18/04/2026

സഖി : അവസാന ഭാഗം

രചന – Zehnazeeb

ആ ശബ്ദം… ഏറെ നാളുകൾക്ക് ശേഷം… കേൾക്കാൻ കൊതിച്ചിരുന്ന ആ ശബ്ദം… എൻ്റെ ഹൃദയം വീണ്ടും മിടിക്കാൻ തുടങ്ങിയത് ഞാൻ അറിഞ്ഞു. ഒരു പിടച്ചിലോടെ ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കിയതും ഞാൻ കണ്ടു… ഒരു ഞെട്ടലോടെ എന്നെ നോക്കി നിൽക്കുന്ന എൻ്റെ നച്ചുവിനേ…

“നച്ചു…” ഭ്രാന്തമായി അവളെ ഇറുകെ പുണരുമ്പോൾ, പേടി ആയിരുന്നു മനസ്സ് നിറയെ… ഒരുപക്ഷേ വിട്ട് മാറിയാൽ, അവള് ഇനിയും എന്നിൽ നിന്ന് അകന്നു പോകുമോ എന്ന്. ആദ്യത്തെ ഒരു ഞെട്ടലിന് ശേഷം, എന്നെ തള്ളി മാറ്റാൻ അവള് ശ്രമിക്കുന്നതും, കരയുമ്പോലെ വിടാൻ പറയുന്നതും ഞാൻ അറിയുന്നുണ്ടായിരുന്നു. പക്ഷേ വിട്ടില്ല ഞാൻ… എന്നിൽ നിന്ന് ഒരല്പം പോലും അവളെ അകലാൻ അനുവദിക്കാതെ വീണ്ടും ഇറുകെ പുണർന്നു എന്നിലേക്ക് ചേർത്തു.

“നച്ചി… This is a public place. വെറുതെ ഒരു സീൻ ഉണ്ടാക്കാതെ…” ഞാൻ വിടുന്നില്ല എന്ന് കണ്ട്, വിഷ്ണു എന്നെ പിടിച്ചു മാറ്റാൻ നോക്കി.

“ഇല്ല… എൻ്റെയാ… പോവാൻ ഞാൻ സമ്മതിക്കില്ല…” അവളുടെ കഴുത്തിലേക്ക് മുഖം ചേർത്ത് എന്തൊക്കെയോ ഞാൻ പുലമ്പുമ്പോൾ, ഈ ബഹളം ഒക്കെ കണ്ട് ചുറ്റും ഞങ്ങൾക്കു നേരെ നീങ്ങിയ കണ്ണുകളെ സമാധാനിപ്പിക്കാൻ തുടങ്ങിയിരുന്നു വിഷ്ണു.

“നച്ചി നമുക്ക് റൂമിൽ പോയിട്ട് സംസാരിക്കാം. നീ അവളെ ഒന്ന് വിട്. അവള് വരും… എങ്ങും പോവില്ല ”

തല ഉയർത്തി നച്ചുവിനെ നോക്കി… വരുവോ എന്ന അർത്ഥത്തിൽ…

എൻ്റെ പ്രവർത്തികൾ കണ്ട് അവള് പേടിച്ചു എന്ന് തോന്നുന്നു. പേടിയോടെ അവള് തലയാട്ടി…

അവളുടെ സമ്മതം അറിഞ്ഞിട്ടും, വിടാൻ കഴിയാതെ, ഞാൻ അവളുടെ മുഖം ചുംബനങ്ങൾ കൊണ്ട് മൂടി….അവളുടെ കണ്ണിലും കവിളിലും, നെറ്റിയിലും, ചുണ്ടിലും എല്ലാം മതി വരാതെ ചുംബിച്ചു കൊണ്ടെ ഇരുന്നു.

“നച്ചി… മതി… നീ വന്നേ…” വിഷ്ണു എൻ്റെ കയ്യിൽ പിടിച്ചു വലിച്ച് മാറ്റി…” മോളേ… ഇതാണ് അഡ്രസ്സ്. എൻ്റെ നമ്പർ ഈ കാർഡിൽ ഉണ്ടു. നീ എത്തുമ്പോൾ വിളിച്ചാൽ മതി. വരണം… വരാതിരിക്കരുത്… അപേക്ഷയാണ്. പ്ലീസ്”

എൻ്റെ കൈ പിടിച്ചു അവൻ പുറത്തേക്ക് നടക്കാൻ തുടങ്ങി.

എനിക്ക് പേടി ആയിരുന്നു… അവള് എന്നെ പറ്റിച്ചാലോ എന്ന്…എന്നോടുള്ള വെറുപ്പ് കൊണ്ട് ഇനിയും ഓടി പോയാലോ… വീണ്ടും വീണ്ടും തിരിഞ്ഞു അവളെ നോക്കി. ഒരു ശില കണക്കെ എന്നെ നോക്കി നിൽക്കുന്ന പെണ്ണിനെ വിട്ടു പോരാൻ എനിക്ക് ആവില്ലായിരുന്നു.

വിഷ്ണുവിൻ്റെ കൈ തട്ടി എറിഞ്ഞു ഞാൻ പോരാൻ തുടങ്ങിയതും, അവൻ വീണ്ടും പിടിച്ചു നിർത്തി

“അവളെ ദ്രോഹിച്ചു മതിയായില്ല എന്ന് തോന്നുന്നുണ്ടെങ്കിൽ മാത്രം നീ ഇപ്പൊ അവൾക്ക് അടുത്തേക്ക് ചെന്നാൽ മതി. അല്ലാ, ഒരല്പം എങ്കിലും ദയ ഉണ്ടെങ്കിൽ, എന്നെങ്കിലും നീ അവളെ പ്രണയിച്ചിരുന്നു എങ്കിൽ, നീ എൻ്റെ കൂടെ വരണം. അവള് വരും. ഈ ഷിഫ്റ്റ് കഴിഞ്ഞ്. അവള് ജോലി ചെയ്യുന്ന ഇടത്ത് വെറുതെ സീൻ ഉണ്ടാക്കരുത്.” എന്നെ തറപ്പിച്ചു നോക്കി വിഷ്ണു പറഞ്ഞു.

