05/06/2026

ജാഫറിന്റെ വേർപാട് ഏറ്റവുമധികം ബാധിച്ചത്, ജമീലയേയും രണ്ട് മക്കളെയുമായിരുന്നു

ആ വലിയ തറവാട്ടിൽ നിന്നും ഓരോരുത്തരായി കൂടൊഴിഞ്ഞു പോയപ്പോൾ, അവശേഷിച്ച സഹോദരങ്ങളായ, ജാഫറും ,സിദ്ദീഖും തറവാട്ടിൽ തന്നെ കൂടാൻ തീരുമാനിച്ചു.

ജാഫറിന്റെ ഭാര്യ ജമീലയും ,
അവരുടെ രണ്ടു മക്കളും, പിന്നെ ,സിദ്ദീഖിന്റെ
ഭാര്യ ആയിഷയും ,അവരുടെ ഏക മകനും കൂടി , പരസ്പര സഹകരണത്തോടെയും സന്തോഷത്തോടും കൂടിയായിരുന്നു
അവിടെ കഴിഞ്ഞിരുന്നത് .

പെട്ടെന്നൊരു ദിവസം ആ രണ്ട് കുടുംബങ്ങളെയും കണ്ണീരിലാഴ്ത്തിക്കൊണ്ട് മൂത്ത സഹോദരനായ, ജാഫർ, ഈ ലോകത്തോട് വിട പറഞ്ഞു.

ജാഫറിന്റെ വേർപാട് ഏറ്റവുമധികം ബാധിച്ചത്, ജമീലയേയും രണ്ട് മക്കളെയുമായിരുന്നു.

ജാഫറിൻ്റെ മരണ ശേഷം ,തൻ്റെ ഭർത്താവ് സിദ്ദീഖ്, ജമീലയോട് കാണിക്കുന്ന അമിത സ്നേഹവും, കെയറിങ്ങും ഐഷയ്ക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.

അതിൻ്റെ പേരിൽ ഐഷ , സിദ്ദീഖുമായി കശപിശയുണ്ടാക്കുന്നത് പതിവായി,അനുജന്റെയും അനുജത്തിയുടെയും കുടുംബജീവിതത്തിൽ അലോസരം ഉണ്ടാക്കുന്നത് ,തൻ്റെ സാന്നിധ്യമാണെന്ന് മനസ്സിലാക്കിയ ജമീലയ്ക്ക് ,സ്വന്തം തറവാട്ടിലേക്ക് തിരിച്ചു പോകണമെന്നുണ്ടായിരുന്നു

പക്ഷേ, തറവാടിപ്പോൾ ഇളയ ആങ്ങളയുടെയും ഭാര്യയുടെയും പേർക്കാണുള്ളത്, മരിക്കുന്നതിന് മുൻപായി ,പെൺമക്കളുടെയൊക്കെ വിഹിതം കൊടുത്തിട്ട് , ബാക്കി വന്ന തറവാട് , ഉപ്പ ,ആങ്ങളയുടെ പേർക്ക് എഴുതിക്കൊടുക്കുകയായിരുന്നു ,

ഒരിക്കൽ ജമീലയുടെ മുറിയിലേയ്ക്ക്
സിദ്ദീഖ് കടന്ന് ചെന്നു

നിങ്ങൾക്ക് സമ്മതമാണെങ്കിൽ ,ഞാൻ നിങ്ങളെ നിക്കാഹ് കഴിച്ചോട്ടെ?,

നിസ്സഹായതയോടെ
നില്ക്കുകയായിരുന്ന ജമീലയോട്
സിദ്ദീഖ് ചോദിച്ചു. .

