19/04/2026

വേനൽമഴ : ഭാഗം 08

രചന – ഭദ്ര ശ്രീ

നിരഞ്ജന്റെ കാർ കോളേജിന് മുന്നിൽ മസിലുപിടിച്ചു നിന്നു, അനു അവന്റെ മുഖത്തു നോക്കി പല്ലിളിച്ചു. കാറിൽ നിന്ന് ഇറങ്ങാൻ തുടങ്ങിയ അനുവിനെ തടഞ്ഞു കൊണ്ട് നിരഞ്ജൻ പറഞ്ഞു.

“ഇറങ്ങാൻ വരട്ടെ…..”

അനു സംശയത്തോടെ നിരഞ്ജന്റെ മുഖത്തേക്ക് നോക്കി, അവൻ ഡ്രൈവിങ് സീറ്റിൽ നിന്നും നീങ്ങി അനുവിന്റെ അടുത്തേക്ക് നീങ്ങിവന്നു. അവന്റെ ആ നീക്കം അവളിൽ പരിഭ്രമമുണ്ടാക്കി. അവൻ അടുത്തേക്ക് വരും തോറും അനു തല പുറകോട്ടു ചരിച്ചുകൊണ്ടിരുന്നു, ശ്വാസഗതി വർദ്ധിക്കുന്നതും ഹൃദയമിടിപ്പ് കൂടുന്നതും അവളറിഞ്ഞു, പുറകിൽ സീറ്റിൽ തല തട്ടി, ഇനി രക്ഷയില്ല എന്ന് മനസിലായ അനു കണ്ണുകൾ ഇറുക്കിയടച്ചു, എന്താണ് സംഭവിക്കാൻ പോകുന്നതെന്നറിയാതെ എസിയുടെ കുളിരിലും അവൾ വിയർത്തു കുളിച്ചു.

അവൾക്ക് അടുത്തേക്ക് വന്ന നിരഞ്ജൻ പോക്കറ്റിൽ നിന്ന് ഒരു തൂവാല എടുത്ത് അവളുടെ സീമന്തരേഖയിലെ ചുവപ്പ് തുടച്ചു മാറ്റി, നെറ്റിയിൽ എന്തോ ഇഴയുന്ന പോലെ തോന്നിയവൾ കണ്ണുതുറന്നു നോക്കി അവന്റെ പ്രവർത്തി കണ്ടു ഞെട്ടിപ്പോയി.

“അയ്യോ എന്താ ഈ കാണിക്കണെ…..”

സിന്ദൂരരേഖയിൽ കൈവച്ച് അവനെ നോക്കി കണ്ണുനിറച്ചു, അവളുടെ മാറ്റം പ്രതീക്ഷിച്ചെന്ന പോലെ അവൻ അവളോട് ചോദിച്ചു.

“എന്തെ…. എന്തിനാ നീ ടെൻഷൻ ആവണേ…..?”

“കല്യാണം കഴിഞ്ഞ പെൺകുട്ടികൾ സിന്ദൂരം അണിയാതിരുന്നാൽ കേട് ഭർത്താവിനാ…..”

“ഇതൊക്കെ നിന്നോട് ആരാ പറഞ്ഞെ….”

“അച്ഛമ്മ അമ്മായിയോട് പറയുന്ന കേട്ടിട്ടുണ്ട് ഞാൻ…..”

“എന്റെ പൊന്നമ്മൂ അങ്ങനൊന്നും ഇല്ല, അതൊക്കെ ഓരോരോ അന്ധവിശ്വാസങ്ങൾ അല്ലേ….എനിക്കൊരു കേടും പറ്റൂല…

നീ ഇപ്പൊ പഠിക്കാനാ പോണേ, ചേച്ചിടെ കല്യാണം കൂടാൻ പോയിട്ട് നോക്കൂ എന്റെ കല്യാണം കഴിഞ്ഞു എന്നും പറഞ്ഞു കേറി ചെന്നാൽ അത് ശരിയാവോ, നമ്മള് കുറച്ചു പേര് മാത്രം അറിഞ്ഞ കാര്യം ഫ്ലെക്സ് അടിച്ചു വയ്ക്കുന്ന പോലെ ആവില്ലേ….