“അവള് എന്തിനാ ഇവിടെ ജോലി ചെയ്യുന്നത്? എൻ്റെ പെണ്ണിനെ ഞാൻ നോക്കില്ലേ… അവള് എന്തിനാ ഇവിടെ… ഇങ്ങനെ ഒരു ജോലി…”

“നീ നോക്കിയത്തിൻ്റെ മഹത്വം ഒക്കെ ഞാൻ കണ്ടു… അന്ന് എൻ്റെ engagement പാർട്ടിക്കു… വെറുതെ എന്നെ കൊണ്ടൊന്നും പറയിക്കരുത് നീ… ഇപ്പൊ എൻ്റെ കൂടെ വരും, നച്ചി നീ! അല്ലാ വീണ്ടും അവളെ ദ്രോഹിക്കാൻ ആണ് ഭാവം എങ്കിൽ, നിന്നിൽ നിന്ന് രക്ഷപ്പെടണം എന്ന് അവള് ആഗ്രഹിച്ചാൽ, അവൾക്ക് വേണ്ട എല്ലാ സഹായവും ചെയ്യുന്നത് ഞാൻ ആയിരിക്കും.”

അവൻ്റെ മുൻപിൽ വാക്കുകളില്ലാതെ, തല ഉയർത്താൻ ആവാതെ ഞാൻ നിന്നു. വീണ്ടും അവൻ പിടിച്ചു വലിച്ചപ്പോൾ, അനുസരണയോടെ എൻ്റെ കാലുകൾ അവനെ പിന്തുടർന്നു… കണ്ണുകൾ അനുസരണയില്ലാതെ പുറകിലേക്കും…

ഹോട്ടെലിൽ എത്തി അക്ഷമയോടെ അവളെയും കാത്തു ഞാൻ ഇരിക്കുമ്പോള് അവൻ എനിക്ക് പറഞ്ഞു തന്നു, ബിസിനെസ്സ് ആവശ്യത്തിനായി കൊച്ചിയിൽ വന്നപ്പോൾ, യാദൃശ്ചികം ആയി അവളെ ആ കഫെയിൽ വച്ചു കണ്ടത്. അവൻ കണ്ടു എന്നറിഞ്ഞാൽ അവള് അവിടെ നിന്ന് മാറി പോയാലോ എന്ന് കരുതി, അവളുടെ മുൻപിൽ ചെന്ന് പെടാതെ അവളെ നിരീക്ഷിച്ചുത് .

രാവിലെ 8-6 വരെ കഫെയിൽ ജോലി… 6:30-8:30 വരെ അടുത്തുള്ള ട്യൂഷൻ സെൻ്ററിൽ പഠിപ്പിക്കാൻ പോവുന്നു… താമസിക്കുന്നത് ഒരു working women’s ഹോസ്റ്റലിൽ.ജോലിയും ഹോസ്റ്റലും മാത്രം ആയി ജീവിതം. ഇടയ്ക്ക് എപ്പോഴെങ്കിലും പബ്ലിക് ലൈബ്രറിയിലോ, അടുത്ത് ഉള്ള സെക്കൻഡ് ഹാൻഡ് ബുക്ക് സ്റ്റാൾലോ മാത്രം പോവും. ആരോടും ഒരു കൂട്ടം ബന്ധവും ഇല്ല. അനാവശ്യം ആയ ഒരു നോട്ടമോ പുഞ്ചിരിയോ പോലും.

വിവരങ്ങൾ അറിഞ്ഞു നേരെ വന്നതാണ് വിഷ്ണു ബാംഗ്ലൂർക്ക്, എന്നെ കൂട്ടാൻ…

ഇനിയും അവളെ ഇങ്ങനെ കഷ്ടപ്പെടാൻ ഞാൻ സമ്മതിക്കില്ല എന്ന് ഉറച്ച തീരുമാനമെടുത്തിരുന്നു ഞാൻ. എന്നോട് ക്ഷമിക്കണ്ടാ…പക്ഷേ എൻ്റെ കൂടെ ഞാൻ കൊണ്ട് പോവും… ഒരു അടിമയെ പോലെ അവളുടെ കാൽ ചുവട്ടിൽ കിടന്നോളാം ജീവിതാവസാനം വരെ… എങ്ങിനെ വേണം എങ്കിലും എന്നെ ശിക്ഷിച്ചോട്ടെ… എന്നിൽ നിന്ന് അകന്നു നിൽക്കുന്നത് ഒഴിച്ച്… ഒന്ന് കണ്ടാൽ മാത്രം മതി എന്നും എൻ്റെ കൂടെ…

✨✨✨✨✨✨✨✨✨✨✨✨✨✨✨✨

നാച്ചിയെ റൂമിൽ ആക്കി നച്ചുവിന് അടുത്തേക്ക് പോവുമ്പോൾ വിഷ്ണുവിന് ഒരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല, അവള് കാണാൻ പോലും തയ്യാറാവും എന്ന്… പക്ഷേ അവനെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരാൻ നച്ചുവിനു മാത്രമേ സാധിക്കൂ എന്ന് വിഷ്ണുവിന് ഉറപ്പായിരുന്നു.

അവൻ കഫേയിൽ ചെന്നപ്പോൾ, അവള് ലീവ് എടുത്ത് പോയിരുന്നു. മറ്റെവിടെയും അവള് പോവില്ല എന്ന് അറിയാവുന്നത് കൊണ്ടു, ഹോസ്റ്റലിലേക്ക് ചെന്നു.

പ്രതീക്ഷിച്ചത് പോലെ തന്നെ ആദ്യം ആദ്യം അവള് ഒഴിഞ്ഞു മാറാൻ ശ്രമിച്ചു. അവന് വേണ്ടി സംസാരിക്കാൻ തുടങ്ങിയപ്പോൾ, എന്തൊക്കെയോ പതം പറഞ്ഞവൾ കരഞ്ഞു. അവൻ്റെ പല വാക്കുകളും ഇന്നും അവളുടെ നെഞ്ചില് തറഞ്ഞിരിപ്പുണ്ട്… കരഞ്ഞു പറഞ്ഞുകൊണ്ടിരുന്ന നച്ചുവിനെ തടസ്സപ്പെടുത്തിയില്ല… ഇതൊന്നും ആരോടും പറയാതെ അവളുടെ ഉള്ളിൽ കിടന്നു വിങ്ങുകയായിരുന്നു എന്ന് മനസ്സിലായത് കൊണ്ട്, അവൾക്ക് ഒരു കേൾവിക്കാരനായി ഇരുന്നു കൊടുത്തു. മനസ്സിൽ ഉള്ളതെല്ലാം പെയ്തൊഴിഞ്ഞപ്പോൾ, അവളുടെ മനസ്സ് മുഴുവനായും അല്ല എങ്കിലും, അല്പം ഒന്ന് തണുത്ത് എന്ന് തോന്നിയപ്പോൾ ഞാൻ പറഞ്ഞു തുടങ്ങി, നാച്ചിയുടെ അവസ്ഥ…

