17/04/2026

സഖി : ഭാഗം 01

രചന – Zehnazeeb

പ്പോഴാണ് അവളോട് ഒരു മടുപ്പ് തോന്നി തുടങ്ങിയത്?? അവളുടെ ഫ്രണ്ട് അതുല്യയെ കണ്ട് ഇഷ്ടപ്പെട്ടു, ഞാനും സുഹൃത്തു വിഷ്ണുവും കൂടെ ചേർന്ന് നടത്തുന്ന കഫേയിൽ അവള് വരുമ്പോഴൊക്കെ നോക്കി ഇരിക്കുമ്പോൾ ഒന്നും കൂടെ ഉള്ള അവളുടെ കൂട്ടുകാരി നക്ഷത്രയെ ശ്രദ്ധിച്ചിരുന്നില്ല… അല്ലെങ്കിലും എങ്ങനെ ശ്രദ്ധിക്കാൻ ആണ്… കല പില കൂട്ടുന്ന നാലു സുന്ദരികൾ ഉള്ളപ്പോൾ, ആദ്യ നോട്ടത്തിൽ വലിയ പ്രത്യേകത ഒന്നും തോന്നിക്കാത്ത, അവരുടെ സംസാരത്തിന് കേൾവിക്കാരി മാത്രം ആയി, ഒതുങ്ങി ഇരിക്കുന്ന നച്ചുവിനെ ആര് ശ്രദ്ധിക്കാൻ. കോളജ് ബ്യൂട്ടി ക്വീൻ ആയ അതുല്യ എന്ന ആലിയെ വെറുതെ പോയി പ്രോപോസ് ചെയ്താൽ, ഒന്നും നടക്കില്ല എന്ന് അറിയാമായിരുന്നു… അവളെ വളയ്ക്കാനുള്ള വഴികൾ ആലോചിക്കുമ്പോൾ ആണ്, ഒരു ദിവസം നച്ചു ഒറ്റയ്ക്ക് കഫേയിലേക്ക് വരുന്നത്.

വിഷ്ണു ആണ് അവളെ കാണിച്ചു തന്നിട്ട് പറഞ്ഞത്, “ആലിയുടെ ഫ്രണ്ട് ആണ് അവള് എന്നു…” കഫേയുടെ ഒരു കോണറിൽ ഇരുന്നു ബുക്ക് വായിക്കുന്ന നച്ചുവിനേ അന്ന് ആദ്യമായാണ് ശ്രദ്ധിക്കുന്നത്. സിംപിൾ ആയ ഒരു കുർത്തയും ലെഗിങ്സും… അരയ്ക്ക് ഒപ്പം നീളം ഉള്ള കട്ടി കോലൻ മുടി ഒരൽപം ക്രാബ് ഇട്ട് വച്ച്, അഴിച്ചിട്ടിരിക്കുന്നു. ഉണ്ടെന്ന് പോലും അറിയാത്ത പോലെ ഒരു കുഞ്ഞു കമ്മൽ കാതിൽ…മാല ഇല്ല… പൊട്ട് പോലും തൊട്ടിട്ടില്ല… അധികം ഒന്നും ആലോചിച്ചില്ല… നേരെ അവൾക്കടുത്തേക്ക് ചെന്നു. സംസാരിച്ചു തുടങ്ങുമ്പോഴേ എന്താണ് പറയാൻ വരുന്നത് എന്ന് അറിയാം എന്നുള്ള ഒരു മുഖ ഭാവം ആയിരുന്നു അവൾക്കു. കാര്യം പറഞ്ഞപ്പോൾ, ആകെ ചോദിച്ചത് ഇത്ര മാത്രം… സീരിയസ് ആയിട്ടാണോ എന്ന്. അതേ എന്ന് ഉത്തരം പറഞ്ഞതും, എന്താണ് ഹെൽപ് വേണ്ടത് എന്ന് ചോദിച്ചു…

