ഈ നിമിഷം 23
ഹരിയുടെ അമ്മയോട് പറയാൻ മാധവനും പദ്മയും മിന്നൂട്ടിയും ഒരുമിച്ചാണ് പോയത്.. എവിടെ പോകാനാണെങ്കിലും വിളിച്ചാൽ ഉടനെ വരും മാധവൻ.. എന്തെങ്കിലും പണിയിലാണെങ്കിൽ ഇപ്പോ വരാം ന്ന് പറയും.. ഒരുപാട് ഇഷ്ടമാണ് തന്നെ മാധവന്.. ആളത് പറഞ്ഞിട്ട് നമ്മൾ മനസ്സിലാക്കുകയൊന്നുമില്ല.. പക്ഷേ അനുഭവിക്കുമ്പോൾ ശരിക്കും മനസ്സിലാകും.. നോട്ടം കൊണ്ടും ആ ഒരു പ്രെസെൻസ് കൊണ്ടും.. ആ ഒരു മാധവനെ തിരിച്ചറിഞ്ഞത് ഞാനും അച്ഛനും അമ്മയും മാത്രമാണെന്ന് തോന്നാറുണ്ട്..
വിഷ്ണുവും ഹരിയും ഉണ്ടായിരുന്നില്ല ആ വീട്ടിൽ .. തന്റെ പദ്മ കുറച്ചു കാലം ജീവിച്ച വീട് നോക്കി കാണുകയായിരുന്നു മാധവൻ.. ഇവിടെ നിന്നുമാണ് തന്റെ ജീവിതം സ്വർഗ്ഗമാക്കാൻ അവൾ ഇറങ്ങി വന്നത്..
അമ്മയോട് എല്ലാം പറഞ്ഞപ്പോൾ ഒരുപാട് സന്തോഷം ആയീന്നു മനസ്സിലായി.. അല്ലെങ്കിലും പദ്മയെ ഇഷ്ടപ്പെടുന്നവർ അവളെടുക്കുന്ന തീരുമാനങ്ങളെയും ഇഷ്ടപ്പെടും.. “എനിക്കന്നേ തോന്നിയതാ ഈ വഴക്കു പറച്ചിലും അനുസരിച്ചുള്ള നിൽപ്പും.. മാധവനെ ഒരിടത്തും വിട്ടുകൊടുക്കാതെയുള്ള നിന്റെ രീതികളും എല്ലാം.. എവിടം വരെ പോകുമെന്ന് നോക്കിയതാ ഞാനും”.. അമ്മ പറഞ്ഞപ്പോൾ പദ്മയുടെ മുഖം ചിരിയോടെ കുനിഞ്ഞു.. “എനിക്ക് സന്തോഷമായി മോനേ.. ഇടയ്ക്കിടെ ഈ കുഞ്ഞിനെ ഞാൻ ഓർക്കുമായിരുന്നു.. ഒരു വേദന ആയിരുന്നു ഇവൾ.. പക്ഷേ ഇനിയങ്ങോട്ട് ഇവൾക്ക് നല്ല കാലമാണ്.. എല്ലാം കൊണ്ടും”.. മിന്നുവിനെ തലോടി അമ്മ പറഞ്ഞു..
