22/04/2026

ഡ്യൂട്ടി കഴിഞ്ഞു എല്ലാവരും പോയി എന്നറിഞ്ഞപ്പോൾ അയാളോടുള്ള ദേശ്യം ഇരട്ടിയായി, കയ്യിൽ കിട്ടിയ പെന്നെടുത്തു മേശപ്പുറത്ത് ആഞ്ഞു കുത്തിയപ്പോൾ പിന്നിൽ നിന്നൊരു ചിരി

രചന: ബാസിബാസിത്

“എന്ത് മണ്ടത്തരമാണിത് ചെയ്തു വെച്ചിരിക്കുന്നത്,ഫയൽ കംപ്ലീറ്റ് മാറ്റി ചെയ്തിട്ട് വീട്ടിൽ പോയാൽ മതി” സഹപ്രവർത്തകരുടെ മദ്ധ്യേ വെച്ചുള്ള മാനേജറുടെ ഉറച്ചസ്വരം ഇടുത്തി പോലെയാണ് എന്റെ മനസ്സിലേക്ക് ഇടിച്ചു കയറിയത്.കൂടി നിന്നവരുടെ കൂട്ട ചിരിയും കൂടെ ആയപ്പോൾ അയാളോടുള്ള ദേശ്യത്തിൽ മുഖം ചുവന്നു തുടുത്തു വന്നിരുന്നെങ്കിലും തിരിച്ചെന്തെങ്കിലും പറഞ്ഞാൽ എന്നെന്നേക്കുമായി ജോലി നഷ്ടപ്പെട്ടേക്കുമെന്ന ഭയത്താൽ സ്വയം ശാന്തനായി ലാപ്പിനടുത്തേക്ക് തിരിഞ്ഞു നടക്കുമ്പോഴും ആ പുതിയ ജോലിക്കാരന് ഫയൽ എങ്ങനെ സബ്മിറ്റ് ചെയ്യണമെന്നതിൽ ഒരു വ്യക്തതയുമുണ്ടായിരുന്നില്ല.

ഡ്യൂട്ടി കഴിഞ്ഞു എല്ലാവരും പോയി എന്നറിഞ്ഞപ്പോൾ അയാളോടുള്ള ദേശ്യം ഇരട്ടിയായി, കയ്യിൽ കിട്ടിയ പെന്നെടുത്തു മേശപ്പുറത്ത് ആഞ്ഞു കുത്തിയപ്പോൾ പിന്നിൽ നിന്നൊരു ചിരി.
“എന്താ മാഷേ നല്ല കലിപ്പിലാണല്ലോ…”ചമ്മിയത് മുഖത്ത് തെളിഞ്ഞു കണ്ടത് കൊണ്ടാവും ചിരിച്ചു കൊണ്ടവൾ അടുത്തേക്ക് വന്നപ്പോൾ മനപ്പൂർവ്വമായിരുന്നു ലാപ്പ് അവളിൽ നിന്നും മറക്കാൻ ശ്രമിച്ചത്, എന്റെ ചെയ്തികൾ വായിച്ചെടുത്ത് കൊണ്ട് പുതിയ ആളുകൾക്ക് ഫയലിൽ മിസ്റ്റേക്ക് വരലൊക്കെ പതിവാണെന്നു പറഞ്ഞപ്പോൾ തെല്ലൊരു ആശ്വാസം.ലാപ് തിരിച്ചു വെച്ചുകൊണ്ടവൾ എന്തൊക്കെയോ ചെയ്തു വർക്ക് ഫിനിശാക്കി മാനേജറുടെ റൂമിലേക്ക് പറഞ്ഞു വിടുമ്പോൾ ആ എ സി റൂമിലും എന്റെ നെറ്റിയിൽ നിന്ന് വിയർപ്പ് ഉറ്റിവീണു,

 

 

“എന്തൊരു പേടിയാ മാഷേ,ഇങ്ങനേം ഉണ്ടോ ആണുങ്ങൾ”അവളിൽ നേർത്ത ഒരു പുഞ്ചിരി വിടർന്നു.
വിജയശ്രീലാളിതനായി തിരിച്ചു വരുമ്പോൾ വാതിക്കൽ കാത്തിരിക്കുന്നവളോട് സന്തോഷമറിയിച്ച് കോഫി ആയാലോ എന്ന ചോദിക്കുമ്പോൾ പിന്നീടാവാം എന്ന് സ്നേഹത്തോടെ നിരസിച്ചു കൊണ്ട് നടന്നകലുമ്പോൾ മനസ്സിൽ എവിടെയോ അവൾക്ക് ഒരിടം ഒഴിച്ചിട്ടു കഴിഞ്ഞിരുന്നു.

