19/04/2026

മഴമുകിൽ : ഭാഗം 06

രചന – ജന്നാഹ്

“”ജാനു….”” ആർദ്രമായ സ്വരം കാതിൽ കേൾക്കെ അവള് ആ നെഞ്ചില് മുഖം പൂഴ്ത്തി…. ഒരു ആവരണം എന്ന കണക്കെ അവന്റെ കൈകൾ അവളെ പൊതിഞ്ഞു പിടിച്ചു….. “”മാഷേ…. എനിക്ക് പേടി ഒന്നുല്ലാ മാഷേ… എനിക്ക് മാഷേ ഇഷ്ടാ…. അതേ അറിയാവൂ…. “” “”ആദ്യ നാളുകളിൽ ഈ ഇഷ്ടം മതിയാകും ജാനു…. പിന്നെ…പിന്നെ ആകുമ്പോൾ അത് പോരാതെ വരും കുട്ടീ….. “” വാത്സല്യത്തിന്റെ ചൊവയോടെ അവളോട് അവൻ മൊഴിഞ്ഞു…. അത് കേൾക്കവെ അവനിൽ നിന്നും അടർന്നു മാറി ഇരുന്നു ജാനി…

“”മാഷിന് എങ്ങനെ അറിയാനാ ….. അതിന് എന്നെ ഒന്ന് സ്നേഹിച്ചിട്ടുണ്ടോ….?”” വാക്കുകളിൽ ഈർഷ്യ നിറഞ്ഞു…. ഉള്ളിലെ നുരഞ്ഞു പൊന്തുന്ന ദേഷ്യം മറച്ചു പിടിക്കാൻ ശ്രമങ്ങൾ നടത്തി അവള്…. “”കണ്ടില്ലേ… നീ ഇപ്പോഴും ഒരു കുട്ടിയാണ് ജാനു… പറയുന്നത് ഒന്നും മനസ്സിലാകാത്ത അല്ലെങ്കിൽ എല്ലാം നിന്റെ ഇഷ്ടത്തിന് വേണമെന്ന് വാശി പിടിക്കുന്ന കൊച്ച് കുട്ടി….”” “”എവിടെയാണ് മാഷേ എന്റെ പിടി വാശി…? നിങ്ങള് തന്നെ അല്ലേ ഈ താലി എന്നിൽ ചാർത്തിയത്….. പാതി വഴിയിൽ ഉപേക്ഷിക്കാൻ ആണെങ്കിൽ എന്തിനാ എന്നെ കൂടെ കൂട്ടിയത് മാഷേ …. ഒരു വിവാഹം മുടങ്ങി എന്നും പറഞ്ഞ് ഒരു പെണ്ണും ചീത്ത ആയിട്ട് ഇല്ല …. അവള് കെട്ടാപ്പെണ്ണായി പുര നിറഞ്ഞ് നിന്നിട്ടുമില്ല ….. “” വാക്കുകൾക്ക് മൂർച്ച ഏറി….

“”ഇനി നിർബന്ധിക്കാൻ ഞാൻ ഇല്ല മാഷേ…. ഡിവോഴ്സ് വേണമല്ലോ അല്ലേ…. പിന്നെ ഞാൻ ഇവിടെ നിൽക്കുന്നതിൽ അർഥം ഉണ്ടോ മാഷെ…? ഇന്ന് പോകുമ്പോൾ വീട്ടിൽ വിട്ടേക്ക്‌ …. കുറച്ചു ദിവസം സങ്കടം കാണും…. അത് തരണം ചെയ്യാൻ എനിക്ക് പറ്റും …..
ഒത്തിരി മോഹിച്ചത് കൈവിട്ട് പോകുമ്പോൾ ഉള്ള വേദന ആണ് ….. അത് മാഷിനും അറിയാലോ ലെ…. ആദി ചേച്ചി പോയപ്പോ അനുഭവിച്ചു കാണില്ലേ ……”” കണ്ണിൽ നിന്നും നോട്ടം മാറ്റി….. അവള് എഴുന്നേറ്റ് മുറിയിലേക്ക്‌ നടന്നു….

