രചന – ലക്ഷ്മി ലച്ചു
കുറിഞ്ഞി പൂക്കും കാലം
തണുത്തക്കാറ്റ് ജനലഴികളിൽ കൂടി തഴുകി പുറത്തേക്ക് പൊയ്ക്കൊണ്ടിരുന്നു.. മഴത്തുള്ളികൾ കാറ്റിനൊപ്പം പുൽകിയപ്പോഴാണ് അവൾ മയക്കത്തിൽ നിന്നും ഉണർന്നത്. ചെറുതായി പെയ്യുന്ന മഴ തണുപ്പേകിയെങ്കിലുംപൊള്ളിപിടഞ്ഞ ഒരു മനസിന്റെ തേങ്ങലെന്നോണം
ചൂട് കണികകൾ അവളുടെ കവിൾ തടത്തെ പുൽകി താഴേക്ക് വീണു..
അപ്പോഴേക്കും രണ്ടു മൂന്നു കുട്ടികൾ ലൈബ്രറിയിലേക്ക് കയറിയിരുന്നു
സമയം നോക്കിയപ്പോൾ മൂന്നുമണി കഴിഞ്ഞിരിക്കുന്നു . സാധാരണ മൂന്നുമണി വരെയാണ് ലൈബ്രറിയിൽ പ്രവേശനം ഉള്ളത്. കോളേജ് ടൈം 3.30 വരെയും.
ജനലരികിൽ കുട്ടികൾക്കായുള്ള സീറ്റിൽ ഇരുന്നു മയങ്ങിയപ്പോൾ സമയം പോയത് അറിഞ്ഞില്ല.ഇനിയിപ്പോൾ എല്ലാം അടുക്കി ഒതുക്കി വച്ച് പ്രിൻസിപ്പാലിനെയും കണ്ടിട്ട് വേണം ഇറങ്ങാൻ. അപ്പോഴാണ് കുട്ടികളുടെ വരവ്..
മാഡം
നാളത്തെ സെമിനാറിന്റെ ബുക്ക് റെഫർ ചെയ്യാൻ വിട്ടുപോയി.ഒന്ന് ഞങ്ങൾ അതെടുത്തോട്ടെ..
അതിന് ടൈം കഴിഞ്ഞല്ലോ? ഇപ്പോഴാണോ ഇതൊക്കെ ഓർക്കുന്നെ? അപ്പോൾ തോന്നിയ ദേഷ്യത്തിൽ അവരോട് ചോദിച്ചു.
മാം
ഞങ്ങൾ പ്രസന്റേഷൻ റെഡി ആക്കിയിരുന്നു. പക്ഷെ ഇന്ന് പ്രെസെന്റ് ചെയ്തവരോട് ഒത്തിരി ചോദ്യങ്ങൾ ഉണ്ടായിരുന്നു..നാളെ ഞങ്ങളുടെ സബ്ജെക്ട് ആണ്.. ഞാൻ പെട്ടന്ന് എടുത്തിട്ടിറങ്ങാം.. ആ ഗ്രൂപ്പിൽ നിന്നും മുന്നോട്ട് വന്ന് ഒരു പെൺകുട്ടി പറഞ്ഞു..
ദേഷ്യം വന്നെങ്കിലും വെറുതെ അവരുടെ പഠനത്തിൽ ബുദ്ധിമുട്ടിക്കണ്ട എന്നുകരുതി സമ്മതം നൽകി. കേട്ടപാടെ മൂന്നും കൂടി ബുക്സ് തിരയാൻ ഓടി. അവൾ ജനലുകളെല്ലാം അടച്ചുപൂട്ടുവാനും തുടങ്ങി.. മഴത്തുള്ളികൾ കൈകളെ പുൽകികൊണ്ട് മണ്ണിലേക്കും പതിച്ചു
എല്ലാജനലുകളും അടച്ചു തിരികെ വന്നപ്പോഴും കുട്ടികൾ ബുക്ക് എടുത്തുകഴിഞ്ഞിരുന്നില്ല. നോക്കിയപ്പോൾ മൂന്നും കൂടി കൈയിൽ എടുത്ത ബുക്ക് മാത്രമല്ലാതെ വേറെ എന്തോ തിരയുന്നുണ്ടായിരുന്നു.. ഞാൻ അടുത്തേക്ക് പോകുന്നത് കണ്ടിട്ടാവണം മുൻപിൽ നിന്ന പെൺകുട്ടി പേടിച്ച് ഷെൽഫിലേക്ക് ചാഞ്ഞത്.ചാഞ്ഞതിന്റെ ആഘാതത്തിൽ ഷെൽഫിൽ അടുക്കിവച്ചിരുന്ന പുസ്തങ്ങൾ താഴെ വീണു. താഴെകിടക്കുന്ന ബുക്കുകൾ വാരി വലിച്ചു ഷെൽഫിൽ വയ്ക്കാൻ തുടങ്ങുമ്പോഴാണ് കുട്ടികൾ പ്രിൻസിപ്പലിനെ കണ്ടത്. പുള്ളിയും ഇതൊക്കെ കണ്ട് നിൽപ്പാണ്.
സോറി സാർ എന്ന് പറയും മുൻപ് ഗെറ്റ് ഔട്ട് എന്ന ഒറ്റ അലർച്ച ആയിരുന്നു അദ്ദേഹം. പിള്ളേർ കിടന്നത് അതുപോലെ ഇട്ടിട്ട് പുറത്തേക്ക് ഓടിപോയി.
