രചന – രുദ്രാ ലക്ഷ്മി
ദിവസങ്ങൾ കൊഴിഞ്ഞു വീണുകൊണ്ടിരുന്നു… അന്നുണ്ടായ സംഭവം ഒഴിച്ചാൽ സംശയിക്കാവുന്ന ഒന്നും തന്നെ പിന്നെ ഉണ്ടായില്ല.. അതുകൊണ്ടുതന്നെ അർപ്പിത പതിയെ അത് മറന്നു.
പതിവ് പോലെ ഒരു ദിവസം കോളേജിൽ നിന്നും തിരികെ വന്ന അർപ്പിത കാണുന്നത് ഹാളിലെ സോഫയിൽ ഇരുന്ന് ചായകുടിക്കുന്ന നിരഞ്ജനെയും ദേവകിയമ്മയെയും ആണ്…. പ്രതീക്ഷിക്കാത്തതിന്റെ ഒരു ഞെട്ടൽ അവളുടെ മുഖത്ത് പ്രകടമായിരുന്നു…
ആ മോൾ വന്നോ… ദേവകിയമ്മ അവളെക്കണ്ടപ്പാടെ ചോദിച്ചുകൊണ്ട് അവൾക്കടുത്തേക്ക് വന്നു..
അർപ്പിത ദേവകിയമ്മയേം നിരഞ്ജനെയും നോക്കി ഒന്ന് ചിരിച്ചു… ഒരുവേള അവളുടെ കണ്ണുകൾ നിരഞ്ജന്റെ കണ്ണുകളിൽ ഉടക്കി… അവളെത്തന്നെ കണ്ണിമവെട്ടാതെ ഒരു കുസൃതി ചിരിയോടെ നോക്കി ഇരിക്കുവാണ് നിരഞ്ജൻ…
അവൾ വേഗം തന്നെ നോട്ടം മാറ്റി… ശേഷം നോട്ടം രാധമ്മയിലേക്ക് ചെന്നു.. എന്നാൽ അവിടെ പതിവിന് വിപരീതമായി ചെറിയൊരു പരിഭ്രമത്തോടെ നിൽക്കുന്ന രാധമയെകണ്ടതും അവൾക്കെന്തോ ഒരു പന്തികേട് തോന്നി.
എന്താ അപ്പുമോളെ അവിടത്തന്നെ നിക്കുന്നെ??
ഞങ്ങളെ കണ്ടുകൊണ്ടാണോ… മോൾ വാ വന്നിവിടെ ഇരിക്ക്.. ദേവകിയമ്മ അവളുടെ കയ്യിൽ പിടിച്ചുകൊണ്ടു സോഫയ്‌ക്കരികിലേക്കു നടന്നു..
അവരുടെ പുറകെ ഒരു പാവകണക്കെ അവൾ നടന്നു .
ഇരിക്ക് മോളെ…..
അല്ല അമ്മേ… ഞാൻ ഡ്രസ്സ് ചേഞ്ച് ചെയ്ത് ഫ്രഷ് ആയിട് വരാം… നിങ്ങൾ ചായ കുടിയ്ക്… അവൾ പറഞ്ഞുകൊണ്ട് നിരഞ്ജനെ ഒന്ന് നോക്കി.
അവൻ അപ്പോളും അതെ പുഞ്ചിരിയോടെ അവളുടെ ഓരോ ചലനങ്ങളും വീക്ഷിച്ചുകൊണ്ടിരിക്കുവാണ്… അവളുടെ നോട്ടം ചെന്നിട്ടു പോലും അവൻ കണ്ണുകൾ മാറ്റിയില്ല.
പൊന്നൂട്ടൻ എവിടെ രാധമ്മേ??അവന്റെ നോട്ടത്തിൽ പതറിപോയ അർപ്പിത തെല്ലൊരു ജാള്യതയോടെ രാധമ്മയോട് തിരക്കി.
ഇവിടുണ്ടായിരുന്നു മോളെ… ഇപ്പൊ ഒരൂട്ടം അങ്കിൾ നു കാണിച്ച് തരാമെന്നും പറഞ്ഞ് റൂമിലേക്കു എന്തോ എടുക്കാനായി ഓടിച്ചാടി പോയിട്ടുണ്ട്. ദേവകിയമ്മയാണ് മറുപടി പറഞ്ഞത്
അവളൊരു ചിരിയോടെ മുകളിലേക്കുള്ള സ്റ്റെപ് കയറി.. അപ്പോളേക്കും ഋഷിക്കുട്ടൻ താഴേക്കു ഓടി ഇറങ്ങി വന്നു…
പൊന്നൂട്ടാ… സൂക്ഷിച്… വീഴില്ലേ…അവൾ തെല്ലൊരു ശാസനയോടെ വിളിച്ചു….
“അങ്കിലെ… ഇതുകണ്ടോ…” കയ്യിലിരുന്ന ഡ്രോയിങ് ബുക്ക് നിരഞ്ജന് നേരെ നീട്ടുന്ന തിരക്കിൽ അർപ്പിതയെപോലും ഋഷിക്കുട്ടൻ ശ്രദ്ധിച്ചില്ല..
