08/05/2026

അർപ്പിത : ഭാഗം 16

രചന – രുദ്രാ ലക്ഷ്മി

നിരഞ്ജനോട് വാക്ക് കൊടുത്തതുപോലെതന്നെ അടുത്ത രണ്ടു ദിവസം അവൾ കോളേജിൽ പോയിരുന്നില്ല… ഈ രണ്ടു ദിവസങ്ങളിൽ പരസ്പരം കാണാലോ ഫോൺകാളോ ഒന്നും ഉണ്ടായില്ല.. അർപ്പിതക് ആകെയും ഒരു പരവേശം ആയിരുന്നു… എന്നാലും അവന്റെ കണ്ണുകളെ ഓർക്കുമ്പോൾ അറിയാതെ തന്നെ ഒരു പുഞ്ചിരി ചുണ്ടിൽ വിരിയും…

*********************************************

കണ്ണടച്ച് ഭാഗവതിക്കുമുന്നിൽ തൊഴുതു നിൽക്കുകയാണ് അവൾ.. സ്വർണക്കരയുള്ള ഒരു സെറ്റ് മുണ്ട് ആണ് ധരിച്ചിരിക്കുന്നത്… പതിവിന് വിപരീതമായി മിഴികളിൽ അഞ്ജനം കൊണ്ട് കളം തീർത്തിരിക്കുന്നതൊഴിച്ചാൽ മറ്റു യാതൊരുവിധത്തിലുള്ള ചമയങ്ങളും ഉണ്ടായിരുന്നില്ല…കഴുത്തിൽ സദാ ധരിക്കാറുള്ള സിമ്പിൾ ചെയിൻ… കൈകളിൽ ഓരോ സിമ്പിൾ വളകൾ ധരിച്ചിട്ടുണ്ട്… കുളിപ്പിന്നൽ കെട്ടിയിരിക്കുന്ന മുടികളിൽ മിതമായി മാത്രം മുല്ലപ്പൂവ് ചൂടിയിരിക്കുന്നു..

അടുത്തരുടെയോ സാമിപ്യം അറിഞ്ഞെന്നോണം അവൾ കണ്ണുതുറന്നു… തന്റെ അടുക്കൽ മുണ്ടുടുത്തു മേലാകെ നേരിയത് പുതച്ചു ദേവിയെ നോക്കി തൊഴുകയ്യോടെ നിരഞ്ജൻ നിൽക്കുന്നു..

ഫോർമൽസിൽ മാത്രം കണ്ടിട്ടുള്ള നിരഞ്ജന്റെ ഇങ്ങനൊരു ഭാവം അവളിൽ ചെറുകൗതുകം ഉണർത്തി…. ഒരു ചിരി അവളുടെ ചുണ്ടിൽ വിരിഞ്ഞു…

എടൊ…

ആ വിളിയിൽ അവളൊന്ന് ഞെട്ടി…ആകെ ചമ്മൽ തോന്നി അവൾക്

നിരഞ്ജന് അവളുടെ നോട്ടംകണ്ട് പൊട്ടിവന്ന ചിരി ചുണ്ടുകൾ കൂട്ടിപിടിച്ചുകൊണ്ട് അടക്കി.

വായോ പുറത്ത് കളമടപതിനടുത് എല്ലാവരും കാത്തുനിൽക്കുവാ..

അവളൊന്നുകൂടി ദേവിയെ വണങ്ങി കൊണ്ട് നിരഞ്ജന് പിന്നാലെ മുൻവാതിലിലൂടെ മണ്ഡപത്തിലേക് ഇറങ്ങി..

അവിടെയാണ് വിവാഹവും ചോറൂണും എല്ലാം നടത്താറുള്ളത്…
അവൾ വന്ന്‌ രാധമ്മക്കരികിലായി നിന്നു… അവളെക്കണ്ടതും ഋഷിക്കുട്ടൻ വേഗം വന്ന്‌ കയ്യിൽ തൂങ്ങി.. അർപ്പിത കുഞ്ഞിനെ ചേർത്ത് പിടിച്ചു..

മോളെ സമയമായി.. ദേവകിയമ്മ പറഞ്ഞതും അർപ്പിതയുടെ ഉള്ളിലൂടെ ഒരു വിറയൽ കയറി.. അവൾ ഋഷികുട്ടനെ മുറുകെ പിടിച്ചു..

നിരഞ്ജൻ മണ്ഡപത്തിന് നടുക്കായി വന്ന്‌ നിന്നു… രാധമ്മ അർപ്പിതയെയും അവനരുകിലേക്ക് നിർത്തി.. ഋഷിക്കുട്ടന്റെ കൈ മാറ്റാനായി പിടിച്ചതും അവൾ വേണ്ടന്നപോലെ തലചലിപ്പിച്ചു.

രാധമ്മ ഒന്ന് തറഞ് നിന്നു.. പിന്നെ നിരഞ്ജന്റെ മുഖത്തേക്ക് നോക്കി… അവൻ കണ്ണുകൾ അടച്ച് ഒന്നുമില്ലന്നപോലെ കാണിച്ചു… ദേവകിയമ്മയുടെ മുഖത്തും നിറഞ്ഞ പുഞ്ചിരി ആയിരുന്നു..

അവര്പതിയെ അവളുടെ അടുക്കലേക് വന്നു..

മോൾ ഓന്നുകൊണ്ടും വിഷമിക്കണ്ട… ഇപ്പോൾ രണ്ടുപേരും ദേ ദേവിയെ പ്രാർത്ഥിക്… മോൻ ഇവിടെത്തന്നെ നിൽക്കും… പ്രാർത്ഥിക് മോളെ….

അവൾ മനസില്ലമനസോടെ ഋഷിക്കുട്ടനിൽനിന്നും കൈകൾ മാറ്റി.. മണ്ഡപത്തിനു മുന്നിലൂടെ ഉള്ള വാതിലിലൂടെ ദേവിയെ പ്രാർത്ഥിച്ചു… ചുറ്റും നടക്കുന്നതെന്താണെന്നു അറിയില്ലെങ്കിലും ഋഷിമോൻ നല്ല സന്തോഷത്തിലാണ്.. ദേവകിയമ്മയുടെ കൈകൾ അവനെ പൊതിഞ്ഞുപിടിച്ചു..

