15/01/2026

സ്നേഹബന്ധനം : ഭാഗം 12

രചന – രോഹിണി ആമി

ലെറ്ററും നെഞ്ചിൽ വെച്ചു ദേവൻ ഓർത്തു….അവിടെ നിന്നും പോന്നതിനു ശേഷം മീനയെയും തുമ്പിയെയും മറക്കാൻ കൂടി വേണ്ടിയാണു യാത്രകൾ പോകാൻ തുടങ്ങിയത്…… കുറച്ചു നാൾ കറങ്ങിത്തിരിഞ്ഞു…… കുറച്ചേറെ കാഴ്ചകൾ കണ്ടു…….. മനസ്സ് കൈവിട്ടു പോകുമ്പോൾ ഇങ്ങനെ ഒരു ലോങ്ങ്‌ ഡ്രൈവ് നടത്തും……. എങ്കിലും തുമ്പിയുടെ പ്രായത്തിലുള്ള കുഞ്ഞുങ്ങളെ കാണുമ്പോൾ ഒരു വിങ്ങലാണ്….. മനസ്സ് നീറും…അതു ചെന്നെത്തുന്നത് മീനയിലും…… അവർ അവിടെ എന്താ എങ്ങനാ എന്നൊന്നും അറിയാൻ ശ്രമിച്ചില്ല…… അവർക്ക് സുഖമാണോ എന്നു പോലും അന്വേഷിച്ചിട്ടില്ല….. ഒരു തിരിഞ്ഞു നോട്ടം ഉണ്ടായാൽ അതിൽ നിന്നും പിൻന്തിരിയാൻ ബുദ്ധിമുട്ടാണ്….. ദൂരെയാണെങ്കിലും മനസ്സു മുഴുവൻ ആ രണ്ടു പെണ്ണുങ്ങളാണ്…. തനിച്ചിരിക്കാൻ തീരെ ഇഷ്ടപ്പെടാറില്ല….. മനസ്സ് അവരിലേക്ക് പോകും….. പിന്നെ ശരീരം ഞാൻ പറയുന്നത് അനുസരിക്കില്ല…..

ഈ ഒളിച്ചുകളി അവസാനിപ്പിക്കണം……. അവർ രണ്ടാളും ഇല്ലാതെ ദേവൻ ഇല്ല…. തനിച്ചു മടുത്തു…..കാന്താരിയെയും അവളുടെ അമ്മയെയും കാണണം…..ഒന്നുമറിയാതെ ചെയ്തുകൂട്ടിയതിന് താനും കൂടിച്ചേർന്ന് മീനയെ ശിക്ഷിച്ചു…… അങ്ങനെയൊരവസ്ഥയിൽ അവളോട്‌ താഴാനും തോന്നിയില്ല…. ഒരു ചെറിയ അകൽച്ച മാത്രമേ ഉദ്ദേശിച്ചുള്ളൂ…… പക്ഷേ ഇതു കുറച്ചു കൂടിപ്പോയി….. കുറച്ചല്ല…. ഒരുപാട്…. അവൾ ക്ഷമിക്കുമോന്ന് അറിയില്ല… എങ്കിലും കാണണം……. ഉറക്കം കാടാക്ഷിച്ചതെയില്ല…..രാവിലെ തന്നെ ഇറങ്ങി……. കഷ്ടതകൾ മാത്രം തന്ന നാട്ടിലേക്ക്……. ഒന്നു പൊളിച്ചെഴുതാൻ……. ഡ്രൈവ് ചെയ്തിട്ടു എങ്ങും എത്താത്തതുപോലെ…… ദൂരം കൂടിയതുപോലെ…… കാഴ്ചകൾ എല്ലാം പിന്നോട്ടു പോകും പോലെ ദേവനും ഓർമ്മകളും കുറച്ചു പിന്നോട്ടു പോയി………

പോകുവാണെന്നു പറഞ്ഞ അന്ന് അച്ഛൻ ചോദിച്ചു….. മോനെ…സത്യം പറയണം…… നിനക്ക് മീനുവിനോട് ദേഷ്യമുണ്ടോ…… അതുകൊണ്ടാണോ പോകുന്നത്…… കഴിഞ്ഞ കുറച്ചു ദിവസമായിട്ടു അവളുടെ സ്വഭാവത്തിലെ മാറ്റവും നിന്റെ വിഷമവും ഞാൻ ശ്രദ്ധിക്കുന്നുണ്ട്……… അവൾക്ക് പറ്റിയ ഒരബദ്ധം ആയിട്ട് നിനക്കതു കാണാൻ പറ്റില്ലേ….. അറിഞ്ഞുകൊണ്ട് ആരെയും എന്റെ കുഞ്ഞ് ഉപദ്രവിക്കില്ല……. ദ്രോഹിച്ചവരെയും സ്നേഹിക്കാനേ അറിയൂ അവൾക്ക്…… ഭാര്യയുടെ അസ്ഥിത്തറക്കു മുൻപിൽ വിളക്കു വയ്ക്കുന്ന മീനുവിനെ നോക്കി പറഞ്ഞു…..

