അലൈപ്പായുതേ.. 14
ഭാഗം പതിനാല്
അവന്റെ ഉള്ളിൽ വല്ലാത്തൊരു ആശ്വാസം പടർന്നിരുന്നു. തന്റെ ജീവിതത്തിന്മേൽ അമ്മയും ആരതിയും വെച്ചുനീട്ടിയ ചങ്ങലകളിൽ നിന്ന് അവൻ മോചനം നേടാൻ പോകുകയാണ്. എന്നാൽ ആ ആശ്വാസത്തേക്കാൾ അവൻറെ മനസ്സിനെ അസ്വസ്ഥനാക്കിയത് നക്ഷത്രയുടെ മറുപടിയാണ്. അവൾ സമ്മതിച്ചു!
അവളുടെ അനാഥത്വത്തെ വിറ്റ് ലാഭം കൊയ്യാൻ നോക്കിയതല്ല താൻ. എങ്കിലും… താൻ കാരണം ഒരു പാവം പെൺകുട്ടി ഇങ്ങനെയൊരു വലിയ തീരുമാനത്തിലേക്ക് എടുക്കപ്പെട്ടു എന്ന ചിന്ത അവൻറെ ഹൃദയത്തിൽ ചെറിയൊരു കുറ്റബോധം ഉണ്ടാക്കി.
‘കണ്ടീഷൻസ്…’ അവൻ സ്വയം പിറുപിറുത്തു. ‘അവൾക്ക് എന്തൊക്കെയായിരിക്കും ആവശ്യങ്ങൾ? പണമോ? വീടോ? അതോ മറ്റെന്തെങ്കിലുമോ?’. തൻറെ മുന്നിൽ നിൽക്കുമ്പോൾ പേടിച്ച് വിറയ്ക്കുന്ന ആ കുഞ്ഞു പെൺകുട്ടി, വിരലിൽ ബാൻഡേജ് ഇട്ടു കൊടുക്കുമ്പോൾ കണ്ണുനിറഞ്ഞു നോക്കിയ ആ നിഷ്കളങ്കത തുളുമ്പുന്ന മുഖം… അവളിലെ വിശുദ്ധിയിൽ തൻറെ കലുഷിതമായ ലോകത്തേക്ക് കടന്നുവരുമ്പോൾ എന്തൊക്കെ മാറ്റങ്ങളാണ് സംഭവിക്കാൻ പോകുന്നത്?
“ഹേയ്… നീ വീണ്ടും അനാവശ്യമായി ചിന്തിക്കുകയാണ് കാർത്തിക്,” അവൻ സ്വയം താക്കീത് ചെയ്തു. “ഇതൊരു എഗ്രിമെന്റ് മാത്രമാണ്. ഒരു വർഷത്തെ ബിസിനസ്സ് ഡീൽ! അതിനപ്പുറം യാതൊരു വികാരങ്ങൾക്കും ഇവിടെ സ്ഥാനമില്ല. ഇതുകൊണ്ട് നിനക്കും അവൾക്കും പ്രയോജനങ്ങൾ മാത്രമേ ഉള്ളു.”
അവൻ സാവധാനം കട്ടിലിലേക്ക് കിടന്നു. എങ്കിലും അവൻറെ കണ്ണുകളിലേക്ക് ഉറക്കം വരാൻ മടിച്ചുനിൽക്കുകയായിരുന്നു.
…..
നക്ഷത്ര പതിവിലും നേരത്തെ തന്നെ ഉണർന്നു. രാത്രി മുഴുവൻ ശരിയായി ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല. കണ്ണുകൾക്ക് ചുറ്റും നേർത്ത തളർച്ച നിഴലിച്ചിരുന്നു.
ഇന്ന് ഓഫീസിലേക്ക് പോകുമ്പോൾ അവളുടെ ഉള്ളിൽ വേറൊരു തരം വിറയലായിരുന്നു. സാധാരണ ജോലിക്ക് പോകുന്ന ഒരു അസിസ്റ്റന്റിന്റെ മനസ്സല്ല, മറിച്ച് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ കരാറിൽ ഒപ്പുവെക്കാൻ പോകുന്ന ഒരു പെൺകുട്ടിയുടെ പരിഭ്രമമായിരുന്നു അത്. സിനിമയിലും കഥകളിലും മാത്രം കേട്ടുവന്ന ഉടമ്പടി കല്യാണം ഇപ്പോൾ തന്റെ ജീവിതത്തിലും നടക്കാൻ പോകുന്നു!
അവൾ ഇന്ന് വളരെ ലളിതമായ ഒരു മഞ്ഞ നിറത്തിലുള്ള കുർത്തിയും വെളുത്ത പലാസ്സയുമാണ് ധരിച്ചത്. തലമുടി പിന്നിലേക്ക് ഒതുക്കിക്കെട്ടി, നെറ്റിയിൽ പതിവുപോലെ ചെറിയൊരു കറുത്ത പൊട്ടും തൊട്ട് അവൾ തന്റെ ചെറിയ ബാഗും എടുത്ത് ഓഫീസിലേക്ക് ഇറങ്ങി.
