Karimizhi

The World of Malayalam Stories

Malayalam short stories

അവൾ ഈ ലോകത്തൊന്നുമല്ല എന്ന് തോന്നും.

ഇതിനുമപ്പുറം

അമ്പലത്തിനോടു ചേർന്നുള്ള അന്നദാന പുരയിൽ അന്ന് നടന്ന കല്യാണസദ്യയുടെ അവസാന പന്തിയിൽ സാധുക്കൾക്കും ഭിക്ഷകാർക്കും ഒപ്പം നിറം മങ്ങിയ സാരി തലയിലൂടെ പുതച്ചു ശോഷിച്ച ശരീരവും ദുഃഖവും വേദനയും നിറഞ്ഞ കണ്ണുകളുമായി അവൾ ഇരുന്നു. ഒറ്റനോട്ടത്തിൽ അൻപത്തിനോടടുത്ത രൂപം. പക്ഷെ വീണ്ടുമൊന്നു നോക്കിയാൽ മനസിലാകും നാല്പതിനപ്പുറം കടക്കില്ലെന്നു. തനിക്കു മുന്നിലെ ഇലയിൽ നിന്നും ചോറു വാരി കഴിക്കുമ്പോയും അവൾ ഈ ലോകത്തൊന്നുമല്ല എന്ന് തോന്നും.

മകളുടെ കല്യാണത്തിന് പാവപ്പെട്ടവർക്കും സദ്യ വിളമ്പാൻ പറഞ്ഞിട്ടു അതിന്റെ മേൽനോട്ടത്തിനായി അവിടേക്കു വന്ന രവി ശങ്കർ എല്ലാവർക്കും സദ്യ കിട്ടിയെന്നുറപ്പാക്കി പോകാൻ ഒരുങ്ങുമ്പോളാണ് അവളെ കണ്ടത്, പരിചിതമായ ആ രൂപം ഒന്നു കൂടെ നോക്കുമ്പോൾ അതു ജാനകി ആവരുത് എന്നയാൾ പ്രാർത്ഥിച്ചു. അറിയാതെ അവളുടെ കണ്ണുകൾ അയാളിൽ ഉടക്കിയെങ്കിലും അവൾ അയാളെ നോക്കിയതല്ലാതെ പ്രതേകിച്ചു ഒരു ഭാവവ്യത്യാസം ആ മുഖത്തു കാണാൻ ആയില്ല.

അല്പം വെപ്രാളത്തോടെ അയാൾ തിരികെ പോയപ്പോൾ, അവളുടെ കണ്ണുകളിൽ നിന്നു രണ്ടു തുള്ളി കണ്ണുനീർ ആ ഇലയിൽ വീണു. അവിടെനിന്നും ഇറങ്ങി ആൽമര ചുവട്ടിൽ പോയി ഇരിക്കുമ്പോൾ അവൾ കുറേ വർഷങ്ങൾ പുറകോട്ടു പോയി………

……………………………………………………………

ജാനകി ശിവശങ്കരൻ , മാണിക്കോത്തു തറവാട്ടിലെ ശിവശങ്കരന്റെയും പാർവ്വതിയുടെയും ഇളയമകൾ. ഏട്ടൻ രവി ശങ്കറും ജാനകിയും തമ്മിൽ പതിനഞ്ചു വയസ് വ്യത്യാസം ഉള്ളത്കൊണ്ട് തറവാട്ടിലെ ഓമനയായി വളർന്നവൾ. പ്രീഡിഗ്രിക്കു പഠിക്കുമ്പോഴാണ് ഒപ്പം പഠിച്ച അമ്പിളിയുടെ ഏട്ടൻ രാമകൃഷ്ണനുമായി പ്രണയത്തിൽ ആയത്. താഴ്ന്ന ജാതി ആയത്കൊണ്ട് എതിർപ്പുകൾ പ്രതീക്ഷിച്ചാണ് പരസ്പരം മനസ്‌കൈമാറിയത്. തന്റെ ഇഷ്ടങ്ങൾ തറവാട്ടിൽ ആരും എതിർക്കില്ല എന്നൊരു വിശ്വാസവും അവൾക്കൊപ്പം ഉണ്ടായിരുന്നു. തന്റെ ഇഷ്ടം ആദ്യം അറിഞ്ഞത് ഏട്ടത്തി അമ്മയാണ്. ഏട്ടത്തി തന്റെ അമ്മയോട് പറഞ്ഞു, അച്ഛനും അറിഞ്ഞു, അന്ന് പാലക്കാട് പോയ ഏട്ടൻ വരാൻ എല്ലാവരും കാത്തിരുന്നു.

