പുലർച്ചെ ഒരുമണിക്ക്, ആലപ്പുഴ ബൈപ്പാസിനടുത്തുള്ള ബസ്റ്റോപ്പിൽ ഞാനിറങ്ങുമ്പോൾ, ഞങ്ങൾ രണ്ട് സ്ത്രീകളോടൊപ്പം, മറ്റ് മൂന്ന് പുരുഷന്മാർ കൂടിയുണ്ടായിരുന്നു
അതിലൊരാൾ , വൈറ്റില ഹബ്ബിൽ
നിന്നും കയറിയതായിരുന്നു ,
അയാളെ ഞാൻ ശ്രദ്ധിക്കാൻ കാരണം,ടിക്കറ്റ് എടുക്കാൻ പറഞ്ഞപ്പോൾ കണ്ടക്ടറോടയാൾ തട്ടിക്കയറിയത് കൊണ്ടായിരുന്നു ,
ആ സമയത്ത് അയാൾ മദ്യപിച്ചിട്ടുണ്ടെന്ന് കൂടെയുണ്ടായിരുന്നവർ പിറുപിറുക്കുന്നുമുണ്ടായിരുന്നു.
പിന്നെയുള്ള ആ സ്ത്രീയ്ക്ക് ഏകദേശം നാല്പതിനടുത്ത് പ്രായമുണ്ടായിരുന്നു,ഞാൻ കോട്ടയ്ക്കൽ നിന്നും ബസ്സിൽ കയറുമ്പോൾ, എൻ്റെ അടുത്തുള്ള സീറ്റിൽ , അവർ ബുക്ക് വായിച്ചു കൊണ്ടിരിക്കുകയായിരുന്നു, ആ സമയത്ത് ഞാനവരുടെ മുഖത്ത് നോക്കി പുഞ്ചിരിക്കാൻ ശ്രമിച്ചെങ്കിലും, പെട്ടെന്നവർ എൻ്റെ മുഖത്ത് നിന്ന് നോട്ടം പിൻവലിച്ച് ബുക്കിലേക്ക് തന്നെ ദൃഷ്ടി പതിപ്പിച്ച്
വായന തുടരുകയായിരുന്നു.
ഞങ്ങൾ എല്ലാവരും ഇറങ്ങിയ സ്ഥലം
ഒരു ഓട്ടോറിക്ഷസ്റ്റാൻഡ് ആയിരുന്നെങ്കിലും, ആ സമയത്ത്, ഒരൊറ്റ ഓട്ടോറിക്ഷ പോലും അവിടെ ഇല്ലായിരുന്നു.
അങ്ങനെ നിൽക്കുമ്പോൾ ഒരു ഓട്ടോറിക്ഷ എവിടെ നിന്നോ പാഞ്ഞു വന്നു, അത് സ്റ്റാൻഡിലേക്ക് അടുക്കുന്നതിന് മുമ്പ്
തന്നെ, ഞങ്ങളുടെ കൂട്ടത്തിലെ ആ മദ്യപിച്ചിരുന്നയാൾ , വേഗം അതിലേയ്ക്ക് ചാടിക്കയറി ,അയാൾ ഡ്രൈവറിന്റെ ചെവിയിൽ എന്തോ പറഞ്ഞതും പൊടുന്നനെ ഓട്ടോറിക്ഷ അവിടെ നിന്ന് പാഞ്ഞ്പോയി , പിന്നെ അവശേഷിച്ചത് ,ആ രണ്ട് ചെറുപ്പക്കാരും, നാല്പത് കാരിയും , പിന്നെ ഞാനും മാത്രമായിരുന്നു ,
ബസ്റ്റോപ്പിൽ എത്തുന്നതിന് മുമ്പ് തന്നെ, ഞാൻ എൻ്റെ ഭർത്താവിനെ ഫോണിൽ ബന്ധപ്പെട്ടിരുന്നു, സ്റ്റോപ്പിൽ ഇറങ്ങിക്കഴിഞ്ഞും ഞാൻ അദ്ദേഹത്തെ വിളിച്ചിരുന്നത് കൊണ്ട് , എനിയ്ക്ക് ആശങ്കയൊന്നുമില്ലായിരുന്നു.