ഒരിക്കലും അല്ല അച്ഛാ….. അതുകൊണ്ടൊന്നുമല്ല ഞാൻ പോകുന്നത് ……… എനിക്കു വീട്ടിൽ ഒന്നു പോകണം….. അച്ഛനെയും അമ്മയെയും ഒന്നു കാണണം….. ഒരുപാട് ആയില്ലേ പോയിട്ട്…… ഇപ്പോൾ അവരെ ഒന്ന് കാണാൻ തോന്നുന്നു…… അത്രേയുള്ളൂ… വൈകിട്ട് ദേവൻ അച്ഛനോട് സംസാരിക്കുന്നതു കേട്ടു വിളക്ക് വെച്ചിട്ട് കയറിയ മീനയുടെ കണ്ണിൽ നിന്നും രണ്ടുതുള്ളി അടർന്നു വീണു…… രണ്ടു അസ്ഥിത്തറ അവളുടെ മനസ്സിലേക്ക് വന്നു…. അന്ന് ദേവൻ പറഞ്ഞതാണ്…. പോട്ടെ….. അവരുടെ ശാപം ഉണ്ടാവേണ്ട……. ഇത്രയും നാൾ തന്നെ സംരക്ഷിച്ചതിന് ഞാൻ കൂലി കൊടുത്തു കഴിഞ്ഞു…….. ഒരിക്കൽ തട്ടിപ്പറിച്ചു കളഞ്ഞതാണ് ആ സ്നേഹം…… വിളക്കിച്ചാലും കൂട്ടിച്ചേർക്കാൻ പറ്റാത്ത വിധം….. അവൾ പെട്ടെന്നു തുമ്പിയെയും എടുത്തു മുറിയിലേക്ക് പോയി….. അവളെ ചേർത്തുപിടിച്ചു കരഞ്ഞു…… അവൾ ആകെ അന്തംവിട്ടു നോക്കുന്നുണ്ട്…….. കരയുന്നതു കണ്ടിട്ടാവും ചേർന്നു മിണ്ടാതെ കിടക്കുന്നുണ്ട്……. തലയിൽ ആ കുഞ്ഞിക്കൈകൾ കൊണ്ട് പതിയെ തട്ടി ആശ്വസിപ്പിക്കുന്നുമുണ്ട്…,.

പിറ്റേന്ന് പോകാനിറങ്ങിയപ്പോൾ ഹരിയും ഉണ്ടായിരുന്നു വീട്ടിൽ….. ഉടനെ വരുമെന്ന് പറഞ്ഞതിനാൽ ആരോടും വല്യ യാത്ര പറച്ചിൽ ഉണ്ടായിരുന്നില്ല….. തുമ്പിയെ ചേർത്തുപിടിച്ചു ഒരുപാട് ഉമ്മ കൊടുത്തു……. അടുത്തു നിന്നിട്ടും മീനയെ നോക്കാൻ പോയില്ല…… നോക്കിയാൽ ചിലപ്പോൾ തനിക്ക് പോകാൻ തോന്നിയില്ലെങ്കിലോ…… പറയാൻ പറ്റില്ല ചിലപ്പോൾ ഞാൻ കൊണ്ടുപോയിക്കളയും അവളെ……..

