17/04/2026

“ഭാര്യ മരിച്ച് ആറ് മാസം തികഞ്ഞിട്ടില്ല. അപ്പോഴേക്കും സുഹൈൽ വേറെ കെട്ടിയോ”

രചന – Mufas Munna

“ഭാര്യ മരിച്ച് ആറ് മാസം തികഞ്ഞിട്ടില്ല. അപ്പോഴേക്കും സുഹൈൽ വേറെ കെട്ടിയോ”

“ഓൻ കെട്ടാതെ പിന്നേ… ഓന്റെ മക്കളുടെ കാര്യൊക്കെ നോക്കാൻ ഒരാള് വേണ്ടേ ഇനി”

“ഓന് അത്ര വയസൊന്നും ആയിട്ടില്ലല്ലോ. ഭാര്യ പെട്ടന്ന് ആക്‌സിഡന്റ് ആയി മരിച്ചെന്ന് കരുതി ഓന്റെ ജീവിതം ഇല്ലാതാക്കണോ. ഓനും വേണ്ടേ ഒരു ജീവിതം”

ഭാര്യ മരിച്ച് ആറ് മാസം തികയുന്നതിന് മുന്നേ മറ്റൊരു വിവാഹം കഴിച്ച സുഹൈലിന്റെ കുറിച്ച് നാട്ടിൽ ഇങ്ങനെ പല ചർച്ചകളും നടക്കുന്നുണ്ടായിരുന്നു.

ആദ്യരാത്രി സുന്ദരിയായ ഭാര്യ കയ്യിൽ പാലുമായി വന്ന് വാതിലടച്ചു. അവളുടെ കയ്യിൽ നിന്നും പാൽ ഗ്ലാസ്‌ വാങ്ങിവെച്ച് അത് കുടിക്കാനുള്ള ക്ഷമ പോലും കാണിക്കാതെ സുഹൈൽ അവളെ തന്നിലേക്ക് ചേർത്ത് പിടിച്ച് തുരുതുരാ ഉമ്മവെച്ചു. അപ്പോഴാണ് അവന്റെ ഇളയ മകൾ മണിയറ വാതിൽ മുട്ടുന്നത്. ദേഷ്യത്തോടെ വാതിൽ തുറന്ന് മോളെ നോക്കി

“എന്താണ് അനക്ക്”

“എനിക്ക് ഉപ്പാന്റെ കൂടെ കിടക്കണം”

ഇത് കേട്ടപ്പോൾ സുഹൈലിന് ദേഷ്യം വന്നെങ്കിലും പുറത്ത് കാണിച്ചില്ല. വെറുതേ ഒച്ചയിട്ടാൽ പുതുപ്പെണ്ണ് തന്നെകുറിച്ച് എന്ത് കരുതും. അവൻ വേഗം പോയി തന്റെ ഫോണെടുത്ത് മോളുടെ കയ്യിൽ കൊടുത്തു

“വാപ്പാക്ക് നല്ല ഉറക്കം വരുന്നു മോളേ, മോള് ഈ മൊബൈലിൽ കളിച്ച് ഉറങ്ങിക്കോ”

സന്തോഷത്തോടെ മൊബൈൽ വാങ്ങി മകൾ മുറിയിലേക്ക് ഓടി. അവളേക്കാൾ രണ്ട് വയസ്സ് കൂടുതലുള്ള ഇക്ക അപ്പോൾ നല്ല ഉറക്കമായിരുന്നു. അവൾ ഫോണിൽ ഗെയിം പരതി. ഗെയിം ഒന്നും കരഞ്ഞപ്പോൾ വാട്സാപ്പ് ഓപ്പൺ ചെയ്തു. വെറുതേ ചാറ്റുകൾ സ്ക്രോൾ ചെയ്തു. അപ്പോഴാണ് തന്റെ ഉമ്മയുടെ പിക് കണ്ടത്. അവൾ ആ ചാറ്റ് ഓപ്പൺ ചെയ്തു. അതിൽ ഉമ്മയുടെ കുറേ വോയ്‌സ് മെസ്സേജുകൾ ഉണ്ടായിരുന്നു. അവൾ ഓരോ വോയ്‌സും പ്ലേ ചെയ്തു. ഉമ്മയുടെ ശബ്ദം വീണ്ടും തന്റെ കാതിലേക്ക് ഒഴുകിയപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു.