ആലി അറിയാതെ അവൾ ഉള്ള ഇടങ്ങളിൽ ഇടയ്ക്കിടയ്ക്ക് പേരില്ലാതെ ഗിഫ്റ്റ് വയ്ക്കണം… അവള് തല കുലുക്കുക മാത്രം ചെയ്തു. നന്ദി സൂചകമായി അവൾക്ക് ഒരു ഡ്രിങ്കും പേസ്ട്രിയും വരുത്തി എങ്കിലും അവള് ഒരു ചെറു പുഞ്ചിരിയോടെ നിരസിച്ചു. വാക്കുകൾ അളന്നു തിട്ടപ്പെടുത്തി ഉള്ള അവളുടെ സംസാരം അന്നു മനസ്സിൽ കൗതുകം നിറച്ചു എങ്കിലും, ഉള്ളിൽ നിറയെ ആലി ആയതു കൊണ്ട് പിന്നെ അതിനെ കുറിച്ച് ഒന്നും ആലോചിച്ചില്ല. അവളുടെ നമ്പർ വാങ്ങി തിരികെ ബില്ലിംഗ് കൗണ്ടറിൽ വിഷ്ണുവിൻ്റെ അടുത്ത് വന്നു നിന്നു, ബാക്കി കാര്യങ്ങള് പ്ലാൻ ചെയ്തു. അവളിലേക്ക് ഇടയ്ക്കിടെ തൻ്റെ നോട്ടം അറിയാതെ എത്തി നിന്നു എങ്കിലും, അവളുടെ ശ്രദ്ധ വായിച്ചു കൊണ്ടിരുന്ന ബുക്കിൽ മാത്രം ആയിരുന്നു. പിന്നീട് പ്ലാനിൻ്റെ ഭാഗം ആയി അവളെ പലപ്പൊഴും വിളിക്കുമായിരുന്നു… അപ്പോഴും ഈ അളന്ന് മുറിച്ചുള്ള അവളുടെ സംസാരം കൊണ്ടു, കൂടുതൽ ഒന്നും സംസാരിച്ചിരുന്നില്ല… കൂടുതൽ അവളെ പറ്റി അറിയാൻ ആഗ്രഹം ഉണ്ട് എങ്കിലും, സംസാരിക്കാൻ തോന്നിയിരുന്നും ഇല്ല എന്നതാണ് സത്യം.

അവള് വഴി, ആലിയിൽ ഗിഫ്റ്റ് അയക്കുന്ന ആളെ കുറിച്ച് അറിയാൻ ഒരു ആകാംഷ വന്നു തുടങ്ങി എന്ന് അറിഞ്ഞപ്പോൾ, പറഞ്ഞറിയിക്കാൻ ആവാത്ത സന്തോഷം ആയിരുന്നൂ. അന്നു ആ സന്തോഷത്തിൽ അവൾക്ക് ഓഫർ ചെയ്ത ഡ്രിൻകും സാൻഡ്‌വിച്ചും അവള് നിരസിച്ചില്ല എങ്കിലും, നിർബന്ധം ആയി കാശ് ഏൽപ്പിച്ചു ആണ് പോയത്… പിന്നെയും രണ്ടു മൂന്നു ആഴ്ച കഴിഞ്ഞാണ്, ഒരു ശനിയാഴ്ച ഗിഫ്റ്റ് കൊടുക്കാൻ ആയി, അവളെ ഒരു പാർക്കിലേക്ക് വിളിപ്പിച്ചത്. ഗിഫ്റ്റും വാങ്ങി പോവാൻ നിന്നവളെ പിടിച്ചു നിർത്തി, നിർബന്ധിച്ചു ആണ് എന്തെങ്കിലും കഴിച്ചിട്ടു പോയാൽ മതി എന്ന് നിർബന്ധം പറഞ്ഞത്. ഇത്ര നാളായി ഇങ്ങോട്ട് ഉപകാരം ചെയ്യുന്നത് അല്ലാതെ, അങ്ങോട്ട് ഒന്നും ചെയ്യാൻ പറ്റാത്തതിൻ്റെ ഒരു കുറ്റ ബോധം മനസ്സിൽ തോന്നി തുടങ്ങിയിരുന്നു. അതാണ് നിർബന്ധം പിടിച്ചത്.