തിരുമേനി നീട്ടിയ തലത്തിൽനിന്നും മഞ്ഞചരടിൽ കൊരുത്ത താലി നിരഞ്ജൻ അവളുടെ കഴുത്തിലേക്കു ചേർത്തു…. അവൾ കണ്ണുകളടച്ച് കൈകൂപ്പി… ഒരുവേള ഒരാവർത്തനം പോലെ തോന്നിയത്തിന്റെ ഫലമായി എന്നോണം ആ മിഴികൾ നിറഞ്ഞു…. നിരഞ്ജൻ മൂന്നുകെട്ടും കെട്ടി മുറുക്കി… ശേഷം അവളെ നോക്കി നിറഞ്ഞ മനസോടെ ഒന്ന് പുഞ്ചിരിച്ചു…

ആ നിറഞ്ഞ വെള്ളാരം കണ്ണുകൾ അവന്റെ മനസിലും നോവ് പടർത്തി…. തലത്തിൽനിന്നും സിന്ദൂരം എടുത്ത് സിന്ദൂരരേഖ അമർത്തി വരച്ചു…കൈവിടില്ല… കൂടെയുണ്ടാകും എന്ന് പറയാതെ പറഞ്ഞുകൊണ്ട്…

ശേഷം നിരഞ്ജൻ ഋഷികുട്ടനെ എടുത്ത് മാറുകയ്യാൽ അർപ്പിതയുടെ കയ്യിൽ കോർത്തു പിടിച്ചുകൊണ്ട് ക്ഷേത്രത്തിനുള്ളിലേക് നടന്നു..

ഇതെല്ലാംകണ്ടു രണ്ടമ്മമാരും അവരുടെ നിറഞ്ഞ കണ്ണുകൾ തുടച്ചു.

**********************************************

ക്ഷേത്രത്തിൽനിന്നും നേരെ പോയത് രെജിസ്റ്റർ ഓഫീസിലേക്ക് ആയിരുന്നു..മുന്നേ പറഞ്ഞതനുസരിച് എല്ലാ സജ്ജീകരണങ്ങളും അവിടെ ചെയ്തിരുന്നതുകൊണ്ട് രണ്ടാൾക്കും പോയി ഒപ്പിടേണ്ട താമസം മാത്രമേ ഉണ്ടായിരുന്നുള്ളു…

“കൺഗ്രജുലേഷൻസ് നിരഞ്ജൻ ആൻഡ് അർപ്പിത”

താങ്ങൾക് നേരെ നീട്ടിപിടിച്ച ബോക്കെയുമായി നിൽക്കുന്ന ചെറുപ്പക്കാരനെ കണ്ട് ഒന്നും മനസിലാവാതെ നിൽപ്പാണ് അർപ്പിത.
നിരഞ്ജന്റെ മുഖത്ത് പതിവ് പോലെത്തന്നെ നിറഞ്ഞ പുഞ്ചിരി ഉണ്ട്..

അവൻ അർപ്പിതയെ ഒന്ന് ചേർത്ത് പിടിച്ചുകൊണ്ട് അയാൾക്കടുക്കലേക് ചെന്നു…ശേഷം ബോക്കെ വാങ്ങി.. അയാളെ ഒന്ന് കെട്ടിപിടിച്ചു….

എടൊ… ഇവൻ ശ്രീഹരി.. എന്റെ വളരെ അടുത്ത സുഹൃത്താണ്… മാത്രമല്ല എന്റെ കസിൻ കൂടി ആണ്.. അല്ലേടാ…

അർപ്പിത ശ്രീഹരിയെ നോക്കി ഒന്ന് ചിരിച്ചു..

ഇയാളോട് ഞാൻ പറഞ്ഞിരുന്നില്ലെടാ നീ വരുമെന്ന കാര്യം.. അതാ ആൾക്ക് പൊട്ടന്ന് മനസിലാവാഞ്ഞത്…

അതുമനസിലായെടാ… അല്ല എവിടെ നിന്റെ കുറുമ്പൻ?? ഋഷിമോൻ
കേട്ടോ അർപ്പിത.. ഇവൻ വിളിക്കുമ്പോളൊക്കെ പറയാറുണ്ട് തന്റെയും മോന്റെയും കാര്യം…. ശെരിക്കും പറഞ്ഞാൽ അതുപറയാൻവേണ്ടിത്തന്നെയാ എന്നെ വിളിക്കുന്നെ… അല്ലേടാ കള്ള ഡോക്ടറെ… അവൻ നിരഞ്ജന്റെ വയറിൽ ചെറുതായി പഞ്ച് ചെയ്തുകൊണ്ട് പറഞ്ഞു…

മോൻ വീട്ടിലാടാ… ക്ഷേത്രത്തിന്നു ഞങ്ങൾ രണ്ടുപേരുമെ ഇങ്ങോട്ട് വന്നുള്ളൂ… പിന്നെ സാക്ഷികൾക്കായി വേറെ ആൾക്കാരെ അറേഞ്ച് ചെയ്തിരുന്നു….അമ്മക്കും വയ്യാത്തല്ലേ.. സൊ ബുദ്ധിമുട്ടിച്ചില്ല

ഓഹ്… അപ്പൊ ചുരുക്കി പറഞ്ഞാൽ കള്ള ബടുക്കൂസ് ഒരു സധ്യക്കുള്ള വക നഷ്ടപ്പെടുത്തിക്കളഞ്ഞല്ലോടാ…

ഏയ്… ഇല്ലില്ല… നീ നേരെ വീട്ടിലേക്കു വായോ അവിടെ അമ്മയും രാധമ്മായുംകൂടി ഒരു സധ്യതന്നെ ഇപ്പോൾ ഉണ്ടാക്കിക്കാനും മോനെ… നിരഞ്ജൻ ചിരിച്ചുകൊണ്ട് പറഞ്ഞു…
അർപ്പിത രണ്ടുപേരെയും മാറിമാറി നോക്കുവാണ്..

അല്ല എന്താടോ.. മിസ്സിസ് നിരഞ്ജൻ ഒന്നും മിണ്ടാത്തത്??? ഇവനോടൊപ്പം പിടിച് നിൽക്കണേൽ കുറച്ചൊക്കെ നക്കും മൂക്കുമൊക്കെ വേണംകെട്ടോ അർപ്പിത…

അവളൊന്ന് ചിരിച്ചുകൊടുത്തു..

