രചന : ജിഫ്ന നിസാർ ❣️
താൻ പറഞ്ഞത് മുഴുവനും കേട്ട ശേഷം യാതൊരു ദയയുമില്ലാതെ തലയറഞ്ഞു ചിരിക്കുന്ന സഞ്ജുവിന്റെ നേരെ ആദി തുറിച്ച് നോക്കി.” നന്നായി. എനിക്കിഷ്ടപ്പെട്ടു. നിനക്ക്ങ്ങനെ തന്നെ വേണം.ആ ടീച്ചർ കുട്ടിയെ കാണുമ്പോൾ യാതൊരു ആവശ്യവുമില്ലാതെ നിനക്കൊരു കലിപ്പ് വരാറുണ്ട്. അതൊന്ന് നിന്ന് കിട്ടുമല്ലോ..? “സഞ്ജു ചിരിക്കുന്നതിനിടയിൽ തന്നെ വിളിച്ചു പറഞ്ഞു.” ഹലോ..അതിന് ഞാൻ അവളോടെനിക്ക് പ്രണയമാണെന്നല്ല പറഞ്ഞത്. ഞാൻ അങ്ങനെയൊരു സ്വപ്നം കണ്ടുവെന്നാണ് പറഞ്ഞത്. ഇനി നീ അതിൽ പിടിച്ചു കൂടുതൽ തൂങ്ങല്ലേ.. “ആദി പുച്ഛത്തോടെ ഓർമിപ്പിച്ചു.
“മതി.എനിക്ക് ഇത്രയും മതി. ഇനി അവിടുന്നങ്ങോട്ട് നിന്റെയാ ഒടുക്കത്തെ കലിപ്പ് പോയിട്ടുണ്ടാവും അക്കാര്യത്തിൽ എനിക്കുറപ്പാണ്..”ആദിയുടെ പുച്ഛം കണ്ടതും നിവർന്നിരിന്നു കൊണ്ട് സഞ്ജു അവനെ നോക്കി പറഞ്ഞു.” എടാ പൊട്ടാ.. ഞാനവളോട് കാണിക്കുന്ന ദേഷ്യം ഒരൊറ്റ സ്വപ്നം കൊണ്ട് ഇല്ലാതായി പോകുമെന്ന് നിനക്ക് തോന്നുന്നുണ്ടോ? ”
ആദി സഞ്ജുവിനെ നോക്കി പുരികം പൊക്കി.” അങ്ങനെയൊരു തെറ്റിദ്ധാരണയൊന്നും എനിക്കില്ലടാ മോനെ.. നീയല്ലേ ആള്.അതവിടെ നിൽക്കട്ടെ ഞാനൊന്ന് ചോദിക്കട്ടെ നിന്നോട് അല്ലെങ്കിലും ആ ടീച്ചറിനെ കാണുമ്പോൾ നിനക്കെന്തിനാണ് വെറുതെ ദേഷ്യം വരുന്നത്. അതൊന്ന് പറഞ്ഞു തന്നേ നീയാദ്യം ..? ”
സഞ്ജു ആദിക്ക് നേരെ ചെരിഞ്ഞിരുന്നു കൊണ്ട് അവനെ നോക്കി.”അല്ല… അത് പിന്നെ…”ഒരു നിമിഷം ആദിയൊന്നു പതറിപ്പോയി.സഞ്ജുവിനോട് എന്തുത്തരം പറയണമെന്ന് അവനും അറിയില്ലായിരുന്നു.അല്ലെങ്കിലും അവൻ ചോദിച്ചത് ന്യായമല്ലേ?തനിക്കെന്തിനാണ് കൃഷ്ണപ്രിയയെ കാണുമ്പോൾ അനാവശ്യമായ ഒരു ദേഷ്യം വരുന്നത്?സഞ്ജു ചോദിച്ച ചോദ്യം.. ആദിയൊന്ന് സ്വയം ചോദിച്ചു നോക്കി.അവൾ വെറുതെ തന്നെ കേറി ചൊറിയും.. അത് തന്നെ..മനസ്സിലൊരു ഉത്തരം കിട്ടി.പക്ഷേ സത്യം അതല്ലെന്ന് അവനും അറിയാം.
അവൾ മിണ്ടിയാലും ഇല്ലേലും തനിക്കവളെ കാണുമ്പോൾ തോന്നുന്ന വികാരം.. അത് ദേഷ്യം തന്നെയാണ്.