എട്ടരയോടെ അവൾ കൈലാസ് ഗ്രൂപ്പിന്റെ 28-ാം നിലയിൽ എത്തിച്ചേർന്നു.
ഫ്ലോറിലാകപ്പാടെ നിശബ്ദതയായിരുന്നു.
മറ്റ് ജീവനക്കാർ ആരും എത്തിയിട്ടുണ്ടായിരുന്നില്ല.
നക്ഷത്ര തന്റെ ഡെസ്കിലിരുന്ന് ഫയലുകൾ ക്രമീകരിക്കാൻ തുടങ്ങിയെങ്കിലും അവളുടെ ശ്രദ്ധ മുഴുവൻ എലിവേറ്ററിന്റെ വാതിലിലായിരുന്നു. ഓരോ തവണ ലിഫ്റ്റ് ചലിക്കുമ്പോഴും അവളുടെ നെഞ്ചിടിപ്പ് ക്രമാതീതമായി കൂടി.
ഒടുവിൽ… ഒൻപത് മണിയോടെ എലിവേറ്ററിന്റെ വാതിലുകൾ തുറന്നു.
ഇളം മഞ്ഞ ഷർട്ടും വെള്ള ഫോർമൽ പാന്റ്സും ഇട്ട് ഗാംഭീര്യത്തോടെ ധ്രുവ് കാർത്തിക് പുറത്തേക്കിറങ്ങി വന്നു.
അത് കണ്ടതും അവളുടെ ഹൃദയം പടപട മിടിച്ചു. അവൾ അവന്റെ വേഷത്തിലേക്കും പിന്നീട് തന്നിലേക്കും മാറി മാറി നോക്കി. തങ്ങൾ ഇന്നും ഒരേ നിറത്തിലുള്ള വസ്ത്രമാണ് ധരിച്ചിരിക്കുന്നത്!
നക്ഷത്രയുടെ കണ്ണുകൾ മിഴിഞ്ഞുവന്നു. ‘ ദൈവമേ എന്നാലും ഇതെങ്ങനെ?’ അവളുടെ മനസ്സിൽ ആ ചോദ്യമുണർന്നു.
അവൻറെ കയ്യിൽ പതിവുപോലെ സിൽവർ ബ്രീഫ്കേസ് ഉണ്ടായിരുന്നു. അവൻറെ കാപ്പി കണ്ണുകളിൽ എവിടെയോ ഒരു പ്രത്യേക തരം തിളക്കം ഉണ്ടായിരുന്നു.
ധ്രുവ് സാവധാനം തൻറെ കേബിനിലേക്ക് നടന്നു വന്നു.
നക്ഷത്ര വിറയ്ക്കുന്ന കാലുകളോടെ എഴുന്നേറ്റു നിന്നു. “ഗു… ഗുഡ് മോർണിംഗ് സാർ…”
ധ്രുവ് തൻറെ ചുവടുകൾ നിർത്തി. അവൻ അവളെ നോക്കി. മഞ്ഞ കുർത്തിയിൽ ദേവതയെ പോലെ നിൽക്കുന്ന നക്ഷത്ര!
‘ഈ പെണ്ണ് ഏത് ഡ്രസ്സ് ഇട്ടാലും അതീവ സുന്ദരി തന്നെ!’ അവൻ മനസ്സിലോർത്തു
അവളുടെ കണ്ണുകളിൽ ഭയവും അസ്വസ്ഥതയും അവൻ വ്യക്തമായി കണ്ടു.
“ഗുഡ് മോർണിംഗ്,” ധ്രുവ് തണുത്ത സ്വരത്തിൽ പറഞ്ഞു. “താൻ അഞ്ചു മിനിറ്റ് കഴിഞ്ഞ് കേബിനിലേക്ക് വരൂ.”
അത്രയും പറഞ്ഞ് അവൻ കേബിനുള്ളിലേക്ക് കയറി വാതിലടച്ചു.
നക്ഷത്ര ദീർഘമായി ശ്വാസമെടുത്ത് പുറത്തേക്ക് വിട്ടു. കൈകൾ മാറോടു ചേർത്തു വെച്ച് അവൾ അഞ്ചു മിനിറ്റ് തികയാനായി കാത്തിരുന്നു.
ഓരോ സെക്കൻഡും മണിക്കൂറുകൾ പോലെ അവൾക്ക് തോന്നി. ഒടുവിൽ, ക്ലോക്കിൽ സമയം അഞ്ചു മിനിറ്റ് പൂർത്തിയായപ്പോൾ അവൾ സാവധാനം നടന്ന് എം.ഡി കേബിന്റെ വാതിലിൽ മുട്ടി.