ഇതൊക്കെ ഞാൻ വരച്ചതാ…
ഒരു സ്റ്റെപ് പോലും മുന്നോട്ട് വക്കാതെ ഋഷികുട്ടനെതന്നെ നോക്കിനിന്നു അർപ്പിത…. എന്നും താൻ വരുന്നതും കാത്തിരിക്കുന്ന ആളാണ് ഇന്ന് തന്നെ മൈൻഡ് ആക്കാതെ നിരഞ്ജന്റെ അടുത്തേക്ക് ഓടിയതെന്നു ഓർക്കേ അവളുടെ മുഖത്ത് ആശ്ചര്യത്തിന്റെ ഒരു പുഞ്ചിരി വിടരുന്നു.. ഒരു വേള അതിൽ ഒരു കുഞ്ഞ് നോവും ഇടംപിടിച്ചിരുന്നു..പിന്നെ ഒന്നവൾ നിരഞ്ജനെ നോക്കി… അവൻ ഋഷിക്കുട്ടനോട് ഓരോന്ന് പറയുന്നതിനൊപ്പം അർപ്പിതയെ നോക്കി ഒന്നുമില്ല എന്ന രീതിയിൽ രണ്ടുകണ്ണുകളും അടച്ച് കാണിച്ചു.
അവൾ വേഗം തന്നെ റൂമിലേക് കയറിപ്പോയി.
അവൾ പോയപാടെ നിരഞ്ജൻ ഋഷിക്കുട്ടനോട് ഓരോന്നൊക്കെ പറഞ്ഞ് കൊഞ്ചിക്കാൻ തുടങ്ങി.. ആളിനിപ്പൊ നിരഞ്ജൻ അങ്കിൾ ജീവനാണ്..സ്കൂളിന്ന് നേരത്തെ വരുന്ന ദിവസങ്ങളിലൊക്കെയും അർപ്പിത തിരികെ വരുന്നവരെ ദേവുമുത്തശ്ശിടെ അടുക്കലാണ് കുഞ്ഞിചെക്കൻ…
“അമ്മേ…”.രാധമ്മയോട് വർത്താനം പറഞ്ഞുകൊണ്ടിരിക്കുന്നതിന്റെ ഇടയിലാണ് നിരഞ്ജൻ ദേവകിയമ്മയെ വിളിച്ചത്… അവർ നോക്കിയപാടെ നിരഞ്ജൻ മുകളിലേക്ക് കണ്ണ് കാണിച്ചു….
അത് മനസിലായെന്നോണം ദേവകിയമ്മ പുഞ്ചിരിയോടെ എഴുനേറ്റു…
ദേവകിയേച്ചി… അത്.. അപ്പുമോൾ കാര്യം അറിയുമ്പോൾ എന്ത് പറയുമെന്ന് എനിക്കറിയില്ല.. നിരഞ്ജൻ മോൻ മോളെ അറിയിക്കേണ്ട എന്ന് പറഞ്ഞതുകൊണ്ടാണ് ഞാൻ ഒന്നും പറയാതിരുന്നേ… ഇനിയിപ്പോ…
രാധമ്മയുടെ ആ സംസാരത്തിൽ നിന്ന് തന്നെ അവരുടെ ടെൻഷൻ ദേവകിയമ്മ മനസിലാക്കി…അവർ നിരഞ്ജനെ ഒന്ന് നോക്കി.
ഒന്നുമില്ല രാധമ്മേ… അയാളോട് എന്തേലും പറഞ്ഞിരുന്നേൽ എപ്പോൾ no പറഞ്ഞെന്നു നോക്കിയാൽ മതി…. ഇങ്ങനൊരു അവസരംപോലും അയാൾ തരില്ല.. നിരഞ്ജൻ പറഞ്ഞുകൊണ്ട് തെല്ലുറകെ തന്നെ ചിരിച്ചു..
രാധ വിഷമിക്കണ്ട… ഞാൻ മോളോടൊന്നു സംസാരിക്കട്ടെ… അതുംപറഞ്ഞുക്കൊണ്ട് ദേവകിയമ്മ മുകളിലേക്കു കയറി..
**********************************************
അർപ്പിത ഫ്രഷ് ആയി വന്ന് മുടിചീകി കെട്ടുകയായിരുന്നു…
റൂം തുറന്ന് കിടക്കുന്നതു കൊടുത്തന്നെ ദേവകിയമ്മ പതിയെ അകത്തേക്കു ചെന്നു…. ഒരുവേള അവർ അർപ്പിതയെ തന്നെ നോക്കി..
ഒരു ബഹളവും ഇല്ലാത്തൊരു പെൺകുട്ടി… ചെയ്യുന്ന എല്ലാ കാര്യത്തിലും ഒരു ശാന്തത… ഓരോ കാലടികൾ പോലും വളരെ പതിയെ… ഒരു പൊട്ടുപോലും വേണ്ട ആ മുഖത്തിനെ സുന്ദരമാക്കാൻ…. ആ കണ്ണുകൾ ഒഴികെ എടുത്തുപറയത്തക്ക ഒന്നുംതന്നെ ഇല്ലെങ്കിലും ഒരു കതിരുപോലെ സുന്ദരി… എങ്ങിനെയാണ് ആ ദുഷടന്മാർക് ഈ കുഞ്ഞിനെ ദ്രോഹിക്കാൻ തോന്നിയത്… പാവം കുട്ടി..
മോളെ…
അഹ്.. അമ്മയോ.. എന്താ അമ്മേ വയ്യാത്ത കാലും വച് ഇങ്ങോട്ട് കയറിവന്നെ.. ഞാൻ ദേ കഴിഞ്ഞു.. ഇപ്പൊ ഇറങ്ങി വരുമായിരുന്നല്ലോ..