“”ഇഷ്ടം ആണ് ജാനു…. എല്ലാവർക്കും നീ ജാനി ആയപ്പോൾ എനിക്ക് എന്റെ മാത്രം ജാനു ആയതും അത് കൊണ്ടാണ്….. പക്ഷേ ഈ കാർത്തികേയൻ താഴ്‍ന്ന് കൊണ്ടിരിക്കുന്ന ഒരു കപ്പൽ ആണ്…. അതിലേക്ക് ഒരു യാത്രക്കായി എന്റെ ജാനു വരരുത്…..”” കാർത്തികേയന്റെ മനസ്സ് മന്ത്രിക്കുന്നുണ്ടായിരുന്നൂ….. മനസ്സ് താൻ പോലും അറിയാതെ പ്രണയത്തിലേക്ക് ചാഞ്ഞത് കാർത്തികേയൻ ഓർത്ത് ചിരിച്ചു…..

എന്നും വന്നുള്ള അവളുടെ എത്തി നോട്ടവും കിലു കിലെയുള്ള വർത്താനവും അവനും ഇഷ്ടപ്പെട്ടു് തുടങ്ങിയിരുന്നു…… പതിയെ പതിയെ അവളുടെ മാഷേന്നുള്ള വിളി കേൾക്കാൻ വേണ്ടി മാത്രം ജാനു വരുന്നിടത്ത് പോയി നിന്നിട്ട് ഉണ്ട്….മനസ്സിനെ നിയന്ത്രിച്ചത് ആണ്….. പക്ഷേ കഴിഞ്ഞിരുന്നില്ല….. തടഞ്ഞു നിർത്തിയത് അവസാനം തന്നെ അവള് കാണാൻ വന്നപ്പോൾ ആയിരുന്നു…… താൻ ഇത്തിരി വേദന സഹിച്ച് ആണെങ്കിലും അവൾക്ക് നല്ലൊരു ജീവിതം കിട്ടട്ടെ എന്ന് കരുതി…. അറിഞ്ഞു കൊണ്ട് വഴിയിൽ നിന്നും മാറ്റി നിർത്തിയത് ആണ്….എന്നിട്ടും നിമിത്തം പോലെ എന്നിലേക്ക് വന്നു ചേർന്നവൾ….ചെയ്യുന്നത് ശേരിയോ തെറ്റോ എന്നറിയില്ല….. പക്ഷേ ഒന്നറിയാം ആ പെണ്ണിന്റെ നന്മക്ക് വേണ്ടിയാണ്…..

കൈക്കോട്ടും എടുത്ത് കൊണ്ട് നേരെ പാടത്തേക്ക് ഇറങ്ങി….. അവന് ഏറ്റവും പ്രിയപ്പെടിടം…. അവിടെ ഒരു ചിന്തയും അവനെ അലട്ടില്ല…..  “”മോളെ… കാർത്തി…?”” അടുക്കളയിൽ നൂൽപ്പുട്ട്‌ ഉണ്ടാക്കി കൊണ്ട് നിൽക്കുക ആയിരുന്നു ജാനി… കണ്ണുകൾ വീർത്തിട്ടുണ്ട്…… മുഖവും…. “”മാഷ്…. പറമ്പിൽ കാണും അമ്മേ…. “” “””ജാനി.. അമ്മ പറയുന്നത് മോൾ ഒന്ന് കേൾക്കണം…. എന്റെ മോൻ അവൻ പാവമാണ്… ആദി ലക്ഷ്മി അവളുടെ ഇഷ്ടക്കേട് കൊണ്ട് പോയത് ആണ്….. അല്ലാതെ എന്റെ മോന്‌ ഇപ്പൊ കുഴപ്പം ഒന്നുമില്ല…”” “”അത് ഞാൻ മാത്രം കരുതിയിട്ട്‌ കാര്യമുണ്ടോ അമ്മേ…. മാഷ്ക്ക്‌ തോന്നണ്ടേ… ഞാൻ കുഞ്ഞാണ് അത്രേ….. എനിക്ക് ഭാവിയെ കുറിച്ച് ഒന്നും അറിയില്ലെന്ന്…..””