പുറകെ പുള്ളിയും പോയി
💔💔💔💔💔
ശിഖ ജയകൃഷ്ണൻ,
ജയകൃഷ്ണന്റെയും ഭാര്യ മായയുടെയും മൂന്നാമത്തെ മകൾ, ഒരു സാധാകുടുംബത്തിലെ ഒരു പെൺകുട്ടി. ലൈബ്രറി അസിസ്റ്റന്റ് ആയി മൂന്നാറിലെ മൗണ്ട് റോയൽ കോളേജിൽ വർക്ക് ചെയ്യുന്നു.
അച്ഛൻ ട്രാൻസ്‌പോർട്ട് ഓഫീസിൽആയിരുന്നു ജോലി. അമ്മയ്ക്ക് വീടിന്റെ ഉത്തരവാദിത്തവും. ആദ്യത്തെ രണ്ടുമക്കളും പെൺകുട്ടികൾ ആയപ്പോൾ മൂന്നാമത് ആഗ്രഹിച്ചത് ആൺകുട്ടിയെ കിട്ടണമെന്നായിരുന്നു.അതിന് മാറ്റ് കൂട്ടാൻ ഒരു കൈനോട്ടക്കാരിയുടെ വാക്കും. ആ വാക്കിനെയും തെറ്റിച്ചു,ആഗ്രഹങ്ങളെ മുഴുവൻ ശിഥിലമാക്കികൊണ്ടാണ് ശിഖയുടെ ജനനം.ജയകൃഷ്ണന്റെ കുടുംബത്തിനും ശിഖയോട് താല്പര്യം ഇല്ലാതായി.. ആർക്കോ വേണ്ടി നടത്തിയ ചടങ്ങുകൾ ഒക്കെ കഴിഞ്ഞു അവരൊക്കെ തിരികെ പോയി.
ഒരു ഗവണ്മെന്റ് ജോലിക്കാരന് മൂന്ന് പെൺകുട്ടികളെ നോക്കാൻ ഉള്ള ബുദ്ധിമുട്ട് മനസിലാക്കിയതുകൊണ്ടും കുട്ടികളുടെ ഭാവി നോക്കിയതുകൊണ്ടും ഉള്ള സമ്പാദ്യത്തിന്റെ നല്ലൊരു പങ്ക് സഹോദരൻ നടത്തുന്ന ചിട്ടി കമ്പനിയിൽ നിക്ഷേപിച്ചു.നന്നായി നടന്നു കൊണ്ടിരുന്ന ആ കമ്പനി വളരെ പെട്ടെന്നാണ് നിലം തരിശായത്. ജയകൃഷ്ണന് അത് പ്രതീക്ഷിക്കാത്ത ഒരു അടി ആയിരുന്നു.. ഉണ്ടായിരുന്ന സമ്പാദ്യം നല്ലൊരുപങ്കും നഷ്ടമായതിന്റെ പതർച്ചയിൽ മദ്യപാനവും തുടങ്ങി.. ഒരുനാൾ മദ്യപിച്ച് ഓടിച്ചുവന്ന വാഹനം പാഞ്ഞുവന്ന ബസിലേക്ക് ഇടിച്ചുകയറിയപ്പോൾ ആണ് അബോധമനസിൽ ജയകൃഷ്ണന് തന്റെ ഭാര്യയേയും കുഞ്ഞുങ്ങളെയും ഓർക്കാൻ കഴിഞ്ഞത്.. ഒടുവിൽ ആ ഓർമ്മയോട് കൂടി തന്നെ അയാൾ വിട പറഞ്ഞു..
ഭർത്താവ് ഇല്ലാത്ത കുടുംബവീട്ടിൽ അവളും മക്കളും അധികപറ്റായി കാണാൻ തുടങ്ങുന്നത് കൊണ്ട് പറക്കമുറ്റാത്ത ആ മൂന്നു കുഞ്ഞുങ്ങളെയും കൊണ്ട ജയ അവളുടെ വീട്ടിലേക്ക് മാറി.. അവിടെയും അവസ്‌ഥ മോശം ആയിരുന്നെങ്കിലും ഭേദം ആണെന്ന് മാത്രം പറയാമായിരുന്നു.. ജയകൃഷ്ണന്റെ ജോലി ഭാര്യക്ക് അർഹതപെട്ടതാണെന്ന വിധിയിൽ കുറച്ചൊരു സന്തോഷം ആ കുടുംബത്തെ തേടിയെത്തിയെങ്കിലും അവിടുന്ന് വീണ്ടും പ്രശ്നങ്ങൾ തുടങ്ങുകയായിരുന്നു.. ജോലി കിട്ടിയതറിഞ്ഞ് സഹോദരന്റെ സുഹൃത്തായ ഹരിയുടെ വിവാഹാലോചനയ്ക്ക് തയാറാകേണ്ടി വന്നു ആ അമ്മയ്ക്ക്.അല്ലെങ്കിൽ മൂന്ന് കുഞ്ഞുങ്ങളും ആ അമ്മയും വീട്ടുകാർക്ക് പ്രാരാബ്ദമാണെന്ന് പറയാതെ പറയുന്നുണ്ടായിരുന്നു മായയുടെ വീട്ടുകാരും.
