\രചന – രോഹിണി ആമി
അന്ന് ഇറങ്ങിയതാണ് വീട്ടിൽനിന്ന്………. പലയിടത്തും പോയി കൂട്ടുകാരുടെ വീട്ടിൽ……. ബന്ധുവീട്ടിൽ…….. അയാളുടെ സാമീപ്യം അറിയുമ്പോൾ അവിടം വിടും…. അവസാനം ഇവിടെയും എത്തി ഇനിയും ഓടാൻ വയ്യ………മടുത്തു…..
എന്തിനും ഏതിനും തയ്യാറാകണമെന്ന് മനസ്സുകൊണ്ട് തീർച്ചപ്പെടുത്തി…… മരണം വരെ തുമ്പിയെ സംരക്ഷിക്കും…… അവൾക്കൊന്നും സംഭവിക്കാൻ സമ്മതിക്കില്ല ഞാൻ….. മീന എഴുന്നേറ്റു കട്ടിലിലേക്കു നോക്കി…… തുമ്പിയെ കെട്ടിപ്പിടിച്ചു കണ്ണും തുറന്നു തന്നെ നോക്കി കിടക്കുകയാണ് അയാളിപ്പോഴും…. പിരികം പൊക്കി എന്താന്നു ചോദിച്ചു അയാൾ ……. മീന തിരിഞ്ഞു കിടന്നു…..
ഞാൻ രാത്രിയിൽ തുമ്പിയെ എടുത്തോണ്ട് എങ്ങോട്ടെങ്കിലും പോയാലൊന്നോർത്താവും അവളെ മുറുക്കി പിടിച്ചു കിടക്കുന്നത്…. തന്നെ വരച്ച വരയിൽ നിർത്താനുള്ള അയാളുടെ ആയുധമാണ് തുമ്പി….. അവൾക്കുവേണ്ടി ജീവൻ കളയാനും താൻ തയ്യാറാണെന്ന് അയാൾക്കറിയാം…..
രാവിലെ തന്നെ സ്കൂളിൽ പോകാൻ തയ്യാറായി….. തുമ്പിയെ എടുത്തു റെഡിയാക്കാൻ തുടങ്ങിയപ്പോൾ അയാൾ പറഞ്ഞു കൊണ്ടു വിടാമെന്ന്…. വേണ്ടാന്ന് പറയുമ്പോളേക്കും അയാൾ തുമ്പിയെ കയ്യിലെടുത്തിരുന്നു…..
എങ്കിൽ നീ തനിയെ പോയിട്ടു വരൂ….. ഞാനും എന്റെ മോളും ഇവിടെ ഉണ്ടാവും……
മീനയുടെ നെഞ്ചിടിച്ചു പോയി….. അയാളുടെ കൂടെ തുമ്പിയെ തനിയെ നിർത്താനോ….. ഒരിക്കലുമില്ല…… പരുന്തിന്റെ കണ്ണിൽ നിന്നും തള്ളക്കോഴി കുഞ്ഞിനെ കാക്കുന്ന പോലെ കൊണ്ടു നടന്നതാണ് ഇതുവരെ….. അവസാനം പരുന്തിന്റെ മുന്നിലേക്ക് തന്നെ അവളെ ഇട്ടു കൊടുക്കാനോ….. ഒരിക്കലുമില്ല……
ഇല്ല…… ഒരുമിച്ച് പോകാം….. മീന പറഞ്ഞു…
അതാണ്… അതാണെന്റെ മീനമ്മ…… ഞാൻ പോയി റെഡിയാവട്ടെ…… തുമ്പിയുടെ കവിളിൽ നുള്ളിയിട്ടു അയാൾ പോയി….
ആ കറുത്ത കാറിൽ അയാൾക്കൊപ്പം ഇരിക്കുമ്പോൾ യമദേവന്റെ കൂടെ അദ്ദേഹത്തിന്റെ വാഹനത്തിൽ പോകുന്ന പോലെ…… അയാൾ എന്തെല്ലാമോ പറയുന്നുണ്ട്….. ഒന്നും കേൾക്കാൻ ചെവിക്കോ ഉൾക്കൊള്ളാൻ മനസ്സിനോ കഴിയുമായിരുന്നില്ല…..
