The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – അമ്മു അമ്മൂസ്
🌺അനുരാഗം🌺
“”നിനക്ക് ഭ്രാന്താണ് ലീന….. അവനൊരു കൊലയാളിയാണ്…. വാക്കുതർക്കത്തിനിടയിൽ യാതൊരു ദയയുമില്ലാതെ പിച്ചാത്തിപ്പിടിയിൽ കുത്തി മലർത്തിയവൻ…””
ഹർഷന്റെ വാക്കുകളിൽ അനിഷ്ടം കലർന്നു… വെറും മൂന്ന് മാസമേ ആയിട്ടുള്ളൂ ലീന ഇവിടെ വന്നിട്ട്… അതിനിടയിൽ പ്രണയമോ… അതും ഈ ജയിലിലെ ഒരേയൊരു കൊലയാളിയോട്…
ലീന പുഞ്ചിരിച്ചതെ ഉള്ളൂ..
“”എനിക്കയാളോട് പ്രണയമാണ് സർ…. എനിക്ക് മാത്രം… അയാളിത് വരെ സമ്മതിച്ചു തന്നിട്ടില്ല… പക്ഷേ അധികം വൈകാതെ സമ്മതിക്കും… എനിക്കുറപ്പുണ്ട്…””
സൂപ്രണ്ടിനെ നോക്കി ചിരിയോടെ പറഞ്ഞവസാനിപ്പിച്ചു പുറത്തേക്ക് ഇറങ്ങിയപ്പോൾ അവളിൽ നിറഞ്ഞു നിന്നത് അന്നത്തെ ദിവസമായിരുന്നു… അയാളെ ആദ്യമായി കണ്ട ദിവസം…
കവാടത്തിലേക്ക് എത്തിയപ്പോൾ ഒരിക്കൽ കൂടി തിരിഞ്ഞു നോക്കി. മറഞ്ഞിരിക്കുന്ന മുറികളിൽ അയാളുമുണ്ട്… ഒരു നോട്ടം കൊണ്ട് പോലും പരിഗണന തരാത്ത മനുഷ്യൻ…
ലീന ജോസഫ്…. ആദ്യമായി ഇവിടേക്ക് വരുന്നത് റിസർച്ച്ന്റെ ഭാഗമായിട്ടാണ് മൂന്ന് മാസങ്ങൾക്ക് മുൻപ്….. പ്രിസൺ മെതൊഡോളജി പ്രൊജക്റ്റ് ന്റെ ഭാഗമായി ഇന്റേൺഷിപ്പിന് വന്നതായിരുന്നു അവൾ…. തടവ് പുള്ളികളെപ്പറ്റി പഠിക്കാൻ… അവരുടെ സൈക്കോളജി അറിയാൻ…
പലർക്കും പല മുഖങ്ങൾ… സാഹചര്യങ്ങൾ മൂലം കുറ്റവാളിയായവർ… മനപ്പൂർവം വീണ്ടും വീണ്ടും തെറ്റുകൾ ചെയ്ത് ഇവിടേക്ക് വരുന്നവർ… അധികം സംസാരിക്കാത്തവർ… കുറ്റബോധം കൊണ്ട് നീറുന്നവർ…. ഒന്നിനെയും വകവയ്ക്കാത്തവർ….. അങ്ങനെ പല മുഖങ്ങൾ…
അവരിൽ ഒരാളായി അയാളും…. ഡോക്ടർ. ഋഷഭ് ശങ്കർ….. വാക്കുതർക്കത്തിന്റെ ഇടയിൽ ഒരാളെ പിച്ചാത്തിപ്പിടിയിൽ തീർത്തവൻ…. സർക്കാർ സർവീസിൽ നിന്ന് പിരിച്ചു വിട്ടു…
ഒൻപതു വർഷത്തെ തടവിനു വിധിച്ചെങ്കിലും പ്രായവും കുടുംബപശ്ചാത്തലവും കണക്കിലെടുത്തു ആറായി കുറച്ചു കിട്ടി…
അയാൾ കരയാറോ ചിരിക്കാറോ ഇല്ല…. സദാ ഗൗരവം നിറഞ്ഞു നിൽക്കും മുഖത്ത്… മാസത്തിൽ ഒരു ദിവസം മാത്രം അയാൾ കരയും…. ചിരിക്കും…. വേദനയോടെ വിലപിക്കും….. അന്നയാളുടെ അനിയത്തി കാണാൻ വരുന്ന ദിവസമായിരിക്കും…. അയാൾക്ക് സ്വന്തമെന്ന് പറയാനായി ബാക്കിയുള്ള ഏക അവകാശി….