അടുത്ത നിമിഷം മറ്റൊരു ഓട്ടോറിക്ഷ കൂടി അങ്ങോട്ടേയ്ക്ക് വന്നു. പക്ഷേ ,ആ
യുവതിയോ, മറ്റു രണ്ടു ചെറുപ്പക്കാരോ അതിൽ കയറാതെ നില്ക്കുന്നത് കണ്ട് എനിയ്ക്ക് ആശ്ചര്യം തോന്നി
പെങ്ങളെ,, നിങ്ങളീ ഓട്ടോയിൽ കയറി പൊയ്ക്കോളൂ,, അടുത്ത ഓട്ടോ വരുമ്പോൾ ഞങ്ങളതിൽ പൊയ്ക്കോളാം
ആ ചെറുപ്പക്കാർ അവരോട് ഓട്ടോറിക്ഷയിൽ കയറി പോകാൻ ആവശ്യപ്പെട്ടെങ്കിലും ,അവരത് മൈൻഡ് ചെയ്യാതെ നിൽക്കുന്നത് കണ്ട് ,എനിക്കൊരു പന്തികേട് തോന്നി.
അല്ല , നിങ്ങളെന്താ പോകുന്നില്ലേ ?
അതോ നിങ്ങളെ ആരെങ്കിലും വിളിക്കാൻ വരുമോ ?
ആ ചെറുപ്പക്കാർ അല്പം നീരസത്തോടെ ശബ്ദമുയർത്തി ,അവരോട് വീണ്ടും ചോദിച്ചു
എനിക്ക് പോകണമെന്ന് തോന്നുമ്പോൾ ഞാൻ പൊയ്ക്കോളാം. നിൻ്റെയൊക്കെ നെഞ്ചത്താണോ ഞാൻ നിൽക്കുന്നത് ?
ഇത് പബ്ലിക് പ്ളേസല്ലേ?
അതുവരെ നിശബ്ദയായിരുന്ന അവരുടെ ആക്രോശം കേട്ട് ഞാനമ്പരന്ന് പോയി.
അപ്രതീക്ഷിതമായ അവരുടെ മറുപടി
കേട്ട് ചൂളിപ്പോയ ആ ചെറുപ്പക്കാർ,
പതിയെ പിന്നോട്ട് വലിഞ്ഞിട്ട്, നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ,
കയറി എങ്ങോട്ടോ പോയി.
നിങ്ങളെന്താ പോകാത്തതെന്ന് അവരോട് ചോദിക്കണമെന്ന് അത് വരെ എനിക്കുണ്ടായിരുന്നു ,പക്ഷേ, അവരുടെ പ്രതികരണം കണ്ടതോടെ ആ ശ്രമം ഞാൻ ഉപേക്ഷിക്കുകയായിരുന്നു
അല്പസമയത്തിനകം എൻ്റെ ഭർത്താവ് കാറുമായി വരും , ഞാനും കൂടി പോയാൽ ആ സ്ത്രീ തനിച്ചാവുമെന്ന ആശങ്കയും ,എനിക്കുണ്ടായിരുന്നു.
അപ്പോഴേക്കും ദൂരെ നിന്ന് ഹസ്ബൻ്റിൻ്റെ കാറ് വരുന്നത് കണ്ടിട്ട് ,ഞാൻ മെല്ലെ റോഡരികിലേയ്ക്ക് നിന്നു.
അവർക്ക് എവിടെ പോകാനാണ് ?
