19/04/2026

സ്നേഹബന്ധനം : ഭാഗം 10

രചന – രോഹിണി ആമി

മീന ഒന്നു മിണ്ടാതിരുന്നാൽ തീരുന്നതേയുള്ളോ തന്റെ ദേഷ്യവും വാശിയുമെല്ലാം….. തനിക്ക് അവളോടുള്ള സ്നേഹം തിരിച്ചു ഇങ്ങോട്ടു ഇല്ലെങ്കിലോ………. തന്നെ ശുശ്രുഷിക്കുന്നത് ചെയ്ത തെറ്റിനുള്ള പ്രായശ്ചിത്തം ആയിക്കൂടെ…. അവൾ അന്നും ഇന്നും തന്നെ സ്നേഹിച്ചിട്ടില്ല….. അല്ലെങ്കിൽ ഒരുപ്രാവശ്യമെങ്കിലും താലി തിരിച്ചു വേണമെന്ന് പറഞ്ഞോ……. ഇല്ല….. ഞാനാണ് ഓരോന്ന് ആശിക്കുന്നത്…… ആഗ്രഹങ്ങൾ എല്ലാം നടക്കില്ലല്ലോ…. . അങ്ങനെ നടന്നാൽ മനുഷ്യനും ദൈവവും തമ്മിൽ എന്താ വിത്യാസം………മീന പോകുന്നതും നോക്കി ദേവൻ ആലോചിച്ചു നിന്നു…..

മീന മായയുടെ അരികിലേക്ക് ചെന്നു…..

എന്താ മായേച്ചി വിളിച്ചത്…..

മായ അവളുടെ കവിളിൽ തലോടി…..നിനക്കെന്നോട് ഒട്ടും ദേഷ്യം തോന്നുന്നില്ലേ മീനു……. എങ്ങനെ കഴിയുന്നു ആ പഴയ സ്നേഹത്തോടെ മായേച്ചിന്ന് വിളിക്കാൻ….. ഞങ്ങൾ നിന്നോടും ദേവേട്ടനോടും ചെയ്തത് വലിയ തെറ്റാണ്….. അതിനുള്ള ശിക്ഷയാവും ഇങ്ങനെ….. മരിച്ചു ജീവിച്ചത്……. ഇപ്പോൾ ഹരി അനുഭവിക്കുന്നതും……

എനിക്കൊരു ദേഷ്യവുമില്ല മായേച്ചി ആരോടും…. ഞാൻ സ്വയം കണ്ണടച്ച് ഇരുട്ടാക്കുകയായിരുന്നു…. ആരും ആർക്കും സ്വന്തമല്ലെന്നു പറയുന്നത് വലിയൊരു സത്യമാണ്….. ഞാൻ ഇന്നത് മനസിലാക്കുന്നു…. ഇത്രയൊക്കെ എല്ലാവരുടെയും മനസ്സിൽ ഉണ്ടായിരുന്നിട്ടും അതൊന്നും പുറമെ കാട്ടാതെ എന്നെ സ്നേഹിക്കും പോലെ എനിക്കു അനുഭവപ്പെട്ടില്ലേ…. എനിക്കതു മാത്രം മതി….. ഇനിയാണെങ്കിലും നിങ്ങളൊക്കെയല്ലേ എനിക്കുള്ളൂ….

അങ്ങനെയൊന്നും പറയല്ലേ മീനു….. നിന്റെ കൂടെ ഞാൻ എന്നുമുണ്ടാവും…. നിനക്ക് ഞങ്ങളോട് പൊറുക്കാൻ കഴിയുമെങ്കിൽ……. എന്റെ അനിയത്തിയെ സ്നേഹിക്കണം ഇനിയെനിക്ക് ഈ ജീവൻ പോകും വരെ …..

