പുനർജന്മം
ആഡംബര ഹോട്ടലിലെ ആ മുറിയിൽ നേർത്ത സുഗന്ധവും മങ്ങിയ വെളിച്ചവും പടർന്നു കിടന്നിരുന്നു. പുറത്ത് പെയ്യുന്ന കനത്ത മഴയുടെ ശബ്ദം ജനൽച്ചില്ലുകൾക്കപ്പുറത്ത് നിന്ന് കേൾക്കാം. മുറിയുടെ നടുവിലുള്ള വലിയ കട്ടിലിൽ അവൾ വന്നിരുന്നു. ഇരുപത്തിമൂന്നിനപ്പുറം പ്രായം തോന്നിക്കാത്ത ഒരു പെൺകുട്ടി. നീലക്കണ്ണുകളും തുടുത്ത ചുണ്ടുകളുമുള്ള, ശില്പഭംഗിയുള്ള ശരീരം.
അവളെത്തന്നെ നോക്കി നിൽക്കുകയായിരുന്ന ആ മധ്യവയസ്കനിലേക്ക് അവൾ തൻ്റെ നോട്ടമയച്ചു. കട്ടിത്താടിയും കണ്ണടയും വെച്ച, ഖദർ ജുബ്ബ ധരിച്ച ഒരാൾ. ഒറ്റനോട്ടത്തിൽ ഒരു അധ്യാപകൻ്റെയോ സാംസ്കാരിക നായകന്റെയോ ഭാവം.
“ആരേയും മോഹിപ്പിക്കുന്നൊരു സൗന്ദര്യം ഉണ്ടായിട്ടും… നീ എന്തേ ഈ ഇരുണ്ട ലോകത്ത്, ഇവിടെയെത്തി?” അയാൾ പതുക്കെ ചോദിച്ചു.
അവളുടെ ചുണ്ടുകളിൽ ഒരു പരിഹാസച്ചിരി വിരിഞ്ഞു. “അതൊന്നും മാഷിന് പറഞ്ഞാൽ മനസ്സിലാകില്ല. ചില ജീവിതങ്ങൾക്ക് പിന്നിൽ മാഷന്മാർ വായിക്കാത്ത ചില പുസ്തകങ്ങളുണ്ട്.”
“അതെന്താ… എന്താ എനിക്ക് മനസ്സിലാകാത്തത്?” അയാൾ അവളുടെ അരികിലേക്ക് ഒരു കസേര വലിച്ചിട്ടിരുന്നു. “നീ പറഞ്ഞു നോക്ക്, അപ്പോ അറിയാലോ എനിക്ക് മനസ്സിലാകുമോ ഇല്ലയോ എന്ന്.”
അവൾ തൻ്റെ ആഭരണങ്ങൾ ഓരോന്നായി അഴിച്ചുവെച്ചുകൊണ്ട് പറഞ്ഞു: “മാഷ് അത് വിട്. മാഷും ഈ പറയുന്ന ‘മോഹിപ്പിക്കുന്ന സൗന്ദര്യം’ കണ്ട് മോഹിച്ചല്ലേ ഇന്ന് ലക്ഷങ്ങൾ മുടക്കി ഈ മുറിയിലേക്ക് എത്തിയത്? പിന്നെന്തിനാ ഈ തത്ത്വചിന്ത?”
അയാൾ പതുക്കെ എഴുന്നേറ്റ് ജനലരികിലേക്ക് നടന്നു. “അല്ലെന്ന് പറഞ്ഞാൽ അത് കള്ളമായിരിക്കും. ഞാൻ സത്യം പറയാം… സ്ത്രീയുടെ ബാഹ്യമായ സൗന്ദര്യം എന്നെ മത്തുപിടിപ്പിക്കും. പക്ഷേ, ഞാൻ ഒരിക്കലും ആ മത്തുപിടിപ്പിക്കുന്ന സൗന്ദര്യത്തെ തേടി അലയാറില്ല. എന്നെ മത്തുപിടിപ്പിച്ച്, എന്നിലേക്ക് തന്നെ വന്ന് ചേരുവാൻ ഞാൻ ആഗ്രഹിച്ച… പ്രാർത്ഥിച്ച ഒരേ ഒരു ഒരാൾ നീയാണ്. അത് നിനക്ക് മനസ്സിലാകില്ല.”
