18/04/2026

തുമ്പി : ഭാഗം 02

രചന – വൈദേഹി വൈഗ

“എടാ കണ്ണാ… കണ്ണാ… ” ” ഹാ… എന്താ അമ്മേ.. എന്തിനാ ഇങ്ങനെ കിടന്നു വിളിക്കുന്നെ ” ” ഈ കൊച്ചു ഇവിടെ വന്നു കാത്തു നിക്കാൻ തുടങ്ങിയിട്ട് എത്ര നേരായി ന്നു വല്ല ചില ചിന്തയും ണ്ടോ?… ഇങ്ങനെ ബോധം ഇല്ലാത്തൊരു സാധനം.. രണ്ടു മൂന്നു ദിവസായി കുറച്ചു കൂടുതലാ ” അമ്മ പറയുന്നതിലും കാര്യം ഉണ്ട്.. ഇപ്പൊ ഏത് സമയവും സ്വപ്നം കാണലാണല്ലോ പണി.. ദേ ഇപ്പൊ തന്നെ അരുണിനെ അവിടെ ഇരുത്തി കുളിക്കാൻ കയറീട്ട് മണിക്കൂർ ഒന്നവാറായി.. തുമ്പിയെ ഉള്ളു മനസ് നിറയെ.. അവളോട്‌ എങ്ങനെയെങ്കിലും തന്റെ ഇഷ്ടം തുറന്നു പറയണം.. ഇനിയും അരുണിനെ ഇരുത്തിയാൽ അവന്റെ വായിലിരിക്കുന്ന നല്ല പച്ച തെറി കേൾക്കേണ്ടത് ആലോചിച്ചപ്പോൾ വേഗം റെഡി ആയി താഴേക്കു ചെന്നു.. “ആ മച്ചാനെ… എന്ന പോവാം ” ” എന്റെ കണ്ണാ.. ഇതെന്തൊരു കുളിയാടാ.. ഒരു പെണ്ണ് മനസിലേക്ക് കയറിയപ്പോളാഴേക്കും നാടും നാട്ടാരേം മറക്കാൻ തുടങ്ങിയോ..

ഹാ വാ കണാരേട്ടന്റെ ചായക്കട വരെ നടന്നിട്ട് വരാം…” ” ആ വാ പോവാം ” ” അല്ല മോനെ.. എന്താ നിന്റെ പരുപാടി.. ഇതിങ്ങനെ മനസ്സിലിട്ടു നടക്കാനാണോ ഉദ്ദേശം.. അത്‌ ആണുങ്ങൾക്ക് പറ്റിയ പണിയല്ലട്ടോ.. “ഏയ്യ്.. അല്ലടാ.. ഞാൻ അവളോട്‌ പറയും. പക്ഷെ ഇത്ര പെട്ടന്ന് വേണ്ടല്ലോ.. കുറച്ചൂടെ കയ്യട്ടെ.. ” ” ആ നീയിങ്ങനെ അവളോട്‌ പറയാതെ ദിവാസ്വപ്നവും കണ്ടോണ്ട് നടന്നോ.. നാളെ വല്ല ആൺപിള്ളേരും കൊത്തിക്കൊണ്ട് പോവുമ്പോൾ നിന്ന് മോങ്ങാൻ നിക്കണ്ട.. പറഞ്ഞേക്കാം ” ” എടാ.. അവള് അങ്ങനെ വേറെ ആരെയെങ്കിലും നോക്കുമോ ” “ഏയ്യ് ഇല്ലടാ.. നിനക്ക് വേണ്ടി വര്ദ്ധം നോറ്റു ഇരിക്കും.. ” എന്നാ പറയാം.. അല്ലെ..” “പിന്നല്ലാണ്ട്.. ഇന്നു തന്നെ പറ .. അതാ നല്ലത്.. ” ഇന്നോ.. അത്‌ വേണോ നാളെ പറഞ്ഞാൽ പോരെ.. ” “പോരാ.. ഇപ്പൊ നമ്മള് കണാരേട്ടന്റെ കടയിലേക്കല്ലേ പൊന്നെ.. അതുവഴിയാണല്ലോ അവള് സ്കൂൾ വിട്ടു വരുന്നേ.. അപ്പൊ പറയാം ”