പോകാനിറങ്ങിയപ്പോൾ പദ്മയെ കെട്ടിപ്പിടിച്ചു ഉമ്മ വെച്ചു.. “എന്റെ മോളാ ഇവള്.. എന്തെങ്കിലും ഒരു സന്തോഷം ഇവൾക്ക് ഈ വീട്ടിൽ ഉണ്ടായിരുന്നെങ്കിൽ ഞാൻ ഇവളെ ഇവിടെ നിന്നും വിടില്ലായിരുന്നു.. അത്രയ്ക്കു ഇഷ്ടമായിരുന്നു എനിക്ക്.. നിനക്ക് വേണ്ടി തന്നെ ഉള്ളതാ ഇവൾ.. അല്ലെങ്കിൽ പിന്നെ ഹരിയ്ക്ക് വേണ്ടെന്ന് വെക്കാനും പിന്നീട് വിഷ്ണുവിന് മാറിചിന്തിക്കാനും ഒക്കെ തോന്നുമായിരുന്നോ.. എനിക്കാണ് ഭാഗ്യമില്ലാതെ പോയത് ഇവളെപ്പോലൊരു മകളെ കിട്ടാൻ.. അത് അദ്ദേഹം പോയപ്പോഴാണ് എനിക്ക് ശരിക്കും മനസ്സിലായത് “.. അമ്മയുടെ കണ്ണു കലങ്ങുന്നത് കണ്ടപ്പോൾ പദ്മ ഒന്നുകൂടി മുറുക്കി കെട്ടിപ്പിടിച്ചു.. “രണ്ടാളും എപ്പോളും നല്ല സന്തോഷമായിരിക്കണം എന്നും”.. അത്രയും പറഞ്ഞപ്പോളേക്കും കണ്ണു നിറഞ്ഞിരുന്നു അമ്മയുടെ.. പോരുമ്പോൾ എന്തോ ഒരു വിഷമം പദ്മയ്ക്ക് ഉള്ളതു പോലെ തോന്നി മാധവന്, തന്നെ കണ്ണാടിയിൽ കൂടി ഇടയ്ക്കിടെ നോക്കുന്നത് കണ്ടപ്പോൾ മാധവനോട് ചുണ്ടനക്കി പറഞ്ഞു “അമ്മ” എന്ന്.. എന്നിട്ട് നെഞ്ചിൽ കൈ വെച്ചു കാണിച്ചു.. പദ്മയുടെ വേദന മനസ്സിലാക്കാൻ മാധവന് അത്രയും മതിയായിരുന്നു..
വൈകുന്നേരം ആയപ്പോഴേക്കും അൺനോൺ നമ്പറിൽ നിന്നും ഒരു കാൾ വന്നു പദ്മയ്ക്ക് .. “പദ്മാ.. ഹരിയാണ്”.. മുഖവുര ഒന്നുമില്ലാതെ ആ ശബ്ദം കേട്ടപ്പോൾ ആദ്യം ഒന്ന് അമ്പരന്ന് പോയി.. “ഒന്നു സംസാരിക്കണം” എന്നു പറഞ്ഞപ്പോൾ പദ്മ പറഞ്ഞു.. “പറഞ്ഞോളൂ.. ഞാൻ കേൾക്കുന്നുണ്ട്”..
“അമ്മ എന്നോട് കുറച്ചു കാര്യങ്ങൾ പറഞ്ഞു.. ഞാനും ഏട്ടനും അത് കേട്ടതിന്റെ ഞെട്ടലിൽ ആണ്.. എന്തിനാണ് ഇങ്ങനൊരു തീരുമാനം.. കേട്ടിട്ട് വിശ്വസിക്കാൻ കഴിയുന്നില്ല”..
“അതെന്താ വിശ്വസിക്കാതെ ഇരിക്കാൻ മാത്രം… അമ്മ പറഞ്ഞതൊക്കെയും സത്യമാണ്.. എന്തിനാണ് ചേട്ടനും അനുജനും ഞാൻ എടുത്ത തീരുമാനം കേട്ട് ഞെട്ടുന്നത്.. അതിന്റെ ആവശ്യമുണ്ടോ”.. അങ്ങനെ ചോദിക്കാനാണ് അപ്പോൾ പദ്മയ്ക്ക് തോന്നിയത്..
“എന്നാലും പദ്മാ ഇത് വേണ്ടിയിരുന്നില്ല.. ഒരു കുട്ടി ഉള്ളതും ഒരു കുടുംബം പോലും ഇല്ലാത്ത ഒരാളെ…. വേണ്ടിയിരുന്നില്ല”.. വല്ലാത്തൊരു നിരാശ ഉണ്ടായിരുന്നു ആ ശബ്ദത്തിൽ..
“ഹരിയ്ക്ക് എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ ഒന്നുകിൽ അച്ഛനോട് സംസാരിക്കൂ.. എനിക്ക് ഇതിനെപ്പറ്റി കൂടുതൽ ഒന്നും പറയാനില്ല.. ഇത് എന്റെ ജീവിതം ആണ്.. ആരുടെ കൂടെ ജീവിച്ചു തീർക്കണം എന്നത് എന്റെ മാത്രം തീരുമാനം ആണ്”.. പദ്മയ്ക്ക് ഹരി മാധവനെക്കുറിച്ച് പറഞ്ഞപ്പോൾ ദേഷ്യം വന്നു.. അതും ആ പേരു പറയാൻ പോലും യോഗ്യത ഇല്ലാത്തവർ..