“”ഹായ്….””
ആദ്യമായി അയാൾക്ക് മുൻപിലെത്തിയ ദിവസം ഒരു പുഞ്ചിരിയോടെ ഹസ്തദാനത്തിന് കൈ നീട്ടി…
അയാളൊന്ന് ചലിച്ചത് പോലുമില്ല…. നോട്ടം കൊണ്ട് പോലും പരിഗണിച്ചില്ല…
“”ലീന ജോസഫ്…. എന്റെയൊരു റിസർച്ച് ന് വേണ്ടി വന്നതാ ഇവിടെ…””
പരുക്കനായൊരു നോട്ടം മാത്രം കിട്ടി….
“”ഋഷഭ്…. വേണ്ടിയിരുന്നില്ല എന്ന് തോന്നുന്നുണ്ടോ എല്ലാം…. ഒരു നിമിഷത്തെ അവിവേകം…. ആ ദിവസത്തേക്ക് തിരികെ ചെല്ലാൻ തോന്നുന്നുണ്ടോ….””
ഒരു രീതിയിലും അയാൾ സഹകരിച്ചില്ല…
ദിവസവും ചെന്നു…. എന്തൊക്കെയോ വിശേഷങ്ങൾ പറഞ്ഞു…. അയാളോട് ചോദ്യങ്ങൾ ചോദിച്ചു…. മറുപടിയൊന്നും കിട്ടിയില്ല….
ചിലപ്പോഴൊക്കെ അലസമായ ഒരു നോട്ടം കിട്ടും…. വല്ലപ്പോഴുമൊക്കെ പറയുന്നത് ശ്രദ്ധിക്കും….
ഒരിക്കലങ്ങനെ അയാളോട് എന്തൊക്കെയോ പറഞ്ഞുകൊണ്ടിരിക്കുമ്പോഴായിരുന്നു ആൾടെ പെങ്ങൾ വന്നിട്ടുണ്ട് കാണാനെന്ന് അറിയിച്ചത്.
അതുവരെ നിർവ്വികാരമായിരുന്ന മിഴികൾ ഒരു നിമിഷം കൊണ്ട് വിടർന്നു…. ചുണ്ടിൽ ചെറുതായൊരു ചിരി വിടർന്നു… കാറ്റ് പോലെ അയാൾ തന്നെയും മറികടന്നു മുന്നോട്ട് നടന്നിരുന്നു…
അയാളിലേക്കുള്ള താക്കോൽ അവളായിരുന്നു… “ജാൻവി…..”
അന്നവൾ പോയപ്പോൾ അവളുടെ പിന്നാലെ തന്നെ ഇറങ്ങി… വഴിയിൽ ഉടനീളം കണ്ണ് തുടച്ചാണവൾ നടക്കുന്നത്….
അവളുടെ പിന്നാലെ തന്നെ ഉണ്ടായിരുന്നു… ബസ്സിലും…. ഓട്ടോയിലും…
സാമാന്യം വലുപ്പമുള്ള ഒരിരുനില വീടിന്റെ മുൻപിലെത്തി….
കാളിംഗ് ബെൽ അടിച്ചതും കണ്ടു പകച്ചു നോക്കുന്ന രണ്ടു മിഴികൾ…
നിറഞ്ഞ പുഞ്ചിരി നൽകി സ്വയം പരിചയപ്പെടുത്തി…
തൊട്ട് പിന്നാലെ ഉച്ചത്തിലുള്ള കുര കേട്ടതും ഞെട്ടി പിന്നിലേക്ക് മാറി….
“”ടോമി…””. അവൾ ശാസനയോടെ ഉറക്കെ വിളിച്ചതും അവൻ വാലാട്ടിക്കൊണ്ട് അവളുടെ കാലിന് അരികിലായ് നിന്നു….