ഇല്ല… എത്രയൊക്കെ ശ്രമിച്ചാലും കാരണമില്ലാത്ത ആ ദേഷ്യത്തിന്റെ ഉറവിടം തനിക് കണ്ട് പിടിക്കാനാവില്ല.പക്ഷേ ഇന്നവളെ കുറിച്ചോർക്കുമ്പോൾ തന്റെ മുഖം വലിഞ്ഞു മുറകുന്നില്ല.അനാവശ്യമായൊരു ദേഷ്യം ഹൃദയത്തിലേക്കു വലിഞ്ഞു കയറി വരുന്നുമില്ല..
ആദിയുടെ മനസ്സിൽ ആ ചിന്ത ഓടിവന്നത് പെട്ടെന്നായിരുന്നു.അരികെയിരുന്നുകൊണ്ട് സഞ്ജു വീണ്ടും എന്തൊക്കെയോ വിളിച്ചുപറയുന്നുണ്ട്
പക്ഷേ അതിൽ ഒരക്ഷരം പോലും ശ്രദ്ധിക്കാനുള്ള മാനസികാവസ്ഥയിൽ നിന്നും ആദി മാറി പോയിരുന്നു.ഇറങ്ങുമ്പോഴും സഞ്ജുവിന്റെ ചുണ്ടിൽ ഒരു കളിയാക്കി ചിരിയുണ്ട്.അവനെയും അവൻ ഒതുക്കിപ്പിടിച്ച ആ ചിരിയുടെ വ്യക്തമായ അർത്ഥത്തെയും മനസ്സിലാക്കിയിട്ടും ആദിക്കപ്പോഴും ദേഷ്യം വന്നില്ല.
” ഇവിടെ നിക്ക് ഞാൻ വണ്ടി പാർക്ക് ചെയ്തിട്ട് വരാം.. “ഗ്രൗണ്ടിൽ ഇറങ്ങിയ സഞ്ജുവിനോടായി പറഞ്ഞിട്ട് ആദി കാറെടുത്ത് പോയി.അവൻ തിരിച്ചു വരുമ്പോൾ സഞ്ജു പാർക്കിനടുത്ത് നിൽപ്പാണ്.” നീ ആളു കൊള്ളാലോ. വെറുതെയല്ല നിന്റെ മുത്തശ്ശൻ കൂട്ടുകാരനോട് നിന്നെ അത്രമാത്രം പൊക്കി അടിച്ചത്. ഇത്രയും വലിയ ഐഡിയ നിന്റെ തലയിൽ ഒളിച്ചു കിടപ്പുണ്ടായിരുന്നോ? “കൺമുന്നിൽ പുരോഗമിക്കുന്ന പാർക്കിന്റെ പണിയും അതിന്റെ ഡിസൈനും എല്ലാം കണ്ടിട്ട് സഞ്ജു ആദിയെ നോക്കി സന്തോഷത്തോടെ തന്നെയാണ് അത് പറഞ്ഞത്.
“പോടാ കളിയാക്കാതെ..”ആദി സഞ്ജുവിന്റെ തോളിൽ ഒന്ന് തട്ടിയിട്ട് അവനോട് ചേർന്ന് നിന്നു
” അല്ലടാ, ഇത് ഞാൻ കളിയാക്കിയതല്ല.കാര്യമായിട്ട് പറഞ്ഞതാണ് , ഇന്നലെ വീട്ടിൽ കടുവ നിന്റെ കാര്യം പറയുന്നുണ്ടായിരുന്നു.നിന്റെ ഐഡിയയെ കുറിച്ചും പാർക്കിന്റെ പണിയെക്കുറിച്ചുമെല്ലാം മാഷ് വളരെ അഭിമാനത്തോടെയാണ് കടുവയോട് പറഞ്ഞത് എന്നൊക്കെ… “സഞ്ജു ആദിയെ നോക്കി.”ഓ ആയിക്കോട്ടെ വരവ് വെച്ചിരിക്കുന്നു..”നിറഞ്ഞ ചിരിയോടെ തന്നെ ആദിയൊന്ന് കണ്ണടച്ച് കാണിച്ചു.
” പുത്തൻ പുരോഗതി ചിന്തകളും പുത്തൻ സ്വപ്നങ്ങളും ഒക്കെയായിട്ട് ഇനി നീ നിന്റെ സ്വപ്നം മറന്നു പോകുമോടാ..ഇവിടെ തന്നെയങ്ങ് കൂടുമോ? എനിക്കാ കാര്യത്തിലാണിപ്പോ സംശയം…”സഞ്ജു ചിരിയോടെ ആദിയെ നോക്കി.