“ഇയാളെന്താ ആരുമില്ലാത്തവർക്ക് ജീവിതം കൊടുക്കാൻ ഇറങ്ങി തിരിച്ചേക്കുവാണോ.. ചുമ്മാ സ്വന്തം ജീവിതം നശിപ്പിക്കരുത് പദ്മാ.. അതോ ആരോടെങ്കിലും ഉള്ള വാശിയാണോ ഇത്”.. ഹരിയുടെ ശബ്ദത്തിലെ ദേഷ്യം തിരിച്ചറിഞ്ഞ പദ്മ മൊബൈൽ കയ്യിലെടുത്തു ഒന്നു നോക്കി..
ഇയാളിത് എന്തൊക്കെയാ പറയുന്നത്.. ഇവിടെ മനുഷ്യൻ ഒരു വിധത്തിലാണ് സ്വന്തം പ്രണയം മനസ്സിലാക്കിക്കൊടുത്തു ഒന്നു നേടിയെടുത്തത്.. കുട്ടിയും കുടുംബവും ഒക്കെയും അറിഞ്ഞുകൊണ്ട് തന്നെയല്ലേ ഞാൻ സ്നേഹിച്ചത്.. പദ്മയ്ക്ക് ദേഷ്യം വന്നു കാൾ കട്ട് ചെയ്തു മൊബൈൽ ബെഡിലേക്കിട്ടു.. വീണ്ടും കാൾ വന്നുകൊണ്ടിരുന്നു.. എടുത്തില്ല.. മടുക്കുമ്പോൾ നിർത്തിക്കോളും.. പിന്നെ മൊബൈൽ ശ്രദ്ധിക്കാനേ പോയില്ല…
അച്ഛൻ ഉച്ചത്തിൽ സംസാരിക്കുന്നത് കേട്ടാണ് പദ്മ അങ്ങോട്ടേക്ക് ചെന്നത്.. മൊബൈൽ ടേബിളിൽ ഇട്ടിട്ട് മാറി നിൽക്കുവാണ്.. അപ്പോൾ ആരുടെയോ കയ്യിൽ നിന്ന് അച്ഛനും കിട്ടി ബോധിച്ചു.. അമ്മ തന്നെ കണ്ടപ്പോൾ പറഞ്ഞു.. “ഹിമയാ വിളിച്ചത്.. നിന്റെ കല്യാണക്കാര്യം സംസാരിച്ചപ്പോളുള്ള പുകിലാ ഇപ്പോൾ കേട്ടത്”..
“ചേച്ചിയുടെ വീട്ടിൽ ഉള്ള ആരെയും കെട്ടരുതെന്നേ എന്നോട് പറഞ്ഞിട്ടുള്ളൂ.. എനിക്ക് അറിയാൻ പാടില്ലാത്തത് ഇവർക്കൊക്കെ ഇത്രയും ബുദ്ധിമുട്ട് എന്താന്നാ.. ഇപ്പോ ഹരി വിളിച്ചു കുറേ എന്തൊക്കെയോ പറഞ്ഞു.. ന്തേലും ഉണ്ടെങ്കിൽ അച്ഛനോട് പറയാൻ പറഞ്ഞു ഞാൻ”.. പദ്മ പറഞ്ഞപ്പോൾ അച്ഛൻ ഒന്ന് മുഖം ചുളിച്ചു ചോദിച്ചു.. “ഹരിയോ.. അവരൊക്കെ എന്തിന്.. ആ കാര്യം ഒക്കെ പണ്ടേ നമ്മൾ പറഞ്ഞു അവസാനിപ്പിച്ചതല്ലേ”..
