Karimizhi

The World of Malayalam Stories

മലയാളം കഥ - ജിതേഷേട്ടന്റെ ചോദ്യം
Malayalam short stories

വേമ്പനാട് കായലിന്റെ ശാഖാകനാലിലൂടെ

കായലിലെ നിഴലുകൾ

 

 

അന്നും പതിവുപോലെ ജോയൽ തന്റെ ചെറിയ ഹൗസ്‌ബോട്ടുമായി ആലപ്പുഴയുടെ വിശാലമായ കായൽപ്പരപ്പിലൂടെ സഞ്ചരിക്കുകയായിരുന്നു…

വേമ്പനാട് കായലിന്റെ ശാഖാകനാലിലൂടെ ഹൗസ്‌ബോട്ട് പതിയെ നീങ്ങി. ഇരുകരകളിലും വെള്ളത്തെ ചേർത്ത് പിടിച്ച വീടുകൾ…

ഓരോ വീട്ടുമുറ്റത്തും ചെറിയ വള്ളങ്ങൾ കെട്ടിയിട്ടിരിക്കുന്നു. കായലിന്റെ ഓളങ്ങൾക്കൊപ്പം ആലപ്പുഴയുടെ ജീവിതവും നിശ്ശബ്ദമായി ഒഴുകിക്കൊണ്ടിരുന്നു….

 

മുന്നോട്ട് നീങ്ങിയാൽ നാലു വീടുകൾക്ക് അപ്പുറമാണ് ജോയലിന്റെ വീട്. കായലിനോട് ചേർന്ന് നിൽക്കുന്ന ആ ചെറിയ വീട്ടുമുറ്റത്ത് അച്ഛന്റെ പഴയ തടി വള്ളം എപ്പോഴും വെള്ളത്തിൽ കെട്ടിയിട്ടുണ്ടാകും. ആ വള്ളമാണ് ആ കുടുംബത്തിന്റെ ജീവിതം താങ്ങുന്നത്.

ആ പ്രദേശത്തെ ഭൂരിഭാഗം ആളുകളുടെയും ജീവിതം കായലുമായി  ചേർന്നതാണ്. പുലർച്ചെ മീൻപിടിക്കാൻ പോകുന്നവർ, യാത്രക്കാരെ മറുകരയിലെത്തിക്കുന്ന ചെറുവള്ളങ്ങൾ, ചീനവല ഉയർത്തുന്ന മത്സ്യത്തൊഴിലാളികൾ, ഹൗസ്‌ബോട്ടുകളിൽ ജോലി ചെയ്യുന്നവർ..എല്ലാവരുടെയും ഉപജീവനം ഈ വെള്ളവുമായി ബന്ധപ്പെട്ടതാണ്. .കായലിന്റെ ഓളങ്ങൾ ശാന്തമായി ഒഴുകുന്നതുപോലെ അവരുടെ ജീവിതവും മുന്നോട്ട് ഒഴുകിക്കൊണ്ടിരിക്കുന്നു…

 

എന്നാൽ ജോയൽ അവരിൽ നിന്ന് അൽപം വ്യത്യസ്തനായിരുന്നു. മെക്കാനിക്കൽ എൻജിനീയറിങ് പഠിച്ച യുവാവ്. ബോട്ടുകളുടെ എൻജിനുകളും മെക്കാനിക്കൽ സംവിധാനങ്ങളും സർവീസ് ചെയ്യുന്നതിൽ അവന് നല്ല പ്രാവീണ്യമുണ്ടായിരുന്നു. നഗരങ്ങളിലെ വലിയ കമ്പനികളിൽ ജോലി നേടാനുള്ള യോഗ്യതയും അവസരങ്ങളും അവന് ഉണ്ടായിരുന്നു. പക്ഷേ അതൊന്നും അവനെ ആകർഷിച്ചില്ല.

അവന്റെ മനസ്സ് ഈ കായലിലായിരുന്നു. വേമ്പനാട് കായലിന്റെ ഓളങ്ങളോടും, പ്രഭാതത്തിലെ മൂടൽമഞ്ഞിനോടും, വൈകുന്നേരങ്ങളിൽ വെള്ളത്തിലേക്ക് വീഴുന്ന സൂര്യന്റെ സ്വർണനിറത്തോടും അവൻ പ്രണയത്തിലായിരുന്നു….

 

അതുകൊണ്ടാണ് പുറത്തേക്കൊരു ജോലി തേടി പോകാതെ, സ്വന്തം ചെറിയ ഹൗസ്‌ബോട്ടുമായി ആലപ്പുഴയുടെ കായലിലൂടെ യാത്രക്കാരെ  സന്തോഷിപ്പിച്ചുകൊണ്ട്  അവൻ ദിവസങ്ങൾ തള്ളിനീക്കുന്നത്..

 

ജോയലിന് അത് ഒരു തൊഴിൽ മാത്രമായിരുന്നില്ല. ഓരോ യാത്രയും അവന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു…ഓരോ ഓളവും അവന് പ്രിയപ്പെട്ടൊരു സംഗീതമായിരുന്നു…

 

സഞ്ചാരികളുടെ മുഖത്ത് സന്തോഷം വിരിയുന്നത് കാണുന്നതായിരുന്നു അവന്റെ ഏറ്റവും വലിയ സന്തോഷം. അതോടൊപ്പം അതായിരുന്നു അവന്റെ ഉപജീവനവും…

നാല് പേർക്ക് മാത്രം സഞ്ചരിക്കാനാകുന്ന ചെറിയൊരു ഹൗസ്‌ബോട്ടായിരുന്നു അത്. എന്നാൽ വലിപ്പം കുറവായിരുന്നെങ്കിലും സൗകര്യങ്ങളുടെ കാര്യത്തിൽ ഒട്ടും പിന്നിലായിരുന്നില്ല. അകത്ത് മനോഹരമായി ഒരുക്കിയ ചെറിയ വിശ്രമമുറി, വൃത്തിയുള്ള കിടക്ക, ഇരുവശങ്ങളിലുമായി മൃദുവായ സോഫകൾ, രാത്രിയിൽ കായലിന്റെ സൗന്ദര്യം ഇരട്ടിയാക്കുന്ന വർണാഭമായ എൽ.ഇ.ഡി. ലൈറ്റുകൾ, ചെറിയൊരു ഡൈനിംഗ് സ്പേസ്..എല്ലാം ആ ബോട്ടിന്റെ ഭംഗി കൂട്ടിയിരുന്നു….യാത്രക്കാർക്ക് ഇഷ്ടമുള്ള ഭക്ഷണം പാകം ചെയ്ത് നൽകാനും ജോയൽ തയ്യാറായിരുന്നു….

