The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന : ഗായത്രി സുരേന്ദ്രൻ
“കുഞ്ഞോളേ ഒരുങ്ങിക്കഴിഞ്ഞില്ല്യേ…. നോക്കൂ നടതുറക്കുമ്പഴേക്കും അങ്ങെത്തണംട്ടോ….
നീയ്യ് പോയി കണ്ണനേം വിളിച്ചിട്ടു വാ കേട്ടോ…..”
കുളിച്ച് നീലയിൽ കസവു കര ചാർത്തിയ സെറ്റും മുണ്ടും ഉടുത്ത് പത്മിനിയമ്മ മുറ്റത്തേക്കിറങ്ങി.
മുറ്റത്തിന്റെ ഒത്ത നടുക്കു ഇഷ്ടികക്കല്ലു വച്ചു കെട്ടിയ തുളസിത്തറയിൽ തളിർത്തു നിൽക്കുന്ന ഒരു കൃഷ്ണതുളസിയിൽ നിന്നും ഒരു തുളസിക്കതിരു പൊട്ടിച്ചെടുത്തു ഈറൻ മുടിക്കെട്ടിൽ തിരുകി….
പടിഞ്ഞാറ്റവാതിൽ തുറന്നു മിഴി പുറത്തിറങ്ങി…..
പച്ചയും വയലറ്റും ഇടകലർന്ന പട്ടു പാവാടയിൽ അവളൊരു പൂത്തുമ്പിയെപ്പോലെ ശോഭിച്ചു…
ഈറൻ മുടി പിന്നിയിട്ടു നെറ്റിയിലൊരു ചന്ദനക്കുറിയുമണിഞ്ഞ് അവളുടെ ചമയങ്ങൾ കഴിഞ്ഞു…..
അമ്മായി പറഞ്ഞതനുസരിച്ച് അവൾ മാധവിന്റെ മുറി ലക്ഷ്യം വച്ചു നടന്നു…..പെട്ടന്നാരോ അവളുടെ നീണ്ടു ചുരുണ്ട തലമുടിയിൽ പിടിച്ചു ശക്തിയിൽ വലിച്ചു….”ആഹ്….. ന്റെ മുടീലാരാ പിടിച്ചേക്കണേ…. ഒന്നു വിടൂ…… എനിക്കു നോവുന്നൂ ….”അവൾക്ക് മുടിയിലെ പിടുത്തം മുറുകുന്തോറും വേദന കൂടിക്കൂടി വന്നു…..
കണ്ണുകളിൽ നിന്നും നീർത്തുള്ളികൾ ഒഴുകി…..
“ഡീ, നിന്നോടൊരു നൂറു വട്ടം പറഞ്ഞതല്ലേ എന്നേം നോക്കി എന്റെ മുറീലോട്ടു വന്നേക്കരുതെന്ന്?
അതേയ് എനിക്കറിയാം താഴത്തേയ്ക്ക് വരണംന്നുള്ളത്… തമ്പുരാട്ടീടെ ചമയക്കം കഴിഞ്ഞാൽ നേരേ അങ്ങ് പോയ്ക്കോളണം…
മേലാലിങ്ങനെ വന്നേക്കരുത്…. പോടീ..”
മാധവ് അവളുടെ മുടിയിലെ പിടുത്തം മെല്ലെ അയച്ചു അവളെ സ്വതന്ത്രയാക്കി….മഷിയെഴുതിയില്ലെങ്കിലും നീലക്കറുപ്പാർന്ന കണ്ണുകളിൽ ദേഷ്യവും സങ്കടവും ഊതി വീർപ്പിച്ച് അവളവനെ നോക്കി…..”ഓ എന്റെ അമ്മേ ഭദ്രകാളീടെ കൂട്ടാ ഈ പെണ്ണ്….
ദേ കണ്ണുരുട്ടി എന്നെ പേടിപ്പിക്കാൻ നോക്കാ നീയ്യ്?!
ദേ അധികം എന്നെ നോക്കി കണ്ണുരുട്ടിയാലേ നിന്റെ ഉണ്ടക്കണ്ണു ഞാൻ കുത്തിപ്പൊട്ടിക്കും നോക്കിക്കോടീ…….”അതു കേട്ടതും മുഖം വീണ്ടുമൊന്ന് ഊതിപെരുപ്പിച്ചു കൊണ്ട് അവൾ താഴേക്കു പോയീ……”എന്തിനാവോ എന്നോടിങ്ങനെ?!!!
