രചന – അനാമിക
എന്റെ sslc പരീക്ഷ കഴിഞ്ഞയുടനെയാണ് അച്ഛൻ എന്നേയും അനിയത്തിയെയും അമ്മയുടെ കൂടെ സ്ഥിരതാമസത്തിനായി നാട്ടിലേക്ക് പറഞ്ഞയച്ചത്.അതുവരെ ഞങ്ങൾ എല്ലാവരും ഒരുമിച്ച് അച്ഛന്റെ കൂടെ റിയാദിൽ ആയിരുന്നു താമസം .കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം കിട്ടിക്കോട്ടെ എന്ന ഉദ്ദേശമായിരുന്നു അച്ഛന്റെ ഇങ്ങനെയൊരു തീരുമാനത്തിനു പിന്നിൽ.അച്ഛന്റെ തറവാടിന് ചേർന്ന് 3 കൊല്ലങ്ങൾക്ക് മുന്നേ അച്ഛൻ നല്ലൊരു വീട് പണിതിരുന്നു. വീടിരിക്കലിന് നാട്ടിലേക്ക് വന്നപ്പോൾ ഒരുമാസം ഞങ്ങളാ പുതിയ വീട്ടിൽ താമസിച്ചു. പിന്നെ വീട് അടച്ചിട്ടിരിക്കായിരുന്നു. തറവാട്ടിൽ അടുക്കള പണിക്ക് വരുന്ന രാധമ്മയോട് എല്ലാ ആഴ്ചയും വീടും പരിസരവും വൃത്തിയാക്കാൻ അമ്മ നിർദ്ദേശിച്ചിരുന്നു. അതുകൊണ്ട് തന്നെ 3 വർഷങ്ങൾക്ക് ശേഷം നാട്ടിലേക്ക് വന്നപ്പോൾ കൊല്ലങ്ങളായി അടച്ചു പൂട്ടിയ വീടാണിതെന്ന് ഞങ്ങൾക്ക് തോന്നിയതേയില്ല.
രാധമ്മ തറവാട്ടിലെ സ്ഥിരം പണിക്കാരിയാണ്. തറവാടിന്റെ തൊട്ടു പിന്നിൽ തന്നെയാണ് വീട്. എന്റെ കുട്ടികാലത്ത് ഒരു ചായ്‌പ് പോലെയുള്ള ഒരു വീടായിരുന്നു അത് . പിന്നെ എപ്പോഴോ നാട്ടിൽ വന്നപ്പോൾ അതൊരു ഓട് വീടായി രൂപാന്തരപ്പെട്ടു.ഇപ്പോൾ അവസാനം വെക്കേഷന് വന്നപ്പോൾ ഒറ്റ നിലയിലുള്ള ചെറിയൊരു ടെറസ് വീട് അവിടെ സ്ഥാനം പിടിച്ചതായി കണ്ടു..
ഗവണ്മെന്റിൽ നിന്നും പൈസ പാസായപ്പോൾ ഇങ്ങനെയൊക്കെ ആക്കി തീർക്കാൻ പറ്റിയെന്ന് അച്ഛൻ അന്ന് ചോദിച്ചപ്പോൾ രാധമ്മ മറുപടി പറഞ്ഞത് ഞാൻ കേട്ടിരുന്നു.
ഞങ്ങൾ നാട്ടിൽ സ്ഥിരതാമസം ആക്കിയപ്പോൾ രാധമ്മയ്ക്ക് രണ്ടു വീട്ടിലും ഓടി നടന്നു പണി എടുക്കേണ്ടി വന്നു. 60 കഴിഞ്ഞ ആ സ്ത്രീയെ കൂടുതൽ ബുദ്ധിമുട്ടിപ്പിക്കേണ്ട എന്ന് കരുതിയാവും ഇവിടുത്തെ പണിക്ക് പുറമെന്ന് ഒരാളെ വിളിക്കാം എന്ന് അമ്മ പറഞ്ഞപ്പോൾ രാധമ്മയുടെ മുഖത്തിന് ഒരു തെളിച്ചകുറവ് വന്നു.
അത് സാരമില്ല മോളെ.. എന്റെ കാലം കഴിയും വരെ വേറൊരാള് ഈ വീട്ടില് നിരങ്ങുന്നത് കാണാൻ എനിക്ക് ഇഷ്ടല്ല്യ. എന്നെ കൊണ്ട് പറ്റുന്ന പോലെയൊക്കെ ഞാൻ രണ്ടു വീട്ടിലേയും കാര്യങ്ങളൊക്കെ ചെയ്തു തരാം.ഇനി മോൾക്ക് ഇഷ്ട്ടകുറവില്ലെങ്കിൽ എന്റെ പേരക്കുട്ടിയെ ഇവിടുത്തേക്ക് പറഞ്ഞയച്ചാൽ മതിയോ.. അവൾ രാവിലെ തന്നെ വന്ന് വൃത്തിയായി അടിക്കലും തുടയ്ക്കലുമൊക്കെ ചെയ്തു തരും. എന്നാൽ പിന്നെ തറവാട്ടിലെ പണികൾ കഴിയുന്നത് വരെ എന്നെ കാത്തിരിക്കേണ്ട ആവശ്യം വരില്ലല്ലോ.
രാധമ്മയ്ക്ക് പേരക്കുട്ടിയോ?.. അതെങ്ങനെപ്പൊ ഞങ്ങളൊന്നും അറിയാത്ത ഒരു പേരകുട്ടി രാധമ്മയ്ക്ക് ഇപ്പൊ പെട്ടെന്ന് ണ്ടായേ?
അമ്മ അത്ഭുതത്തോടെ ചോദിച്ചു
എന്റെ രമണിയുടെ മോളാ..
അത് പറയുമ്പോൾ ആ വൃദ്ധയുടെ കണ്ണിൽ രണ്ടുതുള്ളി കണ്ണീർ തളം കെട്ടി നിന്നു.
ആഹാ.. അവളതിന് തിരിച്ചു വന്നോ രാധമ്മേ .?. ഞാൻ ഒന്നും അറിഞ്ഞില്ലല്ലോ..ഗൾഫിൽ നിന്ന് ഫോൺ വിളിക്കുമ്പോഴൊന്നും അമ്മ ഒന്നും അറിയിച്ചില്ല എന്നോട്
അമ്മ പരിഭവത്തോടെ പറഞ്ഞു.
തോളിൽ ഇട്ടിരുന്ന തോർത്തിൽ മുഖവും മൂക്കും തുടച്ചു കൊണ്ട് ആ സ്ത്രീ പറഞ്ഞു തുടങ്ങി.
അവള് 18 വർഷം മുന്നേ അല്ലേ കൂടെ പഠിച്ച ക്രിസ്ത്യാനി ചെക്കന്റെ കൂടെ ഒളിച്ചോടി പോയത്. കുട്ടിക്കത് ഓർമ്മയുണ്ടോ ആവോ.. കുട്ടീടെ കല്യാണം കഴിഞ്ഞ് ഇങ്ങോട്ടേക്ക് വന്നിട്ട് അധികം ആയിട്ടുണ്ടായിരുന്നില്ല അന്ന്.
പിന്നെ എനിക്ക് ഓർമയില്ലാണ്ടിരിക്കോ രാധമ്മേ.. അന്നെനിക്ക് ഇവിടെ ആകെ മിണ്ടി പറയാൻ ഉണ്ടായിരുന്നത് വല്ലപ്പോഴും തറവാട്ടിലേക്ക് വന്നിരുന്ന രമണി ആയിരുന്നു.. ഞാൻ വന്ന് ഒരു ആറ് മാസം ഒക്കെ ആയിക്കാണും. ഒരു ദിവസം രാവിലെ എണീക്കുമ്പോൾ കേൾക്കുന്നത് ഈ വാർത്തയാണ് . ഞാൻ കരുതിയിരുന്നു പിന്നീടെപ്പോഴെങ്കിലും രമണിയുടെ അച്ഛൻ അവളോട് ക്ഷമിച്ചു അവളെ തിരിച്ചു വീട്ടിലേക്ക് കൊണ്ടു വരും എന്നൊക്കെ.. പിന്നെ രമണിയുടെ അച്ഛനെ പേടിച്ചിട്ട് രാധമ്മയും അവളെ കുറിച്ച് ഒന്നും പറയാതെ ആയി.അതോണ്ട് ഞങ്ങളും അവളെ കുറിച്ച് ഒന്നും തിരക്കാതെ ആയി.കൊല്ലം 18 കഴിഞ്ഞെങ്കിലും എല്ലാം ഇന്നലെ കഴിഞ്ഞ പോലെണ്ട്
അമ്മയുടെ പറച്ചിൽ കേട്ട് രാധമ്മ കുറച്ചു നേരം മിണ്ടാതിരുന്നു,എന്നിട്ട് തുടർന്നു.