മീന കേട്ടിരുന്നതല്ലാതെ മറുപടി പറഞ്ഞില്ല….
കുറച്ചു നേരം അവിടെ ഇരുന്നിട്ട് എഴുന്നേറ്റു പോയി തുമ്പിയെ തിരക്കി……. ഒരുപാട് വിഷമം വരുമ്പോൾ അവൾ അടുത്തു വേണം….. ആകെയുള്ള ഒരാശ്വാസം ആണ് ഇനി…. എത്ര കാലം എന്നറിയില്ല…… കണ്ണു നിറയാതിരിക്കാൻ ശ്രമിച്ചു……. കണ്ണുനീർ സൂക്ഷിച്ചു വച്ചോളു…. ഇനിയും ആവശ്യം വരും മീനമ്മാ….. ദേവൻ പണ്ട് പറഞ്ഞത് ഓർത്തു ……

തുമ്പിയെ എടുത്തു മുറിയിലേക്ക് പോയി…… ചേർത്തുപിടിച്ചു കിടന്നു…..

തുമ്പി…..

അവൾ മുഖത്തേക്ക് നോക്കി….. ആ കുഞ്ഞിക്കണ്ണിലേക്കു നോക്കി ചോദിച്ചു….
അമ്മയെ വിട്ടു പോകുവോ തുമ്പി…..

ഇല്ല…. അവൾ തലയാട്ടി പറഞ്ഞു….

അമ്മയെ അല്ലേ തുമ്പിക്ക് ഏറെയിഷ്ടം…..

ഹാ…..

ആരെങ്കിലും വന്നു വിളിച്ചാൽ പോകുവോ… അവരുടെ കൂടെ…..

മ്മ് ഹും…… ഇല്ല……

ഒരിക്കലും……..

അവൾക്ക് ഒന്നും മനസ്സിലായില്ല….. എങ്കിലും നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു തന്നു….. രണ്ടു കവിളിലും ഉമ്മ തന്നു….. അവളെ ചേർത്തുപിടിച്ചു….. ആരും തുമ്പിയെ തന്റെയടുത്തുനിന്നും പിരിക്കരുതെന്നു പ്രാർത്ഥിച്ചു…… ഒരിക്കലും നടക്കുന്ന കാര്യമല്ലെന്ന് അറിയാമെങ്കിൽ കൂടി….. തുമ്പി പറ്റിച്ചേർന്നു കിടന്നുറങ്ങി…… അവളെങ്കിലും സമാധാനത്തോടെ ഉറങ്ങട്ടെന്നു കരുതി മീന ശല്യം ചെയ്യാതെ കൂടെ കിടന്നു…..

ജയദേവിനുള്ള ഭക്ഷണം റൂമിൽ കൊണ്ടു കൊടുത്തു……

നമ്മുടെ കല്യാണം നടന്ന കാര്യം ഞാൻ മായയോട് പറഞ്ഞിട്ടില്ല…. അല്ലെങ്കിലും അതൊരു കല്യാണം ആയിരുന്നില്ലല്ലോ……. അതുകൊണ്ട് പറയേണ്ട ആവശ്യമില്ല എന്നു തോന്നി…..
എന്റെ വാശിക്കും നിർബന്ധത്തിനും മീന വഴങ്ങി തന്നു.., അത്രേയല്ലേ ഉള്ളൂ.,..

മീന ദേവന് ഭക്ഷണം കൊടുക്കുന്നതിൽ മാത്രം ശ്രദ്ധിച്ചു….. പറയുന്നതൊന്നും കേൾക്കുന്നു കൂടിയില്ല എന്നു തോന്നുന്നു….. ഒന്നും മിണ്ടാതെ നിൽക്കുന്ന മീനയെ കണ്ടപ്പോൾ ദേവന് ദേഷ്യം വന്നു…..

എനിക്കു ആരുടേയും സഹായം വേണ്ട…… തനിയെ എടുക്കാൻ എനിക്കറിയാം…

അതു കേട്ടതും മീന വിളമ്പിക്കൊടുക്കുന്നതു നിർത്തി…. ടാബ്ലറ്റ് എടുത്തു മേശപ്പുറത്തു വച്ചിട്ട് വെളിയിലേക്കു നടന്നു…..

വന്ന ദേഷ്യത്തിന് എല്ലാം കൂടി വലിച്ചെറിയാനാണ് തോന്നിയത്……. സ്വയം നിയന്ത്രിച്ചു…… ഒരു വാശിക്ക് ഭക്ഷണവും ടാബ്ലെറ്റും കഴിച്ചില്ല….. കയറിക്കിടന്നു…..