അടുത്തുള്ള ഒരു ഐസ് ക്രീം വിൽക്കുന്ന വണ്ടി ചൂണ്ടി കാണിച്ചു, അവിടെ നിന്ന് ഐസ് ക്രീം മതി എന്ന് അവള് പറയുമ്പോ, ഒരു അമ്പരപ്പായിരുന്നു. തൊട്ടടുത്ത് വളരെ ഹിപ് ആൻഡ് happening ആയുള്ള ഒരു റെസ്റ്ററൻ്റ് ഉള്ളപ്പോൾ അവൾക്ക് ഈ ഉന്ത് വണ്ടിയില് നിന്നും ഐസ് ക്രീം മതിന്നോ??? Strange!!! അവൾക്കും എനിക്കും ഓരോ ഐസ് ക്രീം വാങ്ങി, അടുത്തുള്ള ഒരു ബെഞ്ചിൽ ഇരുന്നു. അവള് സംസാരിക്കില്ല എന്ന് അറിയാവുന്നത് കൊണ്ട്, അവളോട് എന്തൊക്കെയോ പറഞ്ഞൂ തുടങ്ങി.എന്നെ നോക്കാതെ, ഐസ് ക്രീമിൽ മാത്രം ശ്രദ്ധ പതിപ്പിച്ചു ഉള്ള ഇരുത്തം കണ്ടപ്പോ ആദ്യം ഞാൻ പറയുന്നത് വല്ലതും കേൾക്കുന്നുണ്ടോ എന്ന് സംശയം ഉണ്ടായിരുന്നു. പക്ഷേ ഇടയ്ക്ക് ഞാൻ പറഞ്ഞതിനെ കുറിച്ചു അവള് എന്തോ സംശയം ചോദിച്ചതും കേൾക്കുന്നുണ്ട് എന്ന് ഉറപ്പായി… വല്ലാത്ത ഒരു സന്തോഷവും, ഉത്സാഹവും ആയിരുന്നു, പിന്നെ അങ്ങോട്ട് സംസാരിക്കാൻ.

ഉത്സാഹം അല്പം കൂടി പോയപ്പോൾ, പറയുന്നതിന് ഒപ്പം, കൈ കൊണ്ടുള്ള പ്രവർത്തികൾ കൊണ്ട്, കഴിച്ച് കൊണ്ടിരുന്ന കോൺ ഐസ് ക്രീമിൻ്റെ മുകളിൽ പൊങ്ങി നിന്നിരുന്നതിൽ പകുതിയും, മൂക്കിൽ ആയി.. അത് കണ്ടതും പൊട്ടി പൊട്ടി ചിരിക്കുന്ന നച്ചുവിനെ കണ്ണെടുക്കാൻ ആവാതെ നോക്കി ഇരുന്നു പോയി… ചിരിക്കുമ്പോൾ വിടരുന്ന ആഴമുള്ള നുണക്കുഴികൾ അന്ന് ആദ്യമായ് അവൻ്റെ മുന്നിൽ തെളിഞ്ഞു… പേര് പോലെ തന്നെ അവളുടെ കണ്ണുകളും നക്ഷത്രം പോലെ തിളങ്ങി… കുറുമ്പോടെ വീണ്ടും വീണ്ടും തന്നെ നോക്കി, നിർത്താൻ ആവാതെ അവള് ചിരിക്കുമ്പോൾ, ആ ചിരി നിൽക്കാൻ ആഗ്രഹിക്കാതെ താനും നോക്കി ഇരുന്നു പോയിരുന്നു… ചിരിച്ചു ചിരിച്ചു നിറഞ്ഞു പോയ കണ്ണുകൾ തുടച്ച്, ബാഗിൽ നിന്ന് ഒരു handkerchief എടുത്തു തനിക്ക് നീട്ടുമ്പോൾ, യാന്ത്രികം എന്നോണം ആണ് അത് വാങ്ങിയതും, തുടച്ചതും… യാത്ര പറഞ്ഞു അവള് പോവുന്നത് നോക്കി നിൽക്കുമ്പോൾ, ആണ് അവളുടെ handkerchief തൻ്റെ കയ്യിൽ ഇരിക്കുന്നത് ശ്രദ്ധിച്ചത്… മുൻപ് മുഖം തുടച്ചപ്പോൾ കിട്ടിയ നേരിയ കർപ്പൂര വാസനയ്ക്കായി വീണ്ടും അതിലേക്ക് മുഖം അടുപ്പിച്ചു.