രമണിയുടെ അച്ഛന് പൈസയ്ക്ക് നല്ലോം കുറവുണ്ടായിരുന്നു എന്നത് ശരിതന്നെ . പക്ഷേ അഭിമാനം വിട്ടൊരു കളി അദ്ദേഹത്തിന് ഇല്ലായിരുന്നു . ആ അഭിമാനം അദ്ദേഹം മരിക്കും വരെ കാത്തു സൂക്ഷിക്കേം ചെയ്തു . അച്ഛന്റെ സ്വഭാവം നന്നായി അറിയാവുന്ന അവൾ പിന്നെ ഇങ്ങോട്ട് വന്നതും ഇല്ല. അച്ഛൻ മരിച്ചത് അവൾ അറിഞ്ഞോ ഇല്ലയോ എന്നൊന്നും അറിയില്ല. എന്തായാലും അവൾ വന്നില്ല. അതെനിക്ക് പൊറുക്കാൻ കഴിഞ്ഞില്ല. അതുകൊണ്ട് അദ്ദേഹത്തിന്റെ മരണ ശേഷം ഞാനും അവളെ കുറിച്ചു അന്വേഷിക്കാൻ പോയീല. ഞങ്ങൾക്ക് പട്ടിണി ആണെങ്കിലും അവളെ ഞങ്ങള് ഒന്നും അറിയിക്കാതെയാ വളർത്തിയത്. ഒന്നല്ലേ ഉള്ളൂ എന്ന് കരുതി രാജകുമാരിയെ പോലെ വളർത്തി വലുതാക്കി . അവസാനം അവള് കാണിച്ചതോ……
അവര് വീണ്ടും തോർത്തുമുണ്ടെടുത്തു കണ്ണീരൊപ്പി.
അതൊക്കെ കഴിഞ്ഞില്ലേ രാധമ്മേ.. അവളിപ്പോ തിരിച്ചെത്തിയല്ലോ
അമ്മ ആ വൃദ്ധയെ ആശ്വസിപ്പിക്കാൻ വേണ്ടി പറഞ്ഞു.
അവള് തിരിച്ചു വന്നതൊന്നും ഇല്ല മോളെ.. അച്ഛന്റെ മോളല്ലേ.. ആ വാശി അവൾക്കും കാണാതിരിക്കോ .. അച്ഛൻ പോയി കൊല്ലം നാലായപ്പോൾ അവളും അച്ഛന്റെ ലോകത്തേക്ക് പോയി..
അമ്മയുടെ കൂടെ എല്ലാം കേട്ടോണ്ട് പുറത്തിരുന്ന ഞാനും അനിയത്തിയും ഇത് കേട്ടപ്പോൾ ഞെട്ടലോടെ പരസ്പരം നോക്കി..
അയ്യോ രാധമ്മേ എന്താ ഈ പറയുന്നത്..
അമ്മ അവിശ്വസനീയതോടെ ചോദിച്ചു.
ഒരു നെടുവീർപ്പോടെ രാധമ്മ പറച്ചിൽ തുടർന്നു.
അവള് പോയീട്ടിപ്പോ കൊല്ലം ഒന്ന് കഴിഞ്ഞു . തൂങ്ങി ചത്തതാ.. അത്രയ്ക്ക് എന്റെ മോള് അനുഭവിച്ചു.. പ്രേമിച്ചു നടന്നപ്പോ കാണിച്ച സ്നേഹമൊന്നും അവന് കല്യാണം കഴിഞ്ഞപ്പോ ഇല്ലായിരുന്നുത്രേ .എന്നും മൂക്കറ്റം കള്ളും കുടിച്ചു വന്ന് തല്ലും ചീത്ത പറച്ചിലും ഒക്കെ ആയിരുന്നെന്ന്..അവള് ഞങ്ങളെ ഒന്നും അറിയിച്ചില്ല.ഞങ്ങൾ ആണെങ്കി അന്വേഷിക്കാനും പോയീല്ലല്ലോ. അതിനിടയിൽ ഒരു കുട്ടിയും ആയി.. കുട്ടിയെ ഓർത്താണ് അവളിത്രേം കാലം ഒന്നും ചെയ്യാതെ സഹിച്ചതെന്നു അയൽക്കാരൊക്കെ പിന്നീട് പറഞ്ഞു.. അവൾക്ക് സഹിച്ചു സഹിച്ചു മടുത്തു കാണും. അവന്റെ വീട്ടുകാരും ഞങ്ങളെ പോലെ അവരെ ആട്ടി പുറത്താക്കിയതല്ലേ. അവൾക്ക് സഹായം ചോദിച്ചു ചെല്ലാൻ പോലും ഒരിടം ഇല്ലല്ലോ.എല്ലാം അവളുടെ വിധി അല്ലാതെന്ത് പറയാൻ.
കണ്ണീർത്തൂകുന്ന അവരെ എങ്ങനെ ആശ്വസിപ്പിക്കും എന്നറിയാതെ അമ്മ നിർവികാരതയോടെ അവരെ തന്നെ നോക്കി നിന്നു.
അന്ന് ഇവിടുത്തെ പണിയൊക്കെ കഴിഞ്ഞ് കുളിക്കാൻ വേണ്ടി നിൽക്കുമ്പോഴാ രമണിയുടെ അടുത്തുള്ള ഒരു ഓട്ടോക്കാരൻ വന്ന് എന്നോട് വിവരംപറഞ്ഞത്.. കേട്ട പാതി ഉടുതുണി പോലും മാറാതെ ആ വണ്ടിയിൽ കയറി അവിടെ ചെന്നപ്പോ കണ്ടത് അമ്മേനേം കെട്ടിപിടിച്ചു വാവിട്ടു കരയുന്ന എന്റെ പാറു മോളെയാ.. അവളെ ഞാൻ ആദ്യായിട്ട് കാണുന്നത് അപ്പോഴല്ലേ.എന്റെ രമണിയുടെ മുഖത്തേക്ക് ഞാൻ ഒന്നേ നോക്കിയുള്ളൂ..മുഖമൊക്കെ കരുവാളിച്ച് ശരിയ്ക്കും ഒരു പട്ടിണി ശവം…. ഞാൻ എങ്ങനെ വളർത്തി വലുതാക്കിയ കുട്ടിയായിരുന്നു.. ന്റെ പാറുക്കുട്ടിയെ ചേർത്ത് പിടിച്ചു പൊട്ടികരയാനെ എനിക്കും കഴിഞ്ഞുള്ളൂ….രമണി തൂങ്ങിയ അന്ന് ആ കാലമാടൻ നാട് വിട്ടതാ.. പിന്നെ അവന്റെ ഒരു വിവരോം ഇല്ല . ശവമടക്ക് കഴിഞ്ഞയുടനെ പാറു മോളെയും കൂട്ടി ഞാൻ ഇങ്ങോട്ട് പോന്നു.പഠിക്കാൻ മിടുക്കിയാ.. ഇപ്പൊ പത്താം ക്ലാസ്സ് പരീക്ഷ എഴുതി ഇരിക്കാണ്..
ആഹാ അപ്പൊ എന്റെ തേജസ് മോന്റെ പ്രായം ആയിരിക്കുമല്ലോ അവൾക്കും.
അമ്മ എന്നെ നോക്കി പറഞ്ഞു.
അതല്ല ഞങ്ങൾ വന്നിട്ട് ഒരാഴ്ചയായി.. പക്ഷേ ഇങ്ങനെ ഒരാള് രാധമ്മേടെ വീട്ടില് ഉള്ള കാര്യം ഞങ്ങളൊന്നും അറിഞ്ഞില്ലല്ലോ.
അതിന് ന്റെ കുട്ടിയ്ക്ക് അതിന്റെ അമ്മ പോയ ദണ്ണം ഇതുവരെ മാറീട്ടില്ല. കൊല്ലം ഒന്ന് കഴിഞ്ഞു. രമണീടെ കാര്യം ആരെങ്കിലും പറയെ ചോദിയ്ക്കെ ചെയ്താൽ അപ്പൊ കണ്ണ് നിറയും അതിന്റെ. വല്ലപ്പോഴും അച്ഛമ്മ വിളിച്ചാൽ ഒന്ന് തറവാട്ടിലേക്കു വരും. സ്കൂൾ ഉള്ള സമയത്ത് എപ്പോഴും പുസ്തകത്തിന്റെ മുന്നിൽ തന്നെ ആവും.. നിയ്ക്ക് വല്ലപ്പോഴും വയ്യാണ്ടായി കിടക്കാച്ച രാവിലെ തന്നെ തറവാട്ടിലെ പണിയൊക്കെ അവള് വന്ന് ചെയ്തു കൊടുക്കും. ഞാൻ അമ്മമ്മ ആണെങ്കിലും ഒരു കൊല്ലമല്ലേ ആയുള്ളൂ അവളും എന്നെ കണ്ടിട്ട്. എന്തായാലും വയസാം കാലത്ത് ആരും ഇല്ലാതെ ഒറ്റയ്ക്ക് കിടന്നിരുന്ന എനിക്ക് ദൈവായി കൊടുത്തയച്ചതാണ് ന്റെ പാറുകുട്ടീനെ..
അവൾ എങ്ങനെയാ രാധമ്മേ കാണാൻ?… രമണീടെ ഭംഗിയൊക്കെ കിട്ടിയിട്ടുണ്ടോ?
അമ്മ ആകാംക്ഷയോടെ ചോദിക്കുന്നത് കേട്ടു.
മ്മ്മ്.. ന്റെ രമണിയെ മുറിച്ചു വെച്ച പോലെ തന്നെ .. ആ വലിയ കണ്ണും നിറവും മുട്ടറ്റം വരെയുള്ള മുടിയും എല്ലാം കിട്ടിയിട്ടുണ്ട്..
ആണോ.. എന്നാ രാധമ്മ വീട്ടിലേക്ക് നടക്ക്.. ഞാനും വരാം.. എനിക്ക് അവളെ ഇപ്പൊ തന്നെ കാണാൻ തിടുക്കമായി.