തത്കാലം ആരോടും ഒന്നും പറയാൻ നിക്കണ്ട, പിന്നെ പറ്റുമെങ്കിൽ ഇന്ന് തന്നെ ആ പയ്യനെ കണ്ടു സംസാരിക്കണം, മയത്തിൽ കാര്യം പറഞ്ഞാ മതി.

താലിചെയിൻ എടുത്തു ഡ്രെസ്സിന്റെ ഉള്ളിൽ ഇട്ടോ… വൈകുന്നേരം ഞാൻ വന്നു വിളിക്കാം ട്ടോ,….”

എല്ലാത്തിനും അനു തലകുലുക്കി സമ്മതിച്ചു. അവൾ ഇറങ്ങി പോകുന്നതും നോക്കി കുറച്ചു നേരം നിന്നിട്ടാണ് നിരഞ്ജൻ ഓഫിസിലേക്ക് പോയത്.

അനു പ്രതീക്ഷിച്ചിരുന്ന പോലെ ആരും ഒന്നും അറിഞ്ഞിട്ടുണ്ടായിരുന്നില്ല. അല്പം നേരത്തെയായത് കൊണ്ട് കുട്ടികൾ അധികമൊന്നും ഉണ്ടായിരുന്നില്ല. അനു വേഗത്തിൽ ക്ലാസ്സിലേക്ക് നടന്നു, അർജുനെ കണ്ടാൽ.., അർജുൻ എന്തെങ്കിലും ചോദിച്ചാൽ പറയാൻ മറുപടി ഒന്നും അവൾ കരുതിയിരുന്നില്ല. ഉള്ളിൽ അവനെ കാണരുതേ എന്ന പ്രാർഥനയായിരുന്നു അനുവിന്.

ക്ലാസ്സിൽ എത്തിയപ്പോൾ ആരും ഉണ്ടായിരുന്നില്ല, അവൾ ബാക്ക്ബെഞ്ചിൽ പോയിരുന്നു, ഡെസ്കിൽ ബാഗ് വച്ച് ഉള്ളിൽ നിന്ന് ഫോൺ എടുത്തു പ്രിയയുടെ നമ്പർ ഡയൽ ചെയ്തു. പക്ഷെ അവൾ ഫോൺ എടുത്തില്ല. അനു ഫോണും കൈയിൽ പിടിച്ചു ബാഗിന്റെ മുകളിൽ തല വച്ചു ഡെസ്കിലേക്ക് കിടന്നു, രണ്ട് സെക്കന്റ്‌ കഴിഞ്ഞപ്പോൾ ഫോൺ റിങ് ചെയ്തു, പ്രിയയാണ്.

“എന്താടി…..”

“നീ വരുന്നില്ലേ……”

“എവിടേക്ക്… ഞാൻ കോളേജിൽ പോവാ ടി പോത്തേ…..”

“ഞാൻ ക്ലാസ്സിലുണ്ട്, നീ എവിടാ…..”

“ങേ നീ വന്നോ….. ഞാൻ ദേ വരുന്നു, ഒരഞ്ചു മിനിറ്റ്…..”

പ്രിയയുടെ കാൾ കട്ട്‌ ആയതും അനു ദീർഘമായ് ഒരു ശ്വാസം എടുത്തു. കൃത്യം 5 മിനിറ്റിനോട്‌ 2 മിനിറ്റ് കൂടി ചേർത്തു വച്ചപ്പോൾ പ്രിയ ക്ലാസ്സിൽ എത്തിയിരുന്നു, അവളെ കണ്ടതും അനു ഓടിപോയി അവളെ കെട്ടിപിടിച്ചു.

“നീ എന്താടി ഒരാഴ്ച മാറി നിന്നപ്പോ ആകെയൊരു മാറ്റം….”

പ്രിയയുടെ ചോദ്യത്തിന് അനു വെറുതെ ഒന്ന് ചിരിച്ചു.

“നീ എന്റെ കല്യാണം കഴിഞ്ഞ കാര്യം ആരോടെങ്കിലും പറഞ്ഞോ….”

“ഏയ്‌ ഇല്ല എന്താടി….?”