“കം ഇൻ…”
അവൾ വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിച്ചു.
ധ്രുവ് തൻറെ എക്സിക്യൂട്ടീവ് ചെയറിൽ ഇരിക്കുകയായിരുന്നു. അവൻറെ മേശപ്പുറത്ത് വെള്ള നിറത്തിലുള്ള രണ്ട് ലീഗൽ ഡോക്യുമെന്റുകൾ തയ്യാറാക്കി വെച്ചിട്ടുണ്ടായിരുന്നു.
“ഇരിക്കൂ നക്ഷത്ര,” ധ്രുവ് തന്റെ മുന്നിലെ കസേരയിലേക്ക് വിരൽ ചൂണ്ടി.
നക്ഷത്ര പതുക്കെ ചെന്ന് കസേരയിൽ ഇരുന്നു. അവൾ തലതാഴ്ത്തി തന്റെ വിരലുകൾ പരസ്പരം കോർത്തും അഴിച്ചും കൊണ്ടിരിക്കുന്നു.
ധ്രുവ് ലാപ്ടോപ്പ് അല്പം അവളുടെ വശത്തേക്ക് മാറ്റി വെച്ചു. അവൻ അവളിലേക്ക് അല്പം ആഞ്ഞു.
“ഇന്നലെ ഫോണിൽ താൻ പറഞ്ഞു… തനിക്ക് ചില കണ്ടീഷൻസ് ഉണ്ടെന്ന്. തനിക്ക് എന്താണ് പറയാനുള്ളതെന്നുവെച്ചാൽ വ്യക്തമായി പറയാം. ഐ ആം ലിസണിങ്.”
നക്ഷത്ര സാവധാനം തലയുയർത്തി. ധ്രുവിന്റെ കടും കാപ്പി കണ്ണുകൾ തന്നിൽത്തന്നെ തറഞ്ഞുനിൽക്കുന്നത് അവൾ കണ്ടു. അവൾ തൊണ്ട നനച്ചു.
“സാ… സാർ…” അവളുടെ ശബ്ദം വിറച്ചു.
“പേടിക്കാതെ പറയൂ നക്ഷത്ര. ഇത് നമ്മുടെ രണ്ടുപേരുടെയും ജീവിതമാണ്. തനിക്ക് എന്ത് നിബന്ധനകൾ വേണമെങ്കിലും മുന്നോട്ട് വെക്കാം.”
നക്ഷത്ര ഒന്നു നിർത്തി, ധൈര്യം സംഭരിച്ച് സംസാരിച്ചു തുടങ്ങി:
“ആദ്യത്തെ കാര്യം… ഈ കരാർ കല്യാണം വെറുമൊരു നാടകം മാത്രമായിരിക്കണം സാർ. ലോകത്തിന് മുന്നിലും സാറിന്റെ കുടുംബത്തിന് മുന്നിലും മാത്രം നമ്മൾ ഭാര്യാഭർത്താക്കന്മാരായി അഭിനയിക്കും. എന്നാൽ… നമ്മൾ തമ്മിൽ യാതൊരു വിധത്തിലുള്ള ശാരീരിക ബന്ധമോ, ഒരു ഭർത്താവിന്റെ അവകാശങ്ങളോ സാർ എന്റെമേൽ സ്ഥാപിക്കാൻ പാടില്ല!”
ധ്രുവ് അവൻറെ പുരികം ഒന്നുയർത്തി. അവൻറെ മുഖത്ത് നേർത്തൊരു പുഞ്ചിരി വന്ന് മാഞ്ഞു.
“താൻ അത് പറയേണ്ട ആവശ്യമില്ലായിരുന്നു നക്ഷത്ര,” ധ്രുവ് പറഞ്ഞു. “ഞാൻ ഒരു മാന്യനാണ്. അവളുടെ സമ്മതമില്ലാതെ ഒരു പെൺകുട്ടിയുടെ മേലും കൈവെക്കുന്ന ആളല്ല ഞാൻ. ഈ കണ്ടീഷൻ പൂർണ്ണമായും അംഗീകരിക്കുന്നു.”
നക്ഷത്ര ആശ്വാസത്തോടെ ദീർഘനിശ്വാസമയച്ചു. അവൾ രണ്ടാമത്തെ കാര്യത്തിലേക്ക് കടന്നു.
“രണ്ടാമത്തെ കാര്യം… സാറിന്റെ വീട്ടിൽ ഞാൻ വരുമ്പോൾ സാറിന്റെ അമ്മയിൽ നിന്നോ ആരതിയിൽ നിന്നോ അപമാനങ്ങൾ ഉണ്ടായാൽ… സാർ എനിക്ക് സംരക്ഷണം നൽകണം. എന്നെ ഒരു നിസ്സാരക്കാരിയായി അവരുടെ മുന്നിൽ വിട്ടുകൊടുക്കരുത്. ഒപ്പം… എന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന ഒരു കാര്യവും സാറിന്റെ ഭാഗത്തുനിന്നും ഉണ്ടാവരുത്.”
