണുകളിൽ ഭയം കലർന്ന കോപം തിളച്ചു മറിഞ്ഞു.
“നിൻ്റെ അച്ഛൻ മാധവൻ അല്ലാതെ പിന്നെ ആര്? നിങ്ങളെ കൊണ്ടുപോകാൻ അവൻ വരുമായിരിക്കും.” കാർത്യായനി പറഞ്ഞു.
“എനിക്ക് അങ്ങനെ ഒരു അച്ഛനില്ല! ഞാൻ എത്ര തവണ പറയണം അമ്മമ്മയോട്? ഇനിയും അയാൾ ഈ വീട്ടിൽ വന്നാൽ ഞാൻ എന്താ ചെയ്യുക എന്ന് എനിക്ക് അറിയില്ല. അമ്മമ്മ എന്തിനാ വീണ്ടും വീണ്ടും അയാളുടെ പേര് പറയുന്നത്?” മാളവിക നിയന്ത്രണം വിട്ട് കരഞ്ഞു.
കാർത്യായനി ഭയന്നുപോയി. അവർ വേഗം മാളവികയുടെ അരികിലേക്ക് ചെന്ന് അവളെ ചേർത്തുപിടിക്കാൻ ശ്രമിച്ചു. “മോളേ മാളൂ… അമ്മമ്മ വെറുതെ പറഞ്ഞതല്ലേടാ. എൻ്റെ പൊന്നുമോൾക്ക് ഇഷ്ടമല്ലെങ്കിൽ അമ്മമ്മ ഇനി പറയില്ല. സാരമില്ല, കരയാതെ…”
“വേണ്ട… എനിക്ക് ആരുടെയും സ്നേഹം വേണ്ട. എനിക്ക് എൻ്റെ അമ്മ മാത്രം മതി!” മാളവിക അമ്മമ്മയെ ദൂരേക്ക് തള്ളിമാറ്റി ഓടിച്ചെന്ന് ദേവികയെ കെട്ടിപ്പിടിച്ച് അവളുടെ വയറ്റിൽ മുഖമൊളിപ്പിച്ചു കരഞ്ഞു.
കാർത്യായനി ഒരു നിമിഷം ദേഷ്യത്തോടെ നോക്കി. “അവൻ്റെ ചോരയല്ലേ… ആ നന്ദികേട് അവൾക്കും കാണും. ചോര തിളപ്പ് മാറിയിട്ടില്ല.”
“അമ്മേ… ഒന്ന് നിർത്തുന്നുണ്ടോ? വെറുതെ ഇരിക്കുന്ന കുട്ടിയെ എന്തിനാ ഇങ്ങനെ ദേഷ്യം പിടിപ്പിക്കുന്നത്? അവൾ സ്കൂളിൽ നിന്ന് വന്ന് ഒന്നു സമാധാനമായി ഇരുന്നതേയുള്ളൂ.” ദേവിക അമ്മയോട് ദേഷ്യപ്പെട്ടു.
“ആഹാ… ഇപ്പൊ ഞാൻ പറഞ്ഞതാണോ തെറ്റ്?” കാർത്യായനി ഇടുപ്പിൽ കൈകുത്തി നിന്നു. “അന്ന് ഞാൻ പറഞ്ഞതാ, ആ മാധവൻ്റെ സ്വഭാവം ശരിയല്ല, അവൻ്റെ കൂടെ പോകേണ്ട എന്ന്. അപ്പൊ അവനെ മാത്രം മതി എന്നും പറഞ്ഞ് അവൻ്റെ കൈയും പിടിച്ച് പോയവളാ നീ. ഇപ്പൊ എന്തായി? വയസ്സ് മുപ്പത് തികയുന്നതിന് മുൻപ് പത്തു വയസ്സുള്ള മോളേയും കൂട്ടി അമ്മയുടെ വീട്ടിൽ വന്നു കേറിയിരിക്കുന്നു. അവൻ നിന്നെയും ഈ കൊച്ചിനെയും അടിച്ചിറക്കി വിട്ടിട്ട് ആറുമാസം തികഞ്ഞില്ല, അതിന് മുൻപ് അവൻ മറ്റൊരുത്തിയെയും കൂട്ടി അവിടെ താമസം തുടങ്ങി. അതറിഞ്ഞ് എൻ്റെ നെഞ്ചാ പൊട്ടിയത്. അത് ഞാൻ ഇവിടെ വന്നു പറഞ്ഞപ്പോൾ ഞാനായി ഇപ്പൊ കുറ്റക്കാരി!”