വിവാഹത്തോടൊപ്പം ഒരു മകളെ മാത്രം ഒപ്പം നിർത്താമെന്ന് ഹരി പറയുമ്പോൾ ആ മാതൃഹൃദയം ഒന്ന് വിങ്ങി..6 വയസായ മൂത്ത മകൾ ഹേമയെ ഒപ്പം കൂട്ടി, 4 വയസായ രണ്ടാമത്തെ മകൾ ഹിമയെ അവളുടെ വീട്ടുകാർ നോക്കാമെന്നും ഏറ്റു.. അപ്പോഴും മാറ്റത്തിന്റെ ത്രാസ് തൂങ്ങിയത് ശിഖയ്ക്കായിരുന്നു. 2 വയസായപ്പോഴേക്കും അനാഥത്തിലേക്ക് പറിച്ചുനട്ട പെട്ട അവളുടെ ജന്മം. വർഷത്തിൽ എപ്പോഴെങ്കിലും ഒന്നോ രണ്ടോ തവണ മാത്രം കാണാൻ വരുന്ന അമ്മയും സഹോദരിമാരുമായിരുന്നു കുഞ്ഞായിരുന്നപ്പോൾ അവളുടെ സന്തോഷം.പോകെ പോകെ അതും ഇല്ലാതായി വലുതാകും തോറും അവളും മനസിലാക്കിയിരുന്നു അവളുടെ കുടുംബത്തിനെ പറ്റി.. അറിയുംതോറും നിർവികാരത മാത്രമായിരുന്നു.ആർക്കും വേണ്ടാത്തവളായി വലിച്ചറിഞ്ഞ ജീവിതമാണ് ആ കോൺവെന്റിനുള്ളിൽ അവൾ ജീവിച്ചുതീർക്കുന്നതെന്ന തിരിച്ചറിവിൽ ഉൾവലിഞ്ഞു ജീവിച്ചുതുടങ്ങി.. ഒന്നിനേയും ആഗ്രഹിക്കാതെ, സൗഹൃദങ്ങളില്ലാതെ അവൾ അവിടെ വളർന്നു. അവരുടെ സ്കൂളിൽ തന്നെ പഠിച്ചു..
കലാലയ ജീവിതത്തിലേക്ക് കാൽവയ്ക്കുമ്പോൾ നിറമുള്ള സ്വപ്നങ്ങളുമായി കടന്നുവരുന്നവരിലേക്ക് അവൾ യാതൊരുചമയങ്ങളുമില്ലാതെ കടന്നുച്ചെന്നു. പൊതുവെ ഉൾവലിഞ്ഞ സ്വഭാവം ആയതുകൊണ്ട് തന്നെ സൗഹൃദങ്ങളും അവളെ തേടിയെത്തിയില്ല. ഒരാൾ ഒഴികെ.. ക്ലാസ്സിലെ കിലുക്കാംപെട്ടിയായിരുന്ന ഗാഥയ്ക്ക് അവളോട് തോന്നിയ ഒരു സൗഹൃദം. ഗാഥയ്ക്ക് എല്ലാപേരും ഒരുപോലെ ആയിരുന്നെങ്കിലും ശിഖയ്ക്ക് പ്രിയപ്പെട്ടവൾ ഗാഥ മാത്രമായിരുന്നു. ഒരിക്കൽ അവരുടെ സംഭാഷണങ്ങൾക്കിടയിലാണ് സെക്കന്റ് ഇയർ പഠിക്കുന്ന സൂര്യദേവിനെ ഗാഥ അവൾക്ക് ചൂണ്ടികാണിക്കുന്നത്. ഒരേ സ്കൂളിൽ പഠിച്ചവർ, സ്കൂളിൽ വച്ച് ഒരിക്കൽ അവൻ അവളെ പ്രൊപ്പോസ് ചെയ്തതും നിഷ്കരുണം അവൾ തള്ളിക്കളഞ്ഞതും ഒക്കെ പറഞ്ഞ് ചിരിക്കുമ്പോൾ ശിഖയിൽ അതൊരു വേദനയായി നിന്നു..
എല്ലായിടത്തും വേണ്ടപ്പെട്ടവൻ, സഖാവായും, നാഷണൽ സർവീസ് സ്കീമിന്റെ വോളന്റീർ ആയും കോളേജിലെ ആർട്സ് പ്രോഗ്രാം സെക്രട്ടറിയായും ഒക്കെ അവൻ അവന്റെതായ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു..പക്ഷെ പ്രണയം മാത്രം അവന് ആരോടും തോന്നിയില്ല. പണ്ടൊരിക്കൽ പ്രണയം പറഞ്ഞപ്പോൾ അവഹേളിച്ചത്തിന്റെ പൊള്ളൽ ഇപ്പോഴും അവനെ വിട്ടുപോയിരുന്നില്ല.
നല്ല മഴയുള്ള ദിവസം കോളേജിൽ നിന്ന് കോൺവെന്റിലേക്ക് പോയ്കൊണ്ടിരിക്കുമ്പോൾ പാതയോരം ചേർന്നാണ് അവൾ നടന്നത്.. ഒരു കടയ്‌ക്കരികിൽ ചെറിയ കുഞ്ഞിനെ കൈയിലും അടുത്ത് മറ്റൊരു കുഞ്ഞിനേയും ചേർത്തുപിടിച്ചു ഒതുങ്ങി നിൽക്കുന്ന ഒരമ്മയെ കണ്ടപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.. ഓടയുടെ പൊട്ടി കിടന്ന സ്ലാബിൽ ശ്രദ്ധിക്കാതെ കാൽവച്ചതും വീണതും ഒരുമിച്ചായിരുന്നു.പേടിച്ചതുകൊണ്ട് തന്നെ വീണതും അവൾക്ക് മയക്കം വന്നു. അബോധമനസിൽ ആരോ എടുത്തുകൊണ്ടു പോകുന്നുവെന്ന് തോന്നിയെങ്കിലും ഒന്നും മനസിലായില്ല.
