17/04/2026

അന്നും പതിവ് പോലെ വൈകുന്നേരം എല്ലാവരും കൂടെ കാപ്പി കുടിക്കുമ്പോൾ ആയിരുന്നു അപ്പ ആ കാര്യം കാര്യം പറഞ്ഞത്.

രചന – ഗ്രീഷ്മ ഗിരി

കിട്ടാത്ത മുന്തിരി പുളിക്കും

അന്നും പതിവ് പോലെ വൈകുന്നേരം എല്ലാവരും കൂടെ കാപ്പി കുടിക്കുമ്പോൾ ആയിരുന്നു അപ്പ ആ കാര്യം കാര്യം പറഞ്ഞത്.

” എടിയേ നമ്മുടെ സിബിച്ചന്റെ മോൾ ഇല്ലേ ജിൻസി അവൾക്കൊരു ആലോചന വന്നെന്ന്. വീട്ടുകാർക്കെല്ലാം ഇഷ്ടപ്പെട്ടത് ഒക്കെ ആയിരുന്നു.പക്ഷെ ചെക്കന് പെണ്ണിനെ പിടിച്ചില്ലാന്ന്
അവന് വേറെ പെങ്കൊച്ചിനെ ഇഷ്ടം ആണെന്ന് ”

” ആരാ അപ്പ ചെക്കൻ
നമുക്ക് അറിയുന്നവർ ആണോ ”

ചെക്കൻ ആരാണെന്ന് അറിയാനുള്ള തിടുക്കത്തിൽ ഞാൻ അപ്പയോട് ചാടി കേറി ചോദിച്ചു.

” ആ നിനക്കും എനിക്കും ഒക്കെ അറിയുന്ന ചെക്കൻ തന്നെ ആണ് ”

അപ്പേടെ ആ പറച്ചിലിൽ തന്നെ എനിക്ക് എന്തോ വശപിശക് തോന്നി. ഒരുമാതിരി ആക്കി പറയും പോലെ.

” അത് ആരാ ഇച്ചായ ആ കൊച്ചൻ ”

” എടി നമ്മുടെ തേക്കേലേ തോമച്ഛന്റെയും ആലിസിന്റെയും മോൻ ഇല്ലേ അവൻ ”

ഈശോയെ ആലീസ് ടീച്ചറിന്റെ മോനോ. അതായത് പീറ്റർ ചേട്ടനോ. ഞാൻ ഞെട്ടി കൊണ്ട് അപ്പയെ നോക്കി.

” എന്റെ അപ്പ പീറ്റർ ചേട്ടനോ
പുള്ളിക്ക് പ്രേമമോ ”

” അതെന്താടി കൊച്ചേ അവന് പ്രേമിക്കാൻ പറ്റില്ലേ ”

” അതല്ല അപ്പ
പുള്ളി എന്റെ സൺ‌ഡേ സ്കൂളിലേ സാർ അല്ലായിരുന്നോ
പുള്ളിക്ക് പയങ്കര ദേഷ്യം ഒക്കെ ആയിരുന്നു
എന്നോട് ആണേൽ എപ്പോഴും ചോദ്യം ഒക്കെ ചോദിക്കും
ഒഹ് കലിപ്പൻ ”

ഇതെല്ലാം പറഞ്ഞ് അപ്പേടെ മുഖത്തേയ്ക്ക് നോക്കിയതും പുള്ളി അതെ എന്നെ നോക്കി ചിരിച്ചോണ്ട് ഇരിക്കുന്നു.

” എടിയേ തോമാച്ചൻ വന്ന് എന്നോട് ഒരു കാര്യം ചോദിച്ചു
നമ്മുടെ സാറാകുട്ടിയെ പീറ്റർക്ക് കൊടുക്കുമോ എന്ന്
അവന് നമ്മടെ കൊച്ചിനെ ആണ് ഇഷ്ടം എന്ന് ”

അപ്പ അത് പറഞ്ഞ് തീർന്നതും ഞാൻ കുടിച്ചോണ്ട് ഇരുന്ന ചായ നിറുകയിൽ കേറി ചുമയ്ക്കാൻ തുടങ്ങി. രണ്ട് കണ്ണും മിഴിച്ചു ഞാൻ അപ്പയെ നോക്കി.