ഗീതയെ കെട്ടിപ്പിടിച്ചു യാത്ര പറയുമ്പോൾ അവൾ പറഞ്ഞു എന്തു സഹായം വേണമെങ്കിലും അവളെ വിളിക്കണമെന്ന്…..
നിനക്കെന്നെ സഹായിക്കാനാവില്ല ഗീത…. അയാൾ ബുദ്ധിപൂർവമാണ് കരുക്കൾ നീക്കുന്നത്…. എന്റെ തുമ്പിമോളെ മുന്നിൽ നിർത്തി അയാളെന്നെ ശരിക്കും പൂട്ടി….. തിരിച്ചിറങ്ങാൻ പറ്റാത്ത വിധം….. എന്നെ രക്ഷിക്കാൻ ദൈവം നേരിട്ടിറങ്ങേണ്ടി വരും……
മീന പറഞ്ഞു……
തുമ്പിയെയും കൂട്ടി അയാളുടെ കൂടെ വീട്ടിലേക്കു പോകുമ്പോൾ പലവിധ ചിന്തകൾ ആയിരുന്നു…… ഇനിയെന്ത്… ന്ന് ഉള്ളത് ഒരു വലിയ ചോദ്യചിഹ്നമായി നിൽക്കുന്നു….
മീനമ്മ…. നീയറിഞ്ഞോ….. നിന്റെ ഹരിയേട്ടന് ജോലി കിട്ടിയെന്ന്….. വലിയ ജോലിയൊന്നുമല്ല…. എന്നാലും കാര്യങ്ങളൊക്കെ ഓടും….. പക്ഷേ ഉടനെ അതും നഷ്ടമാകും…….
നിങ്ങൾ ഇനിയുമെന്തിനാ ആ പാവത്തിനെ ഉപദ്രവിക്കുന്നത്…… എന്തു ചെയ്തിട്ടാ നിങ്ങളെ ഹരിയേട്ടൻ ……
അവൻ ഒരു കരക്കെത്തിയാൽ ആ നിമിഷം നീയെനിക്ക് നഷ്ടമാവും…….. അതുകൊണ്ട് അവൻ പതിയെ കരകയറിയാൽ മതി…… നിന്നെ ഞാൻ നേടുംവരെ…… ഇനി എല്ലാം നിന്റെ കയ്യിലാ മീനമ്മാ……..
എനിക്കുള്ളതെല്ലാം തരാമെന്നു പറഞ്ഞാലും ഒഴിഞ്ഞു പോകില്ല……. പിന്നെ എന്താ നിങ്ങളുടെ ഉദ്ദേശം……. തുമ്പി ആണെങ്കിൽ അതങ്ങു മറന്നേക്കൂ…….. അവളെ കിട്ടിയതുകൊണ്ട് നിങ്ങൾക്കൊരു പ്രയോജനവും ഇല്ലല്ലോ…… പിന്നെന്താ വേണ്ടേ…… മീന ദേഷ്യത്തോടെ ചോദിച്ചു…….
അങ്ങനെ ആരുടേയും ദയ എനിക്കു വേണ്ട…… എനിക്കുള്ളത് എടുക്കാൻ എനിക്കറിയാം….. എനിക്കു നിന്നെയും തുമ്പിയെയും വേണം..കൂടെ നിന്റെ സ്വത്തും വേണമെന്ന് വെച്ചോളൂ …….