” ഹാ ശ്രമിക്കാം ” “ശ്രമിക്കാം ന്നോ.. ദേ ഒറ്റ വീക്ക് വെച്ച് തരും.. മിണ്ടണ്ട് നടന്നോണം.. സമയം മൂന്നരയായി.. നാല് മണിക്ക് സ്കൂൾ വിടും ” ഇനിയും വേണ്ടാന്ന് പറഞ്ഞാൽ അവന്റെ വായിൽന്നു പുര പാട്ട് കേൾക്കേണ്ടി വരും.. അതുകൊണ്ട് മിണ്ടാതെ അവന്റെ പുറകെ കണാരേട്ടന്റെ കടയിലേക്ക് നടന്നു “ഡാ ഡാ.. നോക്ക്.. അവള് വരുന്നുണ്ട്.. ചെല്ലെടാ.. ” “എന്റെ ദേവി.. ഇത്ര പെട്ടന്ന് നാല് മണിയായോ..” “ഇല്ല.. സമയം നിന്നേം കാത്ത് നില്ക്കും.. ഒന്ന് പോയി പറ കോപ്പേ.. ” അവനെന്നെ ഉന്തിത്തള്ളി വിട്ടു.. “തുമ്പി… ” കൂട്ടുകാരികളുടെ ഒപ്പം സംസാരിച്ചു നടക്കുകയായിരുന്ന അവള് എന്റെ വിളി കേട്ടു തിരിഞ്ഞു നോക്കി.. എന്റെ സാറേ.. ഈ പെണ്ണിന് ഇത്എന്തൊരു മൊഞ്ചാ.. “ഹല്ല ആരിത് കണ്ണേട്ടനോ.. എന്താ കണ്ണേട്ടാ ഇവിടെ.. ” “ഏയ്യ് ഒന്നുല്ല തുമ്പി.. ഞാൻ വെറുതേ… നമ്മൾക്ക് വെറുതെ സംസാരിച്ചു നടന്നാലോ.. ഞാൻ വീട്ടിലേക്കു പോവാൻ നിന്നപ്പോഴാ തന്നെ കണ്ടേ.. ” “മം ” “വീട്ടിൽ അച്ഛനും അമ്മയ്ക്കും ഒക്കെ സുഖല്ലേ.. കുറേ ആയി ശാരദേച്ചിയേം വാസു എട്ടനേം ഒക്കെ കണ്ടിട്ട് ”

“സുഖം ആണെന്ന് പറഞ്ഞാൽ അത്‌ കള്ളത്തരം ആവും കണ്ണേട്ടാ.. ” “എന്തേ ” “അച്ഛൻ കിടപ്പിലായിട് രണ്ടു വർഷം കഴിഞ്ഞിരിക്കണൂ.. ഒരു ഭാഗം തളർന്നു പോയി.. അമ്മ വീട്ടുവേലക്കു പോയി ഇപ്പൊ കുടുംബം നോക്കുന്നു.. ” “ഉവ്വോ.. ന്നിട്ട് ഇതൊന്നും ഞാൻ അറിഞ്ഞില്ലാലോ.. ” “മം ” “താൻ നന്നായി പഠിക്കണം കേട്ടോ.. എല്ലാം ശെരിയാവും ” “മം ” “തുമ്പീ… ” “മം എന്താ കണ്ണേട്ടാ.. ” “അതെയ്.. ” ” ന്താ കണ്ണേട്ടാ.. മടിക്കാതെ കാര്യം പറഞ്ഞോളൂ. ” “എനിക്ക് തന്നോട് കുറച്ചു സംസാരിക്കാനുണ്ടായിരുന്നു ” “എന്താ.. പറഞ്ഞോ കണ്ണേട്ടാ ” ” അത്‌… അത്‌ ഇപ്പോ വേണ്ട.. നാളെ രാവിലെ കാവില് വരുവോ താൻ.. ” “മം.. വരാം.. ” ” എന്ന ശെരി.. താൻ നടന്നോ.. ” “മം ” അവള് നടന്നു നീങ്ങുന്നതും നോക്കി അവിടെ അങ്ങനെ കുറച്ചു നേരം നിന്ന്.. അപ്പഴാണ് എന്നേം കാത്തു നിക്കുന്ന ചങ്കിനെ ഓർമവന്നത്..

അവനെ ഓർത്തപ്പോൾ അവിടെ അതികം നിൽക്കാൻ തോന്നിയില്ല.. ഉന്തിത്തള്ളി വിട്ടിട്ടു കാര്യം പറയാതെ വന്നതിനു അവന്റെ വായിലിരിക്കുന്നതും കേൾക്കേണ്ടി വരുമാല്ലോ.. “ഡാ പറഞ്ഞോ ” “ഇല്ലടാ.. പറയാൻ പറ്റിയില്ല.. നാളെ പറയാം..” “ഹാ നീയിങ്ങനെ ലോട്ടറി കച്ചവടക്കാര് പറയുന്നു പോലെ നാളെ… നാളെ ന്നും പറഞ്ഞു നടന്നോ.. അവസാനം നീളേ.. നീളേ ആവാതിരുന്നമതി.. ” “ആ ഇവളു ഒരുകണക്കിന് ലോട്ടറി തന്നാടാ…. ഇത് അതികം നീളില്ല.. മിക്കവാറും നാളെ തന്നെ ഈ ലോട്ടറി കണ്ണന് സ്വന്തമാവും ” ” ആ കണ്ടറിയാം ” നാളെയെങ്കിലും വിറയ്ക്കാതെ കാര്യം പറയാൻ പറ്റണെ ന്റെ ദേവീ.. നീയേ തുണ….

തുടരും…….