ഇത്രയൊക്കെ നടന്നിട്ടും പറഞ്ഞിട്ടും ഇവൾക്ക് ഒരുതരി ഇഷ്ടം എന്നോട് തോന്നുന്നില്ലേ….. എന്താവും മീനയുടെ മനസ്സിൽ…….. പെണ്ണിന്റെ മനസ്സ് ഒരു പടുകുഴിയാണെന്നു പറയുന്നത് എന്തു സത്യമാണ്….. എത്ര ആഴമുണ്ടെന്നോ ഉള്ളിൽ എന്താണെന്നോ അറിയാൻ പറ്റുന്നില്ല…..

ആരോ തട്ടിവിളിച്ചു…… കണ്ണു തുറന്നപ്പോൾ തുമ്പിയാണ്…. ആകെയൊരു കള്ളലക്ഷണം…… കയ്യും പിന്നിൽ കെട്ടി നിൽക്കുവാണ്…

എന്താടീ കള്ളി പെണ്ണേ……

ആ…… അവൾ വാ തുറന്നു കാട്ടിയിട്ട് എന്നോട് തുറക്കാൻ പറഞ്ഞു….. ഞാനും വാ പൊളിച്ചു….. ആ…..

വായിലോട്ടു എന്തോ ഇട്ടു…. അതുശരി… ടാബ്ലറ്റ് ആണ്….. വെള്ളം വായിലൊഴിച്ചു തന്നതും തുമ്പിയാണ്……. എന്നിട്ട് തിരിഞ്ഞു നിന്നു വാ പൊത്തി ചിരിച്ചു….. വാതിലിനരികിൽ മീന…… താൻ നോക്കുന്നതു കണ്ടപ്പോൾ തിരിഞ്ഞു പോയി….. തുമ്പിയെ എതിർക്കില്ലന്നു അവൾക്കറിയാം…..

അച്ഛേ…… ഉവ്വാവ് പോയോ…….

കുറച്ചു കൂടി ഉണങ്ങാനുണ്ട്…… അവളുടെ കുഞ്ഞിക്കൈ എടുത്തു മുഖത്തു വെച്ചു……

വേന ഒന്തോ …..

കുറച്ചു…..

ഇനീം തുത്തിവെച്ചുവോ …….

അങ്ങനെ ആരു പറഞ്ഞു……

അമ്മ…… തുളിക തയിച്ചില്ലേൽ തുത്തിവെച്ചുന്ന്…….

പിന്നെയെന്തൊക്കെ പറഞ്ഞു നിന്റെ അമ്മ…..

അച്ഛക്ക് അമ്മേനെ മേന്താന്നു……

ഏതമ്മയാ പറഞ്ഞേ…..

തുമ്പി സംശയത്തോടെ എന്റെ മുഖത്തു് നോക്കിയിരുന്നു…… അറിയാനുള്ള ആകാംക്ഷ കൊണ്ട് ചോദിച്ചതാ……. മീന ആണോന്നറിയാൻ……… ഒന്നുകൂടി ചോദിച്ചു……. മീനമ്മയാണോ…. അതോ മായമ്മയാണോ…… അവൾക്കു തന്നെ സംശയമായി…… ആ കുഞ്ഞു മുഖത്ത് ആകെ ഒരു ചിന്ത……

ആരാണെന്നറിയാതെ ഞാൻ ഇങ്ങനെ ഇവൾക്ക് മറുപടി കൊടുക്കും………. മീനയാണ് ചോദിച്ചിരുന്നെങ്കിൽ പറയാമായിരുന്നു….. അമ്മയ്ക്കല്ലേ അച്ഛയെ വേണ്ടാത്തതെന്ന്…. പക്ഷേ മായയാണ് ചോദിച്ചത് എങ്കിൽ ഞാൻ ഈ മറുപടി എങ്ങനെ പറയും……. ആ കുഞ്ഞു മുഖത്തിലെ ആകാംക്ഷ എന്റെ മുഖത്തേക്ക് കൂടി പടർന്നു……

അച്ഛക്ക് ഗുളിക തരാൻ ആരാ പറഞ്ഞത്….

അമ്മ…..

