18/04/2026

മാഞ്ഞുപോയ കിനാവുകൾ : ഭാഗം 06

രചന – ആതിര

അല്ലമ്മുവേ കഴിഞ്ഞ ദിവസം ശാരദാമ്മ(അമ്മുന്റെ അമ്മ)പറഞ്ഞതെയുള്ളൂ നിനക്ക് ഇപ്പൊ വീട്ടുജോലി ചെയ്യാനൊക്കെ ഭയങ്കര മടിയാന്ന്.. ഒരു ചായ പോലും ഉണ്ടാക്കണമെങ്കിൽ നിന്നോട് നൂറ് വട്ടം പറയണമെന്ന്.. എന്നാൽ ഇവിടെ വരുമ്പോൾ മാത്രം സാവിത്രിയമ്മ വേണ്ടന്ന് പറഞ്ഞാലും നീ അങ്ങ് കേറി ചെയ്യുവാണല്ലോ.. എന്താ മോളെ ഇവിടെ വരുമ്പോൾ മാത്രം നിനക്ക് പണിയെടുക്കാൻ ഇത്ര ഉന്മേഷം. ഒന്നും അറിയുന്നില്ലന്നാ വിചാരം..” ഗീതുന്റെ ചോദ്യത്തിന് എന്ത് മറുപടി കൊടുക്കണമെന്നോർത്ത് അവൾ പരിഭ്രമിച്ചു.. എന്തായിരിക്കുമെന്നാ മുഖഭാവത്തോടെ നിൽക്കുന്ന ആനന്ദിനെയും ഗീതുവിനെയും കാണേ ഒരുവേള ആരും അറിയാതെ കാത്ത മോഹം വെളിവാകുമോന്നവൾ പരിഭ്രമിച്ചു.. “അത്..അത്..” നിനെക്കെപ്പഴാ അമ്മു വിക്ക് തുടങ്ങിയെ…???? “വി..വി..വിക്കോ…എനിക്കോ..നി..നിനക്ക് തോ..തോന്നുന്നതാ ..” “ആർക്കാ വിക്കെന്ന് ഇപ്പൊ മനസ്സിലായി അല്ലെടാ നന്ദു..നീ എന്തിനാ അതിനു ഇങ്ങനെ നിന്ന് വിയർക്കുന്നത്… ആകെയൊരു തപ്പലും വെപ്രാളവും.. ആനന്ദേ നീ ഒന്ന് ശരിക്കിവളെ നോക്കിക്കേ..എന്തോ ഒരു കള്ളത്തരം മണക്കുന്നില്ലേ..???”

“ആണോ അമ്മു .. എന്താടി ഒരു വശപ്പെശക് എനിക്കും മണക്കുന്നുണ്ടല്ലോ..ഈയിടെ ആയി നിനക്ക് എന്തൊക്കെയോ മാറ്റം ഉണ്ടെന്ന് എനിക്കും തോന്നുണ്ട്..ചിലപ്പോഴൊക്കെ എന്തേലും ആലോചിച്ചു ചിരിക്കുന്നതൊക്കെ കാണാലോ… എന്താണ് മേഡം കാര്യം….?? “എന്ത്..!!!നിങ്ങൾക്ക് രണ്ട് പേർക്കും വട്ടാണ്..എനിക്കൊരു മാറ്റോം ഇല്ല..’ഇയ്യോ ചായ’…..” സംസാരിച്ച് നിൽക്കുന്നതിനിടയിൽ ചായ തിളച്ച് തൂവുന്ന കണ്ട് അമ്മു പെട്ടന്ന് തന്നെ സ്റ്റവ് ഓഫ് ചെയ്തു..എന്നാൽ അവളോടോപ്പം തന്നെ ആനന്ദിന്റെ കൈയും സ്റ്റവിലേക്ക് ഓഫ് ചെയ്യാനായി നീണ്ടു..അമ്മുവിന്റെ കൈകൾക്ക് മേലേയായിരുന്നു അവന്റെ കൈകളും അമർന്നത്..പെട്ടന്ന് തന്നെ അമ്മു കൈവലിച്ചു… “നീ ഇതൊക്കെ കഴുകി വെച്ചിട്ട് വാ അമ്മു ഞാൻ അമ്മേടെ അടുത്തുണ്ട്..” ഗീതു ചോറും കറികളും എടുത്തുകൊണ്ട് സാവിത്രിയുടെ അടുത്തേക്ക് നടന്നു.. ഗീതുവിന് പുറകെ ആനന്ദും നടന്നു.. “ദാ അമ്മേ പിടിക്ക്..”പ്ലേറ്റ് നീട്ടിക്കൊണ്ടവൾ സാവിത്രിയോട് പറഞ്ഞു..