“അമ്മേ… അമ്മയ്ക്ക് അറിയാവുന്നതല്ലേ, മാളൂന് മാധവൻ്റെ പേര് കേൾക്കുന്നത് പോലും പേടിയും ദേഷ്യവുമാണെന്ന്. പിന്നെ എന്തിനാ വീണ്ടും ആ കാര്യങ്ങൾ ഇവിടെ പറയുന്നത്?” ദേവിക മകളെ കൂടുതൽ ഇറുക്കിപ്പിടിച്ചുകൊണ്ട് ചോദിച്ചു.
“പിന്നെ ഞാൻ മിണ്ടാതിരിക്കണോ?” കാർത്യായനിയുടെ ശബ്ദം ഉയർന്നു. “മൂന്ന് പെൺമക്കളെ വളർത്തി വലുതാക്കി, ഓരോരുത്തരെ കെട്ടിച്ചയച്ചപ്പോൾ ഞാൻ വിചാരിച്ചു, ഇനി എനിക്ക് അല്പം വിശ്രമിക്കാം എന്ന്. ആ സമയത്താണ് നിങ്ങളുടെ അച്ഛൻ വലിപ്പും വന്ന് കിടപ്പിലായത്. ദേ ഇപ്പൊ മൂത്തമകൾ കെട്ടിയവനും ഉപേക്ഷിച്ച് കുട്ടിയേയും കൂട്ടി തിരിച്ചുവന്നിരിക്കുന്നു. നാട്ടുകാരുടെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞു മടുത്തു ഞാൻ.”
“അമ്മ പറയുന്ന കേട്ടാൽ തോന്നുമല്ലോ ഞാൻ സുഖിക്കാൻ വേണ്ടി കെട്ടിയവനെ ഉപേക്ഷിച്ച് ഇങ്ങോട്ട് പോന്നു എന്ന്!” ദേവികയുടെ കണ്ണുകളിൽ നിന്നും കണ്ണീർ ഒലിച്ചിറങ്ങി. “മാധവന് എന്നെയും മോളേയും വേണ്ട എന്ന് പറഞ്ഞ് ആ വീട്ടിൽ നിന്ന് ആട്ടിപ്പായിച്ചതിന് ശേഷമാണ് ഞാൻ മോളുടെ കൈയും പിടിച്ച് ഇറങ്ങിയത്. അല്ലാതെ സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങിപ്പോന്നതല്ല.”
“നീ അങ്ങനെ പടിയിറങ്ങി പോന്നതുകൊണ്ടല്ലേ അവൻ ആ കാമുകിയെയും അവളുടെ കുഞ്ഞിനെയും അങ്ങോട്ട് കൂട്ടിക്കൊണ്ടുവന്ന് താമസിപ്പിച്ചത്? നീ അവിടെത്തന്നെ ക്ഷമിച്ച് കിടക്കണമായിരുന്നു.” കാർത്യായനി പഴഞ്ചൻ ചിന്താഗതി വിളമ്പി.
“പിന്നെ ഞാൻ എന്ത് ചെയ്യണമായിരുന്നു അമ്മേ?” ദേവിക ഉറക്കെ ചോദിച്ചു. “സ്വന്തം ഭർത്താവിൻ്റെ പരസ്ത്രീ ബന്ധത്തിന് കൂട്ടുനിന്ന്, അവൻ ചെയ്യുന്ന എല്ലാ അക്രമങ്ങളും സഹിച്ച്, എന്നെയും മോളേയും കൊല്ലാൻ നോക്കിയാലും ഞാൻ അവിടെത്തന്നെ ക്ഷമിച്ച് നിൽക്കണമായിരുന്നോ?”