ചോദ്യ ഭാവത്തിൽ വീണ്ടും മിഴികൾ നീണ്ടു…
അടുത്ത് നിൽക്കുന്ന ഭീമാകാരനിലായിരുന്നു ആ സമയം അത്രയും തന്റെ നോട്ടം…
അത് കണ്ടിട്ടാകാം അവൾ ടോമിയെ അകത്തേക്ക് പറഞ്ഞു വിട്ടു…..
ഋഷഭ്നെ അറിയാമെന്നു പറഞ്ഞപ്പോൾ അവളൊന്ന് ചിരിച്ചു… അകത്തേക്ക് ക്ഷണിച്ചു….
“”ഒറ്റയ്ക്കാണോ ജാൻവി…..”” അകത്തളത്തിന് ചുറ്റും മിഴികൾ പാഞ്ഞു…
“”ഹ്മ്മ്…. അതേ….. മമ്മി കഴിഞ്ഞ വർഷമാ പോയത്…. കൊലയാളിയുടെ പെങ്ങളല്ലേ… ഏറ്റെടുക്കാൻ ബന്ധുക്കൾക്ക് മടി…””
“”ഋഷഭ് എന്തിനായിരുന്നു അത്…. പത്ര വാർത്തകളിലൊക്കെ പെട്ടെന്നുണ്ടായ വാക്ക് തർക്കത്തിൽ നടന്ന കൊലപാതകം എന്നാണ്. അതിർത്തി തർക്കം..””
“”അത് തന്നെയാണ് കാരണം…. അയാളൊരു പ്രത്യേക സ്വഭാവക്കാരനാണ്….. ഞങ്ങളുടെ അയൽക്കാരനായിരുന്നു… ആദ്യം മുതലേ അയാളും ഏട്ടനും തമ്മിൽ പലവട്ടം വഴക്കുകൾ ഉണ്ടായിട്ടുണ്ട്….. നന്നായി മദ്യം കഴിക്കുമായിരുന്നു അയാൾ…. ഈ വസ്തുവിൽ പണ്ടേ നോട്ടമുണ്ടായിരുന്നു… പപ്പാ ഉറങ്ങുന്ന മണ്ണായോണ്ട് മമ്മിയും ചേട്ടനും വിട്ടു കൊടുക്കില്ല…
അന്ന് രാവിലെ മുതൽക്കേ മമ്മിക്ക് വയ്യായിരുന്നു… അതിന്റെ ടെൻഷനിൽ ആയിരുന്നു ഏട്ടൻ…. ഹോസ്പിറ്റലിൽ നിന്ന് ലീവ് എടുത്തതും അതിനാ…. മമ്മീടെ കൂടെ ഇരിക്കാൻ…. ഉച്ച കഴിഞ്ഞപ്പോഴാ അയാള് വന്നത്… കൂടെ വേറെ ആരൊക്കെയോ…
ഏതൊക്കെയോ കള്ള പ്രമാണം കാണിച്ചു പപ്പാ മരിക്കും മുൻപ് അയാൾക്ക് എഴുതി കൊടുത്തു എന്നൊക്കെ തർക്കിക്കുന്നുണ്ടായിരുന്നു.
വാക്ക് തർക്കം കൈയാങ്കളിയിൽ എത്താൻ അധിക നേരമൊന്നും വേണ്ടായിരുന്നു…. പിടിച്ചു മാറ്റാൻ ഞാൻ ചെല്ലുമ്പോഴേക്ക് അയാൾ ഏട്ടനെ കുത്താൻ ശ്രമിച്ച കത്തി പിടിച്ചു വാങ്ങി ആ വയറു തുളച്ചിരുന്നു ഏട്ടൻ…”””
പറയുമ്പോഴൊക്കെ അവളുടെ മുഖത്തേക്ക് തന്നെ ഉറ്റുനോക്കി ലീന…. ഏട്ടനോട് വെറുപ്പോ ദേഷ്യമോ ഒന്നുമാ മുഖത്തില്ല….. സ്നേഹം…. സ്നേഹം മാത്രം…
അവിടെ നിന്ന് തിരിച്ചിറങ്ങുമ്പോൾ ജാൻവിയുടെ കണ്ണ് വെട്ടിച്ചു ചുമരിൽ നിന്നുമൊരു ഫോട്ടോ കൂടി എടുത്തു ബാഗിലേക്ക് തിരുകിയിരുന്നു…. കണ്ണ് ചിമ്മി പൊട്ടിച്ചിരിച്ചുകൊണ്ട് മമ്മിയുടെ മടിയിൽ കിടക്കുന്ന ഋഷഭ്…
🌺🌺🌺🌺
പിന്നീടും എന്നും അയാളെ കാണാൻ ചെന്നു…. അപ്പോഴും ഒന്നും പറഞ്ഞില്ല അയാൾ…. മറ്റുള്ളവരെയൊക്കെ പഠിച്ചു റിപ്പോർട്ട് തയ്യാറാക്കുമ്പോഴും അയാൾ മാത്രമൊരു ചോദ്യമായി അവശേഷിച്ചു….