അതു മീനയാണെന്നു മനസ്സിലായി….. അവൾ മുറിവിൽ പതിയെ തൊട്ടുനോക്കുന്നുണ്ട്…… തുമ്പിയുടെ മുഖത്തു നോക്കി ദേവൻ …… അവളുടെ മുഖത്തെ വേദന കണ്ടപ്പോൾ ജയദേവന്റെ കണ്ണുകൾ നിറഞ്ഞു……. മനസ്സിനുള്ളിൽ ആകെ വേദന……. ഹരിയാണ് അച്ഛൻ എന്നറിയുമ്പോൾ തീരില്ലേ ഈ സ്നേഹം……… സ്വന്തം ചോരയല്ല എന്ന് അറിയാമെങ്കിൽ കൂടെയും മകളാണ് മനസ്സിൽ……..മീനയുമായുള്ള പ്രശ്നങ്ങളിൽ ഒരു പരിധിവരെ വിഷമങ്ങൾ മറക്കുന്നത് തുമ്പിയുടെ സാന്നിധ്യം ഉള്ളതുകൊണ്ട് മാത്രമാണ്………. തുമ്പിയെ ചേർത്തുപിടിച്ചു…… മുറിവിൽ മുട്ടാതിരിക്കാൻ അവൾ ശ്രദ്ധിക്കുന്നുണ്ട്………. പ്രായത്തിനേക്കാൾ പക്വത തോന്നിക്കാറുണ്ട് ഇടയ്ക്ക്……….അതങ്ങനെയല്ലേ വരൂ…. അവളെ വളർത്തിയത് മീനയല്ലേ……

ജീവിതത്തിലും ഒരു റീവൈൻഡ് ബട്ടൺ ഉണ്ടായിരുന്നെങ്കിൽ……… മായയ്ക്ക് പകരം മീന ആയിരുന്നെങ്കിൽ…… ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല……. എല്ലാം കൈവിട്ടു പോയി….. നെഞ്ചിൽ ചൂടുപറ്റി കിടക്കുന്ന തുമ്പി പോലും…..

മാതാപിതാക്കളെ കാട്ടി കൊതിപ്പിച്ചു…. അതും തിരിച്ചെടുത്തു…… ഒരു ഭാര്യയെ തന്നു…. അതും സ്വന്തമല്ല എന്നറിഞ്ഞു……. സ്വന്തമല്ലെങ്കിലും ഒരു മകളെ തന്നു….. അതും ശാശ്വതമല്ല എന്നറിഞ്ഞു……പിന്നെ ജീവനിൽ ചേർത്തുപിടിക്കാൻ ഒരു പെണ്ണിനെയും കൂടി തന്നു….. അവളുടെ മനസ്സിൽ മറ്റൊരാൾ ആണെന്നറിഞ്ഞിട്ടും…. നെഞ്ചിൽ ഒട്ടിക്കിടക്കുന്ന താലിയിൽ അവൾ തന്റെ സ്വന്തം എന്ന് മനസ്സ് പറഞ്ഞു……… ഇപ്പോൾ അതും ഒരു ഓർമ്മ ആവുകയാണ്……..

ഇവിടെ നിന്നാൽ പലതും കണ്ടുകൊതിക്കും…… എന്നെ ഒഴിവാക്കാൻ ആവില്ലേ മീന മൗനം കാണിക്കുന്നത്…….. അതിലും നല്ലത് സ്വയം ഒഴിയുന്നത് ആയിരിക്കും…….. അവൾ അറിയുന്നില്ല ഈ മൗനത്തിനാണ് മുറിവിനെക്കാൾ വേദനയെന്നു…..

ഓർത്തിരുന്ന് തുമ്പിയുടെ കൂടെ മയങ്ങിപ്പോയി……… അച്ഛൻ വന്നു വിളിച്ചപ്പോഴാണ് എഴുന്നേറ്റത്……

തുമ്പി കിടന്നു മുള്ളില്ലേ ദേവാ….. മുറിവിൽ വീണാൽ ഇൻഫെക്ഷൻ ആവില്ലേ…. കുഞ്ഞിന് അറിയില്ലല്ലോ……

സാരമില്ല അച്ഛാ…… അവളോട് വർത്തമാനം പറഞ്ഞു ഉറങ്ങിപ്പോയി….. അറിഞ്ഞില്ല…..

