16/04/2026

അഗ്നിമിത്ര : ഭാഗം 01

രചന – റിസ്വാന നിഷാം

രണ്ട് കണ്ണുകൾ.. തീ ജ്വലിക്കുന്ന പോൽ, തിളക്കമാർന്ന, വിടർന്ന രണ്ട് കണ്ണുകൾ.. അപ്പു ആ കണ്ണുകളിലേക്ക് നോക്കി, ആ കണ്ണുകൾക്കെന്തോ ആകർഷണീയ ശക്തിയുള്ളത് പോലെ.. നോട്ടം പിൻവലിക്കാൻ കഴിയുന്നില്ല.. അത്രക്കും സുന്ദരവും ആകർഷണീയവുമാണ് ആ കണ്ണുകൾ..

ആ മിഴികൾ തന്നെ വിളിക്കുകയാണെന്ന് തോന്നി.. ഒരു നിമിഷം കണ്ണുകളടച്ച് ശ്രദ്ധിച്ചു.. ഉണ്ട് തന്നെ ആരോ വിളിക്കുന്നുണ്ട്.. മെല്ലെ മിഴികൾ തുറന്നു, ഉറക്കത്തിൽ നിന്നുണർന്ന അപ്പുവിന്, കണ്ട കാഴ്ച മനസ്സിന് കുളിർമയേകി..

പാതി കർട്ടൺ കൊണ്ട് മറഞ്ഞ, അഴികളില്ലാത്ത ഗ്ലാസിട്ട ജനാലയ്ക്ക് അരികിലുള്ള, പൂത്ത് തുടങ്ങിയ മാവിൽ രണ്ട് അണ്ണാറകണ്ണന്മാർ തൊട്ടുരുമ്മി സ്നേഹം പങ്ക് വെക്കുന്ന കാഴ്ച..

മെല്ലെ എഴുന്നേറ്റ്, ജനാലക്ക് അരികിലേക്ക് നടന്നു. മെല്ലെ ജാലകം തുറന്നു, രണ്ട് അണ്ണാറക്കണ്ണന്മാരും ഭയന്ന്, പൂത്ത് നിൽക്കുന്ന മുവാണ്ടൻ മാവിന്റെ, ചില്ലയിൽ നിന്നും അകത്തളത്തിലെ ശിഖരങ്ങളിലേക്ക് ഓടിയൊളിച്ചു.

പ്രഭാത സൂര്യന്റെ ഇളം ചൂടുള്ള കിരണങ്ങൾക്കൊപ്പം, ഒരു കുഞ്ഞു കുളിർ തെന്നൽ അപ്പുവിനെ തലോടി, മുറിയിലേക്ക് ഓടി കയറി.

ഇന്നലെ രാത്രി വരച്ച് കൊണ്ടിരുന്ന, മനോഹരമായ വലിയ കോവിലകത്തിന്റെ താളുകൾ മറിച്ച്, പൂർത്തീകരിക്കാത്ത ആ രണ്ടു മിഴകളുള്ള താളിലേക്ക് പേജുകൾ താനെ മറിഞ്ഞു..

“ഡ്രീം വർക്ക്സ്” എന്ന് നാമദേയം ചെയ്തിട്ടുള്ള ആ ഡ്രോയിങ് ബുക്ക്, അപ്പു മെല്ലെ എടുത്ത് നോക്കി.. തന്റെ ഉറക്കം കളയുന്ന രാത്രികളിൽ താൻ കാണുന്ന സ്വപ്നങ്ങൾ, അതാണ് പകർത്തിയിട്ടുള്ളത്..

അതിൽ ഇതുവരെയും തനിക്ക് പൂർത്തീകരിക്കാൻ പറ്റാത്തതായ ഒരേയൊരു ചിത്രമേയൊള്ളു, അത് ആ മിഴികളാണ്.. എത്ര തന്നെ വരച്ചാലും തൃപ്തി വരുന്നില്ല.. താൻ കാണുന്ന, ആ കണ്ണുകളിലേത് പോലുള്ള തിളക്കം, ആ ഒരു ജ്വലനം, തീവ്രത ഇത് വരെ തനിക്ക് പകർത്താൻ കഴിഞ്ഞിട്ടില്ല..

ആ മിഴികൾ തന്നെ എത്ര തവണ വരച്ച് നോക്കിയിട്ടുണ്ടാകും എന്നറിയില്ല.. ഒന്നിടവിട്ട ദിവസങ്ങളിലെന്ന പോലെ, എന്നും കാണുന്ന മിഴികൾ, എന്നാലും അതിന്റെ തീക്ഷ്ണത പകർത്താൻ കഴിയുന്നില്ല..