പല രീതിയിൽ ശ്രമിച്ചു നോക്കിയിട്ടും ഒരല്പം പോലും മനസ്സ് തുറക്കാത്ത അയാളോട് ഇത്തിരി ദേഷ്യവും പരിഭവവുമൊക്കെ തോന്നി തുടങ്ങി…
“”മനുഷ്യനായാൽ ഇത്രയും അഹങ്കാരം പാടില്ല… കഴിഞ്ഞ രണ്ടു മാസമായില്ലേ ഞാനിങ്ങനെ നിങ്ങളുടെ അടുത്ത് വരുന്നത്….. നോക്കിക്കോ…. ഇനി വരില്ല… തന്റെ സൈക്കോളജി എനിക്ക് അറിയണ്ട….””
ദേഷ്യത്തോടെ പുലമ്പി തിരിച്ചു നടന്നു…. അന്നാദ്യമായി അയാൾ അട്ടഹസിച്ചു ചിരിക്കുന്നത് കേട്ടു… പക്ഷേ തിരിഞ്ഞു നോക്കിയില്ല…
“”ദുഷ്ടൻ… ഇയാള് മനഃപൂർവം തന്നെ കൊന്നതാകും….. അയാളെ മനസ്സിലൊരായിരം ചീത്ത പറഞ്ഞു പുറത്തേക്ക് ഇറങ്ങി…””
ആ ദേഷ്യത്തിലാണ് ഹെൽമെറ്റ് പോലും വയ്ക്കാതെ മഴ മുഴുവൻ നനഞ്ഞു വീട്ടിൽ എത്തിയത്…
പക്ഷേ പണി കിട്ടിയെന്ന് മനസ്സിലായത് പിറ്റേന്ന് പനിപിടിച്ചു എഴുന്നേൽക്കാൻ പറ്റാതെ കിടന്നപ്പോഴാണ്…
രണ്ടു ദിവസത്തെ ആശുപത്രി വാസവും മൂന്ന് ദിവസത്തെ വിശ്രമവും കഴിഞ്ഞു അടുത്ത ദിവസമാണ് വീണ്ടും ജയിലിലേക്ക് ചെന്നത്.
അന്നാദ്യമായി നടന്നു വരുന്ന അയാളുടെ ചുവടുകളിൽ ഇതുവരെ ഇല്ലാത്ത ധൃതി ഉണ്ടായിരുന്നു.
“”എവിടെയായിരുന്നു….”” അങ്ങോട്ട് സംസാരിക്കും മുൻപേ ചോദ്യമെത്തി…
മുഖമാകെ നോക്കുന്നുണ്ട്… പനിയുടെ ക്ഷീണം ഒറ്റ നോട്ടത്തിൽ അറിയാം…
“”പനിയായിരുന്നു…””
ചെറിയൊരു ചിരിയോടെ പറഞ്ഞപ്പോൾ ആ കണ്ണുകൾ ഒന്ന് കുറുകി…
“”ഞാൻ വിചാരിച്ചു ഇനി വരില്ലെന്ന്….. സമാധാനത്തോടെ ജീവിക്കാല്ലോ….”” ആ നിമിഷവും തോൽവി സമ്മതിക്കില്ല എന്നത് പോലെ അയാൾ പുച്ഛത്തോടെ പുലമ്പി..
