16/04/2026

നിനക്ക് തന്ന മുറിയിൽ കിടക്കാൻ പറ്റാത്തതിന്റെ കാരണം എന്താ?

പെങ്ങളുടെ മൃതദേഹം പള്ളിക്കല്ലറയിലേയ്ക്ക് വയ്ക്കുമ്പോൾ ജോണിയുടെ കൈവിറയ്ക്കുന്നുണ്ടായിരുന്നു.

പള്ളിയുടെ ഉരുളൻതൂണിൽ ചാരി ഇരിക്കുന്ന പത്തു വയസുകാരിയെ ചൂണ്ടി എല്ലാവരും പറയുന്നുണ്ടാ യിരുന്നു.
ദാ.. അതാ മരിച്ചു പോയ
ആലിസിന്റെ മകൾ.
ആന്റപ്പനും ആലീസിനും ഒത്തിരി പ്രായമായപ്പോൾ ഒത്തിരി ചികിൽസയ്ക്ക് ശേഷം
ഉണ്ടായതാ ഈ കുട്ടി.

കഴിഞ്ഞ വർഷമാ അറ്റാക്ക് വന്ന് ആൻറപ്പൻ മരിച്ചത് ഇപ്പം ദേ. മഞ്ഞപ്പിത്തം ബാധിച്ച്
ആലീസും പോയി.
പ്രായമാകുമ്പോൾ മക്കൾ ഉണ്ടായാലുള്ള കുഴപ്പം ഇതാ
പാവം ആനിക്കുട്ടിക്ക് ആരും
ഇല്ലാണ്ടായി.

സഹതാപം പറഞ്ഞവരെല്ലാം ഒഴിഞ്ഞു പോയി.
പള്ളീലച്ചൻ ആനിയെ ജോണിയുടെ കൈപിടിച്ചെൽപ്പിച്ചു.
നിന്റെ പെങ്ങടെ മകളെ മകളെപ്പോലെ നീ വളർത്തുമെന്നറിയാം
എന്നാലും പറയുകയാ.

വേദനിപ്പിക്കല്ലെ ജോണി ഇവളെ.
ഇല്ലച്ചോ എന്റെ മക്കളെപ്പോലെ തന്നെയാ ഇവളും.
കുറച്ച് മാറി നിൽക്കുന്ന ഭാര്യ ആൻസിയെയും മക്കളെയും
ജോണി നോക്കി.

ആൻസിയുടെ മുഖത്ത് ഒരു തെളിച്ചവും ഉണ്ടായിരുന്നില്ല.
പ്രായമായ രണ്ടാൺ
മക്കളായിരുന്നു ജോണിക്ക്.
ഒരാള് ബാഗ്ളൂരിൽ ജോലി
ചെയ്യുന്നു.
ഇളയ ആള് ഹോസ്റ്റലിൽ നിന്ന് പഠിക്കുന്നു.
പെൺ മക്കളില്ലാത്തതു കൊണ്ട് ആനിയെ ആൻസി നന്നായി സ്നേഹിക്കും എന്ന് ജോണി കരുതി.

പക്ഷെ ആൻസിക്ക്
അവളോട്
ഒരു സ്നേഹവും തോന്നിയില്ല.
ആനിക്കുട്ടിയെക്കൊണ്ട് ആ
വീട്ടിലെ പല ജോലികളും
ആൻസി ചെയ്യിപ്പിച്ചു.
രാവിലെ ഏഴു മണിക്ക്
കമ്പിനിയിൽ ജോലിക്ക്
കയറിയാൽ രാത്രി പത്തു
മണിക്ക് വരുന്ന ജോണി
ഇതൊന്നും അറിഞ്ഞിരുന്നില്ല.

