26/05/2026

പാർവ്വതി പരിണയം : ഭാഗം 47

രചന – മഴ

“ദേവേട്ടാ.. എന്റെ അടുത്തു വന്നിരിക്കുവോ…?” രാത്രി വൈകി ഫോണിൽകൂടി പാറുവിന്റെ ശബ്ദം കേട്ടതും പരിഭ്രമത്തോടെ അവൻ അവളുടെ റൂമിലേക്ക് പോയി. വാതിലിൽ തട്ടിയതും അച്ചു വന്ന് വാതിൽ തുറന്നു. “എന്തുപറ്റി..?” അവൻ ചോദിച്ചു. ” ഒന്നുറങ്ങി വന്നപ്പോഴേക്കും ന്തോ സ്വപ്നം കണ്ടു പേടിച്ചു.. ഇപ്പോ ഉറങ്ങാൻ പറ്റുന്നില്ലന്ന്… ” അച്ചു പറഞ്ഞതും അകത്തേക്ക് കയറി ബെഡിൽ കൂനിക്കൂടി ഇരിക്കുന്ന അവളുടെ അരികിലേക്ക് അവൻ ഇരുന്നു. “ഞാനൊന്ന് ഉറങ്ങുന്നവരെ ഇവിടെ ഇരിക്കുവോ..?” ചിലമ്പിച്ച അവളുടെ ശബ്ദം കേട്ടതും അവന്റെ ഉള്ള നീറി. അവൻ അച്ചുവിനെ ഒന്ന് നോക്കി. “മഹി ഏട്ടൻ ഇവിടെ ഇരുന്നോ.. ഞാൻ അപ്പുറത്ത് പ്രിയ ചേച്ചിയുടെ റൂമിൽ കിടന്നോളാം.. അല്ലെങ്കിൽ ഇവൾ ഉറങ്ങില്ല…” മഹി അവൾക്ക് വരണ്ട പുഞ്ചിരി നൽകി.

അവൾ അവനും ഒരു പുഞ്ചിരി സമ്മാനിച്ച അപ്പുറത്തേക്ക് പോയി. ദേവന്റെ മടിയിൽ തല വെച്ച് പാറു കിടന്നു. അവൻ അവളുടെ നെറുകയിൽ തലോടിക്കൊണ്ടിരുന്നു. അവൾ മുഖമുയർത്തി നോക്കിയപ്പോൾ ദേവന്റെ മനസ്സ് ഇവിടെയെങ്ങും അല്ല എന്ന് അവൾക്ക് തോന്നി. അവന്റെ നനവ് പടർന്ന കണ്ണുകൾ കണ്ടു അവൾ ചാടി എഴുന്നേറ്റു കൈകുമ്പിളിൽ അവന്റെ മുഖം കോരിയെടുത്തു. ” എന്തേ..? ” “ഒന്നുമില്ലെടാ നീ കിടന്നോ..” “എന്തോ സങ്കടം ഉള്ളതുപോലെ…..” “ഒന്നുല്ല വെറുതെ ഓരോന്ന് ആലോചിച്ച് പോയതാ..” അവൻ അതും പറഞ്ഞ് അവളെ ചേർത്തു പിടിച്ചു.

രണ്ടുദിവസം കഴിഞ്ഞ് കുട്ടനും ദേവനും പോകാനൊരുങ്ങി. ദുബായിലേക്ക് പോകുന്നില്ലെന്നും ശഠിച്ച പ്രിയയെ എല്ലാവരും നിർബന്ധിച്ച് പറഞ്ഞുവിട്ടിരുന്നു. കുട്ടനാണ് അവളെ എയർപോർട്ടിൽ കൊണ്ടാക്കിയത്. പോകാൻ തയ്യാറായി വന്ന ദേവൻ പാറുവിന്റെ മുറിയുടെ വാതിലിൽ വന്നു കൊട്ടി . ചാരിയിട്ടിരുന്ന വാതിൽ തുറന്ന് അവൾ അവനെ കൂർപ്പിച്ചു നോക്കി. “എന്തേ….?” അവൻ ഒരു പുരികമുയർത്തി ചോദിച്ചു. “മഹി ഏട്ടൻ ഒക്കെ ഇറങ്ങാറായോ..? അച്ചു അവന് അരികിലേക്ക് വന്നു കൊണ്ട് ചോദിച്ചു. “ദാ.. ഇറങ്ങുകയായി…” അവൻ അവളെ നോക്കി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു. “എന്നാൽ ഞാൻ കട്ടുറുമ്പ് ആകുന്നില്ല.. യാത്ര പറഞ്ഞ് താഴേക്ക് വന്നേക്ക് ഞാൻ അവിടെ കാണും…” അതും പറഞ്ഞുകൊണ്ട് അവൾ ഓടാൻ തുടങ്ങിയതും മഹി അവളുടെ കയ്യിൽ പിടിച്ചു നിർത്തി.