വന്നെ… ദേ ഇവിടെ വന്നിരുന്നെ…
എന്നാൽ ദേവകിയമ്മ കണ്ണെടുക്കാതെ അവളെത്തന്നെ നോക്കി…
പിന്നെയാണ് അവൾക് താൻ അറിയാതെ ദേവകിയമ്മയെ അമ്മേ എന്ന് വിളിച്ചകാര്യം ഓർമയിൽ വന്നത്…
സോറി …. ദേവകിയമ്മേ… ഞാൻ പെട്ടന്ന് അറിയാതെ വിളിച്ചതാണ്… അവൾ എന്ത് പറയണമെന്നറിയാതെ കൈ വിരലുകൾ തമ്മിൽ കൂട്ടി പിണച്ചുകൊണ്ട് പറഞ്ഞു…
മോളെന്ത് വിളിച്ചകാര്യമാ ഈ പറയുന്നേ??? ദേവകിയമ്മ അവളുടെ അടുക്കലേക്ക് ചെന്നുകൊണ്ട് കൈകൾ രണ്ടിലും പിടിച്ചുകൊണ്ട് ചോദിച്ചു…
അല്ല… ഞാൻ പെട്ടെന്ന് അമ്മേ എന്ന്….
ഓഹ് അതാണോ… അതിനെന്തിനാ മോൾ സോറി ഒക്കെ പറയുന്നേ… മോൾ താഴെവച്ചും എന്നെ അമ്മേ എന്ന വിളിച്ചേ…. 🥰🥰മോളിനി അങ്ങിനെ തന്നെ എന്നെ വിളിച്ചാല്മതി അത് പറയാനുംകൂടിയ അമ്മ ഇങ്ങോട്ട് വന്നത്.. ദേവകിയമ്മയുടെ മുഖത്ത് ഒരു കുസൃതി ചിരി വിരിഞ്ഞു…
അർപ്പിത മനസിലായില്ലെന്ന രീതിയിൽ പുരികകൊടികൾ ചുളിച്ചുകൊണ്ട് അവരുടെ കണ്ണിലേക്കു നോക്കി..
അപ്പുമോൾ വാ.. വന്നേ ഇവിടിരിക്കു… അമ്മക് കുറച്ച് കാര്യങ്ങൾ മോളോട് പറയാനുണ്ട്..അവളെയും കൂട്ടി ദേവകിയമ്മ ബെഡിലേക്ക് ഇരുന്നു…
അർപ്പിതയുടെ മുഖത്ത് പരിഭ്രമം നിറഞ്ഞു.
മോൾ പേടിക്കണ്ട… അമ്മ തുറന്ന് പറയാം.. ഈ അപ്പുമോളെയും ഋഷികുട്ടനെയും അപ്പുറത് ഞങ്ങളുടെ വീട്ടിലേക്കു കൊണ്ടുപോകുന്നതിനെപ്പറ്റി സംസാരിക്കാനാ അമ്മ വന്നത്…
അങ്ങിനെ ഒന്ന് ദേവകിയമ്മയിൽ നിന്നും കേട്ടതും യാന്ദ്രികമായി തന്നെ അവളുടെ കണ്ണുകൾ നിറഞ്ഞു… പതിയെ അവളുടെ ശിരസ് കുനിഞ്ഞു..
നോക്ക് മോളേ… അവർ പതിയെ അരുമയായി അവളുടെ താടിയിൽ പിടിച്ചു മുഖം ഉയർത്തി… ചാലിട്ടൊഴുകിയ കണ്ണുനീർ ദേവകിയമ്മതന്നെ അരുതെന്നു തലയാട്ടികൊണ്ട് മറുകയ്യാൽ തുടച്ചുകൊടുത്തു… അരുത് മോളെ… ഒരുപാട് കരഞ്ഞില്ലേ…. ഇനി എന്റെ മോൾ കരയരുത്….
അതുകേട്ടതും അവളുടെ അടക്കിപിടിച്ച കരച്ചിൽ ഒന്നാകെ പുറത്തേക് വന്നു…അവരുടെ രണ്ടുകയ്യും കൂട്ടിപിടിച് അതിലേക് തലമുട്ടിച്ചുകൊണ്ട് അവൾ പൊട്ടികരഞ്ഞു..
അവളുടെ ആ കരച്ചിലിൽ ദേവകിയമ്മയും ഒന്ന് പരിഭ്രമിച്ചു…. പിന്നെ പതിയെ അവളെ നെഞ്ചിലേക്ക് ചേർത്തുപിടിച് പുറത്ത് പതിയെ തട്ടികൊടുത്തു…
നിമിഷങ്ങൾ അങ്ങിനെ കടന്ന് പോയി….
മോളെ…..
ആ വിളിയിലാണ് താൻ ദേവകിയമ്മയുടെ നെഞ്ചിണ് ഇത്രയും നേരം കിടന്നതെന്നുള്ള ബോധം അവൾക് വന്നത്… അവൾ വേഗംതന്നെ ഇരുകണ്ണുകളും തുടച്ചുകൊണ്ട് നിവർന്നിരുന്നു… ദേവകിയമ്മയെ നോക്കി ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചെങ്കിലും അവൾ തന്നെ അറിയുന്നുണ്ടായിരുന്നു താൻ അതിൽ ദയനീയമായി പരാജയപ്പെട്ട് പോകുന്നത്.
സോറി… ഞാൻ ദേവകിയമ്മയെക്കൂടി വിഷമിപ്പിച്ചുലെ… പെട്ടെന്ന്….ന്തോ.. സോറി..
ദേവകിയമ്മ അല്ല… അമ്മ അങ്ങിനെ മതികേട്ടോ
തെല്ലൊരു ശാസനയോടെ അവർ പറഞ്ഞു..