എടൊ.. പിന്നെ ഇവൻ ഈ കാണുന്നപ്പോളൊന്നുമല്ല കേട്ടോ.. ആള് ഒരു പോലീസ് കാരനാണ്… വെറും പോലീസ് കാരനല്ല ASP ആണ്.

എടാ എടാ മതി…. ഇവിടത്തെ പ്രോസജുഴ്‌സ് ഒക്കെ കഴിഞ്ഞില്ലേ.. ഇനി നേരെ വീട്ടിലേക് പോകാം.. അമ്മായിടെ ഫുഡ്‌ കഴിച്ചിട്ടത്തിരി നാളായെ… ശ്രീഹരി വയർ തടവി ആക്ഷൻ കാണിച്ചു.

അതുശേരിയ.. വാടോ പോകാം.. നിരഞ്ജൻ അർപ്പിതയുടെ കയ്യിൽ കൈകോർത്തു മുന്നോട്ട് നടന്നു.

നിരഞ്ജനും അർപ്പിതയും കാറിൽ കേറുന്നതിനും തൊട്ടുമുന്നേ അവരുടെ മുന്നിലായി ഒരു ബ്ലാക്ക് ഡസ്റ്റർ വന്ന് നിന്നു..

കാറിന്റെ ഡോർ ഓപ്പൺ ചെയ്യാൻ നിന്ന കൈ നിരഞ്ജൻ പിൻവലിച്ചു… ശേഷം ഈ വരവ് പ്രതീക്ഷിച്ചെന്നോണം കയ്യുംകെട്ടി ഒരു പുഞ്ചിരിയോടെ കാറിൽ ചാരി നിന്നു..

എന്താ ഡോക്ടറെ??.. ആരാ അത്?? നമുക്ക് പോകണ്ടേ???

പോകാഡോ…. അവർ നമ്മളെ കാണാനാ വന്നേ… കണ്ടിട്ട് പോവാടോ..

ഡോക്ടർ???

അപ്പോളേക്കും ശ്രീഹരിയും നിരഞ്ജന്റടുക്കലേക് വന്നു… രണ്ടുപേരും പരസ്പരം ഒന്ന് നോക്കി ചിരിച്ചു… അർപ്പിത ഇതൊന്നും മനസിലാവാതെ വന്ന്‌ നിന്ന കാറിലേക് തന്നെ നോക്കി നിന്നു..

അല്പനേരത്തിനകം ഡോർ ഓപ്പൺചെയ്ത് ഡ്രൈവിംഗ് സീറ്റിൽനിന്നും ഒരു ചെറുപ്പക്കാരൻ പുറത്തേക്കിറങ്ങി… ഇറങ്ങിയ ആളിന്റെ മുഖം കണ്ടതും അവളുടെ ചുണ്ടുകൾ അവന്റെ നാമം ഉരുവിട്ടു

“കിരൺ ”
ഇടിവെട്ടറ്റേതുപോലെ തറഞ് നിന്നു അവൾ … മറക്കാൻ ശ്രമിക്കുന്ന പല ഓർമകളും വീണ്ടും ഒരു മലവെള്ള പാച്ചിൽപോലെ മനസിലേക്ക് എത്തി..ഓർമകളുടെ കുത്തൊലുക്കിൽ ഒരുവേള താൻ ഒരു നിലയില്ല കയത്തിൽ അകപ്പെട്ടപോലെ തോന്നി അവൾക്ക്..

ചലിക്കാൻ കഴിയുന്നില്ല..തൊണ്ട വറ്റി വരണ്ടു… ദേഹമൊക്കെ വെട്ടി വിറക്കുന്നു ഒരാശ്രയതിനെന്നോണം കണ്ണുകൾക്കൊണ്ട് ചുറ്റും പരതി..
അവളെടെ അവസ്ഥ മനസിലാക്കിയപോലെ നിരഞ്ജൻ അവനിലേക് ചേർത്ത് പിടിച്ചു…. രണ്ടുകയികൾക്കൊണ്ടും അവൾ അവന്റെ ഷർട്ടിൽ അള്ളിപിടിച്ചുകൊണ്ട് അവന്റെ നെഞ്ചിൽ മുഖം ഒളിപ്പിച്ചു….

വലിഞ്ഞു മുറുകിയ മുഖവമായി കിരൺ നിരഞ്ജന് നേരെ വന്നു… നിരഞ്ജന്റെ മുഖത്തെ പുച്ഛം അവനെ കൂടുതൽ ചൊടിപ്പിച്ചു.

നിന്നോട് പലതവണ ഞാൻ പറഞ്ഞതാണ് എന്റെ വഴിയിൽ തടസമായി വരരുതെന്നു… നീ എന്താ എന്നെ പൊട്ടനാക്കി ഇവളെകെട്ടി സുഗമായി ജീവിക്കാമെന്ന് കരുതിയോട….ഞാൻ ആരാണെന്നു നിനക്കറിയില്ല… കിരൺ പല്ല് കടിച്ചു.

ആരാടാ പറഞ്ഞെ അറിയില്ലെന്ന്??? കാശിനുവേണ്ടി നീയും നിന്റെ അച്ഛനുംകൂടി ഈ പാവം പെണ്ണിനോട് ചെയ്തതൊക്കെ നല്ലത് പോലെ അറിയാമെടാ…. പിന്നെ… ഫോണിൽകൂടി വിളിച് ഭീഷണിപ്പെടുത്തിയാൽ പേടിക്കാനും മാത്രം നഴ്സറി കുട്ടിയൊന്നുമല്ല ഈ നിരഞ്ജൻ.. മറുപ്പുറത് നീ തന്നെ ആണെന്നറിഞ്ഞിട്ട ഞാൻ എതിരിടാൻ ഒരുങ്ങിയതും…. പിന്നെ ഞാനാണോന്നു സംയമനം പാലിച്ചത് ഈ ഒരു ദിവസത്തിന് വേണ്ടിയാ.. ദേ… കുറച്ച് നിമിഷങ്ങൾക്ക് മുന്നേ ഞാൻ താലികെട്ടി സ്വന്തമാക്കിയ പെണ്ണാ ഇവൾ… ഇനി ഇവൾക്ക് നേരെ നീ ചെറുവിരൽ എങ്കിലും അനക്കിയാൽ… നിനക്കറിയില്ല ഈ നിരഞ്ജനെ… നീ എന്റെ വേറൊരു മുഖം കാണും മോനെ…..