നമ്മുടെ വഴിക്കാണെങ്കിൽ കയറാൻ പറയു, ഈ അസമയത്ത്, അവരിവിടെ തനിച്ച് നില്ക്കുന്നത് അത്ര സേഫല്ല,
ഭർത്താവ് എന്നോട് ആശങ്കയോടെ ചോദിച്ചു
അറിയില്ലേട്ടാ, അവരൊരു പ്രത്യേക
തരം ക്യാരക്ടറാണ് , നിങ്ങള് പോകുന്നില്ലേ എന്ന് ചോദിച്ചതിന്, നേരത്തെ രണ്ട് ചെറുപ്പക്കാരോട് വഴക്കിട്ടിട്ട് നില്ക്കുവാണ്, അത് കൊണ്ട് ഞാനൊന്നും ചോദിക്കില്ല
ഭീതിയോടെ ഞാൻ പറഞ്ഞു ,അത് കേട്ട് ഹസ്ബൻ്റ്, അവരുടെയടുത്തേയ്ക്ക് കാറ് അടുപ്പിച്ച് നിർത്തിയിട്ട് സൈഡ് ഗ്ളാസ് താഴ്ത്തി .
അല്ല സിസ്റ്റർ, നിങ്ങളെ വിളിക്കാൻ ആരെങ്കിലും വരുമോ ? ഇല്ലെങ്കിൽ പോകേണ്ടത് എവിടെയാന്ന് പറഞ്ഞാൽ ഞങ്ങള് കൊണ്ടാക്കാം, അല്ലാതെ ഇവിടെയിനി തനിച്ച് നില്ക്കുന്നത് സുരക്ഷിതമാണെന്ന് തോന്നുന്നില്ല
ഹസ്ബൻ്റ് അവരോട് സീരിയസ്സായി
പറഞ്ഞു
ഇനി ഞാൻ പൊയ്ക്കോളാം. ഇതുവരെ ഞാൻ ഇവിടെ നിന്നത് നിങ്ങളുടെ ഭാര്യയുടെ സുരക്ഷയെ കുറിച്ച് ഓർത്തായിരുന്നു നേരത്തെ ഇവിടെ ഉണ്ടായിരുന്ന മൂന്നു ചെറുപ്പക്കാരിൽ ഒരാൾ നന്നായി മദ്യപിച്ചിട്ടുണ്ടായിരുന്നു, പിന്നെയുള്ള രണ്ടുപേരെ എനിക്കറിയാവുന്നതാണ്
എൻ്റെ നാട്ടുകാരാണവർ ,രണ്ടുപേരും ഒരു ബലാത്സംഗ കേസ്സിൽ ജയിൽ ശിക്ഷ അനുഭവിക്കുന്നവരാണ് , കഴിഞ്ഞ ദിവസം പരോളിൽ ഇറങ്ങിയതേയുള്ളൂ, അതൊക്കെ അറിയാവുന്ന എനിയ്ക്ക്, നിങ്ങളുടെ ഭാര്യയെ തനിച്ചാക്കി പോകാൻ തോന്നിയില്ല, അത് കൊണ്ടാണ് അവരെയൊക്കെ പറഞ്ഞ് വിട്ടിട്ട് നിങ്ങളുടെ ഭാര്യയ്ക്ക് ഞാൻ കൂട്ടായിട്ട് നിന്നത്, ഇനി നിങ്ങള് പൊയ്ക്കോളു ,ഞാനെൻ്റെ മകന് മെസ്സേജയച്ചിട്ടുണ്ട്,
എൻ്റെ വരവും കാത്ത്, അവൻ ഉറങ്ങാതെ ഓൺലൈനിൽ തന്നെ ഉണ്ടായിരുന്നു ,
അത് പറയുമ്പോൾ അവരുടെ
മുഖത്ത് വിരിഞ്ഞ പുഞ്ചിരിക്ക് ഒരു വസന്തകാലത്തിൻ്റെ മനോഹാരിതയുണ്ടായിരുന്നു.
ആ നിമിഷം വരെ ,വെറും അന്യയായിരുന്ന അവരെനിയ്ക്ക്, ആരൊക്കെയോ ആയിതീർന്നത് പോലെ തോന്നി ,
NB:- ഒരു പക്ഷേ, ഒരു യാത്രയിലോ മറ്റോ , നമ്മളോട് യാതൊരു അയവും കാണിക്കാത്തവരായിരിക്കും , ചില പ്രതിസന്ധി ഘട്ടങ്ങളിൽ
നമുക്ക് തുണയായി മാറുന്നത്.
തൈപ്പറമ്പൻ .

by