 

ആലപ്പുഴയുടെ കായൽത്തീരത്ത് രാവിലെ മുതൽ സഞ്ചാരികളുടെ തിരക്കുണ്ടായിരുന്നെങ്കിലും അവന് ഒരാളെയും കിട്ടിയിരുന്നില്ല. ബോട്ട് കരയോട് ചേർത്ത് കെട്ടിയിട്ട് ദൂരെക് നോക്കി നിൽക്കുമ്പോഴാണ് അവന്റെ കണ്ണുകൾ ഒരു പെൺകുട്ടിയിൽ പതിഞ്ഞത്…

കറുത്ത ജീൻസും ഇളം വെള്ള ഷർട്ടും ധരിച്ച് അവൾ കായലിന്റെ അങ്ങേയറ്റത്തേക്ക് നോക്കി നിൽക്കുകയായിരുന്നു. കൈയിൽ വിലകൂടിയ ഒരു പിക്സൽ ക്യാമറ… ഇടയ്ക്കിടെ ക്യാമറയിൽ ചിത്രങ്ങൾ പകർത്തുകയും, പിന്നെ പോക്കറ്റിൽ നിന്ന് ഫോൺ എടുത്ത് എന്തോ പരിശോധിക്കുകയും വീണ്ടും കായലിന്റെ സൗന്ദര്യത്തിലേക്ക്  നോക്കി നില്കുന്നു…

 

അവൻ പതുക്കെ ബോട്ട് അഴിച്ച് അവൾ നിൽക്കുന്ന കടവിനരികിലേക്ക് എത്തിച്ചു…

 

“ബോട്ട് വേണോ, മാഡം?”

 

പുഞ്ചിരിയോടെ അവൻ ചോദിച്ചു.

അവൾ മെല്ലെ തിരിഞ്ഞു.

ആ നിമിഷം ജോയൽ അറിയാതെ കുറച്ച് നേരം അവളെത്തന്നെ നോക്കി നിന്നു.നീണ്ട കൺപീലികളാൽ കൂടുതൽ മനോഹരമായ കണ്ണുകൾ. ഉയർന്ന നാസികത്തുമ്പ്. ഇളം പിങ്ക് നിറമുള്ള ചുണ്ടുകളിൽ ഒളിഞ്ഞുനിന്ന ഒരു പുഞ്ചിരി. തോളോളം ഭംഗിയായി വെട്ടിയൊതുക്കിയ മുടി കായൽക്കാറ്റിൽ പതിയെ ഇളകുന്നുണ്ടായിരുന്നു…

 

“എനിക്ക് ഇന്ന് മുഴുവൻ ഈ കായലിലൂടെ ഒന്ന് ചുറ്റിക്കറങ്ങണം,”

 

അവൾ അവന്റെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു..

 

“ഫുൾ ഡേ ആണോ?”

 

“അതെ.”

 

“അങ്ങനെയാണെങ്കിൽ ആകെ ആറായിരം രൂപ. ഭക്ഷണവും ചായയും എല്ലാം അതിൽ ഉൾപ്പെടും.”

 

“ബോട്ടിൽ വേറെ ആരെങ്കിലും ഉണ്ടാകുമോ?”

 

“ഇല്ല. നിങ്ങൾ മാത്രമേ ഉണ്ടാകൂ. ബോട്ട് ഓടിക്കുന്നത് ഞാനായിരിക്കും. നിങ്ങൾക്ക് അകത്തുള്ള റൂം  ഉപയോഗിക്കാം. അനാവശ്യമായി ഞാൻ ശല്യപ്പെടുത്തില്ല.”

 

അവൾ ചെറുതായി പുഞ്ചിരിച്ചു.

 

“ഓക്കേ… ഡീൽ.”

 

ഹാൻഡ്ബാഗിൽ നിന്ന് മൂവായിരം രൂപ എടുത്ത് അഡ്വാൻസായി അവന്റെ കൈയിൽ വെച്ചുകൊടുത്തു.

ആ നോട്ടുകൾ കൈയിൽ കിട്ടിയ നിമിഷം ജോയലിന്റെ മുഖത്ത് അറിയാതെ ഒരു പുഞ്ചിരി വിരിഞ്ഞു.

സാധാരണയായി മുഴുവൻ ദിവസത്തേക്കുള്ള യാത്രയ്ക്ക് അയ്യായിരം രൂപയായിരുന്നു അവൻ വാങ്ങാറ്. എന്നാൽ ഈ പെൺകുട്ടിയെ കണ്ട നിമിഷം എന്തുകൊണ്ടോ ആറായിരം രൂപ പറയുകയായിരുന്നു. അതും ഒരു മടിയും കൂടാതെ അവൾ സമ്മതിച്ചു..

 

“പോകാമോ?”

 

അവൾ ചോദിച്ചു.

ജോയൽ കയർ അഴിച്ച് ബോട്ട് മെല്ലെ കായലിന്റെ നടുവിലേക്ക് തിരിച്ചു.

അപ്പോഴും അവന് അറിയില്ലായിരുന്നു…

ആ യാത്ര തന്റെ ജീവിതത്തെ തന്നെ മാറ്റിമറിക്കുന്ന ഒരു കഥയുടെ തുടക്കമാണെന്ന്….

 

 

 

ജോയൽ ഒരു നിമിഷം തന്റെ മുന്നിലിരുന്ന പെൺകുട്ടിയെ നോക്കി. കായലിന്റെ കാറ്റിൽ അവളുടെ മുടിയിഴകൾ പതിയെ പാറുന്നുണ്ടായിരുന്നു. അതിനിടെയാണ് അവളുടെ ഫോണിൽ കോൾ വന്നത്.

അവൾ ഫോൺ ചെവിയോട് ചേർത്ത് പറഞ്ഞു…

 

“ഹലോ… ആൻ മരിയ സ്പീക്കിംഗ്.”

 

ആ പേര് കേട്ടപ്പോൾ ജോയലിന്റെ ചുണ്ടിൽ അറിയാതെ ഒരു പുഞ്ചിരി വിരിഞ്ഞു..

 

“ആൻ മരിയ… നല്ല പേര്.”

 

പേരിന് ചേരുന്ന സൗന്ദര്യമുണ്ടായിരുന്നു അവൾക്ക്. ശാന്തമായ കണ്ണുകളും മൃദുവായ പുഞ്ചിരിയും അവളെ കൂടുതൽ മനോഹരിയാക്കി.

ദൈർഘ്യമേറിയ യാത്രയാണെങ്കിൽ യാത്രക്കാർക്കുള്ള ഭക്ഷണം തയ്യാറാക്കാൻ വീട്ടിൽ നിന്ന് ഗ്രേസി ചേച്ചി ജോയലിനൊപ്പം വരുന്നത് പതിവായിരുന്നു.. അതിനാൽ അവൻ ബോട്ട് പതിയെ തന്റെ വീടിന്റെ മുന്നിലേക്ക് അടുപ്പിച്ചു…

 

 

കായൽക്കരയോട് ചേർന്ന് നിൽക്കുന്ന ചെറിയ ഓടിട്ട വീട്. മുറ്റം നിറയെ പൂച്ചെടികളും അലങ്കാരച്ചെടികളും. വീടിന്റെ മുന്നിലെ വിശാലമായ ഉമ്മറത്തിരുന്നാൽ കായലിന്റെ ഭംഗി മണിക്കൂറുകളോളം നോക്കിയിരിക്കാം. ആ വീടിന് വലിയ ആഡംബരങ്ങളൊന്നുമില്ലായിരുന്നു. പക്ഷേ വല്ലാത്ത ഒരു സമാധാന അന്തരീക്ഷം ഉണ്ടായിരുന്നു…

 

 

“ചേച്ചി… ഇന്ന് ഒരാൾ കൂടെയുണ്ട്. വാ…”

 

ജോയൽ വീടിനുള്ളിലേക്ക് നോക്കി വിളിച്ചു.