ഈശോയെ പീറ്റർ ചേട്ടൻ. ഇങ്ങേർക്ക് ഇത് എന്തിന്റെ കേട് ആണ്.

” എന്നിട്ട് നിങ്ങൾ എന്ത് പറഞ്ഞു ഇച്ചായ ”

” പീറ്ററിന് വയസ്സ് ഇരുപത്തി എട്ട് കഴിഞ്ഞു
ഇവൾക്ക് ആണേൽ ഇരുപത്തി രണ്ട് പോലും ആയില്ല
അഥവാ ഇവൾക്ക് കുറച്ചൂടെ കഴിഞ്ഞ് പീറ്ററേ ആലോചിക്കാം എന്ന് വെച്ചാലും അവന് വയസ്സ് മുപ്പത് കഴിയും
തോമാച്ചന് അവന്റെ കല്യാണം പെട്ടന്ന് നടത്തണമെന്ന്
ഇവൾടെ മൂത്തത് ഒന്ന് നിൽക്കുമ്പോൾ എങ്ങനെയാ ഇവളെ പിടിച്ചു കെട്ടിക്കുന്നത്
അതോണ്ട് നടക്കില്ല എന്ന് ഞാൻ അങ്ങ് തീർത്തു പറഞ്ഞു ”

” അത് നന്നായി ഇച്ചായ
അല്ലേലും ഇത്രെയും പ്രായ വെത്യാസം ഇല്ലേ
അതൊന്നും ശെരിയാകില്ല ”

അപ്പ അത്രെയും പറഞ്ഞ് എഴുന്നേറ്റതും എന്നിൽ നിന്ന് ആശ്വാസത്തിന്റെ നെടുവീർപ്പ് ഉയർന്നു.

പീറ്റർ ചേട്ടൻ ശെരിക്കും സീരിയസ് ആണെന്ന് എനിക്ക് മനസ്സിലായത് പിറ്റേ ദിവസം പള്ളിയിൽ വെച്ച് എന്നോട് സംസാരിക്കാൻ വന്നപ്പോൾ ആയിരുന്നു.

” സേറ താൻ കാര്യങ്ങൾ ഒക്കെ അറിഞ്ഞിരിക്കുമല്ലോ അല്ലെ
തന്റെ അപ്പൻ സമ്മതമല്ലന്ന് പറഞ്ഞു
പക്ഷെ എന്റെ തീരുമാറ്റത്തിന് മാറ്റം ഒന്നും ഇല്ല
തനിക്ക് വേണ്ടി ആണ് ഞാൻ പഠിപ്പിക്കാൻ തന്നെ കേറിയത്
എനിക്ക് കിട്ടിയ ക്ലാസ്സ്‌ വേറെ ആയിരുന്നു
തന്നെ കാണാൻ വേണ്ടി തന്റെ ക്ലാസ്സ്‌ ചോദിച്ചു മേടിച്ചത് ആണ് ഞാൻ ”

” അല്ല ചേട്ടാ
ഇപ്പൊ ഞാൻ എന്ത് പറയാൻ ആണ് ”

” എനിക്ക് തന്റെ സമ്മതം മാത്രം മതി ”

” എനിക്ക് സമ്മതം അല്ല ചേട്ടാ ”

എന്തോ അത് പറയുമ്പോൾ ചെറുതായി ഒന്ന് സങ്കടം വന്നു. പക്ഷെ ഈ തീരുമാനം തന്നെ ആണ് നല്ലത് എന്ന് പിന്നീട് മനസ്സ് പറഞ്ഞു.

പിന്നീട് കുറെ നാളത്തേയ്ക്ക് നാട്ടിൽ തന്നെ പുള്ളിയെ കണ്ടില്ല. ദൂരെ എങ്ങോട്ടോ പോയി എന്ന് അറിഞ്ഞു.

……………………………………………………………………..