എപ്പോഴോ ബോധം വീണപ്പോൾ തലയ്ക്ക് മേലെ കറങ്ങുന്ന ഫാനും സൈഡിലെ ട്രിപ്പ് സ്റ്റാൻഡും കണ്ടപ്പോഴേ മനസിലായി ആശുപത്രിയിൽ ആണെന്ന്.. ചുറ്റും നോക്കിയപ്പോൾ ഏതോ വാർഡ് ആണ്. അടുത്തടുത്തായി ബെഡ് ഒക്കെ ഇട്ടിട്ടുണ്ട് ഇടയ്ക്കിടെ ഉള്ള ബെഡിൽ രോഗികളും ഉണ്ട്.
ഏതാ ഹോസ്പിറ്റൽ എന്ന് പോലും അറിയില്ല. കോൺവെന്റിലെക്ക് എങ്ങനെ അറിയിക്കും എന്നൊക്കെ ആലോചിച്ചു അവൾക്ക് ടെൻഷൻ ആയി. വീണ്ടും ഫാനിലേക്ക് നോട്ടം മാറ്റിയപ്പോഴാണ് അരികിൽ കസേര വലിച്ചിടുന്ന ശബ്ദം കേട്ടത്. നോക്കിയപ്പോൾ ഒരു പയ്യൻ ഇരിക്കുന്നു.
ഇപ്പോൾ എങ്ങനെ ഉണ്ട്. അവൻ ചോദിച്ചു
വേദനയുണ്ട്.. നിങ്ങളാണോ എന്നെ ഇവിടെ കൊണ്ടുവന്നേ?
അല്ല, സുഹൃത്താണ്, ഡ്രസ്സ് ചേഞ്ച് ചെയ്യാൻ പോയേക്കുവാണ്. വീട്ടിൽ അറിയിക്കണ്ടേ. നമ്പർ തരു. ഞാൻ വിളിക്കാം.
അത്.. ഫോൺ തരാമോ ഞാൻ വിളിച്ചു പറയാം.
അതിനെന്താ.. താൻ തന്നെ വിളിച്ചോളൂ..
കോൺവെന്റിലേക്ക് വിളിച്ചപ്പോൾ മദർ ആണ് ഫോൺ എടുത്തത്. കാര്യം പറഞ്ഞപ്പോൾ അവിടെ ഉള്ള പയ്യന്റെ കൈയിൽ ഫോൺ കൊടുക്കാൻ പറഞ്ഞു.
അവൻ ആ ഫോണും കൊണ്ട് പുറത്തേക്കിറങ്ങി സംസാരിച്ചിട്ട് തിരിച്ചുവന്നു.
താൻ ടെൻഷൻ അടിക്കേണ്ട. അവിടുന്ന് ആൾ വരും വരെ ഞങ്ങൾ ഇവിടെ കാണും.. റസ്റ്റ് എടുത്തോളൂ.
വീണ്ടും അവൾ മയക്കത്തിലേക്ക്.. ഇടയ്ക്ക് എപ്പോഴോ തലയിൽ തലോടുന്നതറിഞ്ഞപ്പോഴാണ് അവൾ കണ്ണുതുറന്നത്. മദറിന്റെ തലോടലിൽ അവൾക്ക് ആശ്വാസം മാത്രമായിരുന്നു.. എന്താ കുഞ്ഞേ.. നോക്കി നടക്കാൻ പാടില്ലായിരുന്നോ.. നെറ്റിയിൽ മുറിവ്, കൈയിൽ മുറിവ്, കാലിൽ ഭാഗ്യത്തിനാണ് പൊട്ടൽ ഇല്ലാത്തത്.
തിരിച്ചൊന്നുമുരിയാടാതെ എല്ലാംകേട്ട് അവൾ കണ്ണുകളടച്ചു കിടന്നു.
മോളെ വാ നമുക്ക് ഇറങ്ങാം.. ഡിസ്ചാർജ് ആയി.. ഇനി ഒരാഴ്ച റസ്റ്റ് എടുത്താൽ മതി.
അപ്പോഴേക്കും മുൻപ് കണ്ട പയ്യൻ അവിടെ വന്നു. നിങ്ങൾ ഡിസ്ചാർജ് ആയല്ലേ..
അതേ മോനെ.. ഇനി അവിടെ പോയി റസ്റ്റ് എടുക്കാം. നേരത്തെ കണ്ട മോൻ എവിടെ?
അവൻ ബ്ലഡ് ബാങ്ക് വരെ പോയേക്കുവാ. എന്തോ ഒരു എമർജൻസി വന്നു. അവൻ അന്വേഷിക്കാൻ പോയതാ.. നിങ്ങളിറങ്ങിക്കോ മദർ, അവനോട് ഞാൻ പറഞ്ഞേക്കാം.
ശരി മോനെ.. ഞങ്ങൾ ഇറങ്ങുവാണ്. ഇനിയും വൈകിയാൽ ശരിയാകില്ല.ദൈവം നിങ്ങളെ രക്ഷിക്കട്ടെ. സ്തുതി.