പുച്ഛത്തോടെ ഒന്ന് ചിരിച്ചു…. അവള് വീണ്ടും ജോലിയിൽ മുഴുകി…… ഇന്ന് അവൾക്ക് പകരം അമ്മയാണ് വെള്ളം കൊണ്ട് പോയത്….അവൻ പ്രതീക്ഷയോടെ ഓരോ തവണയും അവളെ നോക്കുന്നുണ്ടായിരുന്നു…. ഒരു പക്ഷേ വിട്ടുപോകുന്നു എന്ന് ഉറപ്പ് ആയപ്പോൾ ആയിരുന്നിരിക്കണം അവനിൽ വേദന ആഴ്ന്ന് തുടങ്ങിയത്…..
നിരാശയോടെ മുഖം കുനിയുമ്പോൾ മനസ്സ് മന്ത്രിച്ചു…. “”വീണ്ടും പ്രതീക്ഷിക്കരുത് കാർത്തികേയാ…ദിനം രണ്ടെ ആയിട്ട് ഉള്ളെങ്കിലും ആരും ഇതുവരെ നേടി എടുക്കാത്ത സ്ഥാനം ആ പെണ്ണ് നേടി എടുത്തിട്ട് ഉണ്ട് നിന്റെ മനസ്സിൽ……. നിന്നിലേക്ക് ഒരു മടങ്ങി വരവ് അവള് ആഗ്രഹിക്കുന്നുണ്ട്….. അകന്നു മാറുന്നത് നീ മാത്രമാണ്…. “”

എന്തിനോ എന്ന പോലെ ഒരു നീറ്റൽ…. അവളെ കാണുവാൻ ഹൃദയം തുടി കൊട്ടുന്നുണ്ട്…. അമ്മക്ക് പിന്നാലെ വീട്ടിലേക്ക് നടന്നു…. കുളി കഴിഞ്ഞ് അകത്തേക്ക് കയറി…. “”അമ്മേ….. “” വിളിച്ചത് അമ്മയെ ആണെങ്കിലും പ്രതീക്ഷിച്ചത് ജാനുവിനെയാണ്…..ഇന്നലെ വരെ കുട്ടിത്തം നിറഞ്ഞ കണ്ണുകൾ ഇന്ന് വളരെ പക്വതോടെ തന്നോട് സംസാരിച്ചപ്പോൾ മുതൽ വല്ലാത്ത ഒരു അവസ്ഥ…. തന്റെ കൺമുന്നിൽ പോലും വരാതെ ഒഴിഞ്ഞു മാറി നടക്കുന്നത് കാണുമ്പോൾ ഹൃദയം വിങ്ങുന്നുണ്ട്….. കഴിക്കാൻ ഇരിക്കുമ്പോൾ കേട്ടു പിന്നിൽ ഒരു പാദസര കിലുക്കം…..

“”മാഷേ…. ഞാൻ റെഡി ആയിട്ടോ… എന്നെ വീട്ടിൽ കൊണ്ട് പോകണം…. “” മുഖത്ത് ചിരി ഉണ്ടെങ്കിലും കണ്ണുകൾ നിർജീവമാണ്…. ഒന്ന് മൂളി കൊണ്ട് അവൻ കഴിക്കാൻ തുടങ്ങി… കൈയിൽ ഒന്നും ഉണ്ടായിരുന്നില്ല… ഇവിടേക്ക് വന്നപ്പോൾ ഉണ്ടായിരുന്ന സാരിയും അച്ഛന്റെ അധ്വാനത്തിന്റെ ഒരു പകുതി ഭാഗവും…. അത് മാത്രമേ ഉണ്ടായിരുന്നുള്ളൂ….. വസ്ത്രം മാറി അവൻ ഇറങ്ങി വന്നു… “”പോകാം….”””

