The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
ഓർമ്മകളുടെ കടലാഴം
രാവിലെ ചായയും പലഹാരവും മേശപ്പുറത്ത് വെക്കുമ്പോൾ അവളുടെ മുഖത്ത് കെട്ടിനിൽക്കുന്ന ആ കാർമേഘം കണ്ടില്ലെന്ന് നടിക്കുകയല്ലാതെ ഹരിപ്രസാദിന് വേറെ വഴിയുണ്ടായിരുന്നില്ല. എന്താണ് അവളുടെ ഉള്ളിലെന്ന് അയാൾക്കറിയാം. പക്ഷേ, അത് ചോദിച്ചു പുറത്തിട്ടാൽ പരാതികളുടെയും പരിഭവങ്ങളുടെയും ഒരു വലിയ വിഴുപ്പുഭാണ്ഡം തന്നെ അഴിഞ്ഞുവീഴും. ആ ദുർഗന്ധം സഹിക്കാനുള്ള ശേഷി ഇപ്പോൾ അയാൾക്കില്ല.
“രണ്ട് കുഞ്ഞുങ്ങളില്ലേ… അവർ ഇതൊന്നും കേൾക്കരുത്,” അയാൾ സ്വയം സമാധാനിച്ചു.
ക്രിസ്തുമസ് അവധി തുടങ്ങുകയാണ്. വെറും പത്തു ദിവസം. പണ്ട് മക്കളുടെ വെക്കേഷൻ വരാൻ കലണ്ടറിൽ നോക്കി കാത്തിരുന്ന ഒരു കാലമുണ്ടായിരുന്നു. അന്ന് മൂത്ത മകൻ നിധിൻ മാത്രമേ സ്കൂളിൽ പോയിരുന്നുള്ളൂ. ഇളയവൾ പാറുക്കുട്ടി ഈ വർഷമാണ് അംഗനവാടിയിൽ ചേർന്ന് തുടങ്ങിയത്. പക്ഷേ, ഇപ്പോൾ സ്കൂളില്ലാത്ത ദിവസങ്ങളെ ഓർക്കുമ്പോൾ ഹരിയുടെ ഉള്ളിൽ ഒരു ഭയമാണ്. വീട്ടിലെ അസ്വസ്ഥതകൾക്കിടയിൽ ആ കുട്ടികൾ ശ്വാസം മുട്ടുന്നത് അയാൾക്ക് കാണാൻ വയ്യ.
ഹരിപ്രസാദ് സ്റ്റാഫ് റൂമിലെ ടൈംടേബിൾ എടുത്തു നോക്കി. പത്താം ക്ലാസിലെ കണക്ക് പീരിയഡ് കഴിഞ്ഞതേയുള്ളൂ. അടുത്തത് ഒഴിവാണ്. അയാൾ യാന്ത്രികമായി ഫോണെടുത്ത് ‘മായ’ എന്ന പേരിന് നേരെ ഡയൽ ചെയ്തു. രാവിലത്തെ അതേ തണുപ്പൻ ഭാവം തന്നെയായിരിക്കും മറുതലയ്ക്കൽ എന്ന് അയാൾക്കുറപ്പായിരുന്നു.
“ഹലോ…” ഒട്ടും മയമില്ലാത്ത ശബ്ദം.
“മായേ… കുട്ടികൾ എവിടെ?”
“അവർ ഇവിടെവിടെയെങ്കിലും കാണും…” വ്യക്തമല്ലാത്ത രീതിയിൽ അവൾ പിറുപിറുക്കുന്നുണ്ട്.
“നിധിനും പാറുവും വല്ലതും കഴിച്ചോ?”
“ഇല്ല, നിങ്ങൾ വന്ന് വായിൽ വെച്ചു കൊടുക്കാൻ കാത്തിരിക്കുകയാണ്! ഈ രണ്ട് എണ്ണമല്ലാതെ വേറെയും ഒരാൾ ഇവിടെ ഉണ്ടല്ലോ? അവൾക്ക് വിശക്കുന്നുണ്ടോ എന്ന് നിങ്ങൾ ചോദിക്കില്ലല്ലോ? അതെങ്ങനെയാ… രണ്ടാം ഭാര്യയല്ലേ? എന്റെ കഷ്ടകാലം അല്ലാതെന്താ!”