അവൾ അത്ഭുതത്തോടെ അയാളെ നോക്കി. “എന്താണ് മാഷേ ഈ മത്തുപിടിപ്പിക്കുന്ന സൗന്ദര്യം എന്ന് പറഞ്ഞാൽ? എന്താണ് മാഷിന്റെ അഭിപ്രായത്തിലെ യഥാർത്ഥ സൗന്ദര്യ സങ്കല്പം?”
അയാൾ തിരിഞ്ഞുനിന്ന് അവളുടെ കണ്ണുകളിലേക്ക് നോക്കി: “നീ… നീ തന്നെയാണ് ഞാൻ തേടി നടന്ന സൗന്ദര്യ സങ്കല്പത്തിലെ ഏക രാജ്ഞി!”
അവൾ ഉറക്കെ ചിരിച്ചു. ആ ചിരിയിൽ വല്ലാത്തൊരു വേദന കലർന്നിരുന്നു. “എന്റെ വെളുത്ത ശരീരമാണോ മാഷേ നിങ്ങളുടെ സൗന്ദര്യ സങ്കല്പം? അതോ അളവുകൾ ഒത്ത എന്റെ ഈ ശരീരമോ? ഒരു പുരുഷനെ എളുപ്പത്തിൽ ആകർഷിക്കാൻ ഉതകുന്ന എന്റെ ഈ തടിച്ച ചുണ്ടുകളോ, നിറഞ്ഞ നഗ്നതയോ? അതോ നടക്കുമ്പോൾ തുളുമ്പിത്തുള്ളുന്ന എന്റെ നിതംബങ്ങളോ? അതോ ആരെയും വശീകരിക്കാൻ കഴിവുള്ള ഈ കണ്ണുകളാണോ? ഇതൊക്കെയാണ് ഈ മുറിയിൽ എന്റെ അടുക്കൽ വരുന്ന ഓരോ പുരുഷന്മാരും പറയാറുള്ളത്. അവരെപ്പോലെ തന്നെയുള്ള വെറുമൊരു പുരുഷൻ തന്നെയല്ലേ മാഷും?”
അയാൾ തല കുലുക്കി. “ഇല്ല മാളവികാ… നീ ഈ പറഞ്ഞതെല്ലാം ആരെയും മോഹവലയത്തിലാക്കുന്ന ബാഹ്യ സൗന്ദര്യങ്ങൾ മാത്രമാണ്. അത് കുറച്ചുകാലം കഴിഞ്ഞാൽ ഇല്ലാതാകും. എന്നാൽ എന്നെ മത്തുപിടിപ്പിച്ചത് നീ ഇപ്പോൾ വർണ്ണിച്ച നിന്റെ ബാഹ്യമായ സൗന്ദര്യത്തെ നോക്കിയല്ല.”
അവൾ കൺപുരികങ്ങൾ ചുളിച്ചു. “പിന്നെ?”
“രാത്രികാലങ്ങളിൽ നീ അപരന്റെ മുന്നിൽ കിടന്നു കൊടുത്ത്, അവന്റെ അടങ്ങാത്ത കാമദാഹം ശമിപ്പിക്കുന്നവളാണെങ്കിൽ… ആ നിന്നെ എനിക്ക് പരിചയമില്ല. ഞാൻ അവളെ തേടിയല്ല വന്നത്. പക്ഷേ…” അയാൾ നിർത്തി.
“എന്താണ് സാർ പക്ഷേ…?” അവളുടെ ശബ്ദത്തിൽ ജിജ്ഞാസ നിറഞ്ഞു.
“നിനക്ക് അറിയാമല്ലോ… കഴിഞ്ഞ അഞ്ച് വർഷത്തെ നിന്റെ രാത്രികൾ, നിന്റെ ജീവനായിരുന്ന കാമുകൻ വിവേക് മറ്റുള്ളവർക്ക് വിറ്റ് കാശാക്കിയതാണെന്ന്!”