അവളെ തേടി അവൻ അലഞ്ഞത്… ബാംഗ്ലൂർ സിറ്റി മുഴുവൻ അവൻ രാപ്പകൽ ഇല്ലാതെ തേടി അലഞ്ഞു… ഒടുവിൽ പ്രതീക്ഷകൾ നഷ്ടപ്പെട്ടു, ഡിപ്രഷൻ്റെ ഇരുളുകളിലേക്ക് മയങ്ങി വീണത്… നാല് മാസക്കാലം, ഒരേയൊരോർമ്മയും ആയി,നാവിൽ ഒരേയൊരു പേരും ആയി, ഒരു ട്രീറ്റ്മെൻ്റ് സെൻ്ററിൽ കഴിഞ്ഞത്… ഒടുവിൽ മനപ്പൂർവ്വമോ അറിയാതെയോ ഉണ്ടായൊരു ആക്സിഡൻ്റിൽ തലനാരിഴയ്ക്ക് രക്ഷപ്പെട്ടതും, ഓർമകൾ തിരികെ കിട്ടി എങ്കിലും, നച്ചു എന്നൊരോർമ്മയിൽ മാത്രം, അവരുടെ റൂമിൽ നിന്ന് പോലും വെളിയിൽ ഇറങ്ങാതെ ജീവിക്കുന്ന അവളുടെ നാച്ചി ഏട്ടനെ പറ്റി…

എല്ലാം പറഞ്ഞു അവിടെ നിന്നും ഇറങ്ങുമ്പോൾ, അവളോട് വരണം എന്ന് പറഞ്ഞില്ല… പറയാൻ തോന്നിയില്ല… അങ്ങനെ ഒരു അപേക്ഷ നാച്ചി അർഹിക്കുന്നില്ല. അവൻ ചെയ്ത ചതിക്ക് അവൻ മാപ്പർഹിക്കുന്നില്ല…

അവള് അറിയേണ്ടത് എല്ലാം അറിയിച്ചിട്ടുണ്ട്… ഇനി നച്ചുവിൻ്റെ മാത്രം തീരുമാനം ആണ്. ആ അധികാരം അവൾക്ക് വിട്ടു നൽകി ഞാൻ നാച്ചിക്ക് അടുത്തേക്ക് തിരിച്ചു.

✨✨✨✨✨✨✨✨✨✨✨✨✨✨✨✨

യാതൊരു പ്രതീക്ഷയും എനിക്ക് ഉണ്ടായിരുന്നില്ല… വെളിയിൽ പോയ മനു ഒറ്റയ്ക്ക് തിരികെ കയറി വന്നപ്പോൾ ഞാൻ അവന് പുറകിൽ തിരഞ്ഞിരുന്നു, കാണാൻ കൊതിക്കുന്നവളെ… നിരാശ മാത്രം ബാക്കി ആക്കി, വീണ്ടും കണ്ണുകൾ അടയ്ക്കാൻ തുടങ്ങിയതും, വിശ്വസിക്കാൻ ആവാതെ എൻ്റെ കണ്ണുകൾ മിഴിഞ്ഞു…

ഹാളിലേക്ക് കയറി വരുന്ന നച്ചുവിനെ ഞാൻ കണ്ടു. എൻ്റെ ജീവനേ… എൻ്റെ പെണ്ണിനെ… എന്നിലൂടെ പ്രണയത്തെ അറിഞ്ഞവൾ.. എന്നെ പ്രണയം എന്തെന്ന് പഠിപ്പിച്ചവൾ…എന്നിൽ മാത്രം സന്തോഷം കണ്ടവൾ… എന്നെ പൂർണ്ണനാക്കിയവൾ… എൻ്റെ ഹൃദയത്തില് മാത്രം ജീവിക്കാൻ ആഗ്രഹിച്ചവൾ… ഹൃദയം മുഴുവൻ എനിക്കായ് മാത്രം പ്രണയത്തെ ഒളിപ്പിച്ചവൾ…

ഇപ്പൊൾ ഞാൻ കാരണം തകർന്ന ഹൃദയവുമായി എൻ്റെ മുൻപിൽ നിൽക്കുമ്പോൾ, കുറ്റബോധം മൂലം ഇരുന്നിടത്ത് നിന്ന് അനങ്ങാൻ ആവാതെ അവളെ നോക്കി തറഞ്ഞിരുന്നു. കുറ്റ ബോധം കൊണ്ട് കുനിഞ്ഞു പോയ തല കയ്യിൽ താങ്ങി ഇരുന്നു പോയി. എന്നോട് തോന്നിയ ദേഷ്യത്തിൽ മുടിയിൽ വിരൽ കോർത്ത് വലിക്കുമ്പോൾ, ചെയ്ത തെറ്റുകളുടെ ഭാരം താങ്ങാൻ ആവാതെ ഹൃദയം കണ്ണുനീർ പൊഴിച്ചു, എൻ്റെ കവിളുകളിലൂടെ ഒഴുകിയിറങ്ങി.

എത്ര നേരം അങ്ങനെ ഇരുന്നു എന്നെനിക്കു അറിയില്ല. ഡോര് അടയുന്ന ഒച്ച കേട്ടു. അല്പം കഴിഞ്ഞപ്പോൾ ആരോ അടുത്ത് വന്നിരുന്നു. നോക്കാതെ തന്നെ അവളാണ് എന്ന് അറിയാമായിരുന്നു. അവളുടെ കൈ തോളിൽ അമർന്നപ്പോൾ, അത്ര നേരം അറിയാതിരുന്ന ശരീരത്തിൻ്റെ തളർച്ച ഒരു നിമിഷം കൊണ്ടു അറിഞ്ഞു. അവളുടെ നെഞ്ചിലേക്ക് വീണ് മുഖമമർത്തി കരഞ്ഞു. അവളുടെ കൈകൾ എന്നെ വലയം ചെയ്യുമ്പോൾ ഹൃദയം ഒരു നൂലില്ലാ പട്ടം പോലെ പറന്നു നടന്നു. അവളുടെ കണ്ണീരും എൻ്റെ കവിലിലേക്ക് ഇറ്റ് വീഴുന്നുണ്ടായിരുന്നു.

