ഇച്ചായന്റെ അനാഥ പെണ്ണ്
ഭാഗം 2🤍
അവർ അവളെപ്പറ്റി ഓർക്കുകയായിരുന്നു….
ക്ലാര!🤍 മാലാഖയെപോലൊരു പെണ്ണ്! എന്നാൽ ജനിച്ച ദിവസം മുതൽ തന്നെ മാതാപിതാക്കളുടെ സ്നേഹം എന്താണെന്ന് അറിയാതെ വളർന്ന പെൺകുട്ടി. അവളെ ഈ ലോകത്തിലേക്ക് കൊണ്ടുവന്നവർ തന്നെ അവളെ ഉപേക്ഷിച്ചു പോയിരുന്നു. പക്ഷേ ദൈവം അവളെ പൂർണ്ണമായും ഒറ്റപ്പെടുത്തിയിരുന്നില്ല. ആ അനാഥാലയത്തിലെ മതിലുകൾക്കുള്ളിൽ അവൾക്ക് മനോഹരമായ ഒരു ലോകമുണ്ടായിരുന്നു.
അവളെ തന്റെ കൈയിലേക്ക് കിട്ടിയ ആ ദിവസം എൽസമ്മ ഓർത്തു, താൻ മഠത്തിലേക്ക് വന്ന സമയമായിരുന്നു അത്, ആദ്യമായി അല്ല അവിടേക്ക് ഒരു കുഞ്ഞു കടന്നു വരുന്നത്, പക്ഷെ അവിടെ വന്ന ഒരു കുഞ്ഞിനെ ആദ്യമായി ആയിരുന്നു താൻ തന്റെ കൈകളിൽ സ്വീകരിക്കുന്നത്.
മഠത്തിന്റെ തോട്ടിലിൽ നിന്ന് ആദ്യമായി അവളെ കയ്യിലെടുത്തത് താനാണ്. തന്നിലുള്ള മാതൃത്വം എത്രത്തോളം ഉണ്ടെന്ന് താൻ മനസ്സിലാക്കിയത് ആ ദിവസമാണ്. വെള്ള തുണിക്കുള്ളിൽ പൊതിഞ്ഞ പഞ്ഞിക്കെട്ട് പോലത്തെ ഒരു കുഞ്ഞ്. അവളെ താൻ കണ്ട് നിമിഷം മുതൽ ആ കുഞ്ഞിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു. നിഷ്കളങ്കമായ ആ ചിരി കണ്ട് എങ്ങനെ അവളുടെ മാതാപിതാക്കൾക്ക് അവളെ ഉപേക്ഷിക്കാൻ തോന്നി എന്ന് അന്നുമുതലുള്ള സംശയമാണ്.
പിന്നെ ഓരോരുത്തർക്കും അവരുടേതായ കാരണങ്ങൾ ഉണ്ടാകുമെന്ന് കരുതി കൂടുതലൊന്നും ചിന്തിച്ചില്ല. എന്തൊക്കെയായാലും അവളെ മരണത്തിന് വിട്ടുകൊടുക്കാതെ വളർത്താനായി ഞങ്ങൾക്ക് തന്നല്ലോ എന്നോർത്ത് താൻ അന്ന് മനസ്സിൽ ആ അജ്ഞാത മാതാപിതാക്കളോട് നന്ദി പറഞ്ഞിരുന്നു.
പിന്നീട് അവൾക്ക് “ക്ലാര” എന്ന പേരിട്ടതും, ഇവിടെ എല്ലാവരുടെയും പ്രിയപ്പെട്ടവളായി അവൾ മാറുന്നത് തുടക്കം മുതൽ കണ്ട ഒരാളും താൻ തന്നെ ആയിരുന്നു. എല്ലാം കഴിഞ്ഞിട്ട് ഇപ്പോൾ 20 വർഷം കഴിഞ്ഞിരിക്കുന്നു. ക്ലാര ഇപ്പോൾ അതി സുന്ദരിയായ ഒരു യുവതിയായി മാറി. ആ ഐശ്വര്യവും ദൈവകൃപയും നിറഞ്ഞുനിൽക്കുന്ന മുഖം കണ്ടാൽ ആർക്കും അവളോട് ഒരു ഇഷ്ടം തോന്നിപ്പോകും.