അനു നിരഞ്ജൻ പറഞ്ഞതൊക്കെ പ്രിയയോട് പറഞ്ഞു.

“അത്രേ ഉള്ളൂ, അത് ഞാനേറ്റു…..”

അപ്പോഴേക്കും ക്ലാസ്സിൽ മറ്റു കുട്ടികൾ വരാൻ തുടങ്ങിയിരുന്നു, ഒരാഴ്ചയോളം ക്ലാസ്സ്‌ മിസ്സ്‌ ആയത് കൊണ്ട് നോട്ട് കളക്റ്റ് ചെയ്യാനും മറ്റുമായി അനു ബിസിയായി.

ക്ലാസ്സിൽ ടീച്ചർ പോയട്രി പഠിപ്പിക്കുമ്പോൾ കിളി പോയ അണ്ണാനെപോലെ അനു കണ്ണുംതുറിച്ച് ഇരുന്ന് പോയി. സിവനെ ഇതേത് ജില്ല….. ഒരാഴ്ച ക്ലാസ്സിൽ വരാത്തപ്പോൾ ഇങ്ങനെയൊക്കെ സംഭവിക്കൊ….. അനു കരഞ്ഞു പോയി.

“ഓൾ ദി ഡ്രീംസ് ലൈക് ട്വിങ്കിൾ സ്റ്റാർസ്..

ബട്ട്‌ വൈ…
ദി കോയിഫിഷ്യന്റ് ഓഫ് ലീനിയർ എക്സ്പാൻഷൻ ഈസ്‌ ദി പൊസിഷൻ ഓഫ് ദി ഹീമോഗ്ലോബിൻ ഇൻ ദി അറ്റ്മോസ്ഫിയർ
ബട്ട്‌ വൈ, ബട്ട്‌ വൈ….

ഹീ ഡസിന്റ് നോ ദി ബേസിക് ഓഫ് ഇംഗ്ലീഷ് ഗ്രാമർ…

എനിക്ക് grammer ഇല്ലടെയ്‌….

ഗോ എവേ സ്റ്റുപ്പിഡ്, ഇൻ ദി ഹൗസ് ഓഫ് മൈ വൈഫ് ആൻഡ് ഡാട്ടർ യു വിൽ നോട് സീ എനി മിനിറ്റ് ഓഫ് ദി ടുഡേ

ഹൗ ബൂട്ടിഫുൾ പീപ്പിൾസ്……”

അനുവിന്റെ ചെവിയിൽ നിന്നും കുരുവികൾ വട്ടമിട്ടു പറന്നു…

ഉച്ചക്ക് കഴിക്കാൻ അനു ആഹാരം എടുത്തിരുന്നില്ല, പ്രിയയുടെ പാത്രത്തിൽ നിന്ന് രണ്ടുപേരും ഓരോപിടി വാരിക്കഴിച്ച് പെന്റിങ് നോട്സ് എഴുതിയെടുക്കാനിരുന്നു,

“ഇതൊത്തിരിയുണ്ടല്ലോടീ പ്രിയേ…. ഇന്ന് തീരും ന്ന് തോന്നുന്നില്ല…”

“ആ നീയൊരു കാര്യം ചെയ്യ്‌, ഇതൊക്കെ നിന്റെ ബാഗിൽ എടുത്തു വച്ചോ, വീട്ടിൽ കൊണ്ടോയാ നിന്റെ കണവനെ കൊണ്ട് എഴുതിപ്പിക്കാ….”

“ആ പഷ്ട് ഒന്ന് പോയേടി….നീ വാ, നല്ല തലവേദന കാന്റീൻ വരേ പോയി വരാ….”

ബുക്സ് ബാഗിൽ എടുത്തു വച്ച് രണ്ടാളും കാന്റീനിലേക്ക് പോകാനിറങ്ങി. അപ്പോഴാണ് അനുവിന്റെ മൊബൈൽ ക്ലും ന്ന് ഒച്ചയിട്ടത്, മെസ്സേജ് അലേർട്ട് ആണ്. അവൾ മെസ്സേജ് ഓപ്പൺ ആക്കി.

“ആരാടി….”