ഞാനെന്തോ പാതകം ചെയ്ത കണക്കാണിപ്പോ…
കണ്ണിന്റെ മുന്നിലു ഞാൻ വരാൻ പാടില്ല്യാ….
ഇത്രയ്ക്കും ദേഷ്യം ആരാണേലും നന്നല്ലാ ..
വച്ചിട്ടുണ്ട് ഞാൻ…. എത്രടം വരെ പോവുംന്ന് നോക്കട്ടെ….”തനിയെ പിറുപിറുത്തുകൊണ്ട് അവൾ കോണിപ്പടികളിറങ്ങി….”എന്തേ കുട്ട്യേ , അവനൊരുങ്ങീല്ലേ…എന്തേ വരാത്തേ?”എനിക്കെങ്ങും വയ്യാ ഇനി കുഞ്ഞേട്ടനെ വിളിക്കാൻ… ഇപ്പോത്തന്നെ ഞാൻ വിളിക്കാൻ പോയപ്പോ ദേ ന്റെ മുടീൽ പിടിച്ചു വേദനിപ്പിച്ചു….
അങ്ങട്ടു വിളിക്കാൻ ചെല്ലണ്ടാന്നും പറഞ്ഞു…
യ്ക്ക് വയ്യാ…. വരുമായിരിക്കും”പറഞ്ഞു തീർന്നില്ലാ ആളെത്തി….കസവുകര മുണ്ടും ചന്ദന നിറം പിടിപ്പിച്ച നീളൻ ഷർട്ടും കാണാനൊരാച്ചന്തം!!!!
അവളുടെ മനസ്സു കുറുമ്പു കാണിച്ചു തുടങ്ങി….
എന്നെ ഇത്രേം വേദനിപ്പിച്ചിട്ട് ഒന്നുമറിയാത്ത പാവം പോലെ വന്നു നിൽക്കഞ കണ്ടില്ലേ കണ്ണാ…….
അങ്ങനെ ഇപ്പോ വെറുതേ വിട്ടാ ശരിയാവില്ലാലോ….ഇപ്പോ എടുത്തു ചാടി ഒന്നും ചെയ്യണ്ടാ… പതിയെ തക്കം പാർത്ത് കടുവയ്ക്ക് കണക്കിനു കൊടുക്കണം……പത്മിനിയമ്മയ്ക്കു മുന്നിൽ മാധവും പിന്നിൽ മിഴിയും നടന്നു തുടങ്ങി…..വീട്ടുപടികളോരോന്നായിറങ്ങി വയലിനു നടുക്കായൊരുക്കിയ വഴിയിലൂടെ അവർ നടന്നു…….കൊയ്ത്തിനു പാകം വന്ന നെൽപ്പാടം കനകനിറത്തിൽ ഉച്ചവെയിലേറ്റു തിളങ്ങിനിന്നു……. നെൽക്കതിരുകൾ ഇരു വശത്തേക്കും ചാഞ്ഞു നിന്ന വഴിയിൽ ഇളം തണുപ്പും ഉണ്ടായിരുന്നു….. നെല്ലിന്റെ മണമുള്ള കാറ്റ്……
മാധവ് നാസികകൾ തുറന്നു പിടിച്ചു ആ ഗന്ധം ആവതു മനസ്സിലേക്കും ശരീരത്തിലേക്കും ആവാഹിച്ചു….എത്ര നാൾ കൂടിയാണീ ഗന്ധം ആസ്വദിക്കാൻ കഴിഞ്ഞത്…… ഔഷധം തന്നെയാണീ നറുമണം…… ഒരുകണക്കിന് മിഴിപ്പെണ്ണു ഭാഗ്യവതിയാണ്….. നാട്ടിൻ പുറത്തിന്റെ നന്മകൾ അവളിൽ ആവോളം നിറഞ്ഞിരിക്കുന്നു……പക്ഷേ അവൾ തനിക്ക്…….അവന്റെ ചിന്തകൾ പാതിവഴിയിൽ മുറിഞ്ഞു…..വയൽവരമ്പു പിന്നിട്ട് അവർ റോഡരികിലേക്കു കയറി….
