രചന – ഭവ്യ ഭാസ്കരൻ
മൈഥിലി ഒരു വശത്തേക്ക് ചെരിയാൻ ഒരു പാഴ് ശ്രെമo നടത്തി നോക്കി.
അമ്മേ.. വേദന കാരണം അവൾ നിലവിളിച്ചു.
വീഴാൻ പോയ മൈഥിലിയെ മധു വന്നു താങ്ങി പിടിച്ചു.
എന്താ മോളെ കാണിക്കുന്നേ… അയാൾ സങ്കടത്തോടെ ചോദിച്ചു.
അച്ഛാ.. ഞാൻ.. എനിക്ക് ജീവിക്കണ്ട അച്ഛാ..
മോളെ…?
കണ്ണുനീർ തുടച്ചു കൊണ്ടവളെ അയാൾ നേരെ കിടത്തി.
ഒന്നും ആലോചിച്ചു വിഷമിക്കേണ്ട എല്ലാം ശെരിയാവും അവളുടെ കവിളിൽ തലോടി കൊണ്ടയാൾ പറഞ്ഞു.
നോവിൽ കലർന്ന പുഞ്ചിരി അവളുടെ മുഖത്ത് തെളിഞ്ഞു.
കണ്ണുനീർ മറക്കാൻ വേണ്ടി അയാൾ പുറത്തേക്കു നടന്നു.
എന്നെ ഇങ്ങനെ ഇഞ്ചി ഇഞ്ചിയായി കൊല്ലുന്നതിനു ഭേദം എന്നെ അങ്ങോട്ടു വിളിച്ചൂടെ ഭഗവാനെ… മൈഥിലി മൗനമായി പ്രാർത്ഥിച്ചു.
🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂
കല്യാണി രണ്ടുപേരുടെ മുന്നിലേക്ക് പാലും വെള്ളം നീക്കി വച്ചു.
രണ്ടു പേരും പാലും വെള്ളം കുടിച്ചു.
വാ.. അവരെ വിളിച്ചു കൊണ്ട് കല്യാണി ക്യാന്റീനിൽ നിന്നും ഹോസ്പിറ്റലിനു സൈഡിൽ ഉള്ള മരചുവട്ടിൽ പോയിരുന്നു.
അമ്മമ്മ പറയുന്നത് മക്കൾ ശ്രെദ്ധയോടെ കേൾക്കണം.
അമ്മക്ക് ഇനി എണീറ്റു നടക്കാൻ കഴിയില്ല.
ഒരിക്കലും അമ്മ ഇനി എഴുന്നേറ്റു നടക്കില്ലേ.. അമ്മമ്മേ.. അച്ചു ചോദിച്ചു.
ഇല്ല മോനെ. ശബ്ദം ഇടറിക്കൊണ്ട് കല്യാണി പറഞ്ഞു.
അച്ചുവിന്റെ ചിന്നുവിന്റെ മുഖം വാടി.
അമ്മയോട് ഇനി ഇതിനെ കുറിച്ച് രണ്ടുപേരും ചോദിക്കരുത്. അമ്മക്ക് സങ്കടമാവും.
ഇല്ല, ചോദിക്കില്ല. അച്ചു പറഞ്ഞു.
പിന്നെ ഹോസ്പിറ്റലിൽ നിന്ന് അമ്മയെ അമ്മമ്മ അമ്മമ്മടെ വീട്ടിലേക്ക് കൊണ്ട് പോവും. നിങ്ങൾ അച്ഛനൊപ്പം വീട്ടിലേക്ക് തിരിച്ചു പോണം.
ഞങ്ങളും അമ്മയോടൊപ്പം വരാം. അച്ചു പറഞ്ഞു.
അതു വേണ്ട മക്കളെ നിങ്ങളെ കാണുമ്പോൾ അമ്മക്ക് സങ്കടമാവും. പിന്നെ നിങ്ങൾക്ക് സ്കൂളിൽ പോവണ്ടേ. ആഴ്ചയിൽ ഒരിക്കൽ മുത്തശ്ശൻ നിങ്ങളെ കൊണ്ടുവരാൻ വരും. അമ്മമ്മ പറയുന്നത് കേൾക്കണം. അമ്മയെ നന്നായി നോക്കേണ്ടേ. മക്കൾ കൂടി വന്നാൽ അമ്മമ്മക്ക് എല്ലാം കൂടി ചെയ്യാൻ പറ്റില്ല. അതുകൊണ്ട് അച്ഛനൊപ്പം നിങ്ങൾ പോണം.
മ്മ്. അവർ തലയാട്ടി.
അപ്പോ പെട്ടെന്ന് അമ്മയെ കാണാൻ തോന്നിയാലോ.. ചിന്നു ചോദിച്ചു.
അപ്പോ അമ്മമ്മയെ വിളിച്ചാൽ മതി.
കല്യാണി അവരെ ചേർത്തു പിടിച്ചു.
ഭാഗവാനെ ഈ പരീക്ഷണം താങ്ങാനാവുന്നില്ല. ചെയ്തു പോയ പാപം എത്ര വലുതായിരുന്നു എന്ന് ഇന്ന് ഞാൻ മനസിലാക്കുന്നു. ഒരിക്കലും തിരുത്താൻ കഴിയാത്ത മഹാ പാപം ചെയ്തു പോയി. അവർ മൗനമായി വിതുമ്പി.
🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂
നാളുകൾ നീങ്ങി… മൈഥിലിയെ കല്യാണി വീട്ടിലേക്ക് കൊണ്ട് പോയി. കുട്ടികളെ കൃഷ്ണൻ വന്നു കൊണ്ട് പോയി.
ഇടക്ക് കുട്ടികൾ വന്നു മൈധിലിയെ കണ്ടു പോവും. അവരും ആ ജീവിതവുമായി പൊരുത്തപ്പെട്ടു തുടങ്ങിയിരുന്നു.
അച്ചു പ്രായത്തിൽ കവിഞ്ഞ പക്വത കാണിച്ചു തുടങ്ങി. ഏട്ടന്റെ സ്ഥാനത്തു നിന്ന് ചിന്നുവിന്റെ കാര്യങ്ങൾ എല്ലാം അവൻ ചെയ്യാം തുടങ്ങി.
കൃഷ്ണൻ വീട്ടിലെ ജോലിയും മില്ലിലെ കാര്യങ്ങളും ഒരുമിച്ച് കൊണ്ടു പോവാൻ നന്നേ പാടു പ്പെട്ടു.
മുട്ടിലെ നീരു കാരണം ഭാരതി പുറത്തേക്കു ഇറങ്ങാതായി. രാമ നാമം ജപിച്ചു നാളുകൾ ഓരോന്നായി അവർ തള്ളി നീക്കി.
മാസങ്ങൾ പിന്നെയും കടന്ന് പോയി. നാൾക്ക് നാൾ മൈഥിലി ശോഷിച്ചു വന്നു. അവളുടെ അവസ്ഥയിൽ മധുവും കല്യാണിയും മനം നൊന്തു പിടഞ്ഞു.
നാളുകൾ മാറി മറയും തോറും മൈഥിലി ഡിപ്രെഷനിലേക്ക് പോയി. മൂകയായി. മക്കൾ വന്നാൽ പോവും മിണ്ടാതെയായി.
ഇതിനിടയിൽ ഒരിക്കൽ പോലും കൃഷ്ണൻ അവളെ കാണാൻ ചെന്നില്ല. മക്കളിൽ നിന്ന് വിവരങ്ങൾ അറിയും.
🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂
മോളെ.. കല്യാണി അവളെ വിളിച്ചു.
അമ്മാ.. അവളുടെ സ്വരം നേർത്തു പോയിരുന്നു.
കല്യാണി അവളുടെ മുഖം കൈ കുമ്പിളിൽ എടുത്തു.
അമ്മേ.. എന്നെ ഒന്ന് കൊന്നു തരോ.. എനിക്ക് വയ്യ..
മോളെ.. കല്യാണി അവരെ കരഞ്ഞു കൊണ്ട് ചേർത്തു പിടിച്ചു.
അമ്മേ.. കൃഷ്ണേട്ടനെ ഒന്ന് വിളിച്ചു തരോ..
മ്മ്. കല്യാണി ഫോൺ എടുത്തു കൃഷ്ണനെ വിളിച്ചു.
ഒന്ന് രണ്ടു റിങ് ചെയ്തു കഴിഞ്ഞപ്പോൾ കൃഷ്‌ണൻ ഫോൺ എടുത്തു.
ഹലോ..
മോനെ…
മ്മ്. പറയൂ..
മോൾക്ക് ഒന്ന് സംസാരിക്കണമെന്ന്.. ഞാൻ ഒന്ന് കൊടുത്തോട്ടെ… കരയും പോലെ കല്യാണി ചോദിച്ചു.
മ്മ്.. അവൻ ഒന്ന് മൂളി.
കല്യാണി ഫോൺ അവളുടെ ചെവിയിൽ വച്ചു കൊടുത്തു.
കൃ.. കൃഷ്ണേട്ടാ.. ക്ഷീണിച്ച സ്വരത്തിലവൾ വിളിച്ചു.
മ്മ്.
ഒന്ന്.. ഒന്ന് കാണാൻ പറ്റോ.. അവളുടെ സ്വരം നേർത്തു പോയിരുന്നു.
ശ്വാസം കിട്ടാതെയവൾ പിടഞ്ഞു.
മോളെ… കല്യാണി അലർച്ചയോടെ വിളിച്ചു.
അയ്യോ… കണ്ണു തുറക്ക് മോളെ.. ഞങ്ങളെ വിട്ട് പോവല്ലടി.. മോളേ… കല്യാണി അലറി കരഞ്ഞു.
കൃഷ്ണന്റെ കൈയിൽ നിന്നും ഫോൺ താഴേക്ക് ഊർന്നു വീണു.
കുറച്ചു സമയം വേണ്ടി വന്നു നടന്നത് ഓർത്തു എടുക്കാൻ.
തപ്പി തടഞ്ഞു കാറിന്റെ കീ എടുത്തു കൊണ്ടവൻ പുറത്തേക്ക് പാഞ്ഞു.
തുടരും.

by