രചന: മായാജാനകി
എന്താ മോളേ ഒറ്റക്ക്? എവിടെ ഹരി?ഒരു ബാഗും തൂക്കി ഒറ്റക്ക് നടന്നു വരുന്ന മകളെ നോക്കി രാഘവൻ നായർ ചോദിച്ചു.ഒന്നൂല്ല്യാ അച്ഛാ… മൂപ്പർക്ക് ഏന്തോ ഒരു മീറ്റിംഗ് ഉണ്ടത്രേ, അപ്പൊ ഞാനിങ്ങോട്ട് പോന്നു. കുറച്ചു ദിവസം നിക്ക് അച്ഛന്റെ കൂടെ നിക്കാലോ…
മുറ്റത്ത് ചെരുപ്പുകൾ ഊരി വച്ച് ഗൗരി ഉള്ളിലേക്ക് കയറി.അതെന്തായാലും നന്നായി മോളേ… കുറച്ചു ദിവസമായി ഹരിയോട് പറയണം എന്ന് ഞാനും നിരീക്കുന്നു. നിന്നെ കുറച്ചൂസം ഇവിടെ നിർത്താൻ… എത്ര കാലായി ന്റെ മോള് ഇവിടെ നിന്നിട്ട്… എപ്പളും ഹരീടെ തെരക്കും പറഞ്ഞ് ഒഴിഞ്ഞു മാറാറല്ലേ പതിവ്.രാഘവൻ നായർക്ക് പരിഭവം.
ആ പരിഭവം തീർക്കാൻ തന്ന്യാ ഞാനിപ്പൊ വന്നെ.. ഇനി കുറച്ചൂസം ഇവിടെ അച്ഛന്റെ കൂടെ കഴിയണം നിക്ക്. അച്ഛന്റെ കൂടെ ഈ തൊടിയിലും പാടത്തുമൊക്കെ ഓടിച്ചാടി നടന്ന് അച്ഛന്റെ ആ പഴയ കുറുമ്പിക്കോതയാവണം..അച്ഛൻ ഇവിടെ ഇരിക്ക് ഞാനീ വേഷം ഒക്കെ ഒന്നു മാറ്റി ചായ ഉണ്ടാക്കി കൊണ്ടു വരാം.ഗൗരി ഉള്ളിലേക്ക് പോയി.ഉമ്മറത്തെ ചാരുകസേരയിൽ രാഘവൻ നായർ നീണ്ടു നിവർന്നു കിടന്നു. ഓർമ്മകളുടെ നീരുറവ തേടി മനസ്സ് പിന്നിലോട്ട് സഞ്ചരിച്ചു.
ഗൗരി, നിക്കും സുഭദ്രക്കും ദൈവം തന്ന സമ്മാനം… ആണായിട്ടും പെണ്ണായിട്ടും അവൾ മാത്രെ ഉള്ളൂ.. ചെറുപ്പത്തിലും അവൾ വല്ല്യ വാശിക്കാരി ഒന്നും ആയിരുന്നില്ല. വീട്ടിലെ അവസ്ഥയറിഞ്ഞ് പെരുമാറും. സുഭദ്ര കണ്ണടക്കുമ്പോൾ പറഞ്ഞ വാക്കുകൾ ഗൗരിക്കുട്ടി ഇന്നുവരെ തെറ്റിച്ചിട്ടില്ല.
‘അച്ഛനെ നീ ഒന്നിനും ബുദ്ധിമുട്ടിക്കരുത്, ദൈവായി കാണണം. അച്ഛൻ പറഞ്ഞതൊക്കെ ന്റെ കുട്ടി അക്ഷരംപ്രതി അനുസരിക്കണം ‘
ഈ നിമിഷം വരെ ന്റെ കുട്ടി ന്നെ ധിക്കരിച്ചിട്ടില്ല. വല്യ മോഹങ്ങൾ പറഞ്ഞ് കഷ്ട്ടപ്പെടുത്തീട്ടൂല്ല്യ. പര്യാനംപറ്റ പൂരത്തിന് പൂവാൻ വല്ല്യ ഇഷ്ട്ടാ കുട്ടിക്ക്. കോമരത്തിന്റെ വാളില് ദക്ഷിണ വക്കണം.. ആ വാളോണ്ട് അവളെ ഒന്ന് ഉഴിയേം വേണം. പുളി മാങ്ങ പഴുത്താൽ ഒരു മാമ്പഴ പുളിശ്ശേരി നിർബന്ധാ, അതും അച്ഛൻ തന്നെ വക്കണം.. സുഭദ്രക്ക് അതിന് ന്നോടിത്തിരി പരിഭവം ഉണ്ടാർന്നു. ബ്രഹ്മേശ്വരത്ത് നേദിച്ച അപ്പം കഴിച്ചാൽ തീരാവുന്ന അസുഖങ്ങളെ ന്റെ കുട്ടിക്ക്ണ്ടായിട്ടുള്ളൂ.ഇടക്ക് അമ്പാടി സിനിമ കൊട്ടകയിൽ പോയി ഒരു സിനിമ കാണണം, സത്യൻ അന്തിക്കാടാണെങ്കിൽ പിന്നെ പറയേ വേണ്ട, ചെവി തല കേൾപ്പിക്കില്ല പെണ്ണ്. ഇത്രയൊക്കെ നിർബന്ധങ്ങളെ അവൾക്കുള്ളൂ.’
