17/04/2026

സ്നേഹബന്ധനം : ഭാഗം 14

രചന – രോഹിണി ആമി

തുമ്പിയുടെ കയ്യെടുത്തു നെഞ്ചിൽ വെയ്ക്കവേ ദേവൻ എന്തോ ഓർത്തത് പോലെ തിരിഞ്ഞു മീനയെ പിടിച്ചു തിരിച്ചു കിടത്തി …. നീ ശരിക്കും ആലോചിച്ചിട്ടാണോ ഇങ്ങനൊരു തീരുമാനം എടുത്തത് മീനമ്മാ …… ദേവൻ ചോദിച്ചു…. എന്താ ദേവേട്ടാ….. എന്തു പറ്റി……. മീന ഒന്നും മനസ്സിലാവാതെ ചോദിച്ചു…… വീട്ടിലേക്കു പോകുമ്പോൾ തുമ്പിയും നമ്മുടെ കൂടെയുണ്ടാവുമോ…….. ഉറപ്പാണോ നിനക്കു…… പിന്നെ അവളെ കൂട്ടാതെ പോകാനോ……. പറഞ്ഞു തീരും മുൻപ് തന്നെ മീനയുടെ കണ്ണ് നിറഞ്ഞു………. അതല്ല മീനമ്മാ……. നീ അടുത്തുള്ളതുകൊണ്ടല്ലേ അവർ നിന്റെ കൂടെ തുമ്പിയെ നിർത്താൻ സമ്മതിച്ചത്…… വീട്ടിലേക്കു പോയാൽ……. ഇത്രയും ദൂരം….. അവർ വിടുമോ……. നമ്മുടെ കൂടെ……എനിക്ക് തോന്നുന്നില്ല…. മായേച്ചി എനിക്കു തന്നതല്ലേ തുമ്പിയെ….. ഇനി തിരിച്ചു ചോദിക്കുമോ…… മീന സംശയത്തോടെ ചോദിച്ചു……. അവർ അതിനു സമ്മതിച്ചത് തുമ്പി അവരുടെ അടുത്തുണ്ടല്ലോ എന്നുള്ള വിശ്വാസത്തിലാണ്….. ഓടിയെത്തിയാൽ കാണാൻ പറ്റും എന്നവർക്കറിയാം….. എനിക്കു തോന്നുന്നില്ല ഹരി ഇതിന് സമ്മതിക്കുമെന്ന്…… ഞാൻ ആർക്കും കൊടുക്കില്ല ദേവേട്ടാ അവളെ…….

എനിക്കറിയാം എന്നെങ്കിലും സത്യം അറിയുമ്പോൾ അവൾ നമ്മളെ ഉപേക്ഷിച്ചു പോകുമെന്ന്…… എങ്കിലും അത്രയും നാൾ സ്നേഹിക്കാമല്ലോ……. എന്റെയല്ലേ അവൾ… എനിക്കും അവൾ കൂടെ വേണമെന്നു തന്നെയാ…… പക്ഷേ…… നമ്മുടെ കൂടെ അവളെ കൊണ്ടുപോയാലും തിരിച്ചറിവെത്തുമ്പോൾ അവൾ ആദ്യം വെറുക്കുന്നത് നമ്മളെയാവും മീനമ്മാ……… അവളെ അവളുടെ അച്ഛന്റെയും അമ്മയുടെയും അടുത്തു നിന്ന് പിരിച്ചതിന്….. അതിനു പിരിച്ചതല്ലല്ലോ നമ്മൾ…… ഞാനല്ലേ അവളെ വളർത്തിയതും…… അവളുടെ അമ്മയും…… പിന്നെ മനസ്സോടെ എനിക്കു തന്നതല്ലേ അവർ തുമ്പിയെ……. അതൊന്നും മനസ്സിലാക്കാൻ അവൾക്ക് സാധിച്ചെന്നു വരില്ല…….. പിന്നെ മനസ്സോടെയാ അവർ തുമ്പിയെ നിനക്കു തന്നതെന്നു ഉറപ്പിച്ചു പറയാൻ പറ്റുമോ നിനക്കു…… അവർ ചെയ്തതിനൊക്കെ ഒരു പ്രായശ്ചിത്തം അത്രേ ഉള്ളൂ…… അങ്ങനെയാണ് അതിനെ കാണേണ്ടതും……. ഞാൻ കൊടുക്കില്ല തുമ്പിയെ……. അവൾ എന്റെ കൂടെ ഉണ്ടാവും….. എന്നും…… ഇല്ല മീനമ്മാ…… അവൾ നിന്റെ കൂടെ ഉണ്ടാവില്ല…….