അർപ്പിത ദയനീയമായി അവരെ നോക്കി..
“വേണം മോളെ….. മോൾ കരുതുന്നുണ്ടാവും അല്ലെ നിരഞ്ജന്റെ ഇഷ്ടപ്രകാരം മാത്രമാണ് ഞാൻ മോളോട് സംസാരിക്കുന്നതെന്നു….”
ഒന്ന് നിർത്തിയ ശേഷം അവർ തുടർന്നു
ഒരിക്കലും അല്ല മോളെ.. മോളെയും ഋഷികുട്ടനെയും അമ്മക്കൊരുപാടിഷ്ടമാണ്… മോൾക്കെന്ത് കുറവാണ് മോൾ കാണുന്നതെന്നു ഈ അമ്മക്കറിയില്ല…
കണ്ണൻ മോളെ ഇഷ്ടമാണെന്നേനോട് ആണ് ആദ്യം പറഞ്ഞത്… അന്ന് മുതലേ ഈ അമ്മ എന്റെ കണ്ണന്റെ പെണ്ണായിട് മോളെ മനസ്സിൽ കരുതിയതാ… ഈ അമ്മക് ഒരു സ്വാർത്ഥ ചിന്തകളും ഇല്ല മോളെ…അത് കരുതി എന്റെ മോൾ കണ്ണന്റെ ഇഷ്ടം കണ്ടില്ലന്നു വെക്കരുത് എന്റെ മോന്റെ സന്തോഷത്തിലും ഇഷ്ടത്തിലും വലുതായി യാതൊന്നും ഇല്ല…. അവർ പറഞ്ഞുകൊണ്ട് നിറഞ്ഞകണ്ണുകൾ ഒപ്പി..
അർപ്പിത ആ അമ്മയെതന്നെ നോക്കിയിരുന്നു…. മോനുവേണ്ടി തന്റെമുന്നിൽ യാചിക്കുന്നോ ഈ അമ്മ… ഒരിക്കലും പാടില്ല… ആ ശാപം കൂടി ഇനി തനിക് വയ്യ… അതെ ഏതൊരമ്മയും സ്വന്തം കുഞ്ഞിന്റെ സന്തോഷമേ നോക്കുള്ളു…. ഞാൻ ആയാൽപോലും എന്റെ ഋഷിമോന്റെ ആഗ്രഹത്തിനപ്പുറം… ഇഷ്ടത്തിനപ്പുറം തനിക്കൊന്നുമില്ല….
എന്നാൽ ഇവിടെ… ഇവിടെ ഞാൻ തികച്ചും നിസ്സഹായ ആണ്…
മോളെ…. എന്താ ഒന്നും മിണ്ടാതെ… പറ മോളെ.. മോൾക് ഇഷ്ടമല്ലേ
അമ്മേ.. ഞാൻ.. ഞാൻ എന്താ അമ്മേ പറയേണ്ടേ…ഒരിക്കൽ എന്നെ അങ്ങേയറ്റം വേദനിപ്പിച്ച ദൈവംതന്നെ ഇപ്പോൾ നിങ്ങളുടെയൊക്കെ സ്നേഹം എനിക്ക് വച് നീട്ടുന്നതും…. ഇതിനും വേണ്ടി എന്ത് പുണ്യമാ അമ്മേ ഞാൻ ചെയ്തിട്ടുള്ളെ???
ഇല്ലമേ…. എനിക്ക് അതിനുള്ള അർഹത…. അർഹത ഉണ്ടോ അമ്മേ….
ദേവകിയമ്മയുടെ നേർക് നീണ്ട അവളുടെ നിറമിഴികളെ ആരുമായി അവർ നോക്കി…
ശേഷം അവളുടെ കവിളിൽ തലോടി…
ഈ മോളെ എനിക്ക് വേണം… മരുകളായി അല്ല… മകളായിട്ട് തന്നെ… പിന്നെ പേരക്കുട്ടിയായിട് എന്റെ ഋഷിമോനേം…
സമ്മതിക്കിലെ മോളെ നീ
അമ്മേ… ഞാൻ… ഇപ്പൊ സ്നേഹത്തോടെ തലോടുന്ന ഈ കൈകൾ നാളെ എന്നെ വെറുപ്പോടെ അകറ്റി നിർത്തിയാൽ അതെനിക് സഹിക്കില്ലമേ…. പേടിയാ എനിക്ക്… എന്നെ ജീവിതത്തിലേക്കു കൂട്ടിയാൽ ഡോക്ടർക്… ഡോക്ടർക് ഒരു ആപത്തും എന്നെകാരണം ഉണ്ടായാൽ എനിക്കിനിയും ജീവിതത്തിൽ ഒന്നും നേരിടാനുള്ള കരുത്തില്ലമേ….പറഞ്ഞുകൊണ്ടവൾ മുഖം കുനിച്ചു.
ആ അമ്മ ചിരിയോടെ അവളെത്തന്നെ നോക്കി…ദേ ഇങ്ങോട്ട് നോക്ക് മോളെ…
ഈ അമ്മ മോൾക് ഉറപ്പ് തരുവാ…. മോൾ കണ്ണന്റെ ജീവിതത്തിലേക്കു വന്നെന്നുംകരുതി അവനൊരു അപകടവും ഉണ്ടാവില്ല…. മോളെയും ഋഷിമോനെയും ഒരു അപകടത്തിലേക്കും തള്ളിവിടത്തെ അവൻ സംരക്ഷിക്കയും ചെയ്യും… അമ്മയുടെ വാക്കാണ്…
അതുപോരെ മോൾക്… 😊😊
എന്നാലും അമ്മേ….