അവളുടെ ഗന്ധം എന്താവും എന്നായിരുന്നു പിന്നെ അന്ന് സംശയം … അന്ന് മുഴുവൻ അവളുടെ ചിരി ആയിരുന്നു മനസ്സ് നിറയെ… ആലിയൊട് ഉള്ള ഇഷ്ടം വെറും ഒരു ഭ്രമം ആണെന്ന് തെളിയിച്ചു കൊണ്ട്, അവളുടെ മുഖം ആഴത്തിൽ മനസ്സിൽ പതിഞ്ഞു കൊണ്ടിരുന്നു… അവളുടെ ആഴത്തിൽ ഉള്ള നുണക്കുഴികൾ പോലേ… പിന്നീട് അങ്ങോട്ട് ആലി ഒരു കാരണം മാത്രം ആയിരുന്നൂ… നച്ചുവിനെ കാണാനും, സംസാരിക്കാനുമെല്ലാം… ഫോൺ കാളുകളിൽ ആലിയെ കുറിച്ച് മാത്രം ചോദിച്ചും സംസാരിച്ചും കൊണ്ടിരുന്ന തൻ്റെ ഭാഗത്ത് നിന്നു അവളെ കുറിച്ച് ചോദിച്ചു തുടങ്ങിയപ്പോൾ അവൾക്ക് തോന്നിയ അമ്പരപ്പ്, മുഖം കണ്ടില്ല എങ്കിൽ പോലും, വാക്കുകളിൽ നിന്ന് വ്യക്തമായിരുന്നു. ആദ്യം ആദ്യം അല്പം മടിച്ചു എങ്കിലും പിന്നീട് എപ്പോഴൊക്കെയൊ അവളും വാചാലയായി… അവളുടെ ഉള്ളിലെ വായാടിയെ തിരിച്ചറിഞ്ഞ നാളുകൾ… ഇതിനിടയ്ക്ക് ആലിയെ ഞങ്ങൾ രണ്ടു പേരും എന്നോ മറന്നു… ആലിയെ കുറിച്ചു സംസാരിച്ചു കൂടി പോയാൽ പതിനഞ്ചു മിനിറ്റിൽ തീർന്നിരുന്നു ഫോൺ കാളുകൾ രാത്രിയിലെ യാമങ്ങൾ തികയാതെ, പുലർകാലയിൽ നിന്നും സമയം കടം എടുത്ത് തുടങ്ങി…

പിന്നെയും പറഞ്ഞു തീരാത്ത വിശേഷങ്ങളും ചോദ്യങ്ങളും പരസ്പരം ഫോൺ മെസ്സേജുകളും കോളുകളും മീറ്റിംഗ്കളും ആയി വന്നും പോയും ഇരുന്നു. ആലിക്ക് ഉള്ള ഗിഫ്റ്റ് കൊടുക്കാൻ ആയി, വഴി വക്കിൽ എവിടെ എങ്കിലും കാത്ത് നിന്നിരുന്നവൻ, അവൽക്കായി അവളുടെ PG ക്കു മുൻപിൽ കാറിൽ വെയിറ്റ് ചെയ്തു തുടങ്ങി… ആദ്യം ആദ്യം ഒരു കോഫീ കുടിക്കാൻ പോലും, തൻ്റെ കൂടെ ഇരിക്കാൻ മടിച്ചവൾ തൻ്റെ കൂടെ ഇരുട്ടടഞ്ഞ സിനിമ ഹോളുകളിൽ കൂടെ ഇരുന്നു, തൻ്റെ കണ്ണുകളിലേക്ക് മാത്രം നോക്കി , സമയം ചിലവഴിച്ചു… ഒഴിവ് വേളകളിൽ ലോങ് ഡ്രൈവിന് പോകുമ്പോൾ, അവളുടെ മൃദുലമായ വലം കൈ എന്നും തൻ്റെ ഇടതു കയ് വിരലുകളുമായ് കോർത്തിരിക്കും… അങ്ങനെ പോയ യാത്രകൾക്കൊന്നിൽ, ശക്തമായ മഴയിൽ, വണ്ടി ഒതുക്കി ഇട്ട്, സംസാരിക്കുന്നതിനിടെ അവളുടെ അധരങ്ങൾ കവരുമ്പോൾ അവളുടെ കണ്ണുകളിലെ പിടപ്പും നാണവും മാത്രം മതിയായിരുന്നു തന്നെ ഉന്മത്തൻ ആക്കാൻ… ഈ നാണം ഒന്ന് കാണാൻ വേണ്ടി മാത്രം തൻ്റെ വിരലുകൾ പിന്നീട് പലപ്പൊഴും അവളിൽ കുസൃതി കാണിക്കുമായിരുന്നു…