അവർ വിട്ടു തരില്ലെന്നാണ് എന്റെ മനസ്സു പറയുന്നത്…… തുമ്പിയെ കിട്ടാൻ ഏതറ്റം വരെയും പോകും ഞാൻ……. മീനയുടെ സ്വാർത്ഥത ചുവയോടെയുള്ള സംസാരം കേട്ടു ദേവൻ ഒന്നമ്പരന്നു……. ആദ്യമായിട്ടാ ഇങ്ങനെ മീന സംസാരിക്കുന്നത്…… നീ പറയുന്നത് കേസ് പറഞ്ഞു തുമ്പിയെ വാങ്ങാമെന്നാണോ…… നീയെന്തൊരു മണ്ടിയാ മീനമ്മാ….. വിവരമില്ലാത്തതുപോലെ സംസാരിക്കാതെ……. സ്വന്തം അച്ഛന്റെയും അമ്മയുടെയും കൂടെയല്ലാതെ അവളെ വേറാരുടെയും കൂടെ കോടതി വിടില്ല….. നിനക്കു കിട്ടില്ല പെണ്ണേ……. വെറുതെ ആരുമായിട്ടും വഴക്കു വേണ്ട നമുക്ക്………. ദേവൻ അവളെ സമാധാനിപ്പിച്ചു…. അപ്പോൾ തുമ്പിയെ വിട്ടിട്ടു പോകണോ……. ദേവേട്ടനു എങ്ങനെ പറയാൻ തോന്നുന്നു ഇങ്ങനെ…..എന്റെ കുഞ്ഞ് എന്റെ കുഞ്ഞ് എന്നൊക്കെ പറഞ്ഞത് വെറുതെ ആയിരുന്നോ…… ഇപ്പോഴെന്താ തുമ്പിയോടുള്ള ഇഷ്ടമൊക്ക പോയോ…… ഓഹ്……. എന്നെ സ്വന്തമായി കിട്ടിയല്ലോ അല്ലേ….. പിന്നെ എന്തിനാ തുമ്പിയെ ഇനി….. അല്ലേ….. മീനയെ ഒന്നു നോക്കുക കൂടി ചെയ്യാതെ ദേവൻ ഒന്നും മിണ്ടാതെ വെളിയിലേക്കു പോയി……

ഇരുട്ടിലേക്ക് നോക്കി കുറച്ചു നേരം തനിയെ ഇരുന്നു…… തുമ്പിയെ നഷ്ടപ്പെടും എന്നായപ്പോൾ മീനയ്ക്ക് സഹിക്കാൻ പറ്റുന്നില്ല എന്ന് ദേവന് മനസ്സിലായി……. സത്യം ഉൾക്കൊള്ളാൻ അവളുടെ മനസ്സ് സമ്മതിക്കുന്നില്ല… തനിക്കു മനസ്സിലാവും അവളെ…. അതുപോലെ മറ്റുള്ളവർ മനസ്സിലാക്കണമെന്നില്ല…. ചിന്തിച്ചിരുന്ന ദേവന്റെ കഴുത്തിലൂടെ കൈകൾ ചുറ്റി മീന…… കവിളിൽ കവിൾ മുട്ടിച്ചു പറഞ്ഞു….സോറി ദേവേട്ടാ……സോറി..ഞാൻ വീണ്ടും വിഷമിപ്പിച്ചു അല്ലേ……. എനിക്ക് തുമ്പിയെ പിരിഞ്ഞു ഇരിക്കാൻ പറ്റില്ല…… അതുകൊണ്ടാ…… വാ… അകത്തു……. തനിച്ചിരിക്കണ്ട….. ഞാൻ ഉള്ളപ്പോൾ……. ഇനി അങ്ങനെ പറയില്ല…… മനഃപൂർവം അല്ല… വേണ്ട… നീ പൊക്കോളൂ…… ഞാൻ വന്നോളാം…… ഞാനിങ്ങനെ ആയിപ്പോയി ദേവേട്ടാ…… എന്നെ സ്നേഹിക്കുന്നവരുടെ വിഷമം ഞാൻ കാണാൻ ശ്രമിക്കാറില്ല ……. നശിച്ച ജന്മമാണ്……. മീനയുടെ വാക്കുകളുടെ പതർച്ച ദേവന് മനസ്സിലായി……. ദേവൻ മീനയെ പിടിച്ചു മടിയിലേക്കിരുത്തി…….

