രചന – മേദിനി കൃഷ്ണൻ
ഞാൻ ആദ്യം മരിക്കുന്നത് എന്റെ അമ്മയുടെ ഗർഭപാത്രത്തിൽ വച്ചായിരുന്നു. മൂന്നാമത്തെ കുട്ടി വേണോ വേണ്ടയോ എന്ന ചിന്തയിൽ എന്റെ അമ്മ വാരി വിഴുങ്ങിയ വിഷത്തിന്റെയും പപ്പായ കറയുടെയും ഇടയിൽ കിടന്നു പൊക്കിൾകൊടിയുടെ അറ്റം കഴുത്തിൽ കുരുങ്ങി ഞാൻ ശ്വാസം മുട്ടി മരിച്ചു.
രണ്ടാമത് ഞാൻ മരിക്കുന്നത് പതിനൊന്നാം വയസ്സിലാണ്. അച്ഛന്റെ അടുത്ത സുഹൃത്തിന്റെ ബലിഷ്ഠമായ കരങ്ങൾക്കുള്ളിൽ എന്റെ ചെറിയ മാറിടത്തിനു താങ്ങാൻ പറ്റാത്ത വേദന സമ്മാനിച്ച അന്ന്.. കയ്യിൽ കിട്ടിയ തുരുമ്പിച്ച ഒരു ബ്ലേഡിൽ അയാളുടെ വലതു കൈയിലെ മാംസം വരഞ്ഞു കീറി പകയോടെ നിന്ന നിമിഷം.. കാമത്തിന്റെ വിഷരക്തം മാംസത്തിൽ പുരണ്ടു ഞാൻ വിറങ്ങലിച്ചു മരിച്ചു വീണു..
പിന്നെ ഞാൻ മരിക്കുന്നത്..
ഇരുപതാമത്തെ വയസ്സിൽ..
ജാതിയുടെയും പണത്തിന്റെയും പേരും പറഞ്ഞു വീട്ടുകാർ വിലക്കിയപ്പോൾ പ്രണയിച്ച പുരുഷൻ തല താഴ്‌ത്തി എനിക്ക് മുന്നിൽ നിന്നും ഇറങ്ങി നടന്ന ദിവസം…
അന്ന് നല്ല മഴയായിരുന്നു..
പ്രണയത്തിന്റെ വിഷം ഹൃദയത്തിൽ തീണ്ടി ഞാൻ നീലച്ചു ആ മഴയിൽ മരിച്ചു വീണു…
പിന്നെ ഞാൻ മരിച്ചത് എന്റെ കല്യാണത്തിന്റെ അന്ന്..
ആദ്യരാത്രിയിൽ..
വെളുത്ത വിരിയിൽ പൊട്ടിയൊലിച്ചു വീണ ചുവന്ന രക്തത്തുള്ളിയിലേക്ക് നോക്കി “നീ വേറെയാരുടെയും കൂടെ ഇത് വരെ കിടന്നില്ലേ.. “എന്ന പുച്ഛം കലർന്ന ഭർത്താവിന്റെ ചോദ്യം കേട്ടപ്പോൾ താലിമുന തൊണ്ടക്കുഴിയിൽ കുത്തിയിറങ്ങി ശ്വാസം മുട്ടി പിടഞ്ഞു ഞാൻ മരിച്ചു..
പിന്നെ കുറച്ചു നാളത്തേക്ക് മരിക്കാൻ നേരം കിട്ടിയില്ല..
കിടക്കവിരിയിലെ ചുളിവുകൾ നിവർത്തിയും കുടഞ്ഞും, അടുക്കളയിലെ രസക്കൂട്ടുകളിൽ മുങ്ങി നിവർന്നും, എച്ചിൽപാത്രങ്ങളിൽ വിരലുകളോടിച്ചും,
വിഴുപ്പുഭാണ്ഡങ്ങൾ അലക്കി വെളുപ്പിച്ചും തറയിലെ പൊടിയിൽ നൃത്തം ചെയ്തും നേരം കളഞ്ഞതിനാൽ മരിക്കാൻ നേരം കിട്ടിയില്ല.പിന്നെ മരിക്കുന്നത് നാൽപ്പത്തിയഞ്ചാം വയസ്സിലാണ്..
“അമ്മ അമ്മയുടെ കാര്യം നോക്കിയാൽ മതി.. എന്റെ കാര്യം നോക്കാൻ എനിക്കറിയാം “എന്ന് മകൻ നിവർന്നു നിന്ന് പറഞ്ഞപ്പോൾ..
ഗർഭപാത്രം കലങ്ങി മറിഞ്ഞു താഴെ യോനിയിലൂടെ പുറത്തേക്ക് പൊട്ടിയൊഴുകി.. തുടകൾക്കിടയിൽ മുറിഞ്ഞൊഴുകിയ ചോരപ്പുഴ… അന്ന് രക്തം വാർന്നു വിളറി വെളുത്ത് ശേഷിയില്ലാതെ ഞാൻ മരിച്ചു വീണു.
പിന്നെ പിന്നെ മരണങ്ങളുടെ തുടർക്കഥയായിരുന്നു. ഇടയ്ക്കിടെ നരച്ച മുടി മിനുക്കിയെടുത്തു മരണത്തിന്റെ മുഖത്തേക്കു നോക്കും.
ചുളിഞ്ഞ തൊലിക്കും ക്ഷീണിച്ച വൃദ്ധഞരമ്പുകൾക്കുമിടയിൽ തേരോടുന്ന പ്രാണനെ കണ്ടു മരണം ഒരു വിളറിയ ചിരി ചിരിക്കും..
അപ്പോഴേക്കും ഞാനും മരണവും സുഹൃത്തുക്കളായിരുന്നു.ഇനി നിങ്ങൾക്കറിയണ്ടേ ഞാൻ എപ്പോഴാണ് ശരിക്കും മരിച്ചതെന്ന്..
ഒരു പിടി എള്ളും കറുകനാമ്പും ചോറും കുഴച്ചെടുത്തുരുട്ടിയ ബലിചോറിൽ ഒരു ജന്മത്തിനു മോക്ഷം കൊടുത്തുവെന്നു സ്വയം വിശ്വസിച്ചു എന്റെ ഭർത്താവും മകനും ഉമ്മറത്തു ആണിയടിച്ചുറപ്പിച്ച എന്റെ ഫോട്ടോയിലെ ഞാൻ ചിരിച്ച ചിരി എന്റെ തന്നെ ആത്മാവിൽ തറഞ്ഞു കയറി ഞാൻ…. ഞാൻ ശരിക്കും മരിച്ചു. ഇനി ഒരിക്കലും പ്രാണന്റെ സൂചിമുനയിലേക്ക് ഉയിർത്തെഴുന്നേൽക്കാൻ കഴിയാത്ത വിധം മരണത്തിനു കീഴടങ്ങി..

by