മൂന്നാളും കുറച്ചു നേരം മിണ്ടാതായി.. “എന്റെ പേടി എന്താണ്ന്ന് വെച്ചാൽ ഹിമ വന്നു മാധവനോട് ദുഷിച്ചു സംസാരിക്കുമോന്നാ.. അവളുടെ സംസാരം കേട്ടിട്ട് അതും നടക്കാൻ ഇടയുണ്ട്.. അവനും കൊച്ചും നമ്മൾ കാരണം വിഷമിക്കേണ്ടി വരുമോന്നാ പേടി”.. അച്ഛൻ പറഞ്ഞപ്പോൾ പദ്മയ്ക്ക് ഒരു വിഷമം തോന്നി.. ദൈവമേ ആ രണ്ടു മനസ്സ് വേദനിക്കുന്നത് കാണാൻ തന്നെക്കൊണ്ടാവില്ല.. ചേച്ചിയുടെ സ്വഭാവത്തിന് എന്തും പറയും.. പ്രത്യേകിച്ച് സാമ്പത്തികം ഒന്നുമില്ലാത്തതുകൊണ്ട് നല്ല പുച്ഛം ആയിരിക്കും.. മനുഷ്യനെ അങ്ങു കൊച്ചാക്കി കളയും.. ആകെയൊരു ബുദ്ധിമുട്ട് പോലെ തോന്നി.. ഇരുന്നിട്ടും കിടന്നിട്ടും ഒരു സമാധാനം കിട്ടുന്നില്ല.. കുറെയേറെ ദീർഘശ്വാസം വിട്ടു കഴിഞ്ഞു.. എല്ലാവരും മൗനത്തിലായിരുന്നു, സമയം പോയതോ നേരം ഇരുട്ടിയതോ ഒന്നുമറിഞ്ഞില്ല.. മിന്നൂട്ടി വന്നു ദേഹത്തേക്ക് കയറി കിടക്കും വരെ .. “അമ്മയ്ക്ക് ഉവ്വാവ് വല്ലോം ഉണ്ടോ”.. മുഖത്തുകൂടി കയ്യോടിച്ചു കൊണ്ടു ചോദിച്ചു.. “എന്താ മിന്നൂട്ടിയെ ചോറുണ്ണാൻ വിളിക്കാൻ വരാഞ്ഞേ”..
“യ്യോ വിശക്കുന്നുണ്ടോ പൊന്നേ.. അമ്മ ഓർത്തില്ലടാ.. ഓരോന്ന് ചിന്തിച്ചു സമയം പോയതറിഞ്ഞില്ല.. വാ ചോറു തരാം”.. അവളെ എഴുന്നേൽപ്പിച്ചു നടക്കാൻ തുടങ്ങിയപ്പോൾ അവൾ ചിരിയോടെ കയ്യിൽ പിടിച്ചു വലിച്ചു.. “എനിക്കിപ്പോ ചോറ് വേണ്ടാ അമ്മേ .. അച്ഛൻ വിളിച്ചിട്ട് എന്താ ഫോൺ എടുക്കാത്തേന്ന് ചോദിച്ചു.. അച്ഛനാ പറഞ്ഞു വിട്ടേ ഉവ്വാവ് ആണോന്ന് നോക്കാൻ..”.. മൊബൈൽ മുൻപ് ഇട്ട പടിയേ കിടപ്പുണ്ട്.. രാധമ്മയുടെ കയ്യിൽ മിന്നൂട്ടിയെ എല്പിച്ചിട്ട് മാധവന് അരികിലേക്ക് പോയി.. ഇറങ്ങുമ്പോഴേ കണ്ടു ഇരുളിൽ ഒരു രൂപം തന്നെയും കാത്തിരിക്കുന്നത്..
“എന്തിനാ തനിച്ച് ഇരിക്കുന്നെ.. വീട്ടിലേക്ക് വന്നൂടാരുന്നോ”.. സ്റ്റെപ്പിൽ ഇരിക്കുന്ന മാധവന്റെ അടുത്തിരുന്നു ചോദിച്ചു..