മുന്നിൽ കിടന്ന ഓട്ടോയിലേക്ക് കയറിയപ്പോഴും വേറെ ആരേലും ആ പയ്യന്റെ അരികിലേക്ക് വരുന്നുണ്ടോന്ന് അവളുടെ കണ്ണുകൾ തേടികൊണ്ടിരുന്നു. അപ്പോഴേക്കും ഓട്ടോ അവരെയും കൊണ്ട് ഹോസ്പിറ്റൽ കോമ്പൗണ്ട് വിട്ടിരുന്നു.
ഒരാഴ്ചയ്ക്ക് ശേഷം വീണ്ടും അവൾ കോളേജിൽ പോയി തുടങ്ങി. രണ്ടുദിവസം കഴിഞ്ഞ് ലൈബ്രറിയിൽ നിൽക്കുമ്പോഴാണ് പരിചിതമായ ശബ്ദം അവളെ തേടി വന്നത്..
ആഹാ താൻ എത്തിയോ?
ലേശം അമ്പരപ്പോടുകൂടി അവൾ നോക്കിയപ്പോൾ ഹോസ്പിറ്റലിൽ അന്ന് കണ്ട പയ്യൻ.
നിങ്ങളെന്താ ഇവിടെ?
അഹ് നല്ല ബെസ്റ്റ് ചോദ്യം.. ഞാൻ ഇവിടെത്തെ സ്റ്റുഡന്റ് ആണെടോ..
താങ്ക്യു. അന്ന് ഒന്നും പറയാൻ കഴിഞ്ഞില്ല..
അയ്യോ നന്ദിക്ക് വേണ്ടി വന്നതൊന്നുമല്ല.. ഇതുവഴി പോയപ്പോൾ കണ്ടതാണ്. താൻ ഒക്കെ ആയോ?
ആഹ് ആയി.. ഇപ്പോൾ കുഴപ്പമില്ല.. ഏത് ബാച്ച് ആണ്?
നിങ്ങളുടെ സീനിയർ ആണ്..
അയ്യോ ചേട്ടാ മനസിലായില്ലായിരുന്നു.
അതിന് താൻ ഒന്നും പറഞ്ഞില്ലല്ലോ
ചേട്ടന്റെ പേര്?
ദീപക്, ഇവിടെ എല്ലാരും ദീപു എന്ന് വിളിക്കും.. ശരി പിന്നെ കാണാട്ടോ.. ഒരിച്ചിരി തിരക്കുണ്ട്..
ചേട്ടാ ഒരു കാര്യം കൂടി അന്നെന്നെ ഹോസ്പിറ്റലിൽ കൊണ്ട് വന്നത് ആരാ?
ഓഹ് കുട്ടി ദേവനെ പരിചയപെട്ടില്ലല്ലേ, അവനെ കാണുമ്പോൾ ഇങ്ങോട്ട് കൂട്ടിട്ട് വരാം ഇപ്പോൾ പോട്ടെ ഒരു മീറ്റിംഗ് ഉണ്ട്.മറുപടിക്ക് കത്തുനിൽക്കാതെ തന്നെ അവൻ നടന്നകന്നു.
അപ്പോഴും അവളിൽ കുരുങ്ങി കിടന്ന പേര് ദേവന്റെ ആയിരുന്നു. കണ്ടാൽ ഒരു നന്ദി പറയണം. ആലോചിച്ചുകൊണ്ട് വീണ്ടും അവൾ ലൈബ്രറിയിലേക്ക് കയറി..
നാളുകൾ വീണ്ടും കടന്നുപോയി.. പോകെ പോകെ ക്ലാസ്സ് റൂമും ലൈബ്രറിയും മാത്രമായിരുന്നു അവളുടെ ലോകം.. എപ്പോഴോ പുതിയ കൂട്ടുകൾ കിട്ടിയപ്പോൾ ഗാഥയും അവളിൽ നിന്നകന്ന് തുടങ്ങിയിരുന്നു. അതൊന്നും അവളെ ബാധിച്ചില്ല..അവഗണന പണ്ട് മുതൽ തേടിവരുന്നതുകൊണ്ട് അവൾക്കതിനോട് പ്രത്യേകത ഒന്നും തോന്നിയില്ല.
ആർട്സ് ഫെസ്റ്റ് കഴിഞ്ഞ് അവാർഡ്ദാനത്തിനിടയിൽ അവളുടെ പേര് മൈക്കിലൂടെ വിളിച്ചുപറയുമ്പോഴാണ് അങ്ങനെ ഒരു സ്റ്റുഡന്റ് അവിടെ ഉള്ളതായി ഒട്ടുമിക്ക പേരും അറിയുന്നത്. ആ ഫെസ്റ്റിൽ കഥയ്ക്കും കവിതയ്ക്കും ഉള്ള ടൈറ്റിൽ വിന്നർ അവളായിരുന്നു. അവൾ എഴുതുമെന്നതുപോലും പലർക്കും പുതിയ ഒരറിവായിരുന്നു..