അമ്മാച്ചനോട് ആനിക്ക് ഒന്നു മിണ്ടാനുള്ള അവസരം പോലും ഉണ്ടായിരുന്നില്ല.
നാളുകൾ ഓടി നീങ്ങി ആനിയുടെ കുഞ്ഞു കൈൾക്ക് ചെയ്യാൻ പറ്റിയ ജോലികൾ കൂടിക്കൂടി വന്നു.
ആനി വളർന്നു പതിനഞ്ചു വയസുകാരി ആയി.

ആനീ.
എന്തോ?
മാവീ..എന്തിനാ വിളിച്ചത്?
രാവിലെ അരിയിടുമ്പോൾ
കുറച്ച് അരി കൂടുതൽ ഇട്ടേക്കൂ
രാജു ഇന്നു വരും.

പിന്നെ ജോണിച്ചായന്റെ
രണ്ട് ഷെർട്ട് ഒന്ന് അയൺ
ചെയ്ത് വയ്ക്ക്.
കമ്പിനി ആവശ്യത്തിന് ഇന്ന്
ചെന്നൈയ്ക്ക് പോവാ
രണ്ടു ദിവസം കഴിഞ്ഞെ വരൂ.
ആനിയുടെ ഹൃദയമിടിപ്പ് വേഗതയിലായി.

രാജു മാവിയുടെ അമ്മയുടെ അനുജത്തിയുടെ മകനാണ്.
കൊച്ചു കുട്ടിയായിരിക്കുമ്പോൾ
പലപ്പോഴും ആനിയുടെ ശരീരം ദേഹത്തോട് അമർത്തിപ്പിടിച്ച്
രാജു പറയും.. ഇപ്പോൾ
നീ കിളുന്നാ നീ ഒന്നു വളരാൻ നോക്കിയിരിക്കുവാ ഞാൻ.
വേദനിച്ച് കരഞ്ഞാൽ വാപ്പൊത്തിപ്പിടിച്ചിട്ട് പറയും.

എന്തെങ്കിലും ആൻസി
യേച്ചീയോട് പറഞ്ഞാൽ
നിന്നെ ദേ..
ഇങ്ങനെ ഞെക്കി
കൊന്നുകളയും.
മാവിയോട് പറയാൻ
അവൾക്ക് പേടിയായിരുന്നു.
രാജു രണ്ട് വർഷമായി വിദേശത്തായിരുന്നു.
അതു കൊണ്ട് ആനിക്ക്
സമാധാനം ഉണ്ടായിരുന്നു.

രാജു വന്നപ്പോൾ മുതൽ
ആനിയോട് മിണ്ടാൻ
അവസരം നോക്കി നടന്നു.
പിന്നാം പുറത്ത് തുണി അലക്കുന്ന അവളെക്കണ്ട് അയാൾ പറഞ്ഞു.
നീ അങ്ങ് വളർന്നല്ലോടീ.

സുന്ദരിയായല്ലൊ.
ഇന്നു രാത്രി നീ എന്റെ മുറിയിൽ വരണം.
വരില്ലാ.. ആനി പറഞ്ഞു.
പഴയ പല്ലവി അയാൾ
ആവർത്തിച്ചു.
ആരുമറിയാതെ നിന്നെ
ഞാൻ ശരിയാക്കും.

നേരത്തെ തന്നെ ജോലി ഒതുക്കി ആനിമുറിയിൽ കയറി വാതിൽ ലോക്ക് ചെയ്തു.
അളിയൻ ഇവിടെ ഇല്ലാതെ പോയത് ഭയങ്കര കഷ്ടമായിപ്പോയി ചേച്ചീ.

രാജു വലിയൊരു കുപ്പിയെടുത്ത് മേശപ്പുറത്ത് വെച്ചു.
സൊയമ്പൻ സാധനമാ ഇത്തിരി ചേച്ചിയൊന്ന് കഴിച്ച് നോക്ക്.
എനിക്ക് വേണ്ടാടാ.
എന്റെ കൂട്ടുകാരുടെ
പെങ്ങമാരെല്ലാം കഴിക്കും.