അൽപസമയത്തിനകം സാധനങ്ങളുമായി ഒരു സ്ത്രീ പുറത്തേക്ക് വന്നു. അവളായിരുന്നു ഗ്രേസി…ജോയലിന്റെ ചേച്ചി. മുപ്പത്തിയഞ്ചിനോടടുത്ത പ്രായം. വിവാഹജീവിതം തകർന്നതിനെ തുടർന്ന് വിവാഹമോചനം നേടി ഇപ്പോൾ സഹോദരനൊപ്പം തന്നെയായിരുന്നു താമസം…

 

ജോയലിന്റെ ഹൗസ്‌ബോട്ടിൽ എത്തുന്ന യാത്രക്കാർക്ക് ഭക്ഷണം ഒരുക്കുന്നത് കൂടുതലായും ഗ്രേസിയായിരുന്നു. അവളുടെ കൈപ്പുണ്യം പല സ്ഥിരം സഞ്ചാരികളെയും വീണ്ടും വീണ്ടും ഈ ബോട്ടിലേക്ക് എത്തിച്ചിരുന്നു.

അവൾ പച്ചക്കറികളും മീനും മറ്റു സാധനങ്ങളും എടുത്ത് ഹൗസ്‌ബോട്ടിലേക്ക് കയറി. നേരെ അടുക്കളയിലേക്ക് നടന്ന്….

പാചകത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി…

 

 

അതേസമയം ജോയൽ എൻജിൻ വീണ്ടും സ്റ്റാർട്ട് ചെയ്തു….

 

ആ കായലിന്റെ ഭംഗി പറഞ്ഞറിയിക്കാൻ വാക്കുകൾ പോരായിരുന്നു. വെള്ളത്തിന്റെ വിശാലമായ ഓളപ്പരപ്പിന് അതിരായി പച്ചപുതച്ച മരങ്ങൾ തല ഉയർത്തി നിൽക്കുന്നു… ഇരുകരകളിലായി നിരനിരയായി കണ്ടിരുന്ന വീടുകൾ പതിയെ പിന്നിലേക്ക് മറഞ്ഞു. ബോട്ട് കായലിന്റെ വിശാലമായ നെഞ്ചിലേക്ക് ഇറങ്ങിയതോടെ ചുറ്റും വെള്ളം മാത്രം. ആഴം തോന്നിക്കുന്ന നീലനിറം കലർന്ന ജലവും അതിലൂടെ പതിയെ പായുന്ന ഓളങ്ങളും, ദൂരത്തോളം പരന്നുകിടക്കുന്ന പച്ചപ്പും ചേർന്ന് പ്രകൃതി തന്നെ വരച്ചൊരു ചിത്രമെന്ന തോന്നൽ…

 

.ബോട്ട് പതിയെ കര വിട്ട് കായലിന്റെ കൂടുതൽ ശാന്തമായ, ആളൊഴിഞ്ഞ ഭാഗത്തേക്ക് നീങ്ങി.കായലിൽ നിന്ന് വീശിയെത്തുന്ന ഇളംകാറ്റ് ബോട്ടിന്റെ ജനാലകളിലൂടെ അകത്തേക്ക് നിറഞ്ഞൊഴുകി. വെള്ളത്തിന്റെ തണുപ്പും കാറ്റിന്റെ മൃദുസ്പർശവും ചേർന്ന് യാത്രയ്ക്ക് പറയാനാവാത്തൊരു സുഖം പകർന്നു…

 

ആൻ മരിയ ജനാലയിലൂടെ പുറത്തേക്ക് നോക്കി. അവളുടെ കണ്ണുകളിൽ പ്രതിഫലിച്ചത് വേമ്പനാട് കായലിന്റെ അനന്തമായ നീലയും അതിനെ ചുറ്റിപ്പറ്റിയ പ്രകൃതിയുടെ സൗന്ദര്യവുമായിരുന്നു.

 

 

ആ ദിവസം മുഴുവൻ ഹൗസ്‌ബോട്ടിൽ ഉണ്ടായിരുന്നത് ആൻ മരിയയും, ജോയലും, ഗ്രേസിയും മാത്രമായിരുന്നു. ആളുകളുടെ ബഹളമോ തിരക്കോ ഒന്നുമില്ലാതെ കായലിന്റെ നിശ്ശബ്ദത മാത്രമാണ് അവർക്കൊപ്പം യാത്ര ചെയ്തത്…

 

യാത്രയ്ക്കിടയിൽ ഇടയ്ക്കിടെ ആൻ മരിയ ബോട്ടിന്റെ ഡെക്കിലേക്ക് ഇറങ്ങും. കായലിന്റെ മാറിമാറിയെത്തുന്ന ഭംഗി മൊബൈലിൽ പകർത്തും. ചിലപ്പോൾ വെള്ളത്തിലേക്ക് ചാഞ്ഞുനിൽക്കുന്ന മരങ്ങളെയും, ദൂരെയായി നീങ്ങുന്ന ചെറുവള്ളങ്ങളെയും, ഓളങ്ങളിൽ ചിതറിവീഴുന്ന സൂര്യപ്രകാശത്തെയും ക്യാമറയിൽ പകർത്തും……

 

ഇടയ്ക്ക് ഫോണിൽ എന്തൊക്കെയോ കുറിക്കും. ചിലപ്പോൾ ആരെയോ വിളിച്ച് സംസാരിക്കും.

ആ സമയങ്ങളിലെല്ലാം അറിയാതെ ജോയലിന്റെ കണ്ണുകൾ അവളെ തേടിയെത്തും.