കുറച്ചുനേരം ഷോപ്പിലെ കാര്യങ്ങളെല്ലാം സംസാരിച്ചു……..

ഞാൻ നോക്കിയാൽ ഒന്നും ശരിയാവില്ല…….. എത്രയും പെട്ടെന്ന് സുഖപ്പെട്ടു വരൂ…….നിന്നെ എല്പിച്ചിട്ടു വേണം എനിക്ക് വിശ്രമിക്കാൻ..

അച്ഛൻ പറഞ്ഞതിനു മറുപടി പറയാനായില്ല ജയദേവന്……… സ്നേഹിച്ചിട്ടേയുള്ളൂ.. ഒരു മകനെ പോലെ…… സ്വന്തം മകൾ ചെയ്യുന്നത് തെറ്റാണെന്ന് അറിഞ്ഞു തന്റെ കൂടെ നിന്ന ആളാണ്……. ആദ്യത്തെ മകൾ ചെയ്തതിനു പ്രായശ്ചിത്തമെന്നോണം രണ്ടാമത്തെ മകളെ കൈ പിടിച്ചു തന്നതാണ്…….. കൂടെ അവളുടെ സ്വത്തിന്റെ നടത്തിപ്പവകാശവും……. ഒരുപാട് ആലോചിച്ചു എടുത്ത തീരുമാനം ആയിരുന്നു മീനയെ തന്നെ ഏൽപ്പിക്കുക എന്നത്………
അച്ഛന് വേറെ ആരെയും വിശ്വാസമില്ലാത്തതുപോലെ……. അതുപോലെ ആയിരുന്നല്ലോ അനുഭവവും……. സ്വന്തം അനിയന്റെ മകളാണ് എന്ന് പറയുമ്പോൾ ഞാൻ കണ്ടതാണ് ആ വേദന………. അവളോടുള്ള സ്നേഹം……..

ഇപ്പോൾ ഞാൻ അനുഭവിക്കുന്ന വേദനയും അതുതന്നെയാണ്…… തുമ്പി ഹരിയുടെ മകൾ ആണല്ലോ എന്നോർക്കുമ്പോൾ…..

മീന തുമ്പിയെ വന്നു വിളിച്ചു …… തുമ്പിക്കും മീനക്കും ഒരേ മണമാണ്……അവർ രണ്ടാളും അടുത്തുള്ള നിമിഷം തനിക്കും അതേ മണമാണ്….. ദേവൻ ഓർത്തു …….. തുമ്പിയോട് മാത്രം മീന ചിരിക്കും…..സംസാരിക്കും ……… ചാടി അവളുടെ തോളിൽ കയറി തുമ്പി…..കുട്ടിക്കൊരങ്ങു…….. ഒന്നു നോക്കുക കൂടി ചെയ്യാതെ മീന അവളെയുമെടുത്തു പോയി……

ശരിക്കും നീ എന്നെ വിഷമിപ്പിക്കുന്നു മീന….. ഒന്നുകൂടി ആഞ്ഞു കുത്താൻ പാടില്ലായിരുന്നോ നിനക്ക്…….. ഈ ഒറ്റപ്പെടുത്തൽ സഹിക്കാവുന്നതിലും അപ്പുറമാണ്…….

നാളെ ഹരി വരും എന്ന് പറഞ്ഞിട്ടുണ്ട്…….. ആദ്യം അച്ഛനെ പറഞ്ഞു സമാധാനിപ്പിക്കണം……ആ കിടപ്പിൽ മകളോട് ക്ഷമിക്കേണ്ടി വന്നു….. പക്ഷേ ഹരിയോട് ദേഷ്യം അതുപോലെ ഉണ്ട്…… അത് മീനയെ കബളിപ്പിച്ചതിലാണ്….. അച്ഛന്റെ മുറിയിലേക്ക് നടന്നു പോകുമ്പോൾ കാലുകൾ അറിയാതെ മീനയുടെ മുറിയുടെ മുന്നിൽ നിന്നു പോയി…… എന്തോ ആലോചനയിലാണ്……..തുമ്പി അടുത്തിരുന്നു കളിക്കുന്നുണ്ട്…… ഇവൾക്കെന്താ ഇത്രക്ക് ആലോചിക്കാൻ…….