ഈ അനാഥാലയത്തിൽ അവളെ വെറുക്കുന്ന ഒരു മനസ്സ് പോലും ഇല്ല എന്ന് തനിക്ക് ഉറപ്പാണ്. അത്രയ്ക്ക് നിഷ്കളങ്കയാണ് അവൾ.
‘ദൈവമേ ആ കുഞ്ഞിന്റെ ആഗ്രഹം എന്താണെന്ന് ഇവിടെ എല്ലാവർക്കും അറിയാം, നിന്റെ തിരുസന്നിധിയിൽ ഇപ്പോൾ അവൾ ചോദിക്കുന്ന അവളുടെ ആ വിലയേറിയ ആഗ്രഹം എത്രയും പെട്ടെന്ന് നടത്തി കൊടുക്കേണമേ, കൂടുതൽ സഹനത്തിലൂടെ അവളെ വഴിനടത്തരുതേ ആമേൻ!’ നെറ്റിയിൽ കുരിശടയാളം വരച്ചുകൊണ്ട് എൽസമ്മ തന്റെ പ്രാർത്ഥന അവസാനിപ്പിച്ചു.
അവരുടെ ജപമാലയുടെ മുത്തുകൾ കൂട്ടിമുട്ടുന്ന ശബ്ദം കേട്ടതും ക്ലാര തിരിഞ്ഞുനോക്കി. അവളുടെ ചുണ്ടുകൾ വിടർന്നു. നെറ്റിയിൽ കുരിശടയാളം വരച്ചുകൊണ്ട് അവൾ എഴുന്നേറ്റ് അവരുടെ അരികിലേക്ക് വന്നിരുന്നു.
“എൽസ സിസ്റ്റർ വന്നിട്ട് കുറെ നേരമായൊ? എന്നെ കാണാൻ ആണോ വന്നത്?” മധുരമുള്ള അവളുടെ ശബ്ദം കേട്ടതും അവർ മെല്ലെ ചിരിച്ചു.
“പിന്നെ അല്ലാതെ, ഇന്ന് വൈകുന്നേരം പള്ളിയിൽ കുർബാനയുണ്ട്, അൾത്താര ഒരുക്കാനായി പോവണ്ടേ നമുക്ക് . നീ വേണം എല്ലാത്തിനും മേൽനോട്ടം വഹിക്കാൻ. മാതാവിന്റെ ജനനതിരുനാൾ ആയതുകൊണ്ട് ഒരുപാട് പേർ വരും പള്ളിയിൽ. അപ്പോൾ ഒന്നും തെറ്റാൻ പാടില്ല. നീ അലങ്കരിച്ചാലേ അതൊക്കെ ഭംഗിയാവുകയുള്ളൂ . വേഗം പോയി റെഡിയായിട്ട് വാ നമുക്ക് പള്ളിയിലേക്ക് നടക്കാം.”
” ആ സിസ്റ്ററെ ഞാൻ വരാം ഈ വേഷം ഒന്നു മാറട്ടെ. സമയം കിട്ടിയപ്പോൾ ഞാൻ വെറുതെ പ്രാർത്ഥിക്കാൻ ആയി വന്നതാ . ഇനി പ്രാർത്ഥന കുറവായതുകൊണ്ട് തമ്പുരാൻ എന്റെ ആഗ്രഹം കേൾക്കാതെ ഇരിക്കേണ്ട എന്ന് കരുതി” ചിരിയോടെയാണ് അവൾ അത് പറഞ്ഞെങ്കിലും ഉള്ളിലുള്ള വിഷമം എത്രത്തോളം ആണെന്ന് എൽസമ്മയ്ക്ക് അറിയാമായിരുന്നു.