എന്ത് കൊണ്ടാണത്..?
ആ മിഴികളുമായി തനിക്കെന്തെങ്കിലും ബന്ധമുണ്ടോ..? ആ സുന്ദരമായ നയനങ്ങൾ.. ഹൊ എന്തു ഭംഗിയാണതിന്.. പൂർത്തീകരിക്കാനാവാത്ത ആ മിഴികളിൽ തലോടി, ദീർഘനിശ്വാസം വിട്ട്, അപ്പു ആത്മഘദം കൊണ്ടു..

“അപ്പൂ.. ഇത് വരെ എണീറ്റില്ലെ നീ..” അമ്മയുടെ വിളി, അപ്പുവിനെ ചിന്തകളിൽ നിന്നുണർത്തി..

“ഉവ്വ്.. ദാ വരുന്നൂ..”

പ്രഭാത കൃത്യങ്ങളെല്ലാം കഴിഞ്ഞ്, കോളേജിൽ പോകാനായി ഒരുങ്ങി, അമ്മയുടെ അടുത്ത് പോയപ്പോയും ഒരേ ഒരു ചിന്ത മാത്രം, ‘ആ നയനങ്ങൾ’, അതിന്റെ തീവ്രത, തിളക്കം..

“അമ്മേ.. ഞാൻ ഇന്നും ആ മിഴികൾ കണ്ടു.. ഇന്നും എന്റെ സ്വപ്നത്തിൽ വന്നിരുന്നു..”

“നിനക്കെന്താ കുട്ടീ.. ആദ്യം നീണ്ട മൂക്കും മൂക്കുത്തിയും.. അതിന് മുമ്പ് ചുണ്ടുകൾ.. പിന്നെ കണ്ണുകളായി.. ഇടയ്ക്ക് ഇടതൂർന്ന പനകോമ്പല പോലുള്ള മുട്ടറ്റം എത്തുന്ന മുടി.. ഇങ്ങനെ ഒരോന്ന് സ്വപ്നം കാണുന്നേ..”

“ഈശ്വരാ.. എന്റെ കുഞ്ഞിനെ കാത്തേളണേ.. എന്ത് പൂജ വേണമെങ്കിലും നടത്താമേ..”

അമ്മയുടെയും മുത്തശ്ശിയുടെയും വാക്കുകൾ കേട്ടെങ്കിലും അതിനെ ശ്രദ്ധിക്കാതെ അപ്പു തന്റെ ചിന്തയിലാണ്ടു..

“നീ ഇത് എന്ത് ആലോജിച്ചോണ്ടിരിക്കാ അപ്പൂ.. വേഗം കഴിക്കൂ കുട്ടീ.. ഇനി ഇന്നലത്തെ പോലെ ഇന്നും കോളേജിൽ പോകാൻ നേരം വൈകണ്ട ട്ടോ..”

“ഉം..” ചിന്തയിൽ നിന്നുണർന്ന് മറുപടി നൽകി..

“കുട്ടിക്ക് ഇനിയെന്നാ കോളേജ് ഇല്ലാണ്ടിരിക്ക..? ഒരാഴ്ച പോകാതിരിക്കാണെങ്കിൽൽ നമുക്ക് ശ്രീപുരത്ത് പോകണം, നമ്മുടെ കുടുംബ ജ്യോത്സൻ ശങ്കര പണിക്കരുടെ അടുത്ത് പോയി പ്രശ്നം വെക്കണം, എന്തോ സംഭവിക്കാൻ പോകുന്നന്ന് ന്റെ മനസ്സ് പറയുന്നു.. പറ്റിയാൽ ദുർഗാ കോവിലിൽ നാൽ ദിവസത്തെ മഹായാഗം ചെയ്യണം.. കൃഷ്ണാ ന്റെ കുട്ടിയെ കാത്തോളണേ..”

“അതെന്തിനാ മുത്തശ്ശി ശ്രീപുരത്ത് പോയി മഹായാഗം ഒക്കെ ചെയ്യുന്നെ.. ഇവിടന്ന് പൂജ ചെയ്താൽ പോരെ.. എന്തെങ്കിലും പ്രശ്നം ഉണ്ടോ..?”