ജാനിമോൾ ഒക്കെ മറന്നേക്കൂ ഇതു നടക്കില്ല. നമ്മുടെ തറവാടിന് ചേർന്ന ബന്ധമല്ല. ഏട്ടൻ വന്നാൽ മോളോട് ഇതുതന്നെ പറയുള്ളു. മോൾക്ക് കല്യാണം നോക്കണമെന്നാണ് അച്ഛൻ പറഞ്ഞിരിക്കണേ, ഏടത്തിയുടെ വാക്കുകൾ ഒരു പതിനേഴുകാരിക് താങ്ങാവുന്നതിലും അധികം ആയിരുന്നു.

പിറ്റേന്ന് കാലത്തു അമ്പലത്തിലേക്ക് ഏട്ടത്തിയെ കൂട്ടി പോകുമ്പോൾ കൈയിൽ രാമേട്ടന് കൊടുക്കാനുള്ള കത്തും ഉണ്ടായിരുന്നു. വീട്ടിൽ അറിഞ്ഞെന്നും ഏട്ടൻ വന്നാൽ വേറെ കല്യാണം നോക്കുമെന്നും അതുകൊണ്ട് താൻ ഇറങ്ങിവരാമെന്നും ആയിരുന്നു അതിൽ. ഏട്ടത്തി കാണാതെ അതു അമ്പിളിയെ ഏല്പിച്ചു മടങ്ങുമ്പോൾ മനസ്സിൽ ഭയത്തേക്കാൾ ഇഷ്ടപെട്ടവനെ നേടാൻ ഉള്ള പ്രാർത്ഥന ആയിരുന്നു.

ഏതു നേരത്ത് കിട്ടിയ ആത്മധൈര്യത്തിലാണ് താൻ ആ രാത്രി വീടുവിട്ടിറങ്ങിയത് എന്ന് ഇന്നും അവൾക് അറിയില്ല. രാമേട്ടൻ തന്നെ സ്വീകരിക്കുമെന്നും അതറിയുമ്പോൾ വീട്ടുകാർ എതിർപ്പു മാറ്റി തങ്ങളെ അനുഗ്രഹിക്കുമെന്നും തോന്നിയ പൊട്ട ബുദ്ധിയിൽ അവൾ അവന്റെ അടുക്കലേക്ക് പോയി.

ഒരു നിമിഷത്തെ ആവേശം കൊണ്ട് ഒരു ജന്മം തകരാൻ പോകുകയാണെന്നറിയാതെ പാടവരമ്പത്തൂടെ അവിടേക്കു നടന്നു.കയറി ചെല്ലുമ്പോൾ അമ്പരന്ന മുഖത്തോടെ നിന്നവർ കാര്യം അറിഞ്ഞപ്പോൾ ഭയന്നു.അച്ഛനെയും ഏട്ടനേയും എതിർത്തു ഒന്നും നടക്കില്ലെന്നു പറഞ്ഞു അവർ തന്നെ മടക്കി അയക്കാൻ ശ്രെമിച്ചു. അമ്പലത്തിൽ വെച്ച് കഴുത്തിലൊരു താലി കെട്ടിയാമതി പിന്നെയവർ അംഗീകരിക്കും എന്നൊരുപാട് കരഞ്ഞുപറഞ്ഞെങ്കിലും രാമേട്ടൻ കേട്ടില്ല. ജാനകി പൊയ്ക്കോളൂ ഇനിയിവിടെ നിക്കേണ്ട എന്നുപറഞ്ഞു വാതിൽ അടച്ചുകളഞ്ഞു.