അമ്മ മുറ്റത്തിരുന്ന ചെരിപ്പ് ഇട്ടുകൊണ്ട് പറഞ്ഞു.
അത് കേട്ടയുടനെ അനിയത്തി ദേവുവും അമ്മയുടെ പിന്നാലെ ഓടി.
എനിക്കും ആ കഥാപാത്രത്തെ കാണണം എന്ന് അതിയായ ആഗ്രഹം തോന്നി .. പക്ഷേ ഒരു കൊച്ചു കുട്ടിയെ ഒക്കെ കാണാൻ ആയിരുന്നുവെങ്കിൽ ഞാനും കൂടെ പോയേനെ.. ഇതിപ്പോ കൗമാരപ്രായക്കാരനായ ഞാൻ, എന്റെ സമപ്രായക്കാരിയായ അതും ഒരു പരിചയവും ഇല്ലാത്തവളെ എങ്ങനെ പോയി കാണും..
സാരമില്ല.. സമയമുണ്ടല്ലോ… ഇനിയും കാണാലോ.. അമ്മ സമ്മതം മൂളുവാണെങ്കിൽ നാളെ മുതൽ അവളിവിടെ ജോലിക്ക് വരികയും ചെയ്യുമല്ലോ..
ഞാൻ സ്വയം സമാധാനിച്ചു.
രാത്രിയിൽ അച്ഛൻ റിയാദിൽ നിന്നും ഫോൺ വിളിച്ചപ്പോ അമ്മ രമണി ചേച്ചി മരിച്ചതും അവരുടെ മോളെ കുറിച്ചൊക്കെ പറയുന്നത് കേട്ടു..
ഏട്ടാ.. പറഞ്ഞാൽ വിശ്വസിക്കില്ല.. ശരിക്കും രമണി മുന്നിൽ വന്ന് നിൽക്കുന്നത് പോലെ തന്നെ.. അവളെക്കാൾ സൗന്ദര്യം കൂടുതലുണ്ടോ എന്നേ സംശയമുള്ളൂ.. എന്തായാലും രാധമ്മയ്ക്ക് വയസാം കാലത്ത് കൂട്ടിന് ഒരാളായി.
അച്ഛൻ എന്തൊക്കെയോ അവളെ കുറിച്ച് ചോദിക്കുന്നുണ്ടെന്ന് അമ്മയുടെ മറുപടിയിൽ നിന്നും മനസ്സിലായി.
നമ്മുടെ തേജുന്റെ പ്രായം തന്നെയാ.. Sslc എക്സാം എഴുതിയിരിയ്ക്കാം..
പിന്നേയും അച്ഛൻ എന്തൊക്കെയോ പറയുകയും ചോദിക്കുകയും ചെയ്യുന്നുണ്ട്.
എന്താ ചെയ്യാ ഏട്ടാ.. രമണിയുടെ കാര്യത്തിൽ ദൈവ നിശ്ചയം ഇങ്ങനെയൊക്കെ ആയിരിക്കും.അല്ലാതെന്ത് പറയാനാ. അന്നവൾ ആ നസ്രാണി ചെക്കനെ പ്രേമിച്ചില്ലായിരുന്നെങ്കിൽ…. ഇപ്പൊ എന്റെ സ്ഥാനത്ത് ഇരിക്കേണ്ട ആളായിരുന്നില്ലേ. ഹാ…ദൈവ വിധി മാറ്റാനൊന്നും നമുക്ക് ആവില്ലല്ലോ. എന്തായാലും ഇനി അവളുടെ മോൾക്കെങ്കിലും അമ്മയുടെ ബുദ്ധിമോശം കിട്ടാതിരിക്കട്ടെ..
അവര് പിന്നേയും നാട്ടു കാര്യങ്ങളും വീട്ടുകാര്യങ്ങളുമൊക്കെ പറഞ്ഞു തീർന്ന് ഫോൺ വെച്ചപ്പോൾ അമ്മയോട് ചോദിക്കാനുള്ള ഒരു ചോദ്യം ഞാൻ മനസ്സിലിട്ട് നടക്കുകയായിരുന്നു
അടുക്കളയിലേക്ക് പോകുന്ന അമ്മയുടെ പിന്നാലെ ഞാൻ ഓടി ചെന്നു ചോദിച്ചു.
അമ്മേ… അമ്മ അച്ഛനോട് പറയുന്നത് കേട്ടല്ലോ രമണി ചേച്ചി അയാളെ പ്രേമിച്ചില്ലായിരുന്നെങ്കിൽ ഇപ്പൊ അമ്മേടെ സ്ഥാനത്ത് ഇരിക്കേണ്ട ആളായിരുന്നുവെന്ന് .അതെന്താ അമ്മ അങ്ങനെ പറഞ്ഞേ?
എടാ ചെക്കാ.. നിന്റെ അച്ഛന്റെ ക്രഷ് ആയിരുന്നു രമണി. അച്ഛന് പക്ഷേ ഇഷ്ടം പറയാനുള്ള ധൈര്യം ഒന്നും ഇല്ലായിരുന്നു. കുറേ കൊല്ലം മനസ്സിലിട്ട് നടന്നു. പിന്നെ ജോലിയൊക്കെ ശരിയായി ഗൾഫിലേക്ക് പോവാൻ ആയപ്പോ എങ്ങനെയൊക്കെയോ ധൈര്യം സംഭരിച്ചു രമണിയോട് കാര്യം അവതരിപ്പിച്ചു.പക്ഷേ
രമണി മുഴുവൻ പറയാൻ സമ്മതിച്ചില്ല. വേറെ ഒരാളുമായി ഇഷ്ടത്തിൽ ആണെന്ന് അച്ഛനോട് പറഞ്ഞു. അങ്ങനെ നിന്റച്ഛൻ പ്ലിംഗ്. പിന്നെ അച്ഛൻ ഗൾഫിലൊക്കെ പോയി വന്നിട്ടാണ് എന്നെ കല്യാണം കഴിക്കുന്നത്.അന്നൊന്നും എനിക്കിതറിയില്ല.പിന്നെ രമണി ഒളിച്ചോടിപോയപ്പോഴാ എന്നോടിതൊക്കെ പറയുന്നത്. നല്ലൊരു കുട്ടിയായിയുന്നു.. ഇവിടെ വന്നപ്പോ എനിക്കുണ്ടായിരുന്ന ആകെയൊരു കൂട്ടായിരുന്നു അവൾ. എന്തായാലും വല്ലാത്തൊരു ഷോക്ക് ആയി അവളിപ്പോ ജീവനോടെ ഇല്ല എന്നറിഞ്ഞപ്പോ.
എന്തായാലും ഈ കഥ കൂടി കേട്ടതോടെ അച്ഛന്റെ ക്രഷിന്റെ മകളെ കാണാൻ എനിക്ക് ഒന്നൂടെ ആകാംക്ഷയേറി..
പിറ്റേന്ന് രാവിലെ മുറ്റമടിക്കുന്ന ശബ്ദം കേട്ടാണ് എണീറ്റത്. ജനൽ തുറന്നപ്പോൾ നേരെ കണ്ടത് അവളെ തന്നെയാണ്.. ഇന്നലെ രാധമ്മ പറഞ്ഞപോലെ ഒരു കൊച്ചു സുന്ദരി. എന്തോ വല്ലാത്തൊരു സഹതാപം തോന്നി അവളുടെ കാര്യമൊക്കെ ഓർത്തപ്പോൾ.
ആദ്യമൊക്കെ എല്ലാവരോടും സംസാരിക്കാൻ മടി കാണിച്ചിരുന്ന അവൾ പതിയെ പതിയെ അനിയത്തി ദേവുമായി കൂട്ടായി. അതിനാൽ ജോലിയൊക്കെ കഴിഞ്ഞാലും ദേവുമായി സംസാരിച്ചു അവൾ കുറേ നേരം വീട്ടിൽ നിൽക്കാൻ തുടങ്ങി.അമ്മയ്ക്ക് അവളോട് പ്രത്യേക ഇഷ്ട്ടമുള്ളതായി തോന്നി. പാറു പാത്രമൊക്കെ കഴുകുമ്പോൾ അമ്മ ദേവൂനോട് അവളെ സഹായിക്കാൻ പറയും. പാറു കൂട്ടായതോടെ ദേവൂന് ഗൾഫിൽ നിന്ന് വന്നതിന്റെ സങ്കടമൊക്കെ ഇല്ലാതായി.തുടക്കത്തിൽ എനിക്കും അവളോട് മിണ്ടാൻ മടിയൊക്കെ തോന്നിയെങ്കിലും ക്രമേണ എങ്ങനെയോ ഞങ്ങളും സംസാരിച്ചു തുടങ്ങി.
