മായുന്ന മൗനം, പൂക്കുന്ന പ്രണയം
“നിന്റെ നാട് കാണാൻ എന്ത് ചന്തമാണല്ലേടി…”
മീര അത് പറഞ്ഞപ്പോൾ ലക്ഷ്മി ഒന്ന് പുഞ്ചിരിച്ചു. പച്ചപ്പിലേക്ക് കണ്ണുനട്ട് നിൽക്കുന്ന കൂട്ടുകാരിയെ അവൾ കൗതുകത്തോടെ നോക്കി.
“പിന്നെ… നീയെന്താടി കൊച്ചിന്റെ കൊച്ചേ കരുതിയത്? ഞങ്ങടെ ഈ നാട്ടിൻപുറം വെറും മണ്ണും ചെളിയുമാണെന്നോ?”
“അല്ലടി… കാവും കുളവും പാടവരമ്പും എന്നൊക്കെ നീ പറയുമ്പോൾ ഞാൻ അത് ടിവിയിലൊക്കെ കണ്ടതല്ലേയുള്ളൂ. പക്ഷേ, നേരിട്ട് കണ്ടപ്പോൾ ഉണ്ടല്ലോ, ഇത് മനസ്സിനങ്ങ് പിടിച്ചുപോയി. എന്തൊരു ശാന്തതയാണ് ഇവിടെ!”
“അത്രയ്ക്ക് ഇഷ്ടമായെങ്കിൽ നീയീ നാട്ടിലെ ഏതെങ്കിലും ഒരു പാവം ചെറുക്കനെ കെട്ടി ഇവിടെക്കൂടിക്കോ…” ലക്ഷ്മി കുസൃതിച്ചിരിയോടെ കയ്യിലിരുന്ന നെന്മണികൾ മീരയുടെ നേർക്ക് എറിഞ്ഞു.
പാടവരമ്പത്തൂടെ അവർ രണ്ട് പൂമ്പാറ്റകളെപ്പോലെ ഓടി നടന്നു. മെഡിക്കൽ കോളേജിൽ അഡ്മിഷൻ കിട്ടി ഹോസ്റ്റലിൽ എത്തുമ്പോൾ മീര കരുതിയതല്ല, തനിക്കൊരു കൂടപ്പിറപ്പിനെ അവിടെ കിട്ടുമെന്ന്. ലണ്ടനിൽ ഡോക്ടർമാരായ മാത്യുവിന്റെയും അന്നമ്മയുടെയും ഏക മകളെ കേരളത്തിലേക്ക് പഠിക്കാൻ അയച്ചത് അവരുടെ തിരക്കുകൾക്കിടയിൽ അവളൊരു ഭാരമാകാതിരിക്കാൻ വേണ്ടിയായിരുന്നു. നാട്ടിലെ അപ്പച്ചിയുടെ തണലിൽ വളരവേ, അപ്രതീക്ഷിതമായി അവരെ ദൈവം തിരിച്ചുവിളിച്ചതോടെ ബോർഡിങ് സ്കൂളിന്റെ നാലു ചുവരുകൾക്കുള്ളിലായി മീരയുടെ ലോകം. ഒറ്റപ്പെട്ട, യാന്ത്രികമായ ആ ജീവിതത്തിലേക്കാണ് ലക്ഷ്മി കടന്നുവന്നത്. അവൾ മീരയ്ക്ക് എല്ലാമായിരുന്നു.
ഇന്ന് ലക്ഷ്മിയുടെ വിവാഹനിശ്ചയത്തിന് എത്തിയതാണ് മീര. മുറച്ചെറുക്കനുമായി പണ്ടേ ഉറപ്പിച്ച വിവാഹമാണ്. തറവാട്ടു മുറ്റത്തെത്തിയപ്പോൾ മീരയുടെ ഉള്ളിലൊരു വിങ്ങൽ പടർന്നു. സ്വീകരിക്കാനും കാത്തിരിക്കാനും തനിക്കാരും ഇല്ലല്ലോ എന്ന നഷ്ടബോധം. ലക്ഷ്മിയുടെ കൂട്ടുകാരി എന്ന നിലയിൽ എല്ലാവരും നൽകിയ സ്നേഹത്തിൽ ആ വേദന അലിഞ്ഞുപോയി.
“ഇനിയും ഒരാഴ്ചയുണ്ട് നിശ്ചയത്തിന്,” ലക്ഷ്മി മീരയുടെ അരികിൽ വന്നിരുന്നു.
