ബസ്സിലിരിക്കുമ്പോഴാണ്, മകൻ
കൂട്ടുകാരൻ്റെ ബൈക്കിന് പുറകിലിരുന്ന് എതിർ ദിശയിലേയ്ക്ക് പോകുന്നത് ഗിരിജ കണ്ടത് ,രണ്ട് പേരും സ്‌കൂൾ യൂണിഫോമിലാണുള്ളത് , ആ കാഴ്ച ഗിരിജയെ ആശങ്കയിലാഴ്ത്തി.
അവൾ ബാഗിലിരുന്ന മൊബൈലെടുത്ത് സമയം നോക്കി, 5:30 pm
ഈശ്വരാ , , അവനിന്ന് ട്യൂഷനുള്ളതല്ലേ ?
ക്ളാസ്സിൽ കയറാതെ ഇവനിതെങ്ങോട്ടാണ് പറഞ്ഞ് പോകുന്നത് ?
ഗിരിജയുടെ ഒഴിഞ്ഞ വയറ്റിൽ നിന്നും ,
ഒരു ആധി, നെഞ്ചിലേയ്ക്ക് ഉരുണ്ട് കയറി.
ആളിറങ്ങണം,,
അവൾ പെട്ടന്ന് കണ്ടക്ടറോട
വിളിച്ച് പറഞ്ഞു.
നിങ്ങള് വണ്ടാനത്തേക്കല്ലേ ടിക്കറ്റെടുത്തത് ?
കണ്ടക്ടർ സന്ദേഹത്തോടെ ചോദിച്ചു.
അതെ, പക്ഷേ, എനിക്കിപ്പോഴാണ് മറ്റൊരു കാര്യം ഓർമ്മ വന്നത്, നിങ്ങള് വണ്ടിനിർത്തു, ഇവിടെയും സ്റ്റോപ്പുള്ളതല്ലേ?
അല്പം ശബ്ദമുയർത്തി,
ഈർഷ്യയോടെ അവൾ പറഞ്ഞു.
ഒരു മുരൾച്ചയോടെ സഡൻ ബ്രേക്കിട്ട , പ്രൈവറ്റ് ബസ്സിൽ നിന്നും , ഗിരിജ ചാടിയിറങ്ങി .
മകൻ നന്ദുവിൻ്റെ ട്യൂഷൻ സെൻ്റർ ആയിരുന്നു, അവളുടെ ലക്ഷ്യം .
നിറയെ കുട്ടികളുള്ള ക്ളാസ്സ് റൂമിന് മുന്നിലെത്തിയ ഗിരിജ, മാഷിൻ്റെ മുഖത്തേയ്ക്ക് നോക്കി .
എന്താ? ആരാ ?
അപരിചിതനായ മാഷ് ,
ആകാംക്ഷയോടെ ചോദിച്ചു
ഞാൻ ഇവിടെ പഠിക്കുന്ന നന്ദകുമാറിൻ്റെ അമ്മയാണ് ,അവനിന്ന് ക്ളാസ്സിൽ വന്നിരുന്നോ? എന്നറിയാൻ വന്നതാണ്,
ഉത്‌കണ്ഠയോടെ അവൾ ചോദിച്ചു.
ഞാനിവിടെ ഇംഗ്ളീഷ് ടീച്ചറായി വന്നിട്ട്
രണ്ട് മൂന്ന് ദിവസമേ ആയിട്ടുള്ളു , നന്ദകുമാറെന്നൊരാളെ, ഞാനിത് വരെ കണ്ടിട്ടില്ല , നിങ്ങൾക്കറിയാമോ പിള്ളേരേ ?
മാഷ് കുട്ടികളുടെ നേരെ തിരിഞ്ഞിട്ട് ചോദിച്ചു.
അറിയാം സാർ,അവൻ ഒരാഴ്ചയായി ഇങ്ങോട്ട് വന്നിട്ട്,
മുൻ ബഞ്ചിലിരുന്നൊരു കുട്ടിയാണത് പറഞ്ഞത്.