നീയങ്ങനെ പറഞ്ഞപ്പോൾ എനിക്കു നല്ല ദേഷ്യമാണ് വന്നത് …… എന്തു തോന്നിവാസവും പറയാമെന്നു ആയോ നിനക്ക് മീനമ്മാ …….. നിന്നെ കിട്ടാൻ വേണ്ടിയല്ല ഞാൻ തുമ്പിയെ സ്നേഹിക്കുന്നത്….. ഇപ്പോഴും…..ഇതൊക്കെ നിനക്ക് എന്നാണ് മനസ്സിലാവുക…….. .തുമ്പിയുടെ കാര്യത്തിൽ കുറച്ചൊക്കെ പ്രാക്ടിക്കൽ ആവൂ…… അല്ലെങ്കിൽ നിനക്കു തന്നെയാണ് ബുദ്ധിമുട്ട് ഉണ്ടാവുക….. നമ്മൾ അവളെ സ്നേഹിക്കാൻ തുടങ്ങിയപ്പോഴേ ഇതിന്റെ അവസാനം ഇങ്ങനെയേ ഉണ്ടാവുന്നു അറിയില്ലായിരുന്നോ…….. രക്ത ബന്ധം വലുതാണ് മീനമ്മാ…….. ആര് എതിർത്താലും…… മീന തല താഴ്ത്തി…….. ദേവൻ അവളുടെ മുഖം പിടിച്ചുയർത്തി…… നിനക്ക് തുമ്പിയെ കൂടെ വേണമെങ്കിൽ ഇവിടെ നിൽക്കണം…… അവരും സമ്മതിക്കുമായിരിക്കും….പക്ഷേ ഞാൻ കൂടെ ഉണ്ടാവില്ല..എനിക്കിപ്പോൾ അവിടുത്തെ ജോബ് ഉപേക്ഷിക്കാനും പറ്റില്ല……. ഞാൻ ഇടയ്ക്കു വന്നുപോകാം……. മതിയോ……. ഇതേയുള്ളു പോംവഴി….. ഇല്ല…… ഇനിയും ദേവേട്ടനെ പിരിഞ്ഞിരിക്കാൻ എന്നെക്കൊണ്ടാവില്ല…… ഒരു നിമിഷം പോലും……. ദേവന്റെ മടിയിലിരുന്ന് കഴുത്തിൽ കൈ ചുറ്റിപ്പിടിച്ചു പറഞ്ഞു…..