അത് കേട്ടതും മാളവിക ഞെട്ടിപ്പോയി. കട്ടിലിൽ നിന്നും അവൾ പെട്ടെന്ന് എഴുന്നേറ്റു. അവളുടെ മുഖത്തെ ചോരയൊലിപ്പ് മാറി വിളറിവെളുത്തു. “മാഷ്… മാഷ് ഇതൊക്കെ എങ്ങനെയറിഞ്ഞു? ആരാണ് മാഷ്?”
അയാൾ ശാന്തനായി തുടർന്നു: “അഞ്ച് വർഷത്തെ രാത്രികൾ നീ മറ്റുള്ളവർക്ക് പണയപ്പെടുത്തിയപ്പോൾ, നിന്റെ പകലുകൾ നീ നിന്റേത് മാത്രമാക്കി മാറ്റി. തെരുവിൽ അലയുന്ന, അനാഥരായ പെൺമക്കളുടെ അമ്മയായി നീ മാറി. അവർക്കായി നീ നിന്റെ ശരീരം വിറ്റ്, അവർക്ക് സുരക്ഷിതമായ ഒരു സംരക്ഷണഭിത്തി കെട്ടുകയായിരുന്നില്ലേ നീ ഈ അഞ്ച് വർഷവും ചെയ്തത്?”
അവളുടെ കണ്ണുകൾ നിറഞ്ഞുതുളുമ്പി. വിറയ്ക്കുന്ന ശബ്ദത്തോടെ അവൾ ചോദിച്ചു: “മാഷിന് എങ്ങനെയറിയാം ഇതൊക്കെ?”
“അതൊക്കെ നമുക്ക് പിന്നീട് സംസാരിക്കാം. എത്ര മക്കളുണ്ട് നിനക്ക് ഇപ്പോൾ നിലവിൽ?” അയാൾ ആർദ്രതയോടെ ചോദിച്ചു.
അവൾ ചുമരിലെ ഒരു ചിത്രത്തിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു: “14 പെൺകുട്ടികൾ… എന്നെപ്പോലെ കാമുകന്മാരാലോ, സ്വന്തം അച്ഛനാലോ അമ്മയാലോ, അതുമല്ലെങ്കിൽ വിശ്വസിച്ച ബന്ധുക്കളാലോ ചതിക്കപ്പെട്ട്, ഈ സമൂഹത്തിലേക്ക് വലിച്ചെറിയപ്പെട്ട അനാഥ ജന്മങ്ങൾ. അവർക്ക് ഞാനല്ലാതെ മറ്റാരുമില്ല.”
“എന്നാണ് നിന്റെ ഈ 5 വർഷത്തെ നരകതുല്യമായ കരാറിന്റെ കാലാവധി തീരുന്നത്?”
അവൾ ടേബിളിലിരുന്ന ക്ലോക്കിലേക്ക് നോക്കി. “ഇന്ന് രാത്രി കൃത്യം 12 മണിക്ക്. ഈ പരീക്ഷണകാലം അവസാനിക്കുകയാണ്.”
ശ്രീറാം പതുക്കെ അവളുടെ അരികിലേക്ക് വന്നു. “നാളെ രാവിലെ… നിനക്ക് എന്നോടൊപ്പം ഒരിടം വരെ വരാമോ? എനിക്കൊരു സ്ഥലം കാണിച്ചുതരാനുണ്ട്.”
“ഇല്ല സാർ, ഞാൻ വരില്ല.” അവൾ ദൃഢതയോടെ പറഞ്ഞു. “ഇന്ന് അർദ്ധരാത്രിയോടെ ഞാൻ ഒരു പുതിയ മനുഷ്യനായി മാറുകയാണ്. നാളെ മുതൽ എന്റെ ജീവിതത്തിന്റെ ഗതി നിർണ്ണയിക്കുന്നത് ഞാൻ മാത്രമായിരിക്കും. സാറിന് അറിയാമോ, എന്റെ പതിനെട്ടാമത്തെ പിറന്നാളിനാണ് ഞാൻ ഈ നരകത്തിലേക്ക് ചതിക്കപ്പെട്ട് എത്തിപ്പെട്ടത്. നാളെ എന്റെ ഇരുപത്തിമൂന്നാമത്തെ ജന്മദിനമാണ്. അത് എനിക്ക് എന്റെ പുനർജന്മമാണ്! എന്റെ മക്കളോടൊപ്പം എനിക്ക് അത് ആഘോഷിക്കണം.”
