23/04/2026

സഖി : ഭാഗം 02

രചന – Zehnazeeb

ച്ചുവിൻെറ ലാസ്റ്റ് ഇയറിന് ഇടയിൽ ആയിരുന്നു ഞങ്ങളുടെ കല്ല്യാണം… അതിനു ശേഷം എന്നിലേക്ക് ഒതുങ്ങി കൂടാൻ ആഗ്രഹിച്ചവളെ ഞാൻ തന്നെ ആണ് നിർബന്ധിച്ച് കോളജിൽ വിട്ടത്. ഫൈനൽ സെമസ്റ്ററിൻ്റെ ടൈമിൽ ആണ് ആലി അടക്കം ഉള്ള അവളുടേ ഫ്രണ്ട്സ് ഇടയ്ക്ക് ഫ്ലാറ്റിൽ വരാൻ തുടങ്ങിയത്. ഇടയ്ക്കിടയ്ക്ക് അവർ വരാറുണ്ട്… ഞാൻ ഉള്ള സമയങ്ങളിൽ ആണ് എങ്കിൽ സൗഹൃദപരമായ സംഭാഷണങ്ങളിൽ പങ്കു ചേരാറുണ്ട്… പണ്ടത്തെ രീതിയിൽ ആലിയെ ഒരിക്കൽ പോലും നോക്കിയിട്ടില്ല… അങ്ങനെ ഒരു ഓർമ്മയെ മനസ്സിൽ ഇല്ലായിരുന്നു എന്നതാണ് സത്യം. അന്ന് വരെ… അന്ന് ഉച്ച കഴിഞ്ഞ്, കഫെയിൽ ഇരുന്നു ബോർ അടിച്ചപ്പോൾ, വിഷ്ണുവിനോട് പറഞ്ഞു ഇറങ്ങിയതാണ് ഫ്ലാറ്റിലേക്ക്… സ്പെയർ കീ എടുത്തു ഡോര് തുറന്നു ഉള്ളിലേക്കു കടക്കുമ്പോൾ കേൾക്കാമായിരുന്നു അടുക്കളയിൽ നിന്ന് മൂളി പാട്ട്…

എപ്പോഴും ഇല്ലാത്ത ഒന്നാണ് ഇതു… എനിക്ക് വേണ്ടി പാടാൻ പറഞ്ഞാലും ഒരു നൂറു ഡിമാൻഡ് ആണ് പെണ്ണിനു… കണ്ണടയ്ക്കണം, നാലു വരിയിൽ കൂടുതൽ പാടാൻ പറയരുത്… ഒറ്റ പാട്ടെ പാടുള്ളൂ… അങ്ങനെ പലതും… എന്നിട്ട് പാടിയാലോ… കണ്ണടച്ച് ആണ് പെണ്ണ് പാടുക… കണ്ണു തുറക്കുമ്പോൾ ഞാൻ നോക്കി ഇരിക്കുന്നത് കാണുമ്പോൾ ഒരു നാണം നിറഞ്ഞ ഒരു നോട്ടം ഉണ്ട്… കൊല്ലാതെ കൊല്ലും ആ ഒരൊറ്റ നോട്ടം കൊണ്ട്… അൽപ നേരം അടുക്കള വാതിലിനു അടുത്ത് നിന്ന് അവളുടെ പാട്ട് ആസ്വദിച്ചു. എന്തോ തിരക്കിട്ട് ഉണ്ടാക്കുന്നതിന് ഇടയ്ക്കാണ് പാട്ട്… ഞാൻ വന്നത് അറിഞ്ഞിട്ടില്ല… മുടി പൊക്കി ചുറ്റി കെട്ടി വച്ചിരിക്കുന്നത് കൊണ്ട് അവളുടെ നീണ്ട കഴുത്തും, മിനുസം ഉള്ള മുതുകും നന്നായി കാണാം… ഇടുപ്പിൽ കുത്തി വച്ചിരിക്കുന്ന സാരിക്ക് ഇടയിലൂടെ തെളിഞ്ഞു കാണുന്ന ഇടുപ്പിലേക്ക് നോട്ടം എത്തിയതും, ഒരു കുസൃതി തോന്നി, ഒച്ച ഉണ്ടാക്കാതെ അവൾക്ക് അടുത്തേക്ക് നടന്നു, ഇടുപ്പിൽ നന്നായി പിച്ചി.

പെട്ടെന്നുണ്ടായ ആക്രമണത്തിൽ, ഞെട്ടി പിടഞ്ഞു കൊണ്ട് തിരിഞ്ഞു നോക്കിയ പെണ്ണിൻ്റെ അധരം അതെ നിമിഷം തന്നെ സ്വന്തമാക്കിയിരുന്നു… എന്നെ തള്ളി മാറ്റി എന്തോ പറയാൻ ശ്രമിച്ചവളെ അതിനു അനുവദിക്കാതെ, കൂടുതൽ ചേർത്തു, അവളുടെ നാവിനെയും ബന്ധിച്ചു, ഒപ്പം അവളില് എൻ്റെ വിരലുകളെ തന്നിഷ്ടത്തിന് അലയാൻ വിട്ടു… അവൾക്കു ശ്വാസം മുട്ടുന്നു എന്ന് തോന്നിയപ്പോൾ മാത്രം ആണ് അവളുടെ അധരങ്ങളെ മോചിപ്പിച്ചത്… എങ്കിലും ഒരു കൈ അവളുടെ അരക്കെട്ടിൽ ചുറ്റി പിടിച്ചും, മറ്റേത് അവളുടെ സാരിക്ക് ഇടയിലൂടെ ഇടുപ്പിലും അമർന്നിരുന്നു. ബുദ്ധിമുട്ടി ശ്വാസം എടുക്കുന്നതിനിടയിലും എന്തോ പറയാൻ ശ്രമിക്കുന്നവളെ, ക്ഷമയോടെ കേൾക്കാൻ കാത്തു. പുറകിൽ മുരടനക്കുന്ന ശബ്ദം കേട്ടാണ് അവളിൽ നിന്ന് അകന്നു മാറിയത്… ഒരു കള്ള ചിരിയോടെ നിൽക്കുന്ന ആലിയെ കണ്ടതും നല്ലോണം ചമ്മി… സൈഡിലേക്ക് നോക്കിയപ്പോൾ, നച്ചുവും ആകെ നാണിച്ചു നിൽക്കുന്നു.