കല്യാണ പ്രായമെത്തിയപ്പോ ഏതൊരച്ഛനെയും പോലെ അതൊന്നു കഴിഞ്ഞുകിട്ടുന്നതു വരെ ന്റെ മനസ്സിലും ആധി അയിരുന്നു. ഒറ്റപ്പാലത്തുന്നു വന്ന ആലോചനയാ ഹരീടേത്, മേലേതിലെ ശങ്കുണ്ണ്യാര് മുഖാന്തിരം വന്ന കൂട്ടരാ.. ഹരി കാണാൻ സുമുഖൻ, നല്ല വരുമാനള്ള ജോലി, അന്തസ്സിനും ആഭിജാത്യത്തിനും യാതൊരു കുറവും ഇല്ലാത്ത തറവാട്.. കൂടാംഞ്ചീരി കളത്തിന്റെ നെലക്കും വെലക്കും പറ്റിയ ബന്ധം..
ജാതക പൊരുത്തം അസ്സലായിരുന്നു. പത്തില് പത്തും തെകഞ്ഞൊരു പൊരുത്തം. രാമകൃഷ്ണ പണിക്കര് അച്ചട്ടായി പറഞ്ഞതാ… ഒന്നും നോക്കാതെ അങ്ങട് ഒറപ്പിച്ചോളാൻ, ഇത്രക്ക് പൊരുത്തള്ള ജാതകങ്ങൾ വേറെ കണ്ടിട്ടില്ലാത്രെ.. പെണ്ണിന് ഗജകേസരീ യോഗം വരെ ഉണ്ടെന്നാ പറഞ്ഞെ. ഒരച്ഛൻ എന്ന നിലയിൽ അഭിമാനിക്കാൻ ഇനി വേറെന്ത് വേണം.
ഓർമ്മ പെയ്ത്തിൽ നനഞ്ഞയാൾ പതിയെ അടുക്കളയിലേക്ക് നടന്നു. ഗൗരി ചായക്ക് തീ കൂട്ടുന്ന തിരക്കിലാണ്.
കൂട്ടിയേ… നെനക്കവിടെ സുഖം തന്നെയല്ലേ….???എങ്ങനെയുണ്ട് നിന്റെ ഹരിയോടുത്തുള്ള ജീവിതം..?
ഊണുമേശക്കരികിൽ നിരത്തിയിട്ട കസേരകളിലൊന്നിൽ അയാൾ സ്ഥാനമുറപ്പിച്ചു.
പരമസുഖാണച്ഛാ…
തീ കൂട്ടുന്നതിനിടയിൽ അച്ഛനു മുഖം കൊടുക്കാതെ ഗൗരി മറുപടിയേകി. എന്നിട്ടും അവളുടെ കണ്ണുകൾ നിറഞ്ഞു പോയി.അച്ഛനോട് ഞാനെത്ര തവണ പറഞ്ഞിട്ടുള്ളതാ ഈ അടുപ്പൊന്നു നേരെയാക്കാൻ… ഊതി ഊതി മടുത്തു ഞാൻ. കണ്ടില്ലേ അടുപ്പിലെ വെണ്ണീറ് മൊത്തം ഇപ്പൊ എന്റെ കണ്ണിലാ…
ഒഴുകി വന്ന കണ്ണുനീര് വിരലുകൾ കൊണ്ട് തുടച്ചു മാറ്റി അച്ഛന് ചായ പകർന്നു അവൾ.
ചായ ഊതി കുടിക്കുന്നതിനിടയിൽ അയാൾ അവളെ നോക്കി.
മോള് ന്റെ കൂടെ നിക്കാൻ വന്നതല്ലേ… മോള് പറ, മോൾക്കെന്താ വേണ്ടത്.. എല്ലാ മോഹങ്ങളും ഇപ്പൊ പറയ്.. ഈ അച്ഛൻ ഒക്കെ സാധിച്ചു തരും.