മായയുടെ കണ്ണൊക്കെ നിറഞ്ഞു……മുഖത്ത് കുറ്റബോധം നിറഞ്ഞു നിൽക്കുന്നു…..ഒന്നുമില്ലെന്ന് ഉള്ള രീതിയിൽ ചിരിച്ചു കണ്ണടച്ചു കാണിച്ചു…… തുമ്പി കൈവീശി കാണിക്കുന്നുണ്ട്….. കൂടെ ഫ്ലയിങ് കിസ്സും….അവളുടെ വിചാരം ഞാൻ ഷോപ്പിൽ പോകുവാണെന്നാണ്…….. തിരിഞ്ഞൊന്നു നോക്കാതെ കാറിൽ കയറി……കുറച്ചു ദൂരം കഴിഞ്ഞു വണ്ടി ഒതുക്കി നിർത്തി…… സ്റ്റിയറിങ്ങിൽ തല വെച്ച് കിടന്നു……. മനസ്സ് വിട്ടു പോരുന്നില്ല ആ വീട്ടിൽ നിന്നും…… ശരീരത്തിന്റെ ഒരു ഭാഗം നഷ്ടപ്പെട്ടതുപോലെ……. മനസ്സിൽ മായയോട് ഇപ്പോൾ ദേഷ്യമൊന്നുമില്ല….. പക്ഷേ മീനയെക്കുറിച്ചു ഓർക്കുമ്പോൾ ദേഷ്യം തോന്നുന്നു……… ഒന്നു പോകണ്ടാന്നു പറഞ്ഞു കൂടായിരുന്നോ…….. അല്ലെങ്കിൽ ഞാനുംകൂടി വരട്ടേന്ന് ചോദിച്ചു കൂടായിരുന്നോ എന്നോട്…… ആരും വേണ്ട……… ബന്ധങ്ങൾ എല്ലാം വേദന തരാനുള്ളത് മാത്രമാണ് ഉള്ളത് ………. തനിച്ചുള്ള ജീവിതമാണ് നല്ലത്…… വേദനിക്കാൻ ഞാനുണ്ടെങ്കിലല്ലേ അവൾക്ക് വേദനിപ്പിക്കാൻ കഴിയു……… ഒരു തീരുമാനം എടുത്തത് പോലെ ദേവൻ വണ്ടി സ്റ്റാർട്ട്‌ ചെയ്തു……

മീനു നിന്ന നിൽപ്പിൽ നിന്നും അനങ്ങിയില്ല……..മനസ്സ് ദേവേട്ടനെ പിടിച്ചു നിർത്താൻ പറയുന്നു…… പക്ഷേ തന്നെക്കൊണ്ടാവുന്നില്ല……. പോയപ്പോൾ എന്നെ ഒന്നു നോക്കുക കൂടി ചെയ്തില്ല……. കുറച്ചു ദിവസങ്ങൾ കൊണ്ടു ദേവേട്ടൻ തന്നെ ഒരുപാട് വെറുത്തതുപോലെ…….. നോട്ടത്തിൽ പോലും ആ പഴയ ഇഷ്ടം കാണാൻ പറ്റുന്നില്ല…… നേരിട്ട് നോക്കുന്നില്ലന്നെ ഉള്ളൂ….. ഒളിഞ്ഞു നോട്ടമാണ് കൂടുതലും…ഒന്നും പറയാതെ ദേവേട്ടൻ ഇറങ്ങിയപ്പോൾ അറിയാതെ കണ്ണുരണ്ടും നിറഞ്ഞൊഴുകി….. മായേച്ചി വന്നു ആശ്വസിപ്പിച്ചു ഉടനെ വരുമെന്ന് പറഞ്ഞു…… പക്ഷേ എനിക്കല്ലേ അറിയൂ…. ഇനി ഒരിക്കലും എന്റെ ജീവിതത്തിലേക്ക് ദേവേട്ടൻ കയറിവരില്ലന്ന്……. എല്ലാം അറുത്തു മുറിച്ചു പോകുവാണ്……. താലിയും ബന്ധങ്ങളും എന്റെ മനസ്സും എല്ലാം…….

രാത്രിയിൽ തുമ്പിയെയും എടുത്തു ദേവന്റെ മുറിയിലേക്ക് പോയി……. എല്ലായിടത്തും നോക്കി തനിക്കു വേണ്ടി എന്തെങ്കിലും ഒരോർമ്മ വച്ചിട്ടുണ്ടോന്ന്……. ഒന്നുമില്ല….. ആ ബെഡിൽ കിടന്നു……. മീന സ്വന്തം മുറിയിൽ നിന്നും ആവശ്യത്തിനുള്ള സാധനങ്ങൾ എടുത്തു ദേവന്റെ മുറിയിലേക്ക് മാറി…… ആ മുറിയിൽ നിന്നു മാത്രമാണ് കുറച്ചു ആശ്വാസം കിട്ടുന്നത് അവൾക്ക്….. ഒരു വർഷം മീനയിലും ഒരുപാട് മാറ്റങ്ങൾ വരുത്തിയിരുന്നു…… മായ ഹരിയുടെ വീട്ടിലാണ്……. എന്നും വരും തുമ്പിയെ കാണാൻ…… തുമ്പി ഇപ്പോൾ പ്ലേ സ്കൂളിൽ പോകുന്നുണ്ട്……. സമയം പോകാൻ ബുദ്ധിമുട്ടുള്ളപ്പോൾ ഷോപ്പിൽ പോയിരിക്കും….. ഇപ്പോൾ സ്വന്തം അല്ലെങ്കിൽ കൂടിയും ….. ഹരിയേട്ടനും മായേച്ചിയും ഒന്നും സ്വീകരിച്ചിട്ടില്ല ഇതുവരെ…… ദേവേട്ടൻ ഒറ്റപ്പെടുത്തി പോയപ്പോളെ തീരുമാനിച്ചതാണ് ഈ കാര്യം……. തുമ്പിയും വിട്ടു പോകുമെന്നറിയാം….. എങ്കിലും അവൾക്കു വേണ്ടി മാത്രമാണ് ഈ ജീവിതം….. ഒന്നുമില്ലാതെ….. ആരുമില്ലാതെ…. വെറുതെ ഒരു ജീവിതം……