“ഒരു രണ്ടു സെക്കൻഡ് കൂടെ കഴിഞ്ഞിരുന്നു എങ്കിൽ ഞാൻ കൊലപാതകത്തിന് സാക്ഷി പറയേണ്ടി വന്നേനെ…” കളിയാക്കി കൊണ്ട് അവളു പറയുമ്പോൾ നച്ചു എൻ്റെ പുറകിലേക്ക് ഒളിച്ചിരുന്നു. “ഹേയ് ആലി… താൻ എപ്പോ വന്നു? ഞാൻ ഒരു കുറച്ചു മുന്നേ നച്ചുവിനെ വിളിച്ചപ്പോ, അവള് ഒന്നും പറഞ്ഞില്ലല്ലോ…?” ചമ്മൽ ഒളിപ്പിക്കാൻ ശ്രമിച്ചു കൊണ്ട് ചോദിച്ചു. “ഞാൻ വന്നിട്ട് ഒരു പത്തു മിനിറ്റ് ആയി കാണൂ… ഒരു ഫോൺ വന്നു അങ്ങോട്ട് മാറിയതാ… അതേതായാലും നന്നായി… ലൈവ് ആയി ഇത്രയും ഇൻ്റെൻസ് ആയ ഒരു കിസ്സിങ് സീൻ ആദ്യം ആയാണ് കാണുന്നത്. ” അതും പറഞ്ഞു അവള് ഉറക്കെ പൊട്ടി ചിരിച്ചു. പുറകിൽ നിന്ന് ഇടുപ്പിൽ തന്നെ ഒരു പിച്ച് കിട്ടിയപ്പോ മനസ്സിലായി, ഇതിൻ്റെ പിണക്കം കാരണം ഒന്നുകിൽ ഇന്ന് രാത്രി എൻ്റെ അധ്വാനം കൂടും, അല്ലെങ്കിൽ പട്ടിണി ആവും എന്ന്… ആലിയെ നല്ലവണ്ണം ഒന്ന് ഇളിച്ച് കാണിച്ചു ഫ്രഷ് ആവാൻ റൂമിലേക്ക് പോയി തിരിച്ചു വരുമ്പോൾ നച്ചു ചായ എടുത്തിരുന്നു.

എനിക്ക് ആയി ഒരു കപ്പ് നീട്ടുമ്പോൾ അവള് ഒന്ന് ഉണ്ടക്കണ്ണുരുട്ടി പേടിപ്പിക്കാൻ നോക്കിയിരുന്നു. പക്ഷേ ചിരി ആണ് ആ നോട്ടം കണ്ടപ്പോ വന്നത്. എന്നെ തന്നെ നോക്കി ചെയ്തതിനാൽ ആവാം, ആലിക്കായ് നീട്ടിയ കപ്പിൽ നിന്ന് ചായ അവളുടെ സാരിയിലേക്ക് വീണു… പൊള്ളിയോ എന്ന് പേടിച്ചു ഞാനും സോഫയിൽ നിന്ന് ചാടി എഴുന്നേറ്റിരുന്നു. അവളൂടെ ചിരിച്ച മുഖം കണ്ടപ്പോഴാണ് സമാധാനം ആയതു… അവളോട് പോയി സാരി മാറ്റി വരാൻ ആലി ആണ് നിർബന്ധിച്ചത്… അവള് റൂമിലേക്ക് പോയി ഡോര് അടയ്ക്കുന്നത് വരെ പിന്തുടർന്ന എൻ്റെ കണ്ണുകൾ, ‘ നമുക്ക് ബാൽക്കണിയിൽ ഇരുന്നു ചായ കുടിച്ചാലോ ?’ എന്നുള്ള ആലിയുടെ ചോദ്യം കേട്ടാണ് തിരിച്ച് വന്നത്… മറുപടി ഒരു ചിരിയിൽ ഒതുക്കി, ബാൽക്കണിയിൽ നിൽക്കുമ്പോൾ കുറച്ചു മുൻപ് അടുക്കളയിൽ വച്ച് ഉണ്ടായ കാര്യം ഓർത്തു ഉള്ള ചിരി ആണ് മുഖത്തും മനസ്സിലും നിറഞ്ഞിരുന്നത്…

അന്നു അവിടെ വച്ച് ഉണ്ടായ സംസാരം ആണ് ആ ചിരിയിലും എന്നിലും മാറ്റം വരുത്തി തുടങ്ങിയത്… “നച്ചു എന്നോട് ഒരു കാര്യം പറഞ്ഞു കുറച്ചു നാള് മുൻപ്…” എന്ത് എന്ന അർഥത്തിൽ അവളെ നോക്കി… “ഈ നിൽക്കുന്ന നച്ചികെത് റാം, എങ്ങനെ നക്ഷത്ര വിരാജ് എന്ന നച്ചുവിൻ്റെ നച്ചിയേട്ടൻ ആയി എന്ന്… ” ഒരു പുഞ്ചിരി ഉണ്ടായിരുന്നു അവളുടെ മുഖത്ത് അത് പറയുമ്പോൾ… വിഷാദം കലർന്നിരുന്നോ അതിൽ..? ഒരു ചമ്മൽ എനിക്ക് ഉണ്ടായി… അത് മറയ്ക്കാൻ ശ്രമിച്ചു എന്നെങ്കൊണ്ട് ആവുന്നത് പോലേ… മറുപടി വീണ്ടൂം ഒരു പുഞ്ചിരിയിൽ ഒതുക്കി. “ഈ ഇഷ്ടം ഞാൻ അറിഞ്ഞപ്പോൾ വൈകി പോയി, അല്ലേ?” ഇപ്പൊൾ ആ കണ്ണിൽ നിറഞ്ഞു നിന്ന വിഷാദം തെളിഞ്ഞു കണ്ടു. ഒരു പകപ്പാണ് ഉണ്ടായത്. ഹൃദയം വളരെ വേഗത്തിൽ മിടിക്കാൻ തുടങ്ങി… കേൾക്കാൻ പാടില്ലാത്തത് എന്തോ കേട്ടത് കൊണ്ടോ… അതോ കേൾക്കാൻ ഏറെ ആഗ്രഹിച്ചത് കേട്ടത് കൊണ്ടോ? അന്ന് അത് മനസ്സിലായില്ല…