“പെണ്ണുങ്ങളായാൽ ചിലതൊക്കെ കണ്ടില്ല കേട്ടില്ല എന്ന് നടിക്കണം ദേവികേ… അതാണ് കുടുംബ മര്യാദ.” കാർത്യായനി പറഞ്ഞു.
പെട്ടെന്ന് ദേവികയുടെ മാറിക്കിടന്ന മാളവിക തലയുയർത്തി. “ഞാനും കണ്ടില്ല കേട്ടില്ല എന്ന് നടിക്കണമായിരുന്നോ അമ്മമ്മേ?” അവളുടെ ചോദ്യം കേട്ട് കാർത്യായനി ഒരു നിമിഷം നിശബ്ദയായി.
“അതിന് നീ എന്താ കണ്ടതും കേട്ടതും? കൊച്ചു കുട്ടികൾ വലിയവർ സംസാരിക്കുന്നതിനിടയിൽ കയറി സംസാരിക്കേണ്ട.” കാർത്യായനി അവളെ ഒതുക്കാൻ നോക്കി.
“ഞാൻ കുട്ടിയാണ്, ഞാൻ അത് സമ്മതിക്കുന്നു.” മാളവിക മുന്നോട്ട് നടന്നു വന്നു. “എൻ്റെ അച്ഛനും വിചാരിച്ചത് ഞാൻ ഒരു കൊച്ചുകുട്ടിയാണെന്നാണ്. എനിക്ക് ഒന്നും മനസ്സിലാകില്ല എന്ന് അയാൾ കരുതി. പക്ഷേ ചില കാര്യങ്ങൾ കുഞ്ഞുങ്ങൾക്കും മനസ്സിലാകും എന്ന് അയാൾ ഓർത്തില്ല.”
“നിനക്ക് എന്താ മനസ്സിലായത്?” കാർത്യായനി അത്ഭുതത്തോടെ ചോദിച്ചു.
“എന്നെക്കൊണ്ട് ഒന്നും പറയിപ്പിക്കേണ്ട അമ്മമ്മേ… ഞാൻ ഇതുവരെ ഈ കാര്യങ്ങൾ എൻ്റെ അമ്മയോട് പോലും പറഞ്ഞിട്ടില്ല. എൻ്റെ അമ്മ ഇത് കേട്ടാൽ വിഷമിക്കും എന്ന് കരുതിയാണ് ഞാൻ എല്ലാം ഉള്ളിൽ ഒതുക്കിയത്. പക്ഷേ അമ്മമ്മ എൻ്റെ അമ്മയെ മാത്രം കുറ്റപ്പെടുത്തുന്നത് കേട്ടപ്പോൾ എനിക്ക് സഹിക്കാൻ പറ്റുന്നില്ല. അതുകൊണ്ട് ഞാൻ പറയാം, അയാൾ എത്ര വലിയ മൃഗമാണെന്ന്.”
ദേവിക മകളുടെ മുഖത്തേക്ക് നോക്കി. “മോളേ മാളൂ… നീ എന്തൊക്കെയാ ഈ പറയുന്നത്? എനിക്ക് ഒന്നും മനസ്സിലാകുന്നില്ലല്ലോ.” അവളുടെ നെഞ്ച് വീണ്ടും ഭയം കൊണ്ട് നിറഞ്ഞു.
“എനിക്ക് പറയണം അമ്മേ… എനിക്ക് അയാളെ ഇഷ്ടമല്ലാത്തതിൻ്റെ കാരണം ഇന്ന് അമ്മയും അമ്മമ്മയും അറിയണം.” മാളവിക ദേവികയുടെ കൈകളിൽ പിടിച്ചു.