 

 

“ടീ മീശ ദേവിയെ”അവളുടെ തൊട്ടടുത്ത ഡെസ്ക്കിലിരുന്നവൻ അങ്ങനെ വിളിച്ചതിനു അവന്റെ മൂന്തക്കിട്ടവൾ പൊട്ടിക്കുമ്പോഴാണ് അവളുടെ മീശയിലേക്ക് ഞാൻ ശ്രദ്ധിച്ചത്. കുഞ്ഞു രോമങ്ങൾ നിറഞ്ഞ
ചെമ്പൻ മീശ,അവളുടെ പുഞ്ചരിക്ക് അത്ര ചന്തം നൽകുന്നത് ആ മീശയാണെന്നെനിക്ക് തോന്നി.
ദിവസങ്ങൾ കൊണ്ട് ഞങ്ങളുടെ സൗഹൃദം കൂടുതൽ ഗാഢമായി, ഓഫീസിൽ കയറുന്നതിനു മുന്നേ ഞങ്ങൾക്ക് ഒരു കോഫി പതിവായി,കിഴക്കു നിന്ന് ഉറ്റു നോക്കുന്ന കിരണങ്ങളിൽ തട്ടി തിളങ്ങുന്ന അവളുടെ ചെമ്പൻ മീശയിൽ നോക്കിയങ്ങനെ ഇരിക്കുന്നതിനിടയിൽ വീടും വീട്ടുകാരേം എല്ലാം ഞങ്ങൾ പരിചയപ്പെട്ടു.

 

 

നാളത്തെ എന്റെ ഡ്രസ്സിന്റെ നിറം ഇന്നതായിരിക്കണമെന്ന് അവളും അവളുടെ ഡ്രസിന്റെ നിറം
ഇന്നതായിരിക്കണമെന്ന് ഞാനും തീരുമാനിക്കുന്നിടത്തോളം എന്റെ ഇഷ്ടങ്ങളെ അവളും അവളുടെ ഇഷ്ടങ്ങളെ ഞാനും പിന്തുടരാൻ തുടങ്ങി.

 

 

മൊത്തത്തിൽ ആ മീശയോടും അതിന്റെ ഉടമയോടും എന്തോ വല്ലാത്തൊരിഷ്ട്ടം… പക്ഷെ അപ്പോഴും ഞങ്ങൾ വെറും സുഹൃത്തുക്കൾ മാത്രമായിരുന്നു… എന്റെ ഇഷ്ട്ടം തുറന്നു പറയാൻ ഉള്ളിലൊരു ഭയം…അവൾ അങ്ങനെ ഒന്നും ഒരിക്കലും എന്നെ കണ്ടില്ലെങ്കിലോ…
സാരി ഉടുത്തു വന്ന ദിവസം, മേൽക്കൂര ഇല്ലാത്ത ചായമക്കാനിയിലെ കിരണങ്ങളിൽ ആ ചെമ്പൻ മീശക്ക് എന്തോ പതിവിൽ കവിഞ്ഞ ചന്തം,അറിയാതെ കൈകൾ അതൊന്നു തൊട്ടു നോക്കാൻ കൊതിച്ചതും അവളുടെ കൈകൾ മുഖത്ത് ശക്തമായി പതിച്ചു.

 

 

 

 

“രഞ്ജിത്ത് നിന്നിൽ നിന്ന് ഒരിക്കലും ഇങ്ങനെ ഒരു പ്രവർത്തി…”
വാക്കുകൾ മുഴുവനക്കാതെ പാതി കുടിച്ച കാപ്പി ക്ലാസ് നിലത്ത് അമർത്തി വെച്ചവൾ നടന്നകലുമ്പോൾ ഞാൻ സ്വബോധത്തിലേക്ക് തിരിച്ചു വരുന്നേ ഉണ്ടായിരുന്നുള്ളു. തൊട്ടടുത്ത ദിവസം തന്നെ ക്ഷമ ചോദിച്ചെങ്കിലും അത് കേൾക്കാൻ പോലും തയ്യാറാകാതെ അവൾ നടന്നകന്നു, പിന്നെയും ഒന്നുരണ്ടു തവണ ആവർത്തിച്ചെങ്കിലും അവളിൽ നിന്നും സമാനമായ പ്രതികരണം തന്നെ ആയപ്പോൾ എന്റെ ഈഗോയും അതിൽനിന്ന് എന്നെ പിന്തിരിപ്പിച്ചു.ദിവസങ്ങൾ പലത് പിന്നിട്ടിട്ടും അവൾ ഒരു വാക്ക് പോലും മിണ്ടിയില്ല എന്നതിലുപരി ഒന്നു നോക്കുക പോലും ചെയ്യാതെ പൂർണ്ണമായി അവഗണിക്കുമ്പോൾ അവളെ ഞാനും അവഗണിക്കുന്നുണ്ടായിരുന്നെങ്കിൽ പോലും അവൾ അറിയാതെ ഞാൻ പലപ്പോഴും കട്ടു നോക്കിയിരുന്നു,ഒന്ന് മിണ്ടാൻ,ആ ചിരി ഒന്നു കാണാൻ വല്ലാതെ കൊതിച്ചിരുന്നു.