അയ്യോ സർ, അവൻ എല്ലാ ദിവസവും സ്കൂള് കഴിഞ്ഞ് ,ഇവിടെ ട്യൂഷന് വരാറുണ്ടെന്നാണ് എന്നോട് പറഞ്ഞത്, എന്നിട്ട് ദിവസവും വീട്ടിലെത്തുമ്പോൾ
ഏഴ് മണിയാകുകയും ചെയ്യും ,
ഉള്ളിലെ ആന്തൽ പുറത്ത് കാട്ടാതെ മാഷിനോടവൾ പറഞ്ഞു.
സാറേ , അവൻ ഷൂട്ടിങ് കാണാൻ പോയിരിക്കുവാ,
പുറകിൽ നിന്നാരോ വിളിച്ച് പറഞ്ഞു ക
ങ്‌ഹേ, ഷൂട്ടിങ്ങോ ?
അതേ സാറേ , മമ്മൂട്ടിടെ പടത്തിൻ്റെ ഷൂട്ടിങ്ങ് കായലിനക്കരെ നടക്കുന്നുണ്ട് ,അവൻ എല്ലാദിവസവും അങ്ങോട്ടാണ് പോകുന്നത്,
അത് കേട്ട് ഗിരിജയുടെ ശരീരം കുഴഞ്ഞ് പോയി, കണ്ണിലിരുട്ട് കയറുന്നത് പോലെ തോന്നിയ അവൾ ,താഴെ വീഴാതിരിക്കാനായി വാതിലിൽ മുറുകെ പിടിച്ച് നിന്നു.
സാറേ ,ഞാനെത്ര മാത്രം കഷ്‌ടപ്പെട്ടിട്ടാണ് അവനെ വളർത്തുന്നതെന്നറിയാമോ ?
ഇന്നും ,ഞാൻ മൂന്ന് വീടുകളിലെ ജോലി ചെയ്തിട്ടാണ് വരുന്നത് ,എല്ലാം അവനൊരാളെ പഠിപ്പിച്ചെടുക്കാനാണ് ,
എന്നിട്ട് അവനത് മനസ്സിലാക്കുന്നില്ലല്ലോ സാറേ, ?
ഗിരിജയുടെ സങ്കടം കണ്ട് ,
മാഷിൻ്റെ മനസ്സലിഞ്ഞു.
അല്ലാ, അവൻ്റെ അച്‌ഛൻ ?
അവൻ ഏട്ടാം ക്ളാസ്സിൽ പഠിക്കുമ്പോഴാണ് അദ്ദേഹം മരിക്കുന്നത്, ഗവഃ സർവ്വീസിൽ ക്ളർക്കായിരുന്നു , ഞാൻ പ്രീഡിഗ്രിയോടെ പഠിപ്പ് നിർത്തിയതാണ് , എനിയ്ക്ക് വേണമെങ്കിൽ, ഉള്ള പഠിപ്പ് കൊണ്ട് അദ്ദേഹത്തിൻ്റെ ഓഫീസിൽ, ഒ എ തസ്തികയിൽ ജോലി കിട്ടുമായിരുന്നു, പക്ഷേ , ഞാൻ കരുതിയത്, മകനെ ഡിഗ്രി വരെ പഠിപ്പിച്ചാൽ ,അദ്ദേഹത്തെ പോലെ അവന് ഒരു ക്ളറിക്കൽ പോസ്റ്റ് കിട്ടുമല്ലോ എന്നായിരുന്നു, ചെറുപ്രായത്തിലെ വികൃതിയായ അവനെ കുറിച്ച് ,അദ്ദേഹത്തിന് എപ്പോഴും ഉത്ക്കണ്ഠയായിരുന്നു, ഒറ്റ മകനല്ലേ സാറേ ,എങ്ങനെയെങ്കിലും അവനെ പഠിപ്പിച്ച് ആ ജോലി നേടി കൊടുത്തില്ലെങ്കിൽ, അവൻ്റെ ഭാവി ഇരുളടഞ്ഞ് പോകുമെന്ന് കരുതിയാണ്, ഞാനിങ്ങനെ കിടന്ന് കഷ്‌ടപ്പെടുന്നത്, ഇനി ഞാനെന്താ ചെയ്യണ്ടത് സാറേ , , ?
ഗിരിജയുടെ സങ്കടം അണപൊട്ടി ഒഴുകിയപ്പോൾ ,ക്ളാസ്സ് മുറിയാകെ ശോകമൂകമായി.
