രചന – ഊർമ്മിള മിഥിലാത്മജ
മെല്ലെ തിരിഞ്ഞു സൂര്യന്റെ നെഞ്ചിൽ തലചായ്ച്ചു കിടക്കുമ്പോൾ അവളുടെ ചുണ്ടുകളിൽ നാണത്തിന്റെ ചിരിപടർന്നിരുന്നു ഹൃദയത്തിൽ പ്രണയത്തിന്റെ കടൽ തന്നെ നുരഞ്ഞുപൊന്തിയിരുന്നു…രാവിലെ ഉറക്കമുണരുമ്പോൾ സൂര്യന്റെ കയ്യൂകൾ അവളെ പൊതിഞ്ഞു പിടിച്ചിരിക്കുന്നതവൾ അറിഞ്ഞു… മെല്ലെ മുഖമുയർത്തി അവനെ നോക്കുമ്പോളും അവളുടെ കണ്ണുകളിൽ നാണം വിടർന്നിരുന്നു… മുഖത്തു കുസൃതിയോളിപ്പിച്ചുറങ്ങികിടക്കുന്ന അവനെ കാണെ അവളിൽ കുസൃതി ജനിച്ചു .
“””ഈശ്വരന്മാരെ ഇന്നലെരാത്രി കള്ളനെ പിടിക്കാൻ നോക്കിയിട്ട് ഞാൻ കള്ളന് കഞ്ഞിവച്ചുകൊടുത്തുള്ള കിടപ്പാണല്ലോ. ഒരാവേശത്തിൽ പണിയൊപ്പിച്ചു പോയതാ ഇനിയീ കൊരങ്ങനെ ഞാനെങ്ങനെ ഫേസ് ചെയ്യുമെന്റെ മഹാദേവ… ഇന്നലെ വരെ ലോകത്തില്ലാത്ത ജാഡയിട്ട് നടന്നിട്ട് ഒരു രാത്രികൊണ്ട് എല്ലാം തകർത്തു കളഞ്ഞല്ലോ …നിനക്കിത്ര കണ്ട്രോൾ ഇല്ലാതെ പോയല്ലോ ഗായു ഷെയിം ഓൺ യൂ…”””” അവൾ അവളോട് തന്നെ പറഞ്ഞു…എങ്ങനെയും സൂര്യൻ ഉണരുന്നതിന് മുന്നമുറിയിൽ നിന്നു പുറത്ത് ചാടണമെന്ന ധാരണയിൽ അവൾ മനസ്സിലുറപ്പിച്ചു. മെല്ലെ സൂര്യന്റെ കയ്യടർത്തി മാറ്റി എഴുന്നേൽക്കാൻ തുടങ്ങിയ അവളിൽ കൂടുതൽ ശക്തിയോടെ അവന്റെ കൈകൾ ചേർത്ത് പിടിച്ചു. സൂര്യനാപ്പോഴും ഉറക്കത്തിൽ തന്നെയാണെന്ന് മനസ്സിലാക്കിയ ഗായത്രിവീണ്ടും മെല്ലെ അവന്റെ കൈവിടുവിപ്പിച്ചു. കട്ടിലിൽ നിന്നെഴുന്നേറ്റു… കുളികഴിഞ്ഞു മെല്ലെ പുറത്തിറങ്ങി നെറ്റിയിലൊരു പൊട്ടും കുത്തി നെറുകയിൽ സിന്ദൂരവും ചാർത്തി … അപ്പോഴുമവൾ സാരിയുടുക്കാൻ അത്ര എക്സ്പെർട് ആയിരുന്നില്ല.. സൂര്യന് നാടൻ പെൺകുട്ടികളെ ആണിഷ്ടമെന്ന് ആലത്തറയിലെ രാത്രിയിൽ നിന്നും അവൾക്ക് മനസ്സിലായിരുന്നു.. അന്നമ്മയെ സോപ്പിട്ടു മെനക്കെട്ട് പഠിച്ചു ഉടുത്തു തുടങ്ങിയതാണ്…
എങ്ങനെയൊക്കെയോ സാരിയും വാരിചുറ്റി നേരെ അടുക്കളയിൽ എത്തുമ്പോൾ അമ്മ കാലത്തേക്കുള്ള ഇഡലിയുടെ പണിപ്പുരയിൽ ആയിരുന്നു.. അവളെ കണ്ടപ്പോൾ തന്നെ അവൾക്ക് കുടിക്കാൻ ഒരു ഗ്ലാസ് ചായയെടുത്തു കൊടുത്തിരുന്നു രാഖി .. ചായകുടിയും കഴിഞ്ഞു അടുക്കളയിൽ രാഖിയെ സഹായിക്കുന്നതിനിടയിലും കിടക്കപ്പായയിൽ കുറുമ്പന്മാരുടെ അടിപിടിയൊച്ച കേട്ട് രാഖിയും ഗായത്രിയും ചിരിക്കുന്നുണ്ടായിരുന്നു…
🍂🍂🍂🍂🍂🍂🍂🍂🍂🍂🍂