പ്ലസ് ടു കഴിഞ്ഞ കാലം മുതൽ അവൾ ആഗ്രഹിക്കുന്നതാണ് തുടർ പഠനത്തിന് പോകണമെന്ന്. പക്ഷേ അത്രയും വലിയൊരു തുക മുടക്കി പഠിപ്പിക്കാൻ ഒന്നും അനാഥാലയത്തിലുള്ള ആരെക്കൊണ്ടും പറ്റില്ല. ഒരുപാട് ആൾക്കാരുള്ള ഒരു അനാഥാലയമാണ് ഇത്, അതുകൊണ്ട് ഒരാളെ മാത്രം പഠിപ്പിക്കാൻ അവർക്ക് കഴിയില്ല ആരെങ്കിലും സ്പോൺസർഷിപ്പ് ഏറ്റെടുത്ത് പഠിപ്പിക്കാൻ വന്നാൽ മാത്രമേ ക്ലാരക്ക് ഇനി തുടർന്ന് പഠിക്കാൻ പറ്റു. അങ്ങനെ ആരെങ്കിലും വരണമേ എന്ന് അവൾ എത്രനാളായി പ്രാർത്ഥിക്കുന്നതാണ്. പക്ഷേ കർത്താവ് അവളുടെ പ്രാർത്ഥനയ്ക്ക് മാത്രം ചെവി കൊടുക്കുന്നില്ല എന്നാണ് തോന്നുന്നത്
” അതൊന്നും സാരമില്ല കൊച്ചേ, ഭൂമിയിൽ നിങ്ങൾ രണ്ടുപേർ ഒരുമിച്ച് ചോദിക്കുന്ന ഏതൊരു കാര്യവും എന്റെ സ്വർഗ്ഗസ്ഥനായ പിതാവ് നിറവേറ്റി തരും എന്നല്ലേ ബൈബിളിൽ പറഞ്ഞിരിക്കുന്നത്. നിന്നെ സ്നേഹിക്കുന്ന ഇവിടെയുള്ള എല്ലാവരും അത് പ്രാർത്ഥിക്കുന്നുണ്ട്.. നടക്കേണ്ട സമയമാകുമ്പോൾ കർത്താവ് തന്നെ നിനക്ക് അത് നിന്റെ കൈവള്ളയിൽ കൊണ്ടു തരും. സഹനങ്ങളിലൂടെ ആണല്ലോ നമ്മൾ ആഗ്രഹങ്ങൾ നേടിയെടുക്കുന്നത് ” അവളെ ആശ്വസിപ്പിക്കാൻ എന്നപോലെ അവളുടെ മുടിയിഴകളിൽ തഴുകിക്കൊണ്ട് എൽസമ്മ പറഞ്ഞു.
” അതേ സിസ്റ്ററെ, ഞാനും ഇപ്പോൾ ആ കാത്തിരിപ്പിലാണ്. ഈശോ എന്തായാലും എന്റെ പ്രാർത്ഥന കേൾക്കാതിരിക്കില്ല. അതിൽ വിശ്വസിക്കുക മാത്രമേ എനിക്ക് ചെയ്യാൻ കഴിയൂ. ബാക്കിയൊക്കെ ദൈവത്തിന്റെ ഇഷ്ടം. ” ആ വാക്കുകൾ പറയുമ്പോൾ അവൾ സ്വയം ആശ്വസിക്കുകയായിരുന്നു.
” പിന്നെ എന്തായാലും നീ ഇന്ന് ക്വയറിൽ പാടണം കേട്ടോ. ജോർജ് അച്ചൻ പ്രത്യേകം പറഞ്ഞിട്ടുണ്ട് ക്വയറിൽ നീ വേണം മെയിൻ ആയിട്ട് പാടാൻ എന്ന്. അലോഷിയാണ് ഓർഗൻ വായിക്കുന്നത്. മാതാവിന്റെ തിരുനാൾ ആയതുകൊണ്ടുതന്നെ ഒരുപാട് പേര് വരും. അതുകൊണ്ട് ഒന്നും തെറ്റാതെ നോക്കണം”
” ആണോ എന്നാൽ ഞാൻ വേഗം പോയി റെഡി ആവട്ടെ ” അവൾ പറഞ്ഞപ്പോൾ ഇരുവരും ചാപ്പലിൽ നിന്ന് എഴുന്നേറ്റ് പുറത്തേക്കിറങ്ങി. ക്ലാര, വേഗം വരാമെന്ന് പറഞ്ഞു തന്റെ മുറിയിലേക്ക് പോയി….
