രചന – നാഫിയ നഫി
“അനുവാദമില്ലാതെ ഫോണിൽ തൊടരുതെന്ന് നിന്നോട് പലയാവർത്തി ഞാൻ പറഞ്ഞതാണ് അനൂ ..കയ്യിലിക്കുന്ന മോനെ പോലും വകവെക്കാതെ എന്നെ ഏട്ടൻ കട്ടിലിലേക്ക് തള്ളുമ്പോൾ എനിക്കതിൽ ഒരു സങ്കടവും തോന്നിയിരുന്നില്ല ..അതെനിക്ക് പുതുമയുള്ള ഒന്നല്ലായിരുന്നു..അല്ലെങ്കിലും ചോദിച്ചു വാങ്ങിയ വിധിയിൽ എന്ത് പഴിക്കാൻ ..നീണ്ട രണ്ടുവർഷത്തെ പ്രണയത്തിന് ശേഷം അച്ഛനെന്നെ ഹരിയേട്ടന്റെ കൈകളിൽ ഏൽപ്പിക്കുമ്പോൾ സ്വപ്നം കണ്ട ജീവിതം കൈക്കുള്ളിൽ ലഭിച്ച സന്തോഷമാണ് എനിക്ക് കിട്ടിയതെങ്കിൽ മകളെ സുരക്ഷിതമായ കൈകളിൽ ഏല്പിച്ച നിർവൃതിയായിരുന്നുഅച്ഛനുണ്ടായിരുന്നത് .. അമ്മയും ഞാനും ചേച്ചിയുo അച്ഛനുമുള്ള കൊച്ചുലോകത്ത് പലപ്പോഴും ഒരു സഹോദരന്റെ കുറവ് ഞാനറിഞ്ഞത് ചേച്ചിയുടെ വിവാഹത്തോടെയാണ് ..
വീട്ടിൽനിന്നും കുറച്ചകലെയായിരുന്ന ചേച്ചിയുടെ വീട്ടിലേക്ക് അവളെ ഒന്ന് കാണാനും വീട്ടിലേക്ക് കൊണ്ട് വരാനും പ്രായവും ആരോഗ്യപ്രശ്നങ്ങളും വകവെക്കാതെയുള്ള അച്ഛന്റെ യാത്രയും ബുദ്ധിമുട്ടും കണ്ട് ഞാൻ ഉറപ്പിച്ചതായിരുന്നു അച്ഛന്റെയും അമ്മയുടെയും വിളിപ്പാടകലെ ഞാൻ എങ്ങും പോകില്ലെന്നും അവർക്ക് മോനായുള്ള ഒരാളെ മാത്രേ ഞാൻ വിവാഹം കഴിക്കൂ എന്നും..ഇതിനിടെ മാട്രിമോണിയലിൽ ഫോട്ടോയും വിവരങ്ങളും കണ്ട് ഹരിയേട്ടന്റെ ആലോചന വീട്ടിൽ വരുമ്പോൾ ഇഷ്ടപെട്ടിട്ടും ഞാൻ നിരസിച്ചത് വിവാഹത്തോടെ താമസം ഏട്ടന്റെയും കുടുംബത്തോടും കൂടെ ബാംഗ്ലൂർ ആയിരിക്കും എന്നൊരു കാരണം കൊണ്ട് മാത്രമാണ് .അന്നെന്റെ പിറന്നാളിന് സമ്മാനമായിട്ട് അച്ഛൻ വാങ്ങിച്ചു തന്ന മൊബൈലാണ് പിന്നീട് മറ്റൊരു തുടക്കത്തിന് കാരണമായത്..ഇടയ്ക്കിടെ പരിചയമില്ലാത്ത നമ്പറിൽ നിന്നും വന്ന മെസ്സേജുകൾ ആദ്യം ഞാൻ മുഖവുരക്കെടുത്തില്ലെങ്കിലും പിന്നീട് ആരാണെന്നും എന്താണെന്നും അറിയാൻ വേണ്ടിയുള്ള മെസ്സേജിന്റെ മറുപടിയിലൂടെയാണ് എനിക്ക് മനസ്സിലായത് ഹരിയേട്ടനാണ് മറുപുറത്തെന്ന് .. സമ്മാനമായി നൽകിയിട്ടുള്ള ഫോണിൽ അച്ഛൻ ഉപയോഗിച്ച നമ്പർ ആയിരുന്നെന്നും മാര്യേജ് ബ്യൂറോയിലും മറ്റും അച്ഛൻ കൊടുത്ത നമ്പർ ഇതാണെന്ന് പിന്നീട് ഏട്ടൻ പറഞ്ഞപ്പോഴാണ് ഓർമയിൽ തെളിഞ്ഞത് .