സൂപ്പറാ ഒരു ശകലം കഴിക്ക്.
രാജു നിർബന്ധിച്ച് കൊടുത്ത
മദ്യം
കഴിച്ച് ആൻസി ഉറങ്ങി.
ആൻസി ഉറങ്ങിയപ്പോൾ തൊട്ട്
രാജു ആനിയുടെ മുറിയുടെ
വാതിലിന് മുട്ടിത്തുടങ്ങി.

കുറെ നേരം കഴിഞ്ഞ് ആനിയെ വെല്ലുവിളിച്ച് അയാൾ
തിരികെ പോയി.
പേടിച്ച് വിറച്ച് മാതാവിനോട് പ്രാർത്ഥിച്ച് മുറിയിലെ ഇരുട്ടിൽ ഉറങ്ങാതെ ആനി കഴിച്ചുകൂട്ടി.

രാവിലെ തൊട്ട് പല പ്രാവശ്യവും ജോലി ചെയ്യുന്നിടത്ത് എല്ലാം
ചെന്ന് അയാൾ അവളെ കനപ്പിച്ച്
നോക്കീട്ട് പറഞ്ഞോണ്ടിരുന്നു.
ഇന്നു രാത്രി നീ വാതിലടച്ച് കുറ്റിയിട്ടാൽ നിന്നെ ഞാൻ
ഇവിടെ ജീവിക്കാൻ അനുവദിക്കില്ലെടീ.

ആനി സന്ധ്യയ്ക്ക് മുൻപെ
ജോലി ഒതുക്കി.
അത്താഴം കഴിഞ്ഞ് പാത്രങ്ങൾ വേഗം കഴുകിവെച്ച് അവൾ
മുറിയിൽ കയറി വാതിലടച്ചു.

സമയം പോകുംതോറും
അവളുടെ ഹൃദയമിടിപ്പ്
കൂടി കൂടി വന്നു.
അവൾ മുറിയിലെ
നിലക്കണ്ണാടിയിൽ നോക്കി.
സ്വപ്നത്തിൽ പോലും നല്ലൊരു ജീവിതം ആഗ്രഹിക്കാൻ കഴിയാത്തവൾ
സുന്ദരിയായിട്ട് എന്താ കാര്യം.

സാമൂഹ്യ വിരുദ്ധരെ പേടിച്ചിട്ടാ
അല്ലെ ഈ രാത്രിയിൽ തന്നെ
ഈ വീടുവിട്ട് പോകാരുന്നു.
ഇത്ര കാലം സ്നേഹത്തോടെ മോളെന്ന് പോലും വിളിക്കാൻ
ആരും ഇല്ല.
മാവൻ മാത്രം .. വല്ലപ്പോഴും തലയിലൊന്ന് തലോടും.

മാതാവെ എനിക്ക് ശക്തി തന്ന് എന്നെ രക്ഷിക്കണെ.
കൊന്ത കൈയ്യിൽ പിടിച്ച് അവൾ ഉള്ളുരുകി പ്രാർത്ഥിച്ചു.
കാര്യങ്ങൾ മാവിയോട് പറയൂ…
മനസ് പല പ്രാവശ്യം മന്ത്രിച്ചു.
എന്തായാലും മാവിയോട് ഒന്നു പറയാം.

ആനി ആൻസിയുടെ
അടുത്തുചെന്നു.
മാവീ…
എനിക്കൊരു കാര്യം പറയാനുണ്ട്.
ഇന്ന് ഞാൻ മാവീടെ കൂടെയാ കിടക്കുന്നത്.

നിനക്ക് തന്ന മുറിയിൽ
കിടക്കാൻ പറ്റാത്തതിന്റെ
കാരണം എന്താ?
ആനീ പറഞ്ഞ കാരണങ്ങൾ
കേട്ട് ആൻസി അത്ഭുതത്തോടെ മിഴിച്ചു നിന്നു.
വാതിൽ ലോക്ക് ചെയ്തിട്ട്
നീ നിന്റെ മുറിയിൽ തന്നെ കിടന്നോളൂ ഇന്ന്
നിന്നെ അവൻ ശല്യപ്പെടുത്തില്ല.