“അറിയില്ല്യ കുട്ട്യേ.. ഞാനും ഈയിടെ ആയി ചില സ്വപ്നങ്ങൾ കാണുന്നു.. നിന്റെ അഛനും ചെറിയഛൻമാർക്കും മറ്റും ബിസിനസ്സിന്റെ തിരക്കല്ലേ.. കുടുംബ ക്ഷേത്രത്തിലൊന്നും ഒരു പൂജയും നടത്തിയില്ലല്ലോ.. മറ്റു പല കാര്യങ്ങളിലും വിശ്വാസവും ഇല്ല..”

“ഉം.. മുത്തശ്ശീ, അമ്മേ.. ഞാനിറങ്ങുവാ, ഇനീം ഇവിടെ പഴംപുരണം കേട്ടോണ്ടിരുന്നാലെയ് എനിക്ക് ലേറ്റ് ആകും..”

********************

കേരളത്തിന്റേം തമിഴ്നാടിന്റേം അതിർത്തി പ്രദേശമായ ശ്രീപുരം ഗ്രാമം, അവിടത്തെ പേരുക്കേട്ട, പ്രതാപിയായ തമ്പ്രാക്കൻമാരുടെ കുടുംബമായ രാജശേഖര വർമയുടെ ഇളം തലമുറക്കാരായത് കൊണ്ട് തന്നെ, അപ്പുവിനും സഹോദരങ്ങൾക്കും, സാധാരണ കുട്ടികളെ പോലെ, ദിവസവും ബസ്സിലും തൂങ്ങി പിടിച്ച്, സ്കൂളിൽ പോകേണ്ടി വന്നിട്ടില്ല..അവരുടെ ഇപ്പോഴത്തെ നിലക്കും വിലക്കും അനുസരിച്ചുള്ള ആഢംബര കാറുകളിലാണ് യാത്ര..

കൂട്ടുകാരുടെ ബസിലെ യാത്രാ അനുഭവങ്ങളും മറ്റും കേൾക്കുമ്പോൾ അവരും ആഗ്രഹിച്ചിട്ടുണ്ട്, അത് പോലെ ഒരു ദിവസമെങ്കിലും സ്വതന്ത്രമായി മറ്റു കുട്ടികളെ പോലെ ജീവിക്കാൻ, അവരുടെ കൂടെ യാത്രകൾ ചെയ്യാൻ.. വിശാലമായ സ്വർണ്ണ കൂട്ടിലടച്ച തത്തയാണ് തങ്ങളെന്ന് പലപ്പോയും അവർക്ക് തോന്നിയിട്ടുണ്ട്.. കോവിലകത്തെ ആചാരങ്ങളും മറ്റും അതിനെ ശരി വെക്കുന്നതായിരുന്നു..

**************************

ക്ലാസ് തുടങ്ങി ഇന്ന് രണ്ടാം ദിവസമാണ്.. വല്ലാത്ത ബോറഡി.. ആരേയും തന്റെ കമ്പനിയാക്കാൻ കിട്ടാത്തതിന്റെ സങ്കടവും നിരാശയും ആ മുഖത്ത് പ്രകടമാണ്..

ക്ലാസ് തുടങ്ങാൻ ഇനീം ടൈം ഉണ്ട്.. അത് വരെ തന്റെ സ്വപ്നത്തിൽ വരുന്ന മിഴികളെ പകർത്താൻ ശ്രമിക്കാം.. എന്നും കരുതി അപ്പു വരക്കാൻ തുടങ്ങി..

കലപില കൂട്ടി ആകെ ബഹളമായിരുന്ന ക്ലാസ് റൂം ആരുടേയോ ആഗതത്താൽ നിശബ്ദമായി.. ചിത്രരചനയിൽ നിന്നും വിരാമമിട്ട് അപ്പു മുഖമുയർത്തി ഒന്ന് നോക്കി..

തട്ടം കൊണ്ട് ചുറ്റി വെച്ച മുഖം.. ആവിശ്യത്തിന് ഹൈറ്റും അതിനൊത്ത വെയ്റ്റും.. ചന്ദനത്തിന്റെ നിറം, പൂർണ ചന്ദ്രനുദിച്ച പോലെ.. ക്ലാസ് റൂം നിശബ്ദമാകാൻ ഇത് പോരെ.. ആൺ കുട്ടികളും പെൺ കുട്ടികളും ഒരേ പോലെ ആ കുട്ടിയെ ഉറ്റ് നോക്കി കൊണ്ടിരിക്കുകയാണ്..

അവൾ തിരിഞ്ഞ്, അപ്പുവിന്റെ അടുത്തേക്ക് നടന്ന് വന്നു..