“വേറെ ആര്, നിരഞ്ജൻ ഐപിഎസ്….”

ചെക്ക് വാട്സ്ആപ്പ്…..

“എന്തുവാ….”

“വാട്സ്ആപ്പ് നോക്കാനാ പറയണെ……”

അനു നെറ്റ് ഓൺ ആക്കി വാട്സ്ആപ്പ് ഓപ്പൺ ആക്കി, നിരഞ്ജൻ ഒരു ഫോട്ടോ സെൻറ് ചെയ്തിരുന്നു, കൂടെ ഏത് കളർ വേണം എന്നുള്ള ചോദ്യവും.

അവൾ ഫോട്ടോ ഓപ്പൺ ചെയ്തു, ഒരുപാട് ടെഡിബിയർ കൂട്ടിവച്ചേക്കുന്നു. അവൾ കൂട്ടത്തിൽ വലിയ മഞ്ഞ ടെഡിബിയർ മതിയെന്ന് റിപ്ലൈയും ചെയ്തു. അനുവിന്റെ മെസ്സേജ് ബ്ലൂടിക് വീണു അടുത്ത സെക്കൻഡിൽ തന്നെ അവന്റെ വിളിയും വന്നു.

“ഹലോ…..”

“നിന്നോട് ഞാൻ ചോദിച്ചതെന്താ ന്ന് കേട്ടോ….?”

“ആഹ് ഞാൻ റിപ്ലൈ അയച്ചതാണല്ലോ, ആ വല്യ ടെഡി മതി.. മഞ്ഞ…..”

“എടീ പോത്തേ പാവയല്ല, ഷൂ ഏത് കളർ വേണം ന്നാ ചോദിച്ചത്. നീ ജോഗിങ്ങിനു വരുമ്പോ നോർമൽ ചപ്പൽ അല്ലേ ഇടുന്നെ… നിന്റെ സൈസ് എത്രയാ….”

“ഏഴ്….”

“ഏത് കളർ വേണം….”

“ആഹ് ഏതേലും മതി….”

അവൾ താല്പര്യമില്ലാത്ത പോലെ പറഞ്ഞു കാൾ കട്ട്‌ ആക്കി.

“എന്താടീ….”

“ഒന്നൂല്ലെന്റെ പ്രിയേ… നീ വാ…..”

കാന്റീനിൽ പോയി രണ്ടു സിപ്അപ്പും വാങ്ങി തിരികെ പോരുന്ന കൂട്ടത്തിൽ ആണ് അനു അർജുനെ കണ്ടത്. ഒഴിഞ്ഞു മാറി പോകാൻ നോക്കിയേ അവർക്ക് മുന്നിൽ മാർഗതടസ്സമായ് നിന്നു അർജുനും സംഘവും. അവന്റെ മുഖത്തേക്ക് നോക്കാൻ ആവാതെ അനു തല കുനിച്ചു.

“വഴീന്ന് മാറ് ഞങ്ങൾക്ക് പോണം…..”

പ്രിയ പറഞ്ഞു.

“നീ പൊക്കോ, ആരാ പറഞ്ഞെ വേണ്ടാ ന്ന്…. എനിക്ക് സംസാരിക്കാനുള്ളത് ഇവളോടാ….”

അനുവിന് നേരെ വിരൽ ചൂണ്ടി അർജുൻ പറഞ്ഞു.

“ഞങ്ങൾക്കൊന്നും കേൾക്കാനില്ല, നീ വഴീന്ന് മാറി നിൽക്ക് അർജുൻ….”

പക്ഷെ അവന് ഒരു കുലുക്കവും ഇല്ലാതെ അവളെ തന്നെ നോക്കി നിന്നു.

“നല്ലൊരുത്തനെ കിട്ടിയപ്പോൾ നിനക്ക് എന്നെ വേണ്ടല്ലേ… ഇനി അവനെക്കാൾ ബെറ്റർ ആയ ഒരുത്തനെ കാണുമ്പോൾ നീ അവനെ കളയോ….”