പാതിരാവിൽ എന്തു ചെയ്യണം എന്നറിയാതെ പകച്ചു നിന്നു. എങ്ങനെയും വീട്ടിൽ കയറണം ആരുമറിയാതെ എന്നു കരുതി നടന്നു. പാടത്തുകൂടെ നടക്കുമ്പോഴാണ് ദൂരെ നിന്നു ഏട്ടന്റെയും മറ്റാരുടെയൊക്കെയോ ശബ്ദങ്ങളും കേട്ടത്.ഭായന്നുപോയ താൻ ഓടി ഒളിച്ചു. അവർ രാമേട്ടന്റെ വീട്ടിൽ നിന്നു ഒച്ചപ്പാടുണ്ടാക്കി പോയിക്കഴിഞ്ഞു മെല്ലെ വീട്ടിലേക്കു നടന്നു. ഏട്ടത്തിയെ കണ്ടു കാര്യങ്ങള്പറഞ്ഞു മാപ്പപേക്ഷിച്ചാൽ ഏട്ടത്തി ഏട്ടനെ പറഞ്ഞുമനസ്സിലാക്കി തന്നെ പഴയ പോലെ സ്നേഹിക്കുമെന്ന വിശ്വാസമായിരുന്നു പടിക്കലെത്തുവോളം.

ഏടത്തിയുടെ ഉച്ചത്തിലുള്ള നിലവിളിയും മുറ്റത്തു കൂടിയ ആളുകൾക്ക് മുന്നിൽ തളർന്നിരിക്കുന്ന അച്ഛനെയും കണ്ടപ്പോൾ കാലുകൾ വിറച്ചു. കൂട്ടത്തിൽ നിന്ന ആളുകളിൽ ആരോ ദേ വന്നിരിക്കുന്നു ജാനകി എന്നു പറഞ്ഞതും എവിടെനിന്നോ പാഞ്ഞടുത്ത ഏട്ടൻ തന്നെ തലങ്ങും വിലങ്ങും തല്ലി. മുടിക്ക് കുത്തിപ്പിടിച്ചു വഴിയിലേക്ക് എറിയുമ്പോൾ ഏട്ടൻ അലറുന്ന പോലെ പറഞ്ഞു അമ്മയെ കൊന്നപ്പോൾ തൃപ്തി ആയില്ലെടി. ഇനി നിനക്ക് ആരുടെ ജീവനാവേണ്ടത്.

വേച്ചു വേച്ചു എണീക്കുമ്പോഴും കേട്ടത് വിശ്വസിക്കാനാകാതെ അമ്മേ എന്നു കരഞ്ഞകത്തേക് ഓടിയ തന്നെ പിന്നെയും ഏട്ടൻ മുറ്റത്തേക്കു ചവിട്ടിവീഴ്ത്തുകയായിരുന്നു. തല്ലാനോങ്ങിയ കൈ തടഞ്ഞുകൊണ്ടച്ചൻ പറഞ്ഞു

നീ പോയ ദുഖത്തിലാണ് നിന്റമ്മ നെഞ്ചുപൊട്ടി പോയത്. ഇനി അച്ഛനേം കൊല്ലണോ. എങ്കിൽ ആയിക്കോളൂ. അല്ലെങ്കിൽ ഈ പടികടന്നു പൊയ്ക്കോളൂ ആർക്കൊപ്പം വേണേലും ആരും തടയില്ല.

എണീറ്റു നില്കാൻ ഒരുപാടു പ്രയാസപ്പെട്ടു എങ്ങനെയോ അവിടുന്ന് നടന്നകലുമ്പോൾ ഒരു രാത്രികൊണ്ട് താൻ ഒരു കൊലപാതകി ആയി എന്ന തിരിച്ചറിവ് മനസിനെയും തലച്ചോറിനെയും ഒരുപോലെ മരവിപ്പിച്ചിരുന്നു.

പതിനെട്ടു വര്ഷങ്ങളായി പിന്നെ താൻ ഏട്ടനെ കണ്ടിട്ട്.

……………………………………………………………

ജാനി….. ആ വിളിയാണ് അവളെ ഓർമകളിൽ നിന്നു ഉണർത്തിയത്. മുന്നിൽ നിൽക്കുന്ന രവിയോട് അവൾ പരിചയഭാവം നടിച്ചില്ല.

ആരാ നിങ്ങൾ, എന്തുവേണം…

ആ ചോദ്യത്തിന് ഏട്ടനോട് ക്ഷമിക്കു ജാനി എന്നു അയാൾ പറഞ്ഞു.