“”എന്താ എന്നെയും ഒറ്റക്കുത്തിനു തീർക്കാൻ തോന്നുന്നുണ്ടോ… കത്തി ഞാൻ സ്പോൺസർ ചെയ്യാം….”” ഒരു കണ്ണിറുക്കി പറഞ്ഞതും അയാളുടെ മുഖത്തേക്ക് ദേഷ്യം ഇരച്ചു കയറി….
മുൻപിലിരുന്ന മേശയിൽ അത്യാവശ്യം ശക്തിയായി ആഞ്ഞടിച്ചു അയാളെഴുന്നേറ്റ് പോകുന്നത് നോക്കി ചിരിയോടെ നിന്നു…
വാതിലിന്റെ പടി കടക്കും മുൻപേ അയാളുടെ ചുവടുകളുടെ വേഗം കുറഞ്ഞു…..
തിരിഞ്ഞു നോക്കി കണ്ണിമയ്ക്കാതെ നിന്ന ഒരു നിമിഷം മതിയായിരുന്നു ഇത്ര നാളും ആ മനസ്സിൽ താഴിട്ട് പൂട്ടി വച്ചതൊക്കെ പുറത്തേക്ക് വരാൻ…..
അന്ന്…. ആ നിമിഷമായിരുന്നു അയാളോട് പ്രണയം തോന്നിയത്…. എന്തിനെന്നോ എങ്ങനെയെന്നോ ഇന്നും അറിയാത്ത പ്രണയം….
🌺🌺🌺🌺
“”എനിക്ക് നിങ്ങളോട് പ്രണയമാണ് ഋഷഭ്….. നിങ്ങൾക്കും….. “”ആഴ്ചകൾക്ക് ശേഷം അയാളോട് ചേർന്നിരുന്നു പറഞ്ഞപ്പോൾ അയാളൊന്ന് പൊട്ടിച്ചിരിച്ചു…
ഇതിനകം തന്നെ അയാളെന്ന സമസ്യ എനിക്ക് മുൻപിൽ ചുരുളഴിഞ്ഞു തുടങ്ങിയിരുന്നു…
“”ഇത് ഭ്രാന്താണ് ലീന…””. അയാളുറക്കെ ചിരിച്ചു…
“”സഹതാപമാണ് നിനക്കെന്നോട്….. കൗതുകവും…. പ്രണയമല്ല…. ആണെങ്കിലും ഋഷഭിന്റെ മനസ്സിൽ ലീന ഇല്ല….. “”ഉറച്ച സ്വരത്തിൽ പറയുമ്പോഴും കള്ളം പിടിക്കപ്പെട്ടതുപോലെ അയാളുടെ കണ്ണുകൾ മുഖത്തേക്ക് നോക്കാതെ ചുറ്റും പാഞ്ഞു….
“”രണ്ടു ദിവസങ്ങൾക്കു ശേഷം ഞാൻ പോകും…. തനിക്ക് ആലോചിക്കാൻ സമയമുണ്ട്…. ഒന്നര വർഷം… ശിക്ഷാ കാലാവധി കഴിഞ്ഞു പുറത്തിറങ്ങും വരെയും സമയമുണ്ട്…. മറക്കാനും വെറുക്കാനും…. കഴിഞ്ഞില്ലെങ്കിൽ പിന്നെ എന്റേതാണ്…. എന്റേത് മാത്രം….””
ഉറച്ച ശബ്ദത്തിൽ ആ മുഖത്തേക്ക് നോക്കി പറഞ്ഞതും കണ്ണുകൾ വെട്ടിയടച്ചു തിരിഞ്ഞിരുന്നു അയാൾ…
യാത്ര പറയാൻ എല്ലാവരും വന്നിട്ടും അയാൾ മാത്രം വന്നില്ല… കാണണം എന്ന് പറഞ്ഞു ആളെ വിട്ടു വിളിപ്പിക്കാൻ ശ്രമിച്ചിട്ടും വരാൻ കൂട്ടാക്കിയില്ല….
ഒരു വിധത്തിലും അയാൾ മുൻപിലേക്ക് വരാതിരുന്നപ്പോഴാണ് ഹർഷൻ സാർ സംശയം പ്രകടിപ്പിച്ചത്….