ഹരിയും ഹരിയുടെ അച്ഛനും അമ്മയും ആണ് വന്നത്……. ഹരിയുടെ അച്ഛന് മീനയുടെ അച്ഛനെ നോക്കാൻ വലിയ ബുദ്ധിമുട്ടായിരുന്നു………ഹരിയുടെ അമ്മക്ക് ഇതൊന്നും അറിയില്ലായിരുന്നു എന്നു തോന്നുന്നു…… അവർ ഇടയ്ക്കിടെ മീനയെ നോക്കുന്നുണ്ട്……. മരുമകളായി കണ്ടത് അവളെയല്ലേ….. അതാവും….. അവരുടെ മുഖത്ത് ആ ഒരു വാത്സല്യം കാണുന്നുണ്ട്….

ഹരിയെയും മായയെയും ഒരുമിപ്പിക്കാൻ തീരുമാനിച്ചു……. ആൾക്കാർ അറിഞ്ഞാൽ എന്തൊക്കെ പറഞ്ഞു പരത്തും എന്ന് അറിയില്ല………. അത് ഓർത്തിട്ട് എല്ലാവർക്കും നല്ല ടെൻഷൻ ഉണ്ട്……. അവർക്ക് പുതിയത് വേറെ കിട്ടുമ്പോൾ ഈ കാര്യം നിർത്തിക്കോളും എന്ന് ദേവൻ ആശ്വസിപ്പിച്ചു……. അതിനു മുൻപ് അച്ഛൻ ദേവന്റെയും മായയുടെയും ഒപ്പു വാങ്ങി ഡിവോഴ്സ് പേപ്പറിൽ……. ഒപ്പിടുമ്പോൾ ദേവന്റെ കണ്ണുകൾ മീനയിലായിരുന്നു……. ഇവിടെ നടക്കുന്നതൊന്നും തന്നെ ബാധിക്കുന്ന കാര്യമേ അല്ല എന്നുള്ള രീതിയിൽ നിൽപ്പുണ്ട്……അവരുടെ കാര്യത്തിന് ഒരു തീരുമാനം ആയപ്പോൾ അടുത്തത് തുമ്പിയുടെയും മീനയുടെയും കാര്യമായി……. അവരെ തമ്മിൽ പിരിക്കാൻ കുറച്ചു പാടാണ്…… അതിന് അച്ഛൻ പറഞ്ഞ മറുപടി…. തുമ്പി ഇവിടെ നിൽക്കട്ടെ എന്നാണ്…… മീനയോട് അവർ ചെയ്തതിന് ഒരു പ്രായശ്ചിത്തം ആയിട്ട്……… പതിയെ അടർത്തി മാറ്റാം……..

ഇനി മീനയുടെയും ദേവന്റെയും കല്യാണം രജിസ്റ്റർ ചെയ്യണം…….അച്ഛൻ പറയുന്നത് കേട്ടപ്പോൾ ദേവൻ മീനയുടെ മുഖത്തേക്ക് നോക്കി…… മീന നിലത്തേക്ക് തന്നെ നോക്കി നിൽക്കുവാണ്……..

മായ എല്ലാവരുടെയും മുഖത്തേക്ക് നോക്കി…….. ഹരിയാണ് പറഞ്ഞത് അവളോട് എല്ലാകാര്യവും…….. അവളാകെ അന്തംവിട്ടു നിൽക്കുകയാണ്……… നീ സുഖമാകാൻ കാത്തിരുന്നതാണ് എല്ലാവരും നിന്നെ സത്യം അറിയിക്കാൻ……… മായ ഓർത്തു……. സ്വന്തം താലി തിരികെ വാങ്ങുന്നതിനു വേണ്ടി മീനയോട് സംസാരിച്ചത്……… എന്നിട്ടും അവൾ ഒന്നും മിണ്ടിയില്ല…….. ഈ അനിയത്തിയെ ആണല്ലോ ഞാൻ കുറച്ച് സ്വത്തിനുവേണ്ടി ഇല്ലാതാക്കാൻ തീരുമാനിച്ചത്…………ആ അവൾ തന്നെ വേണ്ടി വന്നു തന്റെ കുഞ്ഞിനെ സ്വന്തം അമ്മയേക്കാൾ നന്നായി നോക്കാൻ……. മീനയുടെ മുഖത്തേക്ക് നോക്കാൻ സാധിച്ചില്ല മായയ്ക്കു……..