അവർതമ്മിലുള്ള സംസാരമൊക്കെ കേട്ടെങ്കിലും അർപ്പിത കണ്ണുകൾ കൂട്ടി അടച്ച് അവന്റെ നെഞ്ചിൽകിടപ്പാണ്… ഒന്ന് പ്രതികരിക്കാൻ പോലും ആവാതെ…

നിന്റെ തോന്നലാണ് നിരഞ്ജൻ എല്ലാം…. നീയും ഇവളും ഒക്കെ വേദനിച്ചു കരയും… ഈ കിരണിന്റെ കാൽക്കീഴിൽ ഇവളെ ഞാൻ വരുത്തും…. പിന്നെ ഒരിക്കൽ ഒന്ന് സൽക്കരിച്ചപോലെ… ഇനിയും ഒരു വിരുന്നൊരുക്കുന്നുണ്ട് ഇവൾക്ക് ഞാൻ….അവനൊരു വഷളചിരിയോടെ അർപ്പിതയെ നോക്കി പറഞ്ഞു..

ഡാ…… ശ്രീഹരി പാഞ്ഞുച്ചെന്നു കിരണിന്റെ കോളറിൽ കുതിപിടിച്ചു…. ഭീഷണിപ്പെടുത്താനും മാത്രം ആരാടാ പന്നമോനെ നീ… പെണ്ണിനെ മാനത്തിന് വിലപ്പറയുന്നോടാ???? കൊന്നുകളയും നിന്നെ ഞാൻ ശ്രീഹരി നിന്ന് വിറച്ചു..
അവന്റെ പെട്ടന്നുള്ള പ്രവർത്തിയിൽ കിരണും ഒന്ന് പതറിപോയ്..

നിരഞ്ജൻ കണ്ണുകൾ ഇറുകെ അടച്ച് ദേഷ്യം നിയന്ത്രിച്ചു….

പുന്നാരമോനെ… നിന്റെയും നിന്റ തന്തയുടെയും സകല കൊള്ളരുതായ്മകളും അറിഞ്ഞിട്ട് തന്നെയാടാ ഞാനിവിടെ നിക്കുന്നെ… നീയും നിന്റ തന്തയും ഒരുങ്ങി ഇരുന്നോ… അധികാകാലം ഇനി പുറത്തുണ്ടാകില്ല നീയൊന്നും ശ്രീഹരി കളിയാടങ്ങാത്തവണ്ണം അവനെ നിലത്തേക് തള്ളിക്കൊണ്ട് പറഞ്ഞു.

എന്നാൽ വീണ സ്പീഡിൽ തന്നെ കിരൺ കുതിച്ചെഴുനേറ്റു… ഓഹോ അപ്പൊ നീ ഗുണ്ടകളെയും കൂട്ടിയാനാണല്ലേ കല്യാണം നടത്താൻ ഇറങ്ങിയത്… ഇതൊന്നും ഈ കിരണിനോട് വേണ്ട… ഇവളെ എന്റടുക്കൽ എത്തിക്കാനുള്ള വഴി എനിക്കറിയാം……. നമ്മൾ ഇനിയും കാണേണ്ടിവരും… അപ്പോളേക്കും നീ ഇവൾക്ക് കുറച്ച് ധൈര്യമൊക്കെ കൊടുത്ത് ഒന്ന് ഉഷാറാക്കേടോ… അർപ്പിതയേനോക്കി ഒന്ന് പുച്ഛിച്ചുകൊണ്ട് പറഞ്ഞു… ശേഷം ശ്രീഹരിയെ പകയേരിയുന്ന കണ്ണുമായി ഒന്ന് നോക്കി….

നോക്കി കഴിഞ്ഞെങ്കിൽ എടുത്തോണ്ട് പോടാ…..നിറഞ്ഞ പുച്ഛത്തോടെ ശ്രീഹരി പറഞ്ഞു

വർധിച്ച കോപത്തോടെ അവൻ കാറിലേക്ക് കയറി… ഒരു ഇരമ്പലോടെ കാർ ബാക്കിലേക്കെടുത്തു പോയി..

ശ്രീഹരി.. വന്ന് നിരഞ്ജന്റെ തോളിലൊന്നു തട്ടി.. ശേഷം അർപ്പിതയെ ഒന്ന് നോക്കി… പതിയെ അവന്റെ കാറിനടുത്തേക് നടന്നു..

അർപ്പിത നിന്നപാടെ അണുവിട ചലിക്കാതെ നിൽക്കുവാണ്… നിരഞ്ജൻ അവളുടെ തലയിലൊന്ന് തഴുകി..
അർപ്പിത…. എടൊ..

അവളൊന്നും പ്രതികരിക്കുന്നുണ്ടായിരുന്നില്ല… എടൊ… അവളെയൊന്നു കുലിക്കി വിളിച്ചവൻ..
പെട്ടന്ന് അവൾ മുഖമുയർത്തി നോക്കി… പിന്നെ ചുറ്റിലും ഒന്ന് നോക്കി…

എന്താടോ… പോകണ്ടേ നമുക്ക്??? എല്ലാവരും കാത്തിരിക്കും.. വാ..
അവന് ആ പെണ്ണിനോട് അതിയായ വാത്സല്യം തോന്നി..
അവൾ പതിയെ അവനിൽനിന്നും വിട്ട് മാറി… എന്നാൽ ആ കൈകൾ അവന്റെ കൈകളെ കൂട്ടിപിടിച്ചിരുന്നു… ഒരാശ്രയതിനെന്നപോലെ..

അവളുടെ കണ്ണുനീർവീണ് കുതിർന്ന അവന്റെ ഷർട്ടിൽ അവൻ പതിയെ ഒന്ന് തൊട്ടു…. അവന്റെ കണ്ണുകളിൽ പകയേരിഞ്ഞു…

**********************************************

അർപ്പിത….. കാറിനുള്ളിൽ നിറഞ്ഞുനിന്ന നിശബ്ദത്തയെ മുറിച്ചുകൊണ്ട് നിരഞ്ജൻ വിളിച്ചു…

മ്മ്മ്… പറ ഡോക്ടറെ… ശക്തിയില്ലാതെ തീരെ നേർത്ത പോയിരുന്നു അവളുടെ സ്വരം.