ഹരി ഫോൺ കട്ട് ചെയ്തു. ഇതേ മറുപടി തന്നെ പ്രതീക്ഷിച്ചതാണ്, എങ്കിലും തന്റെ മനസ്സിന്റെ ഒരു സമാധാനത്തിന് വിളിച്ചതാണ്.
“എന്താ ഹരി പ്രസാദേ, രാവിലെയെന്താ ഒരു ഇഞ്ചി കടിച്ച കുരങ്ങന്റെ ഭാവം?” സഹപ്രവർത്തകൻ രാജേഷ് തമാശയായി ചോദിച്ചു.
“ഏയ് ഒന്നുമില്ല രാജേഷേ…” ഹരി വെറുതെ ചിരിക്കാൻ ശ്രമിച്ചു. ബെല്ലടിച്ച ശബ്ദം കേട്ട് അയാൾ പുസ്തകങ്ങളുമായി അടുത്ത ക്ലാസിലേക്ക് നടന്നു. വൈകുന്നേരം വീട്ടിലേക്ക് പോകാൻ അയാൾക്ക് ഒട്ടും താല്പര്യമില്ലായിരുന്നു. പക്ഷേ, പോകാതിരുന്നാൽ അവിടെ ആ കുഞ്ഞുങ്ങൾ അനുഭവിക്കേണ്ടി വരുന്ന ഏകാന്തത അയാളെ ഭയപ്പെടുത്തി.
എങ്ങനെയാണ് താൻ ഇത്രയും ക്ഷമ ശീലിച്ചത്? പണ്ട് ഗായത്രി എന്തെങ്കിലും പറയുമ്പോഴേക്കും പുലിയെപ്പോലെ ചാടിയിരുന്നവനാണ് താൻ. കടപ്പുറം സ്കൂളിൽ നിന്നും ബൈക്കെടുത്ത് വീട്ടിലേക്ക് പോകാൻ തുടങ്ങിയ അയാൾ, മനസ്സ് കൈവിട്ടു പോകുന്നത് പോലെ തോന്നിയപ്പോൾ കടൽതീരത്തേക്ക് നടന്നു. മണലിൽ ഇരുന്നപ്പോൾ കണ്ണുകൾ കടലിന്റെ അറ്റത്തേക്ക് നീണ്ടു. തിരമാലകൾ ആരെയും കാത്തുനിൽക്കാതെ ഒന്നിന് പുറകെ ഒന്നായി വന്നടിക്കുന്നു. ഇന്ന് കടലും ക്ഷുഭിതമാണ്, അയാളുടെ മനസ്സിനെപ്പോലെ.
അഞ്ചു വർഷത്തെ തീവ്രമായ പ്രണയത്തിനൊടുവിലാണ് ഹരിയും ഗായത്രിയും ഒന്നായത്. വീട്ടുകാരുടെ എതിർപ്പുകളെയൊക്കെ മറികടന്ന് നടന്ന ആ വിവാഹം ജീവിതത്തിലെ ഏറ്റവും സുന്ദരമായ കാലമായിരുന്നു. ശ്രുതിയും ലയവും ചേർന്ന ശുദ്ധസംഗീതം പോലെ ജീവിതം ഒഴുകി. മൂന്ന് മാസം കഴിഞ്ഞപ്പോൾ ഗായത്രി ഗർഭിണിയാണെന്നറിഞ്ഞതോടെ സന്തോഷം ഇരട്ടിയായി. അക്ഷമയോടെ കാത്തിരുന്ന പത്തു മാസങ്ങൾക്കൊടുവിൽ അവർക്ക് കിട്ടിയതാണ് നിധിനെ.
“ഹരിയേട്ടന്റെ അതേ അച്ചാണല്ലോ ഇവൻ!” ഗായത്രി ഇടയ്ക്കിടെ പറയുമായിരുന്നു. അവർക്കിടയിൽ കുഞ്ഞുങ്ങളായിരുന്നു പ്രധാനം. വേറൊന്നിനും അവിടെ സ്ഥാനമില്ലായിരുന്നു.