……
മുറിയുടെ വാതിൽ തുറന്നതും ക്ലാരയുടെ മുഖത്ത് ഒരു കുഞ്ഞു പുഞ്ചിരി വിരിഞ്ഞു.
കട്ടിലിന്റെ അരികിൽ ഇരുന്ന് അവളെ കാത്തിരിക്കുകയായിരുന്നു ആൻസിയമ്മ.
ക്ലാരയ്ക്ക് ആൻസിയമ്മ ആരാണെന്ന് ചോദിച്ചാൽ, ഒരു വാക്കിൽ അതിന് ഉത്തരം പറയാൻ കഴിയില്ലായിരുന്നു. അവൾക്ക് ജന്മം നൽകിയത് ആരെന്ന് പോലുമറിയാത്ത ഒരു സ്ത്രീ ആണെങ്കിലും അമ്മയുടെ സ്നേഹം എന്താണെന്ന് ക്ലാര അറിഞ്ഞത് ആൻസിയമ്മയിലൂടെയായിരുന്നു. കുഞ്ഞായിരുന്നപ്പോൾ രാത്രിയിൽ പേടിച്ച് കരഞ്ഞാൽ അവളെ നെഞ്ചോടു ചേർത്തത് ആൻസിയമ്മയായിരുന്നു. പനി വന്നപ്പോൾ ഉറങ്ങാതെ തലയിൽ തുണി വെച്ച് കൊടുത്തതും, സ്കൂളിൽ പോകുമ്പോൾ മുടി ചീകി കൊടുത്തതും, പരീക്ഷയ്ക്ക് പേടിച്ചിരുന്നപ്പോൾ “നിനക്ക് പറ്റും മോളേ” എന്ന് പറഞ്ഞ് ധൈര്യം കൊടുത്തതും ആൻസിയമ്മ തന്നെ. മഠത്തിലേക്ക് ക്ലാര വന്ന് ഒരുമാസം ആവുന്നതിനു മുൻപ് തന്നെ അവിടേക്ക് എത്തിയതാണ് ആൻസി. അന്ന് അവൾ പൂർണ്ണ ഗർഭിണി ആയിരുന്നു, നിറ വയറുമായി വീട്ടുകാർ ഉപേക്ഷിച്ച അവൾക്ക് കയറി വരാൻ ഇതല്ലാതെ മറ്റൊരു അഭയം ഇല്ലായിരുന്നു…. കൗമാരത്തിൽ പറ്റിയൊരു തെറ്റിന്റെ ഫലമായിരുന്നു ആ കുഞ്ഞ്, എന്നാൽ ജനിച്ച ഉടൻ തന്നെ അവൾ മരണത്തിന് കീഴടങ്ങിയിരുന്നു. പക്ഷെ തിരികെ മഠത്തിലേക്ക് വന്നപ്പോൾ തന്റെ കുഞ്ഞിനെപോലൊരു മാലാഖ കുഞ്ഞിനെ കണ്ടതും ആൻസിയുടെ ലോകം തന്നെ ക്ലാര ആയി മാറുകയായിരുന്നു. പിന്നീട് മുലപ്പാലിന്റെ മധുരം ക്ലാരക്ക് ആദ്യമായി പകർന്നു കൊടുത്തത് പോലും ആൻസി ആയിരുന്നു. ജന്മം കൊണ്ടല്ല കർമ്മം കൊണ്ടാണ് ക്ലാരയ്ക്ക് ആൻസിയോട് ഹൃദയബന്ധം ഉള്ളത്.