“അമ്മ ഞായറാഴ്ചകളിൽ ആ ടെക്സ്റ്റൈൽസ് ഷോപ്പിൽ ജോലിക്ക് പോകുമ്പോൾ, അച്ഛൻ എന്നെയും കൂട്ടി എൻ്റെ ക്ലാസ്സിലെ കൂട്ടുകാരി അനാമികയുടെ വീട്ടിലേക്ക് പോകുമായിരുന്നു. പോകുന്ന വഴി വലിയ ബേക്കറിയിൽ കയറി അനാമികയ്ക്ക് കൊടുക്കാൻ ചോക്ലേറ്റും കളിപ്പാട്ടങ്ങളും വാങ്ങും. അവിടെ ചെല്ലുമ്പോൾ തന്നെ അച്ഛൻ ആ സമ്മാനങ്ങൾ അനാമികയ്ക്ക് നൽകും. അതിൽ നിന്ന് ഒരു മിഠായി പോലും എനിക്ക് തരാതെ അനാമികയുടെ അമ്മ അതെല്ലാം വാങ്ങി മാറ്റിവെയ്ക്കും. ഞാൻ അനാമികയുടെ കൂടെ കളിക്കാനായി മുറ്റത്തേക്ക് ഓടും. കളി കഴിഞ്ഞ് ഞങ്ങൾ തിരികെ മുറിയിലേക്ക് എത്തുമ്പോൾ അച്ഛനെയും ആൻ്റിയെയും അവിടെ കാണാറില്ലായിരുന്നു. ആദ്യമൊക്കെ ഞാൻ വിചാരിച്ചു അച്ഛൻ പുറത്തുപോയതാണെന്ന്.”
മാളവിക ശ്വാസമടക്കിപ്പിടിച്ചുകൊണ്ട് തുടർന്നു: “ഒരു ദിവസം ഞാനും അനാമികയും കൂടി കളിക്കുന്നതിനിടയിൽ അടച്ചിട്ടിരുന്ന അവരുടെ ബെഡ്റൂം പതുക്കെ തുറന്നു. അപ്പോൾ ഞാൻ കണ്ടത്… അച്ഛനും ആ ആൻ്റിയും കെട്ടിപ്പിടിച്ച് കിടക്കുന്നതാണ്. പിന്നീട് പല പ്രാവശ്യം ഞാൻ ഇത് കണ്ടിട്ടുണ്ട്. അപ്പോഴൊക്കെ എനിക്ക് അച്ഛനോട് വല്ലാത്ത ദേഷ്യവും വെറുപ്പും തോന്നിയിരുന്നു.”
ദേവികയുടെ തകർന്നുപോയ ഹൃദയത്തോടെ മകളെ നോക്കിനിന്നു. അവളുടെ കാലുകൾ വിറയ്ക്കുന്നുണ്ടായിരുന്നു.
“അനാമിക എന്നോട് എപ്പോഴും പറയുമായിരുന്നു, എൻ്റെ അച്ഛൻ തന്നെയാണ് അവളുടെയും അച്ഛൻ എന്ന്. അതിലൊന്നും എനിക്ക് സങ്കടം തോന്നിയിട്ടില്ല. പക്ഷേ അവിടെ നിന്ന് തിരികെ വരുന്ന വഴി ഞാൻ അച്ഛനോട് പറയും, എനിക്കും ഒരു ചോക്ലേറ്റ് വാങ്ങിത്തരണം എന്ന്. പക്ഷേ ഒരിക്കൽ പോലും അയാൾ എനിക്ക് ഒരു മിഠായി പോലും വാങ്ങിത്തന്നിട്ടില്ല. സ്വന്തം മകളായ എനിക്ക് തരാത്ത ചോക്ലേറ്റാണ് അയാൾ മറ്റൊരാൾക്ക് വാങ്ങി നൽകിയത്.”