നീ പോടാ നിന്റെ കാര്യം ഞാൻ സൂര്യനോട് പറഞ്ഞു കൊടുക്കും.. ദേവൂട്ടനെ പിടിച്ചു കട്ടിലിലേക്ക് തള്ളിയിട്ട് നച്ചു എഴുന്നേറ്റ് സൂര്യന്റെ മുറിയിലേക്ക് ഓടി … അവനെക്കാൾ മുമ്പേ എത്തണം എന്ന വാശിയിൽ ദേവൂട്ടനും ഓടിചക്ക വീഴുന്നപോലെ എന്തോ ഒന്നു ദേഹത്ത് വന്നു വീണപ്പോഴാണ് സൂര്യൻ കാറിക്കൊണ്ട് ചാടിയെഴുന്നേറ്റ് നാലുപാടും ചുറ്റിലും നോക്കിയ സൂര്യൻ ബെഡിൽ കിടക്കുന്ന സാദനങ്ങളെ നോക്കി കണ്ണുരുട്ടി…
ഗുഡ്മോർണിംഗ് സൂര്യ … ഉറക്കമൊക്കെ എങ്ങനെ ഉണ്ടായിരുന്നു… നാട്ടിൽ മഴയൊക്കെ ഉണ്ടോ??? സൂര്യന്റെ മുഖത്തെ ദേഷ്യഭാവം കണ്ട് ദേവൂട്ടൻ വിഷയം മാറ്റാൻ നോക്കി…ഇല്ലടാ ഇല്ല… ഉറങ്ങിക്കിടക്കുന്ന മനുഷ്യന്റെ മണ്ടേൽ പൊത്തോ എന്നും പറഞ്ഞു വന്നു വീണിട്ടാണല്ലോ എല്ലാവരും സുഖവിവരം അന്വേഷിക്കുന്നത്… എന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ട കുരിപ്പുകൾ മനുഷ്യന്റെ ഉറക്കം കളയാൻ ആയിട്ട്..
അയ്യടാ നേരം വെളുത്തിട്ട് സമയം എത്ര ആയെന്നറിയോ?? നേരം വെളുത്തിട്ടും ഇങ്ങനെ കിടന്നുറങ്ങാൻ സൂര്യൻ എന്താ ഇന്നലെ രാത്രി വല്ല കോഴിയേം പിടിക്കാൻ പോയതായിരുന്നോ ???നച്ചൂന്റെ ചോദ്യം കേട്ട് സൂര്യൻ ഒന്നുപതറി … ആദ്യം ബബ്ബബ.. വച്ചെങ്കിലും പിന്നെ ധൈര്യം സംഭരിച്ചു മറുപടി കൊടുത്തു ….
കോഴിയെ അല്ല നിന്റെ… എന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ട ..ഇറങ്ങിപ്പോക്കോണം മര്യാദക്ക്… അവൻ ദേഷ്യപ്പെട്ടു…
ബൈ ദി ബൈ സൂര്യൻ നമ്മൾ വിഷയത്തിൽ നിന്നും തെന്നി മാറുന്നു… എന്റെ കുഞ്ഞമ്മയാണോ അമ്മായിയാണോ കോഴിയെ പിടിക്കാൻ പോയത് എന്ന ചർച്ച നമുക്ക് പിന്നെ ആരംഭിക്കാം ഇപ്പൊ വന്നത് വേറൊരു കാര്യത്തിന.. ദേവൂട്ടൻ മുഖത്തു ഗൗരവം വരുത്തി കൊണ്ടു പറഞ്ഞു..ഓഹ് എന്താണാവോ കാര്യം… പെട്ടന്നൊന്നു മൊഴിഞ്ഞെങ്കിൽ വാക്കിയുള്ളൊന് ഒന്നുറങ്ങായിരുന്നു… സൂര്യൻ ചിരിയോടെ മറുപടി പറഞ്ഞു …
സൂര്യ ഈ ദേവൂട്ടന് ഞങ്ങടെ ക്ലാസിലെ ദിവ്യമോൾ p.p യോട് പ്രേമമാണെന്ന്.. അവൾക്കും ഇഷ്ടമാണെന്നൊക്കെയാ പറയണത്… നച്ചു സീരിയസ് ആയി കാര്യം പറഞ്ഞു…കാര്യം കേട്ടപ്പോൾ സൂര്യന് ചിരിയാണ് വന്നത്… പക്ഷെ അവൻ ചിരി കടിച്ചമർത്തി ദേവൂട്ടനെ ഒന്നിരുത്തി നോക്കി ..സൂര്യൻ എന്തിനാ നോക്കി പേടിപ്പിക്കുന്നത്. നല്ല ആണ്പിള്ളെരെ ഒക്കെ പെൺപിള്ളേർ നോക്കിയെന്നിരിക്കും. അല്ലാണ്ട് സൂര്യനെപ്പോലെ മസിലും പിടിച്ചു നടന്നാൽ ഒരു പൂച്ചക്കുട്ടി പോലും വരില്ല ..