ക്ലാര മുറിയിലേക്ക് കയറിയ ഉടനെ ആൻസി അവളെ നോക്കി പുഞ്ചിരിച്ചു.
“എന്താ അന്നമോളെ.. ഇത്രയും നേരം ചാപ്പലിൽ പോയി ഇരുന്നിട്ട് വന്നിട്ടും ആ മുഖത്ത് ഒരു സന്തോഷമില്ലല്ലോ…?”
ക്ലാര ചിരിച്ചുകൊണ്ട് അവളുടെ അരികിൽ ചെന്നിരുന്നു.
“ഒന്നുമില്ല ആൻസിയമ്മേ… അവിടെ ഞാൻ ഇത്രയും നാളായി ചോദിക്കുന്ന ഒരേയൊരു കാര്യമല്ലേ… അത് മാത്രം കിട്ടുന്നില്ലല്ലോ, അതുകൊണ്ടാണ്… ചിലപ്പോൾ എനിക്ക് തോന്നും, ഞാൻ ദൈവത്തോട് ചോദിക്കാൻ പോലും അർഹയല്ലേന്ന്.”
ആ വാക്കുകൾ കേട്ടപ്പോൾ ആൻസിയുടെ മുഖത്തെ ചിരി മങ്ങി. അവൾ ക്ലാരയുടെ കൈ സ്വന്തം കൈകളിൽ ചേർത്തുപിടിച്ചു.
“ഇങ്ങനെ ഒന്നും പറയരുത് മോളേ. നീ ആരോടും ഒരു തെറ്റും ചെയ്തിട്ടില്ല. നിന്റെ ജീവിതത്തിൽ നിനക്ക് കിട്ടേണ്ടിയിരുന്ന പലതും കിട്ടിയിട്ടില്ല എന്നത് സത്യമാണ്. പക്ഷേ അതുകൊണ്ട് ദൈവം നിന്നെ മറന്നെന്ന് കരുതരുത്. നിന്റെ പഠനം… നിനക്ക് ഡോക്ടറാകണമെന്നുള്ള ആഗ്രഹം… അതൊക്കെ നടക്കും. നീ വിശ്വസിക്ക്.”
ക്ലാര കുറച്ചു നേരം ഒന്നും പറഞ്ഞില്ല. അവളുടെ കണ്ണുകളിൽ പ്രതീക്ഷയും പേടിയും ഒരുപോലെ ഉണ്ടായിരുന്നു.
“എനിക്ക് പഠിക്കണം ആൻസിയമ്മേ, എനിക്ക് അത്രയേ വേണ്ടൂ. മറ്റുള്ള കുട്ടികളെ പോലെ എനിക്കും കോളേജിൽ പോകണം. പുസ്തകം വാങ്ങണം. ക്ലാസിൽ ഇരിക്കണം. ഒരിക്കൽ എങ്കിലും ആരെങ്കിലും എന്നെ നോക്കി ‘ഡോക്ടർ ക്ലാര’ എന്ന് വിളിക്കണം. അത്രയേ ഉള്ളൂ എന്റെ ആഗ്രഹം…” അവളുടെ ഇടറുന്ന ശബ്ദം ആൻസിയുടെ ഹൃദയത്തിൽ കൊണ്ടു… തന്റെ മകളുടെ വേദന എന്തേ കാണുന്നില്ല എന്ന് അവൾ മനസ്സിൽ പതം പറഞ്ഞു.
ആൻസി അവളുടെ നെറ്റിയിൽ ഒരു ചുംബനം നൽകി.
“ആ ദിവസം വരും മോളേ….”
ക്ലാര കണ്ണുകൾ തുടച്ചു.
“പക്ഷേ ആരാണ് എന്നെ പഠിപ്പിക്കാൻ വരുന്നത്? ജീന ചേച്ചിയെ വരെ പഠിപ്പിക്കാൻ ആള് വന്നു പിന്നെ എനിക്ക് മാത്രം എന്താ വരാത്തത്.”
ആൻസിക്ക് അതിന് മറുപടി പറയാൻ കഴിഞ്ഞില്ല.