പലപ്പോഴും അവൾ തിരിഞ്ഞുനോക്കുമ്പോൾ അവരുടെ കണ്ണുകൾ തമ്മിൽ ഉടക്കും. ഒരു നിമിഷം മാത്രം നീണ്ടുനിൽക്കുന്ന ആ നോട്ടത്തിൽ പറയാതെ പോയ എന്തൊക്കെയോ ഉണ്ടായിരുന്നു.., ഇരുവരും പുഞ്ചിരിച്ചുകൊണ്ട് നോട്ടം പിൻവലിക്കുമെങ്കിലും ആ നിമിഷങ്ങൾ മനസ്സിൽ എവിടെയോ പതിഞ്ഞിരുന്നു…

 

 

ജോയലിന് അതൊരു പുതിയ അനുഭവമായിരുന്നു. എത്രയോ സഞ്ചാരികൾ അവന്റെ ബോട്ടിൽ വന്നുപോയിട്ടുണ്ട്. പക്ഷേ ആരും മനസ്സിൽ ഇങ്ങനെ ഇടം പിടിച്ചിട്ടില്ല. ആൻ മരിയയിൽ എന്തോ ഒരു പ്രത്യേകതയുണ്ടെന്ന് അവന് തോന്നി. അവളുടെ പുഞ്ചിരിയും സംസാരവും നിഷ്കളങ്കമായ പെരുമാറ്റവും പതിയെ അവന്റെ മനസ്സിൽ ഒരു മധുരമായ ഒരു വികാരം ഉണർന്നു…

 

വൈകുന്നേരത്തോടെ യാത്ര അവസാനിച്ചു. ഹൗസ്‌ബോട്ട് വീണ്ടും കരയിലേക്കെത്തി.

ആൻ മരിയ യാത്രാകൂലി 500 ഇന്റെ ആറു നോട്ടുകൾ അവനു മുന്നിൽ വച്ചുകൊടുത്തു.. അവൻ രണ്ടെണ്ണം തിരികെ നൽകി.. അവൾ നന്ദിയും പറഞ്ഞ് ബാഗുമെടുത്ത് പതിയെ നടന്നു. പോകുന്നതിന് മുമ്പ് ഒരിക്കൽ കൂടി അവൾ തിരിഞ്ഞ് പുഞ്ചിരിയോടെ ജോയലിനെ നോക്കി…

ആ പുഞ്ചിരിക്ക് മറുപടിയായി അവനും ചെറുതായി ചിരിച്ചു…

അൽപസമയത്തിനകം അവൾ കണ്ണിൽ നിന്ന് മറഞ്ഞു….

 

എന്നാൽ ആൻ മരിയ പോയിട്ടും അവളുടെ ഓർമ്മകൾ പോയില്ല.

കായലിൽ സൂര്യൻ അസ്തമിച്ചെങ്കിലും ജോയലിന്റെ മനസ്സിൽ അന്നത്തെ യാത്ര അവസാനിച്ചിരുന്നില്ല. അവൾ ഇരുന്നിരുന്ന സീറ്റ്, അവൾ ചിരിച്ച നിമിഷങ്ങൾ, കായലിലേക്ക് നോക്കി നിന്ന രൂപം… എല്ലാം അവന്റെ മനസ്സിൽ വീണ്ടും വീണ്ടും തെളിഞ്ഞുവന്നു.

ആ ദിവസത്തോടെ വേമ്പനാട് കായലിന്റെ ഓളങ്ങൾക്കൊപ്പം അവന്റെ ഹൃദയത്തിലും ഒരു പുതിയ പ്രണയം നിശ്ശബ്ദമായി ഒഴുകിത്തുടങ്ങിയിരുന്നു…

 

 

ആറുമാസങ്ങൾ… കായലിലെ ഓരോ തിരയും അവരുടെ പ്രണയത്തിന്റെ നിശ്ശബ്ദ സാക്ഷിയായി മാറിയിരുന്നു.

ആൻ മരിയ ഇടയ്ക്കിടയ്ക്ക് ജോയലിന്റെ ചെറിയ ഹൗസ്‌ബോട്ടിലേക്ക് വരുമായിരുന്നു. ഒരു ദിവസം മുഴുവൻ യാത്ര ചെയ്യാനല്ല, ചിലപ്പോൾ ഒരു മണിക്കൂർ മാത്രം. എങ്കിലും ആ ഒരു മണിക്കൂർ ഇരുവരുടെയും ജീവിതത്തിൽ ഏറ്റവും വിലപ്പെട്ട സമയമായിരുന്നു…

 

“നിനക്കറിയാമോ ജോയൽ… ലോകത്തിലെ ഏറ്റവും വലിയ സമാധാനം എനിക്ക് ഈ കായലിലാണെന്ന് തോന്നാറുണ്ട്,”

 

കായലിലേക്ക് നോക്കി അവൾ പറയും.

 

“അതിന് കാരണം കായലാണോ… അതോ ഈ ബോട്ടാണോ?”..

 

ചിരിച്ചുകൊണ്ട് ജോയൽ ചോദിക്കും.

അവൾ മറുപടി പറയാതെ അവനെ നോക്കി പുഞ്ചിരിക്കും.

ആ പുഞ്ചിരിയിൽ ഒളിഞ്ഞിരുന്ന പ്രണയം പതിയെ പതിയെ ജോയലിന്റെ ഹൃദയത്തിലേക്ക്….

 

ആലപ്പുഴയുടെ സൗന്ദര്യവും തന്റെ ജോലിയിലെ അനുഭവങ്ങളും ജീവിതത്തിലെ സ്വപ്നങ്ങളും ആൻ മരിയ അവനോട് മണിക്കൂറുകളോളം സംസാരിക്കുമായിരുന്നു. ജോയൽ അധികം സംസാരിക്കുന്നവനല്ല. പക്ഷേ അവൾ പറയുന്ന ഓരോ വാക്കും അവൻ ഹൃദയത്തിൽ സൂക്ഷിച്ചു…

 

പിരിയാൻ നേരമാകുമ്പോഴൊക്കെ അവൾ, “വീണ്ടും വരാം…” എന്ന് പറഞ്ഞ് പോകും.

പക്ഷേ അവൾ പോയ ശേഷവും അവൾ പടർത്തിയ വിലകൂടിയ ഏതോ സ്പ്രേയുടെ ഗന്ധം ആ ബോട്ടിൽ തങ്ങിനിന്നു… അവൾ ഇരുന്ന സീറ്റിലേക്കും അവൾ സ്പർശിച്ച കൈവരിയിലേക്കും നോക്കി മണിക്കൂറുകളോളം ജോയൽ നിന്നു …

 

അവളുടെ സാന്നിധ്യം ബോട്ടിൽ നിന്ന് ഒരിക്കലും ഇറങ്ങിപ്പോകാത്തതുപോലെ അവന് തോന്നി

അങ്ങനെ ദിവസങ്ങൾ കടന്നുപോയി…

അന്ന് രാത്രി യാത്രകളെല്ലാം കഴിഞ്ഞ് ജോയൽ തന്റെ ബോട്ട് കരയ്ക്കരികിലെ കെട്ടിടുന്ന സ്ഥലത്തേക്ക് കൊണ്ടുവന്നു.

ആകാശത്ത് ചന്ദ്രൻ മേഘങ്ങൾക്കിടയിൽ മറഞ്ഞും തെളിഞ്ഞും നിന്നു. കായൽ അസ്വാഭാവികമായൊരു നിശ്ശബ്ദതയിൽ മുങ്ങിയിരുന്നു…

 

ബോട്ട് കെട്ടുന്നതിനിടെയാണ് അവന്റെ കണ്ണ് വെള്ളത്തിൽ ഒഴുകിവരുന്ന എന്തോ ഒന്നിൽ പതിഞ്ഞത്.