പിന്നീട് എപ്പോഴാണ് ഈ നാണം തന്നെ അലോസരപ്പെടുത്തി തുടങ്ങിയത്… ഞങ്ങൾ തമ്മില് ഉള്ള ഇഷ്ടം അവളുടെ വീട്ടിൽ അറിഞ്ഞു, അവളെ പഠിപ്പ് നിർത്തി, വീട്ടിലേക്കു വിളിച്ച് കൊണ്ടു പോയി എന്ന് ഒരു ദിവസം രാത്രി… അവളെ കുറിച്ചു രണ്ടു ദിവസം ആയി ഒരു വിവരവും ഇല്ലാതെ, മനസ്സ് തളർന്ന് വീട്ടിൽ പോലും പോവാതെ, കഫെയിൽ തന്നെ ഇരിക്കുമ്പോൾ, അവള് വീട്ടിൽ ആരും അറിയാതെ ലാൻഡ് ഫോണിൽ നിന്നു തന്നെ വിളിച്ചു പറയുമ്പോൾ, കുറെ ദിവസത്തിന് ശേഷം അവളുടെ ശബ്ദം ഒന്ന് കേട്ടത്തിൻ്റെ ആശ്വാസത്തിൽ ആയിരുന്നു മനസ്സ്. പക്ഷേ ആരുടെയോ ഉറക്കെ ഉള്ള ശബ്ദവും, പുറകെ അവളുടെ കരച്ചിലും ചെവിയിൽ വന്നു പതിച്ചപ്പോൾ, പഴയതിലും അധികം ആയി മനസ്സിൽ ആധി കയറി… അവളെ കാണണം എന്നുള്ള ആഗ്രഹം അടക്കി നിർത്തവുന്നതിലും ശക്തം ആയി… കർക്കശക്കാരനായ, തന്നെ അധികപ്പേറ്റായി കാണുന്ന അമ്മാവനെ കുറിച്ചും, അച്ഛൻ മരിച്ചതിന് ശേഷം വേറെ കല്ല്യാണം കഴിച്ച,

പിന്നീട് തന്നെ കുറിച്ച് ഒരു വാക്ക് കൊണ്ട് പോലും അന്വേഷിക്കാത്ത അമ്മയെ കുറിച്ചും അവള് ഒരിക്കൽ കണ്ണീരോടെ പറഞ്ഞത് ആയിരുന്നൂ അപ്പൊൾ മനസ്സിൽ അത്രയും. കൊച്ചു കൊച്ചു കാര്യങ്ങള്ക്ക് പോലും വല്ല്യ വല്ല്യ ശിക്ഷകൾ നൽകുന്ന അവളുടേ അമ്മാവനെ കുറിച്ച് ആലോചിക്കുമ്പോൾ, പേടി ആയിരുന്നു, അവളുടെ ഇപ്പോഴത്തെ അവസ്ഥ ഓർത്ത്. കൂടുതൽ ഒന്നും അപ്പോ ആലോചിക്കാൻ നിന്നില്ല. അപ്പോ തന്നെ വിഷ്ണുവിനെയും, അവനെ പോലെ തന്നെ അടുത്ത സുഹൃത്തായ ആസിഫിനെയും വിളിച്ച് പുറപ്പെട്ടു, ബാംഗ്ലൂരിൽ നിന്ന്… കേരളത്തിലേക്ക്… പാലക്കാടുള്ള അവളുടെ അമ്മാവൻ്റെ വീടിൻ്റെ മുറ്റത്ത് ചെന്നിറങ്ങുമ്പോഴെ കേട്ടു, ആരുടെയോ ശാപ വാക്കുകളും, പതുക്കെ ഉള്ള അവളുടെ തേങ്ങി കരച്ചിലും… തന്നെ പിടിച്ചു നിർത്താൻ നോക്കിയ വിഷ്ണുവിൻ്റെ കൈ തട്ടി എറിഞ്ഞു, അവളുടെ ശബ്ദം കേട്ടയിടത്തേക്ക് പായുമ്പോൾ, ആരാ എന്താ എന്നൊക്കെ ഉള്ള പകച്ചുള്ള ചോദ്യങ്ങൾ കേട്ടില്ല എന്ന് ഭാവിച്ചു.