എന്റെ അച്ഛന് പറ്റിയ ഏറ്റവും വലിയ തെറ്റാണ് നിങ്ങൾ……. എന്തിന്റെ പേരിലാണെങ്കിലും ഞാൻ നിങ്ങൾക്ക് മുന്നിൽ കഴുത്തു നീട്ടരുതായിരുന്നു……. നിങ്ങളോടുള്ള സ്നേഹം കൊണ്ടല്ല ഇതു പൊട്ടിച്ചെറിയാത്തത്……. താലിക്ക് ഞാൻ കൊടുക്കുന്ന മര്യാദയാണത് …… എനിക്കു സഹിക്കാൻ പറ്റാതെ വന്നാൽ ഈ ബന്ധനത്തിൽ നിന്നും വെളിയിൽ വരണമെന്ന് തോന്നിയാൽ…… നോക്കിക്കോ ഞാൻ ഇതു വെറും സ്വർണ്ണമായിട്ടു മാത്രം കാണും….. പൊട്ടിച്ചെറിയും ഞാൻ….. എല്ലാവരെയും സമർത്ഥമായി പറ്റിച്ചു മുന്നേറുവാണ് നിങ്ങൾ…… അധികമൊന്നും ആയുസ്സില്ല ഇതിനു……ഓർത്തു വച്ചോ …..
അയാൾ കാറൊതുക്കി നിർത്തി……. മീനയ്ക്ക് പേടി തോന്നി…… റോഡിൽ ആരുമില്ല…… ഒരു ദേഷ്യം വന്നപ്പോൾ പറഞ്ഞുപോയതാണ്….. തനിച്ചാണെന്നും തുമ്പി കൂടെയുണ്ടെന്നും ഓർത്തില്ല…….. അവൾ തുമ്പിയെ ചേർത്ത് പിടിച്ചു…….
നീയെന്താ പറഞ്ഞത് മീനമ്മാ……. അയാൾ ചിരിച്ചു ചോദിച്ചു……. അതു തനിക്കു വേണ്ടിയുള്ള കൊലച്ചിരി ആണെന്ന് മീനയ്ക്ക് മനസ്സിലായി…….. അയാളുടെ കൈ തുമ്പിക്കു നേരെ വരുന്നുണ്ട്……… അവൾ തുമ്പിയെ ഒന്നുകൂടി പൊതിഞ്ഞു പിടിച്ചു……. അയാളുടെ കൈ നീണ്ടത് തനിക്കു നേരെയായിരുന്നു….. താലി എടുത്തു കയ്യിൽ പിടിച്ചു വലിച്ചു……. വലിക്കുന്നതിനനുസരിച്ചു മാല പൊട്ടാതിരിക്കാൻ മീനയും ആഞ്ഞു വന്നു…..
ഇനിയും വലിക്കാതിരിക്കാൻ അയാളുടെ കയ്യിൽ പിടിച്ചു……
തുമ്പിക്ക് നീ കൊടുക്കുന്ന അതേ ഇഷ്ടം ഇതിനും നീ കൊടുക്കുന്നുണ്ടെന്ന് ഇപ്പോ മനസ്സിലായോ……. ഇതെങ്ങാനും പൊട്ടിക്കാൻ ശ്രമിച്ചാൽ ജയദേവിന്റെ വേറൊരു മുഖം കാണും നീ….. എല്ലാം നശിപ്പിച്ചു കളയും ഞാൻ…….. നിന്റെ മരണം വരെ മീന എന്ന പേരിന് കൂട്ടായിട്ട് എന്റെ പേരു മാത്രമേ ഉണ്ടാവു….. മരണത്തിനു ശേഷവും…… അതിനൊരു മാറ്റവും ഉണ്ടാവില്ല…… അല്ലെങ്കിൽ ഞാൻ നിന്നെ വേണ്ടാന്നു വക്കണം…… അതൊരിക്കലും സംഭവിക്കുന്ന കാര്യമല്ല…. എന്നും ഇങ്ങനെ എന്റെ കയ്യിൽ പിടിച്ചു നീയും തുമ്പിയും കൂടെ വേണമെന്നാണ് എന്റെ ആഗ്രഹം…….. നീയെന്നെ ക്രൂരനാക്കരുത് മീനമ്മാ……..
അവൾ പെട്ടെന്നു കൈ തിരിച്ചെടുത്തു…..