“എന്തുപറ്റി. അമ്മയുടെ അടുത്ത് നിന്നും പോന്നതിന്റെ വിഷമം മാറിയില്ലേ.. വൈകുന്നേരം കണ്ടില്ല.. ഇത്രയും നേരമായിട്ടും കണ്ടില്ല.. വിളിച്ചിട്ട് മൊബൈലും എടുക്കുന്നില്ല”.. ഇത്രയും നേരം കാണാഞ്ഞതിന്റെ ഒരു ടെൻഷൻ ഉണ്ടായിരുന്നു ആ ചോദ്യത്തിൽ.. മാധവൻ പദ്മയെ അരികിലേക്ക് നീക്കിയിരുത്തി.. മാധവനും പദ്മയും മാത്രമുള്ള നിമിഷങ്ങളിൽ ഇങ്ങനെ പിടിച്ചു അടുത്തിരുത്തും, ചിലപ്പോൾ നെഞ്ചിൽ ചാരി ഇല്ലെങ്കിൽ തോളിൽ തല ചായിച്ചു വെപ്പിക്കും.. ഇന്നേവരെ ഈ ഒരു സ്പർശനത്തിൽ വേറൊരു അർത്ഥവും കാണാനോ അറിയാനോ കഴിഞ്ഞിട്ടില്ല.. അത്രയും സുരക്ഷിതം ആണ് ഈ കൈകൾക്കുള്ളിൽ.. പദ്മ ഒന്നുകൂടി ചേർന്നിരുന്നു… സംസാരിക്കുവാൻ ഒരു ബുദ്ധിമുട്ട് തോന്നുന്നു.. എങ്ങനെ പറയും മാധവനോട്..
“എന്താ എന്റെ പദ്മയ്ക്ക്.. പറയ് “… തന്റെ ബുദ്ധിമുട്ട് കണ്ടിട്ടാവും.. തോളിൽ ഒന്നു കുലുക്കി ചോദിച്ചു..
“ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ വിഷമം വരുവോ.. ഇനിയും കേൾക്കാൻ ഒരുപാട് ഉണ്ട്.. അതൊക്കെ കേൾക്കുമ്പോ വിഷമം ആകുവോ”.. ആ നെഞ്ചിൽ കൈ വെച്ചു ചോദിച്ചു.. “ആരുടേയും വാ മൂടാൻ പറയാൻ എനിക്കാവില്ല.. പറയുന്നവർ പറഞ്ഞുകൊണ്ടേയിരിക്കും.. പിന്നെ ഒന്നും കേട്ടില്ലെന്ന് വെക്കാനേ നമുക്ക് പറ്റൂ.. എന്താണേലും ഞാൻ ഇങ്ങനെ ചേർത്തു പിടിച്ചോളാം.. പോരേ”…. പദ്മ മാധവന്റെ കൈ കൂട്ടിപ്പിടിച്ചു പറഞ്ഞു..
“ആഹാ.. അപ്പോൾ വലുതെന്തോ വരുന്നുണ്ടല്ലോ.. ഇല്ലേൽ എന്റെ ടീച്ചർ ഇത്രയും വളഞ്ഞു മൂക്കിൽ പിടിക്കില്ലല്ലോ.. ന്തായാലും പറയ് കേൾക്കട്ടെ”.. പദ്മയുടെ തോളിലേക്ക് കയ്യിട്ടു ചേർത്തു പിടിച്ചു പറഞ്ഞു..
“ഇനി ഒരിക്കലും വിഷമിപ്പിക്കില്ലെന്ന് ഞാൻ ഉറപ്പിച്ചതാ രണ്ടാളെയും.. പക്ഷേ……… ആരെന്തു പറഞ്ഞാലും വിഷമിക്കരുത്.. എന്നെ വേണ്ടെന്ന് വെക്കുകയും ചെയ്യരുത്.. എനിക്കതു സഹിക്കാൻ പറ്റില്ല.. തനിച്ചാക്കില്ല ഞാൻ ഇനി ഒരിക്കലും.. അത് മാത്രം മനസ്സിൽ ഉണ്ടായാൽ മതി”.. പദ്മയുടെ ശബ്ദം വിറച്ചു.. നെഞ്ചിൽ ഒരു തണുപ്പ് തോന്നി മാധവന്.. അത് അവൾ തന്നെ തുടച്ചു നീക്കി.. മാധവൻ അവളെ കേട്ടിരുന്നു.. ഹരി വിളിച്ചതും പറഞ്ഞതും കാൾ എടുക്കാഞ്ഞതും ചേച്ചി അച്ഛനെ വിളിച്ചതും ഒക്കെ പറഞ്ഞു.. “ഹരി ഇപ്പോളും നിന്നോടുള്ള ആഗ്രഹം വിട്ടില്ലേ.. അത് അന്ന് തീർത്തതല്ലേ.. പിന്നെയും ന്തിനാ”.. മാധവന്റെ വാക്കുകളിൽ കുശുമ്പ് ആയിരുന്നില്ല.. വേറെന്തോ ഒന്ന്.. ഒരു കരുതൽ പോലെ.. കുറച്ചു നേരം മിണ്ടാതിരുന്നു.. പിന്നെ പറഞ്ഞു തുടങ്ങി..