തൊട്ടടുത്ത് ചെറിയൊരു ബസ്സ്സ്റ്റോപ്പ്….. പത്തു പതിനഞ്ചു മിനിട്ടുകൾക്കകം ഗുരുവായൂർക്കുള്ള ബസ്സ് വന്നു……അരമണിക്കൂർ യാത്ര മതി ഗുരുവായൂർക്ക് അമ്മായിക്കൊപ്പം എപ്പോഴും വരാറുള്ളതാ കണ്ണന്റെ അടുത്ത്…… കണ്ണനെ കാണാൻ…എന്നാൽ എന്റെ കണ്ണൻ എന്റെ ചാരെ ഉണ്ടായിരുന്നിട്ടും എന്തേ എന്നെയൊന്നു കാണുന്നില്ലാ…ഒരോന്നാലോചിച്ച് സമയം പോയതറിഞ്ഞില്ല… മൂവരും കിഴക്കേനടയിലേക്കു നടന്നു….”കുഞ്ഞോളേ കണ്ണനെക്കാണാൻ പോവ്വല്ലേ….. പെൺകുട്ട്യോളു കുളിച്ചൊരുങ്ങി മുല്ലമാല ചൂടീട്ടു വേണം തൊഴാൻ….. മുല്ലമാല വേണ്ടേ”
അമ്മായി ചോദിച്ചു….വേണമെന്ന ഭാവത്തിൽ മിഴി തലയാട്ടി….”കണ്ണാ, മൂന്നാലു മുഴം മുല്ലമാല മേടിച്ചു വരൂ….”അമ്മായി പറഞ്ഞതു കേട്ടു മനസ്സില്ലാമനസ്സോടെയാണെങ്കിലും കണ്ണേട്ടൻ പൂവ് മേടിച്ചു കൊണ്ടു വന്നു….കൈയിൽ തരാൻ നോക്കിയപ്പോൾ മിഴി പതിയെ തിരിഞ്ഞു നിന്നു അമ്മായി അടുത്തുള്ളതു കൊണ്ടാവണം മറുത്തൊന്നും പറയാതെ ആൾ പൂവു തലയിൽ ചൂടിത്തന്നു…..ഒരുപാട് സന്തോഷം തോന്നി അവൾക്ക്…..സ്വയമേവയല്ലെങ്കിൽ പോലും ആ കൈകൾ കൊണ്ടു പൂവു ചൂടിത്തന്നത് അവളിലൊത്തിരി സന്തോഷം നിറച്ചു….നടതുറന്ന നേരം കണ്ണനെക്കണ്ടു തൊഴുതു…….മിഴിയുടെ മനസ്സു നിറയെ അവളുടെ കണ്ണനെ അവൾക്കു തരാനുള്ള അപേക്ഷ മാത്രമായിരുന്നു……
എന്നാൽ മാധവിന്റെ മനസ്സിൽ ഒരായിരം ആത്മസംഘർഷങ്ങളായിരുന്നു…….മിഴിയുടെ നിഷ്കളങ്കമായ സ്നേഹവും സാമീപ്യവും അവനിൽ ഹൃദയഭാരം നൽകി…..അവളുടെ സ്നേഹത്തെ അവൻ വ്യസനപൂർവ്വം കണ്ടില്ലെന്നു നടിക്കാൻ ശ്രമിച്ചു…..ദേ കുട്ട്യോളേ നിങ്ങളു വെക്കം വീട്ടിലേക്കു നടന്നോളൂ….എനിക്കാ ശാരദേടത്തീടവിടൊന്നു കേറണം..ഇന്ന് തൊഴാൻ പോവ്വാണെന്നു പറഞ്ഞപ്പോ ഒരു വഴിപാട് കഴിപ്പിക്കാൻ പറഞ്ഞിരുന്നു….ഞാനത് അവടെ കൊടുത്തിട്ടു ഇത്തിരി അവടെ ഇരുന്നിട്ടും പോന്നോളാം….. നിങ്ങളു നടന്നോളൂട്ടോ….”