ഇത് പെണ്ണിന്റെ കഴുത്തിൽ കിടക്കുമ്പോളാണ് അതു താലിയെന്ന പേരിൽ അറിയപ്പെടുന്നത്…… അതുവരെ അത് ഒരു തുണ്ടു സ്വർണ്ണം മാത്രമാണ്….. കഴുത്തിൽ ഇട്ടതുകൊണ്ട് മാത്രമായില്ല…. അതിനു അതിന്റെതായ മര്യാദയും ബഹുമാനവും കൊടുക്കണം…… അല്ലാതെ സ്വന്തം ഭർത്താവിന്റെ താലി കഴുത്തിലും മനസ്സിൽ പഴയ കാമുകനും ആണേൽ പൊട്ടിക്കാനും വലിച്ചെറിയാനുമൊക്കെ തോന്നും….. അയാൾ താലിയിൽ നിന്നും കയ്യെടുത്തു പറഞ്ഞു……
അയാളെന്നെയും ഹരിയേട്ടനെയും കൊള്ളിച്ചു പറഞ്ഞതാ…… എന്തും സഹിക്കാം…… ആ വഷളൻ ചിരി കാണുമ്പോൾ ദേഷ്യം ഇരച്ചു കയറും…….. മീന വെളിയിലേക്കു നോക്കിയിരുന്നു…… അയാൾ വണ്ടിയെടുത്തു…… വീടെത്തുംവരെ ഒന്നുംതന്നെ മിണ്ടിയില്ല രണ്ടാളും……
പാതിരാത്രി കഴിഞ്ഞിരുന്നു വീട്ടിലെത്തുമ്പോൾ…. ആരെയും കാണാൻ നിന്നില്ല…… നേരെ പോയിക്കിടന്നു സ്വന്തം റൂമിൽ…… ആരോ ഈ റൂം ഉപയോഗിക്കുന്നുണ്ട്……. നല്ല വൃത്തിയിലാണുള്ളത്……. വാതിൽക്കൽ അയാൾ നിൽക്കുന്നത് കണ്ടു….. കുറച്ചു കഴിഞ്ഞു പോകുന്നതും കണ്ടു…… സ്വന്തം വീടിന്റെ ഗന്ധം ശ്വസിച്ചു സുഖമായിട്ട് ഉറങ്ങി…..
രാവിലെ തുമ്പി തട്ടി വിളിച്ചപ്പോഴാണ് എഴുന്നേറ്റത്……
ആഹാ…. ബെഡ് മുഴുവൻ നനച്ചു വച്ചിട്ടുണ്ട്…… കൂടെ എന്നെയും……. അവളെ ഒന്നു സൂക്ഷിച്ചു നോക്കി……
അമ്മല്ലേ ……കൈ ചൂണ്ടി പിടിച്ചിട്ടുണ്ട്…… ചുണ്ടെല്ലാം കൂർത്തു വരുന്നുണ്ട്….. കരയാനുള്ള തുടക്കമാണ്…..
ശരി…… ശരി……. തുമ്പിയല്ലാട്ടോ…… അമ്മയാണേ…….. ശ്ശേ…. ഈ അമ്മക്കൊരു നാണവുമില്ല അല്ലേ…… തുമ്പിയെ നോക്കി ചോദിച്ചു…….. മുഖം തെളിഞ്ഞു…… അതെന്നു തലയാട്ടി….. എന്നിട്ട് എന്നെ കളിയാക്കുവാ മൂക്കത്തു വിരൽ വച്ചു ………. കള്ളിപ്പാറു……
ഒരു ചിരി കേട്ട് തിരിഞ്ഞു നോക്കി…… അയാളാണ്…… എല്ലാം നോക്കിനിൽക്കുവാ….. എല്ലാം കേട്ടുകാണും……
മീന പെട്ടെന്ന് തുമ്പിയെ എടുത്തു കൂടെ ഷീറ്റും…… എന്നിട്ട് നേരെ ബാത്റൂമിലേക്ക് പോയി……..
കുളിയെല്ലാം കഴിഞ്ഞപ്പോഴേക്കും വിശപ്പിന്റെ വിളി തുടങ്ങിയിരുന്നു……… ഇന്നലെ രാത്രി അയാളോടുള്ള വാശിക്ക് ഒന്നും കഴിച്ചില്ല……… വാശി അയാളോടും അത് തീർക്കുന്നത് എന്റെ വയറിനോടും……. ഗതികേട് അല്ലാതെന്തു……….