“ആ..” ഗീതു അവർക്ക് നേരെ വാ തുറന്ന് കാട്ടി..സാവിത്രി ഉരുള ഉരുട്ടി അവളുടെ വായിൽ വെച്ച് കൊടുത്തു..അത് കണ്ട് ആനന്ദും വാപൊളിച്ച് ഉരുള വാങ്ങി.. “ആഹാ നിങ്ങൾക്ക് രണ്ടാൾക്കും മാത്രം പോരാ.. എനിക്കും വേണം..ന്റെം കൂടിയമ്മയാ..” അവർക്ക് ചോറ് വാരിക്കൊടുക്കുന്ന സാവിത്രിയെ കണ്ട് അവൾ പറഞ്ഞു.. അവൾക്കും കൊടുത്തു ഒരുരുള ചോറ്.. “മതി ..മതി ..രണ്ടും പോയേ.. എനിക്കാ അമ്മ മുഴുവനും വാരി തരുന്നേ.. നിങ്ങൾക്കൊക്കെ എപ്പോഴും കിട്ടണതല്ലേ. എനിക്ക് ഇങ്ങനെ ആഴച്ചേൽ ഒന്നല്ലേ ഉളളൂ..” “ഓഹ് ..ഒരമ്മേം മോളും വന്നേക്കുന്നു..നന്ദു ഇപ്പൊ നമ്മൾ രണ്ടും പുറത്ത്..” ഗീതുനെ നോക്കി കൊഞ്ഞനം കുത്തിയവൾ പറഞ്ഞു. “പോട്ടടി..അവര് പണ്ടേ അമ്മേം മോളും ഒറ്റക്കെട്ടാ..എന്റെ അമ്മൂന് ഞാൻ ഇല്ലേ..നമ്മൾ രണ്ടും ഒരു ടീം..പോരെ” അമ്മു അത് കേട്ട് ചിരിച്ചു..ഗീതുനെ നോക്കി ഒന്ന് പുച്ഛിക്കാനും മറന്നില്ല.. “ഓഹ്..ആയിക്കോട്ടെ..”(ഗീതു) ചോറ് വാരിക്കൊടുക്കുന്നതിലെപ്പെഴോ ഗീതുന്റെ കണ്ണ് നിറയുന്നത് സാവിത്രി കണ്ടു… “എന്തു പറ്റി മോളെ..കണ്ണെന്താ നിറഞ്ഞേ..??” “ഒന്നുല്ലമ്മേ ..ഞാൻ പണ്ട് എനിക്ക് ചിറ്റ ഇതുപോലെ ചോറൂട്ടി തന്ന കാര്യം ഓർത്തതാ..”

“ഞാൻ എപ്പഴും ചോദിക്കണമെന്ന് വിചാരിക്കും പിന്നെ മോൾക്ക് അത് സങ്കടായാലൊന്ന് ഓർത്തിട്ടാ..സുമിത്ര മോൾക്ക് ചോറ് വാരി തരാറില്ലേ..??” “ചിറ്റ എനിക്കും ചേച്ചിക്കും ചോറ് വാരിതന്നിട്ടുണ്ട് കുഞ്ഞിലെ..എനിക്ക് അഞ്ചോ ആറോ വയസുള്ളപ്പോൾ ആയിരുന്നെന്ന് തോന്നുന്നു.. പതിവുപോലെ അമ്മ ചോറ് വാരിത്തരാൻ വിളിച്ചപ്പോൾ ഞാൻ ഓടി ചെന്നു.. ചേച്ചി വന്നില്ല.. കാര്യം ചോദിച്ചപ്പോൾ പറയുവാ..’ഇതെന്റമ്മയാ എനിക്കാ അമ്മ വാരിതരേണ്ടത്..നിനക്ക് വാരി തന്നാൽ ഞാൻ കഴിക്കില്ലെന്ന്..’. അതു കേട്ട് ദേഷ്യം വന്ന ചിറ്റ എനിക്ക് ചോറ്‌ വാരിതന്നുകൊണ്ടേയിരുന്നു.. ചേച്ചി ദേഷ്യം പിടിച്ച് ഉണ്ണാൻ കൂട്ടാക്കാതെ മുറിയിൽ പോയി..ഉച്ചക്കെന്നല്ല അന്ന് ചിറ്റ എത്രയൊക്കെ സ്നേഹത്തോടെ വിളിച്ചിട്ടും കഴിക്കാൻ വന്നേയില്ല..ദേഷ്യം വന്ന ചിറ്റ രണ്ടടി കൊടുത്തിട്ടും അന്നത്തെ ദിവസം ചേച്ചി ഒന്നും കഴിച്ചില്ല.. പണ്ടേ ചേച്ചിക്ക് വാശിയുള്ളതാ..