നിധിന് ഒരു വയസ്സായപ്പോഴാണ് സ്വന്തമായി ഒരു വീട് എന്ന സ്വപ്നം തുടങ്ങിയത്. തറപ്പണി കഴിഞ്ഞ് അവസാന മിനുക്കുപണികൾ നടക്കുമ്പോഴാണ് പാറുക്കുട്ടി അവരുടെ ജീവിതത്തിലേക്ക് വന്നത്. അന്ന് ഹരിയുടെ അമ്മയുടെ പേരാണ് അവൾക്കിട്ടത്— ‘ലക്ഷ്മി’. അവളുടെ ഒന്നാം പിറന്നാളിനാണ് പുതിയ വീട്ടിലേക്ക് താമസം മാറിയത്. ആ വീടിന്റെ ഓരോ കോണിലും ഗായത്രിയുടെ സ്പർശമുണ്ടായിരുന്നു. ഹാൾ വലുതാകണം, ഉമ്മറത്ത് ചാരുപടി വേണം, പടിഞ്ഞാറ് വശത്ത് അസ്തമയ സൂര്യനെ കാണാൻ ബാൽക്കണി വേണം എന്നൊക്കെ അവൾ നിർബന്ധം പിടിച്ചുണ്ടാക്കിയതാണ്.
രണ്ടു വർഷം ആ വീട് സ്വർഗ്ഗമായിരുന്നു. പാറുക്കുട്ടിക്ക് വേണ്ടി നേർന്ന നേർച്ചകൾ വീട്ടാൻ ഒരു പട്ടുപാവാട തയ്പ്പിക്കാൻ കൊടുത്തത് വാങ്ങാൻ പോയതാണ് ഗായത്രി. രണ്ട് കുട്ടികളെയും ഹരിയുടെ കൈകളിൽ ഏൽപ്പിച്ച് റോഡ് മുറിച്ചുകടന്ന അവളെ ആ മാരകമായ ലോറി കവർന്നെടുത്തു. ഹരിയുടെയും കുഞ്ഞുങ്ങളുടെയും കണ്ണിമുന്നിൽ വെച്ച് ഗായത്രി വിടപറഞ്ഞു.
അന്ന് പാറുവിന് വെറും മൂന്ന് വയസ്സേ ഉണ്ടായിരുന്നുള്ളൂ. അടുത്ത രണ്ടു വർഷം കുട്ടികൾ പല വീടുകളിലായി വളർന്നു. എല്ലാവർക്കും ആദ്യമുണ്ടായിരുന്ന താല്പര്യം പിന്നീട് കണ്ടില്ല. അവരുടെ കാര്യങ്ങൾ പൂർണ്ണമായും നോക്കി നടത്താൻ ഹരിക്കും കഴിഞ്ഞില്ല. അങ്ങനെയാണ് ഗായത്രി മരിച്ച് രണ്ടു വർഷം തികയുന്നതിന് മുൻപ് മറ്റൊരു വിവാഹത്തിന് അയാൾ സമ്മതിച്ചത്. അമ്മാവനാണ് മായയുടെ ആലോചന കൊണ്ടുവന്നത്. വിവാഹബന്ധം വേർപെടുത്തിയവളായിരുന്നു അവൾ. കുഞ്ഞുങ്ങൾക്ക് ഒരമ്മയുണ്ടാകണം എന്നതായിരുന്നു ഹരിയുടെ ഏക ലക്ഷ്യം.
പക്ഷേ, വിവാഹശേഷമാണ് മായയുടെ സ്വഭാവം അയാൾ തിരിച്ചറിഞ്ഞത്. ഒരു ഭർത്താവിൽ നിന്ന് കിട്ടേണ്ട ശാരീരികവും മാനസികവുമായ എല്ലാ പരിഗണനകളും അവൾ ആഗ്രഹിച്ചു. അതിൽ തെറ്റുപറയാനാകില്ല, പക്ഷേ ഹരിയുടെ ലോകം കുഞ്ഞുങ്ങളായിരുന്നു. ഗായത്രിയുടെ മണമുള്ള ആ കുഞ്ഞുങ്ങളെ ചേർത്തുപിടിച്ചല്ലാതെ അയാൾക്ക് ഉറങ്ങാൻ കഴിയില്ലായിരുന്നു. മായയ്ക്ക് കുട്ടികളോട് ഒരു താല്പര്യവുമില്ലായിരുന്നു. അവർ അവളെ ഒരു അമ്മയായി കണ്ടതുമില്ല.