എന്തോ അവൾക്കെന്നെ ഭയങ്കര ഇഷ്ട്ടം ആണെന്ന പറഞ്ഞത്… എനിക്കും അങ്ങനെ തന്നെ… ഇനിയിപ്പോ എന്തായാലും സൂര്യന്റെ കല്യാണം കഴിഞ്ഞ സ്ഥിതിക്ക് ഇനി ഞങ്ങടെ ആണല്ലോ.?? ഓഹ് പെണ്ണുകണ്ടുനടന്നു സമയം കളയാനൊന്നും വയ്യ… ഞാൻ അവളോട് പറഞ്ഞിട്ടുണ്ട് എന്റെ വീട്ടുകാരേം കൂട്ടി ഞാൻ അവളുടെ വീട്ടിലേക്ക് വരാമെന്നു… സൂര്യൻ വേണം മുൻകൈ എടുത്തു സംസാരിക്കാൻ…
പിന്നെ എനിക്ക് വല്യ സ്ത്രീധനം ഒന്നും വേണ്ട.. ഒരു കാറും 25 പവൻ സ്വർണവും അത്രയും മതി… അവളുടെ വീടത്ര വലുതൊന്നും അല്ല സാഹചര്യം അറിഞ്ഞു വേണമല്ലോ നമ്മൾ ചോദിക്കാൻ… ദേവൂട്ടൻ വളരെ ഗൗരവത്തിൽ കാര്യങ്ങൾ അവതരിപ്പിക്കുകയാണ്…
സൂര്യനും നച്ചുവും കണ്ണും തള്ളി അവനെ നോക്കിയിരിക്കുന്നു…
“”””ഓഹ് എന്റെ പൊന്നു സൂര്യ സ്വപ്നം കാണുന്നതൊക്കെ പിന്നെ ആവട്ടെ.. നമ്മൾ എന്ന അവളുടെ വീട്ടിലോട്ടു പോകുന്നത് അത് പറ ആദ്യം…””””” സൂര്യനെ കുലുക്കി വിളിച്ചുകൊണ്ടുള്ള ദേവൂട്ടന്റെ ചോദ്യം കേട്ട് സൂര്യൻ അവന്റെ ചെവിയിൽ പിടിച്ചൊരു കിഴുക്ക് കൊടുത്തു.
നിനക്കിപ്പോ തന്നെ ഞാൻ മറുപടി തരുന്നുണ്ട് ചിമിട്ടെ മൊട്ടേന്നു വിരിഞ്ഞില്ല അതിക്കു മുൻപവന്റെ ഒരു കല്യാണം..ആറുമറുപതും എഴുപതും പതിനാലും എത്രയാടാ ??? സൂര്യന്റെ ചോദ്യം കേട്ട് ദേവൂട്ടൻ കയ്യും കാലും തലയും സഹിതം വിരലിൽ എണ്ണി കണക്ക് കൂട്ടാൻ തുടങ്ങി…
കുട്ടിപ്പിശാശ് അതുപോലുമറിയില്ല ആ അവനാണ് പെണ്ണ് കെട്ടാൻ നടക്കുന്നത്… മിണ്ടാതെ പൊക്കോണം മര്യാദക്ക് ഇനി ഇക്കാര്യം മിണ്ടിപ്പോകരുത്..ഓഹ് പിന്നെ കണക്ക് കൂട്ടാൻ അറിയുന്നതല്ലേ കല്യാണം കഴിക്കാൻ ഉള്ള ഏറ്റവും വലിയ യോഗ്യത ഒന്നുപോ സൂര്യ ..