അവന്റെ വാക്കുകൾ ഓരോന്നും കൂരമ്പുകൾ പോലെ അവളുടെ ഹൃദയത്തിൽ തറച്ചു കയറി. കണ്ണുകൾ അറിയാതെ നിറഞ്ഞു.

“നിനക്ക് എങ്ങനെ തോന്നിയെടി…. അത്ശരി, പെണ്ണിന് ചതിക്കാൻ ആരും പറഞ്ഞു കൊടുക്കണ്ടല്ലോ…. പോടീ പോ…. പക്ഷെ നീ ഒരുകാര്യം മനസ്സിൽ വച്ചോ…

എന്റെ ഭിക്ഷയാണ് നിന്റെ ഇപ്പൊ ഉള്ള ജീവിതം…. ഓർമിച്ചോ നീ….”

പ്രിയയുടെ കൈയിൽ പിടിച്ചു മുന്നോട്ട് നടക്കുമ്പോൾ കണ്ണുനീർ കാഴ്ചയെ മറച്ചിരുന്നു. ക്ലാസ്സിൽ എത്തി കരഞ്ഞുകൊണ്ട് ഡെസ്കിൽ തലവച്ച് കിടന്നു അനു. ക്ലാസ്സിൽ ഇരിക്കാൻ പറ്റാത്തതുകൊണ്ട് അനു പ്രിയയെയും കൂട്ടി ഇറങ്ങി.

പ്രിയ അവളുടെ സ്കൂട്ടിയിൽ അനുവിനെ വീട്ടിലാക്കി. അനു എത്തിയ പാടെ തലവേദന ആണെന്ന് പറഞ്ഞു റൂമിൽ കയറി. ഉള്ളിലെ സങ്കടം ഒന്നാകെ ആരും കാണാതെ പെയ്തുതീർക്കണമായിരുന്നു അവൾക്ക്.

❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

നിരഞ്ജൻ നാലരയോടെ അവൾക്ക് മെസ്സേജ് അയച്ചു നോക്കി, റിപ്ലൈ ഒന്നും കാണാത്തതുകൊണ്ട് അവൻ വിളിച്ചു നോക്കി, പക്ഷെ അവൾ എടുക്കുന്നുണ്ടായിരുന്നില്ല. ഒത്തിരി തവണ വിളിച്ചെങ്കിലും റെസ്പോൺസ് ഇല്ലാത്തത് കൊണ്ട് അവൻ അമ്മയെ വിളിച്ചു നോക്കി. അനു വീട്ടിൽ എത്തിയെന്നും തലവേദനയാണെന്നുമൊക്കെ അമ്മ പറഞ്ഞറിഞ്ഞ നിരഞ്ജൻ അല്പം വൈകിയാണ് ഓഫിസിൽ നിന്ന് ഇറങ്ങിയത്.

നിരഞ്ജൻ വീട്ടിലെത്തിയപ്പോൾ സമയം ഏകദേശം 7 മണി കഴിഞ്ഞിരുന്നു. എല്ലാവരും ഹാളിലുണ്ട്, ടീവിയും ഫോണും ഒക്കെ ആയി ഇരിപ്പുണ്ട്. അനുവിനെ അവിടെ എങ്ങും കാണാനുമില്ല. സാധാരണ ഞാൻ വരുന്ന സമയങ്ങളിൽ ചായ തരാറുള്ളത് അവളാണ്. വന്നിട്ട് അധികം നാൾ ആയില്ലെങ്കിലും അവൾ തന്റെ ജീവിതത്തിന്റെ ഒരു ഭാഗമായിക്കഴിഞ്ഞിരിക്കുന്നുവെന്ന് നിസാരം അവളുടെ സാമിപ്യമില്ലാതിരിക്കുമ്പോൾ അവൻ തിരിച്ചറിയുന്നുണ്ടായിരുന്നു.

സ്റ്റെയർ കയറി മുകളിൽ ചെല്ലുമ്പോൾ വാതിൽ തുറന്നു കിടക്കുകയായിരുന്നു,

“ഇവളെന്താ ലൈറ്റ് പോലും ഇടാത്തെ….?”