അംഗീകരിക്കില്ല എന്ന് ഉറപ്പുണ്ടായിരുന്നു കേൾക്കുന്ന ആരും….. പക്ഷേ എനിക്കെന്റെ പ്രണയം ശെരിയായിരുന്നു… എന്റെ മാത്രം ശെരി…
🌺🌺🌺🌺
ഋഷഭ് അസ്വസ്ഥതയോടെ മുടികളിൽ കൊരുത്തു വലിച്ചിരുന്നു…..
“”വിസിറ്ററുണ്ട്……””
അറിയിച്ചപ്പോൾ കൂടെ ചെന്നു…. ജാൻവി….
കഴിഞ്ഞ തവണ വന്നതിലും സന്തോഷമുണ്ട് മുഖത്ത്….
“”ഏട്ടത്തി അടിപൊളി കുക്ക് ആട്ടോ….. ഇപ്പൊ ഞങ്ങള് രണ്ടാളും കൂടിയ പാചകം… പാവം ഏട്ടത്തിയ്ക്കും ആരൂല്ല… ഹോസ്റ്റലിൽ ആയിരുന്നു….””
കഴിഞ്ഞ രണ്ടു മാസമായി അവൾ പറയുന്ന ഏട്ടത്തി… ആദ്യം ദേഷ്യമായിരുന്നു….. അവൾക്ക് പിന്നാലെ അകത്തേക്ക് വന്ന ലീനയെ കണ്ടപ്പോൾ….
“”ഇഷ്ടമല്ല എന്ന് പറഞ്ഞോളൂ ഋഷഭ്….. പക്ഷേ നിങ്ങളുടെ നാവിനു പകരം കണ്ണുകൾ അതെന്നോട് പറയണം…. ആ നിമിഷം ഇറങ്ങിക്കോളാം ലീന…. ഋഷഭ് ശങ്കറിന്റെ ജീവിതത്തിൽ നിന്നും…. ഒരു ശേഷിപ്പും ബാക്കിയാക്കാതെ….””
മറുപടി പറയാതെ അവളെ നോക്കി നിന്നതേ ഉള്ളൂ…. ദേഷ്യത്തോടെ…..
“”ഇനി നിങ്ങളെന്നെ അന്വേഷിക്കുന്ന ദിവസം മാത്രമേ ലീന നിങ്ങളുടെ മുൻപിൽ വരൂ…… “”കഴിഞ്ഞ മാസം കാണാൻ വന്നപ്പോൾ പറഞ്ഞ വാക്കുകൾ….
ഇത്തവണ അവളുണ്ടായില്ല….. അവളുടെ വിശേഷങ്ങളും ജാൻവി പറഞ്ഞില്ല….
പിന്നീടുള്ള മാസങ്ങളിലും അവളെ കണ്ടില്ല….. അവളൊരു സ്വപ്നമായിരുന്നെന്ന് തോന്നി….
“”ഋഷഭ് നിന്നെ തിരക്കില്ല ലീന…. അതോർത്തു നീ കിനാവ് കാണരുത്….”” ആരോടെന്നില്ലാതെ പറയുമ്പോഴും ഒരോ മാസവും ദിവസങ്ങളെണ്ണി കാത്തിരുന്നു….
നാളെയാണ് റിലീസ്…..
ജാൻവിയുണ്ടായിരുന്നു പുറത്ത്….കണ്ടതും നിമിഷങ്ങൾക്കുള്ളിൽ നെഞ്ചോട് ഒട്ടി നിന്നു….. വർഷങ്ങൾക്ക് ശേഷം അവളെ ചേർത്ത് പിടിച്ചു…
മമ്മി പോയപ്പോഴാണ് അവസാനമായി പരോൾ കിട്ടിയത്…. അതും രണ്ടാഴ്ച…. ആശ്വസിപ്പിക്കാനോ ചേർത്ത് നിർത്താനോ കഴിയുന്ന മാനസികാവസ്ഥയിൽ ആയിരുന്നില്ല താനും…
“”ഏട്ടാ…..”” തേങ്ങി കരയുന്നവളുടെ നെറുകയിൽ ചുണ്ടമർത്തി കണ്ണീരോടെ നിൽക്കുമ്പോഴും ഒരുവേള ചുറ്റിലും അവളെ തിരഞ്ഞു….