ഒരേന്നാലും ഇല്ല… വാ താഴേക്കു പോകാം… ഒരാളവിടെ കൂട്ടിലടച്ച വെരുകിനെപോലെ ഇരിക്കുകയാകും കടിച്ചുപിടിച്ച ചിരിയാലേ ദേവകിയമ്മ പറഞ്ഞു..
അത് കേട്ടതും അവളുടെ ചുണ്ടിലും ചെറിയൊരു പുഞ്ചിരി വിരിഞ്ഞു.
അമ്മേ…
എന്താ മോളെ..
അത്.. അത് എനിക്ക് ഡോക്ടറോട് ഒന്ന് സംസാരിക്കണം.. അവൾ വളരെ ബുദ്ധിമുട്ടിപ്പറഞ്ഞു…
അതിനെന്താ… മോൾ വായോ.. താഴെപോയി ഇപ്പോൾത്തന്നെ സംസാരിക്കാലോ.. അതുംപറഞ് ദേവകിയമ്മ അവളുടെ കയ്യും പിടിച്ചു തിരിഞ്ഞു നടന്നു.
അല്ലേൽ വേണ്ട…. എന്തോ ആലോചിച്ചെന്നപ്പോൾ അവളുടെ കൈ വിട്ടുകൊണ്ട് പറഞ്ഞു… മോൾ ഇവിടെ തന്നെ ഇരിക്.. അമ്മ അവനെ ഇങ്ങോട്ട് പറഞ് വിടാം…
അവളും അത് ആഗ്രഹിച്ചെന്നോണം ഒന്ന് തലയാട്ടി.
ദേവകിയമ്മ തിരികെ താഴേക്കു പോയി
**********************************************
അവൾ ബാൽക്കണി യിൽ ഇറങ്ങി നിന്നു… ദേവകിയമ്മ പറഞ്ഞ ഓരോകാര്യങ്ങളും മനസിലൂടെ കടന്ന് വന്നു… ഒപ്പം മുൻപ് ജീവിതത്തിൽ ഉണ്ടായ കാര്യങ്ങളും… എല്ലാത്തിനും നടുവിൽ ഒരു തീരുമാനം കൃത്യമായി എടുക്കാനാവാതെ അവൾ കുഴഞ്ഞു..
എന്താടോ…. കാര്യമായ ആലോചനയിലാണല്ലോ..
നിരഞ്ജന്റെ ശബ്ദമാണ് അവളെ തിരികെ ബോധമണ്ഡലത്തിലേക്കു കൊണ്ട് വന്നത്..
അവൾ വേഗം തിരിഞ്ഞ് നോക്കി..
എന്താടോ… തനിവിടൊന്നും അല്ലെ?? ഞാൻ ഇവിടെ നിക്കാൻ തുടങ്ങിയിട്ട് കുറച്ച് സമയമായി.. താൻ വേറേതോ ലോകത്തായിരുന്നെന്നു തോന്നി… ഇനിയും വിളിക്കാതിരുന്നാൽ ഫുൾ ഡേ ഞാനിവിടെ നിക്കണ്ടി വന്നേനെ… അല്ലെടോ.. അവനൊരു ചിരിയോടെ പറഞ്ഞു..
ഓ… സോറി ഡോക്ടർ… ഞാൻ… ഞാൻ.. ഓരോന്നൊക്കെ ആലോചിച്..
അഹ്…ഈ ആലോചന എന്നും ഉള്ളതാണല്ലോ… ഇതെന്താടോ ഇവിടെ ഒന്ന് ഇറങ്ങി നിന്നാൽ മതിയോ അപ്പോൾ തന്നെ തന്റെ മനസ് ടിക്കറ്റും എടുത്തു എങ്ങോട്ടേലും യാത്രയാവാൻ???
അവൾ മനസിലാകാത്ത പോലെ അവനെത്തന്നെ നോക്കി
ഒന്നുല്ലടോ… അത് വിട്.. തനിക്കെന്താ ഇനി പറയേണ്ടേ…. അമ്മയോട് പറഞ്ഞ് മനസിലാക്കണം ഇത് ശേരിയാവില്ല എന്നൊക്കെയാണോ…. എന്നാൽ മോളെ അർപ്പിതെ… അതൊന്നും എന്നോട് പറയണ്ടാകെട്ടൊ….. നടക്കില്ല മോളെ… അവൻ തലയാട്ടി ചിരിച് കൊണ്ട് പറഞ്ഞു..
ഈ നിമിഷം വേണേലും തന്നെ വിളക്കുംതന്നു സ്വീകരിക്കാൻ ഇരിക്കുവാ ദേവൂസ്…. അപ്പൊ എങ്ങിനാ ഞാൻ ഇപ്പൊത്തന്നെ അങ്ങ് കൊണ്ട് പോകട്ടെ???
അവന്റെ കണ്ണുകളിലെ ഭാവം അവളെ തളർത്തി…. അവൾ അറിയാതെത്തന്നെ ഉമിനീരീറക്കി…
അവളുടെ ആ പരിഭ്രമം അവന്റെ ചുണ്ടിലും പ്രണയത്തിൽ കുതിർന്ന ഒരു പുഞ്ചിരി വിരിയിച്ചു… അവൻ പതിയെ അവളുടെ അടുക്കലേക് നടന്നു…അവളുടെ തൊട്ടു മുന്നിൽ ചെന്ന് നിന്നു… അവന്റെ സാമിപ്യം മനസിലാക്കിയെന്നോണം അർപ്പിതയുടെ ഹൃദയം ഉച്ചത്തിൽ മിടിക്കാൻ തുടങ്ങി…. അവൾ കണ്ണുകൾ ഇറുകെ പൂട്ടി… അവളുടെ മുഖത്ത് വിയർപ്പ് കണങ്ങൾ മൊട്ടിട്ടു.