“എനിക്കും വരാമോ നിങ്ങളുടെ ആ ആഘോഷത്തിലേക്ക്?” അയാൾ ചോദിച്ചു.
“ഇല്ല സാർ… അവിടെ ഞാനും എന്റെ മക്കളും, പിന്നെ അവരെ സ്വന്തം മക്കളെപ്പോലെ നോക്കുന്ന ഞങ്ങളുടെ അനിയമ്മയും (കെയർടേക്കർ) മാത്രമേ ഉണ്ടാകൂ. വേറെ ആർക്കും അവിടെ പ്രവേശനമില്ല.”
ശ്രീറാം അവളെ സൂക്ഷ്മമായി നിരീക്ഷിച്ചു. “നീ ഈ തൊഴിൽ നിർത്തി ഇവിടുന്ന് ഇറങ്ങിയാൽ, ആ 14 മക്കൾക്കുള്ള നിത്യച്ചെലവിനുള്ള പണം നീ എങ്ങനെ ഉണ്ടാക്കും? അതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?”
അവളുടെ കണ്ണുകളിൽ ഒരു അഗ്നി പടർന്നു. “ഇനി ഞാനും എന്റെ മക്കളും പട്ടിണി കിടക്കേണ്ടി വന്നാലും… ഒരു പുരുഷന്റെ മുന്നിലും ഞാൻ എന്റെ ഉടുതുണി ഉരിയില്ല! വഴിയിൽ പിച്ചയെടുത്തിട്ടാണെങ്കിലും ഞാൻ എന്റെ മക്കളെ വളർത്തും. അതിനുള്ള ആത്മവിശ്വാസം എനിക്കിപ്പോഴുമുണ്ട്.”
അത് കേട്ടതും അയാളുടെ മുഖത്ത് ഒരു വലിയ സംതൃപ്തി തെളിഞ്ഞു. “ഇതാണ്… ഇതാണ് ഞാൻ തേടി നടന്ന ആ യഥാർത്ഥ സൗന്ദര്യ തിടമ്പ്! ഈ ആത്മബലമുള്ള നിന്നെ ഞാൻ സ്വന്തമാക്കിയാലോ? നിനക്ക് സമ്മതമാണോ?”
അവൾ ഒട്ടും ആലോചിക്കാതെ പറഞ്ഞു: “അല്ല, സമ്മതമല്ല. എനിക്ക് ഇനി ഒരു പുരുഷനെയും എന്റെ ജീവിതത്തിലേക്ക് വേണ്ട.”
“എന്നാൽ… ഞാൻ ഇന്ന് നിനക്കൊരു വലിയ വിലയിടുന്നു.” അയാൾ തന്റെ പോക്കറ്റിൽ നിന്നും ചെക്ക് ബുക്കും പണവും എടുത്തു. “നിനക്ക് ഇത് ചെക്കായി വേണോ അതോ ക്യാഷായി വേണോ?”
മാളവികയുടെ മുഖത്ത് വലിഞ്ഞുമുറുകിയ ഭാവം വന്നു. “സാറിന്റെ ഇന്നത്തെ രാത്രിക്ക് ഈ ഹോട്ടലിലെ മാനേജർമാർ ഒരു വിലയിടും. അതിൽ നിന്ന് എനിക്കുള്ള കൃത്യമായ കൂലി എനിക്ക് കിട്ടും. അത് മാത്രം മതി എനിക്ക്. സാറിന്റെ ഈ അധികപ്പണം എനിക്ക് വേണ്ട.”
അയാൾ ഒരു വിസിറ്റിംഗ് കാർഡ് മേശപ്പുറത്ത് വെച്ചു. “നിനക്ക് ജീവിതത്തിൽ എന്ത് ആവശ്യം ഉണ്ടായാലും എന്നെ വിളിക്കാം. ഇതിൽ എന്റെ പേരും നമ്പറും ഉണ്ട്.”