പറഞ്ഞു തീരുന്നതിനു മുന്നേ പുറത്ത് ചൂലും കെട്ടുകൊണ്ട് അടിവീഴുന്നത് അറിഞ്ഞാണ് ദേവൂട്ടൻ തിരിഞ്ഞു നോക്കുന്നത്..സബാഷ്… അകം തൂക്കുന്ന ചൂലും കയ്യിൽ പിടിച്ചു ഭദ്രകാളി യെപ്പോലെ നിൽക്കുന്ന രാഖിയെയാണവൻ കണ്ടത്…നിനക്ക് കല്യാണം കഴിക്കണം അല്ലേ ടാ … നിന്നെ ഞാനിന്ന് അതും പറഞ്ഞു രാഖി കയ്യൊങ്ങിയതും ഉള്ള ജീവനും കൊണ്ടു ദേവൂട്ടൻ ഓടി തുടങ്ങിയിരുന്നു…
ദേവൂട്ടന്റെ ഓട്ടം കണ്ട് കതകിനോട് ചേർന്നു നിന്നു പൊട്ടിച്ചിരിക്കുന്ന ഗായത്രിയുടെ ശബ്ദം കേട്ടാണ് സൂര്യനങ്ങോട്ട് നോക്കിയത്.. കുളിച്ചൊരുങ്ങി നിൽക്കുന്ന പെണ്ണിനെ കണ്ടപ്പോൾ സൂര്യന്റെ മനസ്സിൽ വീണ്ടും ലഡ്ഡുപൊട്ടി .. തിരിഞ്ഞു നോക്കിയാ ഗായത്രി കണ്ടത് അവളെ തന്നെ നോക്കിയിരിക്കുന്ന സൂര്യനെയാണ്… അവന്റെ നോട്ടത്തിൽ അവളാകെ ചൂളിപ്പോയിരുന്നു… അവളുടെ മുഖത്തെ നാണം മനസ്സിലാക്കിയ സൂര്യന് ചിരിവന്നു…എന്താ മോളെ കെട്യോന് ചായ തരണമെന്നൊന്നും അറിയില്ലേ കാലത്ത്… അവൻ ചെറു ചിരിയോടെ ചോദിച്ചു. അവൾ മെല്ലെയാവിടുന്നു വലിഞ്ഞു ….
🍂🍂🍂🍂🍂🍂🍂🍂🍂🍂🍂
നേരം പത്തുകഴിഞ്ഞിട്ടും പാടത്തു പോകാതെ കറങ്ങിതിരിഞ്ഞു നടക്കുന്ന സൂര്യനെ കണ്ടപ്പോൾ ആണ് രാഖി ഇന്ന് പോവണ്ടേ മോനെ എന്ന് ചോദിച്ചത് ..ഓഹ് ഇന്ന് പോകുന്നില്ലന്നോർത്താ അമ്മേ അവൻ അലസമായി മറുപടികൊടുത്തു കൊണ്ടു അടുക്കളയോട് ചേർന്നുള്ള തട്ടിൽ ഇരുപ്പുറപ്പിച്ചു .. കുറച്ചപ്പുറമായി മാറിനിന്നു തോരനുള്ള പച്ചക്കറി അരിഞ്ഞു കൊടുക്കുകയായിരുന്നു
ഗായത്രി…
അവന്റെ മറുപടി കേട്ട് അവളുടെ മുഖം വാടുന്നതവൻ ശ്രദ്ധിച്ചു… അവനവളെ തന്നെ നോക്കിയിരിക്കുന്നതുകണ്ട രാഖി മെല്ലെ അവിടുന്നു സ്ഥലം കാലിയാക്കി… രാഖി പോയന്നറിഞ്ഞതും സൂര്യൻ ചാടിയിറങ്ങി അവളുടെ അടുത്തായി പോയി നിന്നു … മെല്ലെ അവളുടെ പുറകിലൂടെ കയ്യിട്ടവളെ അവനോട് ചേർത്ത് നിർത്തി..
എന്താടോ ഭാര്യേ ഞാൻ പോകുന്നില്ലന്ന് പറഞ്ഞപ്പോ ഒരു സങ്കടം ചമ്മലാണോ ? അവൻ കുസൃതിയോടെ ചോദിച്ചു. ഏയ് അതൊന്നുമല്ല സൂര്യൻ പോകുമ്പോൾ കൂടെ വരാൻ നേരത്തെ പണിയൊക്കെ തീർത്തു നോക്കിയിരിക്കുവായിരുന്നു ഞാനും പിള്ളേരും അവൾ സങ്കടത്തോടെ പറഞ്ഞു…
അയ്യേ അതിനാണോ ഇങ്ങനെ മോന്തകേറ്റിപിടിച്ചു ഇരിക്കുന്നെ .. താൻ ഇവടെ ആയോണ്ടാ ഇന്ന് പോകുന്നില്ലന്നു വച്ചത്.. താൻ റെഡിയായിക്കോ നമുക്ക് പോയേക്കാം…റെഡിയാവാൻ ഒന്നുമില്ല ഞങ്ങളൊക്കെ പണ്ടേ റെഡിയാ വാതിലിന്റെ മറവിൽ നിന്നും നച്ചുന്റെ ശബ്ദം കേട്ട സൂര്യൻ പെട്ടന്ന് ഗായത്രിയിൽ നിന്നും അടർന്നു മാറി നിന്നു….