ഉമ്മയുടെ വോയ്‌സ് കേട്ട് കേട്ട് കുറേ മുന്നോട്ട് പോയി. അവൾ ആ വോയ്‌സ് പ്ലേ ചെയ്തു

ഉമ്മ: ഇങ്ങക്ക് എന്നെ എത്ര ഇഷ്ടാണ് ഇക്കാ

ഉപ്പ: എന്റെ ജീവനേക്കാൾ കൂടുതൽ. നീയില്ലാതെ ഒരു നിമിഷം പോലും എനിക്ക് ജീവിക്കാൻ സാധിക്കില്ല

ഉമ്മ: സത്യം

ഉപ്പ: നീയാണേ നമ്മുടെ രണ്ട് മക്കളാണേ സത്യം

ഉമ്മ: അപ്പൊ ഞാൻ മരിച്ചാൽ ഇങ്ങളെന്ത് ചെയ്യും

ഉപ്പ: എന്നെ ദേഷ്യം പിടിപ്പിക്കല്ലേ ട്ടോ. ഇങ്ങനൊന്നും പറയരുത്. എനിക്കത് ചിന്തിക്കാൻ പോലും സാധിക്കില്ല

ഉമ്മ: ഇങ്ങള് ദേഷ്യം പിടിക്കല്ലേ. പറ, എനിക്ക് കേൾക്കാൻ ഇഷ്ടം ഉള്ളോണ്ട് അല്ലേ. അതിന് ഞാൻ അങ്ങനെ പെട്ടന്ന് മരിക്കൊന്നും ഇല്ല. ഇങ്ങള് പറ ഇക്കാ

ഉപ്പ: നീ ഇല്ലാതായാൽ പിന്നെ നമ്മുടെ മക്കൾക്ക് വേണ്ടി ജീവിക്കും ഞാൻ. നിന്റെ ഓർമകൾ മതി എനിക്ക് ബാക്കിയുള്ള കാലം ജീവിക്കാൻ

ഉമ്മ: അപ്പോ ഇങ്ങള് വേറെ കല്യാണം കഴിക്കില്ലേ

ഉപ്പ: നിനക്ക് എന്നോട് ഈ ചോദ്യം എങ്ങനെ ചോദിക്കാൻ തോന്നി. നിന്റെ സ്ഥാനത്ത് മറ്റൊരു പെണ്ണോ…? എനിക്ക് അങ്ങനെ ചിന്തിക്കാൻ പോലും സാധിക്കില്ല. നിന്റെ ഓർമകൾ മതി എനിക്ക് ജീവിക്കാൻ. എനിക്ക് ദേഷ്യം വരുന്നു

ഉമ്മ: എന്റെ ഇക്ക ദേഷ്യം പിടിക്കല്ലേ. ലവ് യൂ ഇക്കാ

നിറകണ്ണുകളോടെ ആ വോയ്‌സ് മെസ്സേജുകൾ അവൾ കേട്ടിരുന്നു. ഫോൺ എടുത്തുവെച്ച് അവൾ കിടക്കാൻ നേരമാണ് ഇക്കയെ ശ്രദ്ധിച്ചത്. ഉമ്മയുടെ ശബ്ദം കേട്ടപ്പോൾ അവൻ ഉറക്കം ഉണർന്നിരുന്നു. അവന്റെ കണ്ണുകൾ നിറഞ്ഞിട്ടുണ്ട്. അവന്റെ കണ്ണുകൾ തന്റെ കുഞ്ഞി കൈകൾ കൊണ്ട് തുടച്ച് അവൾ തന്റെ ഇക്കയേയും കെട്ടിപിടിച്ച് കിടന്നുറങ്ങി.

ഈ സമയം സുബൈർ തന്റെ പുതിയ ഭാര്യയുടെ ശരീരത്തിൽ കവിത രചിക്കുകയായിരുന്നു…

ജീവിച്ചിരിക്കുമ്പോൾ പലരും തരുന്ന വാക്കുകൾ വെറും ബലൂണിന് സമമാണ്. ട്ടേ!!!

ഭാര്യ മരിച്ചാൽ ഭർത്താവും, ഭർത്താവ് മരിച്ചാൽ ഭാര്യയും വേറെ വിവാഹം കഴിക്കാതിരിക്കാൻ സാധ്യത കുറവാണ്. ചിലർ അങ്ങനെ അല്ലാതിരിക്കാം. മിക്കവാറും പേർ മറ്റൊരു വിവാഹം കഴിക്കും. അത് നല്ലൊരു തീരുമാനവുമാണ്. പക്ഷേ, ജീവിച്ചിരിക്കുമ്പോൾ തള്ളുന്ന തള്ളിന്റെ കനമൊന്ന് കുറച്ചാൽ കുട്ടികൾക്കെങ്കിലും കുറച്ച് ആശ്വാസം കിട്ടും…