“വേണ്ട സാർ…” അവൾ ആ കാർഡ് നിരസിച്ചു. “ആരെയും ആശ്രയിക്കാതെ തന്നെ എന്റെ മക്കളെ വളർത്താനുള്ള ഒരു ചെറിയ സ്വയംതൊഴിൽ പദ്ധതിക്ക് ഞാൻ തുടക്കമിട്ടിട്ടുണ്ട്. ഞങ്ങൾ ജീവിച്ചു പൊയ്ക്കോളാം.”
പെട്ടെന്ന് അവൾ ക്ലോക്കിലേക്ക് നോക്കി. സമയം 11:50 ആയിരിക്കുന്നു. “മാഷേ… സമയം 11:50 ആയി. 12 മണി കഴിഞ്ഞാൽ പിന്നെ എന്റെ ശരീരത്തിൽ തൊടാൻ ഞാൻ ആരെയും സമ്മതിക്കില്ല. സാറിന് എന്താണ് വേണ്ടതെന്ന് വെച്ചാൽ വേഗം…”
ശ്രീറാം പതുക്കെ ചിരിച്ചു. “ഇല്ല മാളവികാ… ഞാൻ നിന്റെ ശരീരത്തിൽ തൊടുന്നില്ല. ഞാൻ നിന്റെ ബാഹ്യ സൗന്ദര്യം കണ്ട് മോഹിച്ച് വന്നവനല്ല എന്ന് ആദ്യമേ പറഞ്ഞല്ലോ. നിന്നോട് അല്പം സംസാരിക്കാൻ വേണ്ടി മാത്രം ഇന്ന് ഈ മുറി എനിക്കായി ബുക്ക് ചെയ്തതാണ് ഞാൻ.”
അവൾ അത്ഭുതത്തോടെ നോക്കിനിൽക്കെ അയാൾ തുടർന്നു: “എന്റെ പേര് ശ്രീറാം… വിവേകിന്റെ പഴയ ക്ലാസ്സ്മേറ്റ്!”
അത്രയും പറഞ്ഞുകൊണ്ട് അയാൾ തന്റെ തലയിൽ വെച്ചിരുന്ന വിഗ്ഗും, മുഖത്ത് ഒട്ടിച്ചിരുന്ന വ്യാജ താടിയും മീശയും കണ്ണടയും ഓരോന്നായി ഊരിമാറ്റി.
യഥാർത്ഥ രൂപത്തിൽ മുന്നിൽ നിൽക്കുന്ന ആ യുവാവിനെ കണ്ട് മാളവിക തരിച്ചുനിന്നു. കോളേജ് കാലത്ത് തന്നെ ജീവന് തുല്യം സ്നേഹിച്ച, വിവേകിന്റെ ചതിക്കുഴികളെക്കുറിച്ച് അന്ന് മുന്നറിയിപ്പ് നൽകിയ അതേ ശ്രീറാം!
“ഇപ്പോഴുണ്ടോ തനിക്ക് എന്നെ മനസ്സിലായോ മാളവികാ?” അവൻ ചോദിച്ചു.
ഒരു വലിയ പൊട്ടിിക്കരച്ചിലോടെ അവൾ രണ്ടു കൈകൾ കൊണ്ടും തന്റെ മുഖം പൊത്തി. വിങ്ങിപ്പൊട്ടിക്കൊണ്ട് അവൾ കട്ടിലിലേക്ക് ഇരുന്നു. “ശ്രീറാം… നീ… നീ എങ്ങനെ ഇവിടെ?”