പിറ്റേന്നായപ്പോഴേക്കും ചേച്ചി ആകെ തളർന്ന് വീണു..കുഞ്ഞല്ലേ..പിന്നെ ആശുപത്രിയിൽ കൊണ്ടുപോയി ട്രിപ്പ് ഒക്കെ ഇട്ടു.. ഇനിയെനിക്ക് വാരി തരില്ലെന്ന് കരഞ്ഞോണ്ട് ചേച്ചിയോട് ചിറ്റ സത്യം ചെയ്തിട്ടാ ചേച്ചി മരുന്ന് പോലും കഴിച്ചത്.. എന്നെ കെട്ടിപ്പിടിച്ചു ഒരുപാട് കരഞ്ഞു ചിറ്റ..ചിറ്റയോട് പൊറുക്കണം എന്നൊക്കെ പറഞ്ഞു.പിന്നീടിന്നുവരെ ചിറ്റ എനിക്കോ ചേച്ചിക്കോ ചോറൂട്ടിയിട്ടില്ല..അതുപോലെ തന്നെയായിരുന്നു ഞാൻ ചിറ്റേനെ അമ്മേന്ന് വിളിക്കുന്നതും.. ചേച്ചിക്ക് ഇഷ്ടപ്പെടുന്നില്ലന്ന് കണ്ടേപ്പിന്നേ ഞാൻ ചിറ്റേന്നേ വിളിച്ചിട്ടുള്ളൂ..” ഗീതുവിന്റെ വാക്കുകൾ കേട്ട് എല്ലാവർക്കും സങ്കടമായി.ചിരിച്ചു കൊണ്ട് സങ്കടത്തെ മറച്ച് സംസാരിക്കുന്ന ഗീതു അവർക്കെല്ലാം അത്ഭുതമായിരുന്നു.. എത്രയൊക്കെ സങ്കടം വന്നാലും പുഞ്ചിരിയുടെ മൂടുപടമണിഞ്ഞ് സംസാരിക്കുന്നവളെ…. ആനന്ദും അമ്മുവും അവളെ ഇരുവശങ്ങളിലുമായി ചേർത്തണച്ചു… അത് മതിയായിരുന്നു അവളുടെ സങ്കടങ്ങൾ ഒക്കെ മറക്കാൻ..അവരുടെ മൂന്ന് പേരുടെയും സ്നേഹം കണ്ട സാവിത്രി ഇവർക്ക് എന്നും എങ്ങനെ കലർപ്പില്ലാതെ സ്നേഹിക്കാൻ കഴിയണേയെന്ന് പ്രാർത്ഥിച്ചു..