അവളുടെ അതി സുന്ദരമായ മുഖത്ത് തന്നേ മിഴികൾ തറഞ്ഞു നിന്നു. അകത്തേക്ക് ഒന്ന് നോക്കി, അവള് എന്നിലേക്ക് അല്പം ചേർന്നു നിന്നാണ് ബാക്കി പറഞ്ഞത്… “നച്ചികേത് ആണ് ആ ഗിഫ്റ്റുകൾ എനിക്ക് തന്നിരുന്നത് എന്ന് അറിഞ്ഞിരുന്നു എങ്കിൽ ഒരിക്കലും വിട്ട് കളയില്ലായിരുന്നു ഞാൻ… അത് അറിയാവുന്നത് കൊണ്ടാവും എൻ്റെ ഇഷ്ടം നാശും, നാശിൻ്റെ ഇഷ്ടം ഞാനും ഇത്ര നാളും അവള് അറിയാതെ ഇരിക്കാൻ നോക്കിയതു???” അവളൂടെ വാക്കുകൾ ചാട്ടുളി പോലെ ആണ് ഹൃദയത്തില് വന്നു പതിഞ്ഞത്… ആലിക്ക് എന്നെ ഇഷ്ടം ആയിരുന്നു എന്നതിന് ഒപ്പം, അത് നച്ചു എന്നിൽ നിന്ന് മറച്ചു വച്ചു എന്നതും പറഞ്ഞറിയിക്കാൻ ആവാത്ത ഷോക്ക് ആയിരുന്നു. ആ ഷോക്കിൽ നിൽക്കുമ്പോൾ ആണ് നച്ചു റൂമിൽ നിന്നും ഇറങ്ങി വരുന്നത്. ആലി വേഗം നീങ്ങി നിന്നു. ആ നിമിഷം മുതൽ ആണ് എൻ്റെ കണ്ണുകൾക്ക് അവള് മടുപ്പുള്ള ഒരു കാഴ്ചയായി മാറിയത്. ആലിയിലേക്ക് വീണ്ടൂം കണ്ണുകൾ നീണ്ടു തുടങ്ങിയത്… പിന്നീട് നച്ചുവിൻ്റെ കുറ്റങ്ങൾ മാത്രം ആയിരുന്നു ഞാൻ തേടിയത്… എന്നെ ചതിച്ചു സ്വന്തം ആക്കിയവളോട് ഉള്ള ദേഷ്യം ആണ് അവളോടുള്ള പെരുമാറ്റത്തിൽ നിറഞ്ഞു നിന്നത്…

അവൾ ചതിച്ചില്ലായിരുന്നു എങ്കിൽ എനിക്ക് സ്വന്തമായി മാറേണ്ടിയിരുന്ന ആലി എന്ന സ്വപ്നം, ഭാര്യയുടെ സുഹൃത്തായി തൻ്റെ മുൻപിൽ ഇരിക്കുമ്പോൾ, ഹൃദയം നോവേറ്റ് കരയുന്നത് ഞാൻ അറിഞ്ഞു… ഹൃദയസഖി ആവേണ്ടവളെ ഒരു സഖിയായി കാണേണ്ടി വരുന്നതിൽ ഉള്ള നോവായി സ്വയം അതിനെ വ്യാഖ്യാനിച്ചു. എന്നാല് തൻ്റെ ഹൃദയ സഖിയെ, ഹൃദയത്തില് വേരൂന്നിയവളെ തന്നിൽ നിന്ന് പറിച്ചു എറിയല്ലെ എന്നുള്ള അപേക്ഷ ആയിരുന്നു ആ തേങ്ങൽ എന്ന് ഞാൻ അപ്പോ അറിഞ്ഞില്ല… അറിയാൻ ശ്രമിച്ചില്ല… ആലിയുടെ സൗന്ദര്യത്തിൽ ആയിരുന്നു ശ്രദ്ധ അത്രയും. ആലിയുടെ ഭംഗി… അവളുടെ സ്മാർട്ട്നേസ്… ഡ്രസ്സിംഗ് സെൻസ്… ഏതൊരു ക്രൗഡിനെയും കയ്യിൽ എടുക്കാനുള്ള കഴിവ്, കുസൃതി, ആരും അറിയാതെ എനിക്ക് നേരെ എയ്യുന്ന അവളുടെ കള്ള നോട്ടങ്ങളും, അതിലെ പ്രേമ സന്ദേശങ്ങളും… അതായി പിന്നെ എൻ്റെ ലോകം… അവിടെ എൻ്റെ സന്തോഷത്തിന് കുറുകെ വീണൊരു പാഴ്മരം മാത്രം ആയി മാറിയിരുന്നു നച്ചു.

എന്നിൽ മാത്രം ഒതുങ്ങാൻ ആഗ്രഹിച്ച, എൻ്റെ സന്തോഷത്തിൽ മാത്രം സന്തോഷം കണ്ടെത്തിയിരുന്നത് കൊണ്ടാവാം, പെട്ടന്ന് എന്നിൽ ഉണ്ടായ മാറ്റം അവളെ വല്ലാതെ തളർത്തിയിരുന്നു. അവളുടെ നൊമ്പരം ഞാൻ അറിയുന്നുണ്ടായിരുന്നു. ഞാൻ അകന്നു മാറുമ്പോൾ, അവള് എന്നിലേക്ക് അടുക്കാൻ നോക്കുമ്പോൾ, അവജ്ഞ നിറഞ്ഞ ഒരു നോട്ടം കൊണ്ട് അവളെ മാറ്റി നിർത്തുമ്പോഴും ഒക്കെ… അവള് ഇഞ്ചിഞ്ചായി ഉള്ളിൽ മരിക്കുന്നത് അറിയാതെ ഇരുന്നിട്ടല്ല… എന്നെ ചതിച്ചവളോടു ഉള്ള ദേഷ്യം… ഒരിക്കൽ ആഗ്രഹിച്ചു, എന്നാല് ചതിയിലൂടെ എനിക്ക് നഷ്ടം ആയ തൻ്റെ സ്വപ്ന സുന്ദരി എനിക്കായി കാത്തിരിക്കുന്നു എന്നറിഞ്ഞതിൽ ഉള്ള ഉൾപുളകം… നച്ചുവിൻ്റെ ഭർത്താവിൽ നിന്ന് ആലിയുടെ കാമുകൻ ആവാൻ ഉള്ള ധൃതി ആയിരുന്നു മനസ്സ് നിറയെ… റൂം അടച്ചിട്ടിരുന്ന് മണിക്കൂറുകളോളം ആലിയോടു സംസാരിക്കുമ്പോഴും, ചാറ്റ് ചെയ്യുമ്പോഴും, സംസാരത്തിൻ്റെ ഗതിയും താളവും നിറവും മാറി മറിയുമ്പോഴും, ഉള്ളിൽ ഉണ്ടായ കുറ്റ ബോധത്തെ പ്രതികാരം ചെയ്തതിൻ്റെ ആത്മ സംതൃപ്തി എന്ന് സ്വയം പറഞ്ഞു തെറ്റിദ്ധരിപ്പിച്ചു….