“ഞങ്ങൾ വരുന്നത് വരെ അവിടെയുമിവിടെയും ഒന്നും കറങ്ങാൻ പോയേക്കരുത്.. പാതിരാത്രി വണ്ടിയെടുത്ത് കാറ്റുകൊള്ളാൻ പോയി എന്നെങ്ങാനും ഞാൻ അറിഞ്ഞാൽ നിനക്ക് ആയിരിക്കും ഞാൻ ആദ്യം തരിക….” അവളുടെ തലയിൽ ചെറുതായി കൊട്ടികൊണ്ട് മഹി പറഞ്ഞതും അച്ചു ദയനീയമായി പാറുവിനെ നോക്കി. അവൾ അച്ചുവിനെ നോക്കി ഇളിച്ചു കാട്ടി. അവളെ ഒന്ന് കൂർപ്പിച്ചു നോക്കി മഹിയെ നോക്കി ചിരിച്ചു കൊണ്ട് അച്ചു താഴേക്ക് ഓടിപ്പോയി. മഹി ചിരിയോടെ അവളെ നോക്കിയശേഷം പാറുവിനെ നോക്കിയതും അവൾ വീണ്ടും മുഖം വീർപ്പിച്ചു ഇരുന്നു. ദേവൻ കള്ളച്ചിരിയോടെ മീശയും പിരിച്ചു കൊണ്ട് അവൾക്ക് അരികിലേക്ക് ചെന്ന് ഇടുപ്പിലൂടെ കയ്യിട്ടു ചേർത്തുനിർത്തി.

” എന്താടി ഉണ്ടക്കണ്ണി…? ” “കുറച്ചായി ശ്രദ്ധിക്കുന്നു.. എന്താണ് പതിവില്ലാതെ റൂമിലേക്ക് വരുമ്പോൾ ഒരു തട്ടലും അനുവാദം കാക്കയും ഒക്കെ..?” “അത് അച്ചു ഉള്ളതുകൊണ്ടല്ലേ.. നീ തനിച്ച് ആണെങ്കിൽ അതിന്റെ ആവശ്യമില്ലല്ലോ…?” “ഓഹോ… അങ്ങനെയാണോ…?” “ആഹ്.. അങ്ങനെയാ.. പിന്നെ ഞങ്ങൾ വരുന്നവരെ എവിടെയും പോകണ്ട. പ്രത്യേകിച്ച് ഒറ്റയ്ക്കു…” ഗൗരവത്തോടെ ദേവൻ പറഞ്ഞു. “അപ്പോൾ ഇനിയും…?” പാറുവിന്റെ വാക്കുകളിൽ ഭയം നിഴലിച്ചിരുന്നു “ഉണ്ടായേക്കാം… എന്തുവന്നാലും ഭയപ്പെടരുത്…” അവൾ അവനെ ഇറുകെ പുണർന്നു. “ഒന്നും സംഭവിക്കില്ല.. ഞാനില്ലേ കൂടെ…” അവളുടെ നെറുകയിൽ ചുംബിച്ചു കൊണ്ട് അവൻ പറഞ്ഞു.

നിർത്താതെയുള്ള കോളിംഗ് ബെൽ കേട്ട് ദേവി ചെന്ന് കതക് തുറന്നതും ഭ്രാന്ത് പിടിച്ചത് പോലെ അക്കു അകത്തേക്ക് പാഞ്ഞു. ലാപ്ടോപ്പ് ബാഗ് എടുത്ത് സോഫയിലേക്ക് എറിഞ്ഞു ഇരുകൈകളും തലയ്ക്ക് താങ്ങി ഇരുന്നു. ഒട്ടു ഒരു നിമിഷത്തെ പകപ്പ് മാറിയതും ദേവി അവനു അരികിലായി വന്നിരുന്നു. “എന്തുപറ്റി അക്കു ഏട്ടാ…?” “ഒന്നുമില്ല നീ പോയി എനിക്ക് കുടിക്കാൻ എന്തെങ്കിലും എടുക്ക്…” അരിശത്തോടെ അവൻ പറഞ്ഞു. അവൾ ഒന്നും മിണ്ടാതെ അടുക്കളയിലേക്ക് പോയി. ജോലിയിൽ എന്തെങ്കിലും ടെൻഷൻ ഉണ്ടാകുമ്പോൾ ഇതുപോലെയാണ്. അതൊന്നു സോൾവ് ആകുന്നതുവരെ ഇങ്ങനെ ഭ്രാന്ത് പിടിച്ച് നടക്കുന്നത് പതിവായതുകൊണ്ട് അവൾ അത്ര കാര്യമാക്കാൻ ഒന്നും പോയില്ല. അക്കു എഴുന്നേറ്റ് റൂമിലേക്ക് പോയി.