ധ്രുവ് തൻറെ പേന മേശപ്പുറത്ത് വെച്ചു. അവൻറെ കണ്ണുകളിൽ ഗൗരവം നിറഞ്ഞു.
“അത് ഇന്നലെത്തന്നെ ഞാൻ തനിക്ക് വാക്ക് തന്നതാണ് നക്ഷത്ര. കൈലാസ് വില്ലയിൽ താൻ എന്റെ ഭാര്യയായിട്ടാണ് വരുന്നത്. ധ്രുവ് കാർത്തിക്കിന്റെ ഭാര്യയുടെ നേരെ വിരൽ ചൂണ്ടാൻ എന്റെ അമ്മയ്ക്കായാലും മറ്റാർക്കായാലും ധൈര്യമുണ്ടാകില്ല. അത് ഞാൻ ഉറപ്പു നൽകുന്നു.”
“മൂന്നാമത്തെ കാര്യം…” നക്ഷത്ര അല്പം മടിച്ചു.
“പറയൂ…”
“ഒരു വർഷം കഴിയുമ്പോൾ… ഈ കരാർ തീരുമ്പോൾ, ഞാൻ സാറിന്റെ ജീവിതത്തിൽ നിന്നും പൂർണ്ണമായി ഇറങ്ങിപ്പോകും. ആ സമയത്ത് എനിക്ക് സാറിന്റെ കോടികളുടെ സ്വത്തിൽ യാതൊരു അവകാശവും വേണ്ട. സാർ എനിക്ക് തരാൻ ഉദ്ദേശിക്കുന്ന സാമ്പത്തിക സഹായം ഉണ്ടല്ലോ… അത് എനിക്ക് ഒരു ദാനമായി വേണ്ട. എന്റെ അധ്വാനത്തിന്, അല്ലെങ്കിൽ ഈ ഒരു വർഷത്തെ എന്റെ അഭിനയത്തിന് സാർ തരുന്ന ന്യായമായ തുക മാത്രം മതി. അതുകൊണ്ട് എനിക്കൊരു ചെറിയ ബിസിനസ്സോ ജോലിയൊ ചെയ്തു ജീവിക്കാനുള്ള വഴി ഉണ്ടാക്കിതന്നാൽ മതി.”
ധ്രുവ് അത്ഭുതത്തോടെ നക്ഷത്രയെ നോക്കിപ്പോയി!
ഇന്നത്തെ കാലത്ത് ഒരു കോടീശ്വരന്റെ ഭാര്യയാകാൻ അവസരം കിട്ടിയാൽ കോടികൾ സ്വന്തമാക്കാൻ നോക്കുന്ന പെൺകുട്ടികളുടെ ഇടയിൽ… ഇതാ തൻറെ മുന്നിൽ നിൽക്കുന്ന ഈ പെൺകുട്ടി! അവൾക്ക് ആവശ്യമുള്ളത് തൻറെ സ്വത്തല്ല, സ്വന്തം അധ്വാനം കൊണ്ട് ജീവിക്കാനുള്ള ആത്മാഭിമാനം മാത്രമാണ്!
ധ്രുവിന്റെ ഉള്ളിൽ അവളോടുള്ള ബഹുമാനം ഇരട്ടിച്ചു.
“തന്റെ നിബന്ധനകൾ എല്ലാം തികച്ചും മാന്യമാണ് നക്ഷത്ര,” ധ്രുവ് തൻറെ മുന്നിലിരുന്ന പേപ്പർ അവളിലേക്ക് നീക്കി വെച്ചു.
“ഇനി എന്റെ ചില നിബന്ധനകൾ കൂടി കേൾക്കൂ.”
നക്ഷത്ര അവനെ നോക്കി. “പറയൂ സാർ.”
“ഒന്നാമതായി… അടുത്ത ആഴ്ച നമ്മുടെ വിവാഹം ഉണ്ടായിരിക്കും. തികച്ചും ലളിതമായ ഒരു രജിസ്റ്റർ മാര്യേജ്. അതിനുശേഷം കൈലാസ് വില്ലയിൽ ഒരു ചെറിയ റിസപ്ഷൻ. അവിടെ വരുന്ന എല്ലാവരുടെയും മുന്നിൽ താൻ എന്റെ ഭാര്യയായിത്തന്നെ പെരുമാറണം. തനിക്ക് എന്നോട് ഭയമോ അകലമോ ഉള്ളതായി ആരോടും കാണിക്കരുത്.”
“ശരി സാർ…”
തുടരും…