“ഹായ്.. ഞാൻ നിന്റെ കൂടെ ഇരുന്നോട്ടെ.. വേറെ ആരും ഇവിടെ ഇല്ലല്ലോ..”

ഒരു നിമിഷം അപ്പു പകച്ച് നിന്നു.. മറുപടി ഒന്നും പറയാൻ കഴിഞ്ഞില്ല.. അവൾക്ക് സമ്മതത്തോടെ ഒരു വിളറിയ പുഞ്ചിരി മാത്രം കൊടുത്തു.. താൻ സ്വപ്നത്തിലാണോ എന്ന് തോന്നി.. കാരണം താൻ സ്വപ്നത്തിൽ കാണുന്ന അതേ കണ്ണുകൾ, അതേ മൂക്ക്, അധരങ്ങൾ എല്ലാം അത് പോലെ തന്നെ..

“എന്റെ ഉറക്കം കളയുന്ന സ്വപ്ന സുന്ദരി.. ഹോ.. ഞാൻ ഇത്രയും കാലം തേടി കൊണ്ടിരുന്ന ആ നയനങ്ങൾ.. അതിന്റെ തീക്ഷണത ഞാൻ കണ്ടു.. ഞാനിന്നത് നേരിൽ കണ്ടു.. എന്തൊരു തിളക്കമാണതിന്.. സ്വപ്നത്തിൽ കാണുന്നത് പോലെ തന്നെ ആകർഷണീയമാണ്..” എന്നൊക്കെ മനസ്സിൽ കരുതി അവളെ തന്നെ നോക്കി കൊണ്ടിരുന്നു…

അപ്പോഴേക്കും ടീച്ചർ വന്നു.. ചെറിയ കുശലാന്വേഷണം കഴിഞ്ഞ് ക്ലാസ് എടുത്ത് തുടങ്ങിയപ്പോയേക്കും ബെല്ലടിച്ചു.. ഒരോ ഹവറിലും വന്ന ടീച്ചേർസിനെയൊന്നും അപ്പു ശ്രദ്ധിച്ചിരുന്നില്ല, മുഴുവൻ ശ്രദ്ധ അവളിലായിരുന്നു.. അവളുടെ മിഴികളിലായിരുന്നു..

ലഞ്ച് ബ്രൈക്ക് ടൈം ആയപ്പോൾ, അവളെ പരിപയപ്പെടാൻ നിന്നപ്പോൾ അവൾ പറഞ്ഞു:”നീയെന്താ ഉമ്മച്ചി കുട്ടികളെ ആദ്യായിട്ട് കാണുകയാണോ..? എന്തൊരു നോട്ടം ആണെടോ ഇത്.. ഞാൻ ആകെ ഉരുകിയൊലിച്ചല്ലോ..” മറുപടിയൊന്നും പറയാനില്ലാതെ അപ്പുവിന് ആകെ പരവേശമായി, താൻ അവളെ തന്നെ നോക്കിയിരുന്നത് അവൾ ശ്രദ്ധിച്ചതിൽ ആകെ ചമ്മലായി..

“ഹേയ്.. എന്താടോ സങ്കടായോ.. ആം ജസ്റ്റ് കിഡ്ഡിങ്, ടൈക്ക് ഇറ്റ് ഈസി.. താനിവിടെ നിൽക്ക് ഞാൻ മറ്റുള്ളവരെ പരിചയപ്പെട്ട് വരാം.. നീ എന്റെ കൂടെയല്ലെ ഇരുക്കുന്നെ നമുക്ക് ബോറിങ് ഹവറുകളിൽ വിശദമായി പരിചയപ്പെടാം.. ഓക്കെ?” എന്നും പറഞ്ഞ് അവൾ മറ്റുള്ളവരുടെ അടുത്തേക്ക് പോയി..

ഓക്കെ എന്നും പറഞ്ഞ് അപ്പു പുഞ്ചിരിച്ച് വരാന്തയിലേക്ക് പോയി.. ഭക്ഷണവും കഴിഞ്ഞ്, ഒന്ന് ഫ്രഷായി വന്ന് തൂണും ചാരി അവളേം നോക്കി നിന്നു..

“അപ്പൂ.. എന്താടോ ഇങ്ങനെ നോക്കി നിൽക്കുന്നെ ആരെയാ നോക്കുന്നത്” എന്നും പറഞ്ഞ് പുറകിൽ ഒരു തട്ട് കിട്ടിയപ്പോ തിരിഞ്ഞ് നോക്കി..

തുടരും