പതിയെ അവൻ അവളുടെ കൈകൾ രണ്ടും ചേർത്ത് പിടിച്ചു…
അവൾ കണ്ണുകൾ ഇറുകെ അടച്ച് മുഖം താഴ്ത്തിപടിതന്നെ നിന്നു.
അർപ്പിത…. നിരഞ്ജന്റെ സ്വരം നന്നേ നേരത്തിരുന്നു… ദേ ഇങ്ങോട്ട് നോക്കിയേ..
ഒന്ന് നോക്കെടോ….
അവൾ പതിയെ മുഖമുയർത്തി അവനെ നോക്കി..
നിറഞ്ഞ കണ്ണുകളും അങ്ങിങ്ങായി വിയർപ് തങ്ങിനിൽക്കുന്ന അവളുടെ മുഖവും കാൺകെ അവന് അലിവ് തോന്നി…
അവനിലേക്കു നീളുന്ന തളർന്ന നോട്ടത്തിന് ഒരുപാട് അർഥങ്ങൾ തോന്നിച്ചു.
അർപ്പിത…. നോക്കെടോ..
എന്റെ കണ്ണിലേക്കു നോക്കിയേ…. തനിക് കാണാൻ കഴിയുന്നില്ലേടോ എന്റെ സ്നേഹം???
താനെന്തിനാഡോ എന്നെ കണ്ടില്ലന്നു നടിക്കുന്നത്…..താനിങ്ങനെ തളരുതേ… തനിക്ക് വേദനിക്കുമ്പോൾ അതിന്റെ ഇരട്ടിയായി എനിക്കും നോവുമെടോ…
അവൾ അവന്റെ കണ്ണുകളിലേക് തന്നെ ഉറ്റുനോക്കി..
പറയെടോ… തനിക്കു തോന്നുന്നുണ്ടോ എന്റെ സ്നേഹം കപടമാണെന്ന്…..
ഇല്ല… ഈ കണ്ണുകളിൽ ഞാൻ കണ്ട നാൾ മുതൽ എന്നോടുള്ള ഇഷ്ടം.. അത് ഞാൻ കണ്ടറിഞ്ഞതാണ്… ഈ നിമിഷവും തനിക്കത് കാണാൻ കഴിയുന്നുണ്ട്… പക്ഷെ.. ഞാനെങ്ങിനെ പറയും… അവളാകെ ആസ്വസ്ഥയായി… ഈ സ്നേഹം കപടമാണെന്ന് പറയാൻ വേണ്ടിയും ഹൃദയശൂന്യ ആണോ താൻ???
അവന്റെ കണ്ണുകളിലേക് നോക്കിനിന്ന അവൾ യന്ത്രികമായി അല്ല എന്ന് തലയാട്ടി… ഒപ്പംതന്നെ കണ്ണുനീർ രണ്ട് കവിള്കളിലൂടെയും ഒഴുകിയിറങ്ങി..
നിരഞ്ജൻ ഒന്ന് പുഞ്ചിരിച്ചു…. അപ്പോൾ തനിക് അറിയാമല്ലെടോ എന്റെ സ്നേഹം.. പിന്നെന്തിനാ താൻ എന്നെ കണ്ടില്ലെന്നു വക്കുന്നത്….. പറയെടോ…
പിന്നെ തന്നെ ഫോഴ്സ് ചെയ്തു എനിക്ക് ഇഷ്ടപ്പെടുത്താനും കഴിയില്ല…. പക്ഷെ എനിക്ക് തന്നെ വിട്ട് കളയാൻ വയ്യടോ… ചേർത്ത് പിടിച്ചോളാം തന്നെയും ഋഷിമോനെയും… എന്റെ ജീവനുള്ളകാലത്തോളം ഞാൻ മുറുകെ പിടിച്ചോളാം… നിരഞ്ജന്റെ കൈകളുടെ മുറുക്കം കൂടി.
എന്താടോ… ഋഷിമോനെ എന്റെ സ്വന്തമായി കാണാൻ എനിക്ക് പറ്റില്ലെന്നു തനിക് തോന്നുന്നുണ്ടോ…. പറയെടോ??
നിരഞ്ജന്റെ ശബ്ദം തെല്ലൊന്നു ഇടറി….
ഡോക്ടറെ….
വേണ്ടടോ… തന്റെ ചോരയാണ് ഋഷിമോൻ… എന്റെ കയ്യിലെക് പിറന്നുവീണ കുഞ്ഞല്ലെടോ…. തനിക്കുമുന്നേ അവനെ മുത്തമിട്ടത് എന്റെ ചുണ്ടുകളാടോ….. ആ ഓർമയിൽ അവന്റെ കണ്ണുകളും ഒരുവേള നിറഞ്ഞു…
എനിക്കൊരിക്കലും വിട്ടുകളയാൻ പറ്റില്ല… എന്റെ മോൻ തന്നെയാണ്… അങ്ങിനെതന്നെയാണ് ഞാൻ കരുതുന്നതും…
നിരഞ്ജന്റെ വാക്കുകളിൽ അവളുടെ കണ്ണുകൾ തിളങ്ങി… ചൊടിയിലും പുഞ്ചിരി വിരിഞ്ഞു… എന്നാൽ നിമിഷനേരംകൊണ്ട് അതുമാറി എന്തൊക്കെയോ ആശങ്കകൾ അവിടെ സ്ഥാനംപിടിച്ചു..