പിന്നീട് മൂന്നുപേരും അവർ മാത്രമുള്ള ലോകത്തിലേക്ക് ചുരുങ്ങി..കുറച്ച് സമയം കഴിഞ്ഞതും സാവിത്രിയവരെ ചായാകുടിക്കാനായി വിളിച്ചു.. ചായ കുടിച്ചോണ്ടിരുമ്പോഴാണ് അമ്മു “അയ്യോ” ന്ന് വിളിച്ചത്.. “എന്താടി കാറുന്നേ..??” (ഗീതു) “എന്റെ പൊന്നെടി ,അമ്മ എന്നോട് രാവിലത്തെക്കുള്ള മാവരച്ചിട്ട് പോകാൻ പറഞ്ഞതാ..ഞാൻ വിട്ടുപോയി..കറണ്ട് എങ്ങാനും പോയാൽ നിന്റെ ശാരദാമ്മ ഇന്നെന്നേ സൂപ്പാക്കും..ഞാൻ പോട്ടേടി..പാതികുടിച്ച ചായഗ്ലാസ് മേശയിലേക്ക് വെച്ചവൾ ഓടി.. “ഈ പെണ്ണിന്റെ ഒരു കാര്യം..”(സാവിത്രി) “അമ്മേ ആ ഗ്ലാസ് ഇങ്ങ് താ..ഗീതു നീ കുടിച്ചോ..” “ഇല്ലാടാ.. ഞാൻ കുടിച്ചുകഴിഞ്ഞ് വെച്ചോളാം..” “ഹ് മ്മ്..” അവൻ സാവിത്രിയുടെയും അവന്റെയും അമ്മു കിടിച്ചുവെച്ച ഗ്ലാസ്സും എടുത്ത് അടുക്കളയിലേക്ക് പോയി..ഹാളിൽ ഗീതുവും അമ്മയും നല്ല സംസാരമാണെന്ന് മനസ്സിലായതും അമ്മു കുടിച്ചു പാതിയാക്കിയ ചായഗ്ലാസ്സ് ചുണ്ടോട് ചേർത്തു..ബാക്കിയായ ചായ കുടിച്ചു..”ന്റെമ്മൂ “😍 പതിയെയാ ചുണ്ടുകൾ മൊഴിഞ്ഞു.. ഇത്‌ കണ്ടു കൊണ്ട്‌വന്ന രണ്ട് കണ്ണുകളിൽ കുസൃതിയും ചുണ്ടുകളിൽ പുഞ്ചിരിയും വിരിഞ്ഞു…ആനന്ദിനോടും സാവിത്രിയോടും യാത്ര പറഞ്ഞവൾ ശങ്കരമംഗലത്തേക്ക് തിരിച്ചു..

🥀 അവൾ ചെന്ന് കേറിയപ്പോഴേ ലതയും സിദ്ധുവും ദേവിയും അവിടെയുണ്ടായിരുന്നു..നാളെയാണ് കൊടിയേറ്റ് ..ഇനി പത്ത് ദിവസം കഴിഞ്ഞിട്ട് ആറാട്ട് കൂടിയിട്ടെ അവർ പോകുന്നുള്ളൂ..രാജീവ് പിന്നെ അങ്ങനൊന്നും അവിടേക്ക് വരില്ല..തന്റെ സ്വഭാവം പ്രസാദിന് ഇഷ്ടല്ലന്ന് അവനറിയാം.. “അപ്പച്ചി മോഹനച്ഛൻ വന്നില്ലേ??(സിദ്ധുവിന്റെ അച്ഛൻ) ” ഇല്ല മോളെ..ചേട്ടന് ലീവ് ഇല്ല..”(ദേവി) ഭാഗ്യചേച്ചിയും കാർത്തിക്കേട്ടനും വരില്ലേ..??(സൗഭാഗ്യയുടെ ഭർത്താവാണ് കാർത്തിക്ക്) “അവർ രണ്ടാളും കൊടിയേറ്റിന്റെ അന്ന് വരും..അന്ന് തന്നെ പോകും ..പിന്നെ ആറാട്ടിനു എത്തന്നാ പറഞ്ഞേ.. ഭാഗ്യമോൾക്ക് അമ്പലത്തിൽ കയാറാറായില്ലാല്ലോ..ചക്കിപ്പെണ്ണിന് മാസം മൂന്നല്ലേ ആയുള്ളൂ..” “എത്രനാളായി ചക്കിമോളെ കണ്ടിട്ട്..”(സൗഭാഗ്യയുടെ മോളാണ് ചക്കിയെന്ന കൃതി..ചക്കി പിറന്നിട്ട് 3 മാസം ആയതെയുള്ളൂ..) “സിദ്ധുവേട്ടാൻ എന്തിയേ അപ്പച്ചി..???” “അവനാ മുറിയിൽ ഉണ്ട്..??” അപ്പച്ചീം സിദ്ധുവും വരുമ്പോൾ കിടക്കാറുള്ള മുറിയിലേക്കവൾ പോയി.. കട്ടിലിൽ ചാരി എന്തോ ബുക്ക് വായിക്കുകയാണ് സിദ്ധു…അവൾ കൺച്ചിമ്മാതെ അവനെ നോക്കിനിന്നു..