അപ്പോഴേക്കും ദേവി ചായയുമായി വന്നിരുന്നു. ” നീ അത് അവിടെ വെച്ചേക്ക്.. ഞാൻ ഒന്നു കുളിച്ചിട്ട് വരാം.. ” അവൾക്ക് മുഖം നൽകാതെ അവൻ ടൗവലും എടുത്ത് ബാത്റൂമിലേക്ക് കയറി. ഏറെനേരം ഷവെറിനു അടിയിൽ നിന്നിട്ടും അവന്റെ ഉള്ളിലെ കനലിനെ തണുപ്പിക്കാൻ ആയില്ല. പുറത്തിറങ്ങി വന്നു ഫോണെടുത്ത് ഒരു നമ്പർ ഡയൽ ചെയ്തു. മറുപുറം കണക്ട് ആയതു മക്കു സംസാരിച്ചുതുടങ്ങി. “കാര്യങ്ങളൊക്കെ കൈവിട്ടു പോവുകയാണ് സച്ചിൻ.. ഇനിയും വൈകിക്കൂടാ.. മഹാദേവന് മുന്നിൽ പ്രത്യക്ഷപ്പെടാൻ സമയമായി.. ” അത്രയും പറഞ്ഞ് അവൻ ഫോൺ കട്ട് ചെയ്തു. ഒരു ചുവരിനപ്പുറത്ത് അവന്റെ വാക്കുകൾ കേട്ടതും ദേവിയുടെ ഉള്ളിൽ പെരുമ്പറ മുഴങ്ങി കേട്ടു.

മഹാദേവൻ എന്ന പേര് മാത്രം വീണ്ടും വീണ്ടും മുഴങ്ങി കേട്ടു. 🌻🌻🌻🌻 പതിവുപോലെ രാത്രി ഭക്ഷണ ശേഷം മീരക്കൊപ്പം കുറച്ചു സമയം ചിലവഴിച്ച ശേഷം അവളും അച്ചുവും റൂമിലേക്ക് വരികയായിരുന്നു. പെട്ടെന്ന് കറണ്ട് പോയി. എമർജൻസി ലാംപ് എടുത്തിട്ട് വരാം എന്നു പറഞ്ഞ് അച്ചു തിരികെ പോയി. പാറു പതിയെ തപ്പിത്തടഞ്ഞ് റൂമിലേക്ക് വന്ന് ബെഡിൽ ഇരുന്നു. പെട്ടെന്ന് ആരുടെയോ കാൽപ്പെരുമാറ്റം റൂമിൽ ഉള്ളതായി അവൾക്ക് തോന്നി ചാടിയെഴുന്നേറ്റപ്പോഴേക്കും കറണ്ട് വന്നു. അവൾ ചുറ്റും കണ്ണോടിച്ചു. അലമാരയുടെ സൈഡിൽ നിന്നും മുഖംമൂടി ധരിച്ച ഒരാൾ വാളുമായി അവൾക്കരിലേക്ക് പാഞ്ഞടുത്തു. ഒരു നിമിഷം അവൾ തറഞ്ഞു നിന്നു. അയാൾ ബെഡിന് മുകളിലൂടെ മലക്കം മറിഞ്ഞ് അവൾക്കുനേരെ വാൾ വീശിയതും അവൾ നിലവിളിച്ചുകൊണ്ട് പുറത്തേക്ക് ഓടി.

വാളിന്റെ തുമ്പ് അവളുടെ ഇടംകയ്യിൽ ചുവന്ന വര തീർത്തുകൊണ്ട് മാറിപ്പോയി പാറുവിന്റെ നിലവിളികേട്ട് ജോഷിയും മധുവും അച്ചുവും ഓടിയെത്തി. മുറിവിൽ പൊത്തിപ്പിടിച്ചു കൊണ്ട് ഓടി വന്നവൾ ജോഷിയുടെ നെഞ്ചിലേക്ക് വീണു റൂമിലേക്ക് കൈകാണിച്ചു. അവളെ പിടിച്ച് മധുവിന് അരികിലേക്ക് നിർത്തി അവൻ റൂമിലേക്ക് ഓടി. പതിവില്ലാതെ കറണ്ട് പോയപ്പോൾ ജോഷിയുടെ ഉള്ളിൽ അപകടം മണത്തു. അവൻ വേഗം ചെന്ന് അവിയോട് മെയിൻ സ്വിച്ച് നോക്കാൻ ആവശ്യപ്പെട്ടു. മെയിൻ സ്വിച്ച് ഓഫ് ആണെന്ന് അവി വിളിച്ചു പറഞ്ഞതും പാറുവിന്റെ റൂമിലേക്ക് ഓടുകയായിരുന്നു. പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു. നെഞ്ചിലേക്ക് വന്ന് വീണ അവളെ മധു അങ്കിളിന്റെ അരികിൽ നിർത്തി റൂമിൽ ചെന്നപ്പോൾ ആരുമുണ്ടായിരുന്നില്ല.