“ചില ദിവസങ്ങളിൽ ഞാൻ സ്കൂൾ വിട്ടു വരുമ്പോൾ ആ ആൻ്റി നമ്മുടെ വീട്ടിൽ ഉണ്ടാകുമായിരുന്നു. അമ്മ ജോലിക്ക് പോയ സമയം നോക്കിയാണ് അവർ വരുന്നത്. നമ്മുടെ ബെഡ്റൂമിൽ അച്ഛനോടൊപ്പം അവർ കിടക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഒരിക്കൽ അമ്മയ്ക്ക് കടുത്ത പനി പിടിച്ച് ആശുപത്രിയിൽ അഡ്മിറ്റ് ആയ ദിവസം ഓർമ്മയുണ്ടോ? അന്ന് രാത്രി ആ ആൻ്റി നമ്മുടെ വീട്ടിൽ വന്നു. അന്ന് അച്ഛനും ആൻ്റിയും കൂടി മുറിയിൽ കയറി കതകടച്ചു. അമ്മയില്ലാതെ എനിക്ക് തനിച്ചു കിടക്കാൻ പേടിയായി. ഞാൻ പേടിച്ച് കരഞ്ഞു കൊണ്ട് അവരുടെ മുറിയുടെ കതകിൽ മുട്ടി വിളിച്ചു. അപ്പോൾ അച്ഛൻ പുറത്തുവന്ന് എന്നെ ക്രൂരമായി അടിക്കുകയും നുള്ളുകയും ചെയ്തു. എന്നിട്ട് അയാൾ എന്താ പറഞ്ഞത് എന്ന് അറിയാമോ അമ്മമ്മേ?”
മാളവിക കാർത്യായനിയുടെ മുഖത്തേക്ക് നോക്കി. “മര്യാദയ്ക്ക് അവിടെ കിടന്നുറങ്ങിക്കോണം, ഇല്ലെങ്കിൽ നിന്നെ ഈ രാത്രിയിൽ പുറത്താക്കി വാതിലടയ്ക്കും എന്ന്. ഞാൻ പേടിച്ചു വിറച്ച് ആ രാത്രി മുഴുവൻ ഉറങ്ങാതെ അമ്മയെ ഓർത്ത് കരഞ്ഞു. ഇതാണോ അമ്മമ്മ പറയുന്ന വലിയ അച്ഛൻ?”
കാർത്യായനിയുടെ വായടഞ്ഞുപോയി. അവർക്ക് എന്ത് പറയണം എന്ന് അറിയില്ലായിരുന്നു.
“ഒരു ദിവസം അമ്മയും അയാളും തമ്മിൽ വഴക്കുണ്ടായപ്പോൾ അയാൾ പറഞ്ഞത് ഓർമ്മയുണ്ടോ? നമുക്ക് രണ്ടുപേർക്കും അവിടെ നിൽക്കാൻ അവകാശമില്ലെന്നും, ഇറങ്ങിപ്പോയില്ലെങ്കിൽ പെട്രോൾ ഒഴിച്ച് കത്തിക്കുമെന്നും അയാൾ ആക്രോശിച്ചു. അതുകൊണ്ടാണ് എൻ്റെ അമ്മ എന്നെയും കൂട്ടി അവിടെ നിന്ന് പോന്നത്. ഇനി അമ്മമ്മയ്ക്ക് ഞങ്ങൾ ഇവിടെ നിൽക്കുന്നത് ഇഷ്ടമല്ലെങ്കിൽ പറഞ്ഞേക്ക്, ഞങ്ങൾ എങ്ങോട്ടെങ്കിലും പൊയ്ക്കോളാം. കുറച്ചു ദിവസങ്ങളായി അനാമികയെ സ്കൂളിൽ കൊണ്ടുവിടുന്നത് അയാളാണ്. അവളെ ചേർത്തുപിടിച്ച് നടക്കുമ്പോൾ എന്നെ കാണുമ്പോൾ അയാൾ മുഖം തിരിക്കും. അനാമിക ഇപ്പോൾ അയാളെ ‘അച്ഛാ’ എന്നാണ് വിളിക്കുന്നത്. ഇനി അമ്മ പറയൂ… എൻ്റെ പേരിൽ നിന്ന് അയാളുടെ പേര് മാറ്റിത്തരില്ലേ?”
ദേവിക മകളെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു. “മാറ്റിത്തരാം മോളേ… തീർച്ചയായും മാറ്റിത്തരാം. ഇനി നിൻ്റെ പേര് മാളവിക ദേവിക എന്ന് മാത്രമായിരിക്കും.”
“ഉം…” മാളവിക അമ്മയുടെ കണ്ണീർ തുടച്ചുമാറ്റി.