അത് കേട്ട് ജമീല ആകെ പതറിപ്പോയി സിദ്ദീഖിന്റെ വാക്കുകളെ ധിക്കരിച്ചുകൊണ്ട് അവിടെനിന്ന് ഇറങ്ങിപ്പോകണമെന്നുണ്ട്, പക്ഷേ, പത്തും പന്ത്രണ്ടും വയസ്സ് വീതം പ്രായമുള്ള ,തൻ്റെ പെൺമക്കളെയും കൊണ്ട് തെരുവിലേക്ക് ഇറങ്ങാനുള്ള ധൈര്യം അവർക്കില്ലായിരുന്നു.

സിദ്ദീഖ്, പുറത്തു പോയ അവസരം നോക്കി, ജമീല ഐഷയുടെ അരികിലെത്തിയിട്ട് സിദ്ദീഖ് തന്നോട് പറഞ്ഞ കാര്യങ്ങൾ അവളെ ബോധ്യപ്പെടുത്തി.

എനിക്ക് ഒട്ടും താല്പര്യമുണ്ടായിട്ടല്ല ഐഷാ ,പക്ഷേ ,എൻ്റെ പെൺമക്കളെ കുറിച്ച് ഓർത്ത് ,എനിക്ക് വല്ലാത്ത ആശങ്കയുണ്ട് ,എൻ്റെ തറവാട്ടിലെ സ്ഥിതി നിനക്കറിയാമല്ലോ? ഐഷയ്ക്കും മോനും , ഒരിക്കലും ഞാനോ മക്കളോ ഒരു തടസ്സമാവാതെ, ഞങ്ങളിവിടെ ഒതുങ്ങി കഴിഞ്ഞോളാം , സിദ്ദീഖ് എന്നെ നിക്കാഹ് കഴിച്ചാലും മുഴുവൻ സമയവും അയാൾ നിങ്ങളോടൊപ്പം തന്നെ ഉണ്ടാകും ,ഇത് എൻ്റെ വാക്കാണ് ,എന്നെ വിശ്വസിക്കൂ ഐഷാ , ,

ദൈന്യതയോടെയാണ് ജമീല,
ഐഷയോടത് പറഞ്ഞത്.

തൻ്റെ അനുവാദമില്ലെങ്കിലും സിദ്ദീഖ് ,
ജമീലയെ വിവാഹം കഴിക്കുമെന്നും,താൻ കൂടുതൽ എതിർത്താൽ ,ഒരു പക്ഷേ, തൻ്റെ സ്ഥാനം, പടിക്കു പുറത്താകുമെന്നും തോന്നിയത് കൊണ്ട് ,ആയിഷ മൗനംപാലിച്ചു.

ഒടുവിൽ ,അടുത്ത സഹോദരങ്ങളെയും ബന്ധുക്കളെയും മാത്രം ക്ഷണിച്ചുകൊണ്ട് സിദ്ദീഖ് ജമീലയെ വിവാഹം കഴിച്ചു.

ആ ദിവസം മുറിക്കു പുറത്തിറങ്ങാതെ ജലപാനം പോലുമില്ലാതെ ,ആയിഷ സ്വന്തം കിടപ്പറയിൽ തന്നെ കഴിച്ചുകൂട്ടി, രാത്രി 9 മണിയോടുകൂടി, സിദ്ദീഖ് അവളുടെ അരികിലെത്തി.

ഇന്ന് നിങ്ങടെ ആദ്യരാത്രി അല്ലേ? പിന്നെന്താ ഇവിടെ വന്നു കിടക്കുന്നത്? അവൾക്ക് പിരീഡ്സോ മറ്റോ ആയോ ?

ലൈറ്റ് ഓഫ് ചെയ്തിട്ട് താൻ കിടന്ന കട്ടിലിന്റെ അരികത്ത് കയറിക്കിടന്ന സിദ്ദിഖിനോടവൾ, അനിഷ്‌ടത്തോടെ ചോദിച്ചു.