നച്ചുവിനോട് രാവേറെ സംസാരിച്ചിരുന്നതെല്ലാം പ്രണയം മാത്രം നിറഞ്ഞു നിന്ന സംഭാഷണങ്ങൾ ആയിരുന്നു… അവളെ കുറിച്ചറിയാൻ ഉള്ള വ്യഗ്രത ആയിരുന്നു അപ്പോഴൊക്കെ… പക്ഷേ ആലിയോടുള്ള സംസാരത്തിൽ, പ്രണയം എന്ന് കരുതി ചെയ്തതിൽ എല്ലാം കാമം മാത്രം നിറഞ്ഞിരുന്നു… എന്നിട്ടും ഇതാണ് പ്രണയം എന്ന് ഹൃദയത്തെ തിരുത്താൻ ശ്രമിച്ചു കൊണ്ടിരുന്നു… ഇതാണ് പ്രണയം എങ്കിൽ, എന്തേ അന്ന് മനസ്സിന് കിട്ടിയിരുന്ന സംതൃപ്തി, ഇന്ന് വെറും ശാരീരികം ആയി മാത്രം പോലും ലഭിക്കുന്നില്ല എന്ന് ഹൃദയം തിരിച്ചു ചോദിച്ചത്, എപ്പോഴത്തെയും പോലെ കേട്ടില്ല എന്ന് നടിച്ചു. പലപ്പൊഴും ആലി ഞങ്ങളുടെ ഫ്ളാറ്റിൽ ഒരു നിത്യ സന്ദർശക ആയി… കൂടെ പലപ്പോഴും മറ്റു സുഹൃത്തുക്കളും കാണും… അവള് അവിടെ എത്തുമ്പോൾ തന്നെ എനിക്ക് മെസ്സേജ് അയക്കും… അതിനു കാത്തിരുന്നത് പോലെ ഞാനും ഫ്ലാറ്റിലേക്ക് തിരിക്കും. നച്ചുവിലേക്ക് അബദ്ധത്തിൽ പോലും ഒരു നോട്ടം പോലും വീഴാതെ എൻ്റെ ശ്രദ്ധ അത്രയും ആലിയിൽ തന്നെ ആവും…

എൻ്റെ ഒരു നോട്ടത്തിനായി കൊതിക്കുന്ന നച്ചുവിനെ മനപ്പൂർവ്വം കണ്ടില്ലെന്നു നടിക്കും… അല്ലെങ്കിൽ വെറും ഒരു ജോലിക്കാരി ആയി മാത്രം അവളെ കണ്ടു. കൂട്ടുകാർ അറിയാതെയുള്ള തലോടലുകളും, കള്ള നോട്ടങ്ങളും, അവളുടെ മുൻപിൽ വച്ച് തന്നെ അരങ്ങേറി… എന്നിട്ടും പരാതികൾ ഒന്നും പറയാതെ അവള് നിന്നു… അല്ലെങ്കിലും അവള് എന്ത് പരാതി പറയാൻ… ഇതൊക്കെ അവള് അർഹിക്കുന്നു. അങ്ങനെ ആയിരുന്നു കരയുന്ന മനസ്സിനെ പറഞ്ഞു പഠിപ്പിക്കാൻ ശ്രമിച്ചത്. അന്ന് ഒരു ദിവസം രാവിലെ കുളിച്ചൊരുങ്ങി എൻ്റെ ഒരു നോട്ടത്തിനായി കൊതിച്ച് തൻ്റെ ചുറ്റും അവള് നടക്കുന്നത് അറിയുന്നുണ്ടായിരുന്നു. പക്ഷേ മനപ്പൂർവ്വം ഗൗനിച്ചില്ല. ഇറങ്ങാൻ ആയപ്പോൾ ഓടി വന്നു തൻ്റെ നെറ്റിയിൽ ചന്ദനം തൊടാൻ വന്ന അവളുടെ കൈ തട്ടി എറിഞ്ഞു രൂക്ഷമായി നോക്കി… പെട്ടന്നുള്ള പ്രവർത്തിയിൽ അവളുടെ കണ്ണുകൾ നിറഞ്ഞത് ഞാൻ കണ്ടതാണ്… പക്ഷേ വീണ്ടും ഒരു നോട്ടം കൊണ്ട് പോലും കടാക്ഷിക്കാതെ എൻ്റെ പണിയിലേക്ക് തിരിഞ്ഞു. കാറിൻ്റെ കീ എടുക്കാൻ ആയി ചെല്ലുമ്പോൾ, അവള് അതെടുത്തു ഓടി വന്നിരുന്നു…

വൈകുന്നേരം നേരത്തെ വരുമോ എന്നുള്ള അവളുടെ ചോദ്യം വക വയ്ക്കാതെ, ഇറങ്ങി പോരുമ്പോൾ, പോവുന്ന വഴി ഞാൻ എന്തെങ്കിലും പറയുമെന്നോ, ഒന്ന് തിരിഞ്ഞു നോക്കുമെന്നോ പ്രതീക്ഷിച്ചാവാം അവള് ഞാൻ ലിഫ്റ്റിൽ കയറുന്നത് വരെ വാതിൽക്കൽ കാത്തു നിന്നു. ലിഫ്റ്റിൻ്റെ ഡോര് അടയുമ്പോൾ അവള് ഓടി വരുന്ന ഒച്ച കേൾക്കുന്നുണ്ടായിരുന്നു. വേണം എങ്കിൽ ഡോര് ഓപ്പൺ ചെയ്ത്, എന്താണ് എന്ന് ചോദിച്ചിട്ട് പോവാമായിരുന്നു… പക്ഷേ ചെയ്തില്ല… ചെയ്യാൻ നിർബന്ധിച്ച മനസ്സിനെ ശകാരിച്ചു നിർത്തി… അവളുടെ ആഗ്രഹം പോലേ വൈകിട്ട് നേരത്തെ ഇറങ്ങിയിരുന്നു… പക്ഷേ ഫ്ലാറ്റിലേക്ക് ആയിരുന്നില്ല പോയത്… ആലി എനിക്കായി കാത്തു നിൽക്കുന്നുണ്ടായിരുന്നു… അവൾക്കു ഒരുമിച്ച് കറങ്ങി നടക്കുമ്പോ, കുറ്റബോധം നിറയ്ക്കാൻ ശ്രമിച്ച ഹൃദയത്തെ ആലിയെ കാണിച്ചു, നഷ്ടപ്പെട്ടു എന്ന് കരുതിയ നിധിയെ കാണിച്ചു സന്തോഷിപ്പിക്കാൻ നോക്കി.