അവാർഡ് വാങ്ങിയതിനുശേഷം അവൾ ലൈബ്രറിയിലേക്ക് നടന്നു. അവളുടെ സീറ്റിന് ഓപ്പോസിറ്റായി വന്നിരുന്ന ദേവനെ അവൾ ശ്രദ്ധിച്ചില്ല. രാവിലെ മുതലുള്ള ഓട്ടത്തിൽ ക്ഷീണം വന്നതുകൊണ്ട് തന്നെ അല്പം നേരം തനിയെ ഇരിക്കാൻ വന്നതായിരുന്നു ദേവൻ എന്ന സൂര്യ ദേവ് . നേരെ നോക്കിയപ്പോൾ അന്ന് അവൻ ഹോസ്പിറ്റലിൽ കൊണ്ടുപോയ പെൺകുട്ടി കണ്ണുകൾ നിറച്ച് പുറത്തേക്ക് നോക്കിയിരിക്കുന്നു..
എടോ.. എന്തേലും പ്രശ്നമുണ്ടോ? ആകെ വല്ലാതിരിക്കുന്നല്ലോ? ഇനിയും വീഴാൻ എന്തേലും പ്ലാൻ ഉണ്ടോടോ?
കാര്യം മനസിലാവാതെ ചോദിച്ചവന് മേൽ കണ്ണുകൾ പതിക്കുമ്പോൾ അവൾക്കും അതിശയമായിരുന്നു. ഇതുവരെയും ഒരു പെൺകുട്ടിയോട് പോലും സംസാരിക്കുന്നത് കണ്ടിട്ടില്ല അയാൾ എങ്ങനെ എന്നോട്? മനസിൽ ചിന്തകൾ പെരുകുമ്പോഴായിരുന്നു ദീപുവിന്റെ വരവ്..
ആഹാ നിങ്ങൾ പരിചയപെട്ടോ?
ഇല്ലാന്ന് തലയാട്ടുമ്പോൾ അവൻ ഒന്ന് ചിരിച്ചു.
ശിഖ എന്നല്ലേ പേര് പറഞ്ഞേ… ഇത് ദേവൻ.. അന്ന് കുട്ടിയെ ഹോസ്പ്പിറ്റലിൽ എത്തിച്ചില്ലേ അത് ഇവനായിരുന്നു..
നന്ദി പറയാൻ തുടങ്ങുന്നതിന് മുൻപ് തന്നെ അവൻ പറഞ്ഞു.. അഹ് ബെസ്റ്റ് ഞാനിത്ര നേരം ചോദിച്ചിട്ട് കമാ എന്നൊരക്ഷരം മിണ്ടിയിട്ടില്ല.. പിന്നെങ്ങനെ പരിചയപ്പെടും?
അവൻ കളിയായി തന്നെ ചോദിച്ചു
ആഹാ എന്നാൽ ഞങ്ങൾ മുൻപ് ഒന്ന് പരിചയപ്പെട്ടതാ.. നിന്നെ ഞാൻ പരിചയപെടുത്തിയാൽ പോരെ.. അവിടുത്തെ സംഭാഷണങ്ങളിൽ അവളുടെ മനസ് ശാന്തമാകാൻ തുടങ്ങിയിരുന്നു.
എടോ ഇത് സൂര്യദേവ്. എന്നെ ഇനി പരിചയപ്പെടുത്തണ്ടല്ലോ.. ഞങ്ങൾ ഇവിടെ സെക്കന്റ് ഇയർ ബികോം ന് പഠിക്കുന്നു. പിന്നെ ഈ ആർട്സ് പ്രോഗ്രാമിന്റെ നടത്തിപ്പും ഞങ്ങൾ ആണ് കേട്ടോ..
ശാന്തമായി അവൾ ഒന്ന് പുഞ്ചിരിച്ചു. അറിയാം ഗാഥ പറഞ്ഞിട്ടുണ്ട്.
ഗാഥ എന്ന പേര് കേട്ടപ്പോഴേ ദേവിന്റെ മുഖം വലിഞ്ഞുമുറുകി.. അവൻ അവിടെ നിന്നും എഴുന്നേറ്റ് നടന്നു.
ഓപ്പോസിറ്റ് നടന്നുവരുന്നവൾ അവനെ കണ്ട് പുച്ഛഭാവത്തോടെ ഒന്ന് നിന്നു..
ഓഹ് വീണ്ടും പ്രണയിക്കാൻ ഇറങ്ങിയാതാവും
അവളാവുമ്പോൾ നിനക്ക് ചേരും.. ചോദിക്കാനും പറയാനും ആരുമില്ലാത്ത അനാഥയാകുമ്പോൾ നിന്റെ സ്റ്റാറ്റസിനും. കളിയാക്കി അവൾ പറഞ്ഞുപോയ വാക്കുകളിൽ അവന്റെ മുഖം ചുവന്നു..
ഒന്ന് നിന്നെ… അവനെ കടന്നുപോയ്കൊണ്ടിരുന്ന ഗാഥയെ വിളിച്ചു..