“എന്താടി ഗീതു നീ അവിടെ തന്നെ നിന്നത്??..ഇങ്ങ് കേറിവാ..” വാതിൽക്കൽ നിൽക്കുന്ന ഗീതുവിനേ കണ്ടവൻ അടുത്തേക്ക് വിളിച്ചു.. ഗീതു അവനടുത്തേക്ക് നടന്നു.. “നീ എവിടെപോയതാ ..ഞങ്ങൾ വന്നപ്പോൾ നിന്നെ കണ്ടില്ലല്ലോ..???” “ഞാൻ നന്ദു..ആനന്ദിന്റെ വീട്ടിലേക്ക് പോയതാ..” “എല്ലാ സൺഡേ യും നീ അവിടെയാണല്ലോ..ഓപ്പൺ ആയി ചോദിക്കട്ടെ..???” ഒന്നു നിർത്തിയശേഷം സിദ്ധു അവളെ നോക്കി…എന്തെന്നുള്ള ഭാവത്തിൽ അവളും അവനെ നോക്കി.. “ഡൂ യൂ ലവ് ഹിം..??” പെട്ടനായിരുന്നു സിദ്ധു അങ്ങനെ ചോദിച്ചത്..ആ ചോദ്യം അവൾക് വല്ലാതെ കൊണ്ടു.. “ഇല്ല.. ഞങ്ങൾ നല്ല ഫ്രണ്ട്‌സ് ആണ്..മൈ ബസ്റ്റ്‌ ഫ്രണ്ട്..” അവൻ വിശ്വാസമാകാത്ത മട്ടിൽ മൂളി..അപ്പഴാണ് അങ്ങോട്ടേക്ക് കാവ്യ വന്ന് കേറിയത്… “സിദ്ധുവേട്ടാ..” “നിന്നെ ഞാൻ കണ്ടില്ലല്ലൊന്നു ഓർത്ത് ഇരിക്കുവായിരുന്നു..” കാവ്യ ഉടനെ തന്നെ ബെഡിൽ കയറി സിദ്ധുവിന്റെ അടുത്ത് ഇരുന്നു.. “ഞാൻ ഉറങ്ങിപ്പോയി സിദ്ധുവേട്ട..” ഗീതു കാവ്യയെ ഒന്നു നോക്കി…ഒരു ബനിയനും ത്രീഫോർത്തും ആണ് വേഷം..ആ വേഷത്തിൽ അവളുടെ ശരീരത്തിന്റെ അഴകളവുകൾ എടുത്ത് കാട്ടുന്നുണ്ട്..താനൊക്കെ സിദ്ധുവേട്ടന് വന്നാൽ ചുരിദാർ ആണെങ്കിലും ഷോൾ ഇല്ലാണ്ട് മുൻപിൽ ചെല്ലാറെയില്ലന്നവൾ ഓർത്തു..എന്തോ ഒരു മടി..എന്നാൽ ചേച്ചി ഒരു മടിയുമില്ലാതെ സിദ്ധുവേട്ടനരികെ എങ്ങനെയാണ് ചെല്ലുന്നത്..??അവൾ മനസ്സിലോർത്തു..