ഇഷ്ടങ്ങളും അനിഷ്ടങ്ങളും അറിഞ്ഞും പറഞ്ഞും സൗഹൃദത്തിനപ്പുറം ആ ബന്ധം വളരുകയും പര്യവസാനമെന്നോണം വീട്ടുകാരുടെ അനുഗ്രഹത്തോടെ വിവാഹത്തിൽ എത്തിപെട്ടപ്പോൾ അച്ഛനും അമ്മയും ഒറ്റക്കാകുന്നതിനെ കുറിച്ചോ ദൂരത്തെയോ ദേശത്തെയോ കുറിച്ചോ എന്റെ ചിന്തയിൽ വന്നില്ല ..വിവാഹശേഷം നാട്ടിൽ നിന്നും മാറുമ്പോൾ ഒന്നിനും സങ്കടം തോന്നാതിരുന്നത് മകളെ പോലെ കൂടെനിൽക്കുന്ന ഏട്ടന്റെ അച്ഛനും അമ്മയും ജീവനുതുല്യം സ്നേഹിക്കുന്ന ഏട്ടനും കൂടെയുള്ളത് കൊണ്ടാകാം ..പക്ഷെ !എല്ലാത്തിനും അല്പായുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് തിരിച്ചറിയാൻ അധികo കാലതാമസം വേണ്ടി വന്നില്ല .ഭർത്താവിന്റെ നൂറു ഓൺലൈൻ കാമുകിമാരിൽ ഒരാൾ മാത്രമാണെന്ന തിരിച്ചറിവ് എനിക്കുണ്ടായപ്പോഴേക്കും എന്റെ ഉള്ളിൽ മറ്റൊരു ജീവന്റെ തുടിപ്പ് രൂപപെട്ടിരുന്നു.ഒളിഞ്ഞും തെളിഞ്ഞും അർദ്ധരാത്രി വരെയുള്ള ഫോൺസംഭാഷണങ്ങൾ ,അശ്ലീല മെസ്സേജുകൾ,വിവാഹിതരും അവിവാഹിതരുമായുള്ള സ്ത്രീകളോടൊപ്പം രാത്രി വൈകിയുള്ള യാത്രകൾ പലപ്പോഴും മനംമടുപ്പിച്ചുവെങ്കിലും കാരണങ്ങൾ കണ്ടെത്തി ഞാൻ മുന്നോട്ടു നീങ്ങി …
വിവാഹത്തോടെ മകന്റെ സ്വഭാവത്തിൽ മാറ്റം പ്രതീക്ഷിച്ച അച്ഛന്റെയും അമ്മയുടെയും ഒരു മകളോടെന്ന പോലെയുള്ള സ്നേഹവും ,എന്റെ മകന് അച്ഛനില്ലാത്തവൻ എന്ന വിളിപേര് സമൂഹം ചാർത്തി കൊടുക്കുമെന്ന പേടിക്കും പുറമെ തോൽവി ഏറ്റു വാങ്ങി പരിഹാസം നേരിട്ട് നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങാഞ്ഞത് എന്റെ കുടുംബത്തെ ഓർത്തും മാത്രമല്ലായിരുന്നു ..കുഞ്ഞിന്റെ ജനനത്തോടെ ഏട്ടനിൽ മാറ്റമുണ്ടാകുമെന്ന പ്രതീക്ഷ കൂടിയായിരുന്നു അതിനു കാരണം.പക്ഷെ അവിടെയും പിഴച്ചു ..