പിരിഞ്ഞിരിക്കാൻ എനിക്കും ഇനി കഴിയുമെന്ന് തോന്നുന്നില്ല മീനമ്മാ……….. നീ എല്ലാം മായയുടെയും ഹരിയുടെയും പേരിൽ കൊടുത്തപ്പോഴേ വിചാരിച്ചതാ ഇനി ഇവിടെ നിന്നെ നിർത്തില്ലന്ന്…… നിന്നെ കൊണ്ടുപോകാൻ തന്നെയായിരുന്നു എന്റെയും തീരുമാനം…….. അപ്പോഴും തുമ്പിയുടെ കാര്യത്തിൽ ഒരു ഉറച്ച തീരുമാനം എടുക്കാൻ എന്നെക്കൊണ്ടായിട്ടില്ല…… എന്തു ചെയ്യും ദേവേട്ടാ ഞാൻ …… അവൾ എന്നെ പിരിഞ്ഞു ഇരിക്കില്ല…… എനിക്കും കഴിയില്ല….. നീ വിഷമിക്കാതെ……. നമുക്ക് ഒന്നു ചോദിച്ചു നോക്കാം……. അവർക്കു സമ്മതമെങ്കിൽ തുമ്പി എന്നും നമ്മുടെ കൂടെയുണ്ടാകും…… നമ്മുടെ മകളായിട്ട്…… തീരുമാനം എന്തായാലും അത് ഉൾക്കൊള്ളാൻ ശ്രമിക്കണം…… എന്നെയും കൂടി വിഷമിപ്പിക്കരുത്…….. തനിച്ചാണ് വന്നത് നിന്റെ ഓർമ്മകൾ മാത്രമേ കൂടെ ഉണ്ടായിരുന്നുള്ളു….. പോകുമ്പോൾ എന്റെ കൂടെ നീയുണ്ടാവണം ………. അതും പഴയ മീനമ്മയായിട്ട്……… ഉണ്ടാവില്ലേ….. മ്മ്…… ഉണ്ടാവും…… മീന ഉറപ്പിച്ചു പറഞ്ഞു……. മനസ്സിലെ വിഷമം രണ്ടാളും മറച്ചു വച്ചു….. തുമ്പി എന്ന വിഷമം……. അപ്പോൾ മുൻപ് എന്നെ വിഷമിപ്പിച്ചതിനുള്ള ശിക്ഷ വേണ്ടേ……. മീനമ്മക്ക്…… അവളുടെ മറുപടിക്ക് കാത്തുനിന്നില്ല ദേവൻ…… ദേവന്റെ മുഖത്തു നിന്നും കൈകളിൽ നിന്നും വേർപിരിയുമ്പോൾ മീന പറഞ്ഞു……

ഒരു മാറ്റവുമില്ല ദേവേട്ടന്…… പണ്ടത്തെ അതേ വഷളൻ തന്നെ…….. നിന്റെ അടുത്തു വരുമ്പോൾ ഞാൻ എന്നും വഷളൻ ആയിരിക്കും മീനമ്മാ……. അവളെ രണ്ടു കയ്യിലും കോരിയെടുത്തു മുറിയിലേക്ക് നടക്കുമ്പോൾ ദേവൻ പറഞ്ഞു…… മീന തുമ്പിയെ ചേർത്തു പിടിച്ചു കിടന്നു ……. അവരെ രണ്ടുപേരെയും ചേർത്തുപിടിച്ചു ദേവനും…….. രണ്ടാളും ഉറങ്ങിയില്ല…… മനസ്സിൽ നിറയെ തുമ്പിയായിരുന്നു…… രാവിലെ മീന എഴുന്നേറ്റു പോകുന്നത് ദേവൻ അറിഞ്ഞു…..ദേവന്റെ കൈകൾ ബന്ധിച്ചു കവിളിൽ ഒരുമ്മ കൊടുത്തു അവൾ …… വഷളൻ ദേവേട്ടൻ…. അവൾ ചെവിയിൽ പറയുന്നതു കേട്ടു ദേവൻ ചിരിച്ചു……. മീനമ്മാ…. കുറച്ചു നേരം കൂടി… പ്ലീസ്…… അയ്യടാ എനിക്കു പണിയുണ്ട്……. എണീറ്റു വരുവാണേൽ ചായ തരും…… മീന തിരിഞ്ഞു നടന്നു….. നീ പോടീ…… എനിക്കെന്റെ തുമ്പിയുണ്ട്…… മീന തിരിഞ്ഞു ദേവനെ നോക്കി……… ഇത്രയും നേരം സന്തോഷത്തോടെ ഇരുന്ന മുഖങ്ങളിൽ പെട്ടെന്നു വിഷമം നിറഞ്ഞു ……..