വെളിച്ചം അതിലേക്ക് തിരിച്ചു.

വെള്ളത്തിൽ ചുവന്ന നിറം പടർന്നതുപോലെ തോന്നി.

അതിന്റെ നടുവിലൂടെ ഒരു ചുവന്ന ഷാൾ മെല്ലെ ഒഴുകിക്കൊണ്ടിരുന്നു…

ഹൃദയം ഒരു നിമിഷം നിലച്ചതുപോലെ..

 

“ഇത്…!”

 

അവൻ പെട്ടെന്ന് വെള്ളത്തിലേക്ക് ഇറങ്ങാൻ ശ്രമിച്ചെങ്കിലും ശക്തമായ ഒഴുക്കിൽ ആ ഷാൾ ഇരുട്ടിലേക്ക് അകന്നുപോയി.

ആ രാത്രി മുഴുവൻ അവന് ഉറങ്ങാനായില്ല.

പിറ്റേന്ന് രാവിലെ പത്രത്തിന്റെ ആദ്യ പേജ് കണ്ട നിമിഷം അവന്റെ കൈകൾ വിറച്ചു..

 

“യുവതി ദുരൂഹമായി കാണാതായി…

ആൻ മരിയയെ കാണ്മാനില്ല..’

 

ആ വാർത്ത വായിച്ച നിമിഷം അവന്റെ ഹൃദയം പതിവിലും കൂടുതൽ ഉയർന്നുമിടിച്ചു..

 

“ഇല്ല… അവൾക്ക് ഒന്നും സംഭവിച്ചിട്ടില്ല…”

 

അവൻ വീണ്ടും വീണ്ടും സ്വയം പറഞ്ഞുകൊണ്ടിരുന്നു.

പക്ഷേ മണിക്കൂറുകൾക്കുള്ളിൽ പോലീസുകാർ അവന്റെ വീട്ടിലെത്തി.

 

“ആൻ മരിയയെ അവസാനമായി ജീവനോടെ കണ്ടത് നിന്റെ ബോട്ടിലാണെന്ന് ഞങ്ങൾക്കറിയാം.”

 

അവനെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

മണിക്കൂറുകളോളം ചോദ്യം ചെയ്യൽ.

 

“അവൾ എവിടെയാണ്?”

“എന്തിനാണ് കൊന്നത്?”

“ശവം എവിടെ ഒളിപ്പിച്ചു?”

ഓരോ ചോദ്യത്തിനും ജോയലിന്റെ മറുപടി ഒന്നായിരുന്നു…

 

“ഞാൻ അവളെ സ്നേഹിച്ചിരുന്നു… അവൾ എന്റെ പ്രണയമല്ല എന്റെ പ്രാണനായിരുന്നു..”

 

എന്നാൽ ആരും അത് വിശ്വസിച്ചില്ല.

വാർത്താ ചാനലുകൾ അവനെ “കാമുകിയെ കൊലപ്പെടുത്തിയ ബോട്ട് ഡ്രൈവർ” എന്ന് വിശേഷിപ്പിച്ചു.

ഗ്രാമക്കാർ പോലും അവനെ സംശയത്തോടെ നോക്കി.

തെളിവുകളൊന്നും ലഭിക്കാത്തതിനാൽ കോടതിയിൽ അവനെതിരെ കുറ്റം തെളിയിക്കാനായില്ല…

 

ദിവസങ്ങൾക്കുശേഷം അവൻ ജാമ്യത്തിൽ പുറത്തിറങ്ങി..

 

പക്ഷേ ജയിലിൽ നിന്ന് പുറത്തുവന്നപ്പോഴേക്കും അവന്റെ ജീവിതം അടിമുടി മാറിയിരുന്നു.

ആരും അവന്റെ ബോട്ടിൽ കയറാൻ തയ്യാറായില്ല…

അവന്റെ പേരിന് മുകളിൽ പതിഞ്ഞ കൊലയാളിയുടെ മുദ്ര ആരും മായ്ക്കാൻ തയ്യാറായില്ല.

എന്നിട്ടും…

ജോയൽ ഒരു കാര്യം മാത്രം ഉറച്ചു വിശ്വസിച്ചു.

ആൻ മരിയ മരിച്ചിട്ടില്ല.

ഓരോ രാത്രിയും കായലിലൂടെ ബോട്ട് ഓടിക്കുമ്പോൾ അവൾ എവിടെയോ അടുത്തുണ്ടെന്ന് അവന് തോന്നും.

കാറ്റിലൂടെ ഒഴുകിയെത്തുന്ന അവളുടെ ഗന്ധം…തിരകളിൽ കേൾക്കുന്ന അവളുടെ ചിരി…

ശൂന്യമായ ബോട്ടിൽ അവൾ ഇരുന്നിരുന്ന സീറ്റിലേക്കു നോക്കുമ്പോൾ അവൾ ഇപ്പോഴും അവിടെ ഇരിക്കുന്നതുപോലെ തോന്നും…

 

പ്രണയം ഇപ്പോൾ അവനൊരു ഓർമ്മയല്ല…

ഒരു വേദനയായി.

ഒരു കാത്തിരിപ്പായി.

ഒരു ചോദ്യമായി…

 

“ആൻ മരിയ… നിനക്കെന്താണ് സംഭവിച്ചത്?”

 

ആ ചോദ്യത്തിനുള്ള ഉത്തരം തേടി, ഓരോ ദിവസവും അവൻ വീണ്ടും വീണ്ടും ആ കായലിലൂടെ യാത്ര തുടർന്നു….

 

അവൻ ഒറ്റയ്ക്ക് അന്വേഷണം തുടങ്ങി..കായലിന്റെ ഇടവഴികളിലൂടെ, ഉപേക്ഷിക്കപ്പെട്ട പഴയ ബോട്ടുജെട്ടികളിലൂടെ, രാത്രിയിൽ സഞ്ചരിക്കുന്ന ഒരു രഹസ്യ ഹൗസ്‌ബോട്ടിനെക്കുറിച്ച് അവൻ അറിഞ്ഞു…..

 

അന്വേഷണത്തിനിടെ ഞെട്ടിക്കുന്ന ഒരു സത്യം പുറത്തുവരുന്നു.