നീ കെട്ടിയ താലിയിൽ മുറുകെ പിടിച്ചു,രാവിലെ തൊട്ട് നിന്നെ കാത്തു വാതിൽക്കലേക്ക് പ്രതീക്ഷയോടെ കണ്ണും നീട്ടി ഇരിക്കുന്നവൾ ആണ് നിൻ്റെ നിധി എന്ന് പറയാൻ ശ്രമിക്കുന്ന ഹൃദയത്തെ മനഃപൂർവം കേട്ടില്ല എന്ന് നടിച്ചു. ഷോപ്പിങ്ങും മുവിയും, ഡിന്നറും ഒക്കെ കഴിഞ്ഞ്, തിരിച്ചു ആലിയെ ഹോസ്റ്റലിൽ ഇറക്കുമ്പോഴാണ് പെട്ടന്ന് ഓർത്തത് പോലെ അവള് ഇന്ന് നച്ചുവിൻ്റെ birthday ആണല്ലൊ എന്ന് അവള് പറയുന്നത്. എൻ്റെ നെഞ്ചൊന്ന് പിടഞ്ഞോ? എൻ്റെ ഒരു നോട്ടതിനായി പ്രതീക്ഷയൊടെ പിറകെ നടന്നവളുടെ മുഖം ഓർത്തപ്പോൾ കണ്ണുകൾ നിറഞ്ഞോ? എന്നാല് അതൊന്നും ശ്രദ്ധിക്കാതെ, ആലിയെ ഹഗ് ചെയ്തു ഇറക്കി വിട്ടു.അവള് സേഫ് ആയി ഹോസ്റ്റലിൽ കയറുന്നത് നോക്കി നിന്നു. അവള് അകത്തു എത്തി എന്ന് ഉറപ്പാക്കിയിട്ടാണ് ഞാൻ അവിടെ നിന്ന് ഫ്ലാറ്റിലേക്ക് തിരിച്ചത്. സ്പെയർ കീ വച്ച് ഡോര് തുറക്കുമ്പോഴേ കണ്ടു, എന്നെ കാത്തിരുന്നു ഉറങ്ങി പോയ നച്ചുവിനെ. ഒരിക്കൽ ഞാൻ ഏറെ ആഗ്രഹിച്ചു വാങ്ങി കൊടുത്ത ഒരു ലേസ് കൊണ്ടുള്ള സാരി ആണ് അവള് ഉടുത്തിരുന്നത്.

റെഡി മേട് ബ്ലൗസും അതിൻ്റെ കൂടെ വാങ്ങിയിരുന്നു. വല്ലാതെ സീ ത്രൂ ആണെന്ന് പറഞ്ഞു ഉടുക്കാതെ മാറ്റി വച്ചിരിക്കുകയായിരുന്നു അവള് അത്. എന്നെങ്കിലും ഒരിക്കൽ എനിക്കായി മാത്രം ഉടുക്കാൻ എന്ന് വാക്ക് തന്നിരുന്നു അന്ന്… പിഞ്ചു കുഞ്ഞിൻ്റെ നിഷ്കള്കതയോടെ ഉറങ്ങുന്നവളുടെ മുഖത്തേക്ക് നോക്കി നിന്നു കുറച്ചു നേരം… അവളിലേക്ക് അടുക്കാൻ ആഗ്രഹിച്ച ഹൃദയത്തെ അവളുടെ ചതിയുടെ കഥ പറഞ്ഞു തളർത്തി. അതോ അത് എൻ്റെ മനസ്സിലെ തന്നെ കുറ്റ ബോധം ആയിരുന്നോ? അറിയില്ല… എന്നോട് തന്നെ ഉള്ളതോ, അവളോട് ഉള്ളതോ എന്ന് അറിയാത്ത ദേഷ്യത്തിൽ, കീ ശക്തമായി കോഫീ ടേബിളിലേക്ക് ഇടുമ്പോൾ, അവള് ഉറക്കത്തില് നിന്ന് ഞെട്ടി എഴുന്നേറ്റു… എന്നെ കണ്ടതും സോഫയിൽ നിന്ന് ഉരുണ്ട് പിണഞ്ഞു ചാടി എഴുന്നേറ്റു നിന്നു. പെട്ടന്ന് എഴുന്നേറ്റപ്പോൾ അവളൂടെ സാരി മാറിൽ നിന്ന് താഴ്തേക്കു ഊർന്നു വീണു… പക്ഷെ അവള് വേഗം തന്നെ അത് നേരെയാക്കി. ഒരു നിമിഷം തല കുനിച്ചു നിന്നവൾ, ഒരു ദീർഘ ശ്വാസം എടുത്തു തൻ്റെ നേർക്ക് നോക്കി… കുറെ നാൾക്കു ശേഷം അവളുടെ മുഖത്ത് ഒരു പുഞ്ചിരി കാണുന്നത്. വല്ലാത്തൊരു ഭംഗി ഉണ്ടായിരുന്നു ആ ചിരിക്ക്… ഒരു പക്ഷേ ആലിയുടെ പുഞ്ചിരിയെക്കാൽ അധികം… ഒരു പക്ഷെ അല്ല… ഈ ചിരിക്ക് തന്നെ ആണ് അഴക്. ആലിയുടെ ഓർമ്മ വന്നതും, എനിക്ക് ദേഷ്യം ഇരച്ചു കയറുന്നത് അറിയുന്നുണ്ടായിരുന്നു…