തൊഴുതു കഴിഞ്ഞു തിരിച്ചു വീട്ടിലേക്കു ബസ്സ് ഇറങ്ങി പാടത്തൂടെ നടക്കാനിറങ്ങവേയായിരുന്നു അമ്മായിയതു പറഞ്ഞത്….”അമ്മേ ഇവളെക്കൂടെ തുണ കൂട്ടണില്ലേ?”കുഞ്ഞേട്ടനാണത് ചോദിച്ചത്….. തന്നെ എളുപ്പം ഒഴിവാക്കി അമ്മായീടൊപ്പം വിടാനാണ്….. അങ്ങനെ ഇപ്പം പോവാൻ മിഴിക്കു മനസ്സില്ല….അതുമനസ്സിലാക്കിയെന്നോണം അമ്മായി ഒറ്റയ്ക്ക് പോവട്ടെ എന്നും പറഞ്ഞു പാടത്തിനെതിർവശം ലക്ഷ്യമാക്കി നടന്നുനീങ്ങി…….അമ്മ പോകുന്നത് നോക്കി മാധവ് അൽപസമയം നിന്നു…. നേരം കുങ്കുമച്ചുവപ്പണിഞ്ഞു തുടങ്ങിയിരിക്കുന്നു…..പാടത്തിനറ്റത്തു സൂര്യൻ യാത്രയാവാനൊരുങ്ങി നിന്നു….. കൂടണയാനുള്ള കിളികളുടെ തിടുക്കം…… തണുപ്പു പരന്ന മൺവഴി….. ശാന്തമായ അന്തരീക്ഷം…..
എല്ലാം കൊണ്ടും ഒരു ഛായാചിത്രം പോലെ തോന്നിച്ചു മാധവിന്…….ചിന്തകൾക്ക് കടിഞ്ഞാണിട്ടുകൊണ്ട് മിഴിയുടെ സ്വരം അവന്റെ കാതിലെത്തി……..”അതേയ് , മാനം നോക്കി അമ്മായി വരും വരേം ഇവിടിങ്ങനെ ഇരിക്കാനാ മാഷ്ടെ പരിപാടി???!!!!പോണില്ല്യേ?””എനിക്ക് വീട്ടിൽ പോവാൻ തന്നെ അറിയാം….. നീയിപ്പോ വാദ്ധ്യാരമ്മ ചമയണ്ട…. കേട്ടോടീ പെണ്ണേ ……”
കടുപ്പിച്ചു പറഞ്ഞു തീർത്ത് വയലോരം ചേർന്നവൻ ധൃതിയിൽ നടന്നു…..തന്റൊപ്പം ഓടിയെത്താൻ ഇത്തിരി പാടുപെടുന്നുണ്ട് പെണ്ണ്……ആ, ഇത്തിരി ഒന്ന് ഓടി വിയർക്കട്ടെ…..അവന്റെ നടത്തം കുറച്ചു കൂടി അവൻ വേഗത്തിലാക്കി……കുറച്ചു ദൂരം പിന്നിട്ടു കാണും പിന്നിൽ നിന്നൊരു നിലവിളിയായിരുന്നൂ കേട്ടത്…..”കുഞ്ഞേട്ടാ ” എന്നു വിളിച്ചു പാടത്ത്ത്തേക്കു വീണു കിടക്കുന്നു മിഴി…..അവളാകെ പേടിച്ച മട്ടുണ്ട്….. മാൻപേട മിഴികൾ നിറയെ പരിഭ്രമം…..അവളുടെ നിസ്സഹായതയും ഭയവും കണ്ട് അവനും മനസ്സു നൊന്തു…..
മാധവ് ഓടിയടുത്തേക്കു ചെന്നു പരിഭ്രമം ഉള്ളിലൊളിപ്പിച്ച് പതിയെ മിഴിയെ താങ്ങിയെടുത്തു…… പതുക്കെ പാടവരമ്പത്തേയ്ക്കു ചേർത്തു നിർത്തി….. പിടി വിട്ടപ്പോൾ വേച്ചു പോയീ പെണ്ണ്…… കാലോ മറ്റോ ഉളുക്കിക്കാണും…..ദേഷ്യം മാറ്റിവച്ച് അവൻ പതുക്കെ അവളെ താങ്ങിയെടുത്തു….. ഒരുമിച്ചു വീട്ടിലേക്ക് നടന്നു തുടങ്ങി……എന്തിനാ പെണ്ണേ പാടത്തോട്ടു ചക്ക വീഴും പോലെ വീണതെന്നു ചോദിക്കാൻ തുനിഞ്ഞപ്പോഴായിരുന്നു പിറകിൽ നിന്നും ഒരു വിളി കേട്ടത്…….
……തുടരും…………..
ആദ്യ ഭാഗത്തെ ഹൃദയം നിറഞ്ഞു സ്വീകരിച്ചതിന് ഒത്തിരി നന്ദി😊
സ്നേഹപൂർവ്വം ഗായത്രി