ആ വൈകാരികമായ നിമിഷത്തിലാണ് ദേവികയുടെ കൈയിലിരുന്ന ഫോൺ ശബ്ദിച്ചത്. അവൾ പതുക്കെ ഫോണെടുത്തു നോക്കി. അത് മാളവികയുടെ ക്ലാസ്സ് ടീച്ചറായിരുന്നു.
“ഹലോ… ഇത് മാളവികയുടെ അമ്മ ദേവികയല്ലേ? ഞാൻ അവളുടെ ക്ലാസ്സ് ടീച്ചർ സുജയാണ്.”
“അതെ ടീച്ചർ… മോളു പറഞ്ഞു ടീച്ചറോട് അവൾ ഇന്ന് ദേഷ്യപ്പെട്ടു എന്ന്. അവൾക്ക് വേണ്ടി ഞാൻ ടീച്ചറോട് ക്ഷമ ചോദിക്കുന്നു. അവൾ അനുഭവിച്ച മാനസിക വിഷമം കൊണ്ടാണ്…” ദേവികയുടെ ശബ്ദം ഇടറി.
“ഏയ്… എന്തായിത് ദേവികേ, സാരമില്ല. അവൾ ഒരു കൊച്ചു കുട്ടിയല്ലേ. കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിയാൽ മതി. ഞാൻ അതുകൊണ്ട് വിളിച്ചതല്ല.” ടീച്ചർ പറഞ്ഞു.
“ടീച്ചർ… എനിക്ക് ഒരു ഉപകാരം ചെയ്യണം. മോളുടെ പേരിനൊപ്പം ‘മാധവ്’ എന്ന് ചേർത്ത് ഇനി ക്ലാസ്സിൽ വിളിക്കരുത്. അത് കേൾക്കുന്നത് അവൾക്ക് വലിയ മാനസിക ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. അതാണ് അവളുടെ ദേഷ്യത്തിന് കാരണം.” ദേവിക അഭ്യർത്ഥിച്ചു.
“അതെന്താ ദേവികേ? സ്വന്തം അച്ഛൻ്റെ പേര് വിളിക്കുന്നതാണോ കുട്ടിക്ക് വെറുപ്പ്?” ടീച്ചർ അത്ഭുതത്തോടെ ചോദിച്ചു.
ദേവിക ഒടുവിൽ മാധവൻ്റെ ക്രൂരതകളും മകൾ കണ്ട കാഴ്ചകളും ചുരുങ്ങിയ വാക്കുകളിൽ ടീച്ചറോട് പറഞ്ഞു. അത് കേട്ടപ്പോൾ ടീച്ചറുടെ മനസ്സും അലിഞ്ഞുപോയി.
“ദൈവമേ… അവൾ ഇത്രയും വലിയൊരു മാനസിക വിഷമത്തിലൂടെയാണോ കടന്നുപോകുന്നത്? ഞാൻ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്, മാളവികയ്ക്ക് ഒരു ഒൻപത് വയസ്സുകാരിയുടെ പക്വതയല്ല ഉള്ളത്. വളരെ ഗൗരവത്തോടെയാണ് അവൾ എല്ലാവരോടും സംസാരിക്കുന്നതും പെരുമാറുന്നതും. അവളുടെ ഉള്ളിലെ ഈ സങ്കടം ഞങ്ങൾക്ക് മനസ്സിലാക്കാൻ പറ്റിയില്ല. ഇനി ഞാൻ ഇത് ശ്രദ്ധിച്ചോളാം. മറ്റു ടീച്ചേഴ്സിനോടും ഈ വിവരം ഞാൻ പറയാം. അവൾ ക്ലാസ്സിൽ സമാധാനത്തോടെ ഇരിക്കട്ടെ.” ടീച്ചർ ഉറപ്പുനൽകി.
“വളരെ നന്ദി ടീച്ചർ…” ദേവിക ഫോൺ കട്ട് ചെയ്തു.