“ആരെ കാണിക്കാൻ ആടി, ഒരുങ്ങിക്കെട്ടി വന്നിരിക്കുന്നത്???” അവളുടെ കണ്ണുകളിൽ കണ്ട പിടച്ചിൽ മാത്രം മതിയായിരുന്നു ആ വാക്കുകളുടെ മൂർച്ച എത്രത്തോളം ഉണ്ടായിരുന്നു എന്നറിയാൻ… അവ അവളുടെ ഹൃദയത്തെ തകർത്തു കളഞ്ഞു എന്നറിയാൻ… കരയാൻ പോലും മറന്നു, എന്നെ നോക്കി നിൽക്കുന്ന എൻ്റെ പെണ്ണിനോട് ഒരു വാക്ക് പോലും പറയാൻ ആവാത്ത വണ്ണം ആ നിമിഷം ഒരു കല്ലായി മാറിയിരുന്നു എൻ്റെ മനസ്സു. അവളെ വെറുപ്പോടെ നോക്കി റൂമിലേക്ക് നടക്കുമ്പോൾ കണ്ടു, എനിക്കായി അവള് ഒരുക്കി വച്ച വിഭവ സമൃദ്ധമായ സദ്യ… അടുത്തേക്ക് പോലും പോയി നോക്കാതെ, റൂമിലേക്ക് കയറി വാതിൽ കൊട്ടി അടയ്ക്കുമ്പോൾ ഹാളിൽ നിന്നു കേട്ട അവളുടെ പൊട്ടി കരച്ചിലിനെ പാടേ അവഗണിച്ചിരുന്നു. അവളെ വേദനിപ്പിച്ചതിൽ എനിക്ക് സന്തോഷം ആയിരുന്നു എങ്കിൽ പിന്നെ അവളുടെ കരച്ചിൽ എൻ്റെ ഹൃദയത്തെ കുത്തി നോവിച്ചതെന്തെ? എന്തിനായിരുന്നു കണ്ണുകൾ നിറഞ്ഞത്… ഒരു വാശിയൊടെ ഡ്രസ്സ് പോലും മാറാതെ ബെടിലെക്കു വീണത്.

കുറച്ചു കഴിഞ്ഞ്, അവള് കതകിൽ മെല്ലെ തട്ടുന്നത് കേട്ടിരുന്നു. പക്ഷേ വിളി കേൾക്കാനോ, വാതിൽ തുറക്കാനോ തോന്നിയില്ല… തളർന്ന ശബ്ദത്തില്, വളരെ പതിഞ്ഞ ഒച്ചയിൽ…” നച്ചിയെട്ടാ… കഴിച്ചിരുന്നോ?” എന്നുള്ള അവളുടെ ചോദ്യം കേട്ടു… രണ്ടു നിമിഷം കാത്തിട്ട്…” നച്ചിയെട്ടാ… ഭക്ഷണം എടുക്കട്ടെ…” എന്ന് വീണ്ടും അവള് ചോദിച്ചു… നേരിയ ശബ്ദം ആയിരുന്നു എങ്കിൽ പോലും, അത് ചെവിയിലെക്കു തുളഞ്ഞു കയറുന്നത് പോലേ ആണ് തോന്നിയത്. തലക്ക് മീതെ തലയിണ വച്ചു, ചെവി രണ്ടും അമർത്തി അടച്ചു കിടന്നു. പിറ്റേന്ന് വിഷ്ണുവിൻ്റെ engagement പാർട്ടി ആയിരുന്നു. കോളജിൽ കൂടെ പഠിച്ചിരുന്ന ഫ്രണ്ട്സിനായ് കൊടുക്കുന്ന പാർട്ടി ആണ്… കോളേജ് ഹീറോ ആയിരുന്ന എനിക്ക് നച്ചുവിനെ ഭാര്യ എന്ന് എല്ലാവർക്കും പരിചയപെടുത്താൻ കുറച്ചിൽ തോന്നി. അത് കൊണ്ട് അവളോട് പാർട്ടിയെ കുറിച്ച് ഒന്നും പറഞ്ഞില്ല. ആലിയുമായി പോയാൽ എനിക്ക് കിട്ടാൻ പോവുന്ന അസൂയ നിറഞ്ഞ നോട്ടങ്ങൾ ആലോചിച്ചപ്പോൾ രണ്ടാമതൊന്ന് ചിന്തിക്കാതെ ആലിയൊട് എൻ്റെ കൂടെ വരുന്നോ എന്ന് വിളിച്ച് ചോദിച്ചു. അവള് സന്തോഷത്തോടെ സമ്മതിക്കുകയും ചെയ്തു.

പക്ഷേ നല്ല പാർട്ടി വെയർ ഒന്നും ഇല്ല എന്ന് സങ്കടത്തോടെ പറഞ്ഞപ്പോൾ, അന്നുച്ചയ്ക്ക് തന്നെ അവളും ആയി മോൾലേയ്ക്ക് പോയി. ഒരു ടാസൽ lantern സ്ലീവ് റോസ് ഗോൾഡ് sequin bodycon മിനി ഡ്രസ്സ് ആണ് അവള് സെലക്റ്റ് ചെയ്തത്. കുറച്ച് expensive ആണ് എങ്കിലും, അവളുടെ സന്തോഷവും, അതിട്ടാൽ ഉള്ള അവളൂടെ ഭംഗിയും ആലോചിച്ചപ്പോൾ കൂടുതൽ ആലോചിക്കാതെ വേഗം വാങ്ങിച്ചു. അതിനു ചേരുന്ന ഷൂസും വാങ്ങി, പിന്നെ ഫുൾ ബോഡി ട്രീറ്റ്മെൻ്റ് ചെയ്യാൻ സ്പായിലും അവള് കയറിയപ്പോൾ ഒരു മടിയും കൂടാതെ ഞാൻ പണം ചിലവഴിച്ചു. കാരണം അവള് സുന്ദരി ആയിരിക്കേണ്ടത് എൻ്റെ ആവശ്യം ആയിരിന്നു. അവൾക്കായി കാത്ത് നിൽക്കുമ്പോൾ ഒരിക്കലും എന്നെ കൊണ്ടു മൂവായിരം രൂപയിൽ കൂടുതൽ ചിലവാക്കിക്കാത്ത നച്ചുവിനെ കുറിച്ച് ചിന്തിക്കാതെ ഇരുന്നില്ല. മൂവായിരം തന്നെ അവള് കരഞ്ഞു വിളിക്കും, ബിൽ കണ്ടാൽ… ആദ്യം ആദ്യം അവളൂടെ ഇഷ്ടത്തിന് എടുക്കട്ടെ എന്ന് കരുതി അവളെ കൊണ്ട് പോയിരുന്നത്… എന്നാല് പ്രൈസ് ടാഗ് കണ്ട് ഇഷ്ടം ആയ ഡ്രസ്സ് പോലും മാറ്റി വയ്ക്കുന്നവൾ എത്ര ചീത്ത പറഞ്ഞാലും കേൾക്കില്ല എന്ന് മനസ്സിലാക്കിയത് കൊണ്ട്, പിന്നെ എനിക്ക് ഇഷ്ടപ്പെട്ട ഡ്രസ്സുകൾ കാണുമ്പോൾ വാങ്ങിക്കാൻ തുടങ്ങി. അവളെ കുറിച്ചു ഓർത്തപ്പോൾ ഒരു നേരിയ പുഞ്ചിരി ചുണ്ടിൽ വിരിഞ്ഞു…