ആഹാ ആരാടാ അവിടെ ഒളിഞ്ഞു നോക്കുന്നത് സൂര്യൻ കളിയാക്കി വിളിച്ചു ചോദിച്ചു…ഒളിഞ്ഞു നോക്കിയതൊന്നുമല്ല വന്നപ്പോ കണ്ടതാ ദേവൂട്ടന്റെ മറുപടി പിറകെ വന്നു… ഓഹോ ന്നാ പിന്നെ കതകിന്റെ പുറകിൽ നിന്നിങ്ങു വന്നാട്ടെ..
കണ്ണുപൊത്തി മുഖത്തു കുസൃതി ഒളിപ്പിച്ചു നിൽക്കുന്ന കുറുമ്പുകളെ നോക്കി ഗായത്രിയും സൂര്യനും ഒരുപോലെ ചിരിച്ചു പോയിരുന്നു..അന്ന് ഉച്ചവരെ സൂര്യന്റെ ഒപ്പം കറങ്ങി നടക്കലായിരുന്നു മൂന്നും.. കൈകോർത്തുള്ള അവന്റെയൊപ്പമുള്ള ഓരോ നടത്തവും അവൾ ആസ്വദിച്ചു… ഇടക്കിടക്ക് അവളിലേക്ക് പാളി വീഴുന്ന അവന്റെ ഓരോ നോട്ടത്തെയും അവൾ പ്രണയപൂർവം ഏറ്റുവാങ്ങി മറുപടിയായി മനോഹരമായ ചിരികൾ സമ്മാനിച്ചു… ഒച്ചവച്ചു പാടത്തൂടെ ഓടി നടക്കുന്ന കുറുമ്പന്മാരെ നോക്കി അവർ പുഴവക്കിൽ ഇരുപ്പുറപ്പിച്ചു…
താൻ എന്താടോ ആലോചിക്കുന്നത്… തന്റെ ഡിവോഴ്സ്നെ കുറിച്ചാണോ?? അവൻ
മുഖത്തു ഗൗരവം വരുത്തി അവളോട് ചോദിച്ചു…അവൾ അവനെ സംശയത്തോടെ നോക്കി…താൻ പറഞ്ഞതാടോ ശരി.. നമ്മൾ തമ്മിൽ ശരിയാവില്ല.. ഡിവോഴ്സ് പെറ്റിഷൻ ഞാൻ സൈൻ ചെയ്തിട്ടുണ്ട്. ഇനി തനിക്കു തന്റെ ഇഷ്ടംപോലെ ചെയ്യാം..
അവൾ അവന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി അവടെ അപ്പോഴും ഗൗരവം ആണ് .അവൾ പൊട്ടിച്ചിരിക്കാൻ തുടങ്ങി…മോനെ സൂര്യ ഇത് നിന്റെ നാട്ടിൻപുറത്തെ പൊട്ടി കുട്ടിയല്ല.. ഗായത്രിയാ ഇതൊക്കെ കേട്ട് കരഞ്ഞു വിളിക്കാൻ വേറെ ആളെ നോക്കിക്കോ… എല്ലാ അർത്ഥതിലും സ്വന്തമാക്കിക്കഴിഞ്ഞു ഒഴുവാക്കും ന്ന് പറഞ്ഞാൽ അലച്ചു തല്ലി നിലത്ത് വീഴുന്ന പെണ്ണല്ല ഇത്… ഇരുന്ന് വെയിൽ കൊള്ളാതെ വരാൻ നോക്ക് … ആ പ്ലാൻ പൊളിഞ്ഞാരുന്നു…
പൊളിഞ്ഞല്ലേ…. അവനവളെ നോക്കി ഒരു വളിച്ച ചിരി ചിരിച്ചു… ആ പൊളിഞ്ഞു അതും പറഞ്ഞവൾ അവന്റെ വയറിൽ ഒരു കുത്തും കൊടുത്തു കുട്ടിപ്പട്ടാളത്തെ ലക്ഷ്യമാക്കി നടന്നു….

by