അങ്ങനെ ഒരു ദിവസം ഞങ്ങളെ എല്ലാവരെയും അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കൊണ്ടാണ് പാറുവിന്റെ sslc റിസൾട്ട് വന്നത്. ഫുൾ എ പ്ലസ്. രാധമ്മ അവൾ പഠിക്കാൻ മിടുക്കി ആണെന്ന് പറഞ്ഞിരുന്നുവെങ്കിലും ഇത്രയ്ക്കങ്ങോട്ട് മിടുമിടുക്കിയാണെന്ന് ആരും കരുതിയില്ല. അവൾടെ റിസൾട്ട് വന്നതോടെ എനിക്ക് ടെൻഷനായി. സി ബി എസ് ഇ സില്ലബസ്സുകാരുടെ റിസൾട്ട് പിന്നേയും രണ്ടാഴ്ച കഴിഞ്ഞാണ് വന്നത്.72 ശതമാനം മാർക്കൊടെ ഞാനും അങ്ങനെ sslc പാസ്സായെങ്കിലും അവളുടെ മുന്നിൽ എന്റെ മാർക്കിന് ഒരു വിലയും ഇല്ലെന്ന് എനിക്ക് പോലും തോന്നി. റിയാദിലെ മികച്ച സ്കൂളും ട്യൂഷനും പിന്നെ യാതൊരു ബുദ്ധിമുട്ടും ഇല്ലാത്ത ജീവിതവുമൊക്കെ ആയിരുന്നിട്ടും ഒരു വിഷയത്തിന് പോലും പാറുവിനെക്കാൾ ഒരു മാർക്ക് പോലും കൂടുതൽ വാങ്ങിക്കാൻ എനിക്കായീല.ശരിക്കും പാറു ഒരു അത്ഭുതം തന്നെ ആണെന്ന് എനിക്ക് മനസ്സിലായി.
അങ്ങനെ പാറുവിന് മെറിറ്റിൽ അഡ്മിഷൻ കിട്ടിയ സ്കൂളിൽ പൈസ അമ്പതിനായിരം കൊടുത്ത് എനിക്ക് പ്ലസ് വണ്ണിന് അഡ്മിഷൻ ശരിയാക്കി . അങ്ങനെ ഞാനും പാറുവും ഒരു ക്ലാസ്സിലായി.
സ്കൂളിലെ ആദ്യ ദിവസം ഞാൻ ഭക്ഷണം കഴിച്ചു പാത്രവുമായി കഴുകാൻ ആയി പുറത്തേക്കിറങ്ങിയപ്പോൾ പാറുവും പിന്നാലെ ഓടി വന്നു.
തേജു.. ആ പാത്രം തരൂ.. ഞാൻ കഴുകിവെയ്ക്കാം
ഞാൻ അത്ഭുതത്തോടെ അവളെ നോക്കി.
സ്കൂളിലെ പഠിപ്പിസ്റ്റ് പാർവതി എന്ന ഇമേജിൽ അല്ല അവളെന്റെ മുന്നിൽ നിൽക്കുന്നത്. എങ്ങനെ വേണമെങ്കിലും അവൾക്കിപ്പോ എന്റെ മുന്നിൽ ഷൈൻ ചെയ്യാമായിരുന്നു . അതിന് പകരം എന്നും ഞങ്ങളുടെ വീട്ടിലെ എച്ചിൽ പാത്രം കഴുകുന്ന ആ പാറുവായി തന്നെ അവളെന്റെ മുന്നിൽ ഒരു മടിയും കൂടാതെ കൈ നീട്ടി നിൽക്കുന്നു.
പാറു.. ഇവിടെ ഞാനും നീയും ഒരേ പോലെയാണ് ട്ടോ.. എന്നും പറഞ്ഞു ഞാൻ അവളുടെ മറുപടി കാത്തു നിൽക്കാതെ പാത്രവുമായി നടന്നു നീങ്ങി.
ഞങ്ങൾ എണീക്കുന്നതിനു മുന്നേ വന്ന് മുറ്റമടിച്ചു വീടിനകം അടിച്ചു തൂകി പാത്രങ്ങൾ കഴുകി തിരിച്ചവളുടെ വീട്ടിലേക്ക് പോയി ഞങ്ങൾക്ക് മുന്നേ റെഡി ആയി സ്കൂളിൽ പോവാൻ എന്നേയും ദേവൂനെയും കാത്തു നിൽക്കുന്ന പാറു പിന്നേയും എന്നെ അത്ഭുതപ്പെടുത്തി കൊണ്ടേയിരുന്നു.
എന്നേയും ദേവൂനെയും ട്യൂഷന് ചേർത്തപ്പോ അമ്മ പാറുനെയും ചേർത്താൻ നോക്കിയെങ്കിലും അവൾ വേണ്ടെന്നു പറഞ്ഞു ഒഴിഞ്ഞു മാറി. സ്കൂളിൽ നടത്തിയ ക്ലാസ്സ് ടെസ്റ്റിന്റെ മാർക്ക് വന്നപ്പോ പാറു ക്ലാസ്സിലെ ടോപ്പ് സ്കോറർ ആയപ്പോൾ എനിക്ക് കഷ്ട്ടി ജയിക്കാനുള്ള മാർക്കെ കിട്ടിയുള്ളൂ.പിന്നീട് അമ്മയുടെ നിർദേശപ്രകാരം രാത്രിയിൽ 7 മുതൽ 9 മണി വരെ പാറുവിന്റെ പഠിത്തം എന്റെ വീട്ടിലായി. അവളുടെ കൂടെയിരുന്നു പഠിക്കുകയല്ലാതെ എനിക്ക് വേറെ നിവൃത്തിയില്ലായിരുന്നു.എന്നെ ഒപ്പമിരുത്തി ഒരു കുട്ടി ടീച്ചറെ പോലെ അവൾ എന്നെ പഠിപ്പിച്ചു. അതിന്റെ ഗുണം അടുത്ത എക്സാം റിസൾട്ടിൽ കാണാനും സാധിച്ചു. ക്ലാസ്സിലെ ടോപ് 5 ലേക്ക് എന്റെ സ്ഥാനം കുതിച്ചുയർന്നു.
വേനലവധിയ്ക്ക് അച്ഛൻ നാട്ടിൽ വന്നപ്പോ പാറുവിന് പ്രത്യേകമായി അച്ഛൻ സാധനങ്ങൾ കൊണ്ടു വന്നിരുന്നു. അവളെ ചേർത്തു നിർത്തി അച്ഛൻ അതൊക്കെ കൊടുക്കുന്നത് കണ്ടപ്പോ എല്ലാ കഥയും അറിയുന്ന എനിക്ക് അച്ഛന്റെ മുഖത്ത് ഒരു നിരാശ നിഴലിച്ചത് പോലെ തോന്നിപ്പിച്ചു.
അച്ഛൻ വന്നതോടെ ഞങ്ങളാകെ തിരക്കിലായി. എപ്പോഴും യാത്രകളും മറ്റുമായി അധികവും പുറത്തു തന്നെ ആയിരിക്കും. പാറുവുമായുള്ള സംസാരം തീരെ ഇല്ലാതായി… അതുകൊണ്ട് തന്നെ പാറുവിനെ വല്ലാതെ മിസ്സ് ചെയ്യുന്നതുപോലെയൊക്കെ എനിക്ക് തോന്നി തുടങ്ങി.
അച്ഛൻ ലീവ് കഴിഞ്ഞു പോയതോടെ വീണ്ടും പഴയത് പോലെയായി.. പാറുവിന് ഒന്നിനും ഒരു പരിഭവവും ഇല്ലായിരുന്നു. പ്ലസ് വണ്ണിൽ നിന്നും പ്ലസ് ടു വിലേക്ക് ആയതോടെ അവൾ ഒന്നൂടെ പഠിത്ത കാര്യത്തിൽ ശ്രദ്ധ തിരിച്ചു.. കൂടെ അവൾ എന്നേയും ചേർത്തു നിർത്തി. അതുകൊണ്ട് തന്നെ പബ്ലിക് എക്സാം കഴിഞ്ഞു റിസൾട്ട് കാത്തിരിക്കുമ്പോൾ ഇപ്രാവശ്യം എനിക്ക് യാതൊരു ഭയവും തോന്നിയില്ല.
അമ്മയുടെ നിർബന്ധപ്രകാരം പാറുവും എന്റെ കൂടെ എൻട്രൻസ് എക്സാം എഴുതി. എനിക്ക് വലിയ പ്രതീക്ഷ ഒന്നും ഇല്ലായിരുന്നു. റിസൾട്ട് വന്നപ്പോൾ പാറുവിന് ഹോമിയോപതിയിൽ സീറ്റ് കിട്ടി. എനിക്ക് ബി ഡി എസ് നും. ഒന്നൂടെ റിപീറ്റ് ചെയ്താൽ അലോപ്പതി കിട്ടും എന്ന വിശ്വാസം എനിക്ക് വന്നു . വീട്ടുകാർ അത് സമ്മതിക്കുകയും ചെയ്തു.
പൈസയെ കുറിച്ച് ടെൻഷൻ ആവേണ്ട അതൊക്കെ ഞങ്ങൾ എടുത്തോളാം എന്റെ കൂടെ പാറുവിനെയും എൻട്രൻസ് കോച്ചിങ്ന് നു ചേർക്കാൻ അച്ഛനും അമ്മയും മാറി മാറി പറഞ്ഞെങ്കിലും പാറു അതിന് സമ്മതിച്ചില്ല. അവൾ ഹോമിയോപതിയിൽ തന്നെ ചേരാൻ തീരുമാനിച്ചു. ഞാൻ റിപീറ്റ് ചെയ്യാനും.അങ്ങനെ ഞങ്ങൾ രണ്ടു ദിശയിലേക്കായി ചേക്കേറി.