തുമ്പി സ്കൂളിൽ നിന്നു വരുന്നതിനു മുൻപ് വന്നതാണ് മീന…… വെളിയിൽ ഒരു കാർ കിടക്കുന്നു…… അച്ഛനോട് ആരാണെന്നു ചോദിച്ചു……… നിന്നെയും എന്നെയും കാണാൻ വന്നതാണെന്ന് പറഞ്ഞു….. അതു ഗൗനിക്കാതെ മീന മുറിയിലേക്ക് പോയി….. ആരെയും കാണാനോ മിണ്ടാനോ മീന ഇഷ്ടപ്പെടുന്നില്ല…… നേരെ മുറിയിലേക്ക് പോയി കിടന്നു ….. തുമ്പി വരാൻ ഇനിയും സമയമുണ്ട്….. ഒന്നു കണ്ണടച്ചു….. ഒരു കൈ ശരീരത്തു ചുറ്റുന്നതറിഞ്ഞു മീന….. തുമ്പി ഇത്ര പെട്ടെന്നു വന്നോ….. കൈകളിൽ പിടിച്ചു…… തുമ്പിയല്ല…… തിരിഞ്ഞു നോക്കാൻ പറ്റുന്നില്ല…… അത്രക്കും കൈകൾ മുറുക്കിയിട്ടുണ്ട്…… തന്നെ ഒന്നുകൂടി വലിച്ചടുപ്പിച്ചു ചേർത്തു പിടിച്ചു…… ആ നെഞ്ചിടിപ്പ്…. അതു നല്ല പരിചയം….. അവൾ ആ കൈകളിലേക്ക് നോക്കി….. മീനയ്ക്ക് മനസ്സിലായി ആരാണെന്നു……. തന്നെ ആദ്യമായിട്ടും അവസാനമായിട്ടും ചേർത്തു പിടിച്ച അതേ കൈകൾ……….. എന്നും ഈ കൈകൾക്കുള്ളിൽ ചേരാൻമനസ്സ് കൊതിക്കുന്നതാണ്….. മീന ബലപ്രയോഗം നടത്തി……. കൈ വിടുവിക്കാൻ ആവുന്നത് നോക്കി…. വീണ്ടും ഒന്നുകൂടി ആ നെഞ്ചിലേക്ക് തന്നെ വലിച്ചു ചേർത്തതല്ലാതെ കയ്യുടെ ബലം കുറയുന്നില്ലെന്ന് മീനയറിഞ്ഞു……

മീനമ്മാ……. മീന അനങ്ങാതെ കിടന്നു….. ആ ശബ്ദം ഉള്ളിലേക്ക് എത്തിയത് പോലെ… ഇത്രയും നാൾ താൻ കേൾക്കാൻ ആഗ്രഹിച്ച ശബ്ദം…….ഇത്രയും സ്നേഹത്തോടെ തന്റെ പേര് വേറാരും വിളിച്ചിട്ടുമില്ല….. ഇനിയൊട്ട് ആരും വിളിക്കുകയുമില്ല….. മീനമ്മാ……ദേവന്റെ വിളിക്ക് മറുപടി ഉണ്ടായിരുന്നില്ല…. അവൾ തലയിണയിൽ മുഖം മറച്ചു വച്ചിരിക്കുവാണ്….. പതിയെ ഒരു കയ്യാൽ മുഖം പിടിച്ചു തിരിക്കാൻ നോക്കി ദേവൻ…… മീന അതിലേറെ ബലം പ്രയോഗിച്ചു…… മുഖം കാണണ്ട എന്നുള്ള വാശിയിൽ……. ശരി…… നീ നോക്കണ്ട…. ഇത്രയും നാൾ ഞാൻ ഈ മുഖം കാണാതിരുന്നില്ലേ…. കുറച്ചു നേരം കൂടി സാധിക്കും എനിക്കു…… കുറച്ചു നേരം കൂടി മാത്രം….