ഒരു വർഷത്തിന് ശേഷമുള്ള ഒരു പ്രഭാതം.
ഫോൺ ബെൽ കേട്ട് ആണ് ആൻ സേറ എന്ന സേറകുട്ടി കട്ടിലിൽ നിന്ന് എഴുനേൽക്കുന്നത്.

” ഓഹ് ഈ വെളുപ്പാൻ കാലത്ത് ഇത് ആരാണോ എന്തോ ”

എങ്ങനെയോ കണ്ണ് തുറന്ന് മേശമേൽ നിന്ന് ഫോൺ എടുത്ത് നോക്കി.

” കപ്യാരോ
ഇങ്ങേരെന്താ ഈ സമയത്ത് ”

കുറെ നേരത്തെ ആലോചനയിക്കൊടുവിൽ ഉറക്കം കളഞ്ഞതിന്റെ തെറിയും പറഞ്ഞ് സേറകുട്ടി ഫോൺ എടുത്തു.

” ഹലോ ടോമിച്ചൻ ചേട്ടാ
എന്താ ഈ വെളുപ്പാൻ കാലത്ത് ”

” സാറാമ്മേ ഇന്ന് ഒരു കല്യാണം ഉണ്ട്‌
കുർബാനയ്ക്ക് കൂടാൻ വന്നേക്കണം
ആ എബിയേ കൂടെ വിളിച്ചോ ”

” കല്യാണമോ
ഇതൊക്കെ എപ്പോ
അയിന് വിളിച്ച് ചൊല്ലിയോ ”

” അതൊക്കെ ചൊല്ലി കൊച്ചേ
പിന്നെ ഇച്ചിരി നേരത്തെ വന്നേക്കണേ ”

” ആയിക്കോട്ടെ ”

പിന്നെ ഉറക്കം ഒന്നും വന്നില്ല. കല്യാണം ഒക്കെ കഴിഞ്ഞു കിട്ടുന്ന ഫുഡിനെക്കുറിച്ച് ആയിരുന്നു എന്റെ ചിന്ത മുഴുവനും. പിന്നത്തേയ്ക്ക് മാറ്റി വെച്ചാൽ ചിലപ്പോൾ മറന്നേക്കും. അതുകൊണ്ട് എബിയേ ഇപ്പൊ തന്നെ വിളിച്ചേക്കാം.

അങ്ങനെ അവനെയും വിളിച്ച് കാര്യം പറഞ്ഞു.
സമയം ആയപ്പോൾ ഒരുങ്ങി വഴിയിൽ നിന്നു. എബി ബൈക്കിന് ആണ് വരുന്നത്. അവന്റെ കൂടെ പോയാൽ പള്ളി വരേ നടക്കേണ്ട ആവശ്യം ഇല്ല.

” എടാ എബിയേ ”

” എന്താണാവോ സാറാമ്മേ ”

” എടാ നമ്മളെ പത്താം ക്ലാസ്സിൽ സൺ‌ഡേ സ്കൂളിൽ പഠിപ്പിച്ചില്ല പീറ്റർ സാർ
നിനക്ക് ഓർമ്മയില്ലേ ”

” പിന്നെ മറക്കുമോ ആ മുതലിനെ
ആ തല്ലിപൊളി സാർ അല്ലെ ”

” ആ അത് തന്നെ ”

” നി ഇപ്പൊ എന്തിനാ പുള്ളിയെ കുറിച്ച് പറഞ്ഞെ ”

” അതായത് എബിച്ച
ഒരു വർഷം മുൻപ് ഈ പീറ്റർ സാർ ഉണ്ടല്ലോ പുള്ളി എന്നെ പെണ്ണ് ചോദിച്ചു വന്നട
പുള്ളിക്ക് എന്നോട് പയങ്കര പ്രേമം ആയിരുന്നു ”

” കർത്താവെ പുള്ളിക്കോ ”

” അതേടാ
എന്നിട്ടുണ്ടല്ലോ
പുള്ളി എന്നോട് നേരിട്ട് വന്ന് സംസാരിച്ചട
പക്ഷെ അപ്പയ്ക്ക് ഒന്നം ഇഷ്ടം അല്ലായിരുന്നു ”