കാറിലേക്ക് നോക്കി അവൻ പറഞ്ഞപ്പോൾ അപ്പുറത്ത് ഇരിക്കുന്ന ബൈക്കിലേക്ക്‌ അവളുടെ ശ്രദ്ധ പാളി…. “”എന്നെ ബൈക്കിൽ കൊണ്ട് പോയാൽ മതി മാഷേ… കാർ വേണ്ട….”” കൈയിലെ കുഞ്ഞ് ബാഗ് ചേർത്ത് പിടിച്ച് അവള് അവിടേക്ക് നടന്നു… എതിർക്കാൻ തോന്നിയില്ല കാർത്തികേയന്…. അകത്തേക്ക് പോയി കീയും ആയി വന്നു…. ബൈക്ക് സ്റ്റാർട്ട് ചെയ്തു അവളോട് കയറാൻ പറഞ്ഞു… അവന്റെ പിന്നിലായ്‌ ആ ദേഹത്തോട് ചേർന്നിരുന്നു…. അവനും അത് ആഗ്രഹിച്ചിരുന്നിരിക്കണം… അവന്റെ അനുവാദം പോലും കാക്കാതെ ആ പുറത്ത് തല ചായ്ച്ചു … “”ഇനി ഈ സ്വാതന്ത്ര്യത്തിന് പറ്റില്ലല്ലോ മാഷേ… അതാ…..””

നേർത്ത പുഞ്ചിരി തൂകി അവള് അവനെ വയറിലൂടെ വട്ടം പിടിച്ചു…. ബൈക്ക് മുന്നിലേക്ക്‌ പാഞ്ഞു… വഴിയരികിൽ ആദി ലക്ഷ്മി തന്റെ ഭർത്താവിന്റെ ഒപ്പം നിൽക്കുന്നത് കണ്ടു.. കാർത്തികേയൻ അവളെ മൈൻഡ് ചെയ്തില്ല…. പക്ഷേ അവളെ കണ്ടപ്പോൾ ജാനു ഒന്നൂടീ അവനോട് ചേർന്ന് ഇരുന്നു… ഇത് കാണെ ആദി ലക്ഷ്മിയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു… “”ഹാവൂ… ഇപ്പൊ ഒരാശ്വാസം ഒക്കെ തോന്നുന്നുണ്ട്…. “” ജാനു മെല്ലെ പറയുന്നത് കാർത്തികേയൻ കേട്ടു… അവന്റെ ചുണ്ടിലും ഒരു ചിരി പടർന്നു…..

വീടിന്റെ മുന്നിൽ എത്തിയതും ഒന്നും കേൾക്കാൻ നിൽക്കാതെ അവള് അകത്തേക്ക് ഓടി… “”അമ്മേ… അച്ഛാ…”” ആദ്യമായി സ്കൂളിൽ പോയി തിരിച്ചു വന്ന കുട്ടിയുടെ ഭാവം ആയിരുന്നു അവൾക്ക്….. അടുക്കളയിൽ ആയിരുന്നെന്ന് തോന്നുന്നു… രണ്ടാളും ഇറങ്ങി വന്നു… അവള് അച്ഛന്റെ നെഞ്ചിലേക്ക് ചാഞ്ഞു… “”ഒത്തിരി മിസ് ചെയ്തു അച്ഛാ നിങ്ങളെ മൂന്നാളെയും…”” “”അർജുൻ എവിടെ…?”” “”ഇപ്പൊ വരും… അട പ്രഥമൻ വക്കാൻ വേണ്ടിയുള്ള സാധനങ്ങൾ വാങ്ങാൻ പോയിരിക്കുവാണ്….””