മക്കളെ നോക്കാൻ വേണ്ടി മായയുടെ ദേഷ്യത്തിനും പരിഭവങ്ങൾക്കും വിധേയനാകേണ്ടി വന്ന ഗതികെട്ട ഒരച്ഛനാണ് താനെന്ന് ഹരി കടൽതീരത്തിരുന്ന് ഓർത്തു. കടലിനെ സാക്ഷിയാക്കി അയാൾ ചില തീരുമാനങ്ങളെടുത്തു. അന്ന് വൈകുന്നേരം അയാൾ വീട്ടിലെത്തിയപ്പോൾ പാറുക്കുട്ടി ഉമ്മറപ്പടിയിൽ തലയും കുമ്പിട്ടിരിക്കുന്നു. നിധിൻ അവളെ ദയനീയമായി നോക്കി അപ്പുറത്തുമുണ്ട്.
“എന്തിനാ അച്ഛന്റെ മോൾ കരഞ്ഞത്?” ഹരി അവളെ മടിയിലിരുത്തി ചോദിച്ചു.
“മായ ചെറിയമ്മ അവളെ അടിച്ചു. ഗ്ലാസ് പൊട്ടിച്ചതിന്,” നിധിൻ മറുപടി നൽകി.
ഹരി ആ കുഞ്ഞു തുടകളിലേക്ക് നോക്കി. അവിടെ അടിയുടെ പാടുകൾ തണർത്തു കിടക്കുന്നു. അയാളുടെ നെഞ്ചിൽ ഒരു വലിയ പാറക്കല്ല് കയറ്റിവെച്ച പോലെ തോന്നി. അയാൾ ദേഷ്യത്തോടെ അകത്തേക്ക് നടന്നു.
“മായേ… നിനക്ക് പോകാനുള്ളതൊക്കെ എടുത്തോളൂ.”
ശാന്തനായ ഹരിയുടെ ആ മാറ്റം മായ ആദ്യമായി കാണുകയായിരുന്നു. ഹരി തന്നെ അവളുടെ സാധനങ്ങളെല്ലാം ഒരു ബാഗിൽ നിറച്ചു. എതിർക്കാൻ തുടങ്ങിയ അവളെ അയാൾ നിർബന്ധപൂർവ്വം അവളുടെ വീട്ടിൽ കൊണ്ടാക്കി.
“കുട്ടികളെ സ്വന്തം പോലെ കാണാൻ തോന്നുന്ന ദിവസം നീ തിരിച്ചു വന്നാൽ മതി. അതുവരെ നമുക്ക് പിരിയാം,” എന്ന് പറഞ്ഞ് അയാൾ ആ പടിയിറങ്ങി.
പിന്നീട് ഹരി മക്കളെ തന്റെ സ്കൂളിലേക്ക് തന്നെ മാറ്റി ചേർത്തു. മൂന്നുപേർക്കും ഒരുമിച്ച് പോകാനും വരാനും സൗകര്യമായി. മായയ്ക്ക് തന്റെ മനസ്സ് മാറ്റാൻ കഴിഞ്ഞില്ല, അതുകൊണ്ട് ആ അധ്യായം അവിടെ അവസാനിച്ചു. കുഞ്ഞുങ്ങൾ പഴയതുപോലെ സന്തോഷവാന്മാരായി.
“നിനക്ക് പ്രായമാകുമ്പോൾ കൂട്ടിന് ആരാ ഉള്ളത്?” എന്ന് ബന്ധുക്കൾ ചോദിക്കുമ്പോൾ, “അതൊക്കെ അപ്പോൾ നോക്കാം,” എന്നൊരു ചിരിയോടെ അയാൾ മറുപടി നൽകും.
ഇപ്പോൾ മിക്ക വൈകുന്നേരങ്ങളിലും അവർ മൂന്നുപേരും പടിഞ്ഞാറെ ബാൽക്കണിയിൽ അസ്തമയം കാണാൻ ഇരിക്കും. ഗായത്രി നട്ടുവളർത്തിയ മുല്ലച്ചെടി അവിടെ പടർന്നു പന്തലിച്ചു നിൽക്കുന്നുണ്ട്. ആ മുല്ലപ്പൂക്കൾ അവരെ നോക്കി ചിരിക്കുന്നതുപോലെ ഹരിക്ക് തോന്നും. സ്നേഹം കൊതിതീരാത്ത ഒരു കാറ്റ് അവരെ തഴുകിക്കൊണ്ട് കടന്നുപോകും. അവിടെ ഇപ്പോൾ പരാതികളുടെ ഗന്ധമില്ല, ഗായത്രിയുടെ ഓർമ്മകളുടെയും മക്കളുടെ ചിരിയുടെയും സുഗന്ധം മാത്രം.