എപ്പോഴോ അവളുടേ നെഞ്ചില് നിന്നു ഊർന്നു അവളുടേ മടിയിലേക്ക് ഞാൻ കിടന്നു. ഒരു കുഞ്ഞിനെ പോലെ, ഞാൻ അവളുടേ കൈവിരലുകളുടെ താരട്ടെറ്റ് അന്നുറങ്ങി.

ഏറെ നാൾക്കു ശേഷം അന്നാണ് ഞാൻ നന്നായൊന്നുറങ്ങുന്നത്… ഒരു ഡീപ് സ്ലീപ്പിന് ശേഷം ഉണരുമ്പോൾ, അപ്പോഴും ഞാൻ അവളുടെ മടിയിൽ തന്നെ ആയിരിന്നു. തല ഉയർത്തി അവളെ നോക്കിയപ്പോൾ അവള് എന്നെ തന്നെ നോക്കി ഇരിക്കുകയാണ്…

മെല്ലെ എഴുന്നേറ്റു, അവൾക്ക് നേരെ തിരിഞ്ഞിരുന്നു.

“ഉറങ്ങിയോ നല്ലോണം?” പാറി കിടന്ന എൻ്റെ മുടി ഒതുക്കി അവള് ചോദിച്ചു

മറുപടിയായി അവളുടെ മുഖം കൈക്കുമ്പിളിൽ എടുത്ത്, നെറുകയിൽ ചുണ്ടമർത്തി. കണ്ണു വീണ്ടും നിറയുന്നത് ഞാൻ അറിഞ്ഞു. അവളുടെ നെറ്റിയിലേക്ക് നെറ്റി മുട്ടിച്ച് ഞാൻ ഇരുന്നു.

അവളുടെ മറുപടി ഒന്നും കേൾക്കാതെ ഇരുന്നപ്പോൾ പേടി ആയി… കേൾക്കാൻ ആഗ്രഹിക്കാത്ത ആ മറുപടി ഭയന്ന്, അവളുടേ കഴുത്തിലേക്ക് മുഖം പൂഴ്ത്തി, കണ്ണുകൾ ഇറുകെ അടച്ചു ഞാനിരുന്നു…

“എനിക്ക്… എനിക്ക് ടൈം വേണം നച്ചി ഏട്ടാ…” അവളുടെ ശബ്ദം കേട്ടു…

“മ്മ്മ്മ്… എത്ര സമയം വേണെങ്കിലും എടുത്തോ… പക്ഷേ വന്നുകൂടെ എൻ്റെ കൂടെ ബാംഗ്ലൂർക്ക്… നമ്മുടെ വീട്ടിൽ, എൻ്റെ കൂടെ… ഒരു ശല്യത്തിനും ഞാൻ വരില്ല. പൊന്നു പോലെ ഞാൻ നോക്കിക്കോളാം…ഒരു ചാൻസ് കൂടെ എനിക്ക് താ, നച്ചു പ്ലീസ്… എൻ്റെ കൂടെ വരവോ…? വരാം ന്നു പറ…” കൊച്ചു കുട്ടിയെ പോലെ അവളെ ചുറ്റി പിടിച്ചു ഞാൻ വാശി പിടിച്ചപ്പോൾ, നേർത്തൊരു മൂളൽ മാത്രം ആയിരുന്നു അവളുടെ മറുപടി.

“ഞാൻ… കുറച്ച് നേരം കൂടെ ഇങ്ങനെ ഇരുന്നോട്ടെ…?” അൽപ നേരത്തെ മൗനത്തിനു ശേഷം പതിയെ ചോദിച്ചു.

ഒട്ടും സമയം എടുക്കാതെ അവള് തലയാട്ടി. അതിയായ സന്തോഷത്തോടെ ഞാൻ അവളെ ഇറുകെ പുണർന്നു ഇരുന്നു. ഇത്രയും നാളും എന്നിൽ നിന്നും അകന്നു നിന്ന നിദ്ര വീണ്ടും എന്നെ പുൽകി…

പിറ്റേന്ന് രാവിലെ തന്നെ അവളേയും കൊണ്ട് പോയി, ഹോസ്റ്റൽ vacate ചെയ്തു, ജോലിയും റിസൈൻ ചെയ്ത്. അവളെ കൂട്ടി ഷോപ്പിങ്ന് പോയി… അവള് എടുക്കില്ല എന്ന് അറിയാവുന്നത് കൊണ്ട് അവൾക്ക് ചേരുന്നതും ഇഷ്ടപ്പെടുന്നതും ആയുള്ള കുറെയെറെ വസ്ത്രങ്ങൾ വാങ്ങി… പുറത്ത് നിന്നു ഭക്ഷണം കഴിച്ചു. വൈകുന്നേരം ആയപ്പോൾ അമ്പലത്തിൽ പോയി. പ്രാർത്ഥിക്കുമ്പോൾ, അവള് ബ്ലൗസിന് ഉളളിൽ സമർത്ഥമായി ഒളിപ്പിച്ച ഞാൻ കെട്ടിയ താലി മാല എടുത്ത് പുറത്തേക്കിട്ടു. തിരുമേനി തന്ന പ്രസാദത്തിൽ നിന്ന് കുറച്ചു കുംകുമം എടുത്ത് അവളുടെ സിന്ദൂരരേഖ ഒന്ന് കൂടെ ചുമപ്പിച്ചു. നിറകണ്ണുകളോടെ എന്നെ നോക്കി നിൽക്കുന്ന എൻ്റെ നച്ചുവിനു, അവിടെ കത്തുന്ന വിളക്കുകളെക്കാൾ പ്രഭ ഉണ്ടായിരുന്നു. ഇതിനെക്കാൾ എന്ത് കൂടുതൽ ആണ് ഞാൻ മറ്റൊരുവളിൽ തേടിയത്. സ്വയം കുറ്റപ്പെടുത്തിയും, ചെയ്ത തെറ്റിന് മാപ്പ് ചോദിച്ചും, കൈ കൂപ്പി ഞാൻ ദേവന് മുൻപിൽ നിന്നു. എന്ത് ശിക്ഷയും ഞാൻ സ്വീകരിച്ചോളാം … ഈ പെണ്ണിനെ എന്നിൽ നിന്ന് അകറ്റാതിരുന്നാൽ മാത്രം മതി. ഒരു തുള്ളി കണ്ണുനീരോടെ ഞാൻ പ്രാർത്ഥിച്ചു കൊണ്ടിരുന്നു.