ഉള്ളിൽ കടലോളം സങ്കടം ഉണ്ടെങ്കിലും അത് അടക്കി നിർത്തി അമ്മയുടെ ഒപ്പം കൂടി….കാർത്തികേയന് ഒപ്പം അവളുടെ അച്ഛനും… അർജുൻ വന്നപ്പോൾ പിന്നെ അവനും അവരുടെ കൂടെ ആയി…. കേമായിട്ട്‌ തന്നെ സദ്യ ഒരുങ്ങി…. കാർത്തികേയനും ജാനുവും ഒത്തിരുന്നു… അവർക്ക് വിളമ്പി കൊടുക്കാനായി അർജുനും…. അന്നത്തെ ആ അന്നത്തിന് രുചി ഏറിയത് പോലെ തോന്നി കാർത്തികേയന്‌…..

“”എങ്കിൽ പോട്ടെ അച്ഛാ…..”” കാർത്തികേയൻ അവരോട് ആയി പറഞ്ഞു… “”മോനേ…. ഇന്നിവിടെ നിന്നിട്ട്… അതല്ലേ നാട്ടുനടപ്പ്…”” “”അച്ഛാ…എനിക്ക് കുറച്ച് കാര്യങ്ങൾ ചെയ്തു തീർക്കാൻ ഉണ്ടായിരുന്നു…. “” “”അതേ അച്ഛാ… മാഷ്ക്ക് എന്തൊക്കെയോ ചെയ്യാൻ ഉണ്ട്.. തൊടിയിൽ മാഷിന്റെ കണ്ണ് എത്തിയില്ലെങ്കിൽ ഒക്കെ നാശാവും…. ഞാൻ ഇവിടെ ഉണ്ടല്ലോ…. “” അയാളോട് ചേർന്ന് നിന്നു കൊണ്ട് ജാനു പറഞ്ഞു….. “”മാഷ് പൊയ്ക്കോ…. “”

അവന്റെ കൈയിൽ തൂങ്ങി പടിപ്പുര വരെ നടന്നു… അച്ഛനും അമ്മയും നോക്കി നിൽക്കുന്നുണ്ട്… അത് വക വയ്ക്കാതെ ഇറുകെ പുണർന്നു….. “”പൊയ്ക്കോ കാർത്തിയേട്ടാ…..സമയം പോലെ ഒക്കെയും ഞാൻ ഇവരോട് പറഞ്ഞോളാം…..”” മാഷേന്ന് അല്ലാതെ ആദ്യമായി കാർത്തിയെട്ടൻ എന്ന വിളി…… അവൻ ബൈക്കിൽ കയറി യാത്ര ആകുമ്പോൾ പിന്നിൽ നിന്നും കണ്ണു മാറ്റാതെ അവള് നോക്കി നിന്നു…. പടിപ്പുരയിൽ നിന്നും മടങ്ങി…. അച്ഛനും അമ്മയും പോയിരുന്നു…. അതൊരു ആശ്വാസമായി തോന്നി ജാനുവിന്…. മുറിയിലേക്ക് പോയി … വാതിൽ അടച്ച് ബെഡിലേക്ക് വീണു…. അവസാനമായി ആ നെഞ്ചോട് ചേർന്ന് നിന്നത്‌ ഒാർക്കെ വീണ്ടും സങ്കടം അണപൊട്ടി ഒഴുകി….

വീട്ടിലേക്ക് വന്ന കാർത്തികേയൻ കാണുന്നത് അമ്മയെ ആണ്… മുഖത്ത് വിഷാദം തളം കെട്ടി ആടിയിരുന്നൂ….. “”കൊണ്ടാക്കി അല്ലേ…. ഇനി എന്നാ അടുത്ത കോടതി കൂടൽ….?”” നേർത്ത ഒരു നെടുവീർപ്പോടെ അവര് എഴുന്നേറ്റു… “*എന്റെ തെറ്റ് ആയിരുന്നു…. ആ പെണ്ണിന് ഒരു ആശ കൊടുത്തു… വെറുതെ… വെറുതെ ഒരാശ…. ഇതിലും ഭേദം ആ വിവാഹം മുടങ്ങി പോകുക ആയിരുന്നു…. “” അവര് സ്വയം പഴി ചാരി… അത് കേൾക്കാൻ നിൽക്കാതെ കാർത്തികേയൻ തന്റെ മുറിയിലേക്ക് കയറി….