ഇനി പറ തനിക്കെന്താ പറയാനുള്ളത്.. അവളുടെ കൈകൾ മെല്ലെ വിട്ടുകൊണ്ട് അവൻ പറഞ്ഞു…
അവൾ വേഗം തിരിഞ്ഞുനിന്നു…
ഏയ്.. അതുവേണ്ട… താൻ എന്നെനോക്കി പറ… എന്റെ കണ്ണിലേക്ക് നോക്കി പറ … അവളെ ഇരുകൈകൊണ്ടും തോളിൽ പിടിച് അവന് അഭിമുഖമായി നിർത്തി.
ഡോക്ടർ…. അവളുടെ തളർന്ന സ്വരം അവനിൽ വീണ്ടും നോവുണർത്തി….
ഡോക്ടർ… ഇനിയൊരു നഷ്ടം… അതെനിക്ക് താങ്ങില്ല.. ഞാൻ സ്നേഹിച്ചുപോയാൽ പിന്നെ… വേണ്ട ഡോക്ടറെ… എന്നെ ജീവിതത്തിലേക്കു കൂട്ടിയതിന്റെ പേരിൽ നാളെ ഡോക്ടർനു എന്തേലും പറ്റിയാൽ… ഈ ജന്മം എനിക്ക് സമാധാനം കിട്ടുവോ… ദേവകിയമ്മയുടെ കണ്ണീരിന്റെ ശാപം അതുകൂടി എനിക്ക്… വയ്യ…
പിന്നെ ഒരിക്കൽ താളംതെറ്റിയ മനസാ എന്റേത്… ഒരിക്കൽ മുഴുഭ്രാന്തി ആയിരുന്നവളാ ഞാൻ… ഇനിയും…
എന്നാൽ ബാക്കി പറയും മുന്നേ നിരഞ്ജന്റെ കൈകൾ അവളുടെ ചുണ്ടുകളെ മൂടി…..തല വേണ്ട എന്ന രീതിക് ചലിപ്പിച്ചു
അവന്റെ ആ പ്രവർത്തിയിൽ അവൾ ഞെട്ടി അവനെത്തന്നെ നോക്കി…
അപ്പോൾ പേടിയാണ് അല്ലെ??? എന്നെ ആരെങ്കിലും ഉപദ്രിവിക്കുമോന്നു??? ഒരു കള്ളച്ചിരി അവന്റെ ചുണ്ടിൽ വിരിഞ്ഞു…
അപ്പോൾ എന്നോട് വെറുപ്പൊന്നുമില്ല.. മതി.. അതുമതി എനിക്ക് വീണ്ടും അവളുടെ രണ്ട് തോളുകളിലും അമർത്തി കുലിക്കികൊണ്ട് പറഞ്ഞു.
അവൾ മനസിലായില്ലെന്നോണം നിരഞ്ജനെ തന്നെ നോക്കി.
പിന്നെ… ഇനി തന്റെ മനസിന്റെ താളം തെറ്റാതെ ഞാൻ നോക്കിക്കോളാടോ… എന്താ… അതുപോരെ.. അവൻ പുരികകൊടികൾ ഉയർത്തികൊണ്ട് ചോദിച്ചു… ഇനി ആർക്കും ഒന്നിനും എന്തിനുവേണ്ടി ആണേൽപോലും തന്നെ ഞാൻ ഒരു ദുരിതത്തിലേക്കും വിട്ടുകൊടുക്കില്ലെടോ… തന്നേം മോനേം ചേർത്ത് പിടിച്ചോളാം ഞാൻ…
തന്റെ സമ്മതം മാത്രം മതി എനിക്ക്… എന്താ സമ്മതമല്ലേ തനിക്????
അവൾ എന്ത് പറയണമെന്നറിയാതെ നിന്നു….
ഡോക്ടറെ… തെല്ലൊരു മൗനത്തിനു ശേഷം അവൾ വിളിച്ചു..
നിരഞ്ജൻ അവളുടെ മറുപടിക്കായി ബാൽക്കണി യുടെ ഗ്ലാസ് ഡോറിൽ ചാരി രണ്ട് കൈകളും കുറുകെ പിണച്ചു കെട്ടി നിൽപ്പാണ്… മുഖത്തൊരു പുഞ്ചിരിയോടെ
എനിക്ക്… എനിക്ക് സമയം വേണം
അവൾ എങ്ങോ നോക്കി പറഞ്ഞു…
നിരഞ്ജൻ ആ നിൽപ്പിൽത്തന്നെ രണ്ടുകണ്ണുകളും അടച്ച് മുഖം മെല്ലെ മുകളിലേക്ക് ഉയർത്തി ശ്വാസമൊന്നു ആഞ്ഞു ഉള്ളിലേക്കെടുത്തുവിട്ടു ….. പിന്നെ അവളുടെ അടുത്തേക് ചെന്നു…
നിരഞ്ജൻ അടുത്ത് വന്ന് നിന്നതും അവൾ മെല്ലെ മിഴികളുയർത്തി നോക്കി… അത്രയും നേരം മുഖത്ത് നിറഞ്ഞ് നിന്നിരുന്ന സംഘർഷം അന്നേരം അവളുടെ മുഖത്ത് ഇല്ലെന്ന് നിരഞ്ജന് മനസിലായി… അവൾ ശാന്തമായി ഒന്ന് പുഞ്ചിരിച്ചു… തിരികെ അവനും…
രണ്ടുപേരും കുറെ നേരം അകലേക്ക് നോക്കി നിന്നു… പരസ്പരം ഒന്നും മിണ്ടാതെ…
“ഡോക്ടർ…” മൗനത്തെ ഭേധിച്ചുകൊണ്ട് അർപ്പിത വിളിച്ചു…
നിരഞ്ജൻ തിരിഞ്ഞ് അവളുടെ മുഖത്തേക്ക് നോക്കി… തരാടോ…. തനിക്ക് ഇഷ്ടമുള്ള സമയം തരം…നിമിഷങ്ങളോ… മണിക്കൂറുകളോ… ദിവസങ്ങളോ… ആഴ്ചകളോ… മാസങ്ങളോ.. അതുമല്ല വർഷങ്ങൾ വേണമെങ്കിൽപോലും…
പക്ഷെ.. അതൊക്കെ നിരഞ്ജന്റെ പെണ്ണായിട്ടു വന്നതിനു ശേഷം… എന്താ.. അതുപോരെ.. അവൻ കണ്ണിൽ കുസൃതി നിറച്ചുകൊണ്ട് ചോദിച്ചു..