എടൊ… തനിങ്ങനെ പേടിക്കാതെ… ഞാനില്ലേ തന്റെകൂടെ…

നോക്ക്…വീട്ടിലേക്കെത്താറായി… അവിടുള്ളവരെക്കൂടി താൻ വിഷമിപ്പിക്കുവോ???

എനിക്ക് പേടിയാവുന്നു ഡോക്ടറെ… അവൻ എന്നെ… അവൾ രണ്ട് കൈകൊണ്ടും മുഖം പൊത്തി കരഞ്ഞു..

ഹേയ്… അർപ്പിത നോ… താണിങ്ങനെ തളരരുതേ…. താൻ തളർന്നലാണ് ഞാൻ തോറ്റുപോകുന്നത്…
നോക്കെടോ….

എടൊ ഇങ്ങോട്ട് നോക്ക്…

അവൾ സ്വയം നിയന്ത്രിക്കാൻ ശ്രമിച്ചു…. മുഖം ചരിച്ചു നിരഞ്ജനെ നോക്കി..

താൻ തളർന്നു പോകരുതെടോ… ഞാനില്ലേ തന്റെകൂടെ… ഞാനുള്ളടത്തോളംകാലം തന്നെയും മോനെയും ആരും ഒന്നും ചെയ്യില്ല..

Trust me.

അവളൊന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു.

പക്ഷെ ഡോക്ടർകവനെ…..

ശ്……. നിരഞ്ജൻ ചുണ്ടുകൾക്ക് മീതെ വിരൽവച്ചു….

എല്ലാം ഞാൻ പറയടോ… തന്റെ സംശയങ്ങൾക്കൊക്കെ ഇന്ന് മറുപടിത്തരം… എന്താ…

ഇപ്പൊ മുഖമൊക്കെ തുടച് നല്ലകുട്ടിയായി ഇരിക്കാടോ ഭാര്യേ… നിരഞ്ജൻ ഒരുകണ്ണിറുക്കി..

ഒന്ന് ചിരിക്കാൻ ശ്രമിച്ചെങ്കിലും അവളുടെ ഉള്ളിൽ പലവിധത്തിലുള്ള ചോദ്യങ്ങളും സംശയങ്ങളും തികട്ടിവന്നു..ചിന്തകളെ അടക്കിനിർത്താൻ അവൾ നന്നേ പ്രയാസപ്പെട്ടു. അതുമനസിലാക്കിയെന്നോണം നിരഞ്ജൻ തന്റെ ഇടതുകൈ അവളുടെ കൈക് മുകളിലയ് ചേർത്ത് വച്ചു… ഒന്നുമില്ല എന്ന പോലെ കണ്ണുകൾ ചിമ്മി.

**********************************************

ദേവകിയമ്മ കൊടുത്ത നിലവിളക്കുമായി അർപ്പിത വളത്തുകാൽവച്ചു അകത്തേക്ക് കയറി… എല്ലാപേരുടെയും മുഖത്ത് നിറഞ്ഞ പുഞ്ചിരി.. അർപ്പിതയുടെ മുഖത്തെ തെളിച്ചക്കുറവിന്റെ കാരണം ശ്രീഹരി നേരത്തെത്തന്നെ രാധമ്മയെയും ദേവകിയമ്മയേം അറിയിച്ചിരുന്നതിനാൽത്തന്നെ ആരും ഒന്നും ചോദിച്ചവളെ ബുദ്ധിമുട്ടിച്ചില്ല..

അമ്മമാർ രണ്ടുകൂടി ഒരു ഉഗ്രൻ സാധ്യതന്നെ ഉണ്ടാക്കി… ഋഷിക്കുട്ടൻ ശ്രീഹരിയുമായി കൂട്ടായതുകൊണ്ട് അവന്റെ പിന്നാലെ നടന്ന് ശല്യം ചെയ്യുകയാണ്… ഉച്ചക്ക് എല്ലാപേരും ഒന്നിച്ചിരുന്ന് ആഹാരം കഴിച്ചു… അപ്പോളും അർപ്പിതയുടെ മുഖത്തെ തെളിച്ചക്കുറവ് എല്ലാപേരെയും വേദനിപ്പിച്ചു… രാധമ്മയുടെ ഉള്ളിലും തീയാണ്… പക്ഷെ അതവർ സമർഥമായിത്തന്നെ മരച്പിടിക്കുന്നുണ്ട്… ഒരുപക്ഷെ അവരുകൂടി സങ്കടപ്പെട്ടാൽ അത് അർപ്പിതയെ ഇനിയും വിഷമിപ്പിക്കുകയെ ഉള്ളു എന്നതിനാലാവണം….

മോളെ…. പോയി ഈ ഡ്രസ്സ്‌ ഒക്കെ ഒന്ന് മാറിവാ.. ചെല്ല്.. രാവിലെ ധരിച്ചതല്ലേ… പിന്നെ ദേ ഋഷിമോനും ഉറക്കം വരുന്നുണ്ട്.. മോൾ മോനേകൊണ്ട് മുകളിക് പൊക്കോ.. കണ്ണൻ ഹരിക്കുട്ടനുമായി എന്തോ സംസാരിച്ചിരിപ്പുണ്ട് പുറത്ത്…. ഞാനും ഒന്ന് കിടക്കാൻ പോകുവാ.. ഒത്തിരിനേരം നിന്നിട്ടാകണം കാലിന് വല്ലാത്ത വേദന…

അമ്മ പോയികിടന്നോളു…

അവളുടെ തലയിലൊന്ന് തഴുകി അവർ റൂമിലേക്കു പോയി..

അവൾക്കെന്തോ മുകളിലേക്കു പോകാൻ തോന്നിയില്ല… സോഫയിലേക് ചാരി മെല്ലെ കണ്ണുകലടച്ചു.