ഈ രണ്ടു കൊല്ലത്തിനിടയ്ക്ക് പാറു എന്റെ ആരൊക്കെയോ ആയി മാറിയിരുന്നു. എന്റെ അച്ഛനെ പോലെ തന്നെ എന്റെ ഇഷ്ടം തുറന്നു പറയാനുള്ള ധൈര്യം എനിക്കും കിട്ടിയില്ല. പക്ഷേ അച്ഛന് രമണി ചേച്ചിയെ നഷ്ടമായത് പോലെ എനിക്ക് പാറുവിനെ നഷ്ടപെടുത്താൻ വയ്യ. അതുകൊണ്ട് എന്റെ ഇഷ്ടം അവളെ അറിയിച്ചേ തീരു എന്ന നിർബന്ധബുദ്ധി സ്വയം തോന്നിയത് കൊണ്ട് അവൾ ഹോസ്റ്റലിലേക്ക് പോകുന്നതിന്റെ തലേ ദിവസം രണ്ടും കല്പിച്ച് പാറുവിനോട് ഞാൻ എന്റെ ഇഷ്ടം തുറന്നു പറഞ്ഞു..
മധുരമായ്….. പാർട്ട് 2
അവസാന ഭാഗം
പാർട്ട് 1 ലിങ്ക്
https://m.facebook.com/groups/1725045934377816/permalink/3533022670246791/?mibextid=Nif5oz
ഈ രണ്ടു കൊല്ലത്തിനിടയ്ക്ക് പാറു എന്റെ ആരൊക്കെയോ ആയി മാറിയിരുന്നു. എന്റെ അച്ഛനെ പോലെ തന്നെ എന്റെ ഇഷ്ടം തുറന്നു പറയാനുള്ള ധൈര്യം എനിക്കും കിട്ടിയില്ല. പക്ഷേ അച്ഛന് രമണി ചേച്ചിയെ നഷ്ടമായത് പോലെ എനിക്ക് പാറുവിനെ നഷ്ടപെടുത്താൻ വയ്യ. അതുകൊണ്ട് എന്റെ ഇഷ്ടം അവളെ അറിയിച്ചേ തീരു എന്ന നിർബന്ധബുദ്ധി സ്വയം തോന്നിയത് കൊണ്ട് അവൾ ഹോസ്റ്റലിലേക്ക് പോകുന്നതിന്റെ തലേ ദിവസം രണ്ടും കല്പിച്ച് പാറുവിനോട് ഞാൻ എന്റെ ഇഷ്ടം തുറന്നു പറഞ്ഞു.
പാറു .. എങ്ങനെ പറയണം എന്നറിയില്ല.. പറയുന്നത് ശരിയാണോ എന്നും അറിയില്ല.എന്നാലും പറയണം എന്ന് തോന്നി. ഇപ്പൊ പറഞ്ഞില്ലെങ്കിൽ ഇനി പാറുവിനെ കാണുന്നത് വരെ മനസ്സിലതൊരു വിങ്ങലായി കിടക്കും . പറയാതെ പോയാൽ ഹോസ്റ്റലിൽ സമാധാനത്തോടെ നിൽക്കാൻ എനിക്ക് സാധിച്ചു എന്നും വരില്ല…..
അതിയായ ടെൻഷൻ കാരണം മുൻകൂട്ടി മനസ്സിൽ പഠിച്ചുവെച്ച പോലെയൊന്നും ആ സമയത്ത് എന്റെ നാവിൻ തുമ്പിലേക്ക് വന്നില്ല.ഇങ്ങനെ നീട്ടി വലിച്ചു പറയാനൊന്നും ഞാൻ ഉദ്ദേശിച്ചതല്ല.. എന്തായാലും സംഭവം എന്റെ കയ്യിൽ നിന്നും പോയിരിക്കുന്നു .. ഇനി എങ്ങനെയെങ്കിലും പറഞ്ഞൊപ്പിച്ചേ തീരു.
പാറു ആണെങ്കിൽ എന്താണെന്നറിയാനുള്ള ആകാംക്ഷയിൽ എന്നെ തന്നെ നോക്കി നിൽക്കുകയാണ്.
ഞാൻ നന്നായിട്ടൊരു ദീർഘനിശ്വാസമൊക്കെയെടുത്ത് ഇത്തിരി റിലാക്സ് ചെയ്തതിനു ശേഷം വീണ്ടും തുടർന്നു.
എനിക്ക് പാറുവിനോടുള്ള കടപ്പാട് അത് വാക്ക് കൊണ്ട് പറഞ്ഞാൽ തീരാത്തതാണ് .. ഒരു ആവറേജ് പഠിത്തക്കാരനായ എന്നെ ഈ നിലയിലേക്ക് ഉയർത്തിയത് പാറുവാണ്.അല്ലെങ്കിലും നീ എന്നും എനിക്കൊരു അത്ഭുതം ആണ്. എല്ലാം കൊണ്ടും….പാറുവിൽ നിന്ന് ഒരുപാട് പോസിറ്റിവിറ്റി എനിക്ക് കിട്ടി.നിന്നെ ദൂരേന്നു കാണുമ്പോഴേ മനസ്സിനൊരു സന്തോഷമാണ്.ഇനി നമ്മൾ രണ്ടാളും രണ്ടു വഴിക്ക് പോവുകയാണ് .ഇനി പരസ്പരമുള്ള കാണലും സംസാരവുമൊക്കെ വളരെ കുറവായിരിക്കും.ഇനിയങ്ങോട്ട് ഞാൻ ഏറ്റവും കൂടുതൽ മിസ്സ് ചെയ്യാൻ പോവുന്നതും നിന്നെ ആയിരിക്കും..
ഇത്രമാത്രം മിസ്സ് ചെയ്യാൻ നീ എന്റെ ആരാണ് എന്ന് ഞാൻ കുറേ ആലോചിച്ചു… എനിക്ക് കൃത്യമായി ഒരുത്തരം കണ്ടെത്താൻ കഴിഞ്ഞില്ല.. പക്ഷേ എന്റെ മരണം വരെ നീ എന്റെ കൂടെ തന്നെ വേണം എന്ന് എന്റെ മനസ്സ് ആഗ്രഹിക്കുന്നു. നമ്മുടെ പഠിത്തമൊക്കെ കഴിഞ്ഞ് രണ്ടാൾക്കും ജോലിയൊക്കെ ആയി കഴിഞ്ഞാൽ പാറുവിന് ഒരു കൂട്ടുവേണമെന്ന് തോന്നി തുടങ്ങുമ്പോൾ ഞാൻ വന്നു വിളിച്ചാൽ പാറു എന്റെ ജീവിതത്തിലേക്ക് വരില്ലേ. ഐ മീൻ ഐ വാണ്ട് യൂ ആസ് മൈ സോൾമേറ്റ് ടിൽ മൈ ഡെത് .
ഇത്രയും പറഞ്ഞതിന് ശേഷം എന്റെ തൊട്ടു മുന്നിലായി നിൽക്കുന്ന പാറുവിനെ ഞാൻ പ്രതീക്ഷയോടെ ഉറ്റുനോക്കി.
അവളുടെ മുഖത്ത് ഒരു ഭാവമാറ്റവും കണ്ടില്ല .
കുറച്ചു നേരത്തെ മൗനത്തിനു ശേഷം അവൾ പതിയെ പറഞ്ഞു തുടങ്ങി.
തേജുവിന് എന്റെ കാര്യങ്ങളൊക്കെ അറിയുമായിരിക്കും എന്ന് കരുതുന്നു. എന്റെ അമ്മ മരിക്കുന്നതിന് മുമ്പ് അവസാനമായി എന്നോട് പറഞ്ഞ ഒരേ ഒരു കാര്യം എന്താ എന്നറിയോ .. ആരെയും പ്രേമിക്കരുതേ എന്ന്.അതൊരു അപേക്ഷ പോലെയാ എന്റമ്മ എന്നോട് പറഞ്ഞത്.അതുകൊണ്ട് സാക്ഷാൽ ദേവേന്ദ്ര തമ്പുരാൻ വന്നു എന്നോട് ഇഷ്ട്ടമാണെന്ന് പറഞ്ഞാലും എനിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരില്ല. എന്റെ അമ്മയുടെ ദുരിതം കണ്മുന്നിൽ കണ്ടു വളർന്നവളാ ഞാൻ. എന്റെ അച്ഛനെ പോലെ എല്ലാവരും ആവണം എന്നില്ല..എന്നാലും പ്രേമം… പ്രണയം… ഈ വാക്കിനോടൊക്കെ എനിക്ക് അറപ്പാണ്…. വെറുപ്പാണ്….
അവൾ കിതപ്പോടെ പറഞ്ഞു നിർത്തി.
സ്വന്തം ജീവിതാനുഭവത്തെ സാക്ഷി നിർത്തിയാണ് അവളിപ്പോ എന്നോട് സംസാരിച്ചത് . അല്ലാതെ വേറെ എവിടെയെങ്കിലും കണ്ടതിനെ കുറിച്ചോ കേട്ടതിനെ കുറിച്ചോ അല്ല .അതിനാൽ ഇനിയും അവളോട് കൂടുതൽ സംസാരിച്ചിട്ട് കാര്യമില്ലെന്ന് മനസ്സിലായി..
സോറി…എന്റെ മനസ്സിൽ തോന്നിയത് ഞാൻ വെറുതെ പറഞ്ഞു എന്നേയുള്ളൂ. റിയലി സോറി പാറു …ഞാൻ ഇപ്പൊ പറഞ്ഞത് നീ മറന്നേക്കൂ ട്ടോ..