സ്വന്തം മോനെക്കാളും മൊബൈലിനെ സ്നേഹിക്കുന്ന അവനെ ഒന്ന് നോക്കാൻ പോലും സമയമില്ലാത്ത ഏട്ടനോട് പലപ്പോഴും സഹതാപമായിരുന്നു എനിക്ക് ..അമിത മദ്യപാനവും മറ്റു ദുശീലങ്ങളും ജോലി നഷ്ടപെടുന്നതിലെത്തിയപ്പോൾ പണം കണ്ടെത്താൻ പിന്നീട് കണ്ട വഴി എന്റെ സ്വർണമായിരുന്നു ..സ്നേഹം പ്രകടിപ്പിച്ചുo പീഡിപ്പിച്ചും എനിക്കുള്ളത് നഷ്ടപ്പെടുത്തി കാമുകിയെ സന്തോഷിപ്പിച്ച് അവൾക്ക് വേണ്ടി മതം മാറാൻ വരെ തയ്യാറായപ്പോൾ അവർക്ക് പ്രണയം പണത്തിനോട് മാത്രമാണെന്ന് മനസ്സിലാക്കാൻ പിന്നീട് അധികനാളൊന്നും വേണ്ടി വന്നില്ല .പിറന്നാൾ സമ്മാനമായി വിലകൂടിയ വസ്ത്രങ്ങളും ആഭരണങ്ങളും കിട്ടാത്തതിൽ അമർഷം തോന്നി കാമുകി അസഭ്യം വിളിച്ചു പറഞ്ഞപ്പോൾ ,ജോലിനഷ്ടപ്പെട്ട് പണകൊഴുപ്പ് ഇല്ലാതായതോടെ സ്വന്തo ജീവിതത്തിനപ്പുറം സ്നേഹിച്ച മൊബൈൽ വരെ വിൽക്കേണ്ടി വന്നപ്പോൾ പിന്നീട് ഉണ്ടായ ദിവസങ്ങൾ തിരിച്ചറിവിന്റെതായിരുന്നു..നിലക്കാതെയുള്ള ഫോൺ വിളികളിൽ കുറവ് വന്നു തുടങ്ങി,അർദ്ധ രാത്രിയിലും മുഖത്ത് ചിരി വിടർത്തി തുടരുന്ന ചാറ്റിംഗ് ഇല്ലാതായപ്പോൾ വണ്ടിയുമായി വീട്ടിലേക്കു തേടി വരുന്നവരുടെ എണ്ണവും കുറഞ്ഞു വന്നു..വീട്ടിലെ പൂജ മുറിക്കപ്പുറം നിസ്കാരപായ വിരിച്ചു ഉച്ചത്തിൽ ഏട്ടൻ ഖുർആൻ ഓതുംമ്പോൾ നിറഞ്ഞ കണ്ണുകളും ,മോനോടുള്ള സമീപനത്തിൽ പതിയെ ഉണ്ടായ മാറ്റങ്ങളും എന്റെ പ്രാർത്ഥനക്കുള്ളഉത്തരങ്ങളായിരുന്നു.എന്നെമാത്രം സ്നേഹിക്കുന്ന ഏട്ടനെ സ്വപ്നം കണ്ടുകൊണ്ട് കരഞ്ഞുതളർന്നുറങ്ങിയ രാത്രികളെ മറവിക്ക് വിട്ടു കൊടുത്തുo ക്ഷമ ദൈവികമെന്ന വാക്ക് വിശ്വസിച്ചുo ഇന്ന് ഞാൻ മറ്റൊരു തുടക്കത്തിനൊരുങ്ങുകയാണ് .. ഇനിയെനിക്ക് വിലക്കുകളില്ല..
ഇണക്കങ്ങളുടെയും പിണക്കങ്ങളുടെയും ഭാഷ സ്നേഹത്തിന്റെത്മാത്രമായിരിക്കും..
എനിക്ക് ജീവിക്കണം …സ്വപ്നം കണ്ട ജീവിതം തന്നെ ജീവിച്ചു തീർക്കണം..!

by