ജാനിയോ അതാരാണ്. എന്റെ പേര് അതല്ല. എനിക്ക് ഏട്ടനും ഇല്ല.

അപ്പോയെക്കും രാമകൃഷ്ണനും അവിടേക്കു വന്നു. അവൾക്കു മുന്നിൽ തലതാഴ്ത്തി നിന്നയാൾ മാപ്പ് പറഞ്ഞു.

ഒന്നും പറയാതെ അവൾ തിരിഞ്ഞു നടക്കാൻ ഒരുങ്ങുമ്പോൾ ഒരു കൈ അവളെ പിടിച്ചു നിർത്തി.

ജാനിയപ്പ, എന്തിനു പോകണം. തലയുയർത്തി അന്തസായി പറയു ഞാൻ ജാനകി ആണെന്ന്. പക്ഷെ നിങ്ങൾക് മാപ്പുനൽകാൻ എനിക്കാവില്ലന്ന്. സർവ്വാഭരണ വിഭൂഷിതയായി നിൽക്കുന്ന പവിത്രയുടെ വാക്കുകൾ എല്ലാവരും അമ്പരപ്പോടെയാണ് കേട്ടത്.

……………………………………………………………

അവളെ കൗതുകപൂർവ്വം നോക്കി നിന്നിട്ട് ജാനകി പറഞ്ഞു. എന്തിനാ മോളെ നീയും രാജീവനും എനിക്കൊരു രണ്ടാം ജന്മം തന്നത്……….

എല്ലാവരും അവളെയും പവിത്രയെയും രാജീവനെയും നോക്കി നിൽകുമ്പോൾ രാജീവനാണ് പറഞ്ഞു തുടങ്ങിയത്…….

അച്ഛന്റെ ഹോസ്പിറ്റലിൽ ആരൊക്കെയോ ചേർന്ന് എത്തിക്കുമ്പോൾ ഇതാരാണെന്നോ പവിയുമായുള്ള ബന്ധം എന്താണെന്നോ എനിക്കറിയില്ലായിരുന്നു. ആരെയും തിരിച്ചറിയാത്ത സ്വബോധം നഷ്ടമായ അവസ്ഥയിൽ ആയിരുന്നു അപ്പോൾ. അച്ഛന്റെ ട്രീട്മെന്റിൽ ആറുമാസം കഴിഞ്ഞപ്പോൾ ഓർമ്മകൾ തിരികെ ലഭിക്കാൻ തുടങ്ങി. ആദ്യമൊന്നും ഒരു ചോദ്യത്തിനും പ്രതികരിച്ചില്ല. പിന്നീട് ജാനകി എന്നാണ് പേരെന്നും, നാടും വീടും ഒക്കെ പറഞ്ഞപ്പോളാണ് അച്ഛന് പവിയുടെ കാര്യം ഓർമവന്നത്. എന്നെ വിളിച്ചു വിവരം പറഞ്ഞു.ഞാൻ പവിയേയും കൂട്ടി ഹോസ്പിറ്റലിലേക് പോയി. അപ്പച്ചിയെ അവൾക് മനസിലായില്ല. പക്ഷെ അവൾ വെറുതെ ജാനിയപ്പെ എന്നു വിളിച്ചപ്പോൾ പവികുട്ടി എന്നു പറഞ്ഞാചുണ്ടുകൾ വിതുമ്പി. പിന്നീട് പലപ്പോഴും ഞാനും പവിയും ഹോസ്പിറ്റലിൽ പോയി. ജാനിയപ്പയ്ക് നോർമലായി തുടങ്ങിയപ്പോൾ ഞങ്ങൾ സന്തോഷിച്ചു. കഴിഞ്ഞമാസം ഞങ്ങളുടെ വിവാഹകാര്യം പറഞ്ഞു . 3വർഷത്തെ പ്രണയത്തിനൊടുവിൽ ഞങ്ങൾ വിവാഹിതരാകുന്നു എന്നറിഞ്ഞപ്പോൾ ജാനിയപ്പ ഒരുപാടു കരഞ്ഞു. എനിക്ക് കിട്ടാതെ പോയ ജീവിതം പവികുട്ടിക്കെങ്കിലും കിട്ടട്ടെ എന്നുപറഞ്ഞു അനുഗ്രഹിച്ചു. പക്ഷെ അന്ന് ജാനിയപ്പ അവിടുന്ന് ആരുമറിയാതെ പോയികളഞ്ഞു. പിന്നെ ഇപ്പോഴാണ് കാണുന്നത്.