മേഡം , ഇപ്പോൾ ഓഫീസ് റൂമിൽ ചെന്ന് പ്രിൻസിയോടൊന്ന് കാര്യം പറഞ്ഞിട്ട് വീട്ടിലേയ്ക്ക് പൊയ്ക്കോളു , നിങ്ങളിതറിഞ്ഞ സ്ഥിതിയ്ക്ക് ,നാളെ എന്തായാലും അവനിവിടെ വരാതിരിക്കില്ല, ഞാനവനെയൊന്ന് ഉപദേശിച്ച് നോക്കാം,,
ഗിരിജയെ പറഞ്ഞ് വിട്ടിട്ട് ,
മാഷ് ഒരു ദീർഘനിശ്വാസമുതിർത്തു.
പിറ്റേന്ന് പതിവ് പോലെ ക്ളാസ്റ്റിലെത്തിയ വേണുമാഷ് , കഴിഞ്ഞ ദിവസം വരെ ക്ളാസ്സിൽ ഇല്ലാതിരുന്ന, നന്ദകുമാറിനെ കണ്ട്പിടിച്ചു.
നന്ദകുമാർ ക്ളാസ് കഴിയുമ്പോൾ, ഓഫീസ് റൂമിൽ വന്ന് എന്നെയൊന്ന് കണ്ടിട്ടേ പോകാവൂ,
മാഷ് പറഞ്ഞത് കേട്ട് ,നന്ദു തലകുലുക്കി
ആദ്യ ഒരു മണിക്കൂറിലെ ക്ളാസ്സ് കഴിഞ്ഞ് , വേണുമാഷ് ,ഓഫീസ് റൂമിലേയ്ക്ക് പോയപ്പോൾ, നന്ദകുമാറും മാഷിനെ അനുഗമിച്ചു. അടുത്ത പിരീഡ് തുടങ്ങാൻ പത്ത് മിനുട്ട് സമയം ഇടവേളയുണ്ടായിരുന്നു
ഇന്നലെയിവിടെ നന്ദകുമാറിൻ്റെ
അമ്മ വന്നിട്ടുണ്ടായിരുന്നു,
മുഖവുരയില്ലാതെ വേണുമാഷ്
സംസാരിച്ച് തുടങ്ങി.
അറിഞ്ഞു സാർ , അമ്മയിന്നലെ എന്നെ പൊതിരെ തല്ലുകയും ചെയ്തു,
തലകുനിച്ച് നിന്ന് കുറ്റബോധത്തോടെയാണവൻ പറഞ്ഞത്.
എന്നിട്ട് നന്ദു എന്ത് തീരുമാനിച്ചു?
ഇനി മുതൽ ക്ളാസ്സിൽ കൃത്യമായി വരികയും പഠിക്കുകയും ചെയ്യില്ലേ? അതോ ,പഴയത് പോലെ ഇനിയും ഷൂട്ടിങ് കാണാൻ പോകുമോ ?
ഇല്ല സർ ,ഞാൻ ക്ളാസ്സിൽ വന്നോളാം, പക്ഷേ ,സ്ഥിരമായി ഞാൻ ക്ളാസ്സിൽ വരണമെങ്കിൽ ,എനിയ്ക്ക് പഠിക്കാനുള്ളൊരു മൂഡ് വേണം,
അത് ശരി, അപ്പോൾ തനിയ്ക്ക് പഠിക്കാൻ മൂഡ് വരാൻ, എന്താ വേണ്ടത് ?
സാറിനറിയാമോ? എനിക്കിവിടെ നല്ല കൂട്ടുകാരൊന്നുമില്ല , അതായത്, ഇൻ്റിമേറ്റായ ആരും തന്നെയില്ലന്ന് ,അങ്ങനൊരു കൂട്ടു
കിട്ടിയാൽ എനിക്കിവിടെ വരാനും പഠിക്കാനും താല്പര്യം കൂടും,
അതിപ്പോൾ നന്ദു തന്നെയല്ലേ ഇഷ്ടമുള്ളൊരു കൂട്ടുകാരനെ കണ്ടെത്തേണ്ടത് ,?