പതിയെ ഗൗരിയും അച്ചന്റെ അടുത്ത് വന്നിരുന്നു…വലുതായിട്ടൊന്നും ഇല്ലച്ഛാ… അമ്പലത്തിൽ പോയി അമ്മയെ മനസ്സിരുത്തി പ്രാർത്ഥിക്കണം.. ന്റെ അച്ഛനെ കാത്തോളണേ അമ്മേ ന്നു പറയണം. തൊടിയിൽ ഇപ്രാവശ്യം ചക്കയൊന്നും കായ്ച്ചിട്ടില്ലേ അച്ഛാ… താഴത്തെ തൊടിയിലെ വരിക്ക പ്ലാവിലെ പാകായ ചക്ക തന്നെ നോക്കിയിടണം.. ചക്ക കൂട്ടാൻ കഴിച്ച കാലം മറന്നു..തെക്കേ തൊടിയിൽ അമ്മ ഉറങ്ങുന്നിടത്ത് നമുക്കൊരുമിച്ച് പോയി വിളക്ക് വച്ച് പ്രാർത്ഥിക്കണം അച്ഛാ…അമ്പാടി തീയറ്ററിൽ ഇപ്പൊ ഏത് സിനിമയാ ഓടണത്.. ബ്രഹ്മേശ്വരത്ത് തൊഴുത് വരുമ്പൊ നമുക്ക് അവിടെം ഒന്ന് കേറണം.
പിന്നെ അച്ഛന്റെ മാമ്പഴ പുളിശ്ശേരി കൂട്ടി അച്ഛന്റെ കൈ കൊണ്ടൊരു ചോറുരുള കഴിക്കണം..
രണ്ടാൾക്കും കൂടി കുറേ നേരം ഇരുന്ന് സംസാരിക്കണം… എല്ലാം കഴിഞ്ഞ് നിക്ക് പോണം അച്ഛാ… എനിക്ക് പോണം
അടുക്കള വാതിലിന്റെ ഓരം ചേർന്നു നിന്നവൾ ചുണ്ടുകളിൽ വിഷാദച്ചുവ കലർന്നൊരു പുഞ്ചിരി വിരിയിച്ചു.
ഇതൊക്കെ നിസ്സാരമല്ലെ.. വേറെ വലിയ മോഹങ്ങളൊന്നും ഇല്ലേ ന്റെ കുട്ടിക്ക് എന്ന് ചോദിക്കുമാറ് നിർവികാരനായി ഇരിക്കുന്ന രാഘവൻ നായരെ നോക്കി കൊണ്ടവൾ വീണ്ടും മൊഴിഞ്ഞു…
അച്ഛന്റെ കൂടെയുള്ള ഈ നിമിഷങ്ങൾക്ക് വേണ്ടി ഞാൻ എത്ര മാത്രം കൊതിച്ചിരുന്നെന്നറിയാവോ.. അതു കൊണ്ട് കൂടുതലായൊന്നും ചിന്തിച്ചു കൂട്ടാതെ ന്റെ അച്ഛൻ എണീറ്റെ അവിടുന്ന്.. ദിവസങ്ങള് ദാ ന്ന് പറയുമ്പൊഴേക്കും പോകും ട്ടോ…
ഹരീടെ കൂടെ കൂടിയിട്ടും ന്റെ മോൾക്ക് ഒരു മാറ്റവും വന്നിട്ടില്ലല്ലോ ന്റെ ഈശ്വരാ… നീ ഇപ്പളും അച്ഛന്റെയാ പഴയ കാന്താരി തന്നെ..കയ്യിലിരുന്ന തോർത്തുമുണ്ട് തോളത്തിട്ട് രാഘവൻ നായർ മുറ്റത്തേക്കിറങ്ങി..
കർക്കിടക മഴയിൽ കുളിച്ചു സുന്ദരിയായിരിക്കുന്നു പ്രകൃതി. കഴുകിയെടുത്ത പച്ചിലകളിൽ ചോണനുറുമ്പുകൾ സവാരിക്കിറങ്ങിയിരിക്കുന്നു. പറമ്പുകളിൽ കൃഷ്ണകിരീടവും ഗന്ധരാജനും പൂവിട്ടു നിൽക്കുന്നു.. മഴ പെയ്ത്തിൽ നനഞ്ഞ ചിറകുകൾ കൊക്കുകൾ കൊണ്ട് ചീകി വെടിപ്പാക്കുകയാണ് കരിയിലക്കിളികൾ. പഴുത്തു പാകമായ തേൻവരിക്കയുടെ കൊതിപ്പിക്കുന്ന മണം മൂക്കിലേക്ക് അരിച്ചിറങ്ങുന്നു… കാഴ്ച്ചകളിൽ മതിമറന്നു നിൽക്കുകയാണ് ഗൗരി..