എല്ലാവർക്കും ചായ എടുക്കാൻ മീന അടുക്കളയിലേക്ക് പോയി……. ഹരിയുടെ അമ്മ അവൾക്കൊപ്പം പോയി…….

മീനു.. നിനക്ക് ആരോടും ദേഷ്യം തോന്നുന്നില്ലേ മോളെ….. എനിക്ക് അറിയില്ലായിരുന്നു ഒന്നും…. അറിഞ്ഞിരുന്നെങ്കിൽ ഞാൻ നിനക്ക് ഒരു സൂചനയെങ്കിലും തന്നേനെ…….. സാരമില്ല….. ഇതിപ്പോൾ ഹരിയേക്കാൾ നല്ലവൻ തന്നെയാണ് ജയദേവ്……… നിന്നെ പൊന്നുപോലെ നോക്കും……. ഒന്നും ഓർത്ത് വിഷമിക്കരുത് കേട്ടോ………

മീന എല്ലാം കേട്ട് തലയാട്ടി എന്നല്ലാതെ മറുപടി ഒന്നും തന്നെ പറഞ്ഞില്ല……ഇതെല്ലാം കേട്ടുകൊണ്ടും കണ്ടുകൊണ്ടും ജയദേവ് നിൽപ്പുണ്ടായിരുന്നു……. മീനയുടെ മൗനവ്രതം അയാളെ ശരിക്കും ദേഷ്യം പിടിപ്പിക്കുന്നുണ്ട്….. ഹരിയുടെ അമ്മ അവൾക്കരികിൽ നിന്നും മാറിയപ്പോൾ ജയദേവ് മീനയുടെ അരികിലേക്ക് ചെന്നു…..

ഹരിയെ പിരിഞ്ഞതിലുള്ള വിഷമം ആണോ ഈ കാണിക്കുന്നത്……. അതോ ഞാൻ സ്വാതന്ത്രയാക്കിയല്ലോ എന്നുള്ള സന്തോഷമാണോ ഈ മിണ്ടാതിരിരിക്കുന്നതിന്റെ കാരണം…..

ഒന്നും മിണ്ടാതെ മീന ചായയും എടുത്തു പോയി…… ദേഷ്യം വന്ന ദേവൻ വാതിൽപ്പടിയിൽ ആഞ്ഞടിച്ചു…… വയറിനു സൈഡിലൂടെ ഒരു കൊള്ളിയാൻ മിന്നിപ്പോയി…… വയറിൽ കൈ പൊത്തിപിടിച്ചു നിന്നുപോയി കുറച്ചു നേരം….

കണ്ണുതുറന്നപ്പോൾ മീന ചായയും കൊണ്ട് അടുത് നിൽപ്പുണ്ടായിരുന്നു…. തലയും കുനിച്ചു……. ചായ നീട്ടി….

എനിക്ക് വേണ്ട…..

അതും പറഞ്ഞു അവളെ കടന്നു പോയി……. എങ്ങോട്ടെങ്കിലും ഇറങ്ങി പോവാൻ തോന്നുന്നു……. മുറിയിൽ പോയി കിടന്നു……

ഹരിയുടെ വീട്ടുകാർ ഉണ്ടായിരുന്നതുകൊണ്ട് മാത്രം മനസ്സിലെ വിഷമം മുഖത്ത് കാട്ടാതെ അവരുമായി പോയിരുന്ന ഒരുമിച്ച് ചോറുണ്ടു……… ചോറുവിളമ്പി തന്നത് മീനയാണ്……… എതിർക്കാനും പറ്റിയില്ല…….. തുമ്പി ഇരുന്നതും തന്റെ കൂടെയാണ്………ചോറു വാരിക്കൊടുത്തു…… ഇടയ്ക്കു തനിക്കും തരുന്നുണ്ട്……. ഇടയിൽ മീനയുടെ കയ്യിലേക്ക് പോകും…… പിന്നെയും തന്റെ മടിയിൽ വരും….. തുമ്പി മീനയുടെ കൈ പിടിച്ചു ദേവന്റെ അടുത്ത് നിർത്തി……