അതേടി നീ പറഞ്ഞുപോയ ആ സ്റ്റാറ്റസിന് ചേരുന്ന പെണ്ണ് തന്നെയാ അവള്. എന്തായാലും നിന്നെ പോലെ ആവില്ല.. തോന്നുമ്പോൾ തോന്നുമ്പോൾ സ്റ്റാറ്റസിനനുസരിച്ച് സൗഹൃദത്തിനെയും പ്രണയത്തിനെയും മാറ്റുന്ന നിനക്ക് എന്ത് യോഗ്യതയുണ്ട് അവളെ പറ്റി പറയാൻ.. മനുഷ്യനായാൽ അല്പമെങ്കിലും നാണം വേണം അതില്ലാതെ നിന്റെ കൂട്ടുകാരന്മാരോട് കേറി കോർക്കുന്നപോലെ എന്ത് പറയാം എന്നൊരു തോന്നലുണ്ടെൽ അതങ്ങ് മാറ്റിയേക്ക്.. മേലാൽ എന്റെ കണ്മുന്നിൽ ഇമ്മാതിരി വാർത്തമാനവുമായി കണ്ടുപോകരുത്.. അവന്റെ കണ്ണുകളിൽ കണ്ട ചുവപ്പുരാശി അവളെ ഭയപെടുത്താൻ തക്കതായിരുന്നു.. തിരിഞ്ഞു നോക്കിയപ്പോഴേക്കും ശിഖയും ദീപുവും എല്ലാം കെട്ട് തറഞ്ഞുനിൽക്കുന്നുണ്ട്
ശിഖയുടെ കണ്ണുകൾ നിറഞ്ഞിരുന്നുവെങ്കിൽ ദീപുവിന്റെ കണ്ണിൽ കുസൃതി ചിരിയായിരുന്നു..
ഇനി അവിടെ നിന്നാൽ സീൻ മാറും എന്ന് മനസിലാക്കിയ ദീപു ദേവനെയും കൂട്ടി അവിടെ നിന്നും മാറി..
ശിഖ തിരികെ ക്ലാസ്സിൽ ചെന്ന് ബാഗും എടുത്ത് കോൺവെന്റിലേക്കും..
പിന്നിടുള്ള ഓരോ ദിവസവും അവളുടെ കണ്ണുകൾ തേടി നടന്നത് ദേവനെ ആയിരുന്നു.. അവനെ ദൂരെ നിന്ന് കാണുമ്പോൾ തന്നെ കണ്ണു പിടയ്ക്കും.. അവനും അവളെ കാണുകയായിരുന്നു ദീപുവിന്റെ വാക്കിലൂടെയും ഫോണിലെ വീഡിയോയിലൂടെയും.. അവനെ കാണുമ്പോൾ വിരിയുന്ന ഭാവം മുഴുവൻ ദീപു ഫോണിൽ ഒപ്പിയെടുത്തു..
നാളുകൾ കടന്നുപോകും തോറും അവളുടെ സ്വപ്നങ്ങൾക്ക് നിറങ്ങളേകാൻ അവന്റെ സാന്നിധ്യം മതിയായിരുന്നു.. പരസ്പരം പറയാതെ അവർ സ്നേഹിച്ചു. പക്ഷെ അവളുടെ എല്ലാ കാര്യങ്ങളും അവൻ അറിയുന്നുണ്ടായിരുന്നു..
ദേവന്റെ ഫൈനൽ ഇയർ കഴിഞ്ഞ് ലാസ്റ്റ് ഫെയർ വെൽ ഡേയുടെ അന്ന് അവൾ വായിച്ചു പകുതിയിൽ നിർത്തിയിരുന്ന പുസ്‌തകം എടുക്കാനായി വന്നതായിരുന്നു ലൈബ്രറിയിൽ
വൈകുന്നേരം ആയതുകൊണ്ടും വായിക്കാനുള്ള സമയം കിട്ടാത്തതുകൊണ്ടും അതുമായി അവൾ ഇറങ്ങി. ഒത്തിരി ലേറ്റ് ആകുന്നതുകൊണ്ട് ഫങ്ക്ഷൻ അറ്റൻഡ് ചെയ്യാൻ നിന്നില്ല . ഓരോ പടവുകൾ ഇറങ്ങുമ്പോഴും അവൾ തിരഞ്ഞത് അവനെ മാത്രമായിരുന്നു.. കാണാൻ കഴിയാതെ ഹൃദയവേദനയോടെ അവൾ കോൺവെന്റിലേക്ക് നടന്നു. പോകുന്ന വഴികളിലും അവളുടെ കണ്ണുകൾ അവനെ തേടി.. ഒടുവിൽ കോൺവന്റ് ഗേറ്റും കടന്ന് അവൾ പോയി..അതുവരെയും അവളുടെ കണ്ണുകളെ മാത്രം നോക്കി നിന്ന ഹെൽമറ്റ് ധരിച്ചവൻ പുഞ്ചിരിയോടെ കോളേജിലേക്കും.
റൂമിൽ കയറി അവളുടെ കണ്ണീരിനെ എന്നും സ്നേഹിക്കുന്ന കിടക്കയിലേക്ക് മുഖം അമർത്തുമ്പോൾ മനസിനെ പറഞ്ഞുപഠിപ്പിക്കുകയായിരുന്നു അർഹതയില്ലാത്തത് ആഗ്രഹിക്കരുതെന്ന്..
മനസിലെ വിഷമത്തിനുമുൻപിൽ വീണ്ടും പുഞ്ചിരിയുടെ മുഖം മൂടിയണിയാൻ അവൾ പണ്ടേ പഠിച്ചുകഴിഞ്ഞിരുന്നു.
രണ്ടുദിവസം കഴിഞ്ഞാണ് അവൾ ബാഗ് തുറന്നത്.. കോളേജ് അവധിയായതിനാലും കോൺവെന്റിൽ കുട്ടികളെ പഠിപ്പിക്കാനുള്ള കടമയും അവൾക്കുതന്നെ ആയതിനാൽ ലൈബ്രറിയിൽ നിന്ന് എടുത്ത ബുക്കുകൾ വായിക്കാൻ സമയം കിട്ടിയിരുന്നില്ല.. രാത്രി ഉറക്കം വരാത്തതുകൊണ്ടാണ് വായിച്ചുനിർത്തിയതിന്റെ ബാക്കി തുടങ്മെന്ന് കരുതി ബുക്ക് എടുത്തത്.. വായിച്ചു നിർത്തിയ പേജ് തുറന്നപ്പോൾ അതിനുള്ളിൽ ഒരു മനോഹരമായ ഫോട്ടോ.. നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്ന ചിത്രത്തിന് പുറകിലായി രണ്ടുവരിയും.