ചാരിയിരുന്ന വാതിൽ തുറന്നു മുറിയിലെ ലൈറ്റ് തെളിയിക്കുമ്പോൾ കിടക്കയിൽ മലർന്ന് കിടക്കുകയായിരുന്നു അനു. മുറിയിൽ ആകെ ഡ്രെസ്സും സാധനങ്ങളും വലിച്ചു വാരി ഇട്ടേക്കുന്നു.

നിരഞ്ജൻ അവളുടെ സമീപം ചെന്നു കാര്യം അന്വേഷിച്ചു.

“ന്താ അമ്മൂ എന്താ കിടക്കണേ… വയ്യേ….”

“ഒന്നൂല്ല….”

“എന്താടി, ഹോസ്പിറ്റലിൽ പോണോ….”

“ഒന്നൂല്ലാന്നല്ലെ പറഞ്ഞെ….”

അവന് നേരെ ഒച്ചയെടുത്ത് അനു ബാത്‌റൂമിലേക്ക് പോയി. ആദ്യമായാണ് അവൾ ഇങ്ങനെ ഒച്ചയിട്ട് നിരഞ്ജൻ കാണുന്നത്,

ബാത്‌റൂമിലേക്ക് പോകുന്ന അവളെ നോക്കിയപ്പോഴാണ് ഒരു കാര്യം അവന്റെ ശ്രദ്ധയിൽ പെട്ടത്, അവൾ ഇട്ടിരുന്ന ഫ്രോക്കിൽ പിറക്ഭാഗത്തു രക്തക്കറ, അവൾ കിടന്ന ബെഡ്ഷീറ്റിലും ഉണ്ട്,

ഒന്നും മിണ്ടാതെ അവളെ ഒറ്റക്ക് വിട്ട് നിരഞ്ജൻ വാതിൽ ചാരി പുറത്തേക്ക് ഇറങ്ങി. എന്ത് ചെയ്യണം എന്ന് അവന് കുറച്ചു നേരത്തേക്ക് ഒരു ഊഹവും ഉണ്ടായിരുന്നില്ല

“നീരൂ……”

നിരഞ്ജൻ നിരുപമയെ വിളിച്ചു, അവൾ താഴെ നിന്ന് വിളികേട്ട്കൊണ്ട് മുകളിലേക്ക് വന്നു.

“ന്തേയ്‌ അച്ചുമോനെ…..”

“നിന്റടുത്ത് നാപ്കിൻ ഉണ്ടോ…?”

“എന്താ ഏട്ടാ… കാണോ ന്തോ ഉറപ്പില്ല ഞാൻ നോക്കട്ടെ…..”

നിരഞ്ജൻ റൂമിലേക്ക് നോക്കിക്കൊണ്ട് നിരുപമയോട് പറഞ്ഞു.

“ഉണ്ടെങ്കിൽ ഒരെണ്ണം ഏട്ടത്തിക്ക് എടുത്തു കൊടുക്ക് ഞാൻ ഇപ്പൊ വരാം…”

“ആ ഏട്ടാ….”

നിരുപമ അവളുടെ റൂമിലേക്കും നിരഞ്ജൻ ബൈക്ക് എടുത്തു പുറത്തേക്കും പോയി. നീരു റൂമിൽ മൊത്തം തപ്പിപിടിച്ചു ഒരു നാപ്കിനുമായി അനുവിന്റെ റൂമിൽ എത്തുമ്പോൾ അവൾ ബാത്‌റൂമിൽ വെറും നിലത്തിരുന്ന് മുട്ടിൽ മുഖം ചേർത്തിരിക്കുകയായിരുന്നു. പാഡ് കിട്ടിയപ്പോൾ സ്വർഗം കിട്ടിയ സന്തോഷമായിരുന്നു അവൾക്ക്.

പുറത്തു പോയ നിരഞ്ജൻ പത്തുമിനിറ്റ് കഴിഞ്ഞപ്പോൾ തന്നെ തിരികെയെത്തി. അവൻ ഒരു പാക്കറ്റ് നിരുപമക്ക് കൊടുത്തു.

“എനിക്ക് ഇപ്പൊ വേണ്ട ഏട്ടാ….”

“എന്നാലും കൈയിൽ വച്ചോ….”