ദേവിക മാളവികയുടെ അരികിലേക്ക് ചെന്നു. “ഇനി ടീച്ചർ മോളെ ആ പേര് ചേർത്ത് വിളിക്കില്ല. മോൾ ക്ലാസ്സിൽ നല്ല കുട്ടിയായി ഇരിക്കണം. നിയമപരമായി പേര് മാറ്റാനുള്ള കാര്യങ്ങൾ ഞാൻ വക്കീൽ ആൻ്റിയോട് ചോദിച്ച് ഉടനെ തന്നെ ചെയ്യാം. റെക്കോർഡുകളിലൊക്കെ നിൻ്റെ പേര് ‘മാളവിക ദേവിക’ എന്നാക്കി മാറ്റാം.”
അത് കേട്ടതും മാളവികയുടെ മുഖത്ത് ഒരു വലിയ സന്തോഷം വിരിഞ്ഞു. അവൾ ഓടിവന്ന് ദേവികയെ കെട്ടിപ്പിടിച്ചു. “അമ്മേ… ഞാൻ ഒരു കാര്യം കൂടി ചോദിച്ചാൽ എനിക്ക് ചെയ്തു തരുമോ?”
“എന്താ മോളേ?”
“എന്നെ ആ സ്കൂളിൽ നിന്ന് മാറ്റി മറ്റൊരു സ്കൂളിൽ ആക്കാമോ?”
“അതെന്തിനാ മോളേ? അവിടെ നല്ല ടീച്ചർമാരല്ലേ ഉള്ളത്?”
“അവിടെ ഉണ്ടാകുമ്പോൾ എനിക്ക് അയാളെയും അനാമികയെയും കാണേണ്ടി വരും. എനിക്ക് അയാളെ കാണുന്നത് തന്നെ വെറുപ്പാണ്.” മാളവിക തൻ്റെ വിഷമം പറഞ്ഞു.
ദേവിക മകളുടെ തോളിൽ കൈവെച്ച് അവളെ നേരെ നോക്കി. “അത് പാടില്ല മോളേ… നീ ആ സ്കൂളിൽ തന്നെ പഠിക്കണം. അയാൾ നിന്നെ ഉപേക്ഷിച്ചിട്ടും, നിൻ്റെ അമ്മയെ തകർക്കാൻ നോക്കിയിട്ടും നമ്മൾ തോറ്റുപോയില്ല എന്ന് അയാൾ കാണണം. അയാളുടെ മുന്നിൽ തന്നെ നീ തലയുയർത്തി വളരണം. എൻ്റെ മോൾക്ക് നല്ല കഴിവുകളുണ്ട്. ആ കഴിവുകൾ ഉപയോഗിച്ച് നീ നന്നായി പഠിക്കണം, വലിയ നിലയിൽ എത്തണം. നമ്മൾ ഒരു തെറ്റും ചെയ്തിട്ടില്ല മോളേ… സ്വന്തം അമ്മയും കാമുകനും കൂടി തന്നെ വഞ്ചിക്കുകയായിരുന്നു എന്ന് ഒരിക്കൽ അനാമിക തിരിച്ചറിയും. അന്ന് അവൾ സ്വന്തം അമ്മയോടും ആ മാധവനോടും ചോദ്യങ്ങൾ ചോദിക്കും. തൻ്റെ അച്ഛൻ മാധവനല്ല എന്ന് അവൾ മനസ്സിലാക്കുന്ന ഒരു ദിവസമുണ്ടാകും. അന്ന് അവൾ അയാളെ വെറുക്കാൻ തുടങ്ങും. അന്ന് അവൾ തൻ്റെ യഥാർത്ഥ അച്ഛനെ അന്വേഷിച്ച് ഇറങ്ങും. അന്ന് അവൾ മനസ്സിലാക്കും അവളുടെ അച്ഛൻ ഒരു പാവമായിരുന്നു എന്ന്.”
മാളവിക കുറച്ചു നേരം ആലോചിച്ചു നിന്നു. “ശരി അമ്മേ… എനിക്ക് സ്കൂൾ മാറേണ്ട. എൻ്റെ പേര് മാറുമല്ലോ, അത് മതി. അമ്മേ… അനാമികയുടെ യഥാർത്ഥ അച്ഛൻ ആരാണെന്ന് അമ്മയ്ക്ക് അറിയാമോ?”