മീന പോയിക്കഴിഞ്ഞും ദേവന്റെ ചിന്ത എങ്ങനെ ഹരിയോട് ഈ കാര്യം അവതരിപ്പിക്കും എന്നോർത്തായിരുന്നു……. അച്ഛനോട് പറഞ്ഞപ്പോളും അദ്ദേഹത്തിന്റെ കയ്യിലും ആശ്വസിപ്പിക്കുന്ന തരത്തിലുള്ള ഒരു തീരുമാനം ഇല്ലായിരുന്നു….. അദ്ദേഹം മീനയോട് ചോദിച്ചു…… എന്തിനാ മീനു നിനക്കുള്ളതെല്ലാം മായയ്ക്ക് കൊടുത്തത്…… ഇനി നിനക്കായിട്ട് എന്തുണ്ട്…..അതെങ്കിലും ഓർക്കണമായിരുന്നു നീ….. എനിക്കുള്ളതെല്ലാം ഇവരാണ് അച്ഛാ…… ദേവനെയും തുമ്പിയെയും നോക്കി പറഞ്ഞു…… ദേവേട്ടൻ ഉള്ളിടത്തോളം കാലം എനിക്ക് ആരെയും ആശ്രയിക്കേണ്ടി വരില്ലെന്ന് ഉറപ്പുണ്ട്……. ഇനി ഞാൻ ജീവിക്കേണ്ടത് അവിടെയാണ്……. എനിക്കും അതാണിഷ്ടം……. ദേവന് മീനമ്മയിൽ നിന്നും കണ്ണെടുക്കാൻ തോന്നിയില്ല…… ഇനി താൻ സൂക്ഷിക്കണം……. അവൾ തന്നെ സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു…… അവളുടെ മുന്നിൽ പിടിച്ചു നിൽക്കാൻ തന്നെക്കൊണ്ടാവുമോ…… ആ…… ദേവൻ മുകളിലേക്കു നോക്കി…..

കൂടെ കയ്യിലിരുന്ന് തുമ്പിയും…… അച്ഛനും വരണം എന്റെ കൂടെ……. ഇവിടെ തനിച്ചു നിൽക്കണ്ട…..എനിക്കൊരു സമാധാനവും ഉണ്ടാവില്ല….. ഇല്ല മീനു…….. ഇപ്പോൾ അച്ഛൻ വരുന്നില്ല….. എങ്കിലും എന്റെ മോളെ കാണാൻ തോന്നുമ്പോൾ ഞാൻ ഓടിവരും…… പിന്നെ ഇവിടെ ഞാൻ തനിച്ചല്ലല്ലോ…… മായയും ഹരിയുമില്ലേ……. ഒരു വണ്ടി വെളിയിൽ വന്നു നിൽക്കുന്ന ശബ്ദം കേട്ടു……. മീന ദേവനെ നോക്കി……ദേവൻ തിരിച്ചും…അത് ഹരിയും മായയും ആയിരുന്നു…… ദേവൻ വിളിച്ചു വരുത്തിയത്……. മീന എല്ലാവർക്കുമുള്ള ചായ എടുത്തു കൊണ്ട് വന്നു……. എല്ലാവരും മൂകമായിരിക്കുന്നതു കണ്ടപ്പോഴേ മീനയ്ക്ക് മനസ്സിലായി ദേവേട്ടൻ കാര്യം അവതരിപ്പിച്ചെന്ന്……. ഇതിനാണോ മീനു നീ നിനക്കുള്ളതെല്ലാം ഞങ്ങൾക്ക് തന്നത്…… തുമ്പിയെ സ്വന്തമാക്കുന്നതിനുള്ള പ്രതിഫലം…… മായ മീനയോട് ചോദിച്ചു…… മായേ….. നീയിത് എന്തൊക്കെയാ പറയുന്നത്…… മീനുവിന് അറിയാമായിരുന്നോ ദേവൻ അവളെ കൂട്ടാൻ വരുമെന്ന്…… അവന്റെ കൂടെ പോകേണ്ടി വരുമെന്ന്…… തുമ്പിയെ അവൾ എത്രമാത്രം സ്‌നേഹിക്കുന്നുണ്ടെന്ന് ഞാൻ പറയാതെ തന്നെ നിനക്കറിയില്ലേ….. അച്ഛൻ പറഞ്ഞു…….