” ഇതങ്ങനെ എന്റെ സ്വപ്നം മറന്നു കൊണ്ടുള്ള കളിയൊന്നുമല്ലടാ..മുത്തച്ഛന് വേണ്ടി ഇവിടെ നിൽക്കുന്ന കാലമത്രയും ഈ സ്കൂൾ ഇപ്പോൾ എന്റെ കൂടി ഉത്തരവാദിത്വമാണ്. എന്നെക്കൊണ്ടാവുന്നത് ആത്മാർത്ഥമായി തന്നെ ഈ സ്കൂളിന് വേണ്ടി ഞാൻ ചെയ്യുന്നു. അതിനി സേവനമായിട്ടായാലും ഐഡിയ ആയിട്ടായാലും..അത്രമാത്രം.. “ആദി അൽപ്പം ഗൗരവത്തോടെ പറഞ്ഞു.”മ്മ്മ്.. മറക്കാഞ്ഞാ മതി…”ഞൊടിയിട കൊണ്ട് സഞ്ജുവിലേക്കൊരു കള്ളച്ചിരി വലിഞ്ഞു കയറി വന്നതും ആദിയുടെ മുഖം സംശയത്തോടെ ചുളിഞ്ഞു പോയി.
“എന്നെ നോക്കി പേടിപ്പിക്കാതെ നീ….അങ്ങോട്ട് നോക്കെടാ.. നിന്റെ സ്വപ്നനായിക വരുന്ന വരവ് കണ്ടോ..”സഞ്ജു തന്നെ ആദിയെ പിടിച്ചു തിരിച്ചു കൊണ്ട് പറഞ്ഞു.സത്യമാണ്.കൃഷ്ണപ്രിയ നടന്നു വരുന്നു.ആ കാഴ്ച കണ്ടതും ആദിയുടെ നെഞ്ചിടിച്ചു തുടങ്ങി.അവനിലേക്കൊരു പരവേശം വന്നു നിറഞ്ഞു.” ദേ ഇങ്ങനെയുള്ള ഒരു വരവുണ്ടായിരുന്നോ നിന്റയാ സ്വപ്നത്തിൽ..? “സഞ്ജു അവനെ മനപ്പൂർവ്വം കളിയാക്കുകയാണ്.” നിനക്കിന്ന് കോളേജിൽ പോണ്ടേടാ..? “പല്ല് കടിച്ചുകൊണ്ട് ആദി സഞ്ജുവിന് നേരെ തിരിഞ്ഞു.
“ഓഓഓ..അതൊക്കെ ഞാൻ പൊയ്ക്കോളാം. അല്ലെങ്കിലും നിനക്കെന്താണ് എന്നെ പറഞ്ഞുവിടാൻ ഇത്ര ധൃതി. നിന്റെ സ്വപ്നനായികയെ കണ്ടതുകൊണ്ടാണോ?”” അവന്റെയൊരു സ്വപ്നനായിക.. അതും അവള്.. ഇനി മിണ്ടിയ നിന്റെ പല്ല് ഞാൻ കൊഴിക്കും. പറഞ്ഞില്ലെന്നു വേണ്ട.. “ആദി സഞ്ജുവിനെ നോക്കി കണ്ണുരുട്ടി കൊണ്ട് പറഞ്ഞു.” ഹലോ എന്റെ സ്വപ്നനായികയല്ല മിസ്റ്റർ ആദിത് മഹാ ദേവ്.. നിന്റെ.. നിന്റെ മാത്രം.. സ്വപ്നവും നായികയും.ഞാനല്ല അവളെ സ്വപ്നം കണ്ടത്. നീയാണ്.. “സഞ്ജുവൊരു പുച്ഛത്തോടെ ആദിയെ നോക്കി.