പക്ഷേ ആ ഓർമ്മകൾ മായ്ക്കാൻ എന്നോണം, ആലി പാർലറിൽ നിന്ന് ഇറങ്ങി വന്നു. അവളെ കണ്ട് അവളില് നിന്ന് കണ്ണെടുക്കാൻ ആവാതെ, ഞാൻ നിന്നു പോയി… അവള് വന്നു കണ്ണില് ഊതിയപ്പോൾ ആണ്, സ്ഥലകാല ബോധം വന്നത്… “Wow ആലി… You look stunning!!!”സ്വയം പോലും അറിയാതെ പറഞ്ഞു പോയി… അവള് നാണം നിറഞ്ഞ ഒരു ചിരി എനിക്കായി നൽകി… പക്ഷേ അതിൽ ലാസ്യം മാത്രം ആണ് നിറഞ്ഞു നിന്നത്… നച്ചുവിൻ്റെത് പോലേ അവളിലേക്ക് വലിച്ചടുപ്പച്ചടുപ്പിക്കുന്ന എന്തൊ ഒന്ന് അവളുടെ കണ്ണുകളില് കാണാൻ കഴിഞ്ഞില്ല… അതിനായ് തിരയുമ്പോൾ അവള് എന്നിലേക്ക് കൂടുതൽ ചേർന്നത് അറിഞ്ഞിരുന്നില്ല… ഷർട്ടിൻ്റെ കോളറിൽ പിടിച്ചു, മുഖം അടുപ്പിച്ചു അവള് എന്തോ പറയാൻ വന്നപ്പോൾ ആണ്, എന്താണ് സംഭവിക്കുന്നത് എന്ന് അറിഞ്ഞത്. ഒരു ഉൾപ്രേരണയിൽ അവളെ പിന്നിലേക്ക് തള്ളാൻ പോയത്തും സൈഡില് നിന്ന് ആരോ അവളെ വിളിക്കുന്നത് കേട്ടു…

തിരിഞ്ഞു നോക്കുമ്പോൾ ലയ ആണ്… നച്ചുവിൻ്റെയും ആലിയൂടെയും ഫ്രണ്ട്…. കൂട്ടത്തിൽ നച്ചുവിനോട് കാര്യം ലയയ്ക്ക് ആണെന്ന് പലപ്പൊഴും തോന്നിയിട്ടുണ്ട്… എല്ലാവരും എന്തെങ്കിലും ഒക്കെ പറഞ്ഞു, അവളുടെ നിറമോ, വില കുറഞ്ഞ ഡ്രസിനെ പറ്റിയോ, പുറകെ നടക്കുന്ന ആളുകളുടെ എണ്ണം എടുക്കുമ്പോ ആരും പുറകെ നടക്കാൻ ഇല്ല എന്ന് പറഞ്ഞോ ഒക്കെ നച്ചുവിനെ ബാക്കി എല്ലാവരും കളിയാക്കുമ്പോൾ, നച്ചു ചിരിച്ചു കൊണ്ട് ഇരിക്കും എങ്കിലും, ലയ എപ്പോഴും അവൾക്കായി വാദിക്കുന്നത് കേട്ടിട്ടുണ്ട്… പലപ്പോഴും ചൂടാവുന്നതും… ഒരു ബഹുമാനവും ഇഷ്ടവും അവളോട് കൂടുതൽ തോന്നിയിട്ടുണ്ട്. പക്ഷേ ഇന്ന് അവളുടെ മുഖത്തേക്ക് നോക്കാൻ പോലും ആവുന്നില്ല. ആലിയെ ആരുടെയോ കൂടെ കണ്ട് വിളിച്ചതാണ് അവള്… ഒരിക്കലും കൂടെ ഉള്ളത് ഞാൻ ആവും എന്ന് കരുതി കാണില്ല… പോരാത്തതിന് ആലിയുടെ ചേർന്നുള്ള നിൽപ്പു… എൻ്റെ നെഞ്ചിലാണ് ഇപ്പോഴും അവളുടെ കൈ… അവളുടെ കൈ എടുത്ത് മാറ്റാൻ നോക്കി എങ്കിലും, എൻ്റെ കൈയ്യിൽ അവളുടെ കൈ പിടി മുറുക്കി.

“നിങ്ങള് എന്താ ഇവിടെ? നച്ചു എവിടെ? ” രണ്ടു പേരെയും സംശയത്തോടെ മാറി മാറി നോക്കിയാണ് ചോദ്യം. കൂടെ ആലി പിടിച്ചു വച്ചിരിക്കുന്ന കൈകളിലേക്കും നോട്ടം പോവുന്നുണ്ട്. “നച്ചു ഇല്ലാ… ഞങ്ങൾ അവൾക്ക് ഒരു ഡ്രസ്സ് എടുക്കാൻ വന്നതാ…” ആലി ആണ് അത് പറഞ്ഞത്. എൻ്റെ നാവ് ആരോ കെട്ടിയിട്ടത് പോലേ… പൊങ്ങുന്നുണ്ടായിരുന്നില്ല… ലയ പുരികം കൂർപ്പിച്ചു എൻ്റെ കയ്യിൽ ഇരിക്കുന്ന ബാഗിലേക്ക് നോക്കി… ആ boutique ൽ കിട്ടുന്ന ടൈപ്പ് ഡ്രസ്സ് നച്ചു ഇടില്ല എന്ന് അവൾക്ക് അറിയുന്നുണ്ടാവണം. നിന്നിടത്ത് നിന്ന് ഉരുകുന്നതു പോലെ ആണ് തോന്നുന്നത്. അവൾക്കു ചതിക്കാം എങ്കിൽ എനിക്ക് എന്ത് കൊണ്ട് ആയിക്കൂടാ എന്ന് ഉളളിൽ നിന്ന് ആരോ ചോദിക്കുന്നുണ്ട്… പക്ഷേ അതിലും ഉറക്കെ നീ അവളെ ചതിക്കുന്നു എന്ന് ആരോ വിളിച്ചു പറയുന്നതാണ് ചെവിയിൽ മുഴങ്ങുന്നത്. “ശരി ലയ… ഇപ്പൊ കുറച്ചു തിരക്കുണ്ട്… Will talk to you, later… Come, നാഷ്… Let’s go…” അവള് കയ്യിൽ പിടിച്ചു മുൻപോട്ടു നടക്കുമ്പോൾ, ലയയുടെ മുഖത്തു നോക്കാതെ, ഒരു പാവയെ പോലേ പുറകേ പോവുകയേ നിവർത്തി ഉണ്ടായിരുന്നുള്ളൂ. കാറിൽ കയറി കഴിഞ്ഞും ഒന്നും സംഭവിക്കാത്തത് പോലെ ആണ് ആലി പെരുമാറിയത്.