നിന്റെയും മറ്റുള്ളവരുടെയും കണ്ണിൽ ഇന്ന് ഞങ്ങളുടെ ആദ്യ രാത്രിയാണ്,പക്ഷേ ഞങ്ങൾക്ക് രണ്ടുപേർക്കും മനസ്സമാധാനത്തോടെ ഉറങ്ങാൻ കഴിയുന്ന രാത്രിയാണിന്ന്, കുറച്ചുനാളുകളായി, അതായത് , ജാഫറിൻ്റെ മരണ ശേഷം ,
നീ എനിക്കും ,ആ പാവം ചേട്ടത്തിയ്ക്കും
സ്വസ്ഥത തന്നിട്ടില്ല, നീ മാത്രമല്ല ,
നമ്മുടെ ബന്ധുക്കളും ദിവസേന എന്നോട് പറഞ്ഞുകൊണ്ടിരുന്നത് ,ഒന്നുകിൽ ഞാൻ ജമീലയെ നിക്കാഹ് കഴിക്കണം ,അല്ലെങ്കിൽ അവളെ മറ്റൊരാൾക്ക് നിക്കാഹ് ചെയ്തു കൊടുക്കണം എന്നായിരുന്നു , അക്കാര്യത്തെക്കുറിച്ച് ഞാൻ ആദ്യം ജമീലയോട് സംസാരിച്ചു. പക്ഷേ തനിക്ക് രണ്ട് പെൺമക്കളാണെന്നും മറ്റൊരു പുരുഷനോടൊപ്പം ജീവിക്കുന്നത് തൻ്റെ മക്കളുടെ സുരക്ഷിതത്വത്തെ ബാധിക്കുമെന്നും ആശങ്ക പറഞ്ഞപ്പോൾ എങ്കിൽ ഞാൻ വിവാഹം കഴിക്കട്ടെയെന്ന് അവരോട് ചോദിച്ചു , അപ്പോൾ അവരെന്നോട് പറഞ്ഞതെന്താന്ന് നിനക്കറിയാമോ ? നമ്മുടെ വിവാഹത്തോടെ, ഐഷയുടെയും ബന്ധുക്കളുടെയും പ്രശ്നങ്ങൾ തീരുകയാണെങ്കിൽ ആയിക്കോളു ,
പക്ഷേ, ഒരിക്കൽ പോലും,
ഒരു ഭാര്യയെപ്പോലെ പെരുമാറാൻ, സിദ്ദീഖ് എന്നോട് ആവശ്യപ്പെടരുത് , എന്നായിരുന്നു,
എനിക്കും അതായിരുന്നു വേണ്ടിയിരുന്നത് , നിന്നെ കൂടാതെ ,മറ്റൊരു സ്ത്രീ കൂടെ ,എൻ്റെ ജീവിതത്തിൽ വേണമെന്ന് ഞാൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല, മാത്രമല്ല , ജാഫർ എൻ്റെ കൂടപ്പിറപ്പല്ലേടി , അവൻ്റെ ഭാര്യ വിധവയായപ്പോൾ അവരുടെ നിസ്സഹായതയെ ചൂഷണം ചെയ്യാനും മാത്രം ദുഷ്ടനാണ് ഞാനെന്ന് നിനക്ക് തോന്നുന്നുണ്ടോ?

സിദ്ദീഖ് ,മുഴുമിപ്പിക്കുന്നതിന് മുൻപ്,
ഐഷ ഒരു വിതുമ്പലോടെ അയാളുടെ നെഞ്ചിലേയ്ക്ക് വീണു.

എന്നോട് ക്ഷമിക്കൂ, എൻ്റെ സ്വാർത്ഥത കൊണ്ടാണ് ,നിങ്ങളെ ഞാൻ സംശയിച്ച് പോയത് , ഇനി , ഒരിക്കലും ആവർത്തിക്കില്ല,

തന്നിലേയ്ക്ക് ഇഴുകിച്ചേരാൻ വെമ്പുന്ന അവളുടെ മേനിയെ , കൂടുതൽ ആഗ്രഹത്തോടെ അയാൾ ചേർത്ത് പിടിച്ചു.

തൈപ്പറമ്പൻ .