വീടിൻ്റെ ഹാളിൽ തന്നെ ഒരു മൂലയ്ക്ക് കൂനി കൂടി പേടിച്ചിരിക്കുന്ന നച്ചുവിനെ കണ്ടപ്പോൾ മനസ്സിന് ഉണ്ടായ പിടച്ചിൽ ഇപ്പോഴും അറിയുന്നുണ്ട്… ഒട്ടും പ്രതീക്ഷിക്കാതെ തന്നെ കണ്ടപ്പോളുള്ള നിറഞ്ഞ കണ്ണുകളിലെ തിളക്കം ഒന്ന് മാത്രം മതിയായിരുന്നു, ഇനി അങ്ങോട്ടുള്ള ജീവിതത്തിലുടനീളം തൻ്റെ പാതി ആയി ഇവള് വേണം എന്ന് തീരുമാനിക്കാൻ… അന്ന് അവളുടെ കൈ പിടിച്ചു അവിടെ നിന്ന് ഇറങ്ങുമ്പോൾ കേൾക്കുന്നുണ്ടായിരുന്നു, അഡ്വക്കേറ്റ് ആയ ആസിഫ് അവളുടെ അമ്മാവനോട് നിയമ വശങ്ങൾ പറഞ്ഞു വാദിച്ചു ജയിക്കുന്നത്… അല്ലെങ്കിലും എന്തൊക്കെ സംഭവിച്ചാലും അന്ന് അവിടെ നിന്ന് ഇറങ്ങുമ്പോൾ അവള് തൻ്റെ കൂടെ ഉണ്ടായിരുന്നേനെ… കാരണം അപ്പോഴൊന്നും അവള് എനിക്ക് മടുപ്പായിരുന്നില്ല… പ്രണയം ആയിരുന്നൂ… ജീവിതം ആയിരുന്നു… ആവേശം ആയിരുന്നൂ…

അതേ ആവേശം ആയിരുന്നു, എൻ്റെ വീട്ടുകാര് എതിർത്തിട്ടും, അവളെ കൂടെ കൂട്ടിയാൽ ഇനി ഞങ്ങൾക്ക് നച്ചികേത് എന്നൊരു മകൻ ഇല്ല എന്ന് ഭീഷണിപ്പെടുത്തിയിട്ടും, പിറ്റേന്ന് ഒരു അമ്പലത്തിൽ വച്ച് സുഹൃത്തുക്കളുടെ മാത്രം സാന്നിദ്ധ്യത്തിൽ അവളെ താലി കെട്ടി ജീവൻ്റെ പാതി ആക്കുമ്പോൾ… അതേ ആവേശം ആയിരുന്നു, എൻ്റെ വീട്ടുകാരോട് എല്ലാം പറഞ്ഞു അവരുടെ അനുഗ്രഹം വാങ്ങിയിട്ട് ഒരു ജീവിതം തുടങ്ങിയാൽ പോരേ എന്നുള്ള അവളുടെ ചോദ്യത്തെ അവഗണിച്ച്, അവളെ എല്ലാ അർഥത്തിലും സ്വന്തം ആക്കുമ്പോൾ… അവളുടെ എതിർപ്പുകളെയും ഭയത്തെയും ഒക്കെ ചുംബനം കൊണ്ടും, കരലാളനങ്ങൾ കൊണ്ട് തളർത്തുമ്പോഴും… ആദ്യ സംഗമത്തിൽ തളർന്നു നെഞ്ചോടു ഒട്ടി കിടക്കുമ്പോഴും വീണ്ടൂം അതെ ആവേശത്തോടെ തന്നെ ആണ് അവളിലേക്ക് പിന്നേയും പിന്നേയും ലയിച്ചു ചേർന്നത്… പിന്നീടും അവളോടുള്ള പ്രണയവും ആവേശവും ഒക്കെ കൂടിയിട്ടെ ഉള്ളൂ…. ഓരോ തവണ എൻ്റെ നോട്ടം കൊണ്ട് പോലും നാണം കൊണ്ട് കൂമ്പി അടയുന്ന അവളുടെ മിഴികൾ, അവളോടുള്ള പ്രണയവും കാമവും കൂട്ടിയിട്ടെ ഉള്ളു… ആദ്യമായ് എന്ന പോലെ നാണിച്ചു വഴുതി മാറുന്ന എൻ്റെ പെണ്ണുമായി ഓരോ തവണയും ഇണ ചേരുമ്പോഴും പ്രണയത്തിന്റെ…സംതൃപ്തിയുടെ പുതിയ തലങ്ങൾ അറിയുകയായിരുന്നു…