പിന്നീടുള്ള കുറച്ചു ദിവസങ്ങൾ ആ അച്ഛനും മകൾക്കും വിലമതിക്കാനാകാത്തതായിരുന്നു. ഒരച്ഛനു നൽകാവുന്ന സ്നേഹവും ലാളനയും അയാൾ ഗൗരിക്കേകി. ഗൗരിയാകട്ടെ ഓരായുഷ്ക്കാലം മുഴുവൻ ഓർമ്മയിൽ സൂക്ഷിക്കാനുതകും വിധം ഓരോ നിമിഷവും ആഘോഷമാക്കുകയായിരുന്നു. പറഞ്ഞ ആഗ്രഹങ്ങൾ മുഴുവൻ സാഫല്യത്തിലെത്തിയൊരു ദിനം രാത്രി അവർ രണ്ടു പേരും സംസാരിച്ചിരിക്കുകയാണ്. പൂഴിമണ്ണ് വാരി വിതറുന്ന പോലെ മഴയും കൂട്ടിനുണ്ട്. പറയാൻ മറന്നതും ബാക്കി വച്ചതുമായ എല്ലാ കാര്യങ്ങളും പരസ്പരം പങ്കുവച്ചു… ആൽത്തറയിലുറങ്ങാറുള്ള ഭ്രാന്തൻ ഭാഗവതരുടെ ഗാന ശ്രുതികൾക്കിന്ന് വേദനയുടെ കരി നിറം…
അച്ഛാ… ഞാൻ ഇനി എന്തെങ്കിലും അച്ഛന് സാധിച്ചു തരാനുണ്ടോ…??അതെന്താ മോള് അങ്ങനെ ചോദിച്ചത് …??ഏയ്… ഞാൻ പോയാൽ ഇനി എന്നാ തിരിച്ചു വരാന്ന് പറയാൻ പറ്റില്ലല്ലോ… അതോണ്ടാ…അവളുടെ വാക്കുകളിൽ കണ്ണുനീര് പടർന്നിരുന്നു. മോള് വിഷമിക്കണ്ട… ഹരിയോട് ഞാൻ പറയാം… കുറച്ചു ദിവസം കൂടി കഴിഞ്ഞിട്ട് പോയാൽ മതി… മോള് ഇപ്പൊ പോയി സുഖായിട്ട് ഉറങ്ങ്… നല്ല ക്ഷീണം ഉണ്ട് മുഖത്ത്…
ഇല്ലച്ഛാ… എനിക്ക് പോണം.. ഇനിയും ഞാൻ വൈകിയാൽ ഹരിയേട്ടൻ വിഷമിക്കും..അച്ഛനെ നോക്കി പുഞ്ചിരിച്ച് ഗൗരി വിശ്രമിക്കാൻ പോയി… അവൾ ഉറങ്ങിയെന്നുറപ്പായപ്പോൾ രാഘവൻ നായരും ഉറങ്ങാൻ കിടന്നു…
ചരൽക്കല്ല് വാരി എറിയും വിധം പെയ്തിറങ്ങുകയാണ് കർക്കിടക മഴ.. കൊളുത്തിടാത്ത ജനൽ വാതിലുകൾ രാക്ഷസക്കാറ്റിൽ അടച്ചും തുറന്നും ഭയപ്പെടുത്തുന്നു.. ഭ്രാന്തൻ ഭാഗവതരുടെ മൂളലുകൾ കാറ്റിനേയും ഭേധിച്ച് ഒഴുകി വരുന്നു. എവിടെയോ വിരിഞ്ഞ അരളിപ്പൂക്കളുടെ മണം ഇരുട്ടിനെ മത്തുപിടിപ്പിക്കുന്നു…
ദുസ്വപ്നങ്ങൾ രാഘവൻ നായരുടെ ഉറക്കം കെടുത്തി. അരിച്ചിറങ്ങുന്ന തണുപ്പിലും അയാൾ വിയർത്തൊഴുകി. മകൾക്കെന്തോ ആപത്ത് സംഭവിക്കുന്നു. ലൈറ്റിട്ട് അയാൾ വാച്ചിലേക്ക് നോക്കി സമയം മൂന്ന് മണി..ഗൗരിയുടെ മുറിയിലേക്ക് നടന്നു. വാതില് ചാരിയിട്ടേയുള്ളൂ… കയ്യിലെ ടോർച്ചിന്റെ വെളിച്ചത്തിൽ നോക്കിയപ്പോ മുറിയിലെന്തോ ആടുന്നു. അടിമുടി അരിച്ചു കേറിയ ഭീതിയിൽ അയാൾ തപ്പിപ്പിടിച്ച് മുറിയിലെ ലൈറ്റിട്ടു. കണ്ട മാത്രയിൽ അയാൾ കണ്ണുകൾ മുറുക്കിയടച്ചു. ഗൗരിയുടെ ചേതനയറ്റ ശരീരം ഒരു മുളം കയറിൽ ആടുന്നു.