ആൻ മരിയ ഒരു സാധാരണ ടൂറിസ്റ്റ്  അല്ല..വർഷങ്ങളായി ആലപ്പുഴയിൽ നടക്കുന്ന പുരാവസ്തു ഗവേഷണ കടത്തിന്റെ തെളിവുകൾ ശേഖരിക്കാൻ വന്ന  അന്വേഷണ ഉദ്യോഗസ്ഥ ആയിരുന്നു… ഹൗസ്‌ബോട്ടുകൾ വഴി  പുരാവസ്തുക്കൾ  കടത്തുന്ന സംഘത്തെ അവൾ പിന്തുടരുകയായിരുന്നു……

 

ആ സംഘത്തിന്റെ തലവൻ എല്ലാവരും ബഹുമാനിക്കുന്ന ഒരു പ്രമുഖ ഹൗസ്‌ബോട്ട് ഉടമ ജോർജ്… നാട്ടുകാർക്ക് അയാൾ ഒരു സാമൂഹിക പ്രവർത്തകൻ. പക്ഷേ രാത്രിയിൽ കായൽ അയാളുടെ  വഴിയാണ്…

 

ആ രാത്രി ജോയലിന്റെ ചെറിയ ഹൗസ്‌ബോട്ട് പതിയെ കായലിന്റെ ഇരുണ്ട ഭാഗത്തേക്ക് നീങ്ങി. ചുറ്റും നിശ്ശബ്ദത. വെള്ളത്തിൽ തുഴയുടെ ശബ്ദം മാത്രം. അവന്റെ മനസ്സിൽ ഒരേയൊരു പേര് മാത്രം മുഴങ്ങിക്കൊണ്ടിരുന്നു.ആൻ മരിയ.

 

ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ തന്റെ ഹൃദയം കീഴടക്കിയ ആ സുന്ദരിയായ യുവതി. ആരുടെയോ സ്വപ്നങ്ങൾക്ക് വേണ്ടി ജീവിച്ച്, പഠിച്ച്, ജീവിതം പടുത്തുയർത്തുന്ന പെൺകുട്ടി. ജനിച്ച നാളുകളിൽ തന്നെ അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കപ്പെട്ട കുഞ്ഞ്. എന്നാൽ വിധിയുടെ ക്രൂരതയ്ക്ക് മുന്നിൽ തളരാതെ, കോൺവെന്റിലെ സിസ്റ്റർമാരുടെയും അവിടെയുള്ള നല്ല മനസ്സുകളുടെയും കരുതലിൽ വളർന്ന്, സ്വന്തം പ്രയത്‌നത്തിലൂടെ ജീവിതത്തിന് പുതിയ അർഥം നൽകിയവൾ…

 

അവളെക്കുറിച്ച് അറിയുന്തോറും ജോയലിന്റെ സ്നേഹം കൂടുതൽ ആഴത്തിലായി. എന്നാൽ അതോടൊപ്പം അവന്റെ മനസ്സിൽ അസൂയയും ഭ്രാന്തമായ പ്രണയവും വളരാൻ തുടങ്ങി. മറ്റൊരാളുടെ ജീവിതത്തിൽ ആൻ മരിയയ്ക്ക് സ്ഥാനം ഉണ്ടാകുമെന്ന ചിന്ത പോലും അവന് സഹിക്കാനായില്ല.. അവൾ തന്റെ പ്രണയമാണ്… അവൾ തനിക്കു മാത്രമേ സ്വന്തമാകാവൂ എന്ന ചിന്ത അവന്റെ മനസ്സിനെ അസ്വസ്ഥമാക്കി….

 

ആ ചിന്തകളുടെ ഭാരം നെഞ്ചിലേറ്റി അവൻ ബോട്ട് ആ കായലിന്റെ നടുവിൽ ഒറ്റപ്പെട്ട് നിൽക്കുന്ന പഴയ ബംഗ്ലാവിലേക്ക് തിരിച്ചു.

അടുത്തെത്തുംതോറും ബംഗ്ലാവിന്റെ രൂപം കൂടുതൽ ഭയാനകമായി. ചുറ്റും കാടുകൾ മൂടിനിന്നിരുന്നു. വള്ളിച്ചെടികൾ മതിലുകളിൽ പടർന്നു പന്തലിച്ചിരുന്നു..ഇരുട്ടിൽ അത് ഒരു പഴയ പ്രേതഭവനം പോലെ തോന്നി… തകർന്ന ജനലുകളിലൂടെ കാറ്റ് കയറിയിറങ്ങുമ്പോൾ പേടിപ്പെടുത്തുന്ന ഒരു മൂളൽ കേൾക്കാമായിരുന്നു…

 

ചന്ദ്രപ്രകാശം പോലും മേഘങ്ങൾക്കിടയിൽ മറഞ്ഞതോടെ ആ പ്രദേശം മുഴുവൻ നിശ്ശബ്ദതയിൽ മുങ്ങി.ഒരു നിമിഷം ജോയലിന്റെ നെഞ്ചിലൂടെ ഭയത്തിന്റെ തണുത്തൊരു വിറയൽ പാഞ്ഞുപോയി. എന്നിട്ടും അവൻ പിന്നോട്ട് തിരിഞ്ഞില്ല. അവന്റെ കണ്ണുകൾ ആ ബംഗ്ലാവിൽ മാത്രം പതിഞ്ഞിരുന്നു. ആ രാത്രിയിൽ അവനെ അവിടെ എത്തിച്ചത് പ്രണയമായിരുന്നോ… അതോ അതിലും അപകടകരമായ മറ്റെന്തെങ്കിലുമോ എന്ന ചോദ്യം കായലിന്റെ ഇരുട്ടിൽ ഉത്തരം കിട്ടാതെ ഒഴുകിക്കൊണ്ടിരുന്നു…

 

 

ബംഗ്ലാവിൽ നിന്ന് അല്പം അകലെ, മരങ്ങളുടെ നിഴലിൽ തന്റെ ബോട്ട് ജോയൽ നിശ്ശബ്ദമായി കെട്ടിയിട്ടു. ചുറ്റും കനത്ത ഇരുട്ട്. കാറ്റിൽ അസ്വസ്ഥമായ ഒരു ഗന്ധം അവിടെ പടർന്നിറങ്ങി.. പതിയെ  അവൻ കരയിലിറങ്ങി, ബംഗ്ലാവിന്റെ പിൻവശത്തുകൂടി അവൻ അകത്തേക്ക് നീങ്ങി…

 

അടുത്തെത്തുംതോറും ആ കെട്ടിടം ഒരു പ്രേതാലയം പോലെ തോന്നി. പൊട്ടിപ്പൊളിഞ്ഞ ചുവരുകൾ, വള്ളിച്ചെടികൾ മൂടിയ ജനലുകൾ, കാറ്റിൽ കരയുന്ന പഴയ വാതിലുകൾ…എല്ലാം ചേർന്ന് ഭയാനകമായൊരു നിശ്ശബ്ദത സൃഷ്ടിച്ചിരുന്നു…

 

മുന്നിലെ വരാന്തയിൽ ഒരാൾ ഇരിക്കുന്നതുപോലെ ജോയലിന് തോന്നി. ഒരുപക്ഷേ അവളെ കാവൽ നിൽക്കുന്നവരിലൊരാളാകാം… അതേസമയം, “ആൻ മരിയ ഇവിടെ തന്നെയുണ്ട്…” എന്നൊരു തോന്നൽ അവന്റെ മനസ്സിൽ കൂടുതൽ ശക്തമായി…

 

അവൻ പതിയെ അടുക്കളവാതിലിനരികിലേക്ക് നീങ്ങി. ശബ്ദമുണ്ടാക്കാതെ കൊളുത്ത് ഇളക്കി വാതിൽ തുറന്നു. ശേഷം ജനലിലൂടെ അകത്തേക്ക് നോക്കി…

 

ആ കാഴ്ച അവന്റെ ഹൃദയത്തെ തകർത്തു.