“എന്റെ പദ്മ ഞാൻ ഈ പറയുന്നത് മാത്രം ഒന്നു കേൾക്കണം.. അനുസരിക്കണം.. ഞാൻ ഇല്ലെങ്കിൽ കൂടി ആ വീട്ടിലേക്ക് മരുമകൾ ആയിട്ട് പോകരുത്.. പോവില്ലെന്ന് എനിക്കറിയാം.. എങ്കിലും ബന്ധങ്ങൾക്ക് വില കൊടുക്കുന്ന നിന്നെപ്പോലെ ഉള്ളവർക്ക് ചിലപ്പോൾ പലതും കണ്ടില്ലെന്ന് വെച്ചേ പറ്റൂ, ചില തീരുമാനങ്ങൾ നമ്മൾ എടുക്കും പോലെ തന്നെ നടക്കണമെന്നുമില്ല.. നീ ഇനി അവിടെ പോയാൽ അത് ശരിയാവില്ല.. നിന്റെയും കൂടെയുള്ള എല്ലാവരുടെയും ജീവിതം നശിക്കും”.. പദ്മ ദയനീയമായി മാധവനെ ഒന്നു നോക്കി.. എന്തിനാണ് ഇപ്പോളിങ്ങനെയൊരു സംസാരം.. നിങ്ങളെ വിട്ടിട്ട് ഞാൻ എവിടെ പോകാൻ.. വേണ്ടാന്നു വെച്ചതെല്ലാം എനിക്ക് വേണ്ടാന്ന് തന്നെയാണ്.. ഇങ്ങനെ ഒക്കെയും പദ്മ പറഞ്ഞില്ലെന്നേ ഉള്ളൂ.. ആ നോട്ടത്തിൽ ഉണ്ടായിരുന്നു പറയാൻ ഉള്ളതെല്ലാം..
“അറിയാം.. എനിക്കെല്ലാം അറിയാം”.. ആ നോട്ടത്തിന്റെ അർത്ഥം മനസിലാക്കിയിട്ട് മാധവൻ പറഞ്ഞു.. “പക്ഷേ ആ വീട്ടിൽ ഇപ്പോൾ നിന്നെ ആഗ്രഹിക്കുന്നത് ഹരി മാത്രമല്ല.. വിഷ്ണുവും കൂടിയാ”.. പദ്മയുടെ ഞെട്ടൽ മാധവൻ നെഞ്ചിൽ അറിഞ്ഞു..
“അമ്മയെ ഒരുപാട് സ്നേഹിക്കുന്ന ഒരു ആണ് അവന്റെ ജീവിതത്തിലേക്ക് വരുന്ന പെണ്ണിലും തേടുന്നത് അവന്റെ അമ്മയുടെ ചില നല്ല കാര്യങ്ങളാവും.. വിഷ്ണു അന്ന് ചിലപ്പോൾ ഹിമയെ ആവും സ്നേഹിച്ചത്.. പക്ഷേ ആ ഹിമയിൽ ഇപ്പോൾ അയാൾ ആഗ്രഹിക്കുന്നത് നിന്റെ സ്വഭാവവും സ്നേഹവും ആണ്.. അത് ഹിമയ്ക്ക് മനസ്സിലായിട്ടുണ്ട്.. അതാണ് നീ ആ വീട്ടിലേക്ക് ചെല്ലാൻ എതിർപ്പ് കാണിക്കുന്നത്.. എന്നുവെച്ചു വിഷ്ണു ഹിമയ്ക്ക് പകരമായി നിന്നെ കാണുന്നൊന്നും