…………………………………………………………….

പ്രായാധിക്യം കൊണ്ട് ക്ഷീണിച്ചെങ്കിലും അച്ഛൻ തന്റെ മുന്നിൽ വന്നു നിന്നപ്പോൾ അവൾക്കു സങ്കടം അണപൊട്ടിയൊഴുകി. ആ നെഞ്ചിൽ ചേർന്ന് അവൾ സങ്കടങ്ങൾ കരഞ്ഞുതീർത്തു. വീട്ടിലേക് പോകാൻ അച്ഛൻ നിർബന്ധിച്ചെങ്കിലും അവൾ പോവില്ലന്നുറച്ചു പറഞ്ഞു. പവിയും രാജീവനും അവൾക്കരുകിൽ വന്ന് അവളെ ഒപ്പം ക്ഷണിച്ചു

ചേച്ചി ആകാൻ ഉള്ള പ്രായമേ ഉള്ളു. പക്ഷെ അമ്മയില്ലാത്ത ഞാൻ ജാനിയപ്പയെ എന്റമ്മയുടെ സ്ഥാനത്തേക്കു വിളിക്കയാണ്. ഞങ്ങൾക്കൊപ്പം വരണം. രാജീവന്റെ ആ വാക്കുക്കൾ കേട്ടവൾ ദേഹം ചുട്ടുപൊള്ളും പോലെ വെട്ടിത്തിരിഞ്ഞു.

ഒരിക്കലുമില്ല. എനിക്കിനി ഒരു ജീവിതമില്ല. പതിനേഴാം വയസിൽ സ്നേഹിചവനും കൂടെപ്പിറപ്പും അച്ഛനും എന്നെ ചതിച്ചു.മകൾ താഴ്ന്ന ജാതിക്കാരനെ കല്യാണം കഴിക്കാതിരിക്കാൻ പറമ്പും പണവും മകള് സ്നേഹിച്ചവന് വാഗ്ദാനം ചെയ്തു അച്ഛനെന്നെ ചതിച്ചു. അച്ഛന്റെ വാഗ്ദാനം സ്വീകരിച്ചു സ്നേഹിച്ചവൻ പാതിരാവിൽ എനിക്ക് നേരെ വാതിൽ കൊട്ടിയടച്ചെന്നെ ഇറക്കി വിട്ടു. എന്നെ ജീവച്ഛവം പോലെ തല്ലി ചതച്ച ഏട്ടൻ എന്നെ കൊലപാതകി ആക്കി.പക്ഷെ എന്നെ തേടി ഇറങ്ങിയ ഏട്ടനെ തടയാൻ വന്ന അമ്മയെ തള്ളിയിട്ടു ഏട്ടൻ ഇറങ്ങിപോയപ്പോൾ പടിക്കെട്ടിൽ തലയടിച്ചു വീണാണെന്റെ അമ്മ മരിച്ചതെന്ന് അറിഞ്ഞപ്പോൾ നിങ്ങൾ എന്റെ മനസ്സിൽ മരിച്ചു കഴിഞ്ഞിരുന്നു രവിയേട്ട.അച്ഛൻ പോലുമറിയാതെ നിങ്ങളതൊരു നെഞ്ചുപൊട്ടിയുള്ള മരണമാക്കി എന്റെമേൽ കുറ്റംചുമത്തി, അതുപറഞ്ഞവൾ പൊട്ടിക്കരഞ്ഞു. കുറ്റവാളിയെപോലെ രവി തലകുനിച്ചു നിൽക്കുമ്പോൾ അച്ഛന്റെയും മറ്റുള്ളവരുടെയും മുൻപിൽ തന്റെ മേലുള്ള കളങ്കം തീർന്നെന്ന് അവൾക് മനസിലായി.