അടുത്ത നീലക്കുറിഞ്ഞി പൂക്കുന്ന കാലത്ത്,
ഈ ഒളിച്ചുകളി അവസാനിപ്പിച്ചു ഞാൻ വരും
നിന്നിലേക്കലിയാൻ.❤
ഒന്നും മനസിലാവാതെ അവൾ ആ പുസ്‌തകം മുഴുവൻ തേടി… ഇനിയെന്തെങ്കിലും എഴുതിയിട്ടുണ്ടോ എന്നറിയാൻ.. ഒന്നുമില്ല.. ആ പുസ്‌തകം വായിക്കാതെ തന്നെ അവൾ തിരികെ വച്ചു.. ആ ചിത്രം മാത്രം അവളുടെ ഹൃദയത്തിൽ സൂക്ഷിച്ചു. മനസ് അപ്പോഴും ദേവനിൽ തന്നെ ഒതുങ്ങി നിന്നു അത് മതിയായിരുന്നു ആ പെണ്ണിന്.. ഇനിയൊരു നാളേക്ക് പ്രതീക്ഷയ്ക്കായി..
❤❤❤
കാലങ്ങൾ വീണ്ടും കടന്നുപോയി..
വീണ്ടുമൊരു കുറിഞ്ഞി പൂക്കാലം വരവറിയിച്ചു.. മതികെട്ടനിലും ഇരവികുളത്തുമെല്ലാം നീല പൂത്തുതുടങ്ങി.
വരുന്ന ആഴ്ച കോളേജിൽ നിന്നും കുറിഞ്ഞി കാണാനായി യാത്ര ഉണ്ടെന്നറിഞ്ഞപ്പോൾ മുതൽ അവളിൽ വന്ന ടെൻഷൻ ആണ്. അറിയാതെ മയങ്ങിയപ്പോഴാണ് ചാറ്റൽ മഴയുടെ നനവിൽ അവൾ ഉണർന്നത്..
താഴെ വീണ പുസ്‌തകങ്ങളൊക്കെ അടുക്കി വയ്ക്കുന്നതിനിടയിലാണ് താഴെ വീണ ചിത്രത്തിൽ അവളുടെ കണ്ണുകൾ ഉടക്കിയത്.. പൂത്തുതുടങ്ങിയ കുറുഞ്ഞിയുടെ ചിത്രം.
വിറയാർന്ന കൈകളാൽ അവൾ ആ ചിത്രത്തെ എടുത്തു മറിച്ചു നോക്കി..
അവിടെ അവൾക്കായി എഴുതിയ രണ്ടു വരികൾ അപ്പോഴും ഉണ്ടായിരുന്നു…
നീപോലുമറിയാതെ നിൻ നിഴലായി
കഴിഞ്ഞ പന്ത്രണ്ടുവർഷക്കാലം..
നമുക്കായി പൂത്ത ഈ കുറിഞ്ഞി കാലത്തെ വരവേൽക്കാൻ നിന്റെ ദേവനായി ഞാനും ❤
അത് മതിയായിരുന്നു ആ പെണ്ണിന്..
അതുവരെ അവളുടെ കണ്ണുകൾ നിറഞ്ഞത് അവളുടെ വിഷമങ്ങളിൽ ആയിരുന്നെങ്കിൽ അന്നാദ്യമായി അവളുടെ നിറ കണ്ണുകൾ പുഞ്ചിരി തൂകി.
കാത്തുവച്ച അവളുടെ പ്രണയത്തിനെന്നോണം
ചെറിയ ചാറ്റൽ മഴയുടെ നനുത്ത കണങ്ങൾ അവളെ പുൽകി കടന്നുപോയി..
രണ്ടുദിവസം കഴിഞ്ഞ് കുറിഞ്ഞി പൂക്കുന്ന പാതയോരം അവന്റെ തോളോട് ചാഞ്ഞിരിക്കുമ്പോൾ അവൾക്കായി ഒരു കഥ അവൻ കരുതിയിരുന്നു കഴിഞ്ഞ പന്ത്രണ്ടുവർഷകാലത്തെ അവരുടെ കഥ.
ഒരിക്കൽ അവളെ നെഞ്ചോടു ചേർത്തുപിടിച്ചതുമുതൽ ഇന്ന് ആ നെഞ്ചിന്റെ തുടിപ്പായി, അവന്റെ ജീവനായി അവൾ മാറിയകഥ…
ഇനി ഓരോ കുറിഞ്ഞി കാലത്തും അവർ വരട്ടെ.. നഷ്ടമായ അവളുടെ ബാല്യവും കൗമാരവും അവളുടെ യൗവനത്തിൽ പതിന്മടങ് സൗന്ദര്യത്തോടെ അവൻ നൽകട്ടെ…
കാത്തിരിക്കുന്നവർക്കായി ഇനിയും പ്രണയത്തോടെ കുറിഞ്ഞി പൂക്കൾ പൂക്കട്ടെ.

by