“പറഞ്ഞപോലെ, നിന്റെ ആ മുറച്ചെറുക്കനെ എവിടെയും കണ്ടില്ലല്ലോ?” മീര ചോദിച്ചു.
“അയാൾ ഏതെങ്കിലും കാട്ടിലോ കുളക്കരയിലോ ഇരുന്നു കവിത എഴുതുന്നുണ്ടാവും!” ലക്ഷ്മി ചുണ്ടൊന്ന് കോട്ടി.
മീര അത്ഭുതത്തോടെ അവളെ നോക്കി. “കവിതയോ? എഞ്ചിനീയർ ആണെന്നല്ലേ പറഞ്ഞത്?”
“അതെടി. വലിയ എഞ്ചിനീയർ ആണെങ്കിലും പുള്ളി പണ്ടേ ഒരു സ്വപ്നലോകത്താണ്. ഈ നാട്ടുകാർക്കൊക്കെ വലിയ ആരാധനയാണ്. കുറേ പുസ്തകങ്ങളൊക്കെ ഇറക്കിയിട്ടുണ്ട്… ‘ആലപ്പുഴ ഹരിശങ്കർ’ എന്ന പേരിൽ…”
മീരയ്ക്ക് തന്റെ കാതുകളെ വിശ്വസിക്കാനായില്ല. “‘ആലപ്പുഴ ഹരിശങ്കറോ’??”
“അതെ… നിനക്ക് അറിയാമോ? നീയും വലിയ വായനക്കാരി ആണല്ലോ…”
“എന്റെ ഫേവറിറ്റ് റൈറ്റർ ആണടി! ഹോ… ഒന്ന് കാണണം എനിക്ക്. സോഷ്യൽ മീഡിയയിൽ പുള്ളി ഇടുന്ന പോസ്റ്റുകൾക്കൊക്കെ ഞാൻ മെസ്സേജ് അയക്കാറുണ്ട്. ഒക്കെ സീൻ കാണിക്കും, പക്ഷേ മറുപടി തരില്ല. ഒന്ന് നേരിൽ കാണാൻ ഞാൻ എത്ര കൊതിച്ചിട്ടുണ്ടെന്നോ! വാടീ… നമുക്ക് പോയി കാണാം!” മീരയുടെ ആവേശത്തിന് അതിരില്ലായിരുന്നു.
അവളെയും കൂട്ടി ഹരിയെ തിരഞ്ഞു പോകുമ്പോൾ മീര നിലത്തൊന്നും അല്ലായിരുന്നു. അപ്പച്ചിയോട് ചോദിച്ചപ്പോൾ ആൾ കുളപ്പുരയിൽ ഉണ്ടെന്ന് അറിഞ്ഞു. അങ്ങോട്ട് ഓടി ചെന്നപ്പോൾ കണ്ടു, കുളപ്പടവിൽ ദൂരേക്ക് നോക്കി ഏതോ ചിന്തയിൽ ഇരിക്കുന്ന യുവാവിനെ. മീര മിഴികൾ വിടർത്തി നോക്കി നിന്നു. അക്ഷരങ്ങളിലൂടെ തന്റെ മനസ്സ് കീഴടക്കിയവൻ ഇതാ മുന്നിൽ! ഹരിശങ്കർ ലക്ഷ്മിയുടെ മുറച്ചെറുക്കൻ ആണെന്ന് അവൾ ഒരിക്കലും സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല.
“ഹരിയേട്ടാ…” ലക്ഷ്മി വിളിച്ചതും അവൻ ചിന്തകളിൽ നിന്ന് ഉണർന്നു.
“നീ എപ്പോൾ വന്നു?” ആത്മാർത്ഥതയില്ലാത്ത ഒരു ചോദ്യം.
“ഇന്നലെ…” ലക്ഷ്മി മറുപടി നൽകി. “ഹരിയേട്ടാ, ഇത് എന്റെ ഫ്രണ്ട് മീര. നിങ്ങളുടെ വലിയൊരു ഫാൻ ആണ് കേട്ടോ!”
ലക്ഷ്മി അങ്ങോട്ട് മാറിയപ്പോൾ ഹരി മീരയ്ക്ക് നേരെ ഒരു ഔപചാരിക പുഞ്ചിരി നൽകി.
“‘ഒരു നിദ്രയ്ക്കപ്പുറം നീയുണ്ടാവാം… സ്വപ്നത്തിലെങ്കിലും അതിഥിയാവാൻ…'” ഹരിയുടെ പുതിയ കവിതയിലെ വരികൾ മീര പതിഞ്ഞ സ്വരത്തിൽ ചൊല്ലി.