മീനുവിനോടും ദേവനോടും ഒരുപാട് നന്ദിയും സ്നേഹവും കടപ്പാടുമുണ്ട്…… പക്ഷേ…… അതിനു പകരം തുമ്പിയെ തരാൻ സാധിക്കില്ല…. ഒരു രാത്രി പോലും അവളെ ചേർത്തുപിടിച്ചു ഉറങ്ങാൻ എനിക്ക് സാധിച്ചിട്ടില്ല…… മീനുവിനെ ഓർത്തു മാത്രമാണ് ഞാൻ സഹിച്ചത്…..നോക്കിയാൽ കാണാവുന്ന ദൂരത്തു അവളുണ്ടല്ലോന്ന് ആശ്വസിച്ചു….. ഇത് ഇത്രയും ദൂരം…… പറ്റില്ല…….. ഹരി തീർത്തു പറഞ്ഞു……… എന്നെങ്കിലും അവൾ എല്ലാം മനസ്സിലാക്കി തിരിച്ചു വരുമെന്ന് ഒരു പ്രതീക്ഷയുണ്ട്…… അതിലാണ് ജീവിക്കുന്നതും……. കുറച്ചു ദിവസം അവൾ കരയുമായിരിക്കും…… ആശ്വസിപ്പിക്കാൻ ഞങ്ങളെക്കൊണ്ടാവും….. ഇപ്പോൾ ചെറിയ ഒരകലം മാത്രമേ ഉള്ളൂ തുമ്പിക്കും ഞങ്ങൾക്കുമിടയിൽ……. ഇനിയും അതു കൂട്ടരുതേ മീനു……. ദയവു ചെയ്തു തുമ്പിയെ ഞങ്ങളിൽ നിന്നും പിരിക്കരുത് മീനു……… മായ കരഞ്ഞു കൈകൂപ്പി പറഞ്ഞു…….

ഇല്ല മായേച്ചി……. ഒരിക്കലുമില്ല…… ഞാൻ തുമ്പിക്കു പകരമായല്ല ഒന്നും തന്നത്……. അവൾക്കു പകരം വക്കാൻ ഒന്നിനും ആവില്ല….. ഞാൻ ഒരിക്കലും പിരിക്കില്ല തുമ്പിയെ നിങ്ങളിൽ നിന്നും…… എന്തും കൊടുത്തേ എനിക്കു ശീലമുള്ളൂ…… പിടിച്ചു വാങ്ങില്ല…… ഒരു അവകാശം സ്ഥാപിക്കാനും ഞാൻ വരില്ല….. വൈകുന്നേരം ഞങ്ങൾ പോകും…… അവൾ ഉറങ്ങി എഴുന്നേൽക്കുന്നതിനു മുൻപ്….. അവൾ കരയുന്നതു കണ്ടാൽ ചിലപ്പോൾ പോകാൻ തോന്നിയില്ലെങ്കിലോ…….. നിനക്കു പോകാതിരുന്നു കൂടെ മീനു…….ഇവിടെ നിന്നുകൂടെ..മായ ചോദിച്ചു….. ഇല്ല മായേച്ചി……. പോകണം…… അവിടെ രണ്ടാത്മാക്കളുണ്ട് ഞങ്ങളുടെ വരവും കാത്ത്…… പിന്നെ ഞാൻ ഇവിടെ നിന്നാൽ ദേവേട്ടനുമായിട്ട് പിരിഞ്ഞു നിൽക്കേണ്ടി വരും……. ഇനിയും അദ്ദേഹത്തിനെ വിഷമിപ്പിക്കാൻ എന്നെക്കൊണ്ട് പറ്റില്ല…… ഈ വീടിനു വേണ്ടിയും എല്ലാവർക്കും വേണ്ടിയും ഒരുപാട് സഹിച്ചതാണ്…….. ഇനി വേണ്ട…… ഞാൻ പാക്ക് ചെയ്യട്ടെ…. എന്നുപറഞ്ഞു ആരെയുമൊന്ന് നോക്കാതെ മീന മുറിയിലേക്ക് പോയി…… മീനയെ പിറകിലൂടെ ചെന്നു ചേർത്തു പിടിച്ചു ആശ്വസിപ്പിച്ചു ദേവൻ…… മീനയുടേത് ഉറച്ച തീരുമാനമാണെന്ന് ദേവന് തോന്നി…. എങ്കിലും അവൾ കരയാതെ പിടിച്ചു നിന്നല്ലോ…….. വല്ലാത്ത പെണ്ണു തന്നെ…… ഇതെല്ലാം ഒരു പേമാരിയായി തന്റെ നെഞ്ചിൽ വീഴുമെന്ന് അറിയാം……… ദേവൻ ഓർത്തു…….. അപ്പോഴും തനിക്കു ചുറ്റിനും നടക്കുന്നത് ഒന്നുമറിയാതെ തുമ്പി ദേവന്റെയും മീനയുടെയും ഇടയിലേക്ക് നുഴഞ്ഞു കയറുന്നുണ്ടായിരുന്നു……… തുടരും………