“അറിയാം മോളേ… ഭാര്യയെയും മകളെയും ജീവനേക്കാൾ ഏറെ സ്നേഹിച്ച ഒരു നല്ല മനുഷ്യൻ. അവർക്ക് വേണ്ടി മാത്രം ജീവിച്ച ഒരു പാവം കൃഷിക്കാരൻ. ഭാര്യയുടെ തെറ്റായ ബന്ധം ചോദ്യം ചെയ്തപ്പോൾ അവൾ അയാളെ കള്ളക്കേസിൽ കുടുക്കി ആ വീട്ടിൽ നിന്ന് ഇറക്കിവിട്ടു. അദ്ദേഹം ഇപ്പോൾ തൻ്റെ തറവാട്ടിൽ വൃദ്ധരായ അച്ഛനും അമ്മയ്ക്കുമൊപ്പം കൃഷിപ്പണികൾ ചെയ്ത് ജീവിക്കുകയാണ്.” ദേവികയുടെ വാക്കുകളിൽ ആ മനുഷ്യനോടുള്ള സഹതാപമുണ്ടായിരുന്നു.
മാളവിക പെട്ടെന്ന് ദേവികയുടെ കൈകളിൽ പിടിച്ചു. “അമ്മേ… അമ്മ ഉടനെ തന്നെ അയാളിൽ നിന്ന് ഡിവോഴ്സ് വാങ്ങണം. എന്നിട്ട് ആ നല്ല മനുഷ്യനെ വിവാഹം കഴിക്കണം. അപ്പോൾ എനിക്ക് ഒരു നല്ല അച്ഛനെ കിട്ടുമല്ലോ. നമ്മൾ മൂന്നുപേർക്കും ഒരുമിച്ച് ജീവിക്കാമല്ലോ?”
മകളുടെ ആ നിഷ്കളങ്കമായ ചോദ്യം കേട്ട് ദേവിക ഒരു നിമിഷം ഞെട്ടിപ്പോയി. “മോളേ… നീ എന്തൊക്കെയാ ഈ പറയുന്നത്? അതൊന്നും ഒരിക്കലും നടക്കുന്ന കാര്യമല്ല. അമ്മയ്ക്ക് ഇപ്പോൾ ഒരു ആഗ്രഹമേയുള്ളൂ. പാതിവഴിയിൽ മുടങ്ങിപ്പോയ എൻ്റെ പഠിത്തം എനിക്ക് പുനരാരംഭിക്കണം. ഒരു നല്ല ജോലി നേടണം. നിന്നെ നന്നായി പഠിപ്പിച്ച് വലിയ നിലയിൽ എത്തിക്കണം. അതൊക്കെയാണ് ഇപ്പോൾ അമ്മയുടെ മനസ്സിലെ സ്വപ്നങ്ങൾ. ഇതിനിടയിൽ എൻ്റെ മോളെക്കൂടി സ്വന്തം മകളായി അംഗീകരിക്കുന്ന ഒരു നല്ല മനുഷ്യൻ വരികയാണെങ്കിൽ… അപ്പോൾ നമുക്ക് നോക്കാം. ഇപ്പോൾ അമ്മയുടെ മനസ്സിൽ എൻ്റെ മോൾ മാത്രമാണുള്ളത്. നിൻ്റെ ഓരോ വളർച്ചയിലും ഈ അമ്മ നിൻ്റെ കൂടെയുണ്ടാകും. ഇതാണ് അമ്മ മോൾക്ക് തരുന്ന ഉറപ്പ്.”
മാളവിക ഒരു കൊച്ചുകുഞ്ഞിനെപ്പോലെ ദേവികയുടെ മാറോട് ചേർന്നു കിടന്നു. അമ്മയുടെ സ്നേഹവാത്സല്യങ്ങൾ അനുഭവിച്ചുകൊണ്ട് അവൾ പതുക്കെ കണ്ണുകളടച്ചു. ആ അമ്മയുടെയും മകളുടെയും മനസ്സിൽ പുതിയൊരു ജീവിതം കെട്ടിപ്പടുക്കാനുള്ള പ്രതീക്ഷയുടെ വെളിച്ചം നിറയുകയായിരുന്നു.
**(അവസാനിച്ചു)**

by