ആവർത്തിച്ചു പറഞ്ഞിട്ട് അവളുടെ മുടിയിലേക്ക് മുഖം മറച്ചു ദേവൻ….. മീനമ്മാ….. ഒരിക്കൽ കൂടി നിരാശനാവാൻ പറ്റില്ല എനിക്കു….വേദനിക്കാനും….അതുകൊണ്ട് തുറന്നു പറയണം…… ഈ ജയദേവ് നിന്റെ കൂടെ വേണോ… വേണ്ടയോന്ന്….. വേണ്ടായെന്നാണെങ്കിൽ ഞാൻ പൊക്കോളാം….. പരാതിയില്ല..പിന്നൊരു തിരിച്ചു വരവ് ഉണ്ടാവില്ല…. ഉറപ്പ്..  മീന ദേവന്റെ കൈത്തണ്ടയിൽ പിടിച്ചു ശക്തിയിൽ നഖം അമർത്തി…… ഇഷ്ടപ്പെടാത്ത രീതിയിൽ.. എനിക്കു വേദനിക്കുന്നു മീനമ്മാ…… ഞാൻ പണ്ടേ പറഞ്ഞിട്ടുണ്ട്…… ആദ്യത്തെ വേദന ഞാൻ സഹിക്കും….. രണ്ടാമത്തേത് എങ്ങനെ വേണമെന്നും…. നിനക്ക് സമ്മതമെങ്കിൽ വേദനിപ്പിച്ചോ…. ദേവന്റെ പതിഞ്ഞ ചിരി കേട്ടപ്പോൾ അവൾ പെട്ടെന്നു കൈ വലിച്ചു…. ദേവൻ അവളുടെ മുടി മാറ്റി തോളിൽ താടി ചേർത്തു വെച്ചു…… മീന ഒന്നുകൂടി മുഖം മറച്ചു പിടിച്ചു……

മീനമ്മാ….. കുറെയായി ഞാൻ ക്ഷമിക്കുന്നു…. നിന്റെയീ മൗനമാണ് അന്നും ഇന്നും എന്നും എനിക്ക് ദേഷ്യം….. ആരോടാ നിന്റെയീ വാശി…. ഇത്രയും നാൾ എന്റെ ഉറക്കം കളഞ്ഞ ആ മുഖം ഒന്നു കാണാൻ ഓടി വന്നതാണ് ഞാൻ…. എന്നെ ദേഷ്യം പിടിപ്പിക്കരുത് നീ….. ഒന്നു നോക്ക് മീനമ്മാ… ദേവന് ദേഷ്യം വരാൻ തുടങ്ങിയെന്നു മീനയ്ക്ക് മനസ്സിലായി…… മുഖം തിരിക്കാൻ കൈ ഒന്നയച്ചതും പിടി വിടുവിച്ചു മീന ചാടിയെഴുന്നേറ്റു….. മുടിയിലാണ് ദേവന് പിടുത്തം കിട്ടിയത്…… തിരിയാതെ തന്നെ അവൾ അതു വിടുവിച്ചു…… വീണ്ടും നടക്കാൻ തുടങ്ങിയതും സാരിയുടെ തുമ്പിൽ പിടുത്തമിടാൻ തുടങ്ങിയ ദേവന്റെ കൈ തട്ടിമാറ്റി വെളിയിലേക്ക് പോയി മീന….. ദേവന്റെ ചുണ്ടിൽ ഒരു ചിരി വിടർന്നു……പില്ലോയിൽ വീണു മറഞ്ഞ നീർത്തുള്ളിയിൽ തലോടി ദേവൻ…നിന്റെ ഉള്ളിൽ മൂടി വെച്ചിരിക്കുന്ന എന്നോടുള്ള ഇഷ്ടം ഞാനറിയുന്നുണ്ട് മീനമ്മാ….. ഇനിയത് വെളിയിൽ കൊണ്ടുവരും ഞാൻ…. നിന്നെ സ്നേഹം കൊണ്ടു മൂടാം ഞാൻ…. പക്ഷേ അതു നീ സമ്മതിച്ചാൽ മാത്രം ……….

തുടരും……