ഏടത്തിയുടെ കൈപിടിച്ചവൾ പറഞ്ഞു. അന്ന് രാത്രി ഒരു പതിനേഴുകരിക്ക് തന്റെ സർവവും നഷ്ടപ്പെട്ടു. എന്തു ചെയ്യണം എന്നറിയാതെ പകച്ചു നിൽകുമ്പോൾ പിന്നാലെവന്ന ഏട്ടത്തി ഉണ്ടായതൊക്കെ പറഞ്ഞു കരഞ്ഞപ്പോൾ മരിക്കണം എന്നായിരുന്നു മനസ്സിൽ. അതിനുവേണ്ടി തന്നെയാണ് ലോറിക്കുമുന്നിൽ ചാടാൻ ശ്രമിച്ചത്, പക്ഷെ വിധി അവിടെയും ചതിച്ചു. ബോധം മറഞ്ഞ തന്നെയും കൊണ്ടവർ ആ നാടുംകടന്നെങ്ങോ പോയി. ഓർമ വീഴുമ്പോൾ നഷ്ടങ്ങളുടെ പട്ടികയിൽ ആ രാത്രി മാനവും നഷ്ടപ്പെട്ടിരുന്നു. അടിച്ചും ചവിട്ടിയും ശരീരം പാതിതളർന്ന തന്നെ അവരും പൂർണമായി തളർത്തി. വണ്ടിത്താവളത്തിലെ പലർക്കും കൈമാറി കഴിഞ്ഞപ്പോൾ അല്പപ്രാണനായ തന്നെ അവർ എവിടെയോ ഉപേക്ഷിച്ചു. ഓർമ്മകൾ മങ്ങിത്തുടങ്ങിയ തന്നെ ഏതോ കാരുണ്യവതികൾ ഒരാശ്രമത്തിൽ എത്തിച്ചു. പിന്നീട് വർഷങ്ങൾ വേണ്ടിവന്നു ആ മുറിവുമായാൻ .കുറേ വർഷങ്ങൾ ഓർമകളിൽ പോലുമില്ല. ആശ്രമത്തിൽ നിന്നാണ് എന്നെ രാജീവന്റെ അച്ഛന്റെ ആശുപത്രിയിലേക്ക് മാറ്റുന്നത്. അസുഖം ഭേദമായപ്പോൾ ആശ്രമത്തിലുള്ളവർ കാണാൻ വന്നിരുന്നു അവരുപറഞ്ഞാണ് അത്ര വർഷങ്ങൾ ഞാൻ സ്വയബോധം ഇല്ലാതെ കഴിയുക ആയിരുന്നു എന്നറിഞ്ഞതു. ഒരായുസാണ് എല്ലാവരും എനിക്ക് നഷ്ടപ്പെടുത്തിയത്. ഇനിയുള്ള കാലം ആ ആശ്രമത്തിൽ എന്നെപോലെ വേണ്ടപ്പെട്ടവരാൽ അനാഥമാക്കപെട്ട ഒരുപാടു ജന്മങ്ങൾക്കു വേണ്ടി ജീവിക്കണം.

പവിയും രാജീവനും വിവാഹം ക്ഷണിച്ചപ്പോൾ ഒഴിഞ്ഞുമാറി പോയതാണ്. പക്ഷെ വരാതിരിക്കുവാൻ കഴിഞ്ഞില്ല. എന്റെ എല്ലാ നഷ്ടങ്ങൾക്കും കാരണമായവരെ ഒരിക്കൽ കൂടെ കാണണമെന്ന് തോന്നി. ഞാൻ പോകുന്നു. ഇനി എനിക്ക് നഷ്ടങ്ങളൊന്നും ഇല്ല. നേട്ടങ്ങൾക്കു നടുവിൽ നിന്നു എല്ലാവരും സന്തോഷമായിരിക്കു….

അവൾ നടന്നകലുമ്പോൾ എല്ലാവരും കുറ്റബോധത്താൽ സ്വയം നീറുകയായിരുന്നു…എല്ലാമെല്ലാമായിരുന്ന ഒരുവളെ ഒന്നുമല്ലാതാക്കി പതിനേഴാം വയസ്സിൽ തങ്ങളെല്ലാം കൂടെ കൊന്നുകളയുക തന്നെ ആയിരുന്നു.

ഒരു വിജയിയെ പോലെ അവൾ പോയ്മറഞ്ഞു.ഇതിനുമപ്പുറം ഒരു പെണ്ണിന് എന്തു സംഭവിക്കാൻ…..

……………………………………………………………..

……………………………………………………………..

LEAVE A RESPONSE