ഹരി ഞെട്ടി അവളെയൊന്ന് നോക്കി. “മീര മാത്യു…” അവൾ കൈ നീട്ടിയപ്പോൾ അവന്റെ മുഖത്ത് പകപ്പായിരുന്നു. പിന്നീട് ആ മിഴികൾ തിളങ്ങുന്നത് മീര കണ്ടു.
“ആലപ്പുഴ ഹരിശങ്കർ… ഇങ്ങനെയൊരു കണ്ടുമുട്ടൽ ഞാൻ ഒരിക്കലും പ്രതീക്ഷിച്ചതല്ല,” മീര പറഞ്ഞു. ഹരിയുടെ മുഖത്ത് നേർത്തൊരു പുഞ്ചിരി വിരിഞ്ഞു.
“എന്താ ഇപ്പോൾ കവിതകളൊന്നും അയക്കാത്തത്?” ഗൗരവമുള്ള സ്വരത്തിൽ ഹരി ചോദിച്ചപ്പോൾ മീര ഒന്ന് പതറി.
“നേരിട്ട് മറുപടി തരാത്തവർക്ക് വീണ്ടും അയക്കേണ്ട എന്ന് കരുതി…” മീര കുറുമ്പോടെ പറഞ്ഞു.
“ഞാൻ മറുപടി തന്നിരുന്നില്ലേ?” ഹരി ദേഷ്യത്തോടെ ചോദിച്ചു.
സത്യമായിരുന്നു. നേരിട്ട് മറുപടി തന്നിരുന്നില്ലെങ്കിലും മീര അയക്കുന്ന ഓരോ വരികൾക്കും കവിതയിലൂടെ ഹരി മറുപടി നൽകിയിരുന്നു. അജ്ഞാതമായ ആ ഐഡിയിൽ നിന്ന് വരുന്ന മനോഹരമായ കവിതകളോട് ഹരിക്ക് വലിയ ആരാധനയായിരുന്നു. മീര എന്ന പേല്ലാതെ കൂടുതൽ ഒന്നും അവനറിയില്ലായിരുന്നു. അല്ലെങ്കിൽ അറിയാൻ അവൻ ഭയപ്പെട്ടു. അവളുടെ വരികളെപ്പോലെ അവളെയും അവൻ പ്രണയിച്ചു പോകുമോ എന്ന് അവൻ പേടിച്ചിരുന്നു.
പിന്നീടുള്ള ദിവസങ്ങളിൽ അവർ നിശബ്ദമായി അടുത്തു. അതൊരു പ്രണയത്തേക്കാൾ വലിയ ആത്മബന്ധമായി വളർന്നു. വികാരങ്ങൾ വാക്കുകളേക്കാൾ കൂടുതൽ മൗനത്തിലൂടെ അവർ കൈമാറി. നിശ്ചയത്തിന് തലേദിവസം ആളൊഴിഞ്ഞ പറമ്പിന്റെ മൂലയിൽ അവർ തമ്മിൽ കണ്ടു.
“മംഗളാശംസകൾ പ്രിയ എഴുത്തുകാരാ…” മീര പതറാത്ത സ്വരത്തിൽ പറഞ്ഞു.
ഹരി അവളെ നോക്കി ഒന്ന് നൊമ്പരത്തോടെ പുഞ്ചിരിച്ചു. “മീരാ, എനിക്ക്…” അവനൊന്ന് തടഞ്ഞു.
“വേണ്ട… ഒന്നും പറയണ്ട. കേവലമൊരു പ്രണയത്തിന്റെ പേരിൽ ഹരിശങ്കർ എന്ന കവി താഴരുത്. എനിക്കിതൊക്കെ ശീലമാണ് മാഷേ… മോഹിക്കുന്നതും നഷ്ടപ്പെടുന്നതും. നമുക്ക് വേണ്ടി അല്ലെങ്കിലും, മറ്റൊരാൾക്കായി നമുക്ക് സ്വയം നഷ്ടപ്പെടാം… അല്ലേ?”
ഹരിയുടെ മിഴികളിൽ നനവ് പടർന്നു. നിശബ്ദമായി തലയാട്ടിക്കൊണ്ട് അവൻ അവളുടെ ത്യാഗത്തെ അംഗീകരിച്ചു. ചിലപ്പോഴൊക്കെ വിട്ടുകൊടുക്കുന്ന പ്രണയത്തിനായിരിക്കും കൂടുതൽ മാധുര്യം. ഹരിയുടെ കവിതകളിൽ ഇനി മീരയുടെ ഓർമ്മകൾ മരിക്കാതെ കിടക്കും.

by