തിരികെ വരാന്തയിൽ ഇറങ്ങിയപ്പോൾ കണ്ടു മതിൽ ചാടി പോകുന്ന ഒരു രൂപത്തെ.. ഹാളിൽ എല്ലാവരും ഒരുമിച്ച് ഇരിക്കുകയാണ്. പാറു നന്നായി ഭയന്നിട്ട് ഉണ്ട്. ജോഷി കുട്ടനെയും മഹിയെയും വിളിച്ച് സംഭവം പറഞ്ഞു.മഹി അപ്പോൾ തന്നെ പുറപ്പെടുകയും ചെയ്തു. കുട്ടൻ തിരുവനന്തപുരത്തായിരുന്നു കമ്പനിയിലെ ചില അത്യാവശ്യം വർക്കുകൾ തീർത്തു വേഗം എത്താമെന്നും അറിയിച്ചു. ജോഷിയും അവിയും അടുത്തുള്ള ക്ലിനിക്കിൽ കൊണ്ടുപോയി അവളുടെ മുറിവ് ഡ്രസ്സ് ചെയ്യിച്ചു. എല്ലാവരും ആകെ ഭയന്ന് ഇരിക്കുകയാണ്. മധു പോലീസിൽ വിവരമറിയിച്ചു അവർ ഉടൻ വരികയും ചെയ്തു. കള്ളനാണെന്ന് അനുമാനത്തിൽ ആയിരുന്നു ജോഷിയും പാറുവും അച്ചുവും അവിയും ഒഴികെയുള്ളവർ. അവിടെയൊക്കെ പരിശോധിച്ച ശേഷം പരാതി എഴുതി വാങ്ങി അവർ പോയി.

രാത്രി ഒരുമണിയോടെ അടുത്ത് ദേവനും എത്തി. അപ്പോഴേക്കും പാറു അമ്മയോടൊപ്പം പോയി കിടന്നിരുന്നു. ജോഷിയും മഹിയും മധുവിനോടും മുത്തശ്ശനോടും കാര്യങ്ങളൊക്കെ സൂചിപ്പിച്ചു. മധു ചിലരെ വിളിച്ച് പരിസരം വീക്ഷിക്കാനും ആളെ ഏർപ്പാട് ചെയ്തു. പിറ്റേന്ന് ദേവന്റെ മുഖം കണ്ടു കൊണ്ടാണ് പാറു ഉണർന്നത്. “എപ്പോ വന്നു…?” ഉറക്കച്ചടവോടെ അവൾ ചോദിച്ചു. “ഇന്നലെ രാത്രി..” “ഞാൻ വന്നപ്പോൾ നല്ല ഉറക്കമായിരുന്നു അതാ വിളിക്കാഞ്ഞത്..” അവൻ അവളുടെ കൈയിലെ മുറിവിൽ തലോടിക്കൊണ്ട് പറഞ്ഞു. “വേദനയുണ്ടോ ഇപ്പൊ…?” “ങ്‌ഹും….” അവൾ അവനെ നോക്കി ചിരിച്ചുകൊണ്ട് ഇനി ചുമതലകളും കുലുക്കി.

“ഞാൻ ഇപ്പോൾ ഇറങ്ങും..” “ഇത്ര പെട്ടെന്നോ…?” അവൾ എഴുന്നേറ്റിരുന്നു കൊണ്ട് ചോദിച്ചു. “പോകണം.. ചടങ്ങിന് ഇനി നാലഞ്ചു ദിവസം കൂടിയല്ലേ ഉള്ളൂ അന്ന് എത്താം ഞങ്ങൾ..” അവളുടെ മുഖം വാടിയപ്പോൾ ചേർത്തുപിടിച്ച് ഒരു ചുംബനം നൽകി. അവൾ അവന്റെ നെഞ്ചിൽ പറ്റി ചേർന്നു കിടന്നു. “ഡാ.. മതി മതി.. എല്ലാവരും ഉണ്ട് അപ്പുറത്ത്…” ജോഷി അതും പറഞ്ഞു റൂമിലേക്ക് കയറിയതും അവൾ അകന്നു മാറി. അവൻ യാത്ര പറഞ്ഞിറങ്ങുമ്പോൾ അവളുടെ ഉള്ളിൽ ഒരു അസ്വസ്ഥത നിറഞ്ഞു നിന്നിരുന്നു. തുടരും