“നിനക്കിപ്പോ അവളെ കാണുമ്പോൾ ദേഷ്യം വരുന്നുണ്ടോടാ.. അതോ ആ സ്വപ്നമാണോ ഓർമ വരുന്നത്. ?”ആദിക്കരികിൽ നിന്ന് ഒന്നുരണ്ടടി മാറി നിന്നിട്ടാണ് സഞ്ജുവാ സംശയം അവനോട് ചോദിച്ചത്.” ഉണ്ടെങ്കിലും ഇല്ലെങ്കിലും നിനക്കെന്താണ്..ഏഹ്..? “ഉള്ളിലൂറി കൂടുന്നത് അന്ന് വരെയുമില്ലാത്തൊരു പരവേശവും വെപ്രാളവുമായിട്ടും ആദി യാതൊരു കാര്യവുമില്ലാതെ സഞ്ജുവിനോട് ദേഷ്യം അഭിനയിച്ചു.” നീ പാർക്ക് കാണാൻവന്നതല്ലേ?.അതുകണ്ട്കഴിഞ്ഞില്ലേ.ഇനിപെട്ടെന്ന്പോകാൻനോക്ക്.എനിക്കവിടെ ഓഫീസിൽ പണിയുള്ളതാണ്.. ഞാൻ കൊണ്ട് വിടണോ..? “ആദി സഞ്ജുവിനെ നോക്കി
” ഹോ നമ്മൾ അല്ലെങ്കിലും പോവാൻ വന്നത് തന്നെയാണ്..എന്നെ ആരും കൊണ്ട് വിടണമെന്നില്ല.ബസ് സ്റ്റോപ്പിൽ നിന്ന് കോളേജിലേക്കുള്ള ബസ് കിട്ടും. ഞാനങ്ങനെ പോയി കൊള്ളാം.. സഞ്ജു ചുണ്ട് കോട്ടി കൊണ്ടാണ് പറയുന്നത്.”ഏയ്… കൃഷ്ണ പ്രിയ..”ആദി ഒട്ടും പ്രതീക്ഷിക്കാതെയാണ് സഞ്ജു പ്രിയേ നോക്കി കൈയുയർത്തി കാണിച്ച് ഉറക്കെ വിളിച്ചത്.
കൂടെയുള്ള രണ്ടു കുട്ടികളോട് എന്തോ പറഞ്ഞു ചിരിച്ചു വരുന്നവൾ സഞ്ജുവിന്റെ വിളികേട്ടതും പിടിച്ചിലോടെ മുഖമുയർത്തി നോക്കുന്നത് ആദി കണ്ടു.അവളുടെ മുഖം കണ്ടതും അവനിലേക്ക് വീണ്ടും ആ സ്വപ്നത്തിന്റെ ഓർമകൾ ഇരച്ചു കയറി വന്നിരുന്നു.നോട്ടം അവളിലുറച്ചു പോയത് പോലെ..
പിൻവലിക്കാൻ കഴിയാത്തൊരു കാന്തം പോലെ അവളുടെ ഭാവങ്ങൾ തന്നെ പിടിച്ചു നിർത്തുന്നത് പോലെ..കണ്ണെടുക്കാതെ നോക്കിനിൽക്കുന്നവൻ സഞ്ജുവിന്റെ പിന്നിലുള്ള ആക്കി ചുമ കേട്ടാണ് തിരിഞ്ഞു നോക്കിയത്.”അവളിങ്ങോട്ട് വരുന്നുണ്ട്… ഇതുവരെയും കലിപ്പിട്ട് നിന്നിട്ട് ഇനി വായി നോക്കി നീ നിന്റെ വില കളയാതെടാ…”സഞ്ജു ആദിയെ ഓർമ്മിപ്പിച്ചു.”ഞാനവളെനോക്കിയതൊന്നുമില്ല..”സഞ്ജുവിന്റെ നേരെ നോക്കാൻ ചമ്മലുണ്ടായിട്ടും ആദി ദുർബലമായിട്ടാ ആരോപണത്തെ നിഷേധിച്ചു.”ഉവ്വാ.. എനിക്കത് മനസ്സിലായതേ ഇല്ല.”ആദി ചിരിയമർത്തി കൊണ്ട് ആദിയെ നോക്കി പറഞ്ഞു.
“ഇയാളെന്താ ഇവിടെ..?”
സഞ്ജുവിനെ അവിടെ കണ്ടതിന്റെയൊരു അമ്പരപ്പുണ്ടായിരുന്നു പ്രിയയുടെ മുഖം നിറയെ.
“ആഹാ.. അത് കൊള്ളാം. എന്റെ ചങ്ക് ഇവിടെ ഇത്രേം വലിയൊരു സംഭവത്തിനു തുടക്കമിട്ടിട്ടും അതൊന്ന് വന്നു കണ്ടില്ലേൽ മോശമായി പോകില്ലേ ടീച്ചറേ.. അപ്പൊ പിന്നെ അതൊന്ന് കണ്ടിട്ട് പോകാമെന്നു കരുതി.. അങ്ങനെയിറങ്ങിയതാ..”