അവളുടെ ഗന്ധം ആണ് ചുറ്റും…. ഒരു രാവും ഒരു പകലും കൊണ്ട് അവള് ആ വീട്ടിൽ ഉണ്ടാക്കി എടുത്ത മാറ്റം ചെറുതൊന്നുമല്ല…. അലമാര തുറന്നപ്പോൾ കണ്ടു ഇന്നലെ വാങ്ങിയതിൽ ഒന്ന് പോലും കൊണ്ട് പോയിട്ട് ഇല്ലാ…എല്ലാം അതാത് സ്ഥാനത്ത് തന്നെ ഉണ്ട്…. മെല്ലെ അവയിൽ ഒന്ന് തലോടി…. തോളിൽ ഒരു സ്പർശനം ഏറ്റപ്പോൾ ആയിരുന്നു തിരിഞ്ഞു നോക്കിയത്.. “”എന്താ അമ്മാ… “” വിഷാദം കലർന്ന ചിരിയോടെ ചോദിച്ചു…

“”എങ്ങനെ കഴിയുന്നു കാർത്തി നിനക്ക്…?ഇങ്ങനെ ചിരിക്കാൻ… നിന്റെ ചിരിക്ക് മുതൽക്കൂട്ട് ആ പെണ്ണിന്റെ കണ്ണീർ ആണ് മോനേ… നിന്നെ അത്രമേൽ സ്നേഹിച്ചത് അല്ലേ അവള്…. നിന്റെ ഒരു കുറവും അവൾക്ക് പ്രശ്നം ആയിരുന്നില്ല…. നിന്റെ മനസ്സ് ആണ് കാർത്തി അവൾക്ക് വേണ്ടിയിരുന്നത് …”” “”കാർത്തു പറഞ്ഞു അല്ലേ ഒക്കെയും….?”” “”അത് നീ അറിയണ്ട….. ആരോ പറയട്ടെ… അതാണ് സത്യമെന്ന് എനിക്ക് ഇന്ന് മനസ്സിലായി…..”” കാർത്തികേയൻ മറുപടി പറയാതെ നിന്നു…… വ്യക്തമായ ഉത്തരം അവനിൽ ഉണ്ടായിരുന്നില്ല…. അമ്മയുടെ അടുത്ത് നിന്നും ഒരു രക്ഷപ്പെടൽ ആഗ്രഹിച്ചു ആകണം നേരെ വായനശാലയിലെക്ക് പോയി….

ഏതൊക്കെയോ പുസ്തകങ്ങൾ വായിച്ചു…. ഒന്നിലും ശ്രദ്ധ ഉറക്കുന്നില്ല….. കണ്ണിൽ നിന്നും മായാതെ നിൽക്കുന്നത് അവളുടെ കണ്ണുനീർ തുള്ളികൾ പടർന്ന മുഖമാണ്….. വേദന തോന്നി…. ഒത്തിരി വേദന തോന്നി….

ദിവസങ്ങൾ കൊഴിഞ്ഞു വീണു… ജാനുവിന്റെ വീട്ടിൽ ചോദ്യങ്ങൾ ഉണ്ടായി തുടങ്ങി…. അവളുടെ ഒഴിഞ്ഞു മാറൽ അവരിൽ ഭീതി നിറച്ചു…. കാർത്തികേയന്റെ വീട്ടിലേക്ക് വിളിച്ചപ്പോൾ അറിഞ്ഞു…. രണ്ടു പേരുടെയും ഉദ്ദേശം…. പക്ഷേ അതിന്റെ കാരണം അറിഞ്ഞപ്പോൾ കാർത്തികേയനോട് അവർക്കും ദേഷ്യം തോന്നി… ഒരു രണ്ടാം കെട്ടുകാരനെ അതും ഒരു ഭ്രാന്തൻ ചെക്കനെ ആണല്ലോ മകൾക്ക് കണ്ടെത്തിയത് എന്നോർത്ത്…. ജാനു ഒന്നും മിണ്ടിയില്ല…. അവളുടെ കളിയും ചിരിയും ഒക്കെ നഷ്ടമായി തുടങ്ങി…. ഒടുവിൽ അവൾക്ക് മനസ്സിലായി… ഇനിയും ഇങ്ങനെ ഇരുന്നാൽ കാർത്തികേയന്റെ ഭ്രാന്ത് തനിക്കും പടരുമെന്ന്…. കിട്ടിയ ജോലിക്ക് പോകുവാൻ തീരുമാനിച്ചു….