ഞാൻ മാത്രം ആയിരുന്നു അവളുടെ ലോകം… എൻ്റെ സന്തോഷത്തിൽ മാത്രം ജീവിക്കുന്ന ഒരു പാവം തൊട്ടാവാടി… എൻ്റെ മുഖമോ, സംസാരത്തിൻ്റെ ട്ടോണോ ഒന്ന് മാറിയാൽ, വാടുന്ന മുഖവും മനസ്സും ഉള്ള എൻ്റെ കാമിനി… പിന്നീട് എപ്പോഴാണ് അവളെ മടുത്തത്… അവളില് നിന്ന് ശ്രദ്ധ വ്യതിചലിച്ച് പോയത്??? കല്ല്യാണം കഴിഞ്ഞ് മൂന്നാല് മാസം കഴിഞ്ഞ് പഴയ രണ്ടു കൂട്ടുകാരും വിഷ്ണുവും ആയി കൂടിയ ഒരു പാർട്ടിയിൽ, അതുല്യയെ വായിനോക്കി കൂട്ടുകാരിയെ കെട്ടിയ തൻ്റെ കാര്യം പറഞ്ഞു കളിയാക്കിയ ആ രാത്രി ആണോ അത് തുടങ്ങിയത്… അന്ന് നച്ചുവിൻ്റെയും തൻ്റെയും ഫോട്ടോ കാണിച്ചതിന് ശേഷം അതുല്യയൂടെയും കൂടെ ഫോട്ടോ കാണണം എന്ന് വാശി പിടിച്ച സുഹൃത്തുക്കൾക്ക് മുന്പിൽ, നച്ചുവിൻ്റെ ഫ്രണ്ട്സ് ലിസ്റ്റിൽ നിന്നും ആലിയുടെ പ്രൊഫൈൽ എടുത്തു കാണിക്കുമ്പോൾ വാ തുറന്നു നിന്ന കൂട്ടുകാരെ കണ്ടപ്പോഴാണോ നഷ്ടബോധം തോന്നി തുടങ്ങിയത്? അതോ, നീ ഇവളെ തന്നേ വളച്ചാൽ മതിയായിരുന്നു,

നിനക്ക് ചേർച്ച ഈ സുന്ദരി പെണ്ണ് തന്നെ ആയിരുന്നു എന്ന് അവന്മാര് പറഞ്ഞപ്പോഴോ? ഒരു തമാശയ്ക്ക് ഒരു സുഹൃത്തു തൻ്റെയും ആലിയൂടെയും കൂടെ ഫോട്ടോ എഡിറ്റ് ചെയ്ത് ഒരുമിച്ച് വച്ച് കാണിച്ചു തന്നപ്പോഴോ? അല്ലാ… അപ്പോഴല്ല… കാരണം അപ്പൊൾ എൻ്റെ മനസ്സിൽ മുഴുവൻ നച്ചു ആയിരുന്നു…അവളോടുള്ള പ്രണയം ആയിരുന്നു… എനിക്കായി തെളിയുന്ന നുണക്കുഴികളായിരുന്നു… എൻ്റെ സാമീപ്യത്തിൽ കണ്ണുകളില് തെളിയുന്ന നാണം ആയിരുന്നു… താൻ മാത്രം കണ്ടിട്ടുള്ള അവളുടെ ജ്വലിക്കുന്ന സൗന്ദര്യമായിരുന്നു… പിന്നേ? പിന്നെ എപ്പോ??? അതേ… അന്നാണ്… ആലി തൻ്റെ അടുത്തേക്ക് ചേർന്ന് നിന്ന്, തൻ്റെ ചെവിയിൽ അത് പറഞ്ഞ ആ ദിവസം… ആ നിമിഷം… അന്നാണ് എല്ലാം മാറി മറിഞ്ഞത്… തുടരും… കൊച്ചു ഒരു കഥ ആണ്… എന്തിൽനിന്നോ ഉയർത്ത് എഴുന്നേൽക്കുന്ന Phoenix പക്ഷിയെ പ്രതീക്ഷിച്ചു വായിക്കരുത് കേട്ടോ… ചുമ്മാ ഒരു സ്റ്റോറി… ബാക്കി പിന്നെ പോസ്റ്റ് ചെയ്യാം…