 

 

ഫെബ്രുവരി 23നുള്ള അവളുടെ കല്യാണത്തിന് ക്ഷണിച്ചുള്ള അവളുടെ അച്ഛന്റെ വാട്‌സ്ആപ്പ് മെസ്സേജ് കണ്ടപ്പോൾ ഒരു വേള തകർന്നു പോകുമെന്ന് തോന്നിയെങ്കിലും ഞാൻ തല ഉയർത്തി നടന്നത് അവൾക്ക് മുന്നിൽ എനിക്ക് ജയിക്കണമായിരുന്നു.
“അവളുടെ വിവാഹാം മുടങ്ങി “എന്നു തുടങ്ങുന്ന ഫെബ്രുവരി 14ന്റെ അന്നത്തെ അവളുടെ അച്ഛന്റെ മെസ്സേജ് കണ്ടപ്പോൾ ആദ്യം ഞാൻ ആനന്ദ നൃത്തം ചവിട്ടിയെങ്കിലും
“അവളുടെ വാരിയെല്ല് പൊട്ടി,അവൾക്കിനി ഒരിക്കലും ഒരു വിവാഹം…”മൂന്ന് കരയുന്ന സ്മൈലികൾ കൊണ്ട് അവസാനിപ്പിച്ച

തൊട്ടടുത്ത മെസ്സേജ് കൂടി വായിച്ചപ്പോൾ ചങ്കൊന്നു പിടഞ്ഞു.എല്ലാം തീരുമാനിച്ചുറപ്പിച്ചായിരുന്നു അന്ന് ഹോസ്പിറ്റലിലേക്ക് വണ്ടി തിരിച്ചത്.
“ആർക്ക് വേണ്ടേലും അവളെ ഞാൻ കെട്ടിക്കോളും”എന്ന് പറഞ്ഞതിന് അവളുടെ അച്ഛന്റെ മറുപടി ശാന്തമായിരുന്നു.”നീ അവളോട് ചോദിക്കു…”

തന്നെ കണ്ടപാടെ മുഖം തിരിച്ചു കളഞ്ഞ അവളുടെ ഇടതു കൈ പിടിച്ചു മാപ്പു പറഞ്ഞപ്പോൾ വലതു കൈ കൊണ്ടവൾ കോളറക്ക് പിടിച്ചു.”ചത്തോന്ന് നോക്കാൻ വന്നതാണോ…”
പിന്നെ ഒരു കരച്ചിലായിരുന്നു, ഇരു കൈകൾ കൊണ്ടെന്നെ പൊതിരെ തല്ലി കൊണ്ടവൾ കരഞ്ഞു.
“നിനക്ക് എന്നോട് ഒന്ന് മിണ്ടിയാൽ എന്താടാ കുരിപ്പെ… എത്രമാത്രം കരഞ്ഞു തീർതെന്നു അറിയോ… ആദ്യം ഒരു വിവാഹ നാടകം പറഞ്ഞു മെസ്സേജ് ചെയ്തു, അന്ന് നീ നിന്റെ ഇഷ്ട്ടം പറയാൻ വരും എന്ന് ഞാൻ പ്രതീക്ഷിച്ചു… പക്ഷെ,നീ… നിനക്ക് എന്നെ…

” വാക്കുകൾ കിട്ടാതെ കരഞ്ഞു കൊണ്ട് ഒന്ന് നിർത്തുമ്പോൾ ഞാൻ സോറി പറഞ്ഞപ്പോൾ ജാഡ കാണിച്ചിട്ടല്ലേ എന്ന് തിരിച്ചു പറയണമെന്നുണ്ടായിരുന്നെങ്കിലും അടുത്ത അംഗത്തിന് ടൈം ആയിട്ടില്ലെന്നു മനസ്സിലാക്കി ഞാൻ മനപ്പൂർവ്വം അത് വിഴുങ്ങിക്കളഞ്ഞു.
“ഇപ്പൊ ഇങ്ങനെ ഒരു നാടകം,എനിക്ക് വെറും പനിയെ ഉള്ളു,ചത്തോന്ന് അറിയാനാണേലും നീ വന്നല്ലോ…”
കരഞ്ഞു കൊണ്ടിരിക്കുന്ന അവളുടെ കൈകളിൽ ചുംബിച്ചപ്പോൾ ആ ചുണ്ടിൽ ഒരു പുഞ്ചിരിയുടെ പ്രകാശം തെളിഞ്ഞു.
“നമുക്ക് പോയൊരു കാപ്പി കുടിച്ചാലോ…”എന്ന അവളുടെ ചോദ്യം കേട്ട് അവളുടെ മീശയിലെ കുഞ്ഞു രോമങ്ങളെ നോക്കി ഞാൻ എന്റെ മുഖം തടവുന്നത് കണ്ടിട്ടാകണം അവളിപ്പോൾ ആർത്തു ചിരിക്കുന്നത്