നെറ്റിയിൽ ഒരു നനുത്ത സ്പർശം അരിഞ്ഞതും അവൾ കണ്ണുകൾ തുറന്നു…

രാധമ്മയാണ്…. കണ്ണുകൾ നിറഞ്ഞിരിക്കുന്നു… അവൾ പതിയെ ആ തോളിലേക് ചാഞ്ഞു…. അയമ്മ അവളെ പൊതിഞ്ഞു പിടിച്ചു….രണ്ടുപേരും പരസ്പരം ഒന്നും മിണ്ടിയില്ല… എന്നാൽ ഉള്ളിൽ രണ്ടുപേരും കരയുവായിരുന്നു.
കുറെ നേരം അതെ ഇരിപ്പ് തുടർന്നു..

നിരഞ്ജനും ശ്രീഹരിയും ഈ കാഴ്ചകണ്ടുകൊണ്ടാണ് അകത്തേക്ക് കയറിവന്നത്… രണ്ടാളും പരസ്പരം ഒന്ന് നോക്കി ചിരിച്ചു…. നിരഞ്ജനെ കണ്ടതും രാധമ്മ അർപ്പിതയെ തട്ടിവിളിച്ചു..

എന്താ അയാൾ ഉറങ്ങിയോ രാധമ്മേ….

ഏയ്.. ഇല്ലമോനെ ഉറക്കമായിട്ടൊന്നുല്ല ക്ഷീണംകാണും.. ഒന്ന് മയങ്ങിയിരുന്നു ഇവിടിരുന്നു.. അപ്പോള ഞാൻ വിന്നിരുന്നേ.. പിന്നെ എന്റെ തോളിലേക് ചാരി..

എടൊ… അർപ്പിത… എഴുനേക്കേടോ

നിരഞ്ജന്റെ ശബ്ദമാണ് അവളെ മയക്കത്തിൽനിന്ന് ഉണർത്തിയത്..

അവൾവേഗം എഴുനേറ്റു..

എടൊ തനിക് മുകളിൽ പോയി കിടന്ന് ഉറങ്ങരുതോ?? ഋഷിമോൻ എവിടെ??

അപ്പോളാണ് അവളെ നേരത്തെ ദേവകിയമ്മ പറഞ്ഞത് ഓർമിച്ചത്.. മോന് ഉറക്കം വന്നിട്ടുണ്ടാവില്ലേ… അവള്പെട്ടന്ന് വല്ലാണ്ടായി.

മോൻ ഉറങ്ങി കുഞ്ഞേ… ദേവകിച്ചേച്ചിയുടെ അടുത്ത് കിടത്തിയിട്ട ഞാൻ ഇങ്ങോട്ട് വന്നത്… ആളിനിപ്പോ എന്നെ വേണ്ട.. എപ്പോളും ദേവുമുത്തശ്ശിയെമതിന്നായി..ഒരുചിരിയോടെ രാധമ്മ പറഞ്ഞു..

നിരഞ്ജനും ശ്രീഹരിയും അതുകേട്ടൊന്നു ചിരിച്ചു… എടൊ ദേ ഹരി പോകുവാണ്.. തന്നോട് പറഞ്ഞിട്ട് പോകാൻ വന്നതാ…

ഇന്നിവിടെ നിൽക്കരുതോ??? അവൾ ചോദിച്ചു

ഇല്ല അർപ്പിത ഒന്നുരണ്ട് കാര്യങ്ങളുണ്ട്.. ഞാൻ വരാടോ.. ഇവിടൊക്കെത്തന്നെ ഉണ്ടാകും.. അവൻ നിരഞ്ജനെക്കൂടി ഒന്ന് നോക്കി പറഞ്ഞു…

ശ്രീഹരി ഇറങ്ങിയതിനു പിന്നാലെ രാധമ്മയും അപ്പുറത്തേക്ക് പോയി..

വാടോ.. മുകളിലേക്കു പോകാം.. പറഞ്ഞുകൊണ്ട് അവൻ മുന്നേ നടന്ന് കയറി…മടിച് മടിച് അവളും പിന്നാലെ ചെന്നു.

**********************************************

കയറിയ ഉടനെ മാറിയിടാനുള്ള ഡ്രെസ്സും ടവലും എടുത്ത് നിരഞ്ജൻ പുറത്തേക്കിറങ്ങി..
താൻ ഇവിടെ ഫ്രഷ് ആയിക്കോളൂ ഞാൻ കോമൺ വാഷ്റൂം യൂസ് ചെയ്‌തോളാം… ഇറങ്ങുന്നതിനിടയിൽ അവളോടായി പറഞ്ഞു.

*********************************************

പുറത്തെന്തക്കയോ ബഹളം കേൾക്കെ അർപ്പിത കണ്ണുകൾ ചിമ്മി തുറന്നു… അല്പസമയമെടുത്തു അവൾക്ക് യഥാർദ്ധ്യത്തിലേക് വരാൻ… അവൾവേഗം പിടഞ്ഞെഴുനേറ്റു… സമയം 6നോട് അടുക്കുന്നു.. തനിത്രനേരം ഉറങ്ങിയോ??? ഫ്രഷ് ആയി വന്നോന്നു കിടന്നത് മാത്രമേ ഓര്മയുള്ളു…

ശേ… ഡോക്ടർ റൂമിലേക്കു വന്ന് കാണില്ലേ…. താനിങ്ങിനെ കിടന്നുറങ്ങുന്നേ കണ്ടുകാണും.. ശോ എന്തുകരുതിക്കാണുമോ… അവൾക്കാകെ വല്ലാതായി.. വേഗംതന്നെ ഒന്ന് ഫ്രഷ് ആയി താഴേക്ക് ഇറങ്ങി.

മടിച് മടിച്ചാണ് അവളെ താഴേക്ക് ചെന്നത്…
ചെന്നപ്പോളെ രാധമ്മയെ കണ്ടു.. തെല്ലൊരാശ്വാസം തോന്നി…

ഋഷിക്കുട്ടൻ ഡോക്ടർടെ മേൽ കുത്തിമറിയലാണ്.. കളിക്കുന്നതിനൊപ്പം ഒച്ചയിടുന്നുണ്ട് രണ്ടാളും..അപ്പോൾ അതിന്റെ ബഹളമാണ് താൻ മുകളിൽ കേട്ടത്… ഒരു കുഞ് പുഞ്ചിരിയോടെ അവർക്കടുക്കലേക് നടന്നു..

അഹ്… താൻ എഴുന്നേറ്റോ??? ക്ഷീണമൊക്കെ മാറിയോടോ???