അല്ലാതെ മറ്റുളളവർക്ക് എന്ത് ചെയ്യാൻ പറ്റും?
വേണുമാഷ് പകപ്പോടെ ചോദിച്ചു.
പക്ഷേ സാറിനെ കൊണ്ടത് പറ്റും ,
സാറ് എനിക്കൊരു നഹായം ചെയ്യാമോ ?
ങ്‌ഹേ ഞാനോ? ഞാനെന്ത്
സഹായമാണ് ചെയ്യേണ്ടത് ?
അതായത് ,സാറിനോട് ഇന്നലെ എൻ്റെ അമ്മ കുറച്ച് കാര്യങ്ങൾ പറഞ്ഞില്ലേ? ഒക്കെ സത്യം തന്നെയാണ് , അമ്മ ഇത്രയും കഷ്‌ടപ്പെടുന്നത്, എന്നെയൊരു സർക്കാർ ജോലിക്കാരനാക്കാനാണ്, പക്ഷേ ,അമ്മയെ കണ്ടവൻ്റെ വീടുകളിൽ അടുക്കളപണിക്ക് വിട്ടിട്ട് ,എനിയ്ക്ക് പഠിച്ച് അച്ഛൻ്റെ ജോലി വേണ്ട സാറേ, ആ ജോലി എൻ്റെ അമ്മയ്ക്ക് അവകാശപെട്ടതാണ്, സാറിനറിയാമോ ?
നല്ല ഒരു ജോലി ഇല്ലാത്തതിൻ്റെ പേരിൽ, എൻ്റെ അമ്മ, ഒരുപാട് വിഷമിക്കുന്നത് കണ്ടാണ് ഞാൻ വളർന്നത്, എന്തിനും ഏതിനും ,അച്‌ഛൻ്റെ മുന്നിൽ കൈനീട്ടി നില്‌ക്കേണ്ടി വരുന്ന അമ്മയുടെ നിസ്സഹായവസ്ഥ ,എന്നെ ഒരുപാട് വിഷമിപ്പിച്ചിട്ടുണ്ട് , എപ്പോഴും ,അച്ഛനെ ആശ്രയിച്ച് കഴിയാതെ, അമ്മയ്ക്കൊരു ജോലി സമ്പാദിച്ച് കൂടെ ? എന്ന് ഞാൻ ഒരിക്കൽ അമ്മയോട് ചോദിച്ചിരുന്നു. അപ്പോൾ അമ്മ പറഞ്ഞത് ,ഞാൻ ജോലിയ്ക്ക് പോയാൽ, നിൻ്റെയും അച്ഛൻ്റെയും കാര്യങ്ങൾ ആര് നോക്കുമെന്നായിരുന്നു ,പക്ഷേ എനിക്കറിയാമായിരുന്നു , അച്ഛൻ അനുവാദം കൊടുക്കാതിരുന്നത് കൊണ്ടാണ് ,അമ്മ ജോലിയ്ക്ക് ശ്രമിക്കാതിരുന്നതെന്ന് , ഇപ്പോഴും, അച്ഛൻ്റെ ജോലിയ്ക്ക് വേണമെങ്കിൽ ,അമ്മയ്ക്ക് ജോയിൻ ചെയ്യാവുന്നതേയുള്ളു , ഒരു പ്യൂണായി ജോലിയ്ക്ക് കയറിയിട്ട്, പ്രൈവറ്റായി ഡിഗ്രി എടുത്താൽ മതിയല്ലോ സർ? കുറച്ച് നാള് കഴിഞ്ഞ് അമ്മയ്ക്കും അച്ഛനെ പോലെ ക്ളർക്കാവാമല്ലോ ?
ചോദ്യഭാവത്തിൽ നന്ദു , വേണുമാഷിൻ്റെ മുഖത്തേയ്ക്ക് നോക്കി .
നീ പറയുന്നതൊക്കെ ശരിയാണ് ,പക്ഷേ നിൻ്റെ അമ്മ, അത് സമ്മതിക്കുമോ ?