തിരികെ ബാംഗ്ലൂർ വന്ന്, അവളുമായി ഞങ്ങളുടെ ഫ്ലാറ്റിൽ കയറുമ്പോൾ എനിക്കും, ആ ഫ്ലാറ്റിനും ഒക്കെ ഒരു പുതു ജീവൻ വച്ചത് പോലെ ആയിരുന്നു.

അവളുടെ പുറകെ തന്നെ ആയിരുന്നു പിന്നെ അങ്ങോട്ട്… ഒരു ജോലിയും ചെയ്യാൻ സമ്മതിക്കാതെ, എല്ലാം ഏറ്റെടുത്തു ചെയ്യാൻ തുടങ്ങിയ എന്നെ, അന്ന് ആദ്യമായി അവള് വഴക്ക് പറഞ്ഞു. ചീത്തയും കേട്ട്, തലയും കുമ്പിട്ടു അവിടെ നിന്ന് പോകുമ്പോൾ, പുറകിൽ അവളുടെ അടക്കി പിടിച്ച ചിരി കേട്ട്, എൻ്റെയും ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു.

രണ്ടാഴ്ച കഴിഞ്ഞും എന്നെ കഫേയിലേക്ക് കാണാഞ്ഞ്, വിഷ്ണു വന്നു തെറി വിളിച്ചപ്പോൾ, അവള് ആണ് പിറ്റേന്ന് രാവിലെയും ഇന്ന് കൂടെ എന്നും പറഞ്ഞു മടി പിടിച്ചിരുന്ന എന്നെ റെഡി ആക്കി കഫേയിലേക്ക് വിട്ടത്.

എൻ്റെ എല്ലാ കാര്യങ്ങളും അവള് പഴയതു പോലെ ചെയ്യാൻ തുടങ്ങിയിരുന്നു, എങ്കിലും ബെഡ്റൂമിൽ മാത്രം ഞങ്ങളുടെ സ്ഥാനം ബെഡിൻ്റെ രണ്ടു അറ്റങ്ങളിൽ ആയിരുന്നു. പലപ്പൊഴും അവളുടെ ഒന്ന് ചേർത്ത് പിടിചു കിടക്കാൻ ആഗ്രഹിച്ചു എങ്കിലും, ഞാൻ താൽപ്പര്യം കാണിച്ചാൽ അവള് വഴങ്ങി തരും എന്ന് എനിക്ക് അറിയാമായിരുന്നു എങ്കിലും, അവളായി ആഗ്രഹിക്കാതെ ഞാനായി ബുദ്ധിമുട്ടിപ്പിക്കില്ല എന്ന് ഞാൻ എന്നോട് തന്നെ ശപഥം ചെയ്തിരുന്നു.

മാസങ്ങൾ പലതും കടന്നു പോയി കൊണ്ടിരുന്നു… എൻ്റെ ജീവിതത്തിൽ വീണ്ടും സന്തോഷം മാത്രം നിറഞ്ഞു നിന്നു… എൻ്റെ നച്ചു മാത്രം…

ഒരിക്കൽ കഫെയിൽ നിന്ന് വരുമ്പോള് ലയ ഉണ്ടായിരുന്നു ഫ്ലാറ്റിൽ. നോക്കാൻ നല്ല ചമ്മൽ ഉണ്ടായിരുന്നു. അവളും അധികം ഒന്നും സംസാരിച്ചില്ല. നച്ചു ഞങ്ങളെ തമ്മിൽ സംസാരിപ്പിക്കാൻ നോക്കി… പക്ഷേ ചമ്മലും, കുറ്റബോധവും കാരണം എന്നെ കൊണ്ട് പറ്റിയില്ല. വെറുതെ അവരുടെ കൂടെ ഇരുന്നു കൊടുത്തു.

ലയ പറയുന്നത് കേട്ടു, ആലി ഇപ്പൊ കല്ല്യാണം കഴിഞ്ഞ, അല്പം പ്രായം ഉള്ള ഒരാളുടെ ഒപ്പം live in relationൽ ആണെന്ന്… കാര്യം പറഞ്ഞിട്ട് രണ്ടു പേരും എന്നെ നോക്കുന്നത് കണ്ടു… ആ നോട്ടം കണ്ട് ഒന്ന് പതറി എങ്കിലും, ആലോചിച്ചത് എന്നെ എന്തിനാ ഇങ്ങനെ നോക്കുന്നേ എന്നായിരുന്നു… ഞാൻ അല്ലല്ലോ, ആ കല്ല്യാണം കഴിഞ്ഞ മധ്യ വയസ്കൻ.

പിന്നീട് അവരുടെ മുൻപിൽ പെടാതെ ഒഴിഞ്ഞു മാറി നടന്നു.

അവസാനം ലയ ഇറങ്ങാറായപ്പോൾ, ഉള്ള ധൈര്യം ഒക്കെ സംഭരിച്ച്, അവളുടെ മുൻപിൽ ചെന്ന് നിന്നു…

“തൻ്റെ ഈ പാവം കൂട്ടുകാരിയെ ഞാൻ കുറെ വിഷമിപ്പിച്ചു എന്നറിയാം… അതിനുള്ള പരിഹാരം ആയി, തൻ്റെ കൂട്ടുകാരിയുടെ കാൽ കീഴിൽ വച്ചു കൊടുത്തിട്ടുണ്ട് ഈ ജീവിതം … അവളുടെ സന്തോഷത്തിനായ് മാത്രമേ ഇനി ഈ നച്ചികേത് എന്തും ചെയ്യൂ… അവളുടെ സന്തോഷത്തിന് ഈ ഫ്രണ്ട്ൻ്റെ മാപ്പും എനിക്ക് ആവശ്യം ആണ്… പൊറുക്കണം… ആലോചിക്കാതെ ചെയ്തു പോയ തെറ്റുകൾക്ക് എല്ലാം… പൊന്നു പോലെ കാത്തോളാം ഞാൻ ഈ പെണ്ണിനെ… വിശ്വസിക്കണം…”

മറുപടിയായി, കൂപ്പിയ എൻ്റെ കൈകളിൽ മുറുകെ ഒന്ന് പിടിച്ചു അവള് ചിരിച്ചു.