അവൻ അവളുടെ അരികിലിരുന്ന് പതുക്കെ പറഞ്ഞു: “ഞാൻ ഈ കഴിഞ്ഞ അഞ്ചു വർഷവും നിന്നെത്തന്നെ പിൻതുടരുന്നുണ്ടായിരുന്നു മാളവികാ. നീ എവിടെയാണെന്നും എന്താണ് ചെയ്യുന്നതെന്നും ഞാൻ അറിയുന്നുണ്ടായിരുന്നു. അന്ന് കോളേജിൽ വെച്ച് ഞാൻ പലവട്ടം നിന്നോട് വാൺ ചെയ്തതല്ലേ… വിവേക് ആളത്ര ശരിയല്ലെന്ന്? അവൻ എത്രയോ പെൺകുട്ടികളുടെ ജീവിതം നശിപ്പിച്ചവനാണെന്ന് അന്ന് നീ എന്നെ വിശ്വസിച്ചില്ല…”
അവൾ വിതുമ്പലോടെ തലയാട്ടി. “എനിക്ക് തെറ്റുപറ്റി ശ്രീറാം… അന്ധമായ പ്രണയം എന്നെ ചതിച്ചതാണ്.”
“നാളെ രാവിലെ എന്നോടൊപ്പം ഒരിടം വരെ വരാമോ എന്ന് ഞാൻ ചോദിച്ചത്… തനിക്ക് ഏറ്റവും സന്തോഷം തരുന്ന ഒരു കാഴ്ച കാണിച്ചുതരാനായിരുന്നു.” അവൻ പറഞ്ഞു.
“വേണ്ട ശ്രീറാം…” അവൾ കണ്ണീർ തുടച്ചു. “എനിക്ക് ഇനി ഒരു കാഴ്ചയും കാണണ്ട. എനിക്ക് ആരോടും പ്രതികാരവുമില്ല.”
പെട്ടെന്ന് ക്ലോക്കിൽ അലാറം മുഴങ്ങി. സമയം കൃത്യം 12 മണി.
മാളവിക എഴുന്നേറ്റു തൻ്റെ വസ്ത്രങ്ങൾ ശരിയാക്കി. “ശ്രീറാം, 12 മണി കഴിഞ്ഞു. ഞാൻ ഇവിടെ നിന്നും ഇറങ്ങുന്നു. എന്റെ കരാർ കഴിഞ്ഞു. ഇനി ഒരിക്കലും എന്നെ നീ പിൻതുടരരുത്. ഞാൻ ഈ രാത്രി തന്നെ ഈ ശാപഗ്രസ്തമായ പട്ടണത്തിൽ നിന്ന് പോവുകയാണ്. എന്റെ മക്കളുടെ നല്ലൊരു അമ്മയായി, അവർക്ക് നല്ലൊരു ചേച്ചിയായി… എന്റെ ഇരുണ്ട ഇന്നലെകൾ ഞാൻ ഈ മുറിയിൽ ഉപേക്ഷിക്കുന്നു.”
അവൾ പതുക്കെ വാതിലിനടുത്തേക്ക് നടന്നു. “അപ്പോൾ… ഗുഡ് ബൈ ശ്രീറാം.”
ശ്രീറാം പുഞ്ചിരിയോടെ അവളെ നോക്കി. “നീ പൊയ്ക്കോളൂ മാളവികാ… പക്ഷേ ഒന്നുമാത്രം ഓർക്കുക. നാളെ രാവിലെ നിന്റെ പുതിയ ജീവിതത്തിലേക്ക് നീ ചുവടുവെക്കുമ്പോൾ, നിന്റെയും ആ 14 മക്കളുടെയും സംരക്ഷണത്തിനായി ഒരു തണലായി ഞാൻ എന്നും ഉണ്ടാകും. നീ എന്നെ സ്വീകരിച്ചില്ലെങ്കിലും, ദൂരെ മാറിനിന്ന് നിങ്ങളെ കാക്കാൻ ഈ ശ്രീറാം ഉണ്ടാകും.”
അവൾ വാതിൽ തുറന്ന് പുറത്തേക്ക് നടന്നു. പെയ്തു തോർന്ന രാത്രിയുടെ കുളിരിലേക്ക്, തന്റെ പുനർജന്മത്തിന്റെ പുലരിയിലേക്ക് അവൾ ആത്മവിശ്വാസത്തോടെ ചുവടുകൾ വെച്ചു. ശ്രീറാം ആ മുറിയിൽ ജനലിലൂടെ അവളെത്തന്നെ നോക്കി നിന്നു.

by