സഞ്ജു ചിരിയോടെ പറഞ്ഞു.പ്രിയയും അവനെ നോക്കി ചിരിക്കുന്നുണ്ട്.പക്ഷേ അറിയാതെ പോലും അവളുടെ നോട്ടം തന്നിലേക്ക് പാളി വീഴുന്നില്ലെന്ന് ആദി മനസ്സിലാക്കി.ആശ്വാസത്തിനു പകരം അതവനിൽ വല്ലാത്തൊരു അസ്വസ്ഥയാണ് നൽകിയത്.ആറടി പൊക്കത്തിൽ തൊട്ടരികെ വിടർന്നു നിന്നിട്ടും അങ്ങനൊരാൾ അവിടെയുണ്ടെന്ന യാതൊരു ചിന്തയുമില്ല.
“എങ്ങനുണ്ട്… കാര്യം ഇവന്റെ മോര്ട്ടു ബുദ്ധിയാണെണേലും സംഭവം പൊളിച്ചു. അല്ലേ ടീച്ചറേ..?”ആദിയെയൊന്ന് ഇടം കണ്ണിട്ട് നോക്കി സഞ്ജു വീണ്ടും പ്രിയയെ നോക്കി.”ആ… കുഴപ്പമില്ല..”അവളുടെ ഉത്തരമറിയാനൊരു ആകാംഷയോടെ നിന്നിരുന്ന ആദി പ്രിയയുടെ ഒഴുക്കൻ മട്ടിലുള്ള മറുപടി കേട്ടതും അവളെയൊന്ന് കലിപ്പിച്ചു നോക്കി.അവളത് അറിയുന്നത് പോലുമില്ല.വീണ്ടും സഞ്ജുവെന്തോ പറയുന്നത് കേട്ട് ചിരിയോടെ നിൽക്കുവാണ്.എത്രയൊക്കെ ദേഷ്യതോടെ നോക്കിയിട്ടും ആ ദേഷ്യത്തെ തട്ടി മാറ്റി ഉള്ളിലേക്കോടി യെത്തുന്നത്.. കണ്ണിൽ പ്രണയം പൂവിട്ടു നിൽക്കുന്ന ആ സ്വപ്നത്തിലെ പ്രിയയായിരുന്നു.ആദിയുടെ ഹൃദയതാളം മുറുകി.
അങ്ങനെ നോക്കി നിൽക്കുമ്പോൾ… അന്ന് വരെയും അനുഭവിച്ചിട്ടില്ലാത്തൊരു ഫീൽ അവനുള്ളിൽ അരിചെത്തുന്നത് അവനറിഞ്ഞു.
എത്രയൊക്കെ വിലക്കിയിട്ടും കണ്ണുകൾ അവളെ തഴുകുന്നു..”ഞാൻ.. ഞാൻ ഓഫീസിൽ ഉണ്ടാവും. നീ നിന്റെ ശൃംഗാരം കഴിഞ്ഞ് അങ്ങോട്ട് വാ..”ഇനിയും അങ്ങനെ നിന്നാൽ തന്റെ ഹൃദയമിടിപ്പ് കൂടി അവൾക്ക് മുന്നിൽ കുഴഞ്ഞു വീണുമെന്ന് തോന്നിയ നിമിഷം… സഞ്ജുവിനോടായി വിളിച്ചു പറഞ്ഞു കൊണ്ടവൻ.. ഓഫിസിനു നേരെ ധൃതിയിൽ ഓടി പോകുമ്പോൾ… പിന്നിൽ നിന്നും സഞ്ജുവിന്റെ ഉച്ചത്തിലുള്ള പൊട്ടിചിരി കേൾക്കുന്നുണ്ടായിരുന്നു.