അവന്റെ വീട്ടിൽ നിന്നും വന്നതിനു ശേഷം ആദ്യമായിട്ട്‌ ആണ് അവള് പുറത്ത് ഇറങ്ങുന്നത്…… വീട്ടിൽ അച്ഛനും അമ്മയും ഡിവോഴ്‌സിന് ഉള്ള കൂട്ട് നോക്കുകയാണ്…… വെറും രണ്ട് നാൾ മാത്രം ആയുസ്സുണ്ടായിരുന്ന ബന്ധം…… പക്ഷേ ആ ദിനങ്ങളിൽ തനിക്ക് ലഭിച്ച സന്തോഷത്തിൽ ആണ് ഇപ്പൊ ജീവിതം…. ഓഫീസിലേക്ക് പോയി തുടങ്ങി…… തന്റെ മുഴുവൻ ശ്രദ്ധയും ജോലിയിൽ ചെലുത്തി…. ആദ്യ മാസം തന്നെ “ബെസ്റ്റ് എംബ്ലോയ് ഓഫ് ദി മന്ത് ” എന്ന പട്ടവും കിട്ടി…. അതിലൊന്നും അവൾക്ക് സന്തോഷം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല….

വല്ലപ്പോഴും കവലയിൽ വച്ച് മാഷേ കാണും… മറഞ്ഞു നിന്നു കൊതി തീരെ നോക്കും… എന്തൊക്കെ പറഞ്ഞാലും ഈ നെഞ്ചില് ഭർത്താവ് എന്ന സ്ഥാനം അവന് മാത്രം ഉള്ളത് ആണ്…. പലയാവർത്തി പറഞ്ഞ വാക്കുകൾ…..

അന്നൊരു ദിവസം അവൻ ഉമ്മറ പടിയിൽ ഇരിക്കുക ആയിരുന്നു…. ചിന്തയിൽ മുഴുവൻ ജാനുവാണ്…. തന്നെ പ്രാണന് തുല്യം പ്രണയിച്ചവൾ…. “”അതേ…. കാർത്തികേയാ…… “” ആരുടെയോ വിളി കേട്ടാണ് ഓർമ്മകൾ വിട്ട് ഉണർന്നത്…. പോസ്റ്റ്മാൻ ആണ്…. “”ദേ… നിങ്ങൾക്ക് ആണ്…..”” ഒരു ലറ്റർ അവന്റെ കൈയിൽ കൊടുത്ത് ഒപ്പും വാങ്ങി അയാള് പോയി…. കാർത്തികേയൻ ഒരു അത് പൊട്ടിച്ചു വായിച്ചു… ചുറ്റും ശൂന്യത മാത്രം ആയിരുന്നു അവൻ അത് വായിച്ചതിനു ശേഷം…. “”എന്താ ഏട്ടാ അത്….”” “”അ… അത് ഒന്നൂല്ലാ… ജാനു ഡിവോഴ്സ് പെറ്റീഷൻ അയച്ചത് ആണ്….”” നിറയുന്ന മിഴികൾ മറച്ചു പിടിക്കാൻ ശ്രമങ്ങൾ നടത്തി അവൻ അവളോട് പറഞ്ഞു ഒപ്പിച്ചു….