അവള് വളരെ അധികം സന്തോഷവതി ആയിരുന്നു. എൻ്റെ മനസ്സിൽ പല തരം ചിന്തകള് കൊണ്ട് നിറഞ്ഞിരുന്നു… ഇടയ്ക്കെപ്പോഴോ അവള് കയ്യിൽ പിടിച്ചു തോളിലേക്ക് ചാഞ്ഞപ്പോൾ ആണ് ചിന്തകളിൽ നിന്ന് ഞെട്ടി ഉണർന്നത്… ഇത്രയും നേരം ഡ്രൈവ് ചെയ്യുകയായിരുന്നു എന്ന് വരെ മറന്നു കൊണ്ടാണ് ആലോചിച്ചു കൊണ്ടിരുന്നത്… ബ്ലോക്കിൽ കിടക്കുകയാണ് എന്ന് പോലും മനസ്സിലാക്കുന്നത് അപ്പോഴാണ്. ഒരു നിമിഷം നച്ചുവാണ് കൂടെ എന്ന് തോന്നിപ്പോയി… അവള് എപ്പോഴും എൻ്റെ തോളിൽ തല ചായ്ച്ചു ഇരുന്നാണല്ലോ വിശേഷങ്ങളും വിഷമങ്ങളും പറയാറ്… ആലിയുടെ പ്രവർത്തിയിൽ എന്ത് ചെയ്യണം എന്നറിയാതെ ഒരു നിമിഷം ഇരുന്നു. അവളുടെ കയ്യിൽ നിന്ന് കൈ എടുക്കാൻ തുടങ്ങുമ്പോൾ ആണ് അവള് പറഞ്ഞത്… “ഞാൻ ഇപ്പൊ വളരെ അധികം ഹാപ്പി ആണ് നാശ്… ഞാൻ ആഗ്രഹിച്ച ജീവിതം ആണിത്… നിന്നോട് കൂടെ… നിന്നോട് ചേർന്ന്… അതാണ് അവള് എന്നിൽ നിന്നും തട്ടി എടുത്തത്.

ഞാൻ ഇപ്പൊ ഇങ്ങനെ നിന്നോട് ചേർന്നിരിക്കുന്നത് ഒരു തെറ്റാക്കി അവള് മാറ്റിയത്… എൻ്റെ ഇഷ്ടം അറിഞ്ഞിട്ടും, എന്നോടുള്ള നിൻ്റെ ഇഷ്ടം അറിഞ്ഞിട്ടും മനപ്പൂർവ്വം പിരിച്ചതാണ് നമ്മളെ… അവളോട് എനിക്ക് ദേഷ്യം തോന്നുവാ, നാഷ്… ” അവളുടെ കണ്ണിൽ നിന്ന് അടർന്നു വീണ കണ്ണുനീർ അവൻ്റെ ഷർട്ടിൻ്റെ നനയിച്ചത് അവൻ അറിഞ്ഞു. സുഹൃത്തായി കണ്ടവളുടെ ചതി… ആ വിഷമം അവന് മനസ്സിലാകുന്നുണ്ടായിരുന്നു. അവളെ ആശ്വസിപ്പിക്കാൻ എന്നോണം യാന്ത്രികമായി അവളൂടെ നെറ്റിയിൽ ചുണ്ട് ചേർത്തു… ഓരോ വിഷമങ്ങൾ പറഞ്ഞൂ തേങ്ങുന്ന നച്ചുവിനെ സാധാനിപ്പിക്കാൻ ആയി ഉമ്മ വയ്ക്കുന്നത് പോലേ… ആലി തല ഉയർത്തി എന്തോ പ്രതീക്ഷിച്ചു എന്നത് പോലെ മുഖത്തേക്ക് നോക്കിയപ്പോഴാണ് നച്ചു അല്ല അത് എന്ന് ബോധോദയം ഉണ്ടായത്… അവളുടെ മുഖം തൻ്റെ അടുത്തേക്ക് അടുത്ത് വന്നതും, ബ്ലോക്ക് മാറി വണ്ടികൾ നീങ്ങി തുടങ്ങിയിരുന്നു. പെട്ടന്ന് ശ്രദ്ധ അവളില് നിന്ന് മാറ്റി റോഡിലേക്ക് പതിപ്പിച്ചു…

അവളും സ്വന്തം സീറ്റിലേക്ക് ചാഞ്ഞിരുന്നപ്പോൾ സമാധാനം ആയിരുന്നു മനസ്സിന്… ആലി പറഞ്ഞത് അനുസരിച്ചു, അവളെ ഹോസ്റ്റലിനു പകരം ആൻ്റീയുടെ വീട്ടിൽ ആണ് ഡ്രോപ് ചെയ്തത്. അപ്പോഴേക്ക് പാർട്ടി തുടങ്ങാൻ ഒന്നൊന്നോര മണിക്കൂർ മാത്രമേ ബാക്കി ഉണ്ടായിരുന്നുള്ളൂ… ഞാൻ നേരെ ഫ്ലാറ്റിലേക്ക് പോയി… തുടരും… അങ്ങനെ പോവുമ്പോൾ നച്ചു dead ബോഡി ആയി എന്ന് കാണിച്ചാലോ??? മാണ്ടല്ലെ??? എന്നാ പോട്ടു!!! ഞാനും പോവുന്നു… നാളെ വരാം…