മേശപ്പുറത്ത് കണ്ണുനീരിൽ കുതിർന്ന ഒരു എഴുത്തും.
പ്രിയപ്പെട്ട അച്ഛന്…
ഞാൻ എന്റെ അമ്മയുടെ അടുത്തേക്ക് പോകുന്നു. അമ്മ അനുവാദം നൽകിയിട്ടുണ്ട്. ഇനിയും എനിക്ക് നീറി നീറി ജീവിക്കാൻ വയ്യ. അച്ഛനിഷ്ട്ടമുള്ള തെല്ലാം അച്ഛനെനിക്ക് വാങ്ങി തന്നു. അച്ഛൻ വേദനിക്കേണ്ടെന്ന് കരുതി ഇഷ്ട്ടമല്ലെങ്കിലും ഞാനതൊക്കെ സ്വീകരിച്ചു. അച്ഛൻ ഒരുപാടിഷ്ട്ടപ്പെട്ടു വാങ്ങി തന്ന സമ്മാനമായിരുന്നു ഹരിയേട്ടൻ. ആ സമ്മാനവും മറ്റു പല സമ്മാനങ്ങളേയും പോലെ എന്നെ നിരാശപ്പെടുത്തി. പണവും തറവാടിത്തവും നോക്കി അതിലുപരി ജാതകപൊരുത്തവും നോക്കി അച്ഛൻ വാങ്ങി തന്ന സമ്മാനം..ജാതകങ്ങൾ പത്തിൽ പത്ത് പൊരുത്തങ്ങളുമായി ചേർക്കപ്പെട്ടപ്പോൾ ഞങ്ങളുടെ മനസ്സുകൾ തമ്മിൽ യാതൊരു ചേർച്ചയും ഉണ്ടായിരുന്നില്ലച്ഛാ… ഇതു വരെ അച്ഛനെ ഓർത്തു ഞാൻ എല്ലാം സഹിച്ചു, ക്ഷമിച്ചു. ഒടുവിൽ വേറൊരു പെൺകുട്ടിയുമായി അയാൾ വീട്ടിലേക്ക് വന്നപ്പോൾ എനിക്ക് സഹിച്ചില്ല.. ഞാൻ പോകുന്നു. അച്ഛൻ എന്നോട് ക്ഷമിക്കണം….
എന്ന്
അച്ഛന്റെ സ്വന്തം ഗൗരി.സുഭദ്ര അട്ടഹസിക്കുന്നു.. ഭ്രാന്തൻ ഭാഗവതർ ഇപ്പൊ മൂളുന്നത് മരണ രാഗം. കർക്കിടക മഴ മദം പൊട്ടിയ കരിവീരനായ് പരിണമിച്ചിരിക്കുന്നു… കൊടുംകാറ്റ് കൊടുംബിരി കൊള്ളുന്നു. കാലൻ കോഴിയും വെള്ളാട്ടു മുത്തിയും രാഘവൻ നായരെ നോക്കി കൂക്കിയാർക്കുന്നു.
കൂട്ടുകാരെ… ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല… ഒരു കഥക്ക് വേണ്ടി മാത്രം അങ്ങനെ എഴുതി എന്ന് മാത്രം… പരിഹരിക്കാൻ കഴിയാത്ത പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ല..പൊരുത്തപ്പെടാനാകാത്ത ബന്ധങ്ങൾ ആണെങ്കിൽ അതിൽ നിന്നും മോചനം നേടുക. നമുക്കായി വേറൊരു ലോകം തുറക്കപ്പെടും. ഉയർച്ചകളും താഴ്ച്ചകളും സർവ്വസാധാരണം.ഒന്നും സ്ഥിരമല്ല. ഈ സമയവും കടന്നു പോകും. ജയവും പരാജയവും ജീവിതത്തിന്റെ ഭാഗമായി കണ്ടുകൊണ്ട് നമുക്ക് മുന്നേറാം.. എല്ലാവരെയും ജഗതീശ്വരൻ അനുഗ്രഹിക്കട്ടെ

by