അവളൊന്ന് ഞെട്ടി…
“അല്ല ഡോക്ടർ……”
തന്നോട് ഞാൻ പറഞ്ഞു ഈ ഡോക്ടർ വിളി വേണ്ടാന്ന്….. തെല്ലൊരു ഗൗരവത്തോടെ അവൻ പറഞ്ഞു….അഹ്… പറഞ്ഞിട്ടും കാര്യമില്ല.. കല്യാണംകഴിയട്ടെ… അതുകഴിഞ്ഞു താൻ ഇങ്ങനെ വിളിച്ചാൽ… അവൻ ചെറുതായി മീശ പിരിച്ചുകൊണ്ട് ഒരു ചിരിയോടെ പറഞ്ഞു..
അവൾ ആകെ വല്ലാതായി…
എന്നാൽ ഞാൻ പോകട്ടെ… ഒത്തിരി നേരമായി ഇങ്ങോട്ട് കയറിയിട്ട്.. ഇനിയും ലേറ്റ് ആയാൽ ആരേലും ഇങ്ങോട്ട് കയറി വരും.
നിരഞ്ജൻ പറഞ്ഞപ്പോളാണ് അർപ്പിതയും അതിനെപ്പറ്റി ചിന്തിച്ചത്… അവൾ വേഗം സമ്മതമെന്നോണം തലയാട്ടി..
അവളെ നോക്കി ഒന്ന് ചിരിച്ചുകൊണ്ട് നിരഞ്ജൻ തിരിഞ്ഞു നടന്നു …. പിന്നെ എന്തോ ഓർത്തെന്നപോലെ ഒരു കള്ളചിരിയോടെ അവളെടുക്കലേക്ക് തന്നെ തിരികെ വന്നു….
നിരഞ്ജന്റെ ആ വരവിൽ ഒന്ന് പതറിയെങ്കിലും അവൾ ചെറു ചിരിയോടെ അവിടെത്തന്നെ നിന്നു…
നിരഞ്ജൻ അവളുടെ അടുത്തുവന്ന് ഒന്ന് നിന്നു.. പിന്നെ മെല്ലെ അവളുടെ മുഖത്തിന് നേരെ മുഖം താഴ്ത്തി.. അവളൊന്ന് പിന്നോട്ട് ആഞ്ഞുപോയി..
ഒരുങ്ങിയിരുന്നോടോ നിരഞ്ജന്റെ പെണ്ണാകാൻ…. അപ്പോൾ അധികം താമസിയാതെ എന്റെ മോനേം കൊണ്ടങ്ങു പൊന്നേക്കണം….. അവൻ രണ്ട് കണ്ണുകളും ചിമ്മി തുറന്നു.
അവൾ ആ നിൽപ് തന്നെ നിന്നു…
നിരഞ്ജൻ തിരികെ നടന്നു… ഡോറിനടുത്തു ചെന്ന് നിന്നശേഷം ഒന്ന് തിരിഞ്ഞ് നോക്കി…
അവനെത്തന്നെ നോക്കി നിൽക്കുകയായിരുന്നു അർപ്പിത… ഇരുകണ്ണുകളും നിറഞ്ഞിരുന്നു…
അത് കണ്ടതും അത്രയും നേരം കുസൃതിചിരിയോടെ ഇരുന്ന അവന്റെ മുഖവും മാറി….
തനിക് ആവശ്യമുള്ള ടൈം എടുക്കാമെടോ… ആരും തന്നെ ഫോഴ്സ് ഒന്നും ചെയ്യില്ല… പക്ഷെ ഇപ്പോൾ ഈ വിവാഹം …അതുവേണമെടോ…..തെല്ലൊരു ഗൗരവത്തോടെ പറഞ്ഞു.
അത്രയും നേരം പ്രണയം നിറഞ്ഞുനിന്ന അവന്റെ മുഖത്തും വാക്കുകളിലും വന്ന മാറ്റം അവൾ ശ്രദ്ധിച്ചു… അവൾ അവനെ തന്നെ നോക്കി നിന്നു…
മറ്റൊന്നുമില്ലടോ…. ഇപ്പൊ ഈ വിവാഹം നടക്കണം… താൻ വേറൊന്നും ആലോചിക്കേണ്ട… അവൻ പറഞ്ഞുകൊണ്ട് പുറത്തേക് പോയി…
(തുടരും )

by