💞💞
മുഴുവനും പറഞ്ഞു നിർത്തുമ്പോൾ തന്നെ നോക്കുന്ന ആ കണ്ണുകളിൽ വെറുപ്പാണോ ദേഷ്യമാണോ മുന്നിട്ട് നിൽക്കുന്നതെന്നൊരു ആശങ്കയുണ്ടായിരുന്നു മാളുവിനും.ഏതായാലും സഹിക്കാൻ പഠിച്ചു ശീലിക്കണം.ഇനി തനിക്കൊരുപ്പാട് അക്നിപരീക്ഷണങ്ങളെ നേരിടേണ്ടി വന്നേക്കും.കഴിഞ്ഞു പോയാതൊരു തുടക്കം മാത്രമാണ്.കണ്മുന്നിൽ യാതൊരു പരിചയവുമില്ലാത്ത ആ മനുഷ്യനോടും അയാളുടെ കുഞ്ഞു മകളോടും തീർത്താൽ തീരാത്ത നന്ദിയുണ്ട്.മരണം വരെയും അയാളെയും അയാൾ ചെയ്തു തന്ന ഉപകാരത്തെയും താൻ മറക്കില്ല.”തനിക്കെവിടാ പോകേണ്ടതെന്ന് പറഞ്ഞാൽ.. ഞാനവിടെ ഡ്രോപ്പ് ചെയ്‌തോളാം..”എല്ലാം കേട്ടപ്പോൾ ഒരക്ഷരം മിണ്ടാതെയിറങ്ങി പോകുമെന്നോ.. ചെയ്തു പോയ തെറ്റിനെ കുറിച്ച് പറഞ്ഞു വേദനിപ്പിക്കുമെന്നോ ഒക്കെയാണ് കരുതിയിരുന്നത്.
പക്ഷേ… വീണ്ടും സഹായിക്കാം എന്നാണ് പറയുന്നത്.”കളഞ്ഞിട്ട് പോകാമായിരുന്നുവെങ്കിൽ എനിക്കതാ ട്രെയിനിൽ നിന്ന് തന്നെ ആവാമായിരുന്നു. പറഞ്ഞല്ലോ ഞാൻ. എനിക്ക് തന്നെയോ താൻ എന്നെയോ അറിയില്ല. ജീവിതത്തിൽ ഒരിക്കലും തമ്മിൽ കണ്ടിട്ട് പോലുമില്ല. പക്ഷേ… അത്രേം ആളുകൾ തളർന്നു വീണു കിടക്കുന്ന തന്നെ.. അതും ബോധമില്ലാത്ത അവസ്ഥയിലും കൊത്തി പറിച് രസിക്കുന്നത് കണ്ടപ്പോൾ.. എന്തോ എനിക്കങ്ങനെയിട്ട് പോവാൻ തോന്നിയില്ല. ഞാനും.. ഞാനും ഒരേട്ടനായിരുന്നു…”ഷമീറിന്റെ വാക്കുകൾ മാളുവിന് വേദനയാണ് നൽകിയത്.
“എടോ കഴിഞ്ഞു പോയതൊക്കെ പോയതാണ്. എത്ര ആഗ്രഹിച്ചാലും വേദനിച്ചാലും കരഞ്ഞാലുമൊന്നും ആ കാലം തിരികെ വരില്ല. അന്ന് ചെയ്തു പോയ തെറ്റുകളും അബദ്ധങ്ങളുമൊന്നും ഇനി തിരികെ പോയി തിരുത്താനുമാവില്ല.”ഷമീർ ശാന്തമായാണ് പറയുന്നത്.എന്നിട്ടും മാളുവിന്റെ മുഖം കുനിഞ്ഞു.”പക്ഷേ.. ഇനിയങ്ങോട്ട് പ്രായശ്ചിത്തം ചെയ്തു കൊണ്ട് സ്നേഹിച്ചു ജീവിക്കാൻ മുന്നിലൊരു ഓപ്ഷനുണ്ട്. തത്കാലം താൻ മറ്റൊന്നും ഓർക്കേണ്ട. വീട്ടിലോട്ട് പോ.. തന്റെ മാതാപിതാക്കളും കൂടപ്പിറപ്പുകളുമല്ലേ.. തന്നെ അവർക്ക് മനസ്സിലാവും..”ഷമീറിന്റെ വാക്കുകൾ..കണ്മുന്നിലെ ഇരുളടഞ്ഞ വഴിയിലെ ഇത്തിരിയെങ്കിലും വെട്ടമായിരുന്നു…. മാളുവിനത്.!
തുടരും…
റിവ്യൂ.. ലൈക്ക്.. ഇത് രണ്ടും പിശുക്കുമ്പോ.. ഞാനും മടിയത്തിയാവുന്നുണ്ടോന്നൊരു കുഞ്ഞു ഡൌട്ട്.. 😎
സ്നേഹത്തോടെ jiff❣️❣️

by