ഉറ്റ സുഹൃത്തും ഭർത്താവും ആയി പ്രശ്നങ്ങൾ തീർത്ത സന്തോഷത്തിൽ , ലയ പോയതും, ബാൽക്കണിയിൽ മഴ ആസ്വദിച്ചു, ഈസി ചെയറിൽ ഇരുന്ന എൻ്റെ മടിയിൽ ഓടി വന്നിരുന്നു, കഴുത്തിൽ കൈ ചുറ്റി കവിളിൽ ഉമ്മ വച്ചു.

സന്തോഷം നിറഞ്ഞ അവളുടെ മുഖത്തേക്ക് നോക്കി, ഒരു ചിരിയോടെ ഞാൻ ഇരുന്നു. അവളും മഴ ആസ്വദിച്ചു കൊണ്ട്, എൻ്റെ നെഞ്ചിലേക്ക് ചാഞ്ഞിരുന്നു, കാലുകൾ എൻ്റെ കാലിനൊപ്പം ടീപോയ്ലേക്ക് എടുത്തു വച്ചു എന്നെ അവളുടെ കസേര ആക്കി.

അവൾക്ക് ഇഷ്ടമുള്ള ഒരു പാട്ട് ഞാൻ മൂളി തുടങ്ങിയപ്പോൾ, ആം റസ്റ്റിൽ ഇരുന്ന എൻ്റെ കൈകളിൽ അവള് വിരലുകൾ കൊണ്ട് താളം പിടിച്ചു… പാട്ടു തീർന്നപ്പോൾ, അവള് എൻ്റെ രണ്ടു കൈകളും എടുത്ത് അവളെ വയറ്റിലേക്ക് വച്ചു. ടോപ്പിന് മുകളിലൂടെ അവളുടെ മൃദുലമായ വയറിനെ എൻ്റെ വിരലുകൾ അറിയുന്നുണ്ടായിരുന്നു… ഒന്ന് തൊടാൻ കൊതിച്ച മനസ്സിനെ അടക്കി നിർത്തി, ഞാൻ ഇപ്പൊ ശക്തിയായി പെയ്യുന്ന മഴയിലേക്ക് ശ്രദ്ധചെലുത്തി.

“ഏട്ടാ…” മെല്ലെ അവള് വിളിച്ചു.

“മ്മ്മ്മ്…”

“I need a kiss…” മഴയിലേക്ക് നോക്കി അവള് പറഞ്ഞു.

ഞാൻ എൻ്റെ ഒരു കൈ അവളുടെ വയറിൽ നിന്നെടുത്ത്, അവളുടെ മുഖം അല്പം ചരിച്ച്, അവളുടെ കവിളിൽ ചുണ്ട് ചേർത്തു… അവള് മുഖം എനിക്ക് നേരെ ചരിച്ച്, നെറ്റിയിൽ തൊട്ടു കാണിച്ചു… ഒരു ചിരിയോടെ ഞാൻ അവളുടെ നെറ്റിയിൽ ചുംബിച്ചു. പിന്നീട് മൂക്കിൻ തുമ്പിൽ തൊട്ട് കാണിച്ചപ്പോൾ അവിടെയും… ഇരു കവിളും അവള് തൊട്ട് കാണിച്ചതും, സന്തോഷത്തോടെ അവിടെയും കൊടുത്തു… പിന്നീടവൾ തൊട്ടത് അവളുടെ താടി തുമ്പിൽ ആണ്… മെല്ലെ അവിടെ ചുംബിക്കുമ്പോൾ എൻ്റെ മീശ അവളുടെ അധരങ്ങളെ തഴുകി ഇക്കിളി കൂട്ടി…

ഇനി എന്ത് എന്നറിയാൻ ഞാൻ അവളെ നോക്കി… ആ കണ്ണുകളില് എൻ്റെ തളച്ചിടാനുള്ള കാന്തിക ശക്തി ഉണ്ടായിരുന്നു.

അവള് തല എതിർ വശത്തേക്ക് ചരിച്ച്, അവളുടെ കഴുത്തില് തൊട്ടു കാണിച്ചു…

മനസ്സിൽ പേടി തോന്നി തുടങ്ങിയിരുന്നു. മനസ്സ് കൈ വിട്ടു പോവുമോ എന്നൊരു ഭയം… അത്രയും ആഗ്രഹിക്കുന്നുണ്ടവളെ…. ഒരു ചെറിയ തീപ്പൊരി മാത്രം മതി ആളിക്കത്താൻ… അവളെ ഒന്നു നോക്കി… എനിക്ക് എതിർ ദിശയിലേക്ക് തല ചരിച്ച്, കണ്ണടച്ച് കിടക്കുകയാണ്… ഏറിയ ശ്വാസഗതി യുടെ താളത്തിനോപ്പം, അവളുടേ നെഞ്ചും ഉയർന്നു താഴുന്നുണ്ടായിരുന്നു. ഒന്ന് ദീർഘമായി ശ്വാസം എടുത്ത്, അവളുടെ കഴുത്തിലേക്ക് ചുണ്ടടുപ്പിച്ചു. ചുണ്ടുകൾ അവളോട് അടുക്കുമ്പോൾ, അവളുടെ ശരീരത്തിലെ ചൂടു അറിഞ്ഞു തുടങ്ങിയതും, അറിയാതെ ഉമിനീരിറക്കി…

കണ്ണടച്ച്, മെല്ലെ അവളുടെ കഴുത്തിൽ ചുംബിച്ചു. ഒരു ചെറിയ ശീൽക്കാരത്തോടെ അവള് ഒന്ന് പിടഞ്ഞു. വയറിൽ വച്ചിരുന്ന എൻ്റെ കൈകളിൽ മുറുകെ പിടിച്ചു. അവളുടെ ശരീരം പ്രതികരിക്കുന്നത് അറിഞ്ഞു, അറിയാതെ വീണ്ടും അവിടെ ചുണ്ട് ചേർത്തു… അവളുടെ ശ്വാസഗതി ഏറുന്നത് കണ്ട് എൻ്റെ ഹൃദയം ഉച്ചത്തിൽ മിടിക്കാൻ തുടങ്ങിയിരുന്നു…