ഒരു മൂലയിൽ ആൻ മരിയ തളർന്ന് കിടക്കുകയായിരുന്നു. എത്രയോ ദിവസങ്ങളായി അവൾ അവിടെ തടവിലായിരുന്നുവെന്ന് അവളുടെ രൂപം തന്നെ പറഞ്ഞുകൊണ്ടിരുന്നു. വസ്ത്രങ്ങളിൽ ചെളി പുരണ്ടിരുന്നു. മുഖം ക്ഷീണിച്ച് വാടിയിരുന്നു. മുടി അലങ്കോലമായി വീണുകിടന്നു… ഭക്ഷണവും വെള്ളവും കിട്ടാതെ അവളുടെ ശരീരം തീർത്തും അവശമായിരുന്നു…

 

 

ജോയലിന്റെ ചുണ്ടുകൾ വിറച്ചു.

 

“ആൻ… ആൻ മരിയ…”.

 

അവൻ പതിയെ വിളിച്ചു.

ആ ശബ്ദം കേട്ടപ്പോൾ അവളുടെ കൺപോളകൾ മെല്ലെ അനങ്ങി. വലിയ പ്രയാസത്തോടെ കണ്ണുകൾ തുറക്കാൻ അവൾ ശ്രമിച്ചു. ഒടുവിൽ അവൾ ജോയലിന്റെ മങ്ങിയ രൂപം തിരിച്ചറിഞ്ഞു. അധരങ്ങൾ വിറച്ചു, പക്ഷേ ഒരു വാക്കുപോലും പറയാൻ അവൾക്ക് ശക്തിയുണ്ടായിരുന്നില്ല.

ജോയൽ വേഗത്തിൽ അകത്തേക്ക് കയറി അവളെ ബന്ധിച്ചിരുന്ന കയറുകൾ അഴിക്കാൻ തുടങ്ങി.

അപ്പോഴാണ് പുറത്തുനിന്ന് കാലൊച്ച കേട്ടത്..

 

ഒരു നിമിഷത്തിനകം ആയുധങ്ങളുമായി രണ്ട് കരുത്തരായ യുവാക്കൾ അവന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടു…

പിന്നീട് അവിടെ നടന്നത് അതിശക്തമായൊരു ഏറ്റുമുട്ടലായിരുന്നു.

ജീവൻ പണയം വെച്ച പോരാട്ടത്തിനൊടുവിൽ ജോയൽ ഇരുവരെയും നിലംപരിശാക്കി. അവർ ബോധരഹിതരായി നിലത്തുവീണു…

 

അവൻ വീണ്ടും ആൻ മരിയയുടെ അടുത്തെത്തി അവളെ പതിയെ ഉയർത്താൻ ശ്രമിച്ചു. എന്നാൽ അവൾക്ക് സ്വയം നിൽക്കാൻ പോലും കഴിഞ്ഞില്ല. ദിവസങ്ങളോളം ഭക്ഷണവും വെള്ളവും കിട്ടാതെ ശരീരം പൂർണമായും തളർന്നിരുന്നു.

ഒരു നിമിഷം പോലും പാഴാക്കാതെ ജോയൽ അവളെ തന്റെ കൈകളിൽ കോരിയെടുത്തു. കുഞ്ഞിനെ ചേർത്തുപിടിക്കുന്ന കരുതലോടെ അവളെ നെഞ്ചോടു ചേർത്തു…

 

ആൻ മരിയ ക്ഷീണിച്ച ശരീരത്തോടെ അവന്റെ നെഞ്ചിൽ തലചായ്ച്ചു. അവളുടെ കണ്ണുകളിൽ നിന്ന് മെല്ലെ കണ്ണുനീർ ഒഴുകി.

ജോയൽ അവളെ കൈകളിലേന്തി പുറത്തേക്കിറങ്ങാൻ തുടങ്ങി.

അപ്പോൾ അവളുടെ വിറയുന്ന അധരങ്ങളിൽ നിന്ന് വളരെ നേരിയ ശബ്ദത്തിൽ ഒരു വാക്ക് പുറത്തുവന്നു…

 

“ജോ…”

 

ആ വിളി കേട്ട നിമിഷം ജോയലിന്റെ കണ്ണുകളും നിറഞ്ഞു. അവളെ കൂടുതൽ മുറുകെ ചേർത്തുപിടിച്ചുകൊണ്ട് അവൻ പുറത്തേക്കുള്ള വഴിയിലേക്ക് നടന്നു.. ആ നിമിഷം അവർക്ക് മുന്നിൽ പ്രതീക്ഷയുടെ ഒരു ചെറിയ വെളിച്ചം തെളിഞ്ഞിരുന്നു…..

 

ജോയൽ അതീവ കരുതലോടെ ആൻ മരിയയെ ബോട്ടിൽ കിടത്തി. കായലിലെ

ബോട്ട് പതിയെ മുന്നോട്ടു നീങ്ങി. ഓരോ നിമിഷവും അവൻ അവളെ നോക്കിക്കൊണ്ടിരുന്നു. അവളുടെ ശ്വാസം പതിയെ സാധാരണ നിലയിലേക്ക് മടങ്ങുന്നുണ്ടെന്ന് കണ്ടപ്പോൾ മാത്രമാണ് അവന്റെ നെഞ്ചിലെ ഭാരം അല്പമെങ്കിലും കുറഞ്ഞത്…

 

നേരെ അവൻ തന്റെ വീട്ടിലേക്കാണ് പോയത്. അവിടെ ഗ്രേസിയുടെ സഹായത്തോടെ ആൻ മരിയയെ സുരക്ഷിതമായി കിടത്തി. ഭക്ഷണവും മരുന്നും നൽകി അവളെ ശുശ്രൂഷിച്ചു. കുറച്ച് വിശ്രമം കിട്ടിയപ്പോഴാണ് അവളുടെ മുഖത്ത് വീണ്ടും ജീവനിന്റെ നേരിയ പ്രകാശം മടങ്ങിയെത്തിയത്…

 

അതിനു ശേഷം ജോയൽ താൻ പൂർണമായി വിശ്വസിക്കുന്ന ഒരു പോലീസ് ഉദ്യോഗസ്ഥനെ നേരിൽ കണ്ടു. കായലിലൂടെ നടക്കുന്ന കള്ളക്കടത്ത്, ആൻ മരിയയെ തട്ടിക്കൊണ്ടുപോയത്, ശേഖരൻ മുതലാളിയുടെ പങ്ക്..എല്ലാം വിശദമായി പറഞ്ഞു…

എന്നാൽ ഉദ്യോഗസ്ഥന്റെ മറുപടി വ്യക്തമായിരുന്നു…

 

“ജോയൽ… ഇവരെ അറസ്റ്റ് ചെയ്യാൻ മൊഴി മാത്രം പോരാ. കോടതിയിൽ നിലനിൽക്കുന്ന തെളിവുകൾ വേണം.”