മറുപടിയൊന്നും പറയാതെ പിന്തിരിഞ്ഞു പോകുന്ന അവളേയും നോക്കി നിൽക്കുമ്പോൾ ചെറിയൊരു സങ്കടം തോന്നിയെങ്കിലും അതിനേക്കാളുപരി എന്റെ മനസ്സിന് വലിയോരാശ്വാസം ആയിരുന്നു .
അവൾ വേറെ ആരെയും പ്രണയിക്കില്ലല്ലോ.. എന്റെ അച്ഛന് രമണിയാന്റിയെ നഷ്ടമാവാൻ കാരണമായത് പോലെ….
ആ സംഭവത്തിന് ശേഷം പാറു എന്നെ അവഗണിക്കുമോ എന്നൊരു പേടി തോന്നിയെങ്കിലും അവൾക്ക് ഏതു സമയത്തും വിളിക്കാൻ പറ്റുന്ന നല്ലൊരു സുഹൃത്തായി തന്നെ അവൾ എന്നെ പരിഗണിച്ചു എന്നതായിരുന്നു ഏറ്റവും വലിയ ആശ്വാസം.
പിന്നെയൊരു നീണ്ട കാത്തിരിപ്പായിരുന്നു. എന്റെയുള്ളിൽ ആളികത്തുന്ന പ്രണയ ജ്വാലയിൽ മധുരമായ് തെളിയുന്ന അവളുടെ മുഖം എന്നെ കൂടുതൽ കൂടുതൽ ആത്മവിശ്വാസമുള്ളവനാക്കി തീർത്തു.
കൊല്ലങ്ങൾക്കിപ്പുറം നാട്ടിലെ പേരുകേട്ട ഹോമിയോ ക്ലിനിക്കിന്റെ പുറത്ത് തൂക്കിയിട്ടിരിക്കുന്ന ബോർഡിൽ ഡോക്ടർ പാർവതി എന്ന പേര് വലിയ വെണ്ടയ്ക്ക അക്ഷരത്തിൽ എഴുതിയത് കണ്ടപ്പോഴും എനിക്കവളോട് തോന്നിയ അത്ഭുതത്തിന് അതിരില്ലായിരുന്നു. ആരോടും കടപ്പാടില്ലാതെ സ്വന്തം അധ്വാനവും കഴിവും കൊണ്ട് അവൾ നേടിയെടുത്ത ജീവിത വിജയം.!!!
എനിക്ക് വയ്യാതായി തുടങ്ങി ഇനി കൊച്ചുമോളെ സുരക്ഷിതമായ കൈകളിൽ ഏല്പിക്കേണ്ട സമയമായി എന്ന് അച്ഛനോടും അമ്മയോടും രാധമ്മ പറയുന്നത് ഒരു ദിവസം യാദൃശ്ചികമായി കേൾക്കാൻ ഇടയായപ്പോൾ അവളെ ഞാൻ സ്വന്തമാക്കികോട്ടെ എന്ന് അവരുടെ മുന്നിൽ പോയി ചോദിക്കുമ്പോൾ എന്റെ അച്ഛന്റെയും പിന്നെ രാധമ്മയുടെയും മനസ്സ് എനിക്കപ്പോൾ തന്നെ വായിക്കാൻ കഴിയുമായിരുന്നു.വർഷങ്ങൾക്ക് മുന്നേ വേലക്കാരിയുടെ മകളെ സ്നേഹിച്ചു സ്വന്തമാക്കാൻ ആഗ്രഹിച്ച് , അവസാനം തന്റെ ഇഷ്ടത്തിനു മുന്നിൽ തല കുനിക്കേണ്ടി വന്ന ആ പാവം മനുഷ്യൻ, എന്റെ ഈ ആഗ്രഹം കേട്ടപ്പോൾ എനിക്ക് നേരെ വിരിയിച്ച ഹൃദയം നിറഞ്ഞുള്ള ചിരിയിൽ നിന്ന് പലതും വായിച്ചെടുക്കാൻ എനിക്ക് സാധിച്ചു.
പക്ഷേ എന്റെ അമ്മയുടെ സ്വപ്നങ്ങൾ ഞാൻ കല്ലെറിഞ്ഞു തകർത്തുവോ എന്ന സന്ദേഹം എനിലുണ്ടായിരുന്നു.അത് മനസ്സിലായെന്ന വണ്ണം അമ്മ എന്നോട് പറഞ്ഞു..
എടാ..പൊതുവെ എല്ലാർക്കും മരുമോളെ സ്വന്തം മോളായി കാണാൻ നല്ല ബുദ്ധിമുട്ടാ …. എനിക്കിപ്പോ സ്വന്തം മോളെ അല്ലേ മരുമോളായി കാണേണ്ടത്… അത് അമ്മ അഡ്ജസ്റ്റ് ചെയ്തോളാം ട്ടോ എന്നു പറഞ്ഞു അമ്മ കണ്ണിറുക്കി കാണിച്ചപ്പോൾ എന്റെ മനസ് സന്തോഷത്താൽ പൂത്തുലഞ്ഞു.എങ്കിലും എന്റെ ഹൃദയം അപ്പോഴും പിടയുകയായിരുന്നു.
പാറു…. അവൾ….അവളോട് വീണ്ടും ഈ കാര്യം പറയുമ്പോൾ….അവളുടെ പ്രതികരണം എങ്ങനെയാവും..
അന്ന് കുട്ടിത്തം മാറാത്ത ആ കൗമാര പ്രായത്തിലും അവളുടെ മറുപടിക്ക് കാരിരുമ്പിന്റെ ശക്തിയുണ്ടായിരുന്നു.. ഇപ്പോൾ ഈ 10 വർഷങ്ങൾക്ക് ശേഷം ഞാൻ വീണ്ടും പറയുമ്പോൾ…. അവളുടെ ഇതുവരെ ആയും പിടികിട്ടാത്ത മനസ്സിൽ എന്താവും എന്നറിയാതെ ഞാൻ ഉഴറി.
നോ എന്ന് അവൾക്ക് മറുപടി തരാൻ കഴിയാത്ത വിധം അവളോട് കാര്യം അവതരിപ്പിക്കണം. അതിനുള്ള വഴി തല പുകഞ്ഞാലോചിച്ചു.
പിറ്റേന്ന് ഞാൻ ജോലി ചെയ്യുന്ന ഹോസ്പിറ്റലിൽ ലീവ് പറഞ്ഞു നേരെ അവളുടെ ക്ലിനിക്കിലേക്ക് പോയി ഒരു ടോക്കൺ എടുത്തു .കുറച്ചു നേരത്തെ കാത്തിരിപ്പിന് ശേഷം എന്നെ വിളിച്ചു.
ഞാൻ അകത്തേക്ക് കയറി. അവൾക്കഭിമുഖമായുള്ള കസേരയിൽ ഇരുന്നപ്പോഴാണ് പാറു എന്റെ മുഖത്തേക്ക് നോക്കിയത്. അപ്രതീക്ഷിതമായി എന്നെ അവിടെ കണ്ടതും അവൾ ചാടി എണീറ്റു. ഒരു മിനിറ്റ് അവൾ കിളി പോയത് പോലെ നിന്നു.
തേജു എന്താ ഇവിടെ.. അവൾ അത്ഭുതത്തോടെ ചോദിച്ചു.
ഞാൻ ഡോക്ടറെ കാണാൻ വന്നതാണ്.
എന്റെ മുഖത്തെ ഗൗരവം അവളെ അമ്പരിപ്പിച്ചു.
തേജു കളിക്കാതെ കാര്യം പറ
ഞാൻ പറഞ്ഞല്ലോ ഡോക്ടറെ കാണിക്കാൻ വന്നതാണെന്ന്.
എങ്കിൽ എന്താ അസുഖം എന്ന് പറയൂ… നിങ്ങളുടെ സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിൽ മരുന്ന് ഇല്ലാത്തത് കൊണ്ടാണോ ഞങ്ങളുടെ കൊച്ചു ക്ലിനികിലേക്ക് വന്നത്?
ആണല്ലോ. ഡോക്ടർക്ക് അറിയാലോ ഞങ്ങളുടെ മരുന്ന് കൊണ്ട് അസുഖം പെട്ടെന്ന് മാറും…പക്ഷേ വീണ്ടും വരാനുള്ള ചാൻസ് കൂടുതലാണ് . പക്ഷേ നിങ്ങളുടെ ഹോമിയോയിൽ അങ്ങനെ അല്ല തുടക്കത്തിൽ അസുഖം മാറാൻ ഇത്തിരി കാലതാമസം എടുത്താലും മാറിക്കിട്ടിയാൽ പിന്നെ രക്ഷപെട്ടു. ശാശ്വതമായ രോഗ ശാന്തി ലഭിക്കും .
ആഹാ എന്നാൽ ഞാൻ മാറ്റി തരേണ്ട അസുഖം എന്താണെന്ന് പറയൂ..