ഉണ്ടാവില്ല.. നിന്റെ സ്വഭാവം, അമ്മയ്ക്കും നിനക്കും ഇടയിലുള്ള സ്നേഹം, അതൊക്കെ ആവാം നിന്നെ അയാൾ ശ്രദ്ധിച്ചു തുടങ്ങിയത്.. അല്ലെങ്കിലും അമ്മയ്ക്ക് തണൽ ആവുന്ന പെണ്ണിനെ ആരാ സ്നേഹിക്കാത്തത്.. എന്നെ നീ സ്നേഹിച്ചതിന്റെ പ്രധാന കാരണം ഞാൻ അച്ഛനോടു കാണിക്കുന്ന സ്നേഹം ഒന്നു കൊണ്ട് മാത്രമല്ലേ അതേപോലെ”…എല്ലാം കേട്ടിരിക്കുന്ന പദ്മയുടെ കണ്ണു നിറഞ്ഞൊഴുകുന്നത് മാധവൻ അറിഞ്ഞു.. ഒന്നുകൂടി നെഞ്ചിൽ ചേർത്തു പിടിച്ചു…
“വിഷമിക്കാൻ പറഞ്ഞതല്ല ഞാൻ.. നീയിത് അറിഞ്ഞിരിക്കണം എന്നു തോന്നി.. താമസിച്ചു വന്ന ഒരു തിരിച്ചറിവ് ആയിരിക്കും വിഷ്ണുവിന് .. അല്ലെങ്കിൽ അന്ന് നിന്നോട് ചെയ്തതിനെല്ലാം കുറ്റബോധം കൊണ്ടാവാം.. ആരും അറിയാതെ വിഷ്ണുവിന്റെ മനസ്സ് നിന്നിലേക്ക് ചായുന്നുണ്ട് .. ശരിക്കും നീ ഒഴിവാക്കേണ്ടത് ഹരിയെ അല്ല.. വിഷ്ണുവിനെ ആണ്.. ഇല്ലെങ്കിൽ ഹിമ…… അതാണ് വിഷ്ണു അന്ന് ഹരിയുടെ കാര്യത്തിന് സംസാരിക്കാൻ വന്നപ്പോൾ അത്രയും എതിർപ് കാണിച്ചത്.. അല്ലാതെ ഹിമ പറഞ്ഞിട്ടൊന്നുമാവില്ല “……
പദ്മയുടെ മുഖം കയ്യിലെടുത്തു കണ്ണു തുടച്ചു കൊടുത്തു.. “എല്ലാം ഒന്ന് അറിഞ്ഞിരിക്കാൻ പറഞ്ഞതാ ഞാൻ.. ചിന്തിച്ചു തീരുമാനങ്ങൾ എടുക്കാൻ വേണ്ടി മാത്രം.. ഇതൊന്നും ശരിയാവണമെന്നുമില്ല.. ഈ പഠിപ്പില്ലാത്തവന്റെ കണ്ണിൽ തോന്നിയ തോന്നൽ മാത്രം ആവും.. പണ്ടൊരു ടീച്ചർ ഉപദേശിച്ചത് പോലെ, ജീവിതം കുറച്ച് കണ്ടതല്ലേ.. അതിൽ നിന്നുമുള്ള അറിവാ വലിയ അറിവെന്ന്.. ഇതും അങ്ങനെ കിട്ടിയതാ”.. മാധവൻ ചിരിച്ചു പറഞ്ഞപ്പോൾ പദ്മ കയ്യിലൊന്നു നുള്ളിയിട്ട് കണ്ണീരോടെ ചിരിച്ചു..