 

ആ വാക്കുകൾ കേട്ടപ്പോൾ ജോയൽ വീണ്ടും വീട്ടിലേക്ക് മടങ്ങി.

അപ്പോഴാണ് ആൻ മരിയ ഒരു കാര്യം ഓർത്തെടുത്തത്…

 

“തെളിവുകൾ… അവ ഇപ്പോഴും സുരക്ഷിതമാണ്,”

 

അവൾ ക്ഷീണിച്ച ശബ്ദത്തിൽ പറഞ്ഞു.ഒരു ദിവസം ജോയലിന്റെ വീട്ടിൽ വന്നപ്പോൾ, ആരും സംശയിക്കാത്ത വിധത്തിൽ അവന്റെ അലമാരയ്ക്കുള്ളിൽ ഒരു പഴയ പെൻഡ്രൈവ് അവൾ ഒളിപ്പിച്ചുവെച്ചിരുന്നു. കള്ളക്കടത്തിന്റെ ദൃശ്യങ്ങളും രേഖകളും അതിലുണ്ടായിരുന്നു…

 

കോൺവെന്റും അവൾ താമസിച്ചിരുന്ന സ്ഥലവും മുഴുവൻ അവർ തിരഞ്ഞ് നശിപ്പിച്ചെങ്കിലും, ജോയലിന്റെ വീട്ടിൽ അത് ഉണ്ടാകുമെന്ന് അവർ ഒരിക്കലും കരുതിയിരുന്നില്ല.

അലമാരയിൽ നിന്ന് ആ പഴയ പെൻഡ്രൈവ് കണ്ടെത്തിയ നിമിഷം ഇരുവരുടെയും കണ്ണുകളിൽ പ്രതീക്ഷ തെളിഞ്ഞു..

 

അത് ഉടൻ തന്നെ പോലീസ് ഉദ്യോഗസ്ഥനെ ഏൽപ്പിച്ചു.

തുടർന്നുള്ള അന്വേഷണത്തിൽ ഓരോ സത്യവും പുറത്തുവന്നു. കോടതിയിൽ ആൻ മരിയ ധൈര്യത്തോടെ സാക്ഷിമൊഴി നൽകി. എത്ര ഭീഷണികളും അപമാനങ്ങളും നേരിട്ടിട്ടും അവളുടെ ശബ്ദം ഒട്ടും വിറച്ചില്ല.

അവസാനം ജോർജ് മുതലാളിയും സംഘവും നിയമത്തിന്റെ മുന്നിൽ കുടുങ്ങി. വർഷങ്ങളായി കായലിന്റെ ഇരുണ്ട നിഴലുകളിൽ മറഞ്ഞുകിടന്ന കള്ളക്കടത്തിന്റെ രഹസ്യങ്ങൾ എല്ലാം വെളിച്ചത്തുവന്നു…

 

ആൻ മരിയ ഒരുപാട് വേദനകൾ സഹിച്ചിരുന്നു. അപമാനങ്ങളും തടവറയിലെ ദിവസങ്ങളും അവളെ തകർത്തില്ല. മറിച്ച്, അവളെ കൂടുതൽ ശക്തയാക്കി. അവളുടെ അരികിൽ ഒരു നിഴൽപോലെ നിന്നത് ജോയലായിരുന്നു.

കാലം വീണ്ടും അവരുടെ ജീവിതത്തിൽ വെളിച്ചം നിറച്ചു…

 

ഒരു സായാഹ്നത്തിൽ, അതേ കായലിന്റെ നടുവിൽ ഹൗസ്‌ബോട്ടിന്റെ മുകളിൽ ഇരുവരും ചേർന്നിരുന്നു. ആൻ മരിയ തന്റെ വിരലുകൾ ജോയലിന്റെ വിരലുകളോട് കോർത്തുപിടിച്ചു. ശേഷം പതിയെ അവന്റെ തോളിലേക്ക് തലചായ്ച്ചു.

 

“ഈ കായലാണ് നമ്മളെ കണ്ടുമുട്ടിച്ചത്… ഇതേ കായലാണ് നമ്മളെ പരീക്ഷിച്ചതും,”

 

അവൾ മൃദുവായി പറഞ്ഞു.

ജോയൽ പുഞ്ചിരിച്ചുകൊണ്ട് അവളുടെ നെറ്റിയിൽ ഒരു ചുംബനം നൽകി…

 

“ഇനി ഈ കായൽ  നമ്മുടെ ജീവിതത്തിന്റെ സംഗീതമാകും.”

 

കോൺവെന്റിലെ സിസ്റ്റർമാരും വീട്ടുകാരും നാട്ടുകാരും അവരുടെ സന്തോഷത്തിൽ പങ്കുചേർന്നു. ലളിതമായെങ്കിലും ഹൃദയം നിറഞ്ഞൊരു ചടങ്ങിൽ, പ്രാർത്ഥനകളുടെയും ആശംസകളുടെയും നടുവിൽ ജോയലും ആൻ മരിയയും വിവാഹിതരായി…

 

ആ രാത്രി അവരുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ രാത്രിയായിരുന്നു.

ഹൗസ്‌ബോട്ടിന്റെ ജനാല തുറന്നുകിടക്കുകയായിരുന്നു. പുറത്തു പൂർണചന്ദ്രൻ കായൽ മുഴുവൻ വെള്ളിവെളിച്ചത്തിൽ മുക്കിയിരുന്നു. മന്ദമാരുതൻ വെള്ളത്തിലൂടെ ഒഴുകി വന്ന് അവരെ തലോടി.

ജോയൽ പിന്നിൽ നിന്ന് ആൻ മരിയയെ മെല്ലെ ചേർത്തുപിടിച്ചു.

വിദൂരതയിലേക്ക് കണ്ണുകളയച്ചുനിന്ന അവൾ അവന്റെ കൈകളിൽ വിരലുകൾ ചേർത്തുപിടിച്ചു…

 

“എന്റെ ജീവിതത്തിലെ വെളിച്ചം നീയാണ്.”. അവളുടെ കാതോരം അവന്റെ ശബ്ദം..

 

ആൻ മരിയ നാണത്തോടെ അവന്റെ നെഞ്ചിലേക്ക് മുഖം ചേർത്തു.

പുറത്ത് കായലിലെ തിരമാലകൾ  കരയെ തഴുകിക്കൊണ്ടിരുന്നു. ഒരിക്കൽ ഭയവും വേദനയും ഒളിപ്പിച്ചിരുന്ന ആ കായലിലെ നിഴലുകൾ ഇപ്പോൾ അവരുടെ പ്രണയത്തിന് സാക്ഷിയായി..

LEAVE A RESPONSE