അത് പിന്നെ…. ഡോക്ടർ ആദ്യം ഞാൻ പറയുന്നത് മുഴുവനായും കേൾക്കണം.. എന്നിട്ട് മരുന്ന് കുറിച്ചു തന്നാൽ മതി.. .കുറച്ചു വർഷങ്ങൾക്ക് മുൻപ്…കൃത്യമായി പറഞ്ഞാൽ ഒരു 10 വർഷങ്ങൾക്ക് മുൻപ് എന്റെ ഹൃദയത്തിന് ഒരു അസുഖം പിടിപ്പെട്ടിരുന്നു . ഞാനത് അന്നേരം ഡോക്ടറോട് സൂചിപ്പിച്ചിരുന്നു..ഇപ്പൊ അസുഖം അതിന്റെ കൊടും തീവ്രതയിൽ നിക്കാണ്.. പല ഡോക്ടർമാരേയും ഞാൻ മാറി മാറി കാണിച്ചു.. പക്ഷെ ഈ രോഗം പൂർണമായി മാറണമെങ്കിൽ ഈ ഡോക്ടർ അതായത് Dr പാർവതി തന്നെ എന്നെ ചികിത്സിക്കണം. എന്നാലേ ഭേദമാവൂ..കാരണം എന്റെ ഹൃദയം തുറന്നു നോക്കിയപ്പോൾ അതിനകം മുഴുവൻ പാറു എന്ന വൈറസ് കീഴടക്കിയിരിക്കുന്നു.ഇനിയും ഈ അസുഖവും പേറി കൂടുതൽ കാലം എനിക്ക് മുന്നോട്ട് പോവാൻ വയ്യ.. ശാശ്വതമായ രോഗമുക്തി എനിക്ക് കിട്ടിയേ തീരൂ.അതിനുള്ള മരുന്നാണ് ഡോക്ടർ എഴുതി തരേണ്ടത്.
ഒട്ടും പ്രതീക്ഷിക്കാത്ത കാര്യം അതും ക്ലിനികിൽ വന്ന് പറഞ്ഞത് കേട്ട് അവളാകെ ഷോക്ക് ആയി നിൽക്കുകയാണ്.ആരെങ്കിലും കേൾക്കുമോ എന്ന ടെൻഷനിൽ അവൾ ചുറ്റും നോക്കി.
പാറു ടെൻഷൻ ആവേണ്ട..വേറെ എവിടെയിരുന്നു പറഞ്ഞാലും ഞാൻ പറയുന്നത് മുഴുവൻ കേൾക്കാൻ നീ നിന്ന് തരില്ല എന്നെനിക്ക് നന്നായറിയാം . അതുകൊണ്ടാണ് ഇങ്ങോട്ടേക്കു തന്നെ വന്നത്. പുറത്ത് വെയിറ്റ് ചെയ്യുന്ന രോഗികളുടെ മുന്നിലൂടെ നീ എന്തായാലും ഇറങ്ങി ഓടില്ലല്ലോ.
സീ മാളു.. ഇനി കാര്യത്തിലേക്ക് കടക്കാം…ഇപ്പൊ നമുക്ക് രണ്ടുപേർക്കും കല്യാണപ്രായമായി. നിന്നെ എന്തായാലും രാധമ്മ കല്യാണം കഴിപ്പിച്ചു വിടും. ഇപ്പൊ ഞാൻ വന്നത് എന്നെ പ്രേമിക്കണം എന്ന് പറയാനൊന്നും അല്ല. എല്ലാവരുടെയും അനുഗ്രഹത്തോടെ നമുക്ക് കല്യാണം കഴിച്ചു ഒരുമിച്ചു ജീവിക്കാം എന്ന് പറയാൻ ആണ്.
പാറു ഒന്നും മിണ്ടാതെ തല കുനിച്ചു ഇരിക്കുകയാണ്.
പാറു… നിന്റെ മറുപടി കേൾക്കാതെ ഞാൻ ഇവിടെ നിന്നും പോവില്ല.. ഷുവർ.. നിന്റെ മനസ്സിലൂടെ ഇപ്പോൾ ഒരുപാട് കാര്യങ്ങൾ കടന്നു പോകുന്നുണ്ടാവും എന്നെനിക്കറിയാം. എന്റെ അച്ഛൻ അമ്മ രാധമ്മ എല്ലാവരോടും ഞാൻ സമ്മതം ചോദിച്ചിട്ടാണ് ഇപ്പൊ നിന്റെ മുന്നിൽ വന്നിരിക്കുന്നത്. അതോർത്തു നീ ടെൻഷൻ ആവേണ്ട. ഇനി നിന്നെ ഉപേക്ഷിച്ചു പോയ അച്ഛനെ തിരക്കി സമ്മതം ചോദിക്കണം എന്നുണ്ടെങ്കിൽ അതും ഞാൻ ചെയ്തോളാം…
പാറു…കല്യാണം എന്ന് പറയുന്നത് രണ്ടു മനസ്സുകൾ തമ്മിലുള്ള കൂടി ചേരൽ ആണ് .. മനസ്സിന് ഇഷ്ടപെട്ട ഒരാളുടെ കൂടെ ജീവിക്കുക എന്ന് പറയുന്നതാണ് ഏറ്റവും വലിയ ഭാഗ്യം..ഇനി പാറുവിന്റെ സ്വപ്നങ്ങളും സങ്കൽപ്പങ്ങളും എങ്ങനെയാ എന്നൊന്നും എനിക്കറിയില്ല. പാറുവിന് എന്നെ ഇഷ്ടമല്ലെങ്കിൽ അതും തുറന്നു പറയാം. എന്തായാലും നിന്റെ റിപ്ലൈ എനിക്ക് കിട്ടിയേ തീരു .
പാറു.. നീ എന്തെങ്കിലും പറയ്…..ഇങ്ങനെ മിണ്ടാതിരിക്കല്ലേ..
കുറച്ചൊരു നിശബ്ദതയ്ക്ക് ശേഷം അവൾ സംസാരിച്ചു തുടങ്ങി
അത്.. പിന്നെ… .പണ്ട് തേജു എന്നോട് ഇഷ്ട്ടം അറിയിച്ചപ്പോൾ എനിക്ക് പ്രേമം എന്ന വാക്ക് തന്നെ ഇഷ്ട്ടമല്ല എന്ന് പറഞ്ഞു ഞാനെന്റെ ഇഷ്ടക്കേട് അറിയിച്ചിരുന്നു . കാരണം ഞാൻ കണ്ട പ്രണയം അങ്ങനെ ആണ്..വീട്ടുകാരെ ഉപേക്ഷിച്ചു എന്റെ അമ്മ നേടിയ പ്രണയത്തിന് പിന്നീട്
വിലയായി കൊടുക്കേണ്ടി വന്നത് എന്റെ അമ്മയുടെ ജീവൻ തന്നെയാ.. അതിൽ ജീവിക്കുന്ന രക്തസാക്ഷിയായി ബാക്കിയായത് ഈ ഞാനും..
ഇന്നിപ്പോൾ കുറച്ചു കൂടി ഒരു പക്വത വന്നു എനിക്ക്…എല്ലാം കാര്യങ്ങളും അതിന്റെ എല്ലാ വശങ്ങളിലൂടെ ചിന്തിക്കാനും വിലയിരുത്താനും ജീവിതം എന്നെ പഠിപ്പിച്ചു.തേജുവിന്റെ ആത്മാർഥത നിറഞ്ഞ സ്നേഹത്തെ ഞാൻ ഇപ്പോൾ മനസ്സിലാകുന്നുണ്ട്.. പക്ഷെ…..ഞാനിപ്പോ ഒരു ഡോക്ടറോക്കെ തന്നെയാ.. സമ്മതിച്ചു.പക്ഷേ അതിന് മുന്നേ എനിക്കൊരു പാസ്ററ് ഉണ്ടായിരുന്നു.. തേജുവിന്റെ വീട്ടിൽ വെറും വീട്ടുവേലക്കാരിയായ ഒരു പാർവതി..തേജു അതൊക്കെ അംഗീകരിച്ചു കൊണ്ടു തന്നെയാണ് അന്നും ഇതാ ഇപ്പോഴും എന്നോട് ഇഷ്ടം പറയുന്നത് എന്നൊക്കെ എനിക്കറിയാം. പക്ഷെ തേജുവിന്റെ കുടുംബക്കാർ.. നാട്ടുകാർ…അവരൊക്കെ നമ്മുടെ കല്യാണ വാർത്ത കേട്ടാൽ… അവർക്ക് പറഞ്ഞു ചിരിക്കാൻ ഇതിൽപരം എന്ത് വേണം..അർഹതയില്ലാത്തത്…..
പാറുവിനെ മുഴവൻ പറയാൻ ഞാൻ സമ്മതിച്ചില്ല
പുറമേയുള്ളവരുടെ കാര്യമൊന്നും എനിക്ക് അറിയേണ്ട പാറു.. സമ്മതം കിട്ടേണ്ടവരുടെ അനുവാദം ഞാൻ വാങ്ങിയിട്ടുണ്ട്..പിന്നെ എനിക്ക് നിന്നോട് ഒന്നേ പറയാനുള്ളൂ.. ആരുടെ മുന്നിലും തലകുനിക്കാതെ ജീവിതത്തോട് പട പൊരുതി ഈ തിളങ്ങുന്ന വിജയം നേടി പലർക്കും മാതൃകയായി മാറിയ… അഭിമാനത്തോടെ ഇപ്പൊ ഇതാ എന്റെ മുന്നിൽ ഇരിക്കുന്ന ഈ ഡോക്ടർ പാർവതി എനിക്ക് എന്നും ഒരു അത്ഭുതമാണ്..ആ നിനക്ക് ഞാൻ ചേരുമോ എന്ന പേടി മാത്രമേ എനിക്കുള്ളൂ .അതിനുള്ള ഉത്തരം മാത്രം നീയിപ്പോ പറഞ്ഞാൽ മതി. വേറെ ഒന്നിനെ കുറിച്ചും എനിക്ക് ഭയമില്ല.