“ഇങ്ങനെ കരഞ്ഞിരിക്കുന്ന പദ്മയെ അല്ല ഞാൻ ഇഷ്ടപ്പെട്ടത്.. എന്റെ കെട്ടിയോൾ ആയിട്ടു കണ്ട പദ്മ ഇങ്ങനെ അല്ല.. എനിക്കാ പഴയ ടീച്ചറിനെ മതി.. വഴക്കിടാനും ദേഷ്യപ്പെടാനും മാത്രം വാ തുറക്കുന്ന ടീച്ചറിനെ.. ആ ടീച്ചറിനെയാ ഞാൻ മനസ്സിൽ കയറ്റിയത്”.. ചിരിയോടെ തന്നെ നോക്കുന്നവളുടെ കണ്ണു തുടച്ചു കൊടുത്തു മാധവൻ.. അവൾക്ക് താൻ പറഞ്ഞത് അംഗീകരിച്ചു മനസ്സിലാക്കാൻ കുറച്ചു സമയം വേണമെന്ന് തോന്നി മാധവന്…
“നീ എന്റെ കൂടെ ഉള്ളപ്പോൾ ആരെന്തു പറഞ്ഞാലും വെറും കാറ്റടിച്ചത് പോലെയേ ഉണ്ടാവൂ മാധവന്.. ഇതിലും വലുത് അനുഭവിച്ചും കേട്ടും നിന്നിട്ടുണ്ട്.. അതും കണ്ണീരോടെ.. ആ കണ്ണുനീർ കാണുമ്പോൾ മറ്റുള്ളവർക്ക് വേദനിപ്പിക്കാനുള്ള ഉത്സാഹം കൂടുവാ ചെയ്യുക .. പിന്നെ”….
“ന്ത്”.. ന്നുള്ള ഭാവത്തിൽ മാധവനെ നോക്കി.. “ഇതൊക്കെ പ്രതീക്ഷിച്ചല്ലേ നമ്മൾ ഒരുമിക്കാൻ തീരുമാനിച്ചത്.. വരട്ടേ.. നമുക്ക് നോക്കാം.. രസമല്ലേ ഇതൊക്കെ.. നീ വിഷമിക്കാതെ ഇരുന്നാൽ മതി.. എന്റെ ഭാഗത്തു നിന്ന് ഞാൻ സ്ട്രോങ്ങ് ആണ്”.. ചിരിയോടെ പറയുന്ന മാധവനെ പദ്മ നോക്കിയിരുന്നു.. വിഷമിക്കരുതെന്ന് പറയാൻ വന്നതാ താൻ.. പക്ഷേ ഇതിപ്പോ തന്നെ ആശ്വസിപ്പിച്ചു വിടുവാണല്ലോ ഈ മനുഷ്യൻ.. കണ്ണു പറിക്കാതെ നോക്കിയിരിക്കുന്ന പദ്മയോട് എന്താ ന്ന് അയാൾ കണ്ണു കൊണ്ട് ചോദിച്ചു…
“ആ ജ്യോതിയെ കെട്ടിയ നേരത്തു എന്നെ വന്നു കെട്ടിക്കൂടായിരുന്നോ മനുഷ്യാ .. ങ്കിൽ ഇങ്ങനെ വേദനിക്കേണ്ടി വരുമായിരുന്നോ.. ഞാൻ പൊന്നുപോലെ നോക്കില്ലായിരുന്നോ.. ദേ ഇവിടെ കൊണ്ടു നടക്കില്ലാരുന്നോ ഞാൻ “.. നെഞ്ചിൽ കൈവെച്ചു പറഞ്ഞു.. പദ്മയുടെ മുഖത്ത് തന്നോടു കാണുന്ന സ്നേഹം മുഴുവൻ കണ്ണുകൾ കൊണ്ട് വലിച്ചെടുക്കുകയിരുന്നു മാധവൻ..
“അന്ന് നിന്നെ കെട്ടിയിരുന്നെങ്കിൽ ദോ ആ ഉരുണ്ടു വരുന്ന സാധനത്തിനെ നമുക്ക് കിട്ടുമായിരുന്നോ”.. കണ്ണു കൊണ്ട് കാണിച്ചിടത്തേക്ക് പദ്മ നോക്കി.. ഞങ്ങളെ രണ്ടാളെയും കണ്ടിട്ട് കുണുങ്ങി കുണുങ്ങി വരികയാണ് മിന്നൂട്ടി.. ഒരു വിരൽ വായിലിട്ട് നാണിച്ചു നിൽക്കുന്നവളെ പദ്മ പിടിച്ചു മടിയിൽ ഇരുത്തി.. നാണിച്ചിരിക്കുന്നവളുടെ കവിളിൽ അമർത്തി ഒരുമ്മ കൊടുത്തു.. രണ്ടാളെയും നെഞ്ചിലേക്ക് ഒതുക്കി കൈകൾ കൊണ്ട് മാധവൻ ലോക്കിട്ട് പൂട്ടി ..
ഓടി വരും.. ♥️♥️

by