അടുക്കളയിൽ ചെന്നപ്പോൾ ഒരു ചേച്ചി ഉണ്ടായിരുന്നു…….. പുതിയ ആളാണ്…… എനിക്കറിയില്ല അവരെ……… ആ ചേച്ചിയെ പരിചയപ്പെട്ടു……. തുമ്പിക്ക് ദോശ കൊടുത്തു…….
ഇവിടുത്തെ മോളെ നോക്കാൻ വന്നതാണ് എന്നാ പറഞ്ഞത്……. ഏതു മോളെ…….ആാാ…..
അച്ഛനെ കാണാൻ മുറിയിലേക്ക് പോയി…… അവിടെ കണ്ടില്ല…….. മുറിയിൽ നിന്നിറങ്ങിയപ്പോൾ കണ്ടു പൂജാമുറിയിൽ നിന്നും ഇറങ്ങിവരുന്ന അച്ഛനെ…………. എന്നെ കണ്ടതും മുഖത്ത് നല്ല പ്രകാശം……… എനിക്കും അതേ സന്തോഷം തോന്നിയെങ്കിലും….. സ്വന്തം മകളേക്കാൾ മരുമകനെ വിശ്വസിക്കുന്ന അച്ഛൻ ആണല്ലോ എന്നോർത്തപ്പോൾ അത് അവസാനിച്ചു………… നന്നായിട്ട് ക്ഷീണിച്ചു……. എന്നാലും മുഖത്തെ ഐശ്വര്യം അതുപോലെ ഉണ്ട്……..
എന്റെ മീനു നീ എവിടെയായിരുന്നു ഇത്രയും നാൾ…….. എവിടെയൊക്കെ അന്വേഷിച്ചു നിന്നെ……… നിന്റെ വാശി അച്ഛനോട് തീർക്കേണ്ടത് ഇങ്ങനെയായിരുന്നില്ല മോളെ……. നിന്റെ നല്ലതിനു വേണ്ടി മാത്രമാണ് അച്ഛനിങ്ങനെയൊക്കെ ചെയ്തത്……… നീയും തുമ്പിയും ഇവിടം വിട്ടു പോയതിനു ശേഷം ജയദേവ് ഉറങ്ങിയിട്ടില്ല……. നിന്നെ അന്വേഷിച്ചു എവിടെയെല്ലാം അലഞ്ഞു………..
അതയാൾക്ക് എന്നോടുള്ള സ്നേഹം ആയിട്ടാണ് അച്ഛൻ വിചാരിച്ചു വെച്ചിരിക്കുന്നത്……… പാവം……. അയാൾ ശരിക്കും അച്ഛനെ അയാളുടെ വശത്താക്കി വെച്ചിരിക്കുകയാണ്………. മീന മനസ്സിലോർത്തു…….
ഇവിടുത്തെ വിശേഷം ഒക്കെ അറിഞ്ഞോ……. അച്ഛൻ ചോദിച്ചു……
എന്ത്… എന്ന രീതിയിൽ അച്ഛനെ നോക്കി….
ജയദേവ് ഒന്നും പറഞ്ഞില്ലേ നിന്നോട്…..
അവളുടെ ആ നോട്ടത്തിൽ നിന്നും അയാൾക്ക് മനസ്സിലായി അവൾക്കൊന്നും അറിയില്ല എന്ന്…………
വാ…… അവളുടെ കൈയ്യും പിടിച്ചു നടന്നു……. മുറിയുടെ വാതിൽ തുറന്നു…….. അകത്ത് ചെറുതായിട്ട് പുക ഉയരുന്നുണ്ട്…….. അതിൽ രാമച്ചത്തിന്റെയും കർപ്പൂരത്തിന്റെയും നല്ല മണം……….. കട്ടിലിൽ ആരോ കിടക്കുന്നുണ്ട്…… വ്യക്തമല്ല…….. മീന സൂക്ഷിച്ചുനോക്കി……..
മീനയുടെ ചുണ്ടിൽ നിന്നും ആ പേര് വെളിയിലേക്കു വന്നു………
മായേച്ചി……….
തുടരും ………

by