അവൻ മുറിയിലെത്തിയപ്പോൾ അനു കുളിക്കുകയായിരുന്നു, നിരഞ്ജൻ ബ്ലഡ്‌ സ്റ്റെയിൻ ആയ ബെഡ്ഷീറ്റ് മാറ്റിയിടുന്ന കണ്ടാണ് അവൾ ബാത്‌റൂമിൽ നിന്ന് വന്നത്.

“എന്താ ഈ കാട്ടണെ….ഞാൻ ചെയ്തോളാം ഇതൊക്കെ….”

“എന്താടോ… ഞാൻ ചെയ്യാൻ പാടില്ലാ എന്നുണ്ടോ….”

“എന്നാലും…..”

“ഒരു എന്നാലുമില്ല, താൻ റസ്റ്റ്‌ എടുക്ക്…..”

അവളുടെ കവിളിൽ മെല്ലെ തട്ടി അവൻ ഷീറ്റുമായി താഴേക്ക് പോന്നു, വാഷിംഗ്‌ മെഷീനിൽ സോപ്പ് പൊടിയിടുന്ന കണ്ട് അമ്മ ചോദിച്ചു.

“എന്താടാ ഈ നേരത്ത് ഒരു അലക്കല്, അവള് എന്തിയെ…. ”

“അവൾക്ക് വയ്യ അമ്മാ… പീരീടാ…..കുറച്ചു കഴിയുമ്പോൾ ഇതൊന്ന് ഓഫ് ചെയ്യണേ, ഞാനിപ്പോ വരാം….”

റൂമിൽ ചെല്ലുമ്പോൾ അനു ചെമ്മീൻ ചുരുണ്ടു കിടക്കുന്ന പോലെ ബെഡിൽ കിടക്കുവായിരുന്നു, നിരഞ്ജൻ പാഡ് അവൾക്ക് കാണത്തക്ക രീതിയിൽ മേശമേൽ എടുത്തു വച്ചു. അവൾക്കരികിൽ വന്നിരുന്നു നിരഞ്ജൻ ചോദിച്ചു,

“എന്തെ കിടക്കണേ….”

“വേദന ണ്ട്….”

വയറ്റിൽ കൈവച്ചു കിടന്നു കൊണ്ട് അനു കുറുകി. അവൻ മെല്ലെ അവളുടെ തലയിൽ തലോടി. താഴേക്ക് ഇറങ്ങി വന്നു നിരഞ്ജൻ അമ്മയോട് പറഞ്ഞു.

“അമ്മാ അവൾക്ക് വേദനാ ന്നാ പറയണേ…. ഹോസ്പിറ്റലിൽ കൊണ്ട് പോവേണ്ടി വരോ…..”

“അത് സാരോല്ലടാ വേദന ഒക്കെ ണ്ടാവും…. ആ നീ വാ ഒരു സൂത്രം ണ്ട്….”

അമ്മ അവനെയും കൊണ്ട് അടുക്കളയിലേക്ക് പോയി, ചെറിയൊരു പാത്രം വച്ചു വെള്ളം തിളപ്പിച്ച്‌ അതിൽ ഒരു സ്പൂൺ ഉലുവ ഇട്ട് വീണ്ടും തിളപ്പിച്ചു. അതൊരു ഗ്ലാസിൽ അരിച്ചെടുത്ത് ആറ്റി അവന്റെ കൈയിൽ കൊടുത്തിട്ട് അമ്മ പറഞ്ഞു.

“നീ ഇത് കൊണ്ടോയി കൊടുക്ക്, എന്നിട്ടും കുറഞ്ഞില്ലേ ആശുപത്രിയിൽ കൊണ്ടോവാം…”

അവൻ അതുമായി മുറിയിൽ എത്തിയപ്പോഴേക്കും അവൾ മയക്കം പിടിച്ചിരുന്നു. അവളെ വിളിച്ചുണർത്തി ഉലുവ വെള്ളം കുടിപ്പിച്ചു നിരഞ്ജൻ. കുറച്ചു സമയം കൊണ്ട് തന്നെ അവൾ ആകെ വാടിതളർന്ന ചേമ്പിൻതണ്ട് പോലെയായിരുന്നു.

✨തുടരും