അച്ഛേ ഇനി അമ്മത്ത് …. എപ്പോഴത്തെയും പോലെ തുമ്പി മീനയെ ചൂണ്ടിക്കാണിച്ചു ……

ഈശ്വരാ ചതിച്ചു……. ഈ പെണ്ണിന്റെ കാര്യം…… ദേവൻ മീനയെ നോക്കി…….. അവൾ ആകെ ഞെട്ടിനിൽക്കുവാണ് …. കൈ വിടുവിക്കാൻ നോക്കുന്നുണ്ട്….. തുമ്പി വിടുന്നില്ല…….. അതെല്ലാം നോക്കി ബാക്കിയുള്ളവരും…..

അടി വാങ്ങും തുമ്പി നീ…… മര്യാദക്ക് കഴിച്ചിട്ട് പോ…….. മീന ദേഷ്യത്തിൽ കൈ വിടുവിച്ചു പറഞ്ഞു……

ഞാനെന്നാ ചെയ്തേ…… അമ്മയെ സ്നേഹിച്ചതല്ലേ…. എന്നുള്ള രീതിയിൽ മീനയെയും ദേവനെയും മാറി മാറി നോക്കുന്നുണ്ട്……. എല്ലാവരുടെയും മുന്നിൽ വച്ചു വഴക്കു പറഞ്ഞതിന്റെ വിഷമം വേറെ…..
തുമ്പിയുടെ ചുണ്ടെല്ലാം വിതുമ്പി വരുന്നുണ്ട്….. കരയാൻ തയ്യാറായി………. ദേവൻ ദേഷ്യത്തിൽ മീനയെ നോക്കി…….

സാരമില്ല….. കരയണ്ടാട്ടോ…… അച്ഛ അമ്മയെ വഴക്കു പറഞ്ഞോളാം………

മ്മ്…… അച്ചണ്ട ഛേ…തുമ്പി ഒന്നാശ്വസിച്ചു…… ദേവന്റെ നെഞ്ചിലേക്ക് ചേർന്നു…….

ഹരിയുടെ നോട്ടം മുഴുവൻ തുമ്പിയിലും മീനയിലും ആയിരുന്നു…….. തുമ്പിയെ നോക്കിക്കോട്ടെ………. പക്ഷേ എന്തിനാണ് മീനയെ നോക്കുന്നത്…….. അതു കാണുമ്പോൾ തനിക്ക് എന്തിനാണ് ദേഷ്യം തോന്നുന്നത്…… ദേവൻ ഓർത്തു…… പോകുന്നതിനു മുൻപ് ഹരി എന്തൊക്കെയോ മീനയോട് പറയുന്നുണ്ടായിരുന്നു……. എല്ലാം കേട്ട് കുനിഞ്ഞു നിൽപ്പുണ്ട്…….

ഹരി മീനയോട് മിണ്ടുന്നതു സഹിക്കാൻ കഴിയുന്നില്ല…… ഇവൾക്ക് ഹരിയുടെ അടുത്തു നിന്നും മാറിപ്പൊയ്ക്കൂടെ…… മനുഷ്യനെ വെറുതെ വിഷമിപ്പിക്കാൻ…… മീന പെട്ടെന്നു ദേവന്റെ മുഖത്തേക്ക് നോക്കി….. അവിടെ ദേഷ്യം കണ്ടതുകൊണ്ടാവും അവൾ അകത്തേക്ക് പോയി…… മീന ഹരിയെ ഒന്ന് തിരിഞ്ഞു പോലും നോക്കാതെ കടന്നുപോയപ്പോൾ ദേവന്റെ മനസ്സിൽ ചെറിയൊരാശ്വാസം പോലെ തോന്നി…….മനസ്സ് തെളിഞ്ഞു… ഇനി ഇതാണോ പെണ്ണിന്റെ മാത്രം കുത്തക ആണെന്ന് പറയപ്പെടുന്ന കുശുമ്പ് എന്ന വികാരം ……. ദേവൻ ഓർത്തു…….

തുടരും………