ആരും വിളിച്ചില്ല.. അതാ.. ഇത്രയും നേരം.. അവൾ വാക്കുകൾ നുള്ളിപെറുക്കി..

അതിനെന്താ.. മോൾ വാ.. ഇവിടിരിക്.. ദേവകിയമ്മ സ്നേഹത്തോടെ അവളെ അവർക്കടുത്തായി പിടിച്ചിരുത്തി…

എടൊ… ഞാൻ റൂമിൽ വന്നിരുന്നു ചായകുടിക്കാൻ തന്നെ കൂട്ടാനായി… പക്ഷെ താൻ നല്ല ഉറക്കമായിരുന്നു.. പിന്നെ ശല്യം ചെയ്യണ്ടാന്ന് കരുതി…

അവളൊന്ന് ചിരിച്ചു… പിന്നെ ഋഷികുട്ടനായി കൈ കാട്ടി..

അവൻ ഓടി അവളുടെ മടിയിലേക്ക് കയറി..

അമ്മേടെ പൊന്നൂട്ടൻ എന്തേലും കഴിച്ചുവോ??? ചായ കുടിച്ചോ???

കുടിച്ചല്ലോ… അമ്മയല്ലേ വരാഞ്ഞേ… അമ്മേ ഞാനിന്നു ദേവുമുത്തശ്ശിടടുത്താണല്ലോ ഉറങ്ങിയത്….

അവൾ ഒരു പുഞ്ചിരിയോടെ കുഞ്ഞിനെതന്നെ നോക്കിയിരുന്നു… ഇത്രനേരം അമ്മയെ കിട്ടാത്തതുകൊണ്ടാകണം… ഋഷിമോൻ എന്തൊക്കെയോ വാതോരാതെ സംസാരിക്കുന്നുണ്ട്…. ഇടയ്ക്കിടെ അവന്റെ കുഞ്ഞ് കൈകളിൽ അവൾ മുത്തമിടുന്നു… നിരഞ്ജൻ അവളെത്തന്നെ കണ്ണിമചിമ്മാതെ നോക്കിയിരിക്കിക്കുന്നു… ഇടക്കെപ്പോളോ കണ്ണുകൾ തമ്മിൽ കൊരുത്തു…. അവന്റെ പ്രണയം നിറഞ്ഞ നോട്ടത്തിൽ നിന്നും ഒരു പിടച്ചിലോടെ അവൾ കണ്ണുകൾ പിൻവലിച്ചു..

മോളെ ചായ കുടിച്ചില്ലല്ലോ അമ്മ ഇപ്പൊ കൊടുവരാം കേട്ടോ…
ഏയ്… ഞാൻ.. ഞാൻ വാന്നെടുത്തോളം അമ്മേ എന്നും പറഞ്ഞുകൊണ്ട് വെപ്രാളത്തോടെ അമ്മമാർക്ക് പുറകെ അവളും അടുക്കളയിലേക് പോയി…

**********************************************

രാത്രിയിലേക്കുള്ള പാചകത്തിലാണ് രാധമ്മയും ദേവകിയമ്മയും… അർപ്പിത ചായ ഊതികുടിച്ചുകൊണ്ട് അവർ പറയുന്നകാര്യങ്ങളൊക്കെ ഒരു പുഞ്ചിരിയോടെ കേട്ട് നിൽപ്പാണ്….

നിരഞ്ജനെ ഫേസ് ചെയ്യാൻ എന്തോ ചമ്മൽ പോലെ… ആ നോട്ടം… അത് താങ്ങാൻ കഴിയുന്നില്ല… അത്താഴത്തിനുള്ള സമയംവരെ അടുക്കളയിൽ ചുറ്റിപറ്റി തന്നെ നിന്നു.

രാത്രി ചപ്പാത്തിയും മൊട്ടക്കറിയും ആയിരുന്നു.. എല്ലാവരും ഒന്നിച്ചുതന്നെ ഇരുന്നു… നിരഞ്ജനടുത്തായി തന്നെ അർപ്പിതയും ഇരുന്നു… അടുത്ത് ഋഷിമോനെയും ഇരുത്തി… അവൾ കുഞ്ഞിനുള്ളത് ആദ്യമേ ചെറുതായി മുറിച് കറിയിൽ മുക്കി പ്ലേറ്റെയിൽ വച്ചുകൊടുത്തു.. ആളിപ്പോൾ എടുത്ത് കഴിക്കാനൊക്കെ ശീലിച്ചു…

നിരഞ്ജൻ അവൾ ചെയ്യുന്നതെല്ലാം ഇടയ്ക്കിടെ നോക്കുന്നുണ്ട്.. അമ്മമാർ ഇരിക്കുന്നത് കൊണ്ട് അവനും ഒരു ചമ്മൽ തോന്നി.. പിന്നെ വേഗം കഴിച്ചെഴുനേറ്റു..

അമ്മേ നമ്മളിനി നമ്മുടെ വീട്ടിൽ പോകില്ലേ?? അത്താഴംകഴിഞ് എല്ലാപേരും ടിവി കാണാൻ ഇരിക്കുന്നതിനിടയിലാണ് ഋഷിക്കുട്ടൻ ചോദിച്ചത്.

ആഹാ… ഇത്രയുംദിവസം ഇങ്ങോട്ട് വന്നോളാൻ വയ്യായിരുന്നാലോ… ഇപ്പോൾ തിരികെ പോണോ… അവനെ ചൊടിപ്പിക്കാനായി രാധമ്മ പറഞ്ഞു…

അമ്മേ… ഈ രാധമ്മ… അവൻ ചിണുങ്ങി

പറയമ്മേ നമ്മൾ പോകുവോ???

പൊന്നുട്ടന് പോണോ???
വേണ്ടമ്മേ… എനിക്കിവിടെ നിന്നാൽ മതി അങ്കിളിന്റെകൂടെ കളിക്കാല്ലോ… ദേവുമുത്തശ്ശി ഒരുപാട് സ്റ്റോറി പറഞ്ഞുതരുമല്ലോ… പോവണ്ടമേ..