പേടിയോടെയാണ് ആനി
കിടന്നത്.
അത്താഴം കഴിഞ്ഞ് പുറത്ത് കറങ്ങാൻ പോയ രാജു തിരികെ എത്തി.
അയാൾ മദ്യം രണ്ടു ഗ്ലാസിൽ എടുത്തു കൊണ്ട് വിളിച്ചു.
ചേച്ചിയെ..
എങ്ങനുണ്ടായിരുന്നിന്നലെ സൂപ്പറല്ലാരുന്നോ?
ഇന്നാ ഇതങ്ങോട്ട് പിടിപ്പിച്ചൊ.
എനിക്ക് വേണ്ടാടാ.
പിന്നെ.. ഇന്നാ ഇത് കുറച്ചെ ഉള്ളൂ.

ഞാൻ കഴിച്ചോളാം.
രാജു എടുത്തു വെച്ച
മദ്യഗ്ലാസുമായി ആൻസി മുറിയിലേയ്ക്ക് പോയി
വാതിലടച്ചു.
മണിക്കൂറുകൾ കടന്നു പോയി
തലെ ദിവസത്തെപ്പോലെ
രാജു ആനിയുടെ മുറിയുടെ വാതിലിൽ മുട്ടി വിളിച്ചു.

ആനി പേടിയോടെ
എഴുന്നേറ്റിരുന്നു.
തുറക്കെടീ..
വാതിൽ തുറന്നില്ലെ ഞാൻ ചവിട്ടിത്തുറക്കും.
അയാൾ വാതിലേൽ
ആഞ്ഞു ചവിട്ടി.
പ്പൈട്ടെന്നാ പുറത്തൊരടി
വീണത്.
കൂടെ ലൈറ്റും തെളിഞ്ഞു.

കൈയ്യിൽ ഒരു
വെട്ടുകത്തിയുമായി
ആൻസിയെക്കണ്ട്
രാജു ഞെട്ടി.
നീ എന്നെ മദ്യം കഴിപ്പിച്ചു
ഉറക്കീട്ട് ഇവളെ
ഉപദ്രവിക്കാനുള്ള
പ്ലാളാനാരുന്നല്ലെ.

ഇവൾ എനിക്ക്
വളർത്തുമകളല്ല.
സ്വന്തം മകൾ തന്നെയാ..
ഞാനവളോട് സ്നേഹം
കൂടുതൽ
കാണിക്കുന്നില്ലെന്ന്
കരുതി..
നിനക്ക് എന്തു
തോന്നിവാസവും
കാണിക്കാംന്നു
കരുതി അല്ലെ.
അമ്മയേയും പെങ്ങളെയും
മാത്രമല്ല അവരേപ്പോലെ മറ്റുള്ളവരേയും കാണാൻ
മനസ് വേണമെ ടാ.

അവൾക്ക് നേരെ
നീ കൈ പ്പൊക്കിയാൽ
ആ കൈ ഞാൻ വെട്ടും പോയിക്കിടന്ന് ഉറങ്ങീട്ട്
രാവിലെ സ്ഥലം വിട്ടോണം.
ആനീ ഇറങ്ങി വാ ഇനി
എന്റെ കൂടെ കിടന്നാ
മതി.

വാതിൽ തുറന്ന് ആനീ
മാവിയുടെ നെഞ്ചിലേയ്ക്ക്
വീണ് പ്പൊട്ടിക്കരഞ്ഞു..
ആൻസി അവളെ
ചേർത്ത് പിടിച്ചു..
കരയണ്ടാ മോളെ.
ഞാനുണ്ട് നിനക്ക് കൂട്ടിന്.

(അവസാനിച്ചു)

രചന – ശ്രീവിദ്യ തുളസീഭായ്