എവിടെയും കണ്ടില്ല…. മറഞ്ഞു നിൽക്കുന്നുണ്ടാകുമോ….
വീട്ടിൽ എത്തിയിട്ടും അവളുടെ എന്തെങ്കിലും അടയാളം തിരഞ്ഞു…. ഒന്നും ബാക്കി ഉണ്ടായിരുന്നില്ല…. ഒരോ മുറികളും കയറി ഇറങ്ങി…. എവിടെയും അവളുടേതായ ഒന്നുമില്ല….
“”വാശിക്കാരി…””.. ചെറിയൊരു ചിരി വിടർന്നു..
ജാൻവി ഇടയ്ക്കിടയ്ക്ക് വെറുതെ മുഖത്തേക്ക് നോക്കി നിന്നു…
“”ഏട്ടനെന്താ തിരയണെ…. ആരെയെങ്കിലും മിസ്സ് ചെയ്യുന്നുണ്ടോ…..”” ഒടുവിൽ സഹികെട്ട് ചോദിച്ചു…
“”ആരെ മിസ്സ് ചെയ്യാൻ…. വർഷം കുറച്ചായില്ലേ… വെറുതെ നോക്കിയതാ വീടൊക്കെ….”” ടോമിയെ എടുത്തു മുറിയിലേക്ക് നടന്നു….
ടോമിയെയും ജാൻവിയെയും രണ്ടു കൈകളിലായി ചേർത്ത് പിടിച്ചു കിടക്കുമ്പോഴും ആ വാശിക്കാരി പെണ്ണങ്ങനെ മനസ്സിൽ നിറഞ്ഞു നിന്നു…
🌺🌺🌺🌺
“”സ്വന്തമാണെന്നും….. എന്റെയാണെന്നും വീമ്പു പറഞ്ഞിട്ട് ഇത്ര പെട്ടെന്ന് മടുത്തോ…..””
അവളുടെ ഓഫീസ് കാന്റീനിലെ ഒഴിഞ്ഞ കോണിലിരുന്നു ആവി പറക്കുന്ന കോഫി ചുണ്ടോട് ചേർത്തു ഋഷഭ്….
“”എന്തേ…. തോറ്റു പോയോ ഋഷഭ് ശങ്കർ…””.ഉത്തരത്തിന് പകരം വീണ്ടും അതേ വെല്ലുവിളി…
“”എന്നോ തോറ്റതല്ലേ പെണ്ണെ….. സ്വന്തമായതൊന്നും ഇനിയും കൈവിട്ട് കളയണ്ട…..””
“”ഇപ്പോഴും പ്രണയമുണ്ടെന്ന് സമ്മതിക്കില്ല അല്ലെ…””.കുറുമ്പോടെ ചോദിച്ച ചോദ്യത്തിലെ മൂർച്ച അറിഞ്ഞതും കണ്ണ് ചിമ്മി കാട്ടി…..
“”എന്റെ എല്ലാ ഉത്തരങ്ങളും നീ തന്നെയല്ലേ സ്വയം കണ്ടെത്തി പറയാറ്…. ഇതും നീ തന്നെ പറഞ്ഞോടി പെണ്ണെ…..””
പൊട്ടിച്ചിരിച്ചുകൊണ്ടവൻ അടുത്ത നിമിഷം അവളെ നെഞ്ചോട് അടുക്കിപ്പിടിച്ചിരുന്നു…..
“”സത്യമായും ഭ്രാന്താണ് ലീനാ നിനക്ക്…… പക്ഷേ ഈ ഭ്രാന്ത് ഇനി എനിക്ക് വേണം…. എന്റേത് മാത്രമായി….””
തോൽപ്പിച്ച ഗർവ്വോടെ അവളവനെ പ്രണയത്തോടെ നോക്കിയപ്പോൾ അവനിലും അതേ ചിരി വിടർന്നു…. പ്രണയം കൊണ്ട് വിജയിച്ചവന്റെ ചിരി….