” അപ്പൊ മോൾക്ക് ഇഷ്ടം ആയിരുന്നോ ”

” അങ്ങനെ അല്ലടാ
പുള്ളി കുറെ നാൾ കൂടെ കാത്തിരിക്കും
എന്നാണ് എന്റെ പ്രതീക്ഷ
അപ്പൊ എനിക്ക് പ്രായം കുറവായോണ്ട് ആണ് അപ്പ സമ്മതിക്കാത്തത് ”

പക്ഷെ എന്റെ ആ പറച്ചിലിന് അവൻ ഒന്നും മറുപടി തന്നില്ല. അപ്പോഴേക്കും പള്ളിയും എത്തിയിരുന്നു. പിന്നെ അവിടെ നിന്ന് തിരിയാൻ സമയം ഇല്ലായിരുന്നു.

അങ്ങനെ ചെറുക്കനും പെണ്ണും ഒക്കെ വന്നു. കുർബാന തുടങ്ങുകയും ചെയ്തു. പക്ഷെ ഞാൻ ചെറുക്കനെയോ പെണ്ണിനെയോ ഒന്നും നോക്കിയില്ല. ഇത്രെയും ആയി എന്നാപ്പിന്നെ താലി കെട്ടുമ്പോൾ നോക്കാം എന്ന് കരുതി. ശുശ്രുഷി ആയി ഞാനും എബിയും മാത്രം ആയിരുന്നു ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ കെട്ടിന്റെ സമയത്ത് അച്ഛന്റെ അടുത്ത് നിന്ന് പ്രാത്ഥന ഒക്കെ ചൊല്ലാൻ മൈക്ക് പിടിച്ചു കൊടുത്തത് ഞാൻ ആയിരുന്നു.

അവസാനം പള്ളിയിൽ അച്ഛൻ ചെറുക്കന് താലി എടുത്ത് കൊടുത്തപ്പോൾ ആയിരുന്നു ഞാൻ പുള്ളിയുടെ മുഖം കണ്ടത്.

” പീറ്റർ ചേട്ടൻ ”

ആ പേര് അറിയാതെ എന്റെ നാവ് മൊഴിഞ്ഞു. പുള്ളിയും അപ്പോഴായിരുന്നു എന്നെ ശ്രദ്ധിച്ചത് എന്ന് തോന്നുന്നു. പുള്ളിയുടെ മുഖത്ത് തന്നെ നോക്കിയിരുന്നത് കൊണ്ട് ആ ഞെട്ടൽ അതേപടി കാണാൻ പറ്റി. പുള്ളിക്ക് മാത്രം ആയിരുന്നില്ല പുള്ളിയുടെ അപ്പനും അമ്മയ്ക്കും ഒക്കെ അതെ അവസ്ഥ ആയിരുന്നു.

എന്തോ പുള്ളി താലി കെട്ടുന്നത് കണ്ടതും നന്നായി വിഷമം തോന്നി. നടക്കാൻ സാധ്യത ഇല്ലാതിരിന്നിട്ട് കൂടി വെറുതെ ആശിച്ചിരുന്നു.

താലി കെട്ടുന്നതും മോതിരം മാറുന്നതും മന്ത്രകോടി അണിയിക്കുന്നതും അവസാനം പ്രതിജ്ഞ ചൊല്ലുന്നതും ഒക്കെ ഞാൻ നോക്കിനിന്നു. പിന്നീട് അങ്ങോട്ടുള്ള ഒരു ചടങ്ങിലും എനിക്ക് ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. വല്ലാണ്ട് നൊന്തു.

കുർബാന കഴിഞ്ഞ് ഇറങ്ങിയതും അവരുടെ ഒടുക്കത്തെ ഫോട്ടോ ഷൂട്ട് കണ്ട് എനിക്ക് കലി കേറി. ഇതൊക്കെ കണ്ട് എന്തോ പോയ അണ്ണാനെ പോലെ നിന്നതും എബി വന്ന് എന്നോട് പറയുവാ….

” കിട്ടാത്ത മുന്തിരി പുളിക്കും സാറാമ്മോ ” എന്ന്….

ശുഭം…..

……………………………………………………………………….