അനാഥാലയത്തിലെ ഓരോ കുഞ്ഞിനും ഭക്ഷണം, വസ്ത്രം, പഠനം, മരുന്ന്… എല്ലാം നോക്കേണ്ടി വരുന്നവർക്ക് ഒരു കുട്ടിയുടെ ഉയർന്ന വിദ്യാഭ്യാസത്തിന്റെ മുഴുവൻ ചെലവും ഏറ്റെടുക്കുക എളുപ്പമായിരുന്നില്ല. ക്ലാര പ്ലസ് ടു നല്ല മാർക്കോടെ പാസായപ്പോൾ എല്ലാവരും സന്തോഷിച്ചിരുന്നു. പക്ഷേ അവൾക്ക് ഇനി എന്ത് ചെയ്യണമെന്ന് ചോദിച്ചപ്പോൾ അവളുടെ മുന്നിൽ ഒരു വലിയ ശൂന്യതയായിരുന്നു.
പഠിക്കാൻ കഴിവുണ്ടായിരുന്നു,ആഗ്രഹമുണ്ടായിരുന്ന,പക്ഷെ പണം ഇല്ലായിരുന്നു. അതിനിടയിലാണ് അവൾ ഒരു സ്പോൺസർനെ കാത്തിരിക്കാൻ തുടങ്ങിയത്. ജോർജ് അച്ചൻ അന്വേഷിക്കുന്നുണ്ട്, പക്ഷെ ആരും ക്ലാരയെ ഏറ്റെടുക്കാൻ തയാറാവുന്നില്ല….
അവളുടെ കാത്തിരിപ്പിന്റെ ദിവസങ്ങൾ ആഴ്ചകളായി മാറി, ആഴ്ചകൾ മാസങ്ങളായി മാറി, എന്നിട്ടും ആരും വന്നില്ല.
” ഹാ അതൊക്കെ പോട്ടെ, കിട്ടിയാൽ കിട്ടട്ടെ ബാക്കിയൊക്കെ ദൈവത്തിന്റെ കൈയ്യിൽ. ” അങ്ങനെ പറഞ്ഞുകൊണ്ട് അവൾ സ്വയം സമാധാനിച്ചു.
“ഹ്മ്മ്, എൽസമ്മ സിസ്റ്റർ നിന്നെ അന്വേഷിക്കുന്നുണ്ടായിരുന്നു ഇന്ന് മാതാവിന്റെ തിരുന്നാൾ അല്ലെ, പള്ളി അലങ്കരിക്കാൻ ചെല്ലാൻ ആണ്. നിന്നെ പോലെ ഭംഗിയായി പള്ളി അലങ്കരിക്കാൻ ഇവിടെ വേറെ ആർക്കാണ് അറിയുന്നത്?”
” ഹ്മ്മ് പിന്നെ, കഴിഞ്ഞ വർഷം മാതാവിന്റെ തിരുന്നാളിന് അവസാന നിമിഷം പൂ കൊണ്ടുവന്നിട്ട് എന്നെ നെട്ടോട്ടം ഓടിച്ചത് ഞാൻ മറന്നിട്ടില്ല ” നെഞ്ചിൽ കൈ വെച്ചുകൊണ്ട് അവൾ ഓർത്തു.
” ഹാ അന്ന് ആ മണ്ടൻ സ്കറിയ അല്ലായിരുന്നോ കപ്യാർ ഇപ്രാവശ്യം അയാൾ അല്ലാത്തതുകൊണ്ട് പേടിക്കേണ്ട ” ആൻസി പറഞ്ഞതും ക്ലാര പൊട്ടിച്ചിരിച്ചു.
ആ ചിരി ആ മുറിയിൽ നിറഞ്ഞപ്പോൾ, അവളുടെ ജീവിതത്തിൽ എത്ര വലിയ മാറ്റമാണ് വരാൻ പോകുന്നതെന്ന് അവൾക്ക് അപ്പോൾ അറിയില്ലായിരുന്നു.
തുടരും…. 🤍