അതിനാണ് ഞാൻ മാഷിൻ്റെ സഹായം ചോദിച്ചത് , ഞാൻ സ്ഥിരമായി ക്ളാസ്സിൽ വരണമെങ്കിൽ, അമ്മയും ഇവിടെ പഠിക്കാൻ വരണമെന്ന് പറയണം , എനിക്കുറപ്പാണ്, അമ്മ പഠിച്ച് ഡിഗ്രിയെടുക്കും ,
അങ്ങനെയെങ്കിൽ , അച്ഛൻ്റെ ജോലി അമ്മയ്ക്ക് കിട്ടുമല്ലോ?
അപ്പോൾ നന്ദുവിന് പഠിച്ച് ജോലി നേടേണ്ടെ ?
വേണുമാഷ് ചോദിച്ചു
ഞാനൊരാണല്ലേ സർ, പഠിച്ചാലും പഠിച്ചില്ലേലും ജീവിക്കാനുള്ള ജോലി സമ്പാദിക്കാനൊക്കെ എനിയ്ക്ക് കഴിയും
എൻ്റെ ലക്ഷ്യം അതല്ല , അച്ഛൻ ഉള്ളപ്പോൾ അമ്മയുടെ ആഗ്രഹങ്ങൾ നടന്നില്ല
ഇനി അച്ഛൻ്റെ ജോലി ഞാൻ തട്ടിയെടുത്താൽ വീണ്ടും അമ്മ മരണം വരെ വീട്ട് ജോലിക്കാരിയായി മാത്രം തുടരേണ്ടി വരും ,അത് കൊണ്ട് എനിയ്ക്ക് വേണ്ടി ജീവിക്കുന്ന അമ്മയ്ക്ക് ഇത്രയെങ്കിലും ഞാൻ ചെയ്ത് കൊടുക്കണ്ടേ സർ ?
നന്ദകുമാറിൻ്റെ ചോദ്യം കേട്ട് ,വേണുമാഷിൻ്റെ ഉള്ള് തരളമായി ,
ഈ കാലത്തും ഇങ്ങനത്തെ കുട്ടികളുണ്ടോ?
##############
മാസങ്ങളും വർഷങ്ങളും കടന്ന് പോയി , മഞ്ഞും മഴയും വെയിലുമൊക്കെ മാറി മാറി വന്നു.
നന്ദുവിൻ്റെ ആഗ്രഹം പോലെ അമ്മ ഗിരിജ ഡിഗ്രിയ്ക്ക് ചേർന്ന് അവനോടൊപ്പം പഠിച്ചു
റവന്യൂ ഡിപ്പാർട്ട്മെൻ്റിൽ ആശ്രിത നിയമനം വഴി , ഓഫീസ് അറ്റഡർ തസ്തികയിൽ കയറിയ ഗിരിജ, ഇപ്പോൾ , സെക്ഷൻ
ക്ളർക്കാണ് , നന്ദകുമാർ ,ബാംഗ്ളൂരിലെ ഒരു ഐ ടി കമ്പനിയിൽ വർക്ക് ചെയ്യുന്നു.
പിന്നെ മറ്റൊന്ന് കൂടി സംഭവിച്ചു, നന്ദുവിന് ഒരു അനുജത്തിക്കുട്ടി കൂടി പിറന്നു , അവളുടെ ഏഴാം പിറന്നാൾ ആഘോഷത്തിനുള്ള കേക്കും മറ്റ് സാധനങ്ങളും ഓർഡർ ചെയ്യാൻ ഗിരിജയോടൊപ്പം അയാളുമുണ്ടായിരുന്നു
പി എസ് സി ടെസ്റ്റ് എഴുതി ,
എസ് ഐ റാങ്ക് ലിസ്റ്റിൽ ഉണ്ടായിരുന്ന
ആ പഴയ വേണുമാഷാണ്, ഇപ്പോൾ നന്ദുവിൻ്റെയും ,അനുജത്തിക്കുട്ടിയുടെയും അച്ഛൻ ,സബ് ഇൻസ്പെക്ടർ വേണുഗോപാൽ .
ശുഭം.
തൈപ്പറമ്പൻ .
NB:- ഇതൊരു കഥ മാത്രമാണ് ,അത് കൊണ്ട് ലോജിക്കിനെ കുറിച്ചൊന്നും, കൂടുതൽ തലപുണ്ണാക്കാതിരിക്കുക😊🙏

by