ഇല്ല പൊന്നൂട്ടാ… നമുക്ക് പോകണ്ട… അവളും കൊഞ്ചിപറഞ്ഞു ഋഷികുട്ടനെപോലെ… ആ കുഞ്ഞുമുഖം തെളിഞ്ഞു… പക്ഷെ പറഞ്ഞ് കഴിഞ്ഞാണ് അവൾക്ക് അബദ്ധംപറ്റിയത് മനസിലായത്…
അവൾ ഒരു ചമ്മലോടെ എല്ലാവരെയും നോക്കി…

എല്ലാ മുഖങ്ങളിലും സന്തോഷം…

കുറച്ച്നേരം എല്ലാവരും സംസാരിച്ചിരുന്നു… ഇടക്ക് ഹോസ്പിറ്റലിന്നു ഒരു കാൾ വന്ന്‌ നിരഞ്ജൻ പുറത്തേക് പോയി…. ഋഷിക്കുട്ടൻ പതിയെ അർപ്പിതയുടെ മടിയിൽ ഇരുന്ന് ഉറക്കം തൂങ്ങാൻ തുടങ്ങി…ഇതുകണ്ടുകൊണ്ടാണ് നിരഞ്ജൻ അകത്തേക്ക് വന്നത്.

എടൊ താൻ കുഞ്ഞിനെ കൊണ്ട് കിടത്തി ഉറക്ക്.. മോന് ഉറക്കം വരുന്നുണ്ട്…

ശേരിയമോളെ… കുറെ കളിച്ചതല്ലേ ക്ഷീണംകാണും.. കൊണ്ട് കിടത്തിക്കോ…
ഇന്ന് എന്റെ കൂടെ കിടത്തം മോളെ… വായോ..

അതുകേട്ട് അവൾ എന്ത് പറയണമെന്നറിയാതെ നിരഞ്ജനെ നോക്കി.

നിരഞ്ജൻ അവളുടെ അടുക്കലേക് വന്ന് കുഞ്ഞിനെ വാങ്ങി… പിന്നെ സ്റ്റെപ് കയറി മുകളിലെ അവരുടെ മുറിയിലേക് തന്നെപ്പോയി… അവളുടെ മുഖത്ത് ആശ്വാസത്തിന്റെ പുഞ്ചിരി തെളിഞ്ഞു.. എന്നാൽ ദേവകിയമ്മക് വിഷമം ആയോന്ന് അറിയാൻ അവൾ പതിയെ അവരെ നോക്കി…
എന്നാൽ ആ മുഖത്തും നിറഞ്ഞ പുഞ്ചിരി ആയിരുന്നു…

**********************************************

ധാ മോളെ ഈ പാൽ പിടിക്…

അവൾ ദയനീയമായി ദേവകിയമ്മയെതന്നെനോക്കി…
പിടിക് മോളെ… ഇതൊക്കെ ഒരു ചടങ്ങല്ലേ… ഒന്നും തെറ്റിക്കണ്ട.. ചെല്ല്.. കണ്ണൻ മുറിയിലുണ്ടാകും..

അവൾ മടിച് മടിച് അതുമായി മുകളിലേക്കു കയറി… വാതിൽ ചാറിയിട്ടേ ഉള്ളായിരുന്നു.. അവൾ പതിയെ വാതിൽ തുറന്നു… നിരഞ്ജൻ ബെഡിൽ ഹെഡ്രെസ്റ്റിൽ ചാരി ഇരിപ്പുണ്ട് മൊബൈലിൽ എന്തോ നോക്കുവാണ്… അടുത്തായിത്തന്നെ ഋഷിക്കുട്ടൻ ഉറങ്ങി കിടപ്പുണ്ട്.

വാതിൽ തുറന്ന സൗണ്ട് കേട്ട് നിരഞ്ജൻ തലഉയർത്തി നോക്കി…

വാടോ കയറി വാ… കയ്യാട്ടി അവളെ അടുക്കലേക്ക് വിളിച്ചു..

അഹ്… അമ്മ പാലൊക്കെ തന്നുവിട്ടല്ലേ… ഇങ്ങുതന്നേക്കടോ.. എനിക്ക് കിടക്കുമുന്നേ പാൽകുടിക്കുന്നതിഷ്ടമാ.. അവളുടെ പരിഭ്രമം കണ്ടാന്നോണം അവൻ പറഞ്ഞു.

എന്താടോ തനിക്ക് വേണോ??? വാങ്ങിക്കുടിക്കുംമുന്നേ അവളോട് ചോദിച്ചു…
അവൾ വേണ്ട എന്ന രീതിക് തല ചലിപ്പിച്ചു.

എടൊ തനിക്ക് ഫ്രഷ് ആവണോ???

വേണ്ട ഡോക്ടർ.. ഞാൻ ഫ്രഷ് ആയിരുന്നു കുറച്ച് മുന്നേ..

അഹ്… അപ്പോൾ താനിരിക്.. ഞാനിപ്പോൾവരാം.. അവളുടെ തോളിലൊന്ന് തട്ടി പറഞ്ഞുകൊണ്ട് അവൻ വാഷിംറൂമിലേക് കയറി.

അവൾക്ക് എന്തെന്നില്ലാത്ത ഒരു പരിഭ്രമം തോന്നി… ഉറങ്ങികിടക്കുന്ന ഋഷിമോനെ തന്നെ നോക്കി നിന്നു.. പിന്നെ പതിയെ അവനരികിലായ് ഇരുന്നു….

തല പതിയെ ഹെഡ്രെസ്റ്റിലേക്ക് ചാരി വച്ചു കണ്ണുകളടച്ചു … തന്റെ ജീവിതത്തിൽ ഇതുവരെ നടന്ന സംഭവങ്ങളിലൂടെ ഒരു ഓട്ട പ്രദക്ഷിണം നടത്തി അവളുടെ മനസ്… അത് അവസാനം ഇന്ന് കിരണിനെ കണ്ട ഓർമയിൽ ഒന്ന് ആസ്വസ്ഥമായി….

കണ്ണുകൾ ആസ്വസ്ഥതയോടെ തുറന്നു… മനസും അതുപോലെതന്നെ എന്തെന്നറിയാതെ ആസ്വസ്ഥമായികൊണ്ടിരുന്നു… പതിയെ എഴുനേറ്റ് ബാൽക്കണിയിലേക്കുള്ള ഡോർ ഓപ്പൺ ചെയ്തു…

(തുടരും )