“നീ ഒന്നൂടി മെലിഞ്ഞല്ലോ..പക്ഷേ ഇപ്പോൾ നീ ഒന്നൂടി സുന്ദരിയായി..You look so pretty ..absolutely gorgeous…” മറുപടിയെന്നോണം അവൾ മനോഹരമായിരു പുഞ്ചിരി അവന് നൽകി.. “എന്റെ ക്ലാസ്സിലെ മിക്ക ബോയ്സും നീ എന്റെ കസിൻ ആണെന്ന് മനസ്സിലാക്കി നിന്നോട് ഇഷ്ടമാണെന്ന് എന്നോട് വന്ന് പറഞ്ഞിട്ടുണ്ട്..എന്നോട് എത്രപേര്‌ ചോദിച്ചുണ്ടെന്നോ ഇത്ര നല്ലൊരു സുന്ദരിക്കുട്ടി കുടുംബത്തിൽ ഉണ്ടായിട്ടും നിനക്ക് ഇഷ്ടം ഒന്നും തോന്നുന്നില്ലേന്ന്.. അവരുടെ ചോദ്യം ഒക്കെ കേട്ട് കേട്ട് സത്യം പറഞ്ഞാൽ എനിക്ക് പ്ലസ്ടു ടൈമിൽ നിന്നോട് ഒരു ചെറിയ ക്രഷ് ഉണ്ടായിരുന്നു…ഞാൻ നിന്നെ അങ്ങ് കെട്ടട്ടേഡി ..???നമ്മൾ സൂപ്പർ ജോഡിയല്ലേ..!!!” ഒരു കണ്ണിറുക്കി അവൻ ചോദിച്ചു.. ഗീതു ആകെ ഞെട്ടിത്തരിച്ച് നിൽക്കുകയാണ്..അവൾക്കത് പുതിയ അറിവായിരുന്നു..സിദ്ധുവേട്ടന് ചേച്ചിയെ ഇഷ്ടമായിരുന്നൂല്ലേ..??അവൾ സ്വയം മനസ്സിൽ ചോദിച്ചു.. “സോ സോറി മാൻ..അതിന് നിനക്ക് ഭാഗ്യം ഇല്ല മോനെ സിദ്ധു..”(കാവ്യ) കുറുമ്പോടെയവൾ പറഞ്ഞു.. “നിനക്ക് കുറച്ച് ബ്യൂട്ടി ടിപ്സ് ഇവൾക്ക് പറഞ്ഞുകൊടുക്കാൻ മേലേ..??”ഗീതുനെ ചൂണ്ടിയവൻ പറഞ്ഞു.. “ഇവൾ എന്ത് കോലം കിട്ടിയിട്ടും കാര്യം ഇല്ല.. പത്തരച്ചാലും താളല്ലേ കറി..”അതും പറഞ്ഞ് കാവ്യ ചിരിക്കാൻ തുടങ്ങി..

അത് കേൾക്കെ ഗീതുന് സ്വയം ചെറുതാകുന്ന പോലെ ആയി.. “യൂ ആർ റൈറ്..” സിദ്ധുവും കാവ്യയോടൊപ്പം ചിരിച്ചു.. പിന്നീട് അവരിരുവരും ബാംഗ്ലൂർ ലൈഫിനെക്കുറിച്ചും ജോബിനെക്കുറിച്ചും ഒക്കെയായി സംസാരം.. അവിടെ താനൊരു അധികപ്പറ്റായെന്ന് മനസ്സിലായതും ഗീതു തിരിച്ച് നടന്നു..എന്നോ മനസ്സിൽ കൊണ്ട് നടന്ന ഇഷ്ടത്തെ, മോഹത്തെ ഒക്കെ അവിടെ ഉപേക്ഷിച്ചുകൊണ്ട്‌… കുറച്ച് കഴിഞ്ഞതും കാവ്യ ഹാളിലേക്ക് വന്നു..അവിടെ എല്ലാരും തന്നെ ചായ കുടിച്ചുകൊണ്ടിരിക്കുന്നു.. “അച്ഛാ എന്റെ ഫ്രണ്ട്‌സ് ഒക്കെ നാളെ ഇങ്ങോട്ട് വരും..ഹോട്ടലിൽ സ്റ്റേ ഏർപ്പാടാക്കിട്ടുണ്ട്.നാളെ രാവിലെ മുതൽ അവർ എവിടെക്കാണും..” “അതിനെന്താ മോളെ വരട്ടെ..!!!” കാവ്യ അതീവ സന്തോഷത്തോടെ ഫോണിൽ ഡയൽ ചെയ്തു കൊണ്ട് അകത്തേക്ക് നടന്നു.. ചായ കുടിച്ചുകൊണ്ടിരിക്കുന്ന ഗീതു അവരുടെ സംസാരം ശ്രദ്ധിച്ചെങ്കിലും അവളുടെ മനസ്സ് മുൻപ് റൂമിൽ നടന്ന സംഭാഷണത്തിൽ കുരുങ്ങികിടന്നു..ഇനി വരുന്ന ദിനങ്ങൾ അവളുടെ കിനാക്കളെ എന്നന്നേക്കുമായി മായ്ക്കാനായി കാലത്തിന്റെ കണക്ക് പുസ്തകത്തിൽ എഴുതിചേർത്ത അവളുടെ ദുർവിധി എന്തെന്നറിയാതെ…(തുടരും)