ഞാൻ ഇത്രയൊക്കെ പറഞ്ഞിട്ടും പാറുവിന്റെ മൗനം എന്നെ കൂടുതൽ അസ്വസ്ഥതനാക്കി…
എന്തായാലും പാറു സമയം വെറുതെ കളയേണ്ട എനിക്ക് എന്തെങ്കിലും ഒരു മരുന്ന് എഴുതി തരൂ… പുറത്ത് രോഗികളെ ഇങ്ങനെ വെയിറ്റ് ചെയ്യിപ്പിക്കുന്നത് നല്ല ഡോക്ടറുടെ ലക്ഷണമല്ല .
കുറച്ചു നേരത്തെ ആലോചനയ്യ്ക്ക് ശേഷം പാറു ഒരു ചീട്ടെടുത്ത് അതിൽ എന്തോ കുറിച്ചു. എന്നിട്ട് അത് നാലായി മടക്കി എന്റെ കയ്യിൽ തന്നു..എന്നിട്ട് പറഞ്ഞു
ഇവിടെ വെച്ചു തുറന്നു നോക്കരുത്.. കാറിൽ കയറിയിട്ട് നോക്കിയാൻ മതി.
സംശയത്തോടെ ആ കുറിപ്പും പിടിച്ചു നിൽക്കുന്ന എന്നെ മൈൻഡ് ചെയ്യാതെ മേശപുറത്തുള്ള ബെല്ലടിച്ചു അടുത്ത രോഗിയോട് കയറാനുള്ള നിർദേശം അവൾ നൽകി.
ഞാൻ പുറത്തിറങ്ങാൻ വേണ്ടി വാതിലിൽ അക്ഷമരായി കാത്തു നിൽക്കുന്നവരെ കണ്ടപ്പോൾ ഞാൻ വേഗം അവിടെ നിന്നും ഇറങ്ങി.
നെഞ്ചിടപ്പോടെ ഞാൻ കാറിൽ കയറി.. ആ കടലാസെന്റെ കയ്യിൽ ഇരുന്നു വിറക്കാൻ തുടങ്ങി. എന്തായിരിക്കും പാറു എഴുതിയിട്ടുണ്ടാവുക. പോസിറ്റീവ് ആയിട്ടുള്ള മറുപടി ആണെങ്കിൽ എന്റെ പത്തു വർഷത്തെ സ്വപ്നങ്ങൾക്ക് ചിറകടിച്ചു പറക്കാനുള്ള സമയം ഇതാ ആഗതമായിരിക്കുന്നു .. പക്ഷേ നെഗറ്റീവ് റിപ്ലൈ ആണെങ്കിൽ…. ഒരിക്കൽ പോലും പാറു കൂടെയില്ലാത്ത ജീവിതത്തെ കുറിച്ചു ഞാൻ വെറുതെ പോലും സങ്കല്പിച്ചു നോക്കിയിട്ടില്ല… അവൾക്ക് എന്നെ ഇഷ്ടമല്ല എന്നാണെങ്കിൽ ഈ നിമിഷം തൊട്ട് ഞാനിതുവരെ അനുഭവിക്കാത്ത വലിയൊരു ഡിപ്രെഷനിലേക്ക് കൂപ്പുകുത്താൻ പോവുകയാണ്.അതിൽ നിന്ന് എന്നെങ്കിലും എനിക്ക് കര കയറാൻ കഴിയുമോ.. അറിയില്ല.. പത്തു വർഷമായി അവളെന്റെ ജീവന്റെ ഭാഗമാണെന്ന് കരുതി അവളെ സ്വന്തമാക്കുന്ന ദിവസവും സ്വപ്നം കണ്ട് അവളെ മാത്രം മനസ്സിൽ പ്രതിഷ്ഠിച്ചു നടന്ന്……. അവസാനം ഇനി മുതൽ അവൾ എനിക്ക് സ്വന്തമല്ലയെന്ന് ഞാൻ എന്നെ തന്നെ എങ്ങനെ മനസ്സിലാക്കി കൊടുക്കും…. അറിയില്ല… ഒന്നും അറിയില്ല….
എന്റെ ഇഷ്ടദൈവങ്ങളെയെല്ലാം മനസ്സിൽ ധ്യാനിച്ചു കൊണ്ട് ഞാൻ വർധിച്ച ഹൃദയമിടിപ്പോടു കൂടി ആ കടലാസ് മെല്ലെ നിവർത്തി…
അവളുടെ ഭംഗിയുള്ള കൈയക്ഷരം എന്റെ മുന്നിൽ നല്ല തെളിമയോടെ തെളിഞ്ഞെങ്കിലും പെട്ടന്നെന്റെ കണ്ണിലൂറിയ കണ്ണുനീർ തുള്ളി കൊണ്ട് ആ എഴുത്തിന് മെല്ലെ മെല്ലെ മങ്ങലേറ്റു. എന്റെ കവിൾ തടങ്ങളിലൂടെ ഒലിച്ചിറങ്ങിയ രണ്ടു കണ്ണുനീർതുള്ളികൾ ആ വെളുത്ത പേപ്പറിലെ കറുത്ത മഷികൾക്ക് മേലെ ഉരുണ്ടു വീണു …
ഐ ലവ് യൂ റ്റൂൂ എന്നെഴുതിയ ആ പേപ്പറിൽ മുഖം ചേർത്ത് എത്ര നേരം ഞാൻ കാറിൽ ഇരുന്നു എന്നറിയില്ല.. ലോകം മുഴുവൻ കീഴടക്കിയത് പോലെ..അവളെ എത്രയും പെട്ടെന്ന് ഒരു നോക്ക് കാണാൻ മനസ്സ് വെമ്പൽ കൊണ്ടു. അവൾ തിരക്കിലാണെന്നറിയാം..അതുകൊണ്ട് ഇപ്പോൾ പെട്ടന്ന് കാണാൻ പറ്റും എന്ന് തോന്നുന്നില്ല .. അവളുടെ ശബ്ദമെങ്കിലും ഇപ്പോൾ കേട്ടെ മതിയാവൂ എന്നായി.വേഗം ഫോൺ എടുത്ത് പാറുവിന് വിളിച്ചു.
അവസാനത്തെ റിങ്ങിൽ അവൾ ഫോൺ എടുത്തു.
ഗൗരവമുള്ള അവളുടെ ശബ്ദം പുറത്തേക്കൊഴുകി വന്നു.
ഡ്യൂട്ടിയിൽ ആണ്.. പേഷ്യന്റിനെ നോക്കി കൊണ്ടിരിക്കുകയാണ്.
അവളുടെ മുന്നിലിരിക്കുന്ന പേഷ്യന്റ് ചുമക്കുന്ന ശബ്ദം ഞാനും കേട്ടു
എന്നാലും എനിക്ക് സംസാരിക്കണമായിരുന്നു..
ഡോക്ടറെ.. അത്….എനിക്ക് മരുന്ന് എഴുതി തന്നു എന്നല്ലാതെ അത് എങ്ങനെയാ കുടിക്കേണ്ടതെന്ന് പറഞ്ഞു തന്നില്ല..
ഞാൻ ഗൗരവം നടിച്ചുകൊണ്ട് ചോദിച്ചു
ഹാ ഇപ്പോൾ ആദ്യത്തെ രണ്ടുമാസം രാത്രിയിൽ മാത്രം ഒരു ടീസ്പൂൺ വീതം കഴിക്കൂ..എന്നിട്ട് അടുത്ത പ്രാവശ്യം വരുമ്പോൾ വീട്ടുകാരെയും കൂട്ടി വരൂ.. അപ്പോൾ മരുന്നിൽ മാറ്റം വരുത്താം ok..
അവളും ഒട്ടും ഗൗരവം വിടാതെ മറുപടി പറഞ്ഞു
ഓക്കേ.. ഓക്കേ.. താങ്ക്സ് ഡോക്ടർ.
അവൾ ഫോൺ കട്ടാക്കി.
എന്റെ ഹൃദയം ആനന്ദത്താൽ ക്രമാതീതമായി മിടിക്കുന്നത് എനിക്കറിയാമായിരുന്നു. അങ്ങനെ എന്റെ 10 വർഷത്തെ കാത്തിരിപ്പിന് ദൈവം ഞാൻ ആഗ്രഹിച്ചത് തന്നെ തന്ന് എന്നെ കാടാക്ഷിച്ചിരിക്കുന്നു.
പാറുവിന്റെ ഡ്യൂട്ടി കഴിയുന്നതും കാത്ത് ഞാൻ കാറിൽ തന്നെ ഇരുന്നു. വിരസത ഒഴിവാക്കാൻ വേണ്ടി റേഡിയോ മാംഗോ ഓൺ ആക്കിയപ്പോൾ എന്റെ കാതുകളിലേക്ക് ഒഴുകി എത്തിയ പ്രണയ ഗാനത്തിന് എന്നും കേൾക്കുന്നതിനേക്കാൾ കൂടുതൽ മധുരമുള്ളതായി എനിക്ക് തോന്നി.
ശുഭം

by