കഴുത്തിലൂടെ ഇഴഞ്ഞു നീങ്ങിയ എൻ്റെ ചുണ്ടുകൾ അവളുടെ ചെവി തട്ടിൽ മുട്ടിയതും,പല്ലുകൾ അവിടെ അമർന്നിരുന്നു… മൂളിക്കൊണ്ടു അവള് ഉയർന്നു പൊങ്ങി… അത് മതിയായിരുന്നു എന്നിലെ എല്ലാ കടിഞ്ഞാണുകളേയും പൊട്ടിച്ചെറിയാൻ… വയറിൽ ഒന്ന് അമർത്തി കൊണ്ട്, ടൊപ്പിന് ഇടയിലൂടെ വിരലുകൾ അവളുടെ അണിവയറിനെ തഴുകി… ഏറെ നാൾക്കു ശേഷം ഊർജ്ജം കിട്ടിയത് പോലെ കൈകളും ചുണ്ടും എല്ലാം അവളുടെ ശരീരത്തിൽ ഏറെ ആഗ്രഹിച്ച രുചിയും മണവും തേടി അലഞ്ഞു…

സ്വയം നിയന്ത്രിക്കാൻ ആവാതെ അവളെ എനിക്ക് നേരെ തിരിച്ചു, ആവേശത്തോടെ ആ അധരങ്ങളെ സ്വന്തമാക്കി… പരസ്പരം മത്സരിച്ച് ചുംബിച്ചു കൊണ്ട് തന്നെ ഞാൻ അവളെ എടുത്ത് ഞങ്ങളുടെ ബെഡ്റൂമിലേക്ക് നടന്നു … ബെഡ്ഢിലേക്ക് അവളെ കിടത്തുമ്പോഴും, ഞങ്ങൾ പരസ്പരം ചുംബിച്ചു കൊണ്ടിരിക്കുകയായിരുന്നു.

പുറത്ത് പെയ്യുന്ന മഴയെക്കാൾ ശക്തമായ പ്രണയ മഴയിൽ ഞങ്ങൾ ഇരുവരും നനഞ്ഞു… അടങ്ങാത്ത ആവേശം ആയിരുന്നു ഞങ്ങൾ ഇരുവർക്കും… അവളുടെ ഓരോ അണുവിലും എൻ്റെ ചുണ്ടുകൾ ചേരുമ്പോൾ ശരീരത്തിൽ ഉണ്ടാവുന്ന സുഖ സുഷുപ്തിയിൽ അവളുടെ നഖം എൻ്റെ ശരീരത്തിൽ അമർന്നു.

തളർന്നു എന്ന് തോന്നുമ്പോഴും അവളുടെ കൂമ്പി അടഞ്ഞ മിഴികളും, അവളുടെ ശരീരത്തിൽ പൊടിഞ്ഞ വിയർപ്പും… എന്തിന് അവളുടെ ശ്വാസഗതി പോലും ഉത്തേജനമായി മാറി, വീണ്ടും വീണ്ടും അവളിലേക്ക് ഞാൻ പടർന്നു കയറി…

ഒടുവിൽ മഴ പെയ്തു തോർന്ന, ആ കുളിരുള്ള രാത്രിയിൽ, ഒരു പുതപ്പിനുള്ളിൽ, പരസ്പരം ചൂട് പകർന്ന് കിടക്കുമ്പോൾ എനിക്ക് ഉറപ്പായിരുന്നു, ഇവളെക്കാൾ ഭ്രമിപ്പിക്കുന്നതായി ഈ ലോകത്ത് ഒന്നും ഇല്ലാ എന്ന്… ഇനി ഒന്നിനും ഭ്രമിപ്പിക്കാൻ ആവില്ല എന്ന്…

നാളുകൾ പിന്നെയും കടന്നു പോയിട്ടും ഞങ്ങളുടെ പ്രണയം കൂടിയതല്ലാതെ, കുറഞ്ഞില്ല…

ലയ വഴി അറിഞ്ഞു, ആലിയെ ഉപേക്ഷിച്ച് കൂടെ ഉണ്ടായിരുന്ന ആൾ വേറെ ഏതോ പെണ്ണിൻ്റെ കൂടെ പോയി എന്നു. അവളെ മറ്റൊരുത്തൻ്റെ കൂടെ ബെഡ്റൂമിൽ കണ്ട് അയാള് കളഞ്ഞിട്ട് പോയതാണെന്നും ആരോ പറഞ്ഞു കേട്ടു എന്നും അവള് അറിയിച്ചു. വീട്ടുകാരും, കാമുകന്മാരും ഉപേക്ഷിച്ച്, ജീവിക്കാൻ ഒരു വഴി ഇല്ലാതെ, അവള് ഏതോ ടെക്സ്റ്റൈൽ ഷോപ്പിൽ sales ഗേൾ ആയി നിൽക്കുന്നു പോലും.

അവളുടെ തകർച്ചയിൽ പക്ഷേ സന്തോഷിക്കാനോ, സഹതപിക്കാനോ ഞങ്ങൾക്ക് താൽപ്പര്യമോ സമയമോ ഇല്ലായിരുന്നു. കാരണം ഞങ്ങൾക്ക് ഇടയിലേക്ക് മൂന്നാമതൊരാളുടെ വരവറിയിച്ച് കൊണ്ടു, ടെസ്റ്റ് സ്ട്രിപ്പിൽ രണ്ടു പിങ്ക് വരകൾ സ്ഥാനം പിടിച്ചിരുന്നു.

അവളുടെ നിർബന്ധ പ്രകാരം എൻ്റെ അച്ഛനെയും അമ്മയെയും വിളിച്ചു കാര്യം പറഞ്ഞതും, പിണക്കം എല്ലാം മറന്ന് അഛനും അമ്മയും അടുത്ത ദിവസം തന്നെ ബാംഗ്ലൂർ എത്തി. എൻ്റെ പെണ്ണിനെ എനിക്കൊന്നു കാണാൻ കൂടെ തരാതെ, പിന്നെ അമ്മായച്ചനും അമ്മായമ്മയും കൂടെ പരിചരണം തുടങ്ങി. അവരെ വിളിച്ചറിയിക്കാൻ തോന്നിയ നിമിഷത്തെ പഴിച്ചുകൊണ്ട് ഇതൊക്കെ നോക്കി കാണാനേ എന്നെക്കൊണ്ട് ആയുള്ളൂ…പക്ഷേ അവളുടെ മുഖത്തെ സന്തോഷം… അതൊന്നു മാത്രം മതിയായിരുന്നു എൻ്റെ മുഖത്തും ഒരു പുഞ്ചിരി വിരിയാൻ… എന്നാലും ഈ സന്തോഷത്തിൻ്റെ ക്രെഡിറ്റ് അവരുമായി പങ്ക് വയ്ക്കേണ്ടി വരുന്നതിൻ്റെ ഇള്ളോളം കുഞ്ഞൊരു കുശുമ്പ് ഇല്ലാതില്ല…

ഓരോ ദിവസം ചെല്ലും തോറും സുന്ദരിയായ് വരുന്ന എൻ്റെ പെണ്ണിനോട് പ്രണയം മാത്രം അല്ല… ദിനംപ്രതി ബഹുമാനവും വാത്സല്യവും ഒക്കെ കൂടി വന്നു. വലിയ വയറും താങ്ങി, ശാരീരിക വിഷമതകൾ ഒക്കെ സഹിച്ചു, ഒരു നറു പുഞ്ചിരിയോടെ നടക്കുന്ന അവളെ കാണുമ്പോൾ ഇന്നും ഇടയ്ക്കു കുറ്റബോധം തല പൊക്കാറുണ്ട്… അതറിഞ്ഞെന്ന പോലെ എപ്പോഴും അവള് എന്നെ നോക്കി ഒന്ന് മനസ്സ് നിറഞ്ഞു ചിരിക്കും, ആരും അടുത്തില്ലെങ്കിൽ എന്നെ വന്നു കെട്ടിപ്പിടിച്ചു കവിളിൽ ചുണ്ട് ചേർക്കും.

അവൾക്ക് ലേബർ പെയ്ൻ വന്നപ്പോൾ അവളെക്കാൾ ബഹളം ഉണ്ടാക്കിയത് ഞാൻ ആയിരുന്നു. ഡെലിവറി ടൈമിൽ ലേബർ റൂമിൽ കയറാൻ സമ്മതിക്കുന്നത് കൊണ്ട് മാത്രം ആണ് ആ ഹോസ്പിറ്റലിൽ തന്നെ പോയത്… പക്ഷേ അവളുടെ കരച്ചിൽ കണ്ട് സഹിക്കാൻ ആയില്ല. Epidural കൊടുക്കാൻ വൈകുന്നതിന് ഞാൻ ബഹളം ഉണ്ടാക്കിയപ്പോൾ, ഇനി ഒച്ച വച്ചാൽ തൂക്കി ദൂരെ കളയും എന്ന് നഴ്സ് ഭീഷണി പെടുത്തി. അതിൽ പിന്നെ അനുസരണയോടെ അവൾക്കടുത് നിന്ന്, അവളെ എന്നെ കൊണ്ടാവുന്നതു പോലെ ഒക്കെ സമാധാനിപ്പിക്കാൻ നോക്കി… അവസാനം അവള് എന്നെ സമാധാനപ്പിക്കേണ്ട അവസ്ഥ വരും എന്നായപ്പൊ ഭാഗ്യത്തിന് anesthesiologist വന്നു. അത് കഴിഞ്ഞാണ് എനിക്കും അവൾക്കും അവിടെ ഉള്ള നഴ്സുമാർക്കും ഒക്കെ സമാധാനം ആയതു… പിന്നെ ഒരു സ്മൂത്ത് ജേർണി ആയിരുന്നു. അവസാനം എൻ്റെ കയ്യിലേക്ക് കുഞ്ഞിനെ വച്ചു തന്ന്, അവളെ എൻ്റെ നെഞ്ചോടു പിടിച്ചു തരുമ്പോൾ, ഞാൻ കരയുന്നത് കണ്ട്, ആ തളർച്ചയിലും അവള് ഒന്ന് പുഞ്ചിരിച്ചു…

✨✨✨✨✨✨✨✨✨✨✨✨✨✨✨✨

ആ പുഞ്ചിരി പിന്നെ അവൻ്റെ ജീവിതാവസാനം വരെ അവൻ കാത്തു സൂക്ഷിച്ചു. അവൾക്കായി ഒരുക്കിയ അവരുടേ കൊച്ചു സ്വർഗത്തിൽ അവനും, അവൻ്റെ നച്ചുവും, അവരുടെ നവമിയും…

ഈ ജന്മത്തിലെ കടങ്ങളും കടമകളും തീർത്ത്, ഒടുവിലൊരുനാൾ അവളുടെ ആത്മാവ് ദേഹം വെടിഞ്ഞപ്പോഴും, അവളെ ഒറ്റയ്ക്കാക്കുവാൻ ആഗ്രഹിക്കാതെ, അവളുടെ ദേഹം പൂർണ്ണമായും അഗ്നിക്ക് സ്വന്തമായി എന്നുറപ്പാക്കി, അവൾക്കായുള്ള അവസാന കർമ്മവും ചെയ്തു, അവൻ്റെ ആത്മാവ് യാത്രയായിരുന്നു… അവനായ് കാത്തു നിൽക്കുന്നവൾക്കടുത്തേക്ക്… നച്ചിയുടെ നച്ചുവിന് അടുത്തേക്ക്…

ഇനി തുടരില്ല…

നായകനും നായികയും തട്ടി പോയാ, പിന്നെ എങ്ങനെ തുടരും!!! 🤷🏼‍♀️

ഈ ക്ലൈമാക്സ് ഒരുപാട് പേർക്കും ഇഷ്ടപ്പെടില്ല എന്നറിയാം. പക്ഷേ എന്തോ ഇങ്ങനെ ആണ് എൻ്റെ മനസ്സിൽ വന്നത്. സോ അങ്ങനെ തന്നെ എഴുതി. അതിൻ്റെ meaning തെറ്റ് ചെയ്യുന്നവർക്ക് ലൈഫിൽ സെക്കൻഡ് ചാൻസ് കിട്ടണം എന്നോ, കിട്ടും എന്നോ ഒന്നും അല്ല. ഈ “കഥയുടെ” ending ഇങ്ങനെ ആയതു കഥ ആയതു കൊണ്ട് മാത്രം ആണ് എന്ന് വായനക്കാർ മനസിലാക്കും എന്ന് വിശ്വസിക്കുന്നു. ഞാൻ cliche ki ബച്ചി ആയതു കൊണ്ട് മാത്രം ഇങ്ങനെ ഒരു ക്ലൈമാക്സ് ഉണ്ടായി… ഇല്ലായിരുന്നുങ്കിൽ, നാച്ചി ക്ലീഞ്ഞോ പ്ലീഞ്ഞോ ആയേനെ…

Take away from the story –

ട്രസ്റ്റ